സുവിശേഷത്തിന്റെ ഉപസംഹാരമായിരുന്ന പ്രേഷിതകല്‌പന ജീവിതവ്രതമായി സ്വീകരിച്ച് കേരളസഭയില്‍ സുവിശേഷവെളിച്ചം എത്തിച്ചേരാത്ത ജനങ്ങള്‍ക്കിടയില്‍ യേശുവിന്റെ രക്ഷാകരസന്ദേശം പകര്‍ന്നു നല്‍കാന്‍ അവിശ്രാന്തം അധ്വാനിച്ച മഹാപ്രേഷിതന്‍ ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരനച്ചന്റെ 62-ാം ചരമവാര്‍ഷികദിനമായിരുന്നു നവംബര്‍ നാല്.``ദൈവം എനിക്കു നല്‍കിയ ദൈവവിളിയെന്ന ഈ ദാനം എന്റെ പരിപൂര്‍ണതയ്‌ക്കും എന്നിലൂടെ അനേകായിരങ്ങളുടെ പരിപൂര്‍ണതയ്‌ക്കും വേണ്ടിയാണ്.''
- ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍
പ്രേഷിതവേലയ്‌ക്കുവേണ്ടി പുരോഹിതനായ വന്ദ്യവൈദികനായിരുന്നു ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍. 1888 ല്‍ ചേര്‍ത്തലയിലെ ഉഴുവാ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. 1913 ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ എം.എ ബിരുദം നേടിയ സുറിയാനി കത്തോലിക്കാ സഭയിലെ ആദ്യവൈദികനും അദ്ദേഹമായിരുന്നു. നേട്ടങ്ങളും സമ്പാദ്യങ്ങളുമാണ് ജീവിതലക്ഷ്യമെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ല. വിദ്യാസമ്പത്തും കഴിവുകളും സുവിശേഷപ്രഘോഷണത്തിന് അടിയറവയ്‌ക്കാന്‍ മടികാണിക്കാതെ ആദര്‍ശധീരനായ ആ യുവാവ് കാന്‍ഡി സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം നടത്തി, 1918 ല്‍ പുരോഹിതനായി അഭിഷിക്തനായി.
കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയും ജാതിവ്യവസ്ഥയും സുവിശേഷപ്രഘോഷണത്തിനും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും തടവറ തീര്‍ത്തിരുന്ന കാലത്ത്, സാമൂഹ്യവ്യവസ്ഥിതിയുടെ മതിലുകള്‍ തകര്‍ത്ത് ക്രിസ്‌തുസന്ദേശവുമായി ജനഹൃദയങ്ങളിലേക്ക് അദ്ദേഹം കടന്നുചെന്നു. കേരള കത്തോലിക്കാ സുറിയാനി സഭ മുഴുവനും അദ്ദേഹത്തിന്റെ പ്രേഷിതവയലായിരുന്നു.
സുവിശേഷവല്‍ക്കരണത്തില്‍ വളരെയേറെ താല്‍പര്യം കാണിച്ചിരുന്ന കണ്ടത്തില്‍ മാര്‍ അഗസ്റ്റിന്‍ എറണാകുളം വികാരിയാത്തില്‍ `വേദപ്രചാരസംഘം' ഔദ്യോഗികമായി സ്ഥാപിച്ചപ്പോള്‍ (1921) പഞ്ഞിക്കാരനച്ചനെയാണ് പ്രഥമ ഡയറക്‌ടറായി നിയമിച്ചത്. വര്‍ഷങ്ങളോളം ഉള്ളില്‍ ഒതുക്കിവച്ച ആഗ്രഹത്തിന്റെ നിറഞ്ഞൊഴുകലായിരുന്നു പിന്നീടുള്ള ആ ജീവിതം. സ്വപ്‌നസാക്ഷാത്‌ക്കാരം അനുഭവിച്ചറിഞ്ഞ പഞ്ഞിക്കാരനച്ചന്‍ മരണംവരെ തന്റെ ദൗത്യം ആത്മനിര്‍വൃതിയോടെ നിറവേറ്റി.
തന്നില്‍ കത്തിജ്വലിച്ച പ്രേഷിതശക്തിയെ മറച്ചുവയ്‌ക്കാന്‍ അച്ചന് സാധ്യമായിരുന്നില്ല. ``ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം'' (1 കോറി.9:16) എന്നു പറഞ്ഞ പൗലോസ് ശ്ലീഹായുടെ തീക്ഷ്‌ണതയോടെ വൃക്ഷച്ചുവട്ടില്‍ നിന്നും വൃക്ഷച്ചുവട്ടിലേക്കും കുടിലുകളില്‍നിന്ന് കുടിലുകളിലേക്കും തന്റെ പ്രേഷിതവേല വ്യാപിപ്പിച്ച അദ്ദേഹം അനേകായിരങ്ങളെ ക്രിസ്‌തുവിന്റെ അജഗണത്തോട് കൂട്ടിച്ചേര്‍ത്തു. സാധുക്കള്‍ പണി കഴിഞ്ഞു മടങ്ങിവരുന്ന നേരത്ത് അച്ചന്‍ ഒരു വൃക്ഷത്തിന്റെ കീഴില്‍ ഗ്രാമഫോണ്‍വച്ച് പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുമായിരുന്നു. സംഗീതത്തില്‍ ആകൃഷ്‌ടരായി അടുത്തുവരുന്നവരോട്, പാവങ്ങളുടെ സ്‌നേഹിതനായ ക്രിസ്‌തുവിനെപ്പറ്റി പ്രസംഗിച്ച് അവരെ ക്രിസ്‌തുവിലേക്ക് ആനയിക്കുകയായിരുന്നു ആ കാത്തുനില്‌പിന്റെ ലക്ഷ്യം.
ക്രിസ്‌തുനാഥന്റെ വിസ്‌തൃതവയലില്‍ വേലക്കാര്‍ കുറവാണെന്ന് മനസിലാക്കിയ അദ്ദേഹം 42 ഓളം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഉപദേശികളായി നിയോഗിച്ചു. അറക്കുളം, കുടയത്തൂര്‍, ശങ്കരപ്പിള്ളി, കോതമംഗലം, നാടുകാണി, വെളിയച്ചാല്‍, തണ്ണീര്‍മുക്കം, കുത്തിയതോട്, ഞാറയ്‌ക്കല്‍, കിഴക്കമ്പലം... തുടങ്ങി അതിരൂപതയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വേദപ്രചാരത്തിന്റെ ശാഖകള്‍ സ്ഥാപിക്കുകയും അവിടെ താമസിച്ച് ജനങ്ങള്‍ക്കിടയില്‍ ക്രൈസ്‌തവ വിശ്വാസത്തിന്റെ അടിത്തറ പാകുകയും ചെയ്‌തു. കാല്‍നടയായും കാളവണ്ടിയിലും മറ്റും യാത്ര ചെയ്‌താണ് അദ്ദേഹം സുവിശേഷവേല നിര്‍വഹിച്ചത്. ഭീതി കൂടാതെ തീക്ഷ്‌ണതയാല്‍ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട സുഹൃത്തുക്കളും ബന്ധുജനങ്ങളും `വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ...' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതില്‍ അതിശയോക്തിയില്ല.
വേദപ്രചാരസംഘത്തിന്റെ ശാഖകള്‍ സന്ദര്‍ശിച്ച് അവിടുത്തെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട പഞ്ഞിക്കാരനച്ചന്റെ ഹൃദയം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാധുജനങ്ങളുടെ ദുരിതങ്ങള്‍ക്കു മുമ്പില്‍ അലിഞ്ഞു. ദളിതരുടെയും പാവപ്പെട്ടവരുടെയും അപ്പസ്‌തോലനായിരുന്ന അദ്ദേഹത്തിന് പ്രേഷിതവേലയില്‍ ഏറെ തടസങ്ങള്‍ തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ തെറ്റിദ്ധാരണകളുടെയും പ്രതിബന്ധങ്ങളുടെയും മുമ്പില്‍ മുട്ടുമടക്കി നിഷ്‌ക്രിയനായിരിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
അജഗണങ്ങളുടെ നിജസ്ഥിതി മനസിലാക്കിയ പഞ്ഞിക്കാരനച്ചന്‍ അവരുടെ സമുദ്ധാരണത്തിനായി ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുകയും അനേകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. അവരുടെ സാമൂഹ്യാവസ്ഥയില്‍ മാറ്റങ്ങളുളവാക്കാന്‍ ആ സാധുജനോദ്ധാരകന് സാധിച്ചു. കയറുപിരിക്കല്‍, ചകിരിതല്ല്, ബോട്ടുസര്‍വീസ് തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു.
`സാധുജനസംരക്ഷണ സംഘം' ആരംഭിച്ചപ്പോള്‍ ആ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം ദുരിതമനുഭവിക്കുന്നവര്‍ക്ക് അന്ന-വസ്‌ത്രാദികളും വിദ്യാഭ്യാസവും നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മതകാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പഠിക്കുന്നതിനുമായി നാനാജാതി മതസ്ഥര്‍ക്കായി ചക്കരക്കടവ്, ചെറായി, ചേര്‍ത്തല, തണ്ണീര്‍മുക്കം, ഉഴുവ, പൊന്നംവെളി മുതലായ സ്ഥലങ്ങളില്‍ അദ്ദേഹം തുടങ്ങിയ `സത്യവേദാശ്രമം' സഭാചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
`മതാന്തരസംവാദം' കത്തോലിക്കാ സഭയ്‌ക്ക് ഏറെ പരിചയമില്ലാതിരുന്ന കാലത്ത് നാനാജാതി മതസ്ഥരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താതെ, മത്സ്യമാംസങ്ങള്‍ വര്‍ജിച്ച് അനേകമാളുകള്‍ ഈ ആശ്രമത്തില്‍ താമസിച്ചിരുന്നു. മതസൗഹാര്‍ദ്ദത്തിനും സാമുദായിക സമത്വത്തിനും വേണ്ടി അക്ഷീണം യത്‌നിച്ച അദ്ദേഹത്തിന്റെ മറ്റു മതങ്ങളോടുള്ള സമീപനരീതിയും മനോഭാവവും എടുത്തുപറയേണ്ടതാണ്.
പഞ്ഞിക്കാരനച്ചന്റെ പ്രേഷിത ഉണര്‍വ്, വേദപ്രചാരത്തിന്റെ പ്രത്യേക മേഖലയില്‍ മാത്രം ഒതുങ്ങിനിന്നില്ല. യേശുവിന്റെ ജീവിതത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന, പഠിപ്പിക്കുക, പ്രസംഗിക്കുക, സുഖപ്പെടുത്തുക എന്നീ സൂക്തങ്ങള്‍ അദ്ദേഹം ആഴമായി ധ്യാനിച്ചിരിക്കണം. വൈദികജീവിതത്തിന്റെ ആരംഭം മുതല്‍ ആവേശോജ്ജ്വലമായ പ്രസംഗങ്ങളിലൂടെ തിരുസഭാമക്കളില്‍ പ്രേഷിത പ്രതിപത്തിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖ്യവും അദ്ദേഹം തട്ടിയുണര്‍ത്തിയിട്ടുണ്ട്.
പ്രസംഗചാതുരിയോടൊപ്പം ശക്തമായ തൂലികയും ആവേശപൂര്‍ണമായ പ്രേഷിത പ്രതിബദ്ധതയും സുവിശേഷവല്‍ക്കരണത്തിനായി നൂതനമാര്‍ഗങ്ങള്‍ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പ്രസിദ്ധീകരണ പ്രേഷിതത്വം പ്രധാന പ്രവര്‍ത്തനമേഖലയായി അദ്ദേഹം തിരഞ്ഞെടുത്തു.
മതത്തെക്കുറിച്ചും സത്യമാര്‍ഗത്തെക്കുറിച്ചും ശരിയായ ജ്ഞാനം ജനങ്ങള്‍ക്ക് നല്‍കുക എന്ന ആശയത്തിന് സംഘടിതമായ രൂപഭാവം `സത്യദീപ' ത്തിലൂടെ കൈവന്നപ്പോള്‍ കേരളസഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വും ഊര്‍ജ്ജസ്വലതയും നല്‍കുന്ന അനേകം ലേഖനങ്ങള്‍ പഞ്ഞിക്കാരനച്ചന്‍ സമ്മാനിച്ചു.
1936 ല്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ജൂബിലിസ്‌മാരകമായി `മലബാര്‍ മെയില്‍' ദിനപത്രം ആരംഭിച്ചപ്പോള്‍ അതിന്റെ മാനേജരായിരുന്ന പഞ്ഞിക്കാരനച്ചന്‍ ക്രൈസ്‌തവ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഈടുറ്റ ലേഖനങ്ങള്‍ സംഭാവന ചെയ്‌തിട്ടുണ്ട്. മാത്രമല്ല ചരിത്രപണ്‌ഡിതനായിരുന്ന പഞ്ഞിക്കാരനച്ചന്‍ കേരളസഭയ്‌ക്ക് തന്റെ ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും നല്‍കിയ സംഭാവനകള്‍ അവിസ്‌മരണീയമാണ്. മാര്‍തോമാ ശ്ലീഹായോടും സീറോ മലബാര്‍ സഭയോടും അന്യാദൃശ്യമായ സ്‌നേഹവും ഭക്തിയും ബഹുമാനവും കൈമുതലായുണ്ടായിരുന്ന അദ്ദേഹം സഭയുടെ അപ്പസ്‌തോലിക പാരമ്പര്യം നിഷേധിക്കുന്ന വ്യക്തികളെ ഖണ്‌ഡിക്കുമാറ് സഭയുടെയും സമുദായത്തിന്റെയും ചരിത്രം പഠിക്കുകയും ആവശ്യമായ വാദമുഖങ്ങളിലൂടെ തന്റെ നിഗമനങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തു.
`കേരളത്തിലെ സുറിയാനി സഭ' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന് റോമില്‍ ലഭിച്ച അംഗീകാരം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. ആധികാരികമായ പുസ്‌തകങ്ങളും ലേഖനങ്ങളും വഴി കേരള സുറിയാനി സഭയ്‌ക്ക് മാര്‍ഗദര്‍ശനം നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
അധഃകൃതരെയും കീഴ്‌ജാതിക്കാരെയും തിരുസഭാ തനയരുടെ സമൂഹത്തിലേക്കാനയിക്കുവാന്‍ സഭാവാതിലുകള്‍ തുറന്നു കൊടുത്ത ആ മനുഷ്യസ്‌നേഹി ഹൃദയവാതിലുകളും അവര്‍ക്കായി തുറക്കാന്‍ ആഹ്വാനം ചെയ്‌തു. ക്രൈസ്‌തവ സാഹോദര്യം ജാതിമതഭേദമെന്യേ സഹോദരങ്ങളിലേക്ക് ഒഴുക്കാന്‍ ഉചിതമായ മാര്‍ഗം ആതുരശുശ്രൂഷയാണ് എന്ന് മനസിലാക്കിയ അദ്ദേഹം ആ വഴിക്കും ശ്രദ്ധ തിരിച്ചു. തിരസ്‌കൃതരും പാവങ്ങളുമായ സഹോദരങ്ങള്‍ വൈദ്യസഹായം കിട്ടാതെ മരിക്കുന്ന കാഴ്‌ച പഞ്ഞിക്കാരനച്ചന് ഹൃദയഭേദകമായിരുന്നു. അവര്‍ക്ക് സൗജന്യചികിത്സ നല്‍കേണ്ടത് ക്രിസ്‌തീയ ഉപവിയുടെ ധര്‍മമായി അദ്ദേഹം കണ്ടു. സുഖപ്പെടുത്തുന്ന യേശുവിന്റെ കരങ്ങള്‍ `ധര്‍മഗിരി'യുടെ സ്ഥാപനത്തിലൂടെ രോഗികളിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
`ശരീരം വഴി ആത്മാവിലേക്ക്' എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവാക്യം. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും സാംക്രമികരോഗങ്ങളും പട്ടിണിയും ക്ലേശവും ഒട്ടേറെ പ്രതിബന്ധങ്ങള്‍ നല്‍കിയപ്പോഴും ദൈവികപ്രചോദനങ്ങളെ വിവേചിച്ചറിഞ്ഞ് പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയില്ല. ചീഞ്ഞളിഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ വ്രണങ്ങള്‍ സ്വന്തം കൈകള്‍കൊണ്ട് വച്ചുകെട്ടുമ്പോഴൊക്കെ `എനിക്കുതന്നെയാണ് ചെയ്‌തതുതന്നത്' (മത്താ.25:40) എന്ന തിരുവചനം അദ്ദേഹം ഓര്‍മിച്ചിരുന്നു. യേശുവിന്റെ ഉപവിയുടെയും കരുണയുടെയും കരങ്ങള്‍ രോഗികള്‍ക്ക് സന്നിഹിതമാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സുവിശേഷം പ്രസംഗിക്കുക മാത്രമല്ല ഒരു യഥാര്‍ത്ഥ മിഷനറിയുടെ ജീവിതലക്ഷ്യം. അത് ലക്ഷ്യമിടുന്നത് ദൈവരാജ്യസ്ഥാപനമാണ്. ഇത് നേടുന്നത് മാനവമക്കളുടെ സമഗ്രമായ വിമോചനത്തിലൂടെയാണ്.
61 വര്‍ഷത്തെ ജീവിതംകൊണ്ട് അനേകമായിരങ്ങളുടെ സമഗ്രവിമോചനം സാധിതമാക്കുവാന്‍ ദൈവദാസന്‍ പഞ്ഞിക്കാരനച്ചന് കഴിഞ്ഞു. ``ഉപരിപ്ലവമായ ബാഹ്യപ്രകടനങ്ങള്‍ നമുക്കാവശ്യമില്ല. കത്തോലിക്കാ പ്രവര്‍ത്തനത്തിന്റെ പ്രായോഗിക വശങ്ങളാണ് നമുക്കാവശ്യം'' എന്ന് ആഹ്വാനം ചെയ്‌ത പഞ്ഞിക്കാരനച്ചന്‍ പേരും പെരുമയും ആഗ്രഹിക്കാതെ, തന്റെ വിളിയോടും ഉത്തരവാദിത്വങ്ങളോടും പൂര്‍ണ നിഷ്‌ഠ പുലര്‍ത്തി.
പ്രേഷിത പ്രവര്‍ത്തനത്തില്‍ അധികമാരും കടന്നുചെല്ലാതിരുന്ന മേഖലകളില്‍ പുതിയ പാത തുറന്നു നല്‍കിയ അദ്ദേഹത്തിന്റെ കാല്‌പാടുകളെ പിന്തുടര്‍ന്ന് ജ്വലിക്കുന്ന ഹൃദയത്തോടെ പ്രേഷിതപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഓരോ ക്രൈസ്‌തവനും കടമയുണ്ടെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.