മധ്യശതകത്തിലെ യൂറോപ്യന്‍ പശ്ചാത്തലത്തില്‍ പതിനാലാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടം മുതലാണ് സമൂഹത്തില്‍ ഉന്നതരായവരെ മോണ്‍സിഞ്ഞോര്‍ എന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഫ്രാന്‍സിലെ കുലീനന്മാരുടെ (nobles) സ്ഥാനിക പേരായി മോണ്‍സിഞ്ഞോര്‍ എന്ന പദം പരിണമിച്ചു. പിന്നീട് യൂറോപ്പിലെ ഇതരരാജ്യങ്ങളില്‍ രാജകൊട്ടാരവുമായി ബന്ധപ്പെട്ട് സേവനം അനുഷ്ഠിക്കുന്ന കൂലീനന്മാരെ മോ ണ്‍സിഞ്ഞോര്‍'എന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങി. പേപ്പല്‍ സാമ്രാജ്യത്തിന്റെ കാലഘട്ടത്തി ല്‍ സാധാരണ സമൂഹത്തില്‍ നിലനിന്നിരുന്ന മോണ്‍സിഞ്ഞോര്‍ പദവി മാര്‍പാപ്പയുടെ സാമ്രാജ്യത്തിലെ ഉന്നതമായ വ്യക്തികള്‍ക്ക് നല്‍കാന്‍ തുടങ്ങി. സാര്‍വത്രികസഭയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ക്കാണ് മോണ്‍സിഞ്ഞോര്‍ പദവി നല്‍കിയിരുന്നത്. ഈ കാലഘട്ടത്തില്‍ തന്നെ മോണ്‍സിഞ്ഞോര്‍മാര്‍ മാര്‍പാപ്പയുടെ കുടുംബാംഗങ്ങള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. റോമിനകത്തും പുറത്തുമുള്ള മാര്‍പാപ്പയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുവാനുള്ള അവകാശവും അധികാരവും മോണ്‍സിഞ്ഞോര്‍ സ്ഥാനപദവി ലഭിച്ചവര്‍ക്കുണ്ടായിരുന്നു. അല്മായര്‍ക്കും പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കും ആദ്യകാലങ്ങളില്‍ 'മോണ്‍സിഞ്ഞോര്‍'പദവി നല്‍കിയിരുന്നു. പില്‍ക്കാലത്ത് മോണ്‍സിഞ്ഞോര്‍ എന്ന സ്ഥാനിക പേപ്പല്‍ ബഹുമതി അല്‍മായര്‍ക്ക് നല്‍കുന്ന രീതി നിര്‍ത്തലാക്കുകയും പുരോഹിത ശ്രേണിയിലുള്ളവര്‍ക്ക് മാത്രം നല്‍കുന്ന രീതി ആരംഭിക്കുകയും ചെയ്തു. ആധുനിക കാലഘട്ടത്തില്‍ സഭയിലെ അല്‍മായര്‍ക്ക് ഷെവലിയര്‍'പദവി നല്‍കുന്നതിന് തുല്യമായി പൗരോഹിത്യ ശ്രേണിയിലുള്ളവര്‍ക്ക് 'മോണ്‍സിഞ്ഞോര്‍'പദവി നല്‍കുന്നു.
ഒരു വ്യക്തിയോടുള്ള ആദരവിന്റെയും വിധേയത്വത്തിന്റെയും അടയാളമായും ആ വ്യക്തി വഹിക്കുന്ന ഉന്നതപദവിയോടുള്ള ബഹുമാനത്തിന്റെ അടയാളമായും പൗരോഹിത്യശ്രേണിയിലുള്ളവരെ മോണ്‍സിഞ്ഞോര്‍ എന്ന് അഭിസംബോധന ചെയ്യുന്നു. കര്‍ദ്ദിനാള്‍മാരെ ഒഴിച്ച് മെത്രാപ്പോലീത്തമാരെയും മെത്രാന്മാരെയും മാര്‍പാപ്പയില്‍ നിന്ന് സ്ഥാനികമായി ഈ പദവി ലഭിച്ച പുരോഹിതരേയും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും മോണ്‍സിഞ്ഞോര്‍ എന്ന് അഭിസംബോധന ചെയ്യാറുണ്ട് (Reverendis simo Monsgnore). എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ 'മോണ്‍സിഞ്ഞോര്‍' പദവിയുള്ള പുരോഹിതന്മാരെ മാത്രമേ മോണ്‍സിഞ്ഞോര്‍ എന്ന് വിളിക്കാറുള്ളു. മെത്രാപ്പോലീത്തമാരെയും മെത്രാന്മാരെയും മോണ്‍സിഞ്ഞോര്‍ എന്ന് അഭിസംബോധന ചെയ്യാറില്ല. ഈ രീതിയാണ് ഭാരതത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. രൂപതാ വികാരി ജനറള്‍മാരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും മോണ്‍സിഞ്ഞോര്‍മാര്‍ എന്ന് അഭിസംബോധന ചെയ്യാമെന്ന് വിശുദ്ധ പത്താം പീയൂസ് (1903-1914) മാര്‍പാപ്പ പ്രസിദ്ധീകരിച്ച തിരുവെഴുത്തില്‍ (Multum ad Excita ndos) നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശപ്രകാരം വികാരി ജനറള്‍മാരും അഡ്മിനിസ്‌ട്രേറ്റര്‍മാരും അവര്‍ വഹിക്കുന്ന പദവികള്‍ നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് മോണ്‍സിഞ്ഞോര്‍ പദവിയും നഷ്ടപ്പെടും. രൂപതയിലെ എല്ലാ വികാരിമാരുടെയും അധിപനായതുകൊണ്ടാണ് വികാരി ജനറള്‍മാരെ മോണ്‍സിഞ്ഞോര്‍ എന്ന് അഭിസംബോധന ചെയ്യുന്നത്. മെത്രാന്‍ മരണമടയുമ്പോഴോ സ്ഥാനത്യാഗം ചെയ്യുമ്പോഴോ രൂപതയിലെ ആലോചന സമിതി ചേര്‍ന്ന് രൂപതാഭരണം നിര്‍വഹിക്കാന്‍ ആലോചന സമിതി അംഗങ്ങളില്‍ ഒരാളെ അഡ്മിനിസ്‌ട്രേറ്ററായി തിരഞ്ഞെടുക്കും. പുതിയ മെത്രാന്‍ നിയമിതനാകുന്നതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും രൂപതയുടെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്. രൂപതാഭരണം ഇവര്‍ നിര്‍വഹിക്കുന്നതുകൊണ്ടാണ് മോണ്‍സിഞ്ഞോര്‍ എന്ന് ഇവരെയും അഭിസംബോധന ചെയ്യുന്നത്.
മാര്‍പാപ്പ സ്ഥാനികപദവിയായി നല്‍കുന്ന മോണ്‍സിഞ്ഞോര്‍ പദവി മൂന്ന് ശ്രേണികളിലായിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ പതിനാല് തരത്തിലുള്ള മോണ്‍സിഞ്ഞോര്‍ പദവി വരെ മാര്‍പാപ്പ സ്ഥാനിക ആദരവായി നല്‍കിയിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം 1968 മാര്‍ച്ച് 28-ന് പോള്‍ ആറാമന്‍ (1963-1978) പ്രസിദ്ധീകരിച്ച 'പൊന്തിഫിക്കാലീസ് ദോമൂസ്'(Pontificalis Domus) എന്ന മോത്തു പ്രോപ്രിയ വഴി സ്ഥാനികപദവിയായി നല്‍കുന്ന മോണ്‍സിഞ്ഞോര്‍ പദവികളുടെ എണ്ണം മൂന്നായി നിജപ്പെടുത്തി. (1) Apostolic Protonotary Domestic or Prelate (2) Honourary Prelate of the Pope (3) Chaplain of the Pope എന്നിങ്ങനെ മൂന്ന് ശ്രേണിയിലാണ് മോണ്‍സിഞ്ഞോര്‍ പദവി ഇപ്പോള്‍ മാര്‍പാപ്പ നല്‍കുന്നത്.
അപ്പസ്‌തോലിക് പ്രോട്ടോനോട്ടറി: മോണ്‍സിഞ്ഞോര്‍ പദവിയുള്ള അപ്പസ്‌തോലിക് പ്രോട്ടോനോട്ടറി രണ്ടു വിഭാഗത്തിലുണ്ട്. വത്തിക്കാന്‍ കാര്യാലയത്തിലുള്ള അപ്പസ്‌തോലിക് പ്രോട്ടോനോട്ടറിമാരും രൂപതാ കാര്യാലയങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന നോട്ടറിമാര്‍ക്ക് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി അപ്പസ്‌തോലിക് പ്രോട്ടോനോട്ടറിമാരായി നിയമിച്ചവരും. റോമില്‍ വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന അപ്പസ്‌തോലിക് പ്രോട്ടോനോട്ടറിമാരുടെ എണ്ണം ഏഴായി നിജപ്പെടുത്തിയിട്ടുണ്ട്. റോമാ അതിരൂപതയ്ക്ക് ഏഴ് സാമന്ത രൂപതകളാണ് ഉള്ളത്. പുരാതനകാലം മുതല്‍ തന്നെ ഈ രൂപതാകാര്യാലയങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന നോട്ടറിമാരുടെ എണ്ണം ഏഴായിരുന്നു എന്ന പാരമ്പര്യത്തില്‍ നിന്നാണ് മോണ്‍സിഞ്ഞോര്‍ പദവിയുള്ള അപ്പസ്‌തോലിക് പ്രോട്ടോനോട്ടറിയുടെ എണ്ണം ഏഴായി നിലനിറുത്തുന്നത്.
1838 ഫെബ്രുവരി എട്ടാം തീയതി ഗ്രിഗറി പതിനാറാമന്‍ (1831-46) മാര്‍പാപ്പയാണ് വത്തിക്കാ ന്‍ കാര്യാലയത്തിലുള്ള അപ്പസ്‌തോലിക പ്രോട്ടോനോട്ടറി മോണ്‍സിഞ്ഞോര്‍മാരുടെ എണ്ണം ഏഴായി നിജപ്പെടുത്തിയത്. റോമാ അതിരൂപതയ്ക്ക് പുറത്തുള്ള രൂപതാ കാര്യാലയങ്ങളിലെ ട്രൈബൂണലുകളില്‍ സേവനം അനുഷ്ഠിക്കുന്ന പുരോഹിതരെ അവരുടെ സേവനമികവിന്റെയും സഭാസേവനത്തിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശീയ മെത്രാന്റെ അഭ്യര്‍ത്ഥനപ്രകാരം മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി അപ്പസ്‌തോലിക് പ്രോട്ടോ നോട്ടറിയായി നിയമിക്കാറുണ്ട്. ഇത്തരത്തില്‍ റോമാ അതിരൂപതയ്ക്ക് പുറത്ത് നിയമിക്കാറുള്ള അപ്പസ്‌തോലിക് പ്രോട്ടോനോട്ടറിമാരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ലെങ്കിലും വളരെ വിരളമായേ അപ്പസ്‌തോലിക് പ്രോട്ടോ നോട്ടറി മോണ്‍സിഞ്ഞോര്‍ സ്ഥാനം മാര്‍പാപ്പ നല്‍കാറുള്ളു. രൂപതകളിലെ അപ്പസ്‌തോലിക് പ്രോട്ടോനോട്ടറി മോണ്‍സിഞ്ഞോര്‍മാര്‍ക്ക് അത് സ്ഥാനികപദവി മാത്രമാണ്. പദവിയുമായിട്ട് ബന്ധപ്പെട്ടുള്ള അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അര്‍ഹതയില്ല. രൂപതകളിലെ മോണ്‍സിഞ്ഞോര്‍മാരില്‍ ഏറ്റവും ഉന്നത ശ്രേണിയിലുള്ളവരാണ് അപ്പസ്‌തോലിക് പ്രോട്ടോനോട്ടറി മോണ്‍സിഞ്ഞോര്‍മാര്‍. സാധാരണ ഗതിയില്‍ അപ്പസ്‌തോലിക് പ്രോട്ടോനോട്ടറി മോണ്‍സിഞ്ഞോര്‍മാരുടെ എണ്ണം ഒരു രൂപതയില്‍ ഒന്നില്‍ കൂടാറില്ല.
2) ഹോണററി പ്രിലേറ്റ് അഥവാ ഡൊമസ്റ്റിക് പ്രിലേറ്റ്: വത്തിക്കാന്‍ കാര്യാലയത്തില്‍ ഉന്നതപദവിയിലുള്ള പുരോഹിതര്‍ക്കാണ് ഹോണററി പ്രിലേറ്റ് എന്ന മോണ്‍സിഞ്ഞോര്‍ പദവി മാര്‍പാപ്പ നല്‍കുന്നത്. സാര്‍വത്രിക സഭയിലെ പരമോന്നത കോടതിയായ റോമന്‍ റോത്തയില്‍ ന്യായാധിപന്മാരായി സേവനം അനുഷ്ഠിക്കുന്ന വൈദികര്‍, പരിശുദ്ധ സിംഹാസനത്തിന്റേയും വത്തിക്കാന്‍ കാര്യാലയത്തിന്റേയും സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിക്കുന്ന അപ്പസ്‌തോലിക കമേര (Apostolic Camera) യില്‍ സേവനം അനുഷ്ഠിക്കുന്ന പുരോഹിതര്‍, ഇറ്റലിയിലേയും പോളണ്ടിലേയും കത്തീഡ്രല്‍ ചാപ്റ്ററില്‍ അംഗങ്ങളായ ഉത്തമപദവി അലങ്കരിക്കുന്ന പുരോഹിതര്‍ എന്നിവര്‍ക്കാണ് ഹോണററി പ്രിലേറ്റ് മോണ്‍സിഞ്ഞോര്‍ സ്ഥാനം മാര്‍പാപ്പ നല്‍കുന്നത്.
സാധാരണയായി വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന വൈദികര്‍ക്കാണ് ഈ പദവി നല്‍കാറുള്ളത്. എന്നാല്‍ രൂപതാകാര്യാലയങ്ങളില്‍ നീണ്ടകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള പുരോഹിതര്‍ക്ക് തദ്ദേശീയ മെത്രാന്റെ അഭ്യര്‍ത്ഥന പ്രകാരം സ്ഥാനികമായി ഹോണററി പ്രിലേറ്റ് അഥവാ ഡൊമസ്റ്റിക് പ്രിലേറ്റ് മോണ്‍സിഞ്ഞോര്‍ സ്ഥാനം നല്‍കാറുണ്ട്.
3) പേപ്പല്‍ ചാപ്ലിന്‍സ്: മാര്‍പാപ്പയെ തിരുക്കര്‍മ്മങ്ങളില്‍ ശുശ്രൂഷിക്കുന്ന പുരോഹിതരാണ് പേപ്പല്‍ ചാപ്ലിന്‍സ് എന്ന് അറിയപ്പെടുന്നത്. റോമിനകത്തും റോമിന് പുറത്തും മാര്‍പാപ്പ തിരുക്കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ ഔദ്യോഗിക പേപ്പല്‍ ചാപ്ലിന്‍സാണ് മാര്‍പാപ്പയുടെ ശുശ്രൂഷകളില്‍ പരികര്‍മ്മികളാവുക. അലക്‌സാണ്ടര്‍ ആറാമന്‍ (1655- 1667) മാര്‍പാപ്പയുടെ കാലം മുതലാണ് പേപ്പല്‍ ചാപ്ലിന്‍മാരായ പുരോഹിതര്‍ക്ക് മോണ്‍സിഞ്ഞോര്‍ പദവി നല്‍കുന്ന പാരമ്പര്യം ആരംഭിച്ചത്.
പില്‍ക്കാലത്ത് ക്ലെമന്റ് പന്ത്രണ്ടാമന്‍ (1730-1740) മാര്‍പാപ്പയുടെ കാലം മുതല്‍ പുരോഹിതര്‍ക്ക് സ്ഥാനികപദവി എന്ന നിലയില്‍ പേപ്പല്‍ ചാപ്ലിന്‍സ് മോണ്‍സിഞ്ഞോര്‍ പദവി റോമിന് പുറത്തുള്ളവര്‍ക്കും നല്‍കാന്‍ തുടങ്ങി. പിന്നീട് വിശുദ്ധ പത്താം പീയുസ് (1903-1914) മാര്‍പാപ്പ 1907 പേപ്പല്‍ ചാപ്ലിന്‍മാരായി നിയമിതരാകുന്ന മോണ്‍സിഞ്ഞോര്‍മാരുടെ വസ്ത്രധാരണ രീതിയെക്കുറിച്ചും സഭയിലെ സ്ഥാനങ്ങളെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
രൂപതാമെത്രാന്മാരും വത്തിക്കാന്‍ കാര്യാലയത്തിലെ വകുപ്പു മേധാവികളായ കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും മാര്‍പാപ്പയോട്, തങ്ങളോടു സഹകരിച്ചു സഭാസേവനം നിര്‍വഹിക്കുന്ന പുരോഹിതര്‍ക്ക് മോണ്‍സിഞ്ഞോര്‍ പദവി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍ പേപ്പല്‍ ചാപ്ലിന്‍ ശ്രേണിയിലുള്ള മോണ്‍സിഞ്ഞോര്‍ പദവിയാണ് സാധാരണ നല്‍കാറുള്ളത്.
മാര്‍പാപ്പമാര്‍ നല്‍കുന്ന മോണ്‍സിഞ്ഞോര്‍ സ്ഥാനികപദവികള്‍ ലഭിക്കുന്ന വ്യക്തിയുടെ മരണം വരെ നിലനില്‍ക്കും. എന്നാല്‍ നല്‍കിയ മാര്‍പാപ്പ ദിവംഗതനാകുന്ന പക്ഷം മാര്‍പാപ്പയുമായി ബന്ധപ്പെട്ട സ്ഥാനികപദവികള്‍ ലഭിച്ചവര്‍ പ്രത്യേകിച്ചും പേപ്പല്‍ ചാപ്ലിന്‍ ശ്രേണിയില്‍പ്പെട്ടവര്‍ അത് നവീകരിക്കുമെന്ന് നിബന്ധനയുണ്ട്.
Friday, 10 February 2012 13:45
പേപ്പല്‍ ബഹുമതി - മോണ്‍സിഞ്ഞോര്‍
Written by റവ.ഡോ.സ്റ്റീഫന്‍ ആലത്തറ
Read 203 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.