അപ്പസ്‌തോലിക പൈതൃകം അവകാശമാക്കിയ പൗരാണിക സഭയാണ് ഭാരതസഭ. സുവിശേഷസാക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്ന ഈ സഭ ഏറെ ശ്രദ്ധയോടെ പരിഗണിക്കേണ്ട വിഷയമാണ് സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍. സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളുടെ ചില അടിസ്ഥാനങ്ങള്‍ ബോധ്യപ്പെടുത്തുന്നത് തികച്ചും ഉചിതമായിരിക്കും.
1) സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ വന്ന മാറ്റം
1947ല്‍ ഭാരതം ബ്രിട്ടീഷാധിപത്യത്തില്‍ നിന്ന് മോചിതയായി. തുടര്‍ന്ന് സ്വയംഭരണാവകാശമുള്ള രാഷ്ട്രമായി ഉയര്‍ത്തപ്പെട്ടു. ഈ രാഷ്ട്രീയസ്വാതന്ത്ര്യവും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉളവാക്കി. രാജഭരണത്തില്‍ നിന്നും ബ്രിട്ടീഷാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റം വലിയ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ജനാധിപത്യമൂലങ്ങളായ സമത്വം, സ്വാതന്ത്ര്യം, മനുഷ്യാവകാശം, ആവിഷ്‌കാരസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം ഇവയൊക്കെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായി. പ്രതികരിക്കാനും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അവകാശം ലഭിച്ചു. ബാലറ്റിലൂടെ ഭരണത്തെ മാറ്റാനും പ്രതികരണത്തിലൂടെ ഭരണത്തെ നിയന്ത്രിക്കാനും വിമര്‍ശനത്തിലൂടെ എതിരഭിപ്രായം രേഖപ്പെടുത്താനും അവസരമൊരുങ്ങി. ഇന്നലെ വരെയും അധികാരി സ്വാഭിഷ്ടത്താല്‍ തീരുമാനമെടുത്ത് ജനങ്ങളെ അറിയിക്കുകയും ജനങ്ങള്‍ അവ അനുസരിക്കുകയും ചെയ്തുപോന്നു. ജനാധിപത്യത്തിലേക്ക് ചുവടുവയ്പ് നടത്തിയതോടെ ചര്‍ച്ചകളും അഭിപ്രായസമന്വയങ്ങളും കൂടിയേ തീരൂ എന്ന നില വന്നു. ജനങ്ങളിലേക്ക് അധികാരം കൈമാറ്റപ്പെട്ടു.
ജനാധിപത്യത്തിന്റെ മക്കളെയാണ് സഭ ഇന്ന് അഭിമുഖീകരിക്കുന്നത് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. ഇന്നലെവരെയും രാജഭരണത്തിന്റെയും വിദേശആധിപത്യത്തിന്റെയും ഉള്ളില്‍ രൂപപ്പെട്ട വിധേയത്വമനസുകളായിരുന്നു സമൂഹത്തിലുണ്ടായിരുന്നത്. ഇന്നാകട്ടെ ബഹുഭൂരിപക്ഷം സഭാമക്കളും സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ചവരാണ്. സ്വാഭിപ്രായപ്രകടനത്തിന്റെയും വിമര്‍ശനത്തിന്റെയും ചര്‍ച്ചകളുടെയും ചൈതന്യത്തില്‍ വളര്‍ന്നുവരുന്നവരാണ്. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ഏറെ അവബോധം സിദ്ധിച്ചവരാണ്. തീരുമാനങ്ങളെ കല്പനകളായി ഏറ്റുവാങ്ങുന്ന പഴയ മനോഭാവത്തില്‍ നിന്നും മാറി വിമര്‍ശനബുദ്ധിയോടെ അപഗ്രഥിക്കുന്ന ശൈലിയില്‍ വളര്‍ത്തപ്പെട്ട സമൂഹത്തിലാണ് സഭ ഇന്ന് പ്രവര്‍ത്തിക്കാനും പ്രബോധിപ്പിക്കാനും വിളിക്കപ്പെട്ടിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. ജനാധിപത്യമൂല്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടായിരിക്കണം സഭയുടെ ചുവടുവയ്പ് എന്ന് സാരം.
2) കുടുംബങ്ങളില്‍ വന്ന മാറ്റം
കുടുംബബന്ധങ്ങളില്‍ ഈ കാലയളവില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഏറെ പരിഗണനാര്‍ഹമാണ്. മാതാപിതാക്കളും മക്കളും ഒരുമിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു. ഇന്നലെകളില്‍ അങ്ങനെയായിരുന്നില്ലല്ലോ. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറില്ലായിരുന്നു. പല വിഷയങ്ങളും പ്രായപൂര്‍ത്തിയായ മക്കള്‍ പോലും അറിയില്ലായിരുന്നു. ഭാര്യ പോലും വരുമാനങ്ങളോ ചെലവുകളോ ഒന്നും എങ്ങനെയെന്നറിവില്ലാത്തവളായിരുന്നു. മക്കളുടെ ഭാവി, പഠനകാര്യങ്ങള്‍, വീടിന്റെ സാമ്പത്തികാവസ്ഥ ഇങ്ങനെ ഒട്ടുമിക്ക വിഷയങ്ങളും ഇന്ന് പരസ്പരം അറിഞ്ഞും ചര്‍ച്ചചെയ്തും തീരുമാനിക്കുന്നു. മക്കളുടെ ജീവിതാന്തസിനെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചും ജീവിതപദ്ധതിയെക്കുറിച്ചും തീരുമാനിക്കാന്‍ പൂര്‍ണസ്വാതന്ത്ര്യം മക്കള്‍ക്കുതന്നെ ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ഒരുമിച്ച് ഉല്ലാസത്തിന് പുറത്തുപോവുക, ബീച്ചിലോ പാര്‍ക്കിലോ പോയി ഒരുമിച്ച് സംസാരിക്കുക, അവനവന്റെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങളും സാധനങ്ങളും വാങ്ങിക്കുക ഇങ്ങനെ വലിയ മാറ്റത്തിന് കുടുംബം വേദിയായി. ഈ വിധമുള്ള കുടുംബത്തില്‍ വളര്‍ത്തപ്പെട്ട മക്കളാണ് വരുംനാളുകളില്‍ സഭയുടെ വിവിധ പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക് കടന്നുവരുന്നത്. യുവജനങ്ങളും പുതിയ തലമുറയുമായി സഭയുടെ ഔദേ്യാഗികതല ബന്ധം പുലര്‍ത്തുമ്പോള്‍ ഏറെ പരിഗണിക്കേണ്ട വസ്തുതയാണിത്.
3) മാധ്യമ വിപ്ലവം
ലോകം മുഴുവന്‍ ഒറ്റനിമിഷം കൊണ്ട് എത്തിപ്പിടിക്കാന്‍ തക്കവിധം മാധ്യമരംഗത്ത് വന്ന കുതിപ്പ് അത്ഭുതാവഹമാണ്. സ്ഥലവും കാലവും കീഴടക്കപ്പെട്ടു. ലോകത്തിന്റെ ഏതുകോണില്‍ സംഭവിക്കുന്ന കാര്യങ്ങളും തത്സമയം ലോകം മുഴുവന്‍ അറിയാന്‍ സാധിക്കുന്നു.
പുറംലോകത്തെ ചിന്താധാരയും തിന്മയും മാധ്യമത്തിലൂടെ ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്ക് കയറിവന്നു എന്നതാണിതിന്റെ പാര്‍ശ്വഫലം.
4) ബൗദ്ധികതലത്തിലും വിദ്യാഭ്യാസരംഗത്തും വന്ന മാറ്റങ്ങള്‍.
ഏറെ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ് ബൗദ്ധികതലത്തിലും വിദ്യാഭ്യാസരംഗത്തും വന്ന മാറ്റങ്ങള്‍. ഭാരതീയ വിദ്യാഭ്യാസശൈലിയനുസരിച്ച് ഗുരു പറഞ്ഞുതരുന്നത് അക്ഷരംപ്രതി കേട്ടുപഠിക്കുന്നവനാണ് നല്ല ശിഷ്യന്‍. ഗുരു പറയുന്നത് ചോദ്യം ചെയ്യാനോ വിമര്‍ശിക്കുവാനോ പാടില്ല. എന്തു പഠിപ്പിക്കുന്നുവോ അത് പഠിക്കുക. എന്നാല്‍ ഈ സമ്പ്രദായത്തിന് മാറ്റങ്ങള്‍ വന്നു. വിദ്യാര്‍ഥി കാര്യകാരണങ്ങളെ അപഗ്രഥിക്കുന്ന ശൈലി നിലവില്‍ വന്നു. എന്തുകൊണ്ട് എന്ന ചോദ്യത്തിലൂടെ കാരണത്തെയും എന്തിനുവേണ്ടി എന്ന ചോദ്യത്തിലൂടെ ലക്ഷ്യത്തെയും കണ്ടെത്തി കാര്യകാരണങ്ങളെ പരിശോധിക്കുകയും എങ്ങനെ എന്ന ചോദ്യത്തിലൂടെ വസ്തുതയെ പഠിക്കുകയും ചെയ്യുന്ന രീതി അംഗീകരിക്കപ്പെട്ടു. അങ്ങനെ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയും പരിശീലിക്കുന്ന സിദ്ധാന്തങ്ങളെയും തത്വങ്ങളെയും ചോദ്യം ചെയ്യാന്‍ ബുദ്ധി രൂപപ്പെട്ടു. ഒരിക്കലും ചോദ്യം ചെയ്യപ്പെടാതിരുന്ന വിശ്വാസസംഹിതകളെയും ദൈവത്തെതന്നെയും ചോദ്യം ചെയ്യാന്‍ തുടങ്ങി. അതോടൊപ്പം അനുഭവാധിഷ്ഠിത ബോധനരീതി കൂടുതല്‍ ഊന്നല്‍ നല്‍കി അവതരിപ്പിക്കപ്പെട്ടപ്പോള്‍, ഇന്ദ്രിയ ഗോചരമല്ലാത്ത ആ യാഥാര്‍ത്ഥ്യങ്ങളെ തിരസ്‌കരിക്കുന്ന പ്രവണത വര്‍ധിച്ചുവന്നു. ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ ഏറ്റം പ്രാധാന്യത്തോടെ വീക്ഷിക്കപ്പെട്ടിരുന്ന വിഷയം തത്വശാസ്ത്രമായിരുന്നെങ്കില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ സാമൂഹ്യശാസ്ത്രവും മനുഷ്യശാസ്ത്രവും പ്രാധാന്യം നേടി. അതോടൊപ്പം ഭൗതിക ശാസ്ത്രവിഷയങ്ങള്‍ രംഗപ്രവേശനം ചെയ്തു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ഇങ്ങോട്ട് സാങ്കേതികവിദ്യ ശാസ്ത്ര താത്വിക പഠനങ്ങളെ പിന്‍തള്ളി പ്രചുരപ്രചാരം നേടി. കംപ്യൂട്ടര്‍ യുഗത്തിന്റെ വരവോടെ ശാസ്ത്രം സാങ്കേതികവിദ്യക്ക് വഴിമാറി. ചുരുക്കത്തില്‍ മനുഷ്യബുദ്ധിയും വിലയിരുത്തലുകളും താത്വികപഠനത്തില്‍ നിന്നും ടെക്‌നോളജിയിലും പ്രായോഗികതയിലും ഒതുക്കപ്പെട്ടിരിക്കുന്നു. ഈ വലിയ പ്രത്യേകത ബോധ്യപ്പെട്ടുവേണം നിത്യസത്യങ്ങളെയും വിശ്വാസസംഹിതകളെയും സഭ അവതരിപ്പിക്കാന്‍. മനുഷ്യന്റെ പ്രായോഗികബുദ്ധിക്കും ടെക്‌നിക്കല്‍ മൈന്‍ഡിനും സ്വീകാര്യമായ രീതിയില്‍ ബോധനരീതിയില്‍ മാറ്റം വരുത്താതെ തരമില്ല.
Saturday, 28 January 2012 15:28
സുവിശേഷ പ്രഘോഷണം കാലത്തിന്റെ മാറ്റമനുസരിച്ച്
Written by ഫാ. ജയിംസ് കിളിയനാനി
Read 273 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.