Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 20 January 2012 12:32

ദൈവത്തെ കാത്തിരിക്കുന്നവരാകുക

Written by  Shalom Editor
Rate this item
(2 votes)

''ജീവന്റെ ഭാവാത്മകമൂല്യം അംഗീകരിക്കാന്‍ യുവജനങ്ങളോട് പറയണം. നന്മയ്ക്കു സേവനം ചെയ്യുന്നതിന്ജീവിതം ചെലവഴിക്കാനുള്ള ആഗ്രഹം അവരില്‍ ജ്വലിപ്പിക്കണം. ഇത് നമ്മില്‍ ഓരോരുത്തരും വ്യക്തിപരമായി നിര്‍വഹിക്കേണ്ട ദൗത്യമാണ്.''05

എന്തു മനോഭാവത്തോടെയാണ് നാം പുതുവര്‍ഷത്തിലേക്കു നോക്കേണ്ടത്? നൂറ്റിമുപ്പതാം സങ്കീര്‍ത്തനത്തില്‍ വളരെ മനോഹരമായ ഒരു സാദൃശ്യം കാണാം. 'പ്രഭാതം കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ കൂടുതലായി വിശ്വാസികള്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു' (വാ. 6) എന്നു സങ്കീര്‍ത്തകന്‍ പറയുന്നു. സുദൃഢമായ പ്രത്യാശയോടെയാണ് അവര്‍ അവിടത്തെ കാത്തിരിക്കുന്നത്. എന്തെന്നാല്‍ അവിടുന്ന് പ്രകാശവും കാരുണ്യവും രക്ഷയും കൊണ്ടുവരുമെന്ന് അവര്‍ക്ക് അറിയാം. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് അവരുടെ അനുഭവത്തില്‍ നിന്നുണ്ടായതാണ് ഈ കാത്തിരിപ്പ്. ലോകത്തെ അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ നോക്കിക്കാണാനും ക്ലേശങ്ങളാല്‍ കീഴടക്കപ്പെടാതിരിക്കാനും ദൈവം തങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്ന് തിരിച്ചറിവുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ട ജനം. ആത്മവിശ്വാസത്തിന്റെ ഈ മനോഭാവത്തോടെ 2012 ലേക്ക് നോക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. സങ്കീര്‍ത്തകന്‍ പറയുന്ന ആ പ്രഭാതത്തെ കാത്തിരിക്കുകയാണ് മനുഷ്യഹൃദയങ്ങള്‍. ഈ പ്രതീക്ഷ യുവജനങ്ങളില്‍ പ്രത്യേകമാംവിധം ശക്തവും വ്യക്തവുമാണ്. അതുകൊണ്ട് എന്റെ ചിന്ത അവരിലേക്കും സമൂഹത്തിനുവേണ്ടി അവര്‍ക്കു നല്കാന്‍ കഴിയുന്നതും കഴിയേണ്ടതുമായ സംഭാവനയിലേക്കും തിരിയുന്നു. ആകയാല്‍ 45-ാം ലോകസമാധാനദിനത്തിന്റെ സന്ദേശം വിദ്യാഭ്യാസത്തെക്കുറിച്ച് ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു:''യുവജനത്തെ നീതിയും സമാധാനവും പഠിപ്പിക്കുക. ലോകത്തിനു പുതിയ പ്രത്യാശ നല്കാന്‍ ആവേശവും ആദര്‍ശവുമുള്ള യുവജനത്തിന്, സാധിക്കുമെന്ന അവബോധത്തോടെയാണ് അങ്ങനെ ചെയ്യുന്നത്. യുവജനത്തെയും അവരുടെ താത്പര്യങ്ങളെയും ശ്രദ്ധിക്കുകയും അവരെ കേള്‍ക്കാനും അഭിനന്ദിക്കാനും കഴിയുകയും ചെയ്യുകയെന്നത് ഒരു സാധാരണ കാര്യമല്ല. പിന്നെയോ സമൂഹം മുഴുവന്റെയും പ്രാഥമിക കടമയാണത് - നീതിയും സമാധാനവുമുള്ള ഭാവിസമൂഹം പടുത്തുയര്‍ത്താന്‍ വേണ്ടിയുള്ള കടമ.

ജീവന്റെ ഭാവാത്മകമൂല്യം അംഗീകരിക്കാന്‍ യുവജനങ്ങളോട് പറയണം. നന്മയ്ക്കു സേവനം ചെയ്യുന്നതിനായി ജീവിതം ചെലവഴിക്കാനുള്ള ആഗ്രഹം അവരില്‍ ജ്വലിപ്പിക്കണം. ഇത് നമ്മില്‍ ഓരോരുത്തരും വ്യക്തിപരമായി നിര്‍വഹിക്കേണ്ട ദൗത്യമാണ്.

ഉറപ്പുള്ള പ്രത്യാശയോടെ ഭാവിയിലേക്കു നോക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ആധുനികലോകത്തെങ്ങുമുള്ള അനേകം യുവാക്കളുടെ ഉത്കണ്ഠ വ്യക്തമാക്കുന്നു. ഇന്ന് അവര്‍ പല കാര്യങ്ങളെ സംബന്ധിച്ചും ഉത്കണ്ഠയുള്ളവരാണ്. യഥാര്‍ത്ഥലോകത്തെ കൈകാര്യം ചെയ്യാന്‍ തങ്ങളെ സജ്ജീകൃതരാക്കുന്ന വിദ്യാഭ്യാസം അവര്‍ ആവശ്യപ്പെടുന്നു. ഒരു കുടുംബം രൂപപ്പെടുത്താനും സ്ഥിരംജോലി സമ്പാദിക്കാനും എത്രമാത്രം വിഷമമുണ്ടെന്ന് അവര്‍ അറിയുന്നു. കൂടുതല്‍ മാനുഷികവും സാഹോദര്യപൂര്‍ണവുമായ മുഖത്തോടുകൂടിയ ഒരു സമൂഹം പടുത്തുയര്‍ത്താന്‍ രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ ജീവിതത്തിനു സംഭാവന നല്കാന്‍ തങ്ങള്‍ക്കു കഴിയുമോയെന്ന് അവര്‍ വിസ്മയിക്കുന്നു.
ഈ അസ്വസ്ഥതയും അതിന്റെ അടിയിലുള്ള ആദര്‍ശവാദവും സമൂഹത്തിന്റെ ഓരോ തലത്തിലും ശ്രദ്ധിക്കപ്പെടുകയെന്നത് സുപ്രധാന കാര്യമാണ്. സഭ യുവജനങ്ങളെ പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടെ നോക്കിക്കാണുന്നു. സത്യം അന്വേഷിക്കാനും പൊതുനന്മ സംരക്ഷിക്കാനും ചുറ്റുമുള്ള ലോകത്തോടു തുറവുള്ളവരായിരിക്കാനും 'പുതിയ സംഗതികള്‍' (ഏശ 42:9; 48:6) കാണാനും സഭ അവരെ പ്രോത്സാഹിപ്പിക്കുന്നു.

വിദ്യാഭ്യാസപ്രവര്‍ത്തകര്‍
എല്ലാ കാലത്തെക്കാളും കൂടുതലായി ഇന്നു നമുക്ക് യഥാര്‍ത്ഥസാക്ഷികളെ ആവശ്യമുണ്ട്. നിയമങ്ങളും വസ്തുതകളും അയച്ചുകൊടുക്കുന്ന വ്യക്തികളെയല്ല ആവശ്യം. സ്വന്തം ജീവിതത്തിന്റെ വിപുലത മൂലം മറ്റുള്ളവര്‍ കാണുന്നതിനെക്കാള്‍ കൂടുതല്‍ അകലത്തില്‍ കാണാന്‍ കഴിവുള്ള വ്യക്തികളെ നമുക്ക് ആവശ്യമുണ്ട്. മറ്റുള്ളവര്‍ക്കു നിര്‍ദ്ദേശിച്ചു കൊടുക്കുന്ന ജീവിതം ആദ്യം സ്വന്തമായി ജീവിക്കുന്ന വ്യക്തിയാണ് സാക്ഷി.
എവിടെയാണ് നീതിയിലും സമാധാനത്തിലുമുള്ള യഥാര്‍ത്ഥ വിദ്യാഭ്യാസം നടക്കുന്നത്? ഒന്നാമതായി കുടുംബത്തില്‍. കാരണം, മാതാപിതാക്കളാണ് ആദ്യത്തെ വിദ്യാദായകര്‍. കുടുംബം സമൂഹത്തിന്റെ പ്രാഥമിക കോശമാണ്: 'സര്‍ഗാത്മകവും സമാധാനപൂര്‍ണവുമായ സഹാസ്തിത്വം ഉണ്ടായിരിക്കാന്‍ കഴിവ് നല്കുന്ന മാനുഷിക - ക്രൈസ്തവമൂല്യങ്ങള്‍ കുട്ടികള്‍ പഠിക്കുന്നത് കുടുംബത്തിലാണ്. തലമുറകള്‍ തമ്മിലുള്ള ഐക്യവും നിയമങ്ങളോടുള്ള ബഹുമാനവും ക്ഷമിക്കലും മറ്റുള്ളവരെ സ്വാഗതം ചെയ്യലും അവര്‍ പഠിക്കുന്നത് കുടുംബത്തില്‍ വച്ചാണ്'. നീതിയിലും സമാധാനത്തിലും നമ്മെ അഭ്യസിപ്പിക്കുന്ന പ്രഥമ വിദ്യാലയം കുടുംബമാണ്.
കുടുംബങ്ങള്‍ മാത്രമല്ല ജീവന്‍ തന്നെയും നിരന്തരം ഭീഷണിക്കു വിധേയമാകുന്ന, കുടുംബങ്ങള്‍ മിക്കപ്പോഴും ഛിന്നഭിന്നമാക്കപ്പെടുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികള്‍ക്ക് അമൂല്യനിധികളിലൊന്ന് - അതായത് മാതാപിതാക്കളുടെ സാന്നിധ്യം - ഉറപ്പുവരുത്തുക പ്രയാസമായിരിക്കുന്നു. അതിനു പല കാരണങ്ങളുമുണ്ട്: കുടുംബത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാനാവാത്ത തൊഴില്‍ സാഹചര്യം, ഭാവിയെക്കുറിച്ചുള്ള ആകുലത, ജീവിതത്തിന്റെ ഭ്രാന്തമായ ഗതിവേഗം, പര്യാപ്തമായ ജീവസന്ധാരണം ഉറപ്പാക്കാന്‍ മിക്കപ്പോഴും സ്ഥലം മാറുകയെന്ന ആവശ്യം - അതിജീവനത്തിന്റെ കാര്യം പറയേണ്ടതുമില്ല. മാതാപിതാക്കളുടെ സാന്നിധ്യം ജീവിതയാത്ര കൂടുതല്‍ ആഴത്തില്‍ പങ്കുവയ്ക്കാന്‍ സാധ്യത നല്കുന്നു. അങ്ങനെ, കാലങ്ങളുടെ ഗതിയില്‍ നേടിയ അനുഭവങ്ങളും അവബോധങ്ങളും കൈമാറാന്‍ സാധിക്കുന്നു. ഒന്നിച്ചു താമസിച്ചാല്‍ മാത്രം കൈമാറാനാവുന്ന അനുഭവങ്ങളും അവബോധങ്ങളുമാണ് ഇവിടെ വിവക്ഷിക്കുന്നത്. നിരാശപ്പെടാതിരിക്കാന്‍ മാതാപിതാക്കളെ ഞാന്‍ നിര്‍ബന്ധിക്കുന്നു. സര്‍വോപരി ദൈവത്തില്‍ പ്രത്യാശവയ്ക്കാന്‍ തങ്ങളുടെ ജീവിതമാതൃക വഴി അവര്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കട്ടെ. ദൈവമാണ് യഥാര്‍ത്ഥനീതിയുടെയും സമാധാനത്തിന്റെയും ഏക ഉറവിടം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭരണം നിര്‍വഹിക്കുന്നവരോടും എനിക്ക് ഒരു വാക്ക് പറയാനുണ്ട്. ഓരോ വ്യക്തിയുടെയും മഹത്ത്വം എപ്പോഴും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ ഉത്തരവാദിത്വബോധത്തോടെ ഉറപ്പുവരുത്തണം. ഓരോ യുവാവും യുവതിയും തന്റെ വിളി കണ്ടെത്താനും ദൈവദത്തമായ ദാനങ്ങള്‍ വികസിപ്പിക്കാനും കഴിവ് നേടുന്നതില്‍ സഹായിക്കാന്‍ അവര്‍ തത്പരരായിരിക്കണം. മനസ്സാക്ഷിക്കും മതതത്ത്വങ്ങള്‍ക്കും വിരുദ്ധമായ വിദ്യാഭ്യാസമല്ല കുട്ടികള്‍ക്കു ലഭിക്കുന്നത് എന്ന് അവര്‍ കുടുംബങ്ങള്‍ക്ക് ഉറപ്പുനല്കണം.

സര്‍വാതിശായിയായ ദൈവത്തോടും മറ്റുള്ളവരോടും തുറവി കാണിക്കാനുള്ള ഒരു വേദിയായിരിക്കാന്‍ ഓരോ വിദ്യാഭ്യാസസ്ഥാപനത്തിനും കഴിയും. സംവാദത്തിന്റെയും ഐക്യത്തിന്റെയും ശ്രദ്ധാപൂര്‍വകമായ ശ്രവണത്തിന്റെയും വേദിയായിരിക്കാന്‍ കഴിയും. യുവജനത്തിന്റെ വ്യക്തിപരമായ കഴിവുകളും ആന്തരികസമ്പന്നതയും ആദരിക്കപ്പെടുന്നുണ്ടെന്ന് അവിടെ തോന്നിക്കണം. തങ്ങളുടെ സഹോദരീസഹോദരന്മാരെ വിലമതിക്കുന്നതിനു അവിടെ പഠിക്കാന്‍ യുവജനത്തിന് കഴിയണം. മറ്റുള്ളവരോടു സ്‌നേഹവും സഹതാപവും അനുദിനം പ്രകടിപ്പിക്കുന്നതില്‍ നിന്നും കൂടുതല്‍ മാനുഷികവും സാഹോദര്യപൂര്‍ണവുമായ സമൂഹം നിര്‍മ്മിക്കുന്നതില്‍ സജീവഭാഗഭാഗിത്വം വഹിക്കുന്നതില്‍ നിന്നും ഉണ്ടാകുന്ന സന്തോഷം ആസ്വദിക്കാന്‍ യുവജനം അഭ്യസിപ്പിക്കപ്പെടട്ടെ.
വിദ്യാഭ്യാസം നല്കാനുള്ള അവകാശം ഉപയോഗിക്കാനും കടമ നിര്‍വഹിക്കാനും കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വസ്തുനിഷ്ഠമായി സഹായം നല്കണമെന്ന് ഞാന്‍ രാഷ്ട്രീയനേതാക്കളോട് ആവശ്യപ്പെടുന്നു. മാതാപിതാക്കള്‍ക്ക് തങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ വേണ്ട സഹായം ഒരിക്കലും ലഭിക്കാതിരിക്കരുത്. വിദ്യാഭ്യാസസാധ്യത ആര്‍ക്കും നിഷേധിക്കപ്പെടുന്നില്ലെന്ന് രാഷ്ട്രീയനേതാക്കള്‍ ഉറപ്പുനല്കണം. തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും യോജിച്ച വിദ്യാഭ്യാസവ്യവസ്ഥിതി സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ കഴിയുന്നുണ്ടെന്നും അവര്‍ ഉറപ്പ് വരുത്തണം. ജീവസന്ധാരണമാര്‍ഗത്തിനു വേണ്ടി വേര്‍തിരിക്കപ്പെട്ട കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാന്‍ അവര്‍ പരിശ്രമിക്കട്ടെ. എല്ലാവരുടെയും നന്മയ്ക്കായി ചെയ്യുന്ന യഥാര്‍ത്ഥസേവനമെന്ന നിലയിലുള്ള രാഷ്ട്രീയത്തിന്റെ ഒരു സുതാര്യപ്രതിഛായ അവര്‍ യുവാക്കള്‍ക്കു നല്കട്ടെ.

വിദ്യാഭ്യാസത്തിനു സംഭാവന നല്കാന്‍ മാധ്യമലോകത്തോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങള്‍ക്ക് പ്രത്യേകമായ ഒരു ധര്‍മ്മം നിര്‍വഹിക്കാനുണ്ട്. അവര്‍ വിവരങ്ങള്‍ നല്കുക മാത്രമല്ല ചെയ്യുന്നത്.

പിന്നെയോ അവര്‍ ശ്രോതാക്കളുടെ മനസ്സുകളെ രൂപപ്പെടുത്തുന്നുമുണ്ട്. അങ്ങനെ യുവജനവിദ്യാഭ്യാസത്തിന് ശ്രദ്ധേയമായ സംഭാവന നല്കാന്‍ അവര്‍ക്കു സാധിക്കും. വിദ്യാഭ്യാസവും ആശയവിനിമയവും തമ്മില്‍ അത്യധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക. വിദ്യാഭ്യാസം ആശയവിനിമയത്തിലൂടെ നടക്കുന്നു. നന്മയ്ക്കായാലും തിന്മയ്ക്കായാലും അത് വ്യക്തിയുടെ രൂപവത്കരണത്തെ സ്വാധീനിക്കുന്നു.

യുവജനം മറ്റുള്ളവര്‍ക്കായി നിശ്ചയിക്കുന്ന ഉയര്‍ന്ന മാനദണ്ഡങ്ങളനുസരിച്ച് സ്വയം ജീവിക്കാന്‍ വേണ്ട ധൈര്യം കാണിക്കണം. വലിയ ഒരു ഉത്തരവാദിത്വമാണ് അവര്‍ക്കുള്ളത്. തങ്ങളുടെ സ്വാതന്ത്ര്യം നന്മയ്ക്കായി വിവേകപൂര്‍വം ഉപയോഗിക്കാനുള്ള ശക്തി അവര്‍ കണ്ടെത്തട്ടെ. നീതിയിലും സമാധാനത്തിലുമുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് അവര്‍ക്കും ഉത്തരവാദിത്വമുണ്ട്.
സത്യത്തിലും സ്വാതന്ത്ര്യത്തിലും

അഭ്യസിപ്പിക്കല്‍
സത്യത്തില്‍ വിദ്യ അഭ്യസിപ്പിക്കുന്നതിന്, മനുഷ്യന്‍ ആരാണെന്ന്, മനുഷ്യപ്രകൃതിയെന്താണെന്ന് അറിയണം. തന്റെ ചുറ്റുമുള്ള ലോകത്തെപ്പറ്റി ധ്യാനിച്ചുകൊണ്ട് സങ്കീര്‍ത്തകന്‍ പറയുന്നു: അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുമ്പോള്‍ അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്മയുണ്ട്?'(സങ്കീ 8:4-5).
ചോദിക്കേണ്ട മൗലികചോദ്യം ഇതാണ്: ആരാണ് മനുഷ്യന്‍? അനന്തതയ്ക്കായുള്ള ഒരു ദാഹം, ജീവിതത്തിന്റെ അര്‍ത്ഥം പൂര്‍ണമായി വിശദീകരിക്കുന്ന പൂര്‍ണസത്യത്തിനായുള്ള ദാഹം ഹൃദയത്തിലുള്ള ജീവിയാണ് മനുഷ്യന്‍. കാരണം, അവന്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. ജീവന്‍ അമൂല്യമായ ദാനമാണെന്ന കൃതജ്ഞതാനിര്‍ഭരമായ അംഗീകരണം വ്യക്തിയുടെ അഗാധമായ മഹത്ത്വവും അലംഘനീയതയും കണ്ടെത്തുന്നതിലേക്കു നയിക്കുന്നു. അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ആദ്യപടി മനുഷ്യനില്‍ ദൈവത്തിന്റെ ഛായ അംഗീകരിക്കാന്‍ പഠിക്കുകയെന്നതാണ്. അതിന്റെ ഫലമായി ഓരോ മനുഷ്യജീവിയോടും അഗാധമായ ആദരവുണ്ടാകും. മനുഷ്യന്റെ പരമമായ മഹത്ത്വമനുസരിച്ചു ജീവിക്കാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും. മനുഷ്യവ്യക്തിയെ ഓരോ മാനത്തിലും മുഴുവനായി സംബന്ധിക്കുന്നതാണ് ശരിയായ മാനുഷികവികസനം എന്ന കാര്യവും മനുഷ്യന്റെ മാനങ്ങളില്‍ സര്‍വാതിശായിയായ മാനവും ഉള്‍ക്കൊള്ളുന്നുണ്ടെന്ന കാര്യവും നാം മറക്കരുത്. അതുപോലെ സാമ്പത്തികമോ സാമൂഹികമോ വ്യക്തിപരമോ സംഘാതപരമോ ആയ ഒരു പ്രത്യേക നന്മയ്ക്കുവേണ്ടി വ്യക്തിയെ ബലികഴിക്കാന്‍ പാടില്ലെന്ന് ഓര്‍മ്മിക്കുകയും വേണം. ദൈവവുമായുള്ള ബന്ധത്തിലാണ് മാനുഷികസ്വാതന്ത്ര്യത്തെപ്പറ്റി മനുഷ്യന് മനസിലാക്കാന്‍ കഴിയുന്നത്. മനുഷ്യരെ യഥാര്‍ത്ഥസ്വാതന്ത്ര്യത്തില്‍ പരിശീലിപ്പിക്കുകയെന്നത് വിദ്യാഭ്യാസത്തിന്റെ ദൗത്യമാണ്. സ്വതന്ത്രമനസിന്റെ നിയന്ത്രണരാഹിത്യമോ അതിന്റെ പരമാധിപത്യമോ അല്ല സ്വാതന്ത്ര്യം. അത് വ്യക്തിയുടെ പരമാധിപത്യമല്ല. താന്‍ പരമാധികാരിയാണെന്ന് ഒരുവന്‍ വിശ്വസിക്കുമ്പോള്‍, ആരെയും ഒന്നിനെയും ആശ്രയിക്കാതിരിക്കുമ്പോള്‍, തോന്നുന്നതെല്ലാം ചെയ്യാന്‍ സാധിക്കുമ്പോള്‍ അയാള്‍ സ്വന്തം അസ്തിത്വത്തിന്റെ സത്യത്തെത്തന്നെ എതിര്‍ക്കുന്നു; സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുന്നു. നേരേമറിച്ച് മനുഷ്യന്‍ വിവേകമുള്ള ജീവിയാണ്. മറ്റുള്ളവരുമായുള്ള പ്രത്യേകിച്ച്, ദൈവവുമായുള്ള ബന്ധത്തിലാണ് അവന്‍ ജീവിക്കുന്നത്. ദൈവത്തെ കൂടാതെ യഥാര്‍ത്ഥസ്വാതന്ത്ര്യം ഒരിക്കലും നേടാനാവുകയില്ല. സ്വാതന്ത്ര്യം വിലപ്പെട്ട ഒരു മൂല്യമാണ്; പക്ഷേ, ക്ഷണഭംഗുരമാണ്. അതു തെറ്റിദ്ധരിക്കപ്പെടാം, ദുരുപയോഗിക്കപ്പെടാം. 'ഇന്ന് വിദ്യാഭ്യാസദൗത്യത്തിന് ഹീനമായ ഒരു തടസ്സമുണ്ട്. നമ്മുടെ സമൂഹത്തിലും സംസ്‌കാരത്തിലും ധാരാളമായിട്ടുള്ള ആപേക്ഷികതാവാദം ആണത്. ഒന്നിനെയും സുനിശ്ചിതമായി അത് അംഗീകരിക്കുന്നില്ല. ആഗ്രഹങ്ങളോടു കൂടിയ വ്യക്തിയെ മാത്രമാണ് പരമമായ മാനദണ്ഡമായി അത് അംഗീകരിക്കുന്നത്. അത് സ്വാതന്ത്ര്യത്തിന്റെ സാദൃശ്യത്തില്‍ ഓരോ വ്യക്തിക്കും തടവറയായിത്തീരുന്നു. കാരണം, അത് വ്യക്തികളെ പരസ്പരം വേര്‍തിരിക്കുന്നു. ഓരോ വ്യക്തിയെയും സ്വന്തം ആത്മവത്തയില്‍ പൂട്ടിയിടുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള ആപേക്ഷികതാപരമായ ചക്രവാളത്തില്‍ സത്യത്തിന്റെ പ്രകാശരശ്മിയില്ലാതിരുന്നാല്‍ യഥാര്‍ത്ഥ വിദ്യാഭ്യാസം സാധ്യമാകുകയില്ല. മനുഷ്യന്‍ എപ്പോഴെങ്കിലും തന്റെ ജീവിതത്തിന്റെ നന്മയെപ്പറ്റി സംശയിച്ചേക്കും. ജീവിതബന്ധങ്ങളെപ്പറ്റിയും പൊതുവായി എന്തെങ്കിലും നിര്‍മ്മിക്കാനുള്ള സമര്‍പ്പണത്തിന്റെ സാധുതയെയും സംശയിച്ചെന്നുവരും.


അതുകൊണ്ട് മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യം പ്രയോഗിക്കാന്‍ ആപേക്ഷികതാപരമായ ചക്രവാളത്തില്‍ നിന്നു മുന്നേറണം. തന്നെ സംബന്ധിച്ച സത്യത്തെയും നന്മ തിന്മകളെ സംബന്ധിച്ച സത്യത്തെയും അറിയുകയും വേണം. മനുഷ്യന്‍ തന്റെ മനസ്സാക്ഷിയുടെ അഗാധതയില്‍ ഒരു നിയമം കണ്ടെത്തുന്നു. അവന്‍ തന്നെ നിര്‍മ്മിച്ചു തന്നില്‍തന്നെ പ്രതിഷ്ഠിച്ച നിയമമല്ല അത്. എന്നാലും അത് അവന്‍ അനുസരിക്കേണ്ടിയിരിക്കുന്നു. അതിന്റെ സ്വരം സ്‌നേഹിക്കാനും നന്മചെയ്യാനും തിന്മ ഉപേക്ഷിക്കാനും അവനെ വിളിക്കുന്നു. അവന്‍ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാനും അത് ആഹ്വാനം ചെയ്യുന്നു. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ വിനിയോഗം, സ്വാഭാവിക ധാര്‍മ്മികനിയമത്തോട് അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. അത് പ്രകൃത്യാ സാര്‍വത്രികമാണ്. അത് ഓരോ വ്യക്തിയുടെയും മഹത്ത്വത്തെ പ്രകാശിപ്പിക്കുന്നു. മൗലിക മനുഷ്യാവകാശങ്ങളുടെയും കടമകളുടെയും അടിസ്ഥാനത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. തന്മൂലം, ആത്യന്തികാപഗ്രഥനത്തില്‍ അത് നീതിപൂര്‍വകവും സമാധാനപൂര്‍വകവുമായ സഹാസ്തിത്വത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തുന്നു.

അതുകൊണ്ട്, സ്വാതന്ത്ര്യത്തിന്റെ ശരിയായ ഉപയോഗം നീതിയും സമാധാനവും വളര്‍ത്താന്‍ അത്യാവശ്യമാണ്. തന്നെത്തന്നെയും അന്യരെയും ആദരിക്കാന്‍ അത് ആവശ്യപ്പെടുന്നു. അസ്തിത്വവും ജീവിതവും കൊണ്ട് തന്നില്‍ നിന്ന് ഏറെ വ്യത്യസ്തരായിട്ടുള്ളവരെയും ആദരിക്കാന്‍ അത് ആവശ്യപ്പെടുന്നു. ഈ മനോഭാവം സമാധാനത്തെയും നീതിയെയും വാക്കുകളില്‍ മാത്രം ഒതുക്കാത്ത ഘടകങ്ങളെ ജനിപ്പിക്കും.

നീതിയിലുള്ള പഠിപ്പിക്കല്‍
നല്ല ലക്ഷ്യങ്ങളെക്കുറിച്ച് പ്രഘോഷിക്കുന്നുണ്ടെങ്കിലും വ്യക്തിയുടെ മൂല്യത്തെയും മാനുഷികമഹത്ത്വത്തെയും മനുഷ്യാവകാശങ്ങളെയും ഗൗരവപൂര്‍വകമായ തോതില്‍ ഭീക്ഷണിപ്പെടുത്തുന്ന ലോകമാണ് നമ്മുടേത്. ഉപയോഗം, ലാഭം, ഭൗതികസമ്പാദ്യങ്ങള്‍ എന്നിവയുടെ മാനദണ്ഡങ്ങളെ മാത്രം ആശ്രയിക്കാനുള്ള വ്യാപകമായ പ്രവണതയാണ് ഭീഷണിപ്പെടുത്തുന്നത്. അതുകൊണ്ട് നീതിയെ അതിന്റെ സര്‍വാതിശായിത്വമുള്ള വേരുകളില്‍ നിന്നു വേര്‍തിരിക്കാതിരിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. നീതി യഥാര്‍ത്ഥത്തില്‍ ഒരു മാനുഷികസങ്കല്പമല്ല. നീതിപൂര്‍വകമായത് എന്താണെന്ന് മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ കൊണ്ടല്ല ആത്യന്തികമായി നിശ്ചയിക്കുന്നത്; പിന്നെയോ മനുഷ്യാസ്തിത്വത്തിന്റെ അഗാധമായ തനിമകൊണ്ടാണ്. നീതിയെന്ന ആശയത്തെ ചുരുക്കിക്കളയാതിരിക്കാന്‍ മനുഷ്യനെ സംബന്ധിച്ച സമഗ്രവീക്ഷണം നമ്മെ സഹായിക്കുന്നു. ദൃഢൈക്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹചര്യത്തില്‍ നീതിയെ പ്രതിഷ്ഠിക്കാനും സഹായിക്കുന്നു.

യുക്തിവാദപരവും വ്യക്തിപ്രാധാന്യവാദപരവുമായ സാമ്പത്തികതത്ത്വങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ചില ആധുനിക സാംസ്‌കാരികചിന്തകള്‍ നീതിയെ അതിന്റെ അതിസ്വാഭാവികവേരുകളില്‍ നിന്ന് വിച്ഛേദിച്ചിരിക്കുന്നുവെന്ന കാര്യം നമുക്ക് അവഗണിക്കാന്‍ സാധ്യമല്ല. നീതിയെ പരസ്‌നേഹത്തില്‍ നിന്നും ഐക്യദാര്‍ഢ്യത്തില്‍ നിന്നും വേര്‍തിരിച്ചിരിക്കുന്നു. അവകാശങ്ങളുടെയും കടമകളുടെയും ബന്ധങ്ങളില്‍ മാത്രമല്ല ഭൗമികനഗരം പടുത്തുയര്‍ത്തുന്നത്; ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും കൂട്ടായ്മയുടെയും ബന്ധങ്ങളിന്‍മേലാണ് കൂടുതല്‍ മൗലികമായി അതു പടുത്തുയര്‍ത്തുന്നത്.

സമാധാനത്തില്‍ പഠിപ്പിക്കല്‍
കേവലം യുദ്ധമില്ലായ്മയല്ല സമാധാനം. ശത്രുക്കള്‍ തമ്മിലുള്ള ശക്തി, തുല്യത നിലനിറുത്തുന്നതുമല്ല സമാധാനം. വ്യക്തികളുടെ നന്മയുടെ പരിരക്ഷ, മനുഷ്യര്‍ തമ്മിലുള്ള സ്വതന്ത്രമായ ആശയവിനിമയം, വ്യക്തികളുടെയും ജനതകളുടെയും മാഹാത്മ്യത്തോടുള്ള ബഹുമാനം, സാഹോദര്യത്തിന്റെ ഉത്സാഹപൂര്‍വകമായ അഭ്യാസം എന്നിവ കൂടാതെ ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കുകയില്ല'. ക്രിസ്തു ആണ് നമ്മുടെ യഥാര്‍ത്ഥ സമാധാനമെന്ന് ക്രിസ്ത്യാനികളായ നമ്മള്‍ വിശ്വസിക്കുന്നു. ക്രിസ്തുവില്‍, അവിടത്തെ കുരിശുവഴി, ദൈവം ലോകത്തെ തന്നോടുതന്നെ രമ്യതപ്പെടുത്തുകയും നമ്മെ പരസ്പരം വേര്‍തിരിക്കുന്ന വിഭജനഭിത്തികളെ തകര്‍ക്കുകയും ചെയ്തിരിക്കുന്നു (എഫേ 2:14-18). അവിടുന്നില്‍ ഒറ്റക്കുടുംബമേ ഉള്ളൂ, സ്‌നേഹത്തില്‍ അനുരഞ്ജിതമായ ഒറ്റക്കുടുംബം.
സ്വീകരിക്കാനുള്ള ഒരു ദാനം മാത്രമല്ല സമാധാനം. അത് ഏറ്റെടുക്കേണ്ട ഒരു ദൗത്യം കൂടിയാണ്. യഥാര്‍ത്ഥ സമാധാന സ്ഥാപകരാകാന്‍ വേണ്ടി നാം താഴെപ്പറയുന്ന കാര്യങ്ങളില്‍ സ്വയം പരിശീലിക്കണം: സഹതാപം, ഐക്യദാര്‍ഢ്യം, കൂട്ടായ അധ്വാനം, സാഹോദര്യം, സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കല്‍, ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രശ്‌നങ്ങളെക്കുറിച്ചും സമ്പത്തിന്റെ പുനര്‍വിതരണത്തിനു പര്യാപ്തമായ മാര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ബോധവത്കരണം, വളര്‍ച്ചയെ ത്വരിതപ്പെടുത്തല്‍, വികസനത്തിലുള്ള സഹകരണം, സംഘര്‍ഷത്തില്‍ പരിഹാരം കണ്ടെത്തല്‍. -യേശു ഗിരിപ്രഭാഷണത്തില്‍ പറയുന്നതുപോലെ, ''സമാധാനസ്ഥാപകര്‍ അനുഗൃഹീതരാണ്. കാരണം, അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും''. (മത്താ 5:9)

എല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കുകയെന്നത് എല്ലാവര്‍ക്കും നീതി ലഭിക്കുന്നതിന്റെ ഫലമാണ്. സമാധാനത്തെ വളര്‍ത്തുകയെന്ന മൗലികകടമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും സാധ്യമല്ല. ഓരോ വ്യക്തിയും തന്റെ കഴിവിന്റെയും ഉത്തരവാദിത്വത്തിന്റെയും മണ്ഡലങ്ങളില്‍ ആ കടമ നിര്‍വഹിക്കണം. ആദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്ന യുവജനത്തെ ഞാന്‍ പ്രത്യേകമായി ക്ഷണിക്കുന്നു, നീതിയും സമാധാനവും അന്വേഷിക്കുന്നതില്‍ ക്ഷമയും സ്ഥിരോത്സാഹമുള്ളവരായിരിക്കാനും ത്യാഗം സഹിക്കേണ്ടിവന്നാലും നീതിപൂര്‍വകവും സത്യസന്ധവുമായതിനുവേണ്ടിയുള്ള അഭിരുചി വളര്‍ത്താനും.

കണ്ണുകള്‍ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക
നീതിയുടെയും സമാധാനത്തിന്റെയും വഴിയിലൂടെ നടക്കുകയെന്ന വെല്ലുവിളിക്കു മുന്നില്‍ സങ്കീര്‍ത്തകന്റെ വാക്കുകളില്‍ ചോദിക്കാന്‍ നമുക്കു പ്രലോഭനമുണ്ടാകാം: ''ഞാന്‍ പര്‍വതങ്ങളിലേക്ക് എന്റെ കണ്ണുകള്‍ ഉയര്‍ത്തുന്നു. എവിടെനിന്നാണ് എനിക്ക് സഹായം കിട്ടുക?''(സങ്കീ 121:1). എല്ലാവരോടും, പ്രത്യേകിച്ച് യുവജനങ്ങളോട് ഇങ്ങനെ ഉറപ്പിച്ചുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ലോകത്തെ രക്ഷിക്കുന്നത് പ്രത്യയശാസ്ത്രങ്ങളല്ല. സജീവനായ ദൈവത്തിലേക്ക്, നമ്മുടെ സ്രഷ്ടാവിലേക്ക്, നമ്മുടെ സ്വാതന്ത്ര്യത്തിന് ഉറപ്പുതരുന്നവനിലേക്ക് യഥാര്‍ത്ഥത്തില്‍ നല്ലതും സത്യവുമായതിന്റെ ഉറപ്പു നല്കുന്നവനിലേക്ക് ഉള്ള തിരിച്ചുപോക്കു മാത്രമേ ലോകത്തെ രക്ഷിക്കുകയുള്ളൂ. ശരിയായതിന്റെ മാനദണ്ഡമായ, ശാശ്വതസ്‌നേഹമായ ദൈവത്തിലേക്കുള്ള വ്യവസ്ഥകളില്ലാത്ത തിരിച്ചുപോക്ക് തന്നെ.
സ്‌നേഹമല്ലാതെ മറ്റെന്താണ് നമ്മെ രക്ഷിക്കുന്നത്?'സ്‌നേഹം സത്യത്തില്‍ പ്രസാദിക്കുന്നു. സത്യം, നീതി, സമാധാനം എന്നിവയ്ക്കായി സ്വയം സമര്‍പ്പിക്കാന്‍ നമ്മെ കഴിവുള്ളവരാക്കുന്ന ശക്തിയാണത്. എന്തെന്നാല്‍ അത് എല്ലാം വഹിക്കുന്നു, എല്ലാ വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുകയും ചെയ്യുന്നു (1 കോറി 13:1-13).
പ്രിയപ്പെട്ട യുവജനങ്ങളേ, നിങ്ങള്‍ സമൂഹത്തിനുള്ള അമൂല്യദാനമാണ്. പ്രയാസങ്ങളുടെ മുമ്പില്‍ നിരുത്സാഹരാകരുത്. പ്രശ്‌നങ്ങളെ കീഴടക്കാന്‍ ഏറ്റവും എളുപ്പമുള്ളവയെന്നു കരുതുന്ന അബദ്ധപരിഹാരമാര്‍ഗങ്ങള്‍ക്ക് നിങ്ങള്‍ സ്വയം വിട്ടുകൊടുക്കരുത്. കഠിനാധ്വാനവും ത്യാഗവും നേരിടാനും വിശ്വസ്തത, സ്ഥിരത, വിനയം, ത്യാഗം എന്നിവ ആവശ്യപ്പെടുന്ന പാത തിരഞ്ഞെടുക്കാനും സ്വയം സമര്‍പ്പിക്കാന്‍ പേടിക്കരുത്. നിങ്ങളുടെ യൗവനത്തെ വിശ്വസിക്കുക. സന്തോഷം, സത്യം, സൗന്ദര്യം, യഥാര്‍ത്ഥസ്‌നേഹം എന്നിവയ്ക്കായുള്ള അതിന്റെ അഗാധമായ ആഗ്രഹങ്ങളെ വിശ്വസിക്കുക. ഏറെ സമ്പന്നവും ആവേശപൂര്‍ണവുമായ ജീവിതത്തിലെ ഈ കാലഘട്ടം പൂര്‍ണമായി ജീവിക്കുക.

മുതിര്‍ന്നവര്‍ക്കു നിങ്ങള്‍ മാതൃകയും പ്രചോദനവുമാണെന്നു തിരിച്ചറിയുക. അനീതിയും അഴിമതിയും കീഴടക്കാന്‍ ശ്രമിക്കുകയും കൂടുതല്‍ നല്ല ഭാവി സൃഷ്ടിക്കാന്‍ അധ്വാനിക്കുകയും ചെയ്യുമ്പോഴും നിങ്ങള്‍ കൂടുതലായി അപ്രകാരമായിരിക്കും. നിങ്ങളുടെ കഴിവുകളെക്കുറിച്ചു ബോധമുള്ളവരായിരിക്കുക. ഒരിക്കലും സ്വാര്‍ത്ഥതയുള്ളവരായിരിക്കരുത്. എല്ലാവര്‍ക്കും കൂടുതല്‍ പ്രകാശമുള്ള ഭാവിയുണ്ടാകാന്‍ അധ്വാനിക്കുവിന്‍. നിങ്ങള്‍ ഒരിക്കലും ഒറ്റപ്പെട്ടവരല്ല. സഭ നിങ്ങളെ വിശ്വസിക്കുന്നു; നിങ്ങളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും തന്റെ ഏറ്റവും വിലപ്പെട്ട സമ്മാനം നിങ്ങള്‍ക്കു തരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവത്തിലേക്കു നിങ്ങളുടെ കണ്ണുകള്‍ ഉയര്‍ത്താനുള്ള അവസരം - നീതിയും സമാധാനവുമായ യേശുക്രിസ്തുവിനെ കണ്ടുമുട്ടാനുള്ള അവസരം.

സമാധാനത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന ലോകത്തിലെ സകല സ്ത്രീപുരുഷന്മാരോടും: സമാധാനം നാം നേടിക്കഴിഞ്ഞ അനുഗ്രഹമല്ല. നമ്മള്‍ എല്ലാവരും നേടാന്‍ വേണ്ടി പരിശ്രമിക്കേണ്ട ലക്ഷ്യമാണ്. ഭാവിയിലേക്ക് കൂടുതല്‍ പ്രത്യാശയോടെ നമുക്കു നോക്കാം. നമ്മുടെ യാത്രയില്‍ പരസ്പരം പ്രോത്സാഹിപ്പിക്കാം. നമ്മുടെ ലോകത്തിന് കൂടുതല്‍ മാനുഷികവും സാഹോദര്യപരവുമായ മുഖം നല്കാന്‍ നമുക്കു ഒന്നിച്ചു പരിശ്രമിക്കാം. ഇപ്പോഴത്തെ തലമുറയോടും വരുംതലമുറകളോടും നമുക്ക് പൊതുവായ ഉത്തരവാദിത്വമുള്ളവരായിരിക്കാം. പ്രത്യേകിച്ച് സമാധാനത്തിന്റെ ജനവും സമാധാനസ്ഥാപകരുമായി അവരെ പരിശീലിപ്പിക്കാന്‍ ഉത്തരവാദിത്വം വഹിക്കാം.

ഈ വിചാരങ്ങളോടെ എല്ലാവര്‍ക്കും എന്റെ വിചിന്തനങ്ങളും അഭ്യര്‍ത്ഥനയും നല്കുന്നു. യുവജനങ്ങളെ നീതിയിലും സമാധാനത്തിലും പരിശീലിപ്പിക്കുകയെന്ന മഹാലക്ഷ്യത്തിനായി നമ്മുടെ ആധ്യാത്മികവും ധാര്‍മ്മികവും ഭൗതികവുമായ വിഭവങ്ങള്‍ ശേഖരിക്കാം.

Last modified on Friday, 20 January 2012 12:37
Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.