മാനസികവികാസം പൂര്‍ണ്ണമായിട്ടില്ലാത്ത കുട്ടികള്‍ക്കായുള്ള ഒരു വേദപാഠക്ലാസ്. ഒരു നവപുരോഹിതനാണ് അധ്യാപകന്‍. ക്ലാസ് അവസാനിക്കാറായപ്പോള്‍ ഒരു സിസ്റ്റര്‍ അവിടേയ്ക്ക് വന്നു. അവര്‍ കുട്ടികളോട് ചോദിച്ചു.'' സുഖമായിരിക്കുന്നോ കുട്ടികളേ, നിങ്ങള്‍ക്ക് ഫോളിയെ ഇഷ്ടമായോ''
ഏഴു കുട്ടികളില്‍ ആറുപേരും ഒന്നുപോലെ ശബ്ദമുയര്‍ത്തി പറഞ്ഞു. '' ഇഷ്ടമായി..'' എന്നാല്‍ ഏഴാമന്‍ നിഷേധാര്‍ത്ഥത്തില്‍ ശിരസ് ചലിപ്പിച്ച് പറഞ്ഞു.''ഇല്ല..''
''എന്ത് നിനക്ക് ഫോളിയെ ഇഷ്ടമില്ലെന്നോ'' സിസ്റ്റര്‍ അത്ഭുതത്തോടെ ചോദിച്ചു.
അപ്പോള്‍ കുട്ടി പറഞ്ഞു,''ഐ ലവ് ഫോളി. കാരണം അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് എന്നോട് സംസാരിക്കുന്നു..'' ഇഷ്ടത്തിനും സ്‌നേഹത്തിനും തമ്മിലുള്ള ബന്ധത്തിന്റെ അന്തരം തിരിച്ചറിയുക മാത്രമായിരുന്നില്ല, ക്രിസ്തുജീവിതം കൊണ്ട് തന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നുകൂടി മനസ്സിലാക്കുകയായിരുന്നു ആ നിമിഷത്തില്‍ യുവവൈദികന്‍. തന്നെക്കുറിച്ചുള്ള മറ്റൊരാളുടെ പ്രസ്താവന സ്വജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ ഉപയുക്തമായിത്തീരുകയായിരുന്നു അദ്ദേഹത്തിന്.
''ക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കുക. അതിലും വലുതായിട്ടെന്തുണ്ട്? പക്ഷേ ആ കൊച്ചുകുട്ടി എന്നോട് അത് പറയുംവരെ ഞാന്‍ അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്റെ ജീവിതം കൊണ്ട് ദൈവം എന്താണ് എന്നില്‍ നിന്ന് ആവശ്യപ്പെടുന്നതെന്ന് ആ നിമിഷം മുതല്ക്കാണ് ഞാന്‍ തിരിച്ചറിഞ്ഞത്..'' ആ ദിവസത്തിന്റെ ഓര്‍മ്മയെക്കുറിച്ച് പിന്നീട് കര്‍ദ്ദിനാള്‍ ഫോളി പറഞ്ഞു. ഈ തിരിച്ചറിവിന്റെ വെളിച്ചമുള്ളതുകൊണ്ടാവാം എല്ലാക്കാലവും ഒരു പുരോഹിതന്റെ എല്ലാ യോഗ്യതകളോടും കൂടി കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും താന്‍ ആയിരിക്കുന്ന വൈദികാവസ്ഥയില്‍ സന്തോഷിക്കുവാനും അദ്ദേഹത്തിനായത്.
ജനനം, പൗരോഹിത്യം
1935 നവംബര്‍ 11 ന് ആയിരുന്നു ജോണ്‍ പാട്രിക്ക് ഫോളിയുടെ ജനനം. ഭക്തരായ മാതാപിതാക്കളുടെ ഏകമകനായിരുന്നു അദ്ദേഹം. ഷാരോണ്‍ ഹില്‍സിലെ ഹോളി സ്പിരിറ്റ് സ്‌കൂളില്‍ പഠിക്കുന്ന നാള്‍ മുതല്‍ വൈദികനാകണമെന്ന ആഗ്രഹം ഫോളിയുടെ മനസ്സിലുണ്ടായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഈശോസഭയില്‍ ചേരാനായിരുന്നു ആദ്യ മുന്‍ഗണന. അതനുസരിച്ച് ജസ്യൂട്ട് നൊവിഷ്യേറ്റില്‍ പ്രവേശിച്ചുവെങ്കിലും ഒരു സെമസ്റ്ററിന് ശേഷം സെന്റ് ജോസഫ് കോളജില്‍ ചേര്‍ന്നു. ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി, 1957 ല്‍ സെന്റ് ചാള്‍സ് ബോറോമിയോ സെമിനാരിയില്‍ അംഗമായി. ഈശോസഭാവിദ്യാലയങ്ങളില്‍ നിന്ന് കിട്ടിയ ചൈതന്യം ജീവിതകാലം മുഴുവന്‍ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഈശോസഭയുടെ മുദ്രാവാക്യമായ 'ദൈവത്തിന്റെ ഉപരിമഹത്വത്തിനായി' എന്നതായിരുന്നു ബിഷപ്പായപ്പോഴും ആര്‍ച്ച് ബിഷപ്പായപ്പോഴും ഫോളി സ്വീകരിച്ച ആദര്‍ശവാക്യം. 1962 മെയ് 19 ന് ഫോളി പൗരോഹിത്യം സ്വീകരിച്ചു. ''എന്റെ പൗരോഹിത്യജീവിതത്തില്‍ ഒരിക്കല്‍പോലും അസന്തുഷ്ടകരമായ ഒരു ദിവസം ഉണ്ടായിട്ടില്ല..'' ഫോളി പൗരോഹിത്യജീവിതത്തെക്കുറിച്ച് വ്യക്തമാക്കി.
മീഡിയയും ഫോളിയും
മാധ്യമങ്ങളോടുള്ള ഫോളിയുടെ സ്‌നേഹം നന്നേ ചെറുപ്പം മുതല്‍ക്കേ ആരംഭിക്കുന്നു. വിശ്വാസകേന്ദ്രീകൃതമായ നാടകങ്ങള്‍ കുട്ടിക്കാലം തൊട്ടേ ഫോളി രചിച്ചിരുന്നു. 'ദ കാത്തലിക്ക് സ്റ്റാന്‍ഡേര്‍ഡ് ആന്റ് ടൈംസ് മാഗസി'നിലാണ് ആദ്യമായി അദ്ദേഹത്തിന്റെ സൃഷ്ടി വെളിച്ചം കണ്ടത്. സെമിനാരി പ്രവേശനത്തിന് തൊട്ടുമുമ്പായിരുന്നു അത്. 1960 ല്‍ അതേ പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കാന്‍ ഫോളിക്ക് അവസരം ലഭിച്ചു. ഇക്കാലത്തുതന്നെ വത്തിക്കാന്‍ കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനങ്ങളിലെ മികവാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കാനും അതിന്റെ എഴുത്തുകുത്തുകള്‍ നടത്താനും ഫോളിക്ക് അവസരമൊരുക്കിയത്. പിന്നീട് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ അദ്ദേഹം മാസ്റ്റേഴ്‌സ് ഡിഗ്രി സമ്പാദിച്ചു. ഫിലാഡല്‍ഫിയ കാത്തലിക് അവറിന്റെ കോ പ്രൊഡ്യൂസറായി 1966 മുതല്‍ 1974 വരെ പ്രവര്‍ത്തിച്ചു. 1970 മുതല്‍ പതിനാലുവര്‍ഷക്കാലത്തോളം ദ കാത്തലിക് സ്റ്റാന്‍ഡാര്‍ഡ് ആന്റ് ടൈംസിന്റെ എഡിറ്ററായി. ഫിലാഡല്‍ഫിയ സഭയുടെ ചരിത്രത്തിലെ പല നിര്‍ണ്ണായകസംഭവങ്ങള്‍ക്കും സാക്ഷിയാകാനും ഫോളിക്ക് അവസരമുണ്ടായി. നാല്പത്തിയൊന്നാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്, വിശുദ്ധ ജോണ്‍ ന്യൂമാന്റെ വിശുദ്ധപദപ്രഖ്യാപനം, ജോണ്‍ പോള്‍ രണ്ടാമന്റെ 1978 ലെ ഫിലാഡല്‍ഫിയ സന്ദര്‍ശനം എന്നിവ അവയില്‍ ചിലതുമാത്രമായിരുന്നു. റോമില്‍ മാത്രം ഒതുങ്ങിനില്‌ക്കേണ്ടതല്ല ഫോളിയുടെ കഴിവുകള്‍ എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് 1984 ഏപ്രില്‍ 9 ന് അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായും പിന്നീട് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ തലവനായും നിയമിച്ചു. ഇരുപത്തിമൂന്ന് വര്‍ഷം പ്രസ്തുത പദവിയില്‍ അദ്ദേഹം തുടര്‍ന്നു. എപ്പിസ്‌ക്കോപ്പല്‍ ആരോഹണം 1984 മെയ് 8 ന് ആയിരുന്നു.
ക്രിസ്മസ് കുര്‍ബാനയുടെ കമന്റേറ്റര്‍ എന്നതിന് പുറമെ സഭാപരമായ പല പ്രമുഖസംഭവങ്ങളുടെയും കമന്ററിയും അദ്ദേഹം നടത്തിയിട്ടുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്റെ ശവസംസ്‌കാരശുശ്രൂഷകളും 1995 ലെ ലോകയുവജനദിനത്തിലെ വിശുദ്ധകുര്‍ബാനയും അക്കൂട്ടത്തില്‍ പെടുന്നു. 2009 ലായിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ കമന്ററി.
1995 മുതല്‍ മൂല്യാധിഷ്ഠിതവും ചിന്തോദ്ദീപകവുമായ ചലച്ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുകയുണ്ടായി. അവയുടെ എണ്ണം നാല്പത്തിയഞ്ചോളം വരും. എന്നാല്‍ ഇതിനെക്കാളെല്ലാം മഹത്തായ നേട്ടമായിരുന്നു വത്തിക്കാന്റെ പേരില്‍ ഇന്റര്‍നെറ്റ് ഡൊമെയിന്‍ നേടിയത്. .it (italy) എന്നതിന് പകരം വത്തിക്കാന്റെ പേരില്‍ തന്നെ .va എന്ന് നേടാനായത് സവിശേഷ ശ്രദ്ധ നേടിയിരുന്നു..va എന്ന ഡൊമെയിന്‍ വത്തിക്കാനില്‍ നിന്നും പരിശുദ്ധ സിംഹാസനത്തില്‍ നിന്നുമുള്ള ആധികാരികരേഖകളുടെ ഉറവിടമായിരുന്നു. വിശുദ്ധ നാട്ടിലെ ലത്തീന്‍ പാത്രിയാര്‍ക്കീസിനെ സഹായിക്കുന്നതിനായി 2007 ല്‍ അദ്ദേഹം നിയമിതനായി. നാലു വര്‍ഷം പ്രസ്തുത പദവിയില്‍ അദ്ദേഹം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു. വിശുദ്ധ നാട്ടില്‍ കത്തോലിക്കാസഭയുടെ ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. അതേ വര്‍ഷം തന്നെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫോളിക്ക് കര്‍ദ്ദിനാള്‍ പദവി നല്കി ആദരിച്ചു. രോഗബാധിതനായതിനെതുടര്‍ന്ന് ഫെബ്രുവരിയില്‍ ഔദ്യോഗികപദവിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഫിലാഡല്‍ഫിയായിലേക്ക് അദ്ദേഹം മടങ്ങിപ്പോയി. വൈദികമന്ദിരമായ ഡാര്‍ബിയിലെ സെന്റ് ജോസഫ് വില്ലയില്‍ വച്ചായിരുന്നു അന്ത്യം.
സാമൂഹ്യസഭാപരമായ ഇടപെടലുകള്‍
ആധുനികമാധ്യമങ്ങളെ ഇത്രയേറെ ഫലപ്രദമായി വിനിയോഗിച്ച ഒരു സഭാധികാരി ഫോളിയെപ്പോലെ മറ്റൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഇന്റര്‍നെറ്റിന്റെ ശക്തി തിരിച്ചറിയാനും അതിനെ സുവിശേഷവല്ക്കരണത്തിനുള്ള ശക്തമായ മാധ്യമമായി ഉപയോഗിക്കാനും ഫോളിക്ക് കഴിഞ്ഞു. ''ഇന്റര്‍നെറ്റ് അസാധാരണമായ സാധ്യതകളാണ് സുവിശേഷവല്ക്കരണത്തിനായി നമുക്ക് മുമ്പില്‍ തുറന്നിട്ടിരിക്കുന്നത്. അത് നാം വിനിയോഗിക്കണം..'' സാധ്യതകള്‍ക്കൊപ്പം തന്നെ ഇന്റര്‍നെറ്റ് വഴിയുള്ള അപകടങ്ങളെയും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പരസ്യങ്ങളിലും സൈറ്റുകളിലും പുലര്‍ത്തേണ്ട ധാര്‍മ്മികതയെക്കുറിച്ചും വ്യക്തമായ ദിശാബോധം അദ്ദേഹം നല്കിയിരുന്നു. അശ്ലീലസൈറ്റുകള്‍ക്കെതിരെ നിരന്തരം കലഹിക്കാനും അദ്ദേഹം മടിച്ചില്ല. ''എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കാനാണ് ക്രിസ്തുവിന്റെ ആഹ്വാനം. അതിന് മാധ്യമങ്ങളെക്കാള്‍ ശക്തമായ മറ്റൊരു മാര്‍ഗ്ഗവുമില്ല..''
ജറുസലെമിലെ സേവനകാലത്ത് മധ്യേഷയിലെ സമാധാനശ്രമങ്ങള്‍ക്ക് വേണ്ടി വാദിച്ച ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ക്രൈസ്തവതീര്‍ത്ഥാടനകേന്ദ്രങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയും ഫോളി നിലകൊണ്ടു. അപ്പസ്‌തോലികചൈതന്യം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലേക്കും സഭാസ്‌നേഹം പകര്‍ന്നുനല്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് കഴിഞ്ഞിരുന്നു. വിശ്വാസത്തിന്റെ മനുഷ്യനായിരുന്നു കര്‍ദ്ദിനാള്‍ ഫോളി. ജീവിതദൗത്യം ക്രിസ്തുവിനെ സ്‌നേഹിക്കുകയും അവിടുത്തെ ശുശ്രൂഷിക്കുകയുമാണെന്ന് ഫോളി വിശ്വസിച്ചിരുന്നു.
അനുസ്മരണങ്ങള്‍
മാധ്യമരംഗത്ത് സഭയോട് ആജീവനാന്തപ്രതിബദ്ധത പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു കര്‍ദ്ദിനാള്‍ ഫോളി എന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ സുവിശേഷപ്രഘോഷണം അനേകരെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം അനുസ്മരിച്ചു.
''വല്ലാത്തൊരു കാന്തികശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഹൃദ്യമായ പുഞ്ചിരി അദ്ദേഹം എപ്പോഴും കരുതിയിരുന്നു. ഞങ്ങള്‍ നിരന്തരമായി സംസാരിക്കുകയും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാ ക്രിസ്മസിനും അദ്ദേഹം റോമില്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ 26 ന് എന്റെ വീട്ടില്‍ ഡിന്നറിന് എത്തും. കൂടെ വൈദികസുഹൃത്തുക്കളുമുണ്ടാകും.. കര്‍ദ്ദിനാള്‍ ഫോളിയുടെ സുഹൃത്ത് ബോബ് സിംസ് തുടരുന്നു. ''സഭയെ പുതുക്കിപ്പണിയാനായിരുന്നു അദ്ദേഹത്തിന്റെ ഓരോ യാത്രകളും. ആഴ്ചയില്‍ ഏഴുദിവസവും ദിവസത്തില്‍ 24 മണിക്കൂറും അദ്ദേഹം വൈദികനായിരുന്നു.''
മോണ്‍. ഫ്രാന്‍സീസ് കാര്‍ബിനിയായിരുന്നു ഡിസംബര്‍ 10-ാം തീയതി കര്‍ദ്ദിനാള്‍ ഫോളിയുടെ അവസാന സന്ദര്‍ശകന്‍. സെന്റ് ചാള്‍സില്‍ സഹപാഠിയായിരുന്നു മോണ്‍സിഞ്ഞോര്‍. ''ഞങ്ങള്‍ ഒരുമിച്ച് നന്മനിറഞ്ഞ മറിയമേ ചൊല്ലി. ആശീര്‍വാദം നല്കിയാണ് ഞാന്‍ പിരിഞ്ഞത്. ദൈവവേലയോട് പൂര്‍ണ്ണാര്‍പ്പണം ചെയ്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. റോമിലായിരുന്നപ്പോള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് സ്റ്റാഫ് അംഗങ്ങളുമൊത്ത് കര്‍ത്താവിന്റെ മാലാഖ ചൊല്ലുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു.'
''അദ്ദേഹം ഒരിക്കലും സ്വയം പരിഗണിച്ചിരുന്നതേയില്ല. ലാളിത്യമായിരുന്നു മുഖമുദ്ര. മരണവുമായി നേര്‍ക്കുനേര്‍ കണ്ട നിമിഷങ്ങളില്‍പോലും അദ്ദേഹം പതറിയിരുന്നില്ല.'' മറ്റൊരു സെമിനാരിസുഹൃത്തായ മോണ്‍. ഫിലിപ്പ് ക്രിബന്റെ അനുസ്മരണം.
**********
പദവികളില്‍ ഒരിക്കലും അദ്ദേഹം അഭിരമിച്ചിരുന്നില്ല എന്നതിന് സുഹൃത്ത് മോണ്‍. ഫിലിപ്പ് ക്രിബന്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റതിന് ശേഷം ഫോളിക്കായി മോണ്‍സിഞ്ഞോറിന്റെ അമ്മ വീട്ടില്‍ ഒരു സദ്യയൊരുക്കി. അമ്മ ആര്‍ച്ച്ബിഷപ്പിനെ സംബോധന ചെയ്തത് യുവര്‍ എക്‌സലന്‍സി എന്നാണ്. ആ സംബോധനയില്‍ അസ്വസ്ഥനായ കര്‍ദിനാള്‍ അമ്മയോട് ചോദിച്ചു.
''അമ്മയുടെ മകന്റെ പേരെന്താണ്''
''ഫിലിപ്പ്..'' അമ്മ പറഞ്ഞു. ''എന്റെ പേര് ജോണ്‍ എന്നാണ്..''
സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷിക്കുകയും അതില്‍ സംതൃപ്തി അനുഭവിക്കുകയും ചെയ്ത കര്‍ദിനാള്‍ ഫോളി വിശ്വസിച്ചിരുന്നത് ഇഹലോകത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലം കിട്ടുന്നത് ഇഹലോകത്തിന് പുറത്ത് വച്ചായിരിക്കും എന്നാണ്.
അതെ, ഇഹലോകത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദൈവപിതാവില്‍ നിന്ന് പ്രതിഫലം കിട്ടാനായി കര്‍ദിനാള്‍ ഫോളി യാത്രയായി.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.