സ്ഥാനലബ്ധിയുടെ പേരില്‍ പ്രത്യേക ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റോമില്‍ വെച്ചായിരിക്കും കര്‍ദിനാള്‍ സ്ഥാനലബ്ധി. അതിനുശേഷം തിരിച്ചെത്തുമ്പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും വിശ്വാസികളും പങ്കെടുക്കും. പദവികളെല്ലാം ശുശ്രൂഷകളുടെ വൈവിധ്യങ്ങളാണ്. സമര്‍പ്പിത ജീവിതത്തിലെ ഓരോ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെയും സഭയ്ക്കും സമൂഹത്തിനുമായി നിര്‍വഹിക്കാനുള്ള ദൈവകൃപയാണ് ആവശ്യം.
''എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ടാകും...''
നിയുക്ത കര്‍ദിനാള്‍ പദവി പ്രഖ്യാപനം കഴിഞ്ഞ് നടന്നുപോകുമ്പോള്‍ മൗണ്ട് സെന്റ് തോമസിലെ ഡ്രൈവര്‍ ഫ്രാന്‍സിസ് നിയുക്ത കര്‍ദിനാളിന്റെ കൈ മുത്തിയപ്പോള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ശൈലി. സ്ഥാനമാനങ്ങള്‍ എന്തുതന്നെ തേടിവന്നാലും അത് എളിമയോടെ സ്വീകരിക്കും. അത് തന്റെ വ്യക്തിമഹത്വം കൊണ്ടല്ല, ദൈവകൃപയുടെ വഴി മാത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കും. കര്‍ദിനാളായാല്‍ വിശുദ്ധനാവില്ല. കര്‍ദിനാളിന് സ്വര്‍ഗത്തില്‍ സവിശേഷ സ്ഥാനമൊന്നുമില്ലെന്ന് തുറന്നുപറഞ്ഞ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമി അതേ പാതതന്നെ പിന്തുടരുന്നു. കര്‍ദിനാള്‍ സ്ഥാനലബ്ധിയറിഞ്ഞശേഷമുള്ള ആദ്യ അറിയിപ്പുതന്നെ അതു വ്യക്തമാക്കി. ''എന്നെ ദയവായി അത്യുന്നതന്‍ എന്ന് വിളിക്കരുതേ...'കര്‍ദിനാള്‍ പദവി പ്രഖ്യാപിക്കുമ്പോഴും തനിക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ലല്ലോ. പിന്നെന്തിന് പുതിയ അഭിമുഖം, ഫോട്ടോ, അനുമോദനം, സ്വീകരണം, ആഘോഷം... ഇതാണ് മാര്‍ ആലഞ്ചേരിയുടെ വീക്ഷണം. എന്നിട്ടും അല്മായ പ്രേഷിതരെയും അല്മായ ശുശ്രൂഷകളെയും ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിയുക്ത കര്‍ദിനാള്‍ ഏറെ തിരക്കുകള്‍ക്കിടയിലും സ ണ്‍ഡേ ശാലോമിന് പ്രത്യേക അഭിമുഖം അനുവദിച്ചു.
? കര്‍ദിനാള്‍ പദവിയും അങ്ങയെ തേടിയെത്തിയിരിക്കുന്നു
സന്തോഷം. ഇത് വ്യക്തിപരമായി എനിക്കു ലഭിച്ച നേട്ടമല്ല. സീറോ മലബാര്‍ സഭയ്ക്കുള്ള അംഗീകാരമാണ്. സഭാ ശുശ്രൂഷകന്‍ എന്ന നിലയില്‍ ഓരോ പദവിയും ഓരോ പുതിയ ഉത്തരവാദിത്വമാണ്. സീറോ മലബാര്‍ സഭയുടെ ലോകമെമ്പാടുമുള്ള സുവിശേഷ സാക്ഷ്യത്തിന് പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് ലഭിച്ച അംഗീകാരമാണിത്. വ്യക്തിസഭയായി രൂപാന്തരപ്പെട്ട സീറോ മലബാര്‍ സഭയുടെ രണ്ട് മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമാരെയും കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നു. ആഗോളസഭയോടൊത്തുചേര്‍ന്ന് ഇതര സഭാവിഭാഗങ്ങളുമായി സഹകരിച്ച് ക്രിസ്തുവിന്റെ സ്‌നേഹം ജാതിമതഭേദമന്യേ സമൂഹത്തിന് പകര്‍ന്നുകൊടുക്കാനുള്ള അവസരമാണിത്.
കര്‍ദിനാള്‍ പദവി മലയാളിയായ എനിക്ക് ലഭിക്കുമ്പോള്‍ അത് മലയാളികള്‍ക്കും കേരളത്തിലെ എല്ലാ ക്രൈസ്തവര്‍ക്കും വിവിധ റീത്തുകളിലായി വിശ്വാസജീവിതം നയിക്കുന്ന എല്ലാവര്‍ക്കും ഭാരതസഭയ്ക്കുമുള്ള മാര്‍പാപ്പയുടെ സവിശേഷ സ്‌നേഹത്തിന്റെയും അംഗീകാരത്തിന്റെയും അടയാളമായി വിശേഷിപ്പിക്കാം. എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയില്‍ ഇത് എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുള്ള അംഗീകാരം കൂടിയാണ്.
? ഓര്‍മയിലെത്തുന്ന പ്രധാന വ്യക്തികള്‍...
സീറോ മലബാര്‍ സഭയിലെ എല്ലാ അഭിവന്ദ്യ പിതാക്കന്മാരെയും ഞാന്‍ സ്മരിക്കുന്നു. എന്റെ മുന്‍ഗാമികളായ സീറോ മലബാര്‍ സഭയില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍, ഇപ്പോള്‍തന്നെ ഭാരതസഭയില്‍നിന്നുള്ള അഭിവന്ദ്യ കര്‍ദിനാള്‍മാര്‍, എന്നോടൊപ്പം പുതിയതായി കര്‍ദിനാള്‍ സംഘത്തിലേക്ക് നിയോഗിക്കപ്പെടുന്ന എല്ലാ പിതാക്കന്മാരെയും സ്‌നേഹത്തോടെ ഓര്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍, എന്നെ വിശ്വാസജീവിതത്തില്‍ വളര്‍ത്തിയ എല്ലാ പ്രിയപ്പെട്ടവരെയും വൈദികര്‍, സന്യാസിനികള്‍, അഭിവന്ദ്യ പിതാക്കന്മാര്‍, എന്നോടൊത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവരെയും ആദരവോടെയും ഏറെ സ്‌നേഹത്തോടെയും ഓര്‍ക്കുന്നു. സീറോ മലബാര്‍ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരോടു ചേര്‍ന്നുള്ള എന്റെ ശുശ്രൂഷ എല്ലാവര്‍ക്കും എപ്പോഴും അനുഗ്രഹമാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.
? പുതിയ ഉത്തരവാദിത്വത്തെക്കുറിച്ച്...
ഇന്ത്യയില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍, സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍, സീറോ മലങ്കര സഭയിലെ മേജര്‍ ആര്‍ച്ച്ബിഷപ് ക്ലിമീസ് മാര്‍ ബസേലിയോസ്, ഇന്ത്യയിലെ എല്ലാ മെത്രാന്മാരോടും ചേര്‍ന്നുള്ളതാണ് എന്റെ ശുശ്രൂഷകള്‍. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് എന്ന നിലയില്‍ സഭയുടെ സിനഡിനോടു ചേര്‍ന്നുള്ളതാണ് എല്ലാ പ്രവര്‍ത്തനങ്ങളും പദ്ധതികളും. വ്യക്തിസഭകളെ സംബന്ധിച്ചിടത്തോളം സിനഡിന് വലിയ പ്രാ മുഖ്യം ഉണ്ട്. പദവി എന്നത് ഒരു സുഖമായി കാണുന്നില്ല. അതിന്റെ ഉത്തരവാദിത്വത്തിനുതന്നെയാണ് പ്രാധാന്യം. ഈ തെരഞ്ഞെടുപ്പിന് ദൈവതിരുമുമ്പാകെ കൃതജ്ഞത അര്‍പ്പിക്കുന്നു. മാര്‍പാപ്പയോടു ചേര്‍ന്ന് സാര്‍വത്രിക സഭയിലും കൂടുതല്‍ കാര്യക്ഷമതയോടെയും പ്രാര്‍ത്ഥനയോടെയും പരിത്യാഗപ്രവര്‍ത്തനങ്ങളോടെയും കര്‍ത്തൃശുശ്രൂഷ ചെയ്യാനുള്ള അവസരമായി ഞാന്‍ കാണുന്നു.
? ആഘോഷങ്ങള്‍ എന്തെങ്കിലും
ഈ സ്ഥാനലബ്ധിയുടെ പേരില്‍ പ്രത്യേക ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റോ മില്‍ വെച്ചായിരിക്കും കര്‍ദിനാള്‍ സ്ഥാനലബ്ധി. അതിനുശേഷം തിരിച്ചെത്തുമ്പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും വിശ്വാസികളും പങ്കെടുക്കും. പദവികളെല്ലാം ശുശ്രൂഷകളുടെ വൈവിധ്യങ്ങളാണ്. സമര്‍പ്പിത ജീവിതത്തിലെ ഓരോ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെയും സഭയ്ക്കും സമൂഹത്തിനുമായി നിര്‍വഹിക്കാനുള്ള ദൈവകൃപയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
? മേജര്‍ ആര്‍ച്ച്ബിഷപ്പായപ്പോള്‍ മുമ്പുണ്ടായിരുന്ന രുദ്രാക്ഷമാലയ്ക്കും കാവി ളോഹയ്ക്കും മാറ്റം വന്നില്ല. അരപ്പട്ടപോലും ക്രീം കളറിലുള്ളത്. ഇനി എന്താണ് മാറ്റം സംഭവിക്കുക.
കാര്യമായ മാറ്റമൊന്നും സംഭവിക്കുകയില്ല. ക്രീം കളറിലുള്ള ളോഹയും രുദ്രാക്ഷമാലയും ഇനിയും തുടരും. മെത്രാന്മാര്‍ക്കുള്ള അരക്കെട്ട് ആരാധനാവേളയില്‍മാത്രമേ ധരിക്കുകയുള്ളു. കര്‍ദിനാളിന്റെ മോതിരം അണിയും, അരപ്പട്ടയും ഉണ്ടാകും. അതുമാത്രം. അല്ലാതെയുള്ള വേഷഭൂഷാദികള്‍ വേണ്ടെന്നാണ് എന്റെ അഭിപ്രായം. ആഡംബരപൂര്‍ണമായ വസ്ത്രധാരണം പാശ്ചാത്യരാജ്യങ്ങളുടെ രീതിയാണ്. പാശ്ചാത്യ സംസ്‌കാരങ്ങളുമായി ഇത്തരം വേഷം ചേര്‍ന്നുപോകുമെങ്കിലും നമുക്കത് യോജിച്ചതല്ല. ഓരോ രാജ്യത്തിനും അനുയോജ്യമായ വസ്ത്രരീതികളാണ് ഉപയോഗിക്കേണ്ടത്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന് അനുരൂപമാകണം വസ്ത്രധാരണം എന്നതാണ് എന്റെ കാഴ്ചപ്പാട്.
? സീറോ മലബാര്‍ സഭ പാത്രിയര്‍ക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടേണ്ടതല്ലേ
അത് നാം ചോദിച്ചു വാങ്ങേണ്ടതല്ല. അങ്ങനെയൊരാവശ്യം നാം ഇതുവരെ ഉന്നയിച്ചിട്ടില്ല. അത് സഭയുടെ സാക്ഷ്യം, വലുപ്പം, ശുശ്രൂഷ എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ പരിശുദ്ധ പിതാവ് അംഗീകരിച്ചു നല്‌കേണ്ടതാണ്. അത് യഥാകാലം സംഭവിക്കുകതന്നെ ചെയ്യും എന്നു നമുക്ക് പ്രത്യാശിക്കാം.
? സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷമായി ആചരിക്കുന്ന വേളയിലാണ് അങ്ങയുടെ കര്‍ദിനാള്‍ പദവി
പ്രേഷിതവര്‍ഷം സഭ ആചരിക്കുന്നതില്‍ ഏറെ സന്തോഷവും സംതൃപ്തിയുമുണ്ട്. നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സഭയില്‍ നടക്കുന്നുണ്ടല്ലോ. കഴിഞ്ഞകാലത്തെ സഭാ ശുശ്രൂഷകളെ വിലയിരുത്താനും വരും കാലഘട്ടങ്ങളിലേക്ക് ശക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും കഴിയുന്നു. സഭ സജീവമാകുന്നു. പ്രേഷിത തീക്ഷ്ണത സഭയില്‍ വര്‍ധിക്കുന്നു. വൈദികരും സന്യാസിനികളും മാത്രമല്ല, അല്മായ പ്രേഷിതരുടെ എണ്ണവും വര്‍ധിച്ചുവരുന്നു.
പ്രേഷിതവര്‍ഷാചരണം വഴി സീറോ മലബാര്‍ സഭയില്‍ ദൈവവിളി വര്‍ധിക്കുന്നു. ഭാരതസഭയിലും ആഗോള കത്തോലിക്കാ സഭയിലും ഉണര്‍വുണ്ടാക്കാന്‍ ഇതുവഴി കഴിയുന്നു. സന്യാസസഭകളില്‍ മിഷന്‍ തീക്ഷ്ണത ശക്തമാണ്. സി.എം.ഐ സഭയുടെ മിഷന്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞദിവസം ഞാന്‍ പങ്കെടുക്കുകയുണ്ടായി. ഈ കാലഘട്ടത്തില്‍ കര്‍ത്താവിന്റെ സുവിശേഷത്തിന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സാക്ഷ്യം വഹിക്കാന്‍ സഭാമക്കള്‍ ശ്രദ്ധിക്കുന്നു. വടക്കേല്‍ പിതാവിന്റെയും ജോസ് ചെറിയമ്പനാട്ടച്ചന്റെയും നേതൃത്വത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സഭയില്‍ നടക്കുന്നത്.
? സഭയുടെ അജപാലന പ്രവര്‍ത്തനമേഖല ഇന്ത്യമുഴുവന്‍ വ്യാപിപ്പിക്കാന്‍ ഇനിയും വൈകുമോ
സഭയുടെ ഈ ആവശ്യം പരിശുദ്ധ പിതാവിന്റെ സജീവ പരിഗണനയ്ക്കായി സിനഡ് സമര്‍പ്പിച്ചിരിക്കുന്നു. വൈകാതെ സഭയുടെ ന്യായമായ ഈ ആവശ്യത്തിന് അംഗീകാരം ലഭിക്കുമെന്നാണ് സിനഡിലെ പിതാക്കന്മാര്‍ പ്രതീക്ഷിക്കുന്നത്. സീറോ മലബാര്‍ സഭയിലെ സമര്‍പ്പിതരുടെയും അല്മായരുടെയും തീക്ഷ്ണതയും സജീവതയും പൗരസ്ത്യ തിരുസംഘവും ഇന്ത്യയിലെ മെത്രാന്മാരും വിവിധ റീത്തുകളും ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നു. ആദരവോടെയാണ് സഭയുടെ മാതൃകാപരമായ സാക്ഷ്യജീവിതത്തെ കാണുന്നത്.
? പുതിയ രൂപത പ്രതീക്ഷിക്കാമോ
ഉടനെ ഉണ്ടാകും. പക്ഷേ, കേരളത്തിന് പുറത്തായിരിക്കും അത.് (സ്ഥലം വ്യക്തമാക്കാതെ പിതാവ് പറഞ്ഞൊഴിഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ചെന്നൈ, ബാംഗ്ലൂര്‍ എന്നിവയെല്ലാം പരിഗണനയിലുണ്ട്. ന്യൂഡല്‍ഹി കേന്ദ്രമാക്കി വൈകാതെ രൂപത അനുവദിക്കാനുള്ള സാധ്യത വിലയിരുത്തപ്പെടുന്നു).
? ഭാരതത്തില്‍നിന്ന് വീണ്ടും ഒരു കര്‍ദിനാളിനെ തിരഞ്ഞെടുക്കുന്നു. ഭാരതസഭയ്ക്ക് ലഭിക്കുന്ന അംഗീകാരമല്ലേ ഇത്
മതസൗഹാര്‍ദത്തിന്റെ മണ്ണാണ് ഭാരതം. മതസൗഹാര്‍ദവും നമ്മുടെ സംസ്‌കാരവും ആദരിക്കപ്പെടുന്നതാണ്. ജീവിതംകൊണ്ട് ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കാനാണ് ഈ രാജ്യത്തെ മിഷനറിമാര്‍ ശ്രമിക്കുന്നത്.
പൊതു സമൂഹവും രാഷ്ട്രവും രാജ്യത്തെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ആദരവോടെയാണ് വീക്ഷിക്കുന്നത്. സമന്വയത്തിന്റെ സന്ദേശമാണ് നാം ലോകത്തിന് നല്കുന്നത്. ആഫ്രിക്കയും ഏഷ്യയും യൂറോപ്പും തമ്മിലുള്ള സാംസ്‌കാരിക വൈജാത്യങ്ങള്‍ പരിഗണിക്കണം. മതങ്ങളെക്കാള്‍ മനുഷ്യസമൂഹത്തിന്റെ ഒന്നുചേര്‍ന്നുള്ള പ്രവര്‍ത്തനമായിരിക്കണം ലക്ഷ്യം. എല്ലാ സംസ്‌കാരങ്ങളെയും മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുന്നതാണ് ക്രൈസ്തവികത.
? നവ സുവിശേഷവത്ക്കരണത്തിന്റെ കാലഘട്ടത്തില്‍ സഭാശുശ്രൂഷകളെ എങ്ങനെ വിലയിരുത്തുന്നു.
ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുക എന്നതാണ് സുവിശേഷദൗത്യം. വിവിധ മതങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് സഭ ഏറെ പ്രാധാന്യം നല്കുന്നുണ്ട്. ഭാരതത്തില്‍ സഹവര്‍ത്തിത്വത്തിന്റെതായ ഒരന്തരീക്ഷം വളര്‍ത്തിയെടുക്കണം. വിവിധ മതങ്ങള്‍, സഭകള്‍ എന്നിവയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വേദികളും സാഹചര്യങ്ങളും കണ്ടെത്തണം.
? ആഘോഷങ്ങള്‍ വിശുദ്ധമായിരിക്കണം എന്ന കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കുന്നതിന്റെ അടിസ്ഥാനം
സുവിശേഷ ദര്‍ശനമാണത്. യേശുവിനെയാണ് നാം എല്ലാ ആഘോഷങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. ജീവിതസാക്ഷ്യം വഴിയായും ശുശ്രൂഷകള്‍ വഴിയായും വേണം ഇത്. ആഘോഷങ്ങളില്‍ മദ്യപാനവും ധൂര്‍ത്തുമെല്ലാം വര്‍ധിച്ചുവരുന്നു. ഇത് ഒഴിവാക്കണം. വിവാഹാഘോഷങ്ങളില്‍ എന്തുമാത്രം വിഭവങ്ങളാണ് വിളമ്പുന്നത്. അതു മിക്കവാറും ഉപയോഗിക്കുന്നുമില്ല. ദരിദ്രരെ മറന്നുകൊണ്ട് അത്തരം പ്രവൃത്തികള്‍ ചെയ്യരുത്. ആഘോഷങ്ങള്‍ വിശുദ്ധമാകണം. ലളിതജീവിതം നയിക്കാന്‍ നാം ശ്രദ്ധിക്കണം. ആഡംബരജീവിതം നമ്മെ ദൈവത്തില്‍നിന്ന് അകറ്റും. അഹംഭാവം പ്രകടമാക്കുന്ന ജീവിതശൈലി ഉപേക്ഷിക്കണം. നമുക്കുചുറ്റും ദരിദ്രര്‍ ഏറെയുണ്ടെന്നും അവരുടെ ആവശ്യങ്ങളും വേദനകളും പരിഹരിക്കാനും ആശ്വസിപ്പിക്കാനും നാം സമയം കണ്ടെത്തണം. ആഘോഷങ്ങള്‍ ആധ്യാത്മികമായിരിക്കണം.
സ്‌നേഹമെന്ന പദമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് പറയുന്ന ഈ പിതാവിനെ നമുക്ക് ഉള്ളുതുറന്ന് സ്‌നേഹിക്കാം. നമ്മുടെ പ്രാര്‍ത്ഥന ആവശ്യപ്പെടുന്ന പിതാവിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.
Saturday, 14 January 2012 12:13
സ്‌നേഹം എന്ന പദത്തെ ഏറെ സ്‌നേഹിച്ചുകൊണ്ട്
Written by സാബു ജോസ്
Read 273 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.