വീണ്ടും നാം അമ്പതുനോമ്പിലേക്ക് പ്രവേശിക്കുകയാണ്. ഈ ദിവസങ്ങളെ എങ്ങനെ കാണുന്നു, അവയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ എന്തൊക്കെ എന്നെല്ലാം മനസ് തുറന്ന് സംസാരിക്കുകയാണ് കേരളത്തിലെ വിവിധ സാമൂഹ്യസാംസ്‌കാരിക മേഖലകളിലുള്ള വ്യക്തികള്‍.
കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കായി കണ്ടെത്തും
വലിയ സമ്മര്‍ദങ്ങളും ജോലിഭാരവുമുള്ള സാഹചര്യത്തിലാണ് ഞാന്‍ ജോലിചെയ്യുന്നത്. നിരവധി പ്രശ്‌നങ്ങളുമായി നിരന്തരമായി ആളുകള്‍ മുന്‍പില്‍ വരാറുണ്ട്. ഈ നോമ്പുകാലത്ത് ഇത്തരം പ്രശ്‌നങ്ങളെ അവരുടെ ഭാഗത്തുനിന്നുകൊണ്ട് നേരിടുവാനും അവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു. സമ്മര്‍ദങ്ങളെ ഈശോയെ പ്രതി സന്തോഷത്തോടെ ഏറ്റുവാങ്ങുന്നതിനും കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കായി കണ്ടെത്തുന്നതിനു
മാണ് ഞാന്‍ ഈ നോമ്പുകാലം വിനിയോഗിക്കുന്നത്.
ജോസി ചെറിയാന്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസ്, കോഴിക്കോട്
അഹം എന്ന ബോധത്തെ ഇറക്കിവിടും
നോമ്പിലേക്കു പ്രവേശിക്കുമ്പോള്‍ എന്നില്‍ നിന്നും ചോര്‍ന്നു പോകേണ്ടത് അഹംബോധത്തിന്റെയും സ്വാര്‍ത്ഥതയുടെയും ഭാവങ്ങളാണ്. എന്നില്‍ ഞാന്‍ നിറഞ്ഞാല്‍ ഹൃദയത്തില്‍ അപരന് ഇടം നഷ്ടപ്പെടും. ഞാന്‍ എന്ന ബോധത്തെ ഹൃദയത്തില്‍ നിന്ന് ഇറക്കി, ദൈവത്തിനും സഹജീവികള്‍ക്കും ഇടം നല്‍കാന്‍ ശ്രമിക്കും. ചില നിയന്ത്രണങ്ങളൊക്കെ വരുത്തി അന്‍പതു ദിനങ്ങള്‍ നോമ്പ് അനുഷ്ഠിക്കുമ്പോള്‍ ഞാന്‍ സ്വന്തമാക്കേണ്ടത് ജീവിക്കാനുള്ള നാളുകളത്രയും ദൈവതിരുഹിതം നിറവേറ്റാനുള്ള കരുത്താണ്. നാളെ ലോകം കാണിച്ചു തരുന്ന ലഹരിയില്‍ എന്റെ കണ്ണുടക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. ക്രിസ്തുവിനെ അനുകരിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഈ നോമ്പ് എന്നില്‍ മാറ്റം വരുത്തുകയുള്ളു. ദൈവമേ, നീ നടന്നു നീങ്ങിയ വഴികളില്‍ നോക്കി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കരുത്തോടെ ജീവിക്കാന്‍ നോമ്പുകാലത്ത് കൃപതരണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
സിസ്റ്റര്‍ ആന്‍സില്‍ ജോസ് എഫ്.സി.സി അസ്സീസി കോണ്‍വെന്റ്, കോഴിക്കോട്
ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കണം
നോമ്പില്‍ വിലക്കപ്പെട്ട ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാനാണ് സഭ നമ്മോട് ആവശ്യപ്പെടുന്നത്; എന്നാല്‍ ഒരു വീട്ടമ്മ എന്ന നിലയില്‍ വേറിട്ടൊരു അഭിപ്രായമാണ് എനിക്കുള്ളത്. ഏത് ഭക്ഷണമാണ് വ്യക്തിപരമായി നമ്മിലെ ഭക്ഷണാസക്തിയെ ഉണര്‍ത്തുന്നത്, അവ നാം ഉപേക്ഷിക്കാന്‍ തയ്യാറാകണം. ത്യാഗപ്രവൃത്തികള്‍ നമ്മിലെ ബലഹീനതകളെ അകറ്റി ആത്മാവിനെ ശക്തിപ്പെടുത്താന്‍ നമ്മെ സഹായിക്കുന്നു. രോഗികള്‍ക്കും ബലഹീനര്‍ക്കും വേദനിക്കുന്നവര്‍ക്കും നമുക്കു ചുറ്റുമുള്ള സകലര്‍ക്കും ലോകം മുഴുവനും വേണ്ടിയും നോമ്പുകാലത്ത് നാം പ്രാര്‍ത്ഥിക്കണം. ദൈവസ്‌നേഹത്തോടെ മുട്ടിന്‍മേല്‍ നിന്ന് ത്യാഗത്തോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ മക്കളും ശരിയായ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ വളര്‍ന്നു കൊള്ളുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
വിവിക സേവ്യര്‍ വീട്ടമ്മ, കൊച്ചി
നന്മനിറഞ്ഞ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
കേവലം മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുന്നതിനും, മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനുമപ്പുറം പാപാവസ്ഥകളില്‍ നിന്നു പിന്‍മാറി, നന്മയില്‍ വളരുന്നതിനും പതിവു ദിനചര്യകളില്‍ നിന്നുപിന്‍മാറി ജീവിതത്തില്‍ നന്മനിറഞ്ഞ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും ഞാന്‍ ശ്രമിക്കുന്നു. ഈശോയുടെ സ്‌നേഹത്തില്‍ വളരുന്നതിനും സര്‍വ്വോപരി പ്രാര്‍ത്ഥനാ ജീവിതത്തില്‍ കൂടുതല്‍ സമയം കണ്ടെത്തുന്നതിനും ഈശോയുമായി വ്യക്തി ബന്ധം സ്ഥാപിക്കുന്നതിനും നോമ്പുകാലത്ത് എനിക്കു കഴിയുമെന്ന് കരുതുന്നു. കൂടുതല്‍ സമയം പ്രാര്‍ത്ഥനാ ജീവിതത്തിനു നല്‍കുക വഴി ദൈവത്തിന്റെ നിരവധിയായ അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ സ്വായത്തമാക്കുവാനും ഉപകരിക്കുന്നതാവട്ടെ നോമ്പുകാലമെന്ന് ഞാനാഗ്രഹിക്കുന്നു. സ്‌നേഹത്തിന്റെയും, പങ്കുവയ്ക്കലിന്റെയും, കൂട്ടായ്മയുടെയും, എളിമപ്പെടലിന്റെയും, പ്രായശ്ചിത്ത പ്രവൃത്തികളുടെയും, വിശുദ്ധിയുടെയും, നന്മ നിറഞ്ഞ ഒരു നോമ്പുകാലം ഞാന്‍ കാത്തിരിക്കുന്നു.
മരിയ ജോസ്, വിദ്യാര്‍ഥിനി,വിമല്‍ജ്യോതി എന്‍ജി. കോളജ്, കണ്ണൂര്‍
പക്വതയോടെ പെരുമാറാന്‍ ശ്രമിക്കും
കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും പക്വതയോടുകൂടി പെരുമാറാനും ശ്രമിക്കും. യേശു ക്രിസ്തുവിനെ എന്റെ സ്‌കൂളിലെ കൂട്ടുകാര്‍ക്ക് കൂടുതല്‍ മനസിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. പങ്കുവയ്ക്കലിന്റെയും, ശുശ്രൂഷയുടെയും പുതിയ പാഠങ്ങള്‍ മനസിലാക്കണം. പോക്കറ്റ് മണി കൂട്ടിവച്ച് ജീവിത ആവശ്യങ്ങള്‍ക്ക് പ്രയാസം നേരിടുന്ന ഒരുവന് സമ്മാനിക്കണം. അനുദിന പ്രാര്‍ത്ഥനകള്‍ ചൊല്ലുവാനും പരിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാനും സമയം നീക്കിവയ്ക്കുമെന്നും അനുദിന ജീവിതത്തില്‍ പരോപകാര പ്രവൃത്തികള്‍ ചെയ്യാനുള്ള അവസരങ്ങള്‍ പാഴാക്കുകയില്ലന്നും ഈ നോമ്പു കാലസമയത്ത് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
ജോസഫ് ജയ്‌സണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥി സെന്റ് പാട്രിക്ക് അക്കാഡമി, അങ്കമാലി.
നോമ്പുകാലത്ത് ദൈവത്തെ മഹത്വപ്പെടുത്തും
ഞങ്ങളുടെ തറവാട്ടിലെ അമ്പത് പുണ്യദിനരാത്രങ്ങളില്‍ അവര്‍ ചെയ്തിരുന്നത് എനിക്കും പൈതൃകമായി ലഭിച്ചു. തികഞ്ഞ പാപബോധത്തോടെ കുമ്പസാരിച്ചു മനസ് ശുചിയാക്കി ഭക്താനുഷ്ഠാനങ്ങളില്‍ പങ്കെടുത്ത് ദൈവത്തെ മഹത്വപ്പെടുത്താന്‍ നോമ്പുകാലത്ത് ശ്രമിക്കും. ആഗോളവത്കരണത്തിന്റെയും ഉപഭോക്തവല്‍ക്കരണത്തിന്റെയും തിരക്കില്‍ ദൈവത്തിനും പരസ്‌നേഹ പ്രവൃത്തികള്‍ക്കും മുന്‍തൂക്കം കൊടുക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സ്‌നേഹപിതാവായ ദൈവം തരുന്ന സമ്മാനദിനങ്ങളായി നോമ്പുദിനങ്ങളെ ഞാന്‍ കാണുന്നു.
റെവീന റോസ്‌മേരി, ഉദ്യോഗസ്ഥ ഇന്‍ഫോപാര്‍ക്ക്, എറണാകുളം.
പുതിയൊരു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു
ആത്മശരീര വിശുദ്ധീകരണത്തിന്റെ കാലഘട്ടമായി ഈ നോമ്പുകാലത്തെ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം നന്മകള്‍ ചെയ്യാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നു. അതിനായി ശരീരത്തെയും മനസ്സിനെയും ഒരുക്കുന്ന കാലഘട്ടമാണിത്. അഹങ്കാരത്തിന്റെ ജീവിതശൈലിയില്‍ നിന്നുമാറി പരസ്പരം കൈകോര്‍ത്ത് മുന്നേറുന്ന സാഹോദര്യത്തിന്റെ ശൈലി ഈ നോമ്പുകാലത്ത് ഞാന്‍ സ്വായത്തമാക്കാന്‍ ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയുടെ പിന്‍ബലത്തോടും ആത്മനൈര്‍മല്യത്തോടുകൂടി പുതിയൊരു ജീവിതം നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ സഹനങ്ങളില്‍ കൗറീന്‍കാരനായ ശിമയോനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍... എന്റെ ഈശോയേ, ഈ നോമ്പുകാലത്ത് അങ്ങയെ എന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്ന് നവീകരണത്തിന്റെ പുത്തനനുഭവങ്ങളിലേക്ക് കടന്നു വരുവാന്‍ എന്നെ സഹായിക്കണമേ.
ദില്‍നാ ജിജോ ഗവ.നഴ്‌സിങ് ട്യൂട്ടര്‍, വയനാട്.
ലൗകികവസ്തുക്കളെയും ചിന്തകളെയും മാറ്റി നിര്‍ത്തും
നോമ്പാചരണത്തിലുടെ ദൈവവുമായി കൂടുതല്‍ അടുക്കുവാനും ലൗകികമായ വസ്തുക്കളെയും ചിന്തകളെയും പരമാവധി മാറ്റി നിറുത്താനുമുള്ള കാലഘട്ടമായി വിനിയോഗിക്കാന്‍ ശ്രമിക്കും. കംപ്യൂട്ടര്‍ ഉപയോഗം, ഡ്രൈവിങ്ങ്, ഇന്റര്‍നെറ്റ് ചാറ്റിങ്ങ്, ടെലിവിഷന്‍, പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലം, ഗോസിപ്പുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, വൈദ്യുതി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിമലിനീകരണം ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. നോമ്പുകാലത്ത് കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യാനുള്ളതായി ഞാന്‍ കരുതുന്നത് താഴെ പറയുന്നവയാണ്. കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കാന്‍ കണ്ടെത്തുക, പണവും സമയവും മറ്റുള്ളവര്‍ക്കായി ചിലവഴിക്കുക, പരോപകാരപ്രവൃത്തികള്‍ ചെയ്യുക, ബൈബിള്‍ വായനയും വിശുദ്ധ പുസ്തകങ്ങളും വായിക്കുക, കൂടുതല്‍ പഠിക്കാന്‍ തുടങ്ങുക, ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും കുമ്പസാരിക്കുക, അനുദിന ദിവ്യബലിയില്‍ പങ്കെടുക്കുക എന്നിവയാണവ.
സ്റ്റാന്‍ലി വര്‍ഗീസ് ആറ്റുപുറം, വ്യവസായി, തൃശൂര്‍
വേദനിപ്പിക്കുന്നവരെ ആശ്വസിപ്പിക്കലാണ് പ്രധാനം
മാതൃകാപരമായ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ കാലഘട്ടമാണ് നോമ്പുകാലം. ജീവിതമൂല്യങ്ങള്‍ വളര്‍ത്തുവാനും വളരാന്‍ മറ്റുള്ളവരെ സഹായിക്കുവാനും ഈ കാലം നമ്മെ സഹായിക്കുന്നു. മാതാപിതാക്കള്‍ക്ക് പ്രത്യേകിച്ച് അമ്മമാര്‍ക്ക് ഈ കാലയളവ് ഒരു പരീക്ഷണമാണ്. പ്രാര്‍ത്ഥനയിലുടെയും ഉപവാസത്തിലുടെയും ദൈവവുമായി ആത്മബന്ധം വളര്‍ത്തുവാന്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നു.. മനസിനെ ഒരുക്കി പരസ്പരം സ്‌നേഹിച്ചും ഐക്യത്തിലും ജീവിക്കുന്നതാണ് ഏറ്റവും വലിയ നോമ്പ്. നന്മയുള്ള അത്തരം മനസുകളിലേ ദൈവസ്‌നേഹം കതിരണിഞ്ഞ് പൂവിടുകയുള്ളൂ.. നോമ്പുകാലത്ത് ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ രോഗികളുടെ കാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുവാനും അവര്‍ക്കുവേണ്ടി കൂടുതല്‍ സമയം ചെലവിടാനും രോഗികളെ പ്രാര്‍ത്ഥനയിലുടെ ദൈവത്തിലേക്ക് അടുപ്പിക്കുവാനും ശ്രമിക്കും. വേതനമല്ല, വേദനിക്കുന്നവരെ ആശ്വസിപ്പിക്കലാണ് പ്രധാനമെന്ന് മനസ്സിലാക്കാനുള്ള ദിനങ്ങളാണ് നോമ്പുകാലമെന്ന് ഞാന്‍ തിരിച്ചറി
യുന്നു.
ഷീബാ തോമസ്, സ്റ്റാഫ് നഴ്‌സ്, നിര്‍മ്മല ഹോസ്പിറ്റല്‍, കോഴിക്കോട്








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.