ക്രിസ്‌മസിനെക്കുറിച്ചുള്ള എന്റെ ബാല്യകാലസ്‌മരണകളില്‍ നക്ഷത്രങ്ങളും പുല്‍ക്കൂടും ആശംസാകാര്‍ഡുകളും ആര്‍ഭാടങ്ങളുമൊന്നുമില്ല.ഇന്നത്തെ ആഘോഷങ്ങളുമായി ഒരു താരതമ്യം പോലും അസാധ്യമാകും വിധം വ്യത്യസ്‌തങ്ങളായിരുന്നു അന്നത്തെ ക്രിസ്‌മസ് ആഘോഷങ്ങള്‍...
മാര്‍ പോള്‍ ചിറ്റിലപ്പിള്ളി വായനക്കാരോട് പഴയ ക്രിസ്‌മസ് അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നു.
കുട്ടിക്കാലം മുതലേ എന്നെ ഏറെ സന്തോഷിപ്പിച്ച ആഘോഷങ്ങളിലൊന്നാണ് ക്രിസ്‌മസ്. ആഗമനകാലമാകുന്നതോടെ അതുവരെ പിന്തുടര്‍ന്നുവന്നതില്‍ നിന്ന് വ്യത്യസ്‌തമായ ഒരു ജീവിത ശൈലിക്ക് തുടക്കമാകും. ഭക്ഷണക്രമത്തില്‍ മാത്രമല്ല ഈ വ്യത്യാസം. സ്‌കൂളുകളിലും വീട്ടിലുമെല്ലാം കുളിര്‍മ നിറഞ്ഞ ഒരു പ്രാര്‍ത്ഥനാന്തരീക്ഷം നിറയും. ഞങ്ങളുടെ കൂട്ടുകുടുംബത്തില്‍ അംഗങ്ങള്‍ ധാരാളമുണ്ടായിരുന്നുവെങ്കിലും വര്‍ത്തമാനത്തിലും കളിചിരിയിലുമൊക്കെ എല്ലാവരും വളരെ മിതത്വം പാലിച്ചിരുന്നു. പൊതുവില്‍, ഗൗരവമായി കാണേണ്ട വലിയ ഒരു കാര്യമായി ക്രിസ്‌മസിനുള്ള ഒരുക്കത്തെ കുട്ടികളും മനസിലാക്കിയിരുന്നു. കുട്ടികളുള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും നോമ്പാചരിച്ചിരുന്നു. മാംസവര്‍ജനം കര്‍ശനമായി പാലിച്ചിരുന്നു.
സുകൃതമഞ്‌ജരി
ക്രിസ്‌മസ് രാവില്‍ ഉണ്ണീശോയെ കാണുമ്പോള്‍ കൊടുക്കാന്‍ സമ്മാനം തയ്യാറാക്കുന്നതില്‍ കുട്ടികളെല്ലാവരും ഉത്സുകരായിരിക്കും. ഏറ്റവും നല്ല സമ്മാനം ഉണ്ണീശോയ്‌ക്കുവേണ്ടി ഒരുക്കാന്‍ കുട്ടികള്‍ തമ്മില്‍ അക്കാലത്ത് മത്സരമുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് അത് മനസിലാകുമോ എന്ന് അറിയില്ല. ഇന്ന് മത്സരങ്ങളെല്ലാം വ്യക്തിപരമായ ഇഷ്‌ടങ്ങളിലേക്കാണ.് മാതാപിതാക്കളും അധ്യാപകരുമെല്ലാം കുട്ടികളെ പഠിപ്പിക്കുന്നത് വളരണം, ഉയരണം, ഒന്നാമനാകണം ഇങ്ങനെ ചില സ്വാര്‍ത്ഥ ചിന്തകളിലേക്കാണല്ലോ. എന്നാല്‍ അന്ന് കുട്ടികള്‍ ഒരുക്കുന്ന ഉപഹാരത്തില്‍ 40 നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന പൊതുവായി ഉണ്ടായിരിക്കും. ദിവസം 40 വീതം 25 ദിവസം കൊണ്ട് 1000 ജപമണികള്‍ ഉതിരും. പിന്നെ ഓരോരുത്തരും ചൊല്ലുന്ന സുകൃതജപങ്ങള്‍-ദിവസേന 50, 100 എന്നിങ്ങെനയുണ്ടാകും. ദിവസവും ദേവാലയത്തില്‍ പോകും. വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിന് മുമ്പേ പള്ളിയിലെത്തും. അപ്പോഴും സുകൃതജപങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കും. ഇതിനു പുറമേയാണ് കൊച്ചുകൊച്ചു ത്യാഗ, സ്‌നേഹപ്രവൃത്തികള്‍.
കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്നുളള പതിവു കുടുംബപ്രാര്‍ത്ഥനയുടെ മാധുര്യം അതീവഹൃദ്യമാണ്. നോമ്പുദിവസങ്ങളില്‍ വിശേഷഭക്തിയോടെ കുടുംബപ്രാര്‍ത്ഥനാപുസ്‌തകത്തിലെ നമസ്‌കാരങ്ങള്‍ എല്ലാം ഏറ്റ് ചൊല്ലും. ഇവയെല്ലാം ചേര്‍ന്ന് ഒരുക്കിയ സുകൃതമഞ്‌ജരിയും (സ്‌പിരിച്വല്‍ ബൊക്കെ) യുമായിട്ടാണ് ക്രിസ്‌മസ് രാവിലെ പാതിരാ കുര്‍ബാനയ്‌ക്കണയുന്നത്. എന്തൊരുത്സാഹമായിരുന്നു കുട്ടികളായ ഞങ്ങള്‍ക്ക്! കൂട്ടുകാര്‍ പരസ്‌പരം തങ്ങളുടെ സുകൃതമഞ്‌ജരിയെക്കുറിച്ചാണ് പറയുന്നത്.
``എനിക്ക് 1000 നന്മനിറഞ്ഞ മറിയം,'' ``2500 സുകൃതജപങ്ങള്‍,'' ``25 വി.കുര്‍ബാന,'' ``100 ത്യാഗപ്രവൃത്തികള്‍,'' ``50 വിസീത്ത'' എന്നിങ്ങനെ ഓരോരുത്തരും താന്താങ്ങളുടെ സുകൃതമഞ്‌ജരിയെക്കുറിച്ച് വാചാലരാകും. എല്ലാം ചേര്‍ന്ന് കുഞ്ഞുമനസിലെ സ്വപ്‌നങ്ങളോടും നിയോഗങ്ങളോടും കൂടി ഉണ്ണീശോയ്‌ക്ക് സമര്‍പ്പിക്കുകയാണ് പതിവ്. എന്തൊരാനന്ദമായിരുന്നു ആ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നതെന്ന് വിവരിക്കാന്‍ പ്രയാസം. ആ നിമിഷങ്ങളില്‍ ഹൃദയത്തില്‍ നിറഞ്ഞു നിന്ന ഈശോയോടുള്ള സ്‌നേഹം പില്‍ക്കാല ജീവിതത്തിന്റെ ആധ്യാത്മികത കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.
ദീപാലംകൃത വീഥികള്‍
ക്രിസ്‌മസിനോടടുത്ത ദിവസങ്ങള്‍ മുതിര്‍ന്നവര്‍ക്ക് കുമ്പസാരത്തിലും മറ്റൊരുക്കങ്ങള്‍ക്കുമുള്ള ദിവസങ്ങളായിരുന്നു. ഞങ്ങളുടെ മറ്റം ഇടവക വലിയ ഇടവകയായിരുന്നതുകൊണ്ട് ഏതാണ്ട് ഒരാഴ്‌ചയെങ്കിലും എടുത്താണ് ഇടവകയില്‍ എല്ലാവരും കുമ്പസാരം നടത്തിയിരുന്നത്. വിശുദ്ധ കുര്‍ബാനയ്‌ക്ക് വളരെ ഭക്തിപൂര്‍വ്വം ഒരുങ്ങും. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന ദിവസം പള്ളിയിലേക്ക് പോകാനൊരുങ്ങുംമുമ്പ് തന്നെ വെള്ളം പോലും ഉപേക്ഷിക്കുമായിരുന്നു. ക്രിസ്‌മസ് തലേന്ന് ഒന്നും ആരും ശരിയായി ഉറങ്ങില്ല. കുട്ടികളെല്ലാം പിറ്റേന്ന് നടക്കുന്ന ക്രിസ്‌മസ് രാത്രിയിലെ തിരുക്കര്‍മ്മങ്ങെക്കുറിച്ചായിരിക്കും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്‌മസ് രാത്രിയില്‍ എല്ലാവരും ഒരുമിച്ചു പളളിയില്‍ പോകുന്നതുകൊണ്ട് നേരത്തെതന്നെ ഇതു സംബന്ധിച്ച് അമ്മയുടെ അറിയിപ്പുണ്ടാകും.
ഇന്നത്തേതുപോലെ ടോര്‍ച്ചുകളോ വഴി വിളക്കുകളോ ഒന്നും അക്കാലത്ത് ഉണ്ടായിരുന്നില്ലല്ലോ. രാത്രിയില്‍ ചൂട്ടുകറ്റ കത്തിച്ച് യാത്ര ചെയ്യുക എന്നതായിരുന്നു പതിവ്. രാത്രിയില്‍ പള്ളിയില്‍ പോകുന്നതിനുള്ള ചൂട്ടുകറ്റകള്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കും. ഞങ്ങളുടെ ഇടവകപള്ളിയിലേക്കുള്ള നാട്ടുവഴികളെല്ലാം പാതിരാവോടടുത്ത് ദീപാലംകൃതമാകും. എല്ലാ വഴികളിലും കത്തിച്ച ചൂട്ടുകളുമായി ആളുകള്‍ പളളിയിലേക്കു കൂട്ടം കൂട്ടമായി പോകുന്നത് മനസില്‍ മായാത്ത കാഴ്‌ചയായി നിറഞ്ഞ് നില്‍ക്കുന്നു. ബെത്‌ലഹേമിലെ പുല്‍ക്കൂട്ടിലേക്ക് വഴി കാട്ടിയായ നക്ഷത്രത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ആ കാഴ്‌ച ആദ്യ ക്രിസ്‌മസ് രാവിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. നനുത്ത മഞ്ഞ് ഇറ്റുവീഴുന്ന പാതിരാവില്‍ പക്ഷേ, ആര്‍ക്കും കുളിരുണ്ടാവില്ല. കാരണം, തിരുപ്പിറവിയുടെ സന്തോഷമായിരിക്കും എല്ലാ മുഖങ്ങളിലും.
നക്ഷത്രദീപങ്ങള്‍, പുല്‍ക്കൂടുകള്‍
പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ എല്ലാവരും സജീവമായി സംബന്ധിക്കും. വിശുദ്ധ ബലിയിലെ ചടങ്ങുകള്‍ അത്ഭുതത്തോടെയാണ് ഞങ്ങള്‍ വീക്ഷിച്ചിരുന്നത്. പള്ളിയില്‍ നിന്ന് തിരിച്ചുവന്നാല്‍ പിന്നെ നോമ്പു വീടലായി. വീട്ടില്‍ വിശേഷവിഭവങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ടാകും. കുടുംബാംഗങ്ങള്‍ ഒരുമിച്ച് വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നു.
എന്റെ ഓര്‍മ്മയില്‍ 1940-കളുടെ അവസാനത്തോടു കൂടിയാണ് പുല്‍ക്കൂടുകള്‍ ഞങ്ങളുടെ ഇടവകയിലൊക്കെ ഉണ്ടാക്കിത്തുടങ്ങിയത്. ഇടവകയിലെ യുവാക്കളും കുട്ടികളുമൊക്കെ ചേര്‍ന്ന് പള്ളിയില്‍ പുല്‍ക്കൂട് നിര്‍മ്മിക്കുകയാണ് പതിവ്. ക്രിസ്‌മസ് അവധിയില്‍ പിന്നെ മുതിര്‍ന്ന കുട്ടികളുടെയെല്ലാം ചിന്ത പുല്‍ക്കൂടിനെക്കുറിച്ചും ക്രിസ്‌മസിനേക്കുറിച്ചുമാണ്. ഇന്നത്തേതുപോലെ ഉണ്ണീശോയും മാതാവും യൗസേപ്പിതാവും ഒന്നും അന്ന് ക്രിസ്‌മസ് ചന്തയില്‍ വില്‍പ്പനയ്‌ക്കുണ്ടായിരുന്നില്ല. നക്ഷത്രവിളക്കുകളും വിപണിയില്‍ വാങ്ങാന്‍ കിട്ടില്ല. ക്രിസ്‌മസ് കാര്‍ഡുകളും മറ്റും പിന്നെയും വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രചാരത്തിലായത്.
ക്രിസ്‌മസ് അവധിക്കാലത്ത് ഞങ്ങള്‍ വീട്ടിലെ കുട്ടികള്‍ ചെയ്‌തിരുന്ന ഒരു കാര്യം മഠത്തിലായിരുന്ന മൂത്ത സഹോദരിക്ക് കത്തെഴുതുക എന്നതായിരുന്നു. ക്രിസ്‌മസിനുള്ള വീട്ടിലെ ഒരുക്കങ്ങളും മുമ്പ് സൂചിപ്പിച്ച സുകൃതമഞ്‌ജരിയേക്കുറിച്ചുമൊക്കെ വിശദമായി സഹോദരിക്ക് എഴുതുമായിരുന്നു. ആ കത്തിന് ലഭിക്കുന്ന മറുപടിയാണ് സത്യത്തില്‍ ഞങ്ങളെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നത് എന്ന് വേണമെങ്കില്‍ പറയാം.
ക്രിസ്‌മസ് ആഘോഷങ്ങളുടെ തുടര്‍ച്ചയെന്നോണം കടന്നുവന്ന പിണ്ടി പെരുന്നാള്‍-ദനഹ-അക്കാലത്ത് തൃശൂര്‍ അതിരൂപതിയില്‍ വലിയ ആഘോഷമായിരുന്നു. വാഴപ്പിണ്ടിയില്‍ കുത്തി നിര്‍ത്തി തെളിക്കുന്ന ചെറിയ പന്തങ്ങള്‍ തയ്യാറാക്കുന്നതിന് മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും കൂടുമായിരുന്നു. എല്ലാ വീടുകളിലും ദനഹാത്തിരുനാളിനോടനുബന്ധിച്ച് ഈ ആഘോഷം നടത്തുമായിരുന്നു.
ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കി 1953-ല്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോഴേക്കും ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് ഒരുപാട് മാറ്റം വന്നു. ക്രിസ്‌മസിനോടനുബന്ധിച്ച് നക്ഷത്രവിളക്കു നിര്‍മ്മിക്കുന്ന രീതി നിലവില്‍ വന്നതായിരുന്നു ഈ മാറ്റത്തിലൊന്ന്. സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മറ്റും ക്രിസ്‌മസ് കാര്‍ഡയക്കുന്ന പതിവും അക്കാലങ്ങളില്‍ ആരംഭിച്ചു. നക്ഷത്രവിളക്കുകള്‍ വീടുകളിലും മറ്റും യുവാക്കള്‍ ചേര്‍ന്ന്‌് ഉണ്ടാക്കിത്തുടങ്ങി. അതും രസകരമായ കാഴ്‌ചയായിരുന്നു. പടര്‍പ്പന്‍ വൃക്ഷങ്ങളുടെ തണല്‍പറ്റി യുവജനങ്ങളും കുട്ടികളും ഒന്നിച്ച് കൂടും. ഒരു കൂട്ടര്‍ നക്ഷത്രങ്ങളുടെ ചട്ടം ഈറ്റയുടെ ചെറിയ കമ്പുകള്‍ കൊണ്ട് വളച്ചുണ്ടാക്കും. ചിലര്‍ ആകൃതിയൊപ്പിച്ച് പേപ്പര്‍ വെട്ടിയെടുക്കും. മറ്റ് ചിലര്‍ പശ കൂട്ടിയുണ്ടാക്കും. വൈകുന്നേരത്തോടെ പലവര്‍ണത്തിലുള്ള നക്ഷത്രങ്ങള്‍ വിളക്കുവെയ്‌ക്കാന്‍ പാകത്തില്‍ തയ്യാറാകും.
വീടിന് മുന്നില്‍ നക്ഷത്ര വിളക്ക് തൂക്കുന്നത് വലിയ ഗമയോടെയാണ് കുട്ടികളെല്ലാവരും കാണുന്നത്. നക്ഷത്രങ്ങളുടെ നിറവും വലിപ്പവുമൊക്കെയാകും കുട്ടികളുടെ സംസാരവിഷയം. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് വിപണിയില്‍ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ക്രിസ്‌മസ് കാര്‍ഡുകള്‍ കിട്ടുന്നത് അന്ന് ആനന്ദകരമായ ഒരു കാര്യമായിരുന്നു. ഇന്ന് ക്രിസ്‌മസ് കാര്‍ഡിന് പകരം ഇ-മെയിലിലൂടെയും മറ്റും ആശംസാ കാര്‍ഡ് സെക്കന്റിനുള്ളില്‍ അയക്കുന്ന അത്യാധുനിക രീതിയാണല്ലോ. ക്ഷണനേരത്തില്‍ ആനന്ദവും തീരും. എന്നാല്‍ പണ്ട് കാലത്ത് ഒരു ക്രിസ്‌മസ് കാര്‍ഡ് തപാലിലൂടെ ലഭിച്ചുവെന്നറിഞ്ഞാല്‍ അതില്‍പ്പരം ഒരു ആനന്ദം വേറെയില്ല. ദിവസം മുഴുവന്‍ അതില്‍ തന്നെ നോക്കിയിരിക്കും. കുട്ടികളെ കാണിക്കും. കുട്ടികള്‍ പരസ്‌പരം പറയും. മാതാവും യൗസേപ്പിതാവും കാലിത്തൊഴുത്തില്‍ ഉണ്ണീശോയോടൊപ്പം ഉള്ള ചിത്രങ്ങളായിരുന്നു കാര്‍ഡുകളില്‍ ഉണ്ടായിരുന്നത്. കാലികളും ആട്ടിടയന്‍മാരും ജ്ഞാനികളും ആ ചിത്രത്തിലുണ്ടാകും. കാലിത്തൊഴുത്തും കാലികളും ആട്ടിടയന്‍മാരും ജ്ഞാനികളുമൊക്കെ ഇപ്പോള്‍ അപ്രത്യക്ഷരായി. പിന്നെ മാതാവും യൗസേപ്പിതാവും അപൂര്‍വ്വമായി. കുറച്ചു സമയം കൂടി കാര്‍ഡുകളില്‍ തുടര്‍ന്നെങ്കിലും ഇപ്പോള്‍ ഉണ്ണീശോയും ക്രിസ്‌മസ് കാര്‍ഡുകളില്‍ നിന്നും ഔട്ടായി. അതിലും കഷ്‌ടം ഉണ്ണീശോയുടെ സ്ഥാനം കൈയടക്കിയിരിക്കുന്നത് ഇപ്പോള്‍ സിനിമാനടീനടന്മാരുടെ ചിത്രങ്ങളാണെന്നുള്ളതാണ്. അമാന്യമായ ചിത്രങ്ങളാണ് പലതും ഇപ്പോള്‍ പരസ്‌പരം കൈമാറുന്നതെന്നുള്ളതാണ് വേദനാജനകം.
ക്രിസ്‌മസ് ആശംസാകാര്‍ഡുകള്‍ അയക്കുന്നതിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ പ്രവണത ക്രിസ്‌മസ് ആഘോഷത്തിന്റെ അടിസ്ഥാനദര്‍ശനങ്ങളില്‍ നിന്ന് വിശ്വാസികള്‍ അകന്നുപോയതിന്റെ സൂചനയാണ്.
മൈനര്‍ സെമിനാരിയിലായിരുന്നപ്പോള്‍ ക്രിസ്‌മസിന് വീട്ടില്‍ പോകാമായിരുന്നു. എന്നാല്‍ മേജര്‍ സെമിനാരിയില്‍ അവധിയുണ്ടായിരുന്നില്ല. കരോളിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നത് അവിടെ നിന്നാണ്. അന്ന് ഞങ്ങളുടെ സെമിനാരിയില്‍ വിവിധ ബാച്ചുകളില്‍പ്പെട്ടവര്‍ സെമിനാരിക്കുള്ളില്‍ കരോള്‍ നടത്തുമായിരുന്നു. വര്‍ഗീസ് മാളിയേക്കല്‍ എന്ന ആള്‍ രചിച്ച പാട്ടുകളായിരുന്നു അന്ന് പാടിയിരുന്നത്. അത് സിനിമാപ്പാട്ടുകളുടെ ഈണത്തിലുള്ളവയായിരുന്നു. പുല്‍ക്കൂട് നിര്‍മ്മാണവും കാര്‍ഡയക്കലുമൊക്കെ അപ്പോഴേക്കും ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.
സന്മനസുള്ളവര്‍ക്കാണ് ക്രിസ്‌മസിന്റെ സമാധാനം വാഗ്‌ദാനം ചെയ്യപ്പെട്ടത്. കുടിച്ചു കൂത്താടി മനസിന്റെ സമനില തെറ്റി കുടുംബത്തിലും സമൂഹത്തിലും അസമാധാനം സൃഷ്‌ടിക്കുന്നവര്‍ സമാധാനപ്രഭുവായ ക്രിസ്‌തുവിന്റെ പേരില്‍ അങ്ങനെ ചെയ്യുന്നത് എന്തൊരു വൈരുദ്ധ്യമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന അവസരങ്ങളിലൊന്നായി ക്രിസ്‌മസ് മാറിക്കഴിഞ്ഞു. പിറ്റേന്നത്തെ പത്രങ്ങളെടുത്ത് തുറന്നാല്‍ ക്രിസ്‌മസ് ദിനത്തില്‍ മദ്യമടിച്ച് വഴിയില്‍ വീണുപോയവരുടെയും ആക്‌സിഡന്റിന്റെയും ദുരന്തങ്ങളുടെയും വാര്‍ത്തകളുണ്ടാകും. ഒപ്പം ക്രിസ്‌മസ് നാളില്‍ മദ്യവില്‍പ്പന പൊടിപൊടിച്ച സ്ഥലങ്ങളക്കുറിച്ചും വിവരിക്കും. ക്രിസ്‌മസ് കാലത്ത് വിറ്റഴിക്കപ്പെടുന്ന മദ്യം മുഴുവന്‍ കുടിക്കുന്നത് ക്രിസ്‌ത്യാനികള്‍ മാത്രമല്ലെങ്കിലും ക്രിസ്‌ത്യാനികള്‍ പൊതുവെ കുടിയന്മാരാണെന്ന ധാരണ പരത്താന്‍ ഇത് കാരണമാകുന്നു.
റോമിലെ ക്രിസ്‌മസ്
വൈദിക പഠനം പൂര്‍ത്തിയാക്കിയത് റോമിലായിരുന്നു. അവിടുത്തെ ക്രിസ്‌മസ് ആഘോഷങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. ഡിസംബര്‍ ആദ്യം മുതലേ റോമാനഗരം മുഴുവന്‍ ക്രിസ്‌മസ് ഒരുക്കങ്ങള്‍ തുടങ്ങും. സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുകൊണ്ടുവരുന്ന വലിയ പൈന്‍മരങ്ങള്‍കൊണ്ട് ക്രിസ്‌മസ്‌ട്രീയുണ്ടാക്കുന്നതാണ് മനോഹരമായ കാഴ്‌ച. നക്ഷത്രങ്ങളും മറ്റു ദീപാലങ്കാരങ്ങളും കൊണ്ട് നഗരം അലംകൃതമാകും. ദനഹാക്കാലം വരെ ഇതു തുടരും.
ദേവാലയങ്ങളില്‍ പച്ചിലകളും പൂക്കളും കൊണ്ട് നിര്‍മ്മിക്കുന്ന ബൊക്കെ സമര്‍പ്പിക്കുന്നത് നോമ്പുകാലത്തെ ഒരു പ്രത്യേക ആചാരമായിരുന്നു. ആ പുഷ്‌പസമ്മാനത്തില്‍ ആഴ്‌ചയിലൊന്ന് എന്ന കണക്കിന് നാല് തിരികള്‍ കത്തിക്കും. വളരെ ആകര്‍ഷകമായ പുല്‍ക്കൂടുകള്‍ എല്ലാ പള്ളികളിലുമുണ്ടാകും. പുല്‍ക്കൂടുകള്‍ കാണാന്‍ റോമിലെ പള്ളികളില്‍ എല്ലാം ഞങ്ങള്‍ പോകുമായിരുന്നു. ഈ സന്ദര്‍ശനം റോമിലെ ക്രിസ്‌മസ് ആഘോഷത്തിന്റെ പ്രധാന പരിപാടികളിലൊന്നായിരുന്നു.
ആരാചേലിയിലെ പ്രസംഗം
ആരാചേലി ദേവാലയത്തിലെ കുട്ടികളുടെ പ്രസംഗപരമ്പരയാണ് റോമിലെ ക്രിസ്‌മസ് ആഘോഷങ്ങളില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്ന ഒരു ചടങ്ങ്. ആരാചേലി എന്നാല്‍ സ്വര്‍ഗകവാടം എന്നാണര്‍ത്ഥം. ക്രിസ്‌മസിനു ശേഷം ദനഹാത്തിരുനാള്‍ വരെ ഈ പ്രസംഗപരിപാടി തുടരും. ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളാണ് പ്രസംഗം പറയുന്നത്. ഇതിനായി കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം പ്രസംഗപീഠം പള്ളിയില്‍ തയ്യാറാക്കും. ഉണ്ണീശോയെക്കുറിച്ചായിരിക്കും കൊച്ചുകുട്ടികളുടെ പ്രസംഗം. പ്രസംഗത്തിന് കുട്ടികളെ തയ്യാറാക്കി മാതാപിതാക്കള്‍ അവരെ ദേവാലയത്തില്‍ കൊണ്ടുവന്ന് ഈശോയ്‌ക്ക് കാഴ്‌ചവയ്‌ക്കുന്നു. തുടര്‍ന്ന് പ്രസംഗം. ഈ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ ദേവാലയത്തില്‍ എല്ലാ ദിവസവും നിറയെ ആളുകളുണ്ടാകും. ഇങ്ങനെ ചെയ്യുക വഴി കുട്ടികള്‍ ഈശോയോട് സവിശേഷമായ സ്‌നേഹവും ഭക്തിയും ഉണ്ടാകുന്നതിനു പുറമേ ഈശോയുടെ സംരക്ഷണം തങ്ങള്‍ക്കുണ്ടെന്ന ബോധ്യവും ഉണ്ടാകുന്നു.
1961-ല്‍ വൈദികപട്ടമേറ്റശേഷമുള്ള എന്റെ ആദ്യത്തെ ക്രിസ്‌മസ് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. സ്‌പെയിനിലെ മോണ്‍സറാത്തിലുള്ള ബെനഡിക്‌ടന്‍ ആശ്രമത്തിലായിരുന്നു ക്രിസ്‌മസ് ആഘോഷം. സ്‌പെയിനിലേക്ക് എന്നെ അയച്ചത് ഒരു വൈദികനെ പുത്തന്‍കുര്‍ബാനയില്‍ സഹായിക്കാനായിരുന്നു.
മോണ്‍സറാത്തിലെ ക്രിസ്‌മസ്
മതമര്‍ദ്ദനത്തെ തുടര്‍ന്ന് അന്യം നിന്നുപോകാറായ ഒരു സന്യാസി സമൂഹത്തെ നിലനിര്‍ത്തുന്നതിനായി ആ സമൂഹത്തില്‍ അവശേഷിച്ച സന്യാസി താല്‌പര്യമെടുത്തു. ആ സഭയില്‍ ചേരുന്നതിന് സന്യാസികളെ ക്ഷണിക്കുകയും ചെയ്‌തു. അങ്ങനെ ആ സമൂഹാംഗമായി ചേരുന്നതിന് മുമ്പോട്ടു വന്ന ഒരു നവവൈദികന്റെ പുത്തന്‍കുര്‍ബാനക്കു സഹായിക്കാനാണ് എന്നെ മോണ്‍സറാത്തിലേക്ക് അയച്ചത്. അവിടെ ചെന്നപ്പോഴാണ് എന്റെ ജൂണിയറായി പഠിച്ച ജോസ് ഇരുമ്പനാണ് വൈദികാര്‍ത്ഥി എന്നറിയുന്നത്. അത് വലിയ സന്തോഷത്തിന്റെ അവസരമായിരുന്നു. സുറിയാനി അറിയാമായിരുന്ന ഒരാളെന്ന നിലയിലാണ് ജോസ് ഇരുമ്പനെ സഹായിക്കാന്‍ എന്നെ അയച്ചത്.
വൈദികനായ ശേഷം ഉപരിപഠനത്തിന് എന്നോടൊപ്പമുണ്ടായിരുന്ന ഫാ. റെയ്‌മണ്ട് പണിക്കരുടെ കുടുംബം സ്‌പെയിനിലെ ബാഴ്‌സലോണയിലായിരുന്നു. ഞാന്‍ സ്‌പെയിനിലേക്ക് പോകുന്നുവെന്നറിഞ്ഞ ഫാ.റെയ്‌മണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അമ്മയെ കാണണമെന്ന് നിര്‍ദ്ദേശിക്കുകയും അമ്മയുടെ ഫോണ്‍ നമ്പര്‍ എനിക്കു തരുകയും ചെയ്‌തു. ഫാ. റെയ്‌മണ്ടിന്റെ പിതാവ് കേരളീയനായിരുന്നു. അമ്മ സ്‌പെയിന്‍കാരിയും. ഫാ. ജോസ് ഇരിമ്പന്റെ പുത്തന്‍ കുര്‍ബാനയ്‌ക്കുശേഷം ഞാന്‍ ഫാ. റെയ്‌മണ്ട് പണിക്കരുടെ ബാഴ്‌സലോണയിലെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ അമ്മയെ കണ്ടു.
ക്രിസ്‌മസ് ദിനത്തില്‍ ബാഴ്‌സലോണയില്‍ എത്തുന്നവര്‍ മോണ്‍സറാത്ത് സന്ദര്‍ശിക്കാതെ പോകുന്നത് വലിയ നഷ്‌ടമായിരിക്കുമെന്ന് അവര്‍ എന്നോട് പറഞ്ഞു. അതനുസരിച്ചാണ് ഞാന്‍ അവിടെ പോകാന്‍ തീരുമാനിച്ചത്. ഞാന്‍ താമസിച്ചിരുന്ന ആശ്രമത്തില്‍ നിന്ന് മോണ്‍സറാത്തിലേക്ക് ട്രെയിനില്‍ പോകാന്‍ രാത്രി തന്നെ പുറപ്പെട്ടു. പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ ശക്തമായ മഞ്ഞുവീഴ്‌ചയായിരുന്നു.
ആകാശത്തുനിന്നും വെണ്‍പൂക്കള്‍ വാരിവിതറുന്നപോലെയുള്ള ആ അനുഭവം എനിക്ക് ആദ്യമായിരുന്നു. ട്രെയിനില്‍ മോ ണ്‍സറാത്തിലെത്തിയ ശേഷം മലമുകളിലുള്ള ബെനഡിക്‌ടന്‍ ആശ്രമത്തിലേക്ക് ആകാശത്തോണി ഫ്യൂണിക്കുലര്‍ ട്രെയിനിലായിരുന്നു യാത്ര. ഒരു ട്രെയിനില്‍ 25 പേര്‍ക്ക് നില്‍ക്കാം. ഒന്നാമത്തെ യാത്ര മലമുകളിലെ ആദ്യസ്റ്റേഷനില്‍ അവസാനിക്കും. അവിടെനിന്നും മറ്റൊന്നിലേക്ക് മാറിക്കയറണം. മലമുകളിലെ ദേവാലയത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. ആഘോഷമായ വി.കുര്‍ബാന ആരംഭിച്ചു. വി.കുര്‍ബാനയില്‍ പാട്ട് പാടിയിരുന്ന ഗായക സംഘത്തില്‍ അന്‍പതോളം ഗായകരുണ്ടായിരുന്നു. എല്ലാ പ്രായക്കാരുമുള്‍പ്പെട്ടതായിരുന്നു ഗായകസംഘം. റോമിലെ ക്വയര്‍ പോലെ തന്നെ പ്രസിദ്ധമായിരുന്നു മോണ്‍സറാത്തിലെ ക്വയറും. അവര്‍ ആലപിച്ച ഗ്രിഗോറിയന്‍ സംഗീതത്തിന്റെ മാധുരി വര്‍ണ്ണനാതീതമാണ്.
വി.കുര്‍ബാന കഴിഞ്ഞിറങ്ങിയപ്പോള്‍ പുറത്ത് കാര്യങ്ങള്‍ ഏറെ മാറിയിരുന്നു. മഞ്ഞുവീഴ്‌ച അതിശക്തമായി. അന്നുതന്നെ തിരികെ പോരേണ്ടിയിരുന്ന എനിക്ക് യാത്ര മാറ്റിവെയ്‌ക്കേണ്ടി വന്നു. റോഡിലും ട്രെയിന്‍ പാളത്തിലുമൊക്കെ നാലഞ്ച് അടി ഘനത്തിലാണ് മഞ്ഞുവീണുകിടന്നത്. അതുകൊണ്ട് ട്രെയിനുകളൊന്നും ഓടുന്നുണ്ടായിരുന്നില്ല. മൂന്നുദിവസം കഴിഞ്ഞാണ് ഞാന്‍ റോമിലേക്ക് തിരികെ മടങ്ങിയത്.
1966-ല്‍ ഉപരിപഠനമൊക്കെ പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തി. ആളൂര്‍, വെള്ളാച്ചി ഇടവകകളില്‍ അസി. വികാരിയായി ചുമതലയേറ്റു. ആദ്യവെള്ളിയാഴ്‌ചയ്‌ക്ക് നാലുദിവസം മുമ്പു തന്നെ കുമ്പസാരം ആരംഭിക്കുമായിരുന്നു. ക്രിസ്‌മസ് കാലത്ത് ഏറെക്കുറെ മുഴുവന്‍ സമയവും തന്നെ ഞാന്‍ കുമ്പസാരക്കൂട്ടിലായിരുന്നു. ക്രിസ്‌മസിന്റെ ചൈതന്യത്തിന് അനുസരിച്ചുള്ള ആഘോഷങ്ങളായിരുന്നു അന്നുണ്ടായിരുന്നത്.
മുംബൈയിലെ ക്രിസ്‌മസ്
പിന്നീട് എന്റെ ശുശ്രൂഷാമേഖല മുംബൈയായിരുന്നു. മുംബൈയിലെ പ്രവര്‍ത്തനങ്ങളുടെ ആദ്യകാലത്ത് ഞങ്ങള്‍ നാലു വൈദികരാണുണ്ടായിരുന്നത്. മഹാരാഷ്‌ട്രയിലെ വിശാലമായ 15 ജില്ലകളിലായി ചിതറിപാര്‍ത്തിരുന്ന നമ്മുടെ വിശ്വാസസമൂഹത്തെ സംഘടിപ്പിച്ച് അവരുടെ അജപാലന ശുശ്രൂഷകള്‍ ക്രമീകരിക്കാന്‍ അഞ്ചാറുവര്‍ഷങ്ങളെടുത്തു. പിന്നീട് ഓരോ ക്രിസ്‌തീയ കേന്ദ്രങ്ങളിലും ക്രിസ്‌മസ് ആഘോഷമൊക്കെ ക്രമമായി ആരംഭിക്കുകയായിരുന്നു. കല്യാണ്‍ രൂപതയുടെ മെത്രാനെന്ന നിലയില്‍ ആഘോഷങ്ങള്‍ ക്രമീകരിക്കാന്‍ കഴിയുന്നതൊക്കെ ചെയ്യാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മുംബൈ നഗരത്തില്‍ കണ്ടിരുന്ന കൗതുകകരമായ ഒരു കാഴ്‌ച ഓര്‍മ്മ വരുന്നു. അക്രൈസ്‌തവരായ ആളുകള്‍ ചെറിയ പുല്‍ക്കൂടുകള്‍ പാതയോരത്ത് നിര്‍മ്മിച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ക്രിസ്‌മസിന്റെ സന്ദേശം അറിയിക്കുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം. അതിന്റെ പേരില്‍ പണം ഉണ്ടാക്കാനായിരുന്നു അവര്‍ ഇങ്ങനെ ചെയ്‌തിരുന്നത്. ലക്ഷ്യം ഇതായിരുന്നെങ്കിലും ക്രിസ്‌തുവിന്റെ ജനനത്തിന്റെ സ്‌മരണ ഉണര്‍ത്താന്‍ അവരുടെ ആ പ്രവൃത്തി സഹായിച്ചിരുന്നു.
പുതിയ ക്രിസ്‌മസ്
ഇന്നിപ്പോള്‍ ആഗമനകാലത്തിനുമുമ്പു തന്നെ ക്രിസ്‌മസിന്റെ വരവറിയുന്നതും അറിയിക്കുന്നതും കച്ചവടലോകമാണ്. എന്തിനെയും വാണിജ്യവത്‌കരിക്കുന്ന ആധുനിക ലോകത്തിന്റെ പ്രവണത ക്രിസ്‌മസിനെ സംബന്ധിച്ചും ശരിയായിരിക്കുന്നു. ഇതൊന്നും ഇനി മാറ്റാന്‍ കഴിയില്ല. എന്നാല്‍ മാറ്റാവുന്ന ഒന്നുണ്ട് നമ്മുടെ മനോഭാവം. ഒര്‍ത്ഥത്തില്‍ കച്ചവടക്കണ്ണോടെയെങ്കിലും ലോകം മുഴുവന്‍ ക്രിസ്‌മസിനു വേണ്ടി ഒരുങ്ങുന്നു എന്നതിനെ ഭാവാത്മകമായി കാണുകയാണ് നല്ലത്. ഒപ്പം തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നതുപോലെ എല്ലാം നവീകരിക്കുവാനുള്ള വേളയായി ക്രിസ്‌മസിനെ കാണണം. ആധ്യാത്മിക നവീകരണമായിരിക്കണം വിശ്വാസിയുടെ ആഘോഷത്തിന്റെ മുഖ്യലക്ഷ്യം. വലിയ ആഘോഷങ്ങളില്‍ മതി മറക്കുമ്പോള്‍ വിശുദ്ധിയുടെയും പരസ്‌നേഹത്തിന്റെയും പങ്കുവയ്‌ക്കലിന്റെയും സന്ദേശവുമായി വന്ന ദൈവപുത്രനായ ഈശോയെ നമുക്ക് നഷ്‌ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താം. ലാളിത്യത്തിന്റെ ലാവണ്യവും വിശുദ്ധിയുടെ വര്‍ണ്ണവസന്തവും പൂത്തുലഞ്ഞ കാലിത്തൊഴുത്തിലേക്കാണ് ആദ്യ ക്രിസ്‌മസിന്റെ മഹാസന്തോഷത്തിന്റെ സ്വര്‍ഗീയ നക്ഷത്രം വഴികാട്ടിയത്. എല്ലാവര്‍ക്കും എന്റെ ക്രിസ്‌മസ് ആശംസകള്‍.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.