Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 25 November 2011 11:42

ക്രൈസ്‌തവ കാളിദാസന്റെ ഓര്‍മയ്‌ക്ക്‌ 75 വര്‍ഷം

Written by  തോമസ്‌ കട്ടക്കയം
Rate this item
(2 votes)

ശ്രീയേശുവിജയം മഹാകാവ്യ രചയിതാവും ക്രൈസ്‌തവ കാളിദാസനുമായ മഹാകവി കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള അന്തരിച്ചിട്ട്‌ 2011 നവംബര്‍ 29 ന്‌ 75 വര്‍ഷം പൂര്‍ത്തിയാകും.06

പകലോമറ്റം മഹാകുടുംബത്തിന്റെ ഒരു ശാഖാകുടുംബമാണ്‌ പാലാ കട്ടക്കയം കുടുംബം. നിരവധി സാഹിത്യകാരന്മാര്‍ക്കും പണ്‌ഡിതരും പ്രശസ്‌തരുമായ വൈദികശ്രേഷ്‌ഠര്‍ക്കും സമുദായ രാഷ്‌ട്രീയനേതാക്കള്‍ക്കും കര്‍ഷക പ്രമുഖര്‍ക്കും ഈ കുടുംബം ജന്മം നല്‍കിയിട്ടുണ്ട്‌. ഈ കുടുംബത്തില്‍ 1859 ഫെബ്രുവരി 24 ന്‌ ചെറിയാന്‍ മാപ്പിള ജനിച്ചു. ഉലഹന്നാന്‍-ചാച്ചി ദമ്പതികളുടെ നാലാമത്തെ കുട്ടിയായിരുന്നു ചെറിയാന്‍. പാരമ്പര്യരീതിയനുസരിച്ച്‌ ചെറിയാന്‍ എഴുത്തുകളരിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട്‌ മീനച്ചില്‍ കുംബാനിമഠത്തില്‍ കുഞ്ഞനിയന്‍ കര്‍ത്താവില്‍നിന്ന്‌ സംസ്‌കൃതവും വൈദ്യശാസ്‌ത്രവും പഠിച്ചു. തുടര്‍ന്ന്‌ അവിടെനിന്നുതന്നെ അമരകോശം, സിദ്ധരൂപം എന്നീ ഭാഷാശാസ്‌ത്ര ഗ്രന്ഥങ്ങളും രഘുവംശം, നൈഷധം, മാഘം എന്നീ കാവ്യങ്ങളും ഗുണപാഠം, സഹസ്രയോഗം ചികിത്സാക്രമം, അഷ്‌ടാംഗഹൃദയം തുടങ്ങിയ വൈദ്യശാസ്‌ത്രങ്ങളും അഭ്യസിച്ചു.

പതിനേഴാം വയസില്‍ (1875) കട്ടക്കയം, കുടക്കച്ചിറ വീട്ടില്‍ മറിയാമ്മയെ വിവാഹം ചെയ്‌തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചെറിയാന്‍മാപ്പിളയുടെ പിതാവ്‌ അകാലചരമം പ്രാപിച്ചു. ഇതോടെ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ആ 17 വയസുകാരന്റെ ചുമലിലായി. ഈ പ്രതികൂലസാഹചര്യങ്ങളൊന്നും അദ്ദേഹത്തിന്റെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസമായില്ല. കൗമാരഘട്ടത്തില്‍ തന്നെ സംസ്‌കൃതത്തിലും മലയാളത്തിലും ചെറിയാന്‍മാപ്പിള ശ്ലോകങ്ങള്‍ എഴുതിത്തുടങ്ങി. പക്ഷേ അവയൊന്നും നമുക്ക്‌ കിട്ടിയിട്ടില്ല. 1881 ല്‍ സത്യനാദ കാഹളത്തില്‍ പ്രസിദ്ധീകരിച്ച `ജുസെ ഭക്തന്‍' എന്ന കാവ്യമാണ്‌ കണ്ടുകിട്ടിയവയില്‍ അദ്ദേഹത്തിന്റെ ആദ്യരചന. മാര്‍തോമാചരിതം, മാത്തു തരകന്‍, തിരഞ്ഞെടുക്കപ്പെട്ട പാത്രം, വനിതാമണി സുസാന തുടങ്ങിയ ഖണ്‌ഡകാവ്യങ്ങളും. യുദജീവേശ്വരി, വില്ലാള്‍വട്ടം, സാറാ വിവാഹം, കലാവതി എന്നീ നാടകങ്ങളും ഒലിവേര്‍വിജയം ആട്ടക്കഥയും ശ്രീയേശുവിജയം മഹാകാവ്യവുമാണ്‌ കട്ടക്കയത്തിന്റെ പ്രമുഖ രചനകള്‍. കൂടാതെ അനേകം ചെറുകവിതകളും മംഗള ശ്ലോകങ്ങളും സമസ്യാപൂരണങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. കട്ടക്കയത്തിന്റെ നാടകങ്ങളെല്ലാം അന്നു നിലവിലിരുന്ന രീതിയനുസരിച്ചെഴുതപ്പെട്ട കാവ്യനാടകങ്ങളാണ്‌. കവിസമാജത്തിന്റെ കോട്ടയത്തു നടന്ന ആദ്യസമ്മേളനത്തില്‍ നാടകമത്സരത്തില്‍ പങ്കെടുത്തെഴുതിയതാണ്‌ യൂദജീവേശ്വരി നാടകം. 1891 നവംബറിലായിരുന്നു ഈ സമ്മേളനം. 1893ല്‍ മലയാള മനോരമയില്‍നിന്നും യൂദജീവേശ്വരി പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അക്കാലത്ത്‌ ദേവാലയതിരുനാളുകള്‍, സംഘടനാവാര്‍ഷികങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്ക്‌ കട്ടക്കയത്തിന്റെ നാടകങ്ങള്‍ ധാരാളം അരങ്ങുകളില്‍ ജനപ്രീതിയോടെ പുനര്‍ജ്ജനിച്ചിരുന്നു. മലയാള മനോരമയിലും ദീപികയിലുമാണ്‌ കട്ടക്കയത്തിന്റെ കവിതകള്‍ അധികവും പ്രസിദ്ധീകരിച്ചത്‌. പത്രങ്ങള്‍, വിശേഷാവസരങ്ങളില്‍ ഇറക്കിയിരുന്ന സപ്ലിമെന്റുകളിലെല്ലാം അന്നത്തെ പ്രസിദ്ധരായ കവികളോടൊപ്പം കട്ടക്കയവും സ്ഥാനം പിടിച്ചിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ മുതല്‍ അന്നത്തെ പ്രശസ്‌തരായ എല്ലാ കവികളും കട്ടക്കയവുമായി ഉറ്റസൗഹൃദത്തിലായിരുന്നു. ശ്രീയേശുവിജയം മഹാകാവ്യ രചനയോടെയാണ്‌ കട്ടക്കയം പ്രശസ്‌തിയുടെ ഔന്നത്യത്തിലെത്തിയത്‌. 24 സര്‍ഗങ്ങളും 3719 പദ്യങ്ങളുമുള്ള ശ്രീയേശുവിജയം അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിലെ ഏറ്റവും വലിയ മഹാകാവ്യമാണ്‌. ബൈബിള്‍കഥ ഇതിവൃത്തമാക്കി മലയാളത്തിലുണ്ടായ ആദ്യമഹാകാവ്യം, ലാളിത്യംകൊണ്ടും പ്രതിപാദ്യവൈശിഷ്‌ട്യംകൊണ്ടും മലയാളികളുടെ മനംകവര്‍ന്ന ആദ്യത്തെ ജനകീയ മഹാകാവ്യം എന്നീ സവിശേഷതകളും ശ്രീയേശുവിജയത്തിനുണ്ട്‌. 1911 മുതല്‍ 1926 വരെയുള്ള 15 കൊല്ലം കൊണ്ടാണ്‌ കട്ടക്കയം ശ്രീയേശുവിജയം പൂര്‍ത്തിയാക്കിയത്‌.

1926 മാര്‍ച്ചില്‍ പുറത്തുവന്ന ശ്രീയേശുവിജയം മലയാള കാവ്യരംഗത്ത്‌ പുതിയ ചലനം സൃഷ്‌ടിച്ചു. കട്ടക്കയത്തിനെ സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കണമെന്ന്‌ ദീപിക ആ വര്‍ഷം ഏപ്രില്‍ 17 ന്‌ മുഖപ്രസംഗം എഴുതി. മലയാള സാഹിത്യത്തിലെ ഒരു വലിയ സംഭവം എന്ന പ്രതീതി ഉളവാക്കാന്‍ ശ്രീയേശുവിജയത്തിനു കഴിഞ്ഞു. പ്രശസ്‌ത പണ്‌ഡിതന്‍ ടി. കെ. ജോസഫ്‌ ദീപികയില്‍ - കട്ടക്കയം ക്രൈസ്‌തവ കാളിദാസന്‍ - എന്ന പേരു നല്‍കി. ജൂണ്‍ എട്ടിലെ ദീപികയില്‍ ഈ സമസ്യയുടെ 38 പൂരണങ്ങള്‍ ചേര്‍ത്തിരുന്നു. ചേര്‍ത്തല പാണാവള്ളിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ എട്ടാമത്‌ വാര്‍ഷികസമ്മേളനത്തില്‍ കേരള ക്രൈസ്‌തവ സമൂഹത്തിന്റെ മുഴുവന്‍ അഭിനന്ദനസൂചകമായി ഒരു സ്വര്‍ണമെഡല്‍ സമ്മാനിച്ചു. 1931 ല്‍ മാര്‍പാപ്പയും കട്ടക്കയത്തിന്റെ സാഹിത്യസേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ സ്വര്‍ണമെഡല്‍ കൊടുത്തയച്ചു.
കട്ടക്കയം കൃതികളെല്ലാം സമാഹരിച്ചുകൊണ്ട്‌ 1988 ല്‍ ഡോ. കുര്യാസ്‌ കുമ്പളക്കുഴി കട്ടക്കയം കൃതികള്‍ എന്നൊരു ബൃഹദ്‌ഗ്രന്ഥവും പിന്നീട്‌, കട്ടക്കയം- കവിയും മനുഷ്യനും എന്ന ജീവചരിത്രവും പ്രസിദ്ധീകരിച്ചു. കൂടാതെ ഡി. കുരുവിള മനയാനിയും കട്ടക്കയത്തിന്റെ ജീവചരിത്രം രചിച്ചിട്ടുണ്ട്‌. മഹാകവിയെപ്പറ്റി നിരവധി അനുസ്‌മരണ ലേഖനങ്ങളും വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മഹാകവിയുടെ ഒരു പൂര്‍ണകായ പ്രതിമ 2000 മെയ്‌ ഒന്നിന്‌ പാലാ പട്ടണത്തില്‍ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിന്റെ മുന്‍പിലായി പൊതുജനങ്ങള്‍ സ്ഥാപിച്ചു. പ്രതിമാസ്ഥാപനത്തോടനുബന്ധിച്ച്‌ സാഹിത്യസമ്മേളനങ്ങളും പൊതുയോഗവും നടന്നു.

കട്ടക്കയത്തെപ്പറ്റി മലയാള സാഹിത്യത്തിലെ ഉന്നതരുടെ പരാമര്‍ശങ്ങളും ശ്രദ്ധേയങ്ങളാണ്‌. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഘടികവിംശതി എന്ന കവിതാപരീക്ഷയില്‍ ചെറിയാന്‍മാപ്പിള ഉന്നതവിജയം നേടിയപ്പോള്‍ പ്രശംസാപത്രം കൊടുത്തുകൊണ്ട്‌ പറഞ്ഞു: നിങ്ങളുടെ കവിതയ്‌ക്ക്‌ സവിശേഷമായ ആസ്വാദ്യതാഗുണമുണ്ട്‌. മഹാകവി വള്ളത്തോള്‍, ചെറിയാന്‍മാപ്പിളയെ സന്ദര്‍ശിച്ച അനുഭവം മുന്‍നിര്‍ത്തി പറഞ്ഞു, മഹാകവി കട്ടക്കയത്തെ ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇന്ദ്രവര്‍ണമായ മുഖത്തുനിന്ന്‌ പ്രവഹിച്ച ശോഭ എന്നെ വല്ലാതെ ഭ്രമിപ്പിച്ചു. അദ്ദേഹത്തിന്റെ അവയവങ്ങളില്‍ത്തന്നെ കുലീനത കളിയാടുന്നതായി തോന്നി. വിദ്യ വിനയത്തെ പ്രസവിക്കുന്നതായി അപ്പോള്‍ എനിക്ക്‌ തോന്നാതിരുന്നില്ല. നിര്‍മല ഭക്തിയും ദീനാനുകമ്പയുമാണ്‌ അദ്ദേഹത്തിന്റെ മുഖത്ത്‌ കളിയാടിയിരുന്നത്‌ (മനോരമ 3-2-1937). പ്രഫ. ജോസഫ്‌ മുണ്ടശേരി ഇങ്ങനെ അനുസ്‌മരിച്ചു: അദ്ദേഹത്തിന്റെ സാത്വികമനോഹരമായ സ്വഭാവപരിശുദ്ധതയും വിനീതമനോഭാവവും ഒത്ത്‌ സമ്മേളിച്ചതിലുള്ള വൈശിഷ്‌ട്യംകൊണ്ടാണ്‌ എനിക്ക്‌ അദ്ദേഹത്തോട്‌ ബഹുമാനമുണ്ടായത്‌. അദ്ദേഹത്തില്‍നിന്നും ഞാന്‍ പഠിച്ച പാഠം വിനീതനായി ജീവിക്കണമെന്നുള്ളതാണ്‌ (മനോരമ 4-2-1937). പുലിയന്നൂര്‍ എസ്‌. രാമയ്യര്‍ ഇങ്ങനെ എഴുതുന്നു: പ്രസന്ന പ്രൗഢസരസമായ കട്ടക്കയത്തിന്റെ സംഭാഷണം കേള്‍ക്കുകയും ശാലീനതയോടുകൂടിയ ഹൃദയസ്വഭാവം അറിയുകയും പ്രകൃത്യാ കോമളമായ മുഖവും അനുകരണ സാധ്യമല്ലെങ്കിലും അനുമോദനാര്‍ഹമായ പ്രകൃതിനിരീക്ഷണചതുരമായ നോട്ടവും കാണുകയും ചെയ്‌തിട്ടുള്ളവര്‍ക്ക്‌ തല്‍സദൃശമായ സ്ഥിതികള്‍ കവിതകളില്‍ കാണാവുന്നതും നേരിട്ട്‌ കണ്ടിട്ടില്ലാത്തവര്‍ക്ക്‌ മേല്‍പ്പറഞ്ഞവ കവിതകളില്‍ കണ്ട്‌ തൃപ്‌തിപ്പെടാവുന്നതുമാകുന്നു. ഡി. കുരുവിള മനയാനി എഴുതിയ ജീവചരിത്രത്തില്‍ പറയുന്നു: ചെറിയാന്‍മാപ്പിള അവര്‍കളെപ്പറ്റി പറയുമ്പോള്‍ വിസ്‌മരിക്കുവാന്‍ പാടില്ലാത്ത ഒരു സംഗതിയാകുന്നു ഇദ്ദേഹത്തിന്റെ സ്വഭാവനൈര്‍മല്യം. ഇദ്ദേഹത്തില്‍ പ്രശോഭിച്ചിരുന്ന അനഹങ്കാരം, സമഭാവന, വിനയം, പരജനബഹുമാനം മുതലായ ഗുണങ്ങള്‍ ഇദ്ദേഹവുമായി ഒരു പ്രാവശ്യമെങ്കിലും ഇടപെടാന്‍ സംഗതിയായിട്ടുള്ളവര്‍ക്കെല്ലാം അനുഭവബോധ്യമായിട്ടുള്ളതാണ്‌. സാഹിത്യകാര്യങ്ങളിലെന്നപോലെ തന്നെ ചെറിയാന്‍മാപ്പിള സമുദായകാര്യങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. പാലായില്‍ പ്രവര്‍ത്തിച്ചിരുന്ന നസ്രാണി സമാജം എന്ന സംഘടനയുടെ നേതൃത്വം ചെറിയാന്‍ മാപ്പിളക്കായിരുന്നു.

1911 ല്‍ പാലായില്‍ നടന്ന സുറിയാനി ക്രിസ്‌ത്യന്‍ സാമൂഹ്യ സമ്മേളനത്തിന്റെയും 1927 ല്‍ പാലായില്‍ നടന്ന കത്തോലിക്കാ സമ്മേളനത്തിന്റെയും അധ്യക്ഷന്‍ ചെറിയാന്‍ മാപ്പിളയായിരുന്നു. ക്രൈസ്‌തവ കേന്ദ്രമായ മീനച്ചില്‍ താലൂക്കിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ചെറിയാന്‍മാപ്പിള നിറഞ്ഞുനിന്നു. പാലാ വലിയപള്ളിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുന്നില്‍ ചെറിയാന്‍മാപ്പിളയുണ്ടായിരുന്നു. പാലാ സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ നിര്‍മാണത്തിനായി പാലാ വലിയപള്ളി നടത്തിയ ചിട്ടിയുടെ തലയാള്‍ ചെറിയാന്‍മാപ്പിളയായിരുന്നു. മീനച്ചില്‍ റബര്‍ കമ്പനി എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ച്‌ റബര്‍ പ്ലാന്റേഷന്‍ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തന മേഖലയിലും അദ്ദേഹം പ്രശോഭിച്ചു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ വിജ്ഞാനരത്‌നാകരം എന്നൊരു മാസിക പാലായില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്നു. ചെറിയാന്‍മാപ്പിള നല്ലൊരു കര്‍ഷകനുമായിരുന്നു.

കട്ടക്കയം കൃതികള്‍ പ്രകാശനം ചെയ്‌തുകൊണ്ട്‌ മലയാള വിമര്‍ശകലോകത്തിലെ കുലപതിയായ പ്രഫ.സുകുമാര്‍ അഴീക്കോട്‌ പ്രഖ്യാപിച്ചു: യേശു എന്ന നക്ഷത്രത്തെ നമ്മുടെ സാഹിത്യാകാശത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുത്തിയത്‌ കട്ടക്കയമാണ്‌. അദ്ദേഹം തന്റെ കൃതികളില്‍ക്കൂടി ഹൈന്ദവ, ക്രൈസ്‌തവ സംസ്‌കാരങ്ങളുടെ സംഗമഘട്ടത്തെ ആഗമിപ്പിച്ചുകൊണ്ട്‌ നവജീവിതത്തിന്റെയും സഹജീവിതത്തിന്റെയും വക്താവായിത്തീര്‍ന്നു. വന്ധ്യമായിപ്പോയ അനേകം നൂറ്റാണ്ടുകള്‍ക്കുശേഷം ഭാരതത്തിനു ലഭിച്ച പുതുജീവിതത്തിന്റെ ഉദയസൂര്യനാണ്‌ ശ്രീയേശുവിജയം.

1936 നവംബര്‍ 29 ഞായറാഴ്‌ച രാത്രി ചെറിയാന്‍മാപ്പിള അന്തരിച്ചു. മലയാള മനോരമ ലേഖകന്‍ (മലയാള മനോരമ 2-12-1936) സൂചിപ്പിക്കുന്നതുപോലെ, വിപുലമായ ഒരു സംസ്‌കാരം അക്കാലത്ത്‌ കേരളത്തിലാര്‍ക്കും ലഭിച്ചിട്ടുണ്ടാവില്ല. 60 വര്‍ഷം മുന്‍പ്‌ പാലായില്‍ അയ്യായിരത്തിലധികം വരുന്ന ജനങ്ങള്‍ ഒരു വ്യക്തിക്ക്‌ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒത്തുചേര്‍ന്നു എന്നത്‌ ചരിത്രസംഭവം തന്നെയാണ്‌. 120 വൈദികരും മൂന്നു മെത്രാന്മാരും ഒരല്‌മായന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കുചേരുകയെന്നത്‌ അക്കാലത്ത്‌ ഒരാള്‍ക്ക്‌ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്‌. കട്ടക്കയത്തെ ജനങ്ങള്‍ എത്രയേറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നു എന്നാണിത്‌ വ്യക്തമാക്കുന്നത്‌. ദേവാലയത്തിനുള്ളില്‍ സംസ്‌കരിച്ചു എന്നതും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. കേരള ക്രൈസ്‌തവസമൂഹം അതിനു മുന്‍പും പിന്‍പും ഒരു എഴുത്തുകാരനെ ഇത്രമേല്‍ അംഗീകരിച്ചിട്ടില്ല. (ഡോ. കുര്യാസ്‌ കുമ്പളക്കുഴി - കട്ടക്കയം കവിയും മനുഷ്യനും)

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.