നമുക്കു പ്രത്യാശ പകരുന്ന ഒന്നുണ്ട്- നീതിപീഠം. കുറ്റപത്രം തയാറാക്കുന്ന പോലിസിന്റെ ഭാഗത്തും എന്തെങ്കിലും ക്രമക്കേടു നടന്നിട്ടുണ്ടോ എന്നുകൂടി അവിടെ പരിശോധിക്കപ്പെടും. സംഗതികളുടെ ന്യായാന്യായങ്ങള്‍ എല്ലാം പഠിച്ച് സത്യവും നീതിയും പുനഃസ്ഥാപിച്ചുകൊണ്ടുള്ളതായിരിക്കും ന്യായാധിപന്മാരുടെ
അവസാന വിധിതീര്‍പ്പ്. അവരില്‍ കളങ്കം ആരോപിക്കപ്പെട്ടാലോ? ഇവിടെയാണ് വേലി തന്നെ വിളവു തിന്നുന്ന വേദി.
പഴമക്കാര്‍ പറഞ്ഞ് നാം സാധാരണ കേള്‍ക്കാറുള്ള ഒരു പഴഞ്ചൊല്ലാണ് ``വേലിതന്നെ വിളവു തിന്നുക.'' ഒരു കൃഷിക്കാരന്റെ ഹൃദയവേദനയാണ് അവിടെ അനാവരണം ചെയ്യപ്പെടുന്നത്.
കാട്ടുമൃഗങ്ങള്‍, നാട്ടുമൃഗങ്ങള്‍ ഒക്കെ തന്റെ കൃഷി നശിപ്പിക്കുന്നു. എന്താണു പോംവഴി? ഇക്കാലത്ത് ഒത്തിരിയൊത്തിരി പ്രതിവിധികള്‍ ഉണ്ടെങ്കിലും പഴമൊഴി രൂപംകൊണ്ട കാലത്ത് വേലികെട്ടുക എന്നതില്‍ കവിഞ്ഞ് വേറെ നീക്കുപോക്കുകളില്ല. വെട്ടി ശേഖരിച്ച മുള്ളിന്‍ കമ്പുകള്‍, നാട്ടിനിറുത്തിയ പത്തലുകളില്‍ ചേര്‍ത്തുവച്ച് കോര്‍ത്തിണക്കി മുറുക്കിയാണ് അതു സാധിക്കുന്നത്. ആ വേലിതന്നെ വിളവു തിന്നുന്നു എന്നു സങ്കല്‌പിക്കുക. തികച്ചും അസംഭവ്യമായ ഒരു ഭാവന! എങ്കിലും, അതു സംഭവിച്ചാല്‍ പാവം കര്‍ഷകന്റെ അവസ്ഥ എത്ര ദയനീയമായിരിക്കും! അവന്‍ പിന്നെ എവിടെപ്പോകും! എന്തു ചെയ്യും? തന്റെ സങ്കടം ആരോടു പറയും?
ഏതാണ്ട് ഇതുപോലെയുള്ള ചില വാര്‍ത്തകളാണ് ഈ അടുത്ത കാലങ്ങളില്‍ കേള്‍ക്കുവാനിടയാകുന്നത്: മജിസ്‌ട്രേറ്റും ജഡ്‌ജിമാരും ടിക്കറ്റില്ലാതെ കള്ളവണ്ടി കയറി യാത്ര ചെയ്യുന്നു; അഴിമതിക്കു കൂട്ടുനില്‍ക്കുന്നു, പരീക്ഷയ്‌ക്കു കോപ്പിയടിക്കുന്നു....
ബസിലും ട്രെയിനിലും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തെറ്റാണ്. അത്തരക്കാര്‍ക്ക് നീതിപീഠങ്ങള്‍ ശിക്ഷ കല്‌പിക്കും. ഇനി അവിടെ ഇരിക്കുന്നവര്‍തന്നെ അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്‌താലോ? ഇതാ, ടിക്കറ്റില്ലാതെ മൂന്നു പ്രാവശ്യം ട്രെയിനില്‍ യാത്ര ചെയ്‌തതിന്റെ പേരില്‍ ഒരു വനിതാ മജിസ്‌ട്രേറ്റിനെ സുപ്രീംകോടതി ശിക്ഷിച്ചിരിക്കുന്നു (ദീപിക 17.1.11).
സത്യസന്ധതയുടെ ഒരംശമെങ്കിലുമുള്ളവര്‍ പരീക്ഷയ്‌ക്കു കോപ്പിയടിക്കുകയില്ല. ഇനി ഇതൊക്കെ ന്യായാധിപന്മാരുടെ ഭാഗത്തുനിന്നാണെങ്കില്‍ നാം അതിനെ എങ്ങനെ വിശേഷിപ്പിക്കും? ആന്ധ്രയിലെ അജിത സിംഹറാവു, വീരേന്ദര്‍ റെഡ്ഡി, എം. കിസ്‌തപ്പാ, ശ്രീനിവാസാചാര്യ, ഹനുമന്തറാവു എന്നീ അഞ്ചു ജഡ്‌ജിമാര്‍ക്കെതിരെ കേസ് - പരീക്ഷയ്‌ക്കു കോപ്പിയടിച്ചു എന്നതിന്റെ പേരില്‍! (മാതൃഭൂമി പേജ് 1; മനോരമ പേജ് 13- 27-8-2010). എന്തിന് അകലെപ്പോകുന്നു? ദൈവത്തിന്റെ സ്വന്തം നാട്ടിലും അതു നടമാടുന്നു. ഈ സഹസ്രാബ്‌ദത്തിന്റെ തുടക്കത്തില്‍ത്തന്നെ ഒട്ടേറെ കോളിളക്കം സൃഷ്‌ടിച്ച ഒരു വിഷയമല്ലേ കോഴിക്കോട്ടേ ഐസ്‌ക്രീം പാര്‍ലര്‍ കേസ്! അവിടെ ജസ്റ്റിസ് നാരായണക്കുറുപ്പും ജസ്റ്റിസ് കെ. തങ്കപ്പനും കോഴ വാങ്ങി പ്രതിയായ വ്യവസായമന്ത്രിക്ക് അനുകൂലമായ വിധി പ്രസ്‌താവിച്ചു എന്നാണ് ആരോപണം ഉയര്‍ന്നുവന്നത്.
ഇതിലൊക്കെ കനംകൂടിയതാണ് മുന്‍ ചീഫ് ജസ്റ്റിസായിരുന്ന കെ. ജെ. ബാലകൃഷ്‌ണനെതിരെ ഉണ്ടായ ആക്ഷേപം. കേന്ദ്രമന്ത്രി ഏ. ആര്‍. രാജ, ചെന്നൈ ഹൈക്കോടതി ജസ്റ്റിസ് രഘുപതിയെ സ്വാധീനിക്കുവാന്‍ ശ്രമിച്ചുവെന്ന വിവരം രേഖാമൂലം അദ്ദേഹത്തിന് അറിയിച്ചു കിട്ടിയതാണ്. എന്നിട്ടും അദ്ദേഹം തന്ത്രപൂര്‍വം നിശബ്‌ദത പാലിച്ചു. തുടര്‍നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മന്ത്രി താഴെ ഇറങ്ങേണ്ടി വന്നേനെ. ഈ ആരോപണം ഉണ്ടാവുന്നത് ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് എച്ച്. എല്‍. ഗോഖലേയില്‍ നിന്നാണെന്നറിയുമ്പോള്‍ നമുക്കു ഞെട്ടലുണ്ടാകും. `പ്രതിക്കൂട്ടിലാവുന്ന ജുഡീഷ്യറിയും നീതിബോധം കുറയുന്ന സമൂഹവും' എന്ന ശീര്‍ഷകത്തില്‍ അതെപ്പറ്റി വളരെ ശ്രദ്ധേയമായ ഒരു എഡിറ്റോറിയല്‍ സണ്‍ഡേ ശാലോം പ്രസിദ്ധീകരിച്ചതോര്‍മ വരുന്നു (16-1-11). ലേഖനം സൂചിപ്പിച്ചതുപോലെ അതൊക്കെ സമൂഹത്തിന്റെ പ്രത്യാശക്കേല്‍ക്കുന്ന ആഴമേറിയ മുറിവുകളാണ്. സാധാരണക്കാരന്‍ ഇനിയങ്ങോട്ട് നീതിക്കുവേണ്ടി ഈ ലോകത്തില്‍ എവിടെയാണു പോവുക? ആരെയാണ് ആശ്രയിക്കുക? ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌തവരും പരീക്ഷയ്‌ക്ക് കോപ്പി അടിച്ചവരും പിന്‍നിരയില്‍ത്തന്നെയുണ്ട്. കോപ്പിയടിച്ചവര്‍ ഉപരിബിരുദം നേടി മുന്‍നിരയില്‍ എത്താനുള്ളവരാണെന്നതും വേദനാജനകമാണ്!
എല്ലാം അവസാനം തെളിവില്ലാതെ തള്ളപ്പെട്ടേക്കാമെങ്കിലും ആരോപണം ലംഭസ്‌തൂപംപോലെ എപ്പോഴും അവിടെത്തന്നെ ഉണ്ടാകും. നാടിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയിലേക്കാണ് അത് വെളിച്ചം വീശുന്നു.
ഹാംലെറ്റ് എന്ന നാടകത്തില്‍ ഷേക്‌സ്‌സ്‌പിയര്‍ പറയുന്നു: ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നുണ്ട്. അതു സംഭവിക്കാന്‍ പാടില്ലാത്തതാണ്. എങ്കിലും സംഭവിച്ചുപോകുന്നു. അതിന്റെ ദുര്‍ഗന്ധമാണ് നമുക്ക് അനുഭവപ്പെടുന്നത്. തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിച്ച് യഥാസമയം ന്യായാധിപസമക്ഷം എത്തിക്കേണ്ടവരാണ് പോലിസുകാര്‍. എങ്കിലും അവിടെ മായം ചേരുക സാധാരണമാണ്. നമ്മുടെ നാട്ടില്‍ പോലിസുകാരില്‍നിന്ന് അതില്‍ക്കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല (നമ്മുടെ ഗതികേടും അതുതന്നെ).
അവിടെയെല്ലാം നമുക്കു പ്രത്യാശ പകരുന്ന ഒന്നുണ്ട്- നീതിപീഠം. കുറ്റപത്രം തയാറാക്കുന്ന പോലിസിന്റെ ഭാഗത്തും എന്തെങ്കിലും ക്രമക്കേടു നടന്നിട്ടുണ്ടോ എന്നുകൂടി അവിടെ പരിശോധിക്കപ്പെടും. സംഗതികളുടെ ന്യായാന്യായങ്ങള്‍ എല്ലാം പഠിച്ച് സത്യവും നീതിയും പുനഃസ്ഥാപിച്ചുകൊണ്ടുള്ളതായിരിക്കും ന്യായാധിപന്മാരുടെ അവസാന വിധിതീര്‍പ്പ്. അവരില്‍ കളങ്കം ആരോപിക്കപ്പെട്ടാലോ? ഇവിടെയാണ് വേലി തന്നെ വിളവു തിന്നുന്ന വേദി.
മദ്യപാനം തെറ്റാണ്. അത് വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും തകര്‍ക്കുന്നു. മദ്യപര്‍ അങ്ങനെ ആടിപ്പാടി നടക്കുന്നത് കാണുമ്പോള്‍ സ്വാഭാവികമായും അരോചകത്വമാണ് അപരര്‍ക്കുണ്ടാവുക. എന്നിരുന്നാലും ഗുരുക്കന്മാര്‍, ആചാര്യന്മാര്‍, മാതാപിതാക്കള്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നും അങ്ങനെ സംഭവിച്ചുകാണുമ്പോള്‍ കുറ്റബോധമില്ലായ്‌മയാണ് സമൂഹത്തില്‍ വിശേഷിച്ചും, ഇളംതലമുറയില്‍ സംജാതമാവുക. അനുകരിക്കുവാനുള്ള പ്രവണതയാവും അടുത്തത്.
അതുപോലൊരു സാമൂഹികത്തകര്‍ച്ചയിലേക്കാണ് ന്യായാധിപരുടെ അധഃപതനവും വഴിതെളിക്കുക. ജഡ്‌ജിക്ക് കോപ്പിയടിക്കാമെങ്കില്‍ നമുക്കും എന്തുകൊണ്ട് ആയിക്കൂടാ? അവര്‍ക്ക് ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറാമെങ്കില്‍ ഞാനും ടിക്കറ്റെടുക്കുകയില്ല. അതാണ് കഴിവും സാമര്‍ത്ഥ്യവും... അങ്ങനെയാണ് ഇനിമേല്‍ സമൂഹം ചിന്തിച്ചുതുടങ്ങുന്നത്. നീതിരഹിതനായ ഒരു ന്യായാധിപനെപ്പറ്റി യേശു പറയുന്നുണ്ടല്ലോ (ലൂക്കാ 18:1-8). എന്താണ് അയാളുടെ വിശേഷണം?
- ദൈവത്തെ ഭയപ്പെടാത്തവന്‍
- മനുഷ്യരെ മാനിക്കാത്തവന്‍
മനുഷ്യരെ മാനിക്കുന്നവനു മാനുഷിക പരിഗണനയെങ്കിലുമുണ്ട്- അവരുടെ മുമ്പിലെങ്കിലും, അവരെ കാണിക്കാനെങ്കിലും അയാള്‍ നല്ലവനായി പ്രവര്‍ത്തിക്കും. പക്ഷേ, അവിടം വിട്ടുകഴിയുമ്പോള്‍ അവരാരും സന്നിഹിതരല്ലെങ്കില്‍ അഥവാ, അവരാരും അറിയുന്ന പ്രശ്‌നമില്ലെങ്കില്‍ അയാള്‍ നീതിപൂര്‍വം പ്രവര്‍ത്തിച്ചുകൊള്ളണമെന്നില്ല. കാരണം, അയാള്‍ക്ക് യഥാര്‍ത്ഥ അടിത്തറയില്ല. ആരും അറിയാതെ സുരക്ഷിതമായി കോപ്പിയടിക്കാന്‍ കഴിഞ്ഞാല്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞാല്‍, കോഴ കൈപ്പറ്റാന്‍ കഴിയുമെങ്കില്‍ അയാള്‍ അങ്ങനെതന്നെ ചെയ്യും. അത്തരക്കാരാണു പകല്‍മാന്യന്മാര്‍. പകല്‍ മാത്രമല്ല, രാത്രിയിലും നീതിയും സത്യസന്ധതയും പുലര്‍ത്തണമെങ്കില്‍ യേശു പറഞ്ഞ അടുത്ത വിഭാഗത്തില്‍പ്പെടണം.
- ദൈവത്തെ ഭയപ്പെടുന്നവന്‍ (ആദരിക്കുന്നവന്‍, അനുസരിക്കുന്നവന്‍). എല്ലാം കാണുന്ന നല്ല ദൈവം അത് അംഗീകരിക്കുകയില്ല, അതിനാല്‍ ഞാന്‍ അങ്ങനെ ചെയ്യുകയില്ല- ജനസാന്നിധ്യത്തില്‍ മാത്രമല്ല തികഞ്ഞ അന്ധകാരത്തിലും അങ്ങനെ ചിന്തിക്കുന്നവന് ഒരിക്കലും നീതിബോധം നഷ്‌ടപ്പെടുകയില്ല.
ജോണ്‍ എഫ് കെന്നഡി വാനോളം പുകഴ്‌ത്തുന്ന ഒരു വ്യക്തിയുണ്ട് - 1825-1829 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ ക്വിന്‍സി ആഡംസ്. അദ്ദേഹത്തിന്റെ ജീവിതപ്രമാണം മാതാവായ അബിഗെയില്‍ ആഡംസിന്റേതായിരുന്നു. ഒരു ന്യായാധിപകൂടി ആയിരുന്ന ആ ആദര്‍ശവനിത വര്‍ഷങ്ങള്‍ക്കുമുമ്പേഇങ്ങനെഎഴുതി: സ്വന്തംആ്രഗഹപൂര്‍ത്തീകരണത്തിനുവേണ്ടി നിലകൊള്ളേണ്ടവനല്ല ന്യായാധിപന്‍. അവനു സ്ഥാപിതതാല്‍പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ടാവാന്‍ പാടില്ല - അവിഹിതമായി സ്വത്തു സമ്പാദിക്കുന്ന എല്ലാ ന്യായാധിപന്മാരുടെയും നേരെയുള്ള കൂരമ്പ്! തന്റെ ജനങ്ങളോട് അവനു കടപ്പാടും ബാധ്യതകളുമുണ്ട്. പക്ഷേ, അവന്റെ പ്രവര്‍ത്തനമാനദണ്‌ഡം അവരുടെ ഇഷ്‌ടാനിഷ്‌ടങ്ങളല്ല. അവര്‍ക്ക് അഹിതകരമാണെങ്കിലും നന്മയാണ്- നീതിയാണ് എന്ന ഉറച്ച ബോധ്യമുണ്ടെങ്കില്‍, അയാള്‍ അങ്ങനെതന്നെ പ്രവര്‍ത്തിക്കണം.
കെന്നഡി ചൂണ്ടിക്കാണിക്കുന്നതുപോലെ അതായിരുന്നു ആഡംസ്. ജനപ്രീതി സമ്പാദിച്ചില്ലെങ്കില്‍, സ്വന്തം പാര്‍ട്ടിയെ പ്രീണിപ്പിച്ചില്ലെങ്കില്‍, പ്രസിഡന്റിന്റെ കസേരയില്‍ വീണ്ടും കയറിപ്പറ്റുവാന്‍ തനിക്കു കഴിയുകയില്ലെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതിനുവേണ്ടി തന്ത്രങ്ങളും കുറുക്കുവഴികളും അദ്ദേഹം മെനഞ്ഞെടുത്തതുമില്ല. തല്‌പരകക്ഷികളുടെ- സ്വന്തം പാര്‍ട്ടിയുടെപോലും മോഹങ്ങള്‍ക്കുപരി നാടിന്റെ താല്‍പര്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. അക്കാലത്ത് (1825-29) വര്‍ണവിവേചനതതിനെതിരായി കറുത്ത വര്‍ഗക്കാര്‍ക്കുവേണ്ടി നിലകൊണ്ടപ്പോള്‍, പ്രാദേശിക താല്‍പര്യങ്ങളെക്കാള്‍ അമേരിക്കയുടെ നന്മയെ ലക്ഷ്യംവച്ചപ്പോള്‍ ആഡംസ് ഏകനായി. എങ്കിലും അദ്ദേഹം ചെവികൊടുത്തത് ദൈവത്തിന്റെ സ്വരത്തിനായിരുന്നു- തന്റെ മനഃസാക്ഷിയിലൂടെ കടന്നുവന്ന ദൈവികശബ്‌ദത്തിന്.
മജിസ്‌ട്രേറ്റിന്റെ മാനദണ്‌ഡം ദൈവമാണ്. ആ ദൈവികശബ്‌ദത്തിനു കാതോര്‍ക്കാത്തവന് ജനപ്രീതിക്കും സുരക്ഷിതത്വത്തിനും വേണ്ടി തന്റെ കസേരയില്‍ മാത്രം കണ്ണുനട്ടിരിക്കുന്നവന് സുപ്രീം കോടതിയിലെത്തിയാല്‍പ്പോലും `നിര്‍മല മനഃസാക്ഷിയോടെ' നീതി നിര്‍വഹിക്കാനാവില്ല.
നീതിപീഠത്തിലിരിക്കുന്നവന്‍ എവിടെയെങ്കിലും തരംതാണു പോയിട്ടുണ്ടെങ്കില്‍, ആദര്‍ശം വെടിഞ്ഞ് അവസരവാദിയായിട്ടുണ്ടെങ്കില്‍ കാരണം കണ്ടുപിടിക്കാന്‍ ഉലകംചുറ്റി അലയേണ്ട ആവശ്യമൊന്നുമില്ല. ഇവിടെയാണ് ജുഡീഷ്യറി പ്രതിക്കൂട്ടിലാവുന്നത്.
`ദി ഐലന്റ്' എന്ന കവിതയില്‍ ഇംഗ്ലീഷ് കവിയായ ജോണ്‍ ബൈറണ്‍ (1788-1824) ഇങ്ങനെയെഴുതി: ദൈവികശബ്‌ദം നാം കേള്‍ക്കുന്നത് നേരിട്ട് അത്യുന്നതങ്ങളില്‍നിന്നോ അന്തരീക്ഷത്തില്‍നിന്നോ ഒന്നുമല്ല, നമ്മുടെ മനഃസാക്ഷിയിലൂടെയാണ്. മനഃസാക്ഷിയെ നിര്‍മലമാക്കിക്കൊണ്ടും ഹൃദയത്തെ വെടിപ്പാക്കിക്കൊണ്ടും നീങ്ങുമ്പോഴാണ്. അബിഗെയില്‍ പറഞ്ഞതുപോലെ അവിടെ ഇടംവലം നോക്കേണ്ട വിഷയമില്ല. നേരെ മുന്നോട്ട്, മുന്നോട്ട്. ഏതാണു നീതി, സത്യം- അതു മാത്രമേ നോട്ടമുള്ളൂ.
എന്തുകൊണ്ടാണ് ദൈവത്തിന്റെ ശബ്‌ദം കേള്‍ക്കാന്‍ സാധിക്കാതെ പോകുന്നത്? പലരും ഉന്നയിക്കാറുള്ള ചോദ്യമാണത്. ദൈവത്തിന്റെ ശബ്‌ദമുണരുക മനഃസാക്ഷിയിലൂടെയാണെങ്കിലും നാം എപ്പോഴും അതു കേട്ടുകൊള്ളണമെന്നില്ല.
എത്രയായിരം പ്രക്ഷേപിത തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. എന്നിട്ട് എന്തുകൊണ്ട് നമുക്ക് അവയൊന്നും ശ്രാവ്യമാകുന്നില്ല? അതു പിടിച്ചെടുക്കുവാന്‍ ഒരു റേഡിയോ വേണം- അതു കുറ്റമറ്റതായിരിക്കുകയും വേണം. മാത്രവുമല്ല, അതു നാം ഉദ്ദേശിക്കുന്ന റേഡിയോ നിലയത്തിലേക്ക് തിരിച്ചുവച്ചു ടൂണ്‍ ചെയ്‌തു ശരിയാക്കണം. അപ്പോഴേ നമുക്കതു കേള്‍ക്കാനാവൂ.
അതുപോലെ തന്നെയാണ് ദൈവികശബ്‌ദത്തിന്റെ കാര്യത്തിലും. അത്യുന്നത റേഡിയോ നിലയത്തില്‍നിന്നു പുറപ്പെടുന്ന ശബ്‌ദം എപ്പോഴും നമ്മുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. എങ്കിലും, അതു സ്വീകരിക്കുവാന്‍ നിര്‍മലവും നിഷ്‌പക്ഷവുമായ ഒരു മനഃസാക്ഷിക്കേ സാധിക്കൂ. അവിടെയാണ് മിക്ക ന്യായാധിപന്മാരും പരാജയപ്പെടുന്നത്.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.