ജീവിതത്തിന്റെ ആഴമായ ബോധ്യങ്ങള്‍ക്ക് സാക്ഷ്യം നല്‍കാന്‍ ആഗ്രഹിക്കുന്ന ക്രൈസ്‌തവര്‍ വെബ് എന്ന ഡിജിറ്റല്‍ ശക്തിയെ വ്യക്തിഹത്യയ്‌ക്കുള്ള ഉപകരണമാക്കാനോ, വൈകാരികമായി മനുഷ്യനെ സ്വാധീനിക്കാനോ, ശക്തന്‍മാരുടെ അഭിപ്രായങ്ങളുടെ കുത്തകയാക്കാനോ അനുവദിക്കരുത്. ഡിജിറ്റല്‍ ലോകത്ത് ക്രിയാത്മകമായ സാന്നിധ്യം നന്മയ്‌ക്കായി ഉപയോഗിക്കാന്‍ ഞാന്‍
യുവാക്കളെ പ്രത്യേകമായി ക്ഷണിക്കുന്നു.
ഈ യുഗത്തിന്റെ ആശ്ചര്യകരമായ പ്രതിഭാസമായി മാധ്യമ ലോകത്ത് ഇന്റര്‍നെറ്റ് അതിന്റെ സാ മൂഹിക വിനിമയശൃംഖല തുറന്നതോടെയുണ്ടായ അഭൂതപൂര്‍വമായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഏതാനും ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്‌ക്കട്ടെ. വ്യവസായവിപ്ലവം ഉല്‌പാദനത്തിലും തൊഴിലാളികളുടെ ജീവിതചര്യയിലും ആഴമായ മാറ്റങ്ങള്‍ വരുത്തിയതുപോലെ, ആശയവിനിമയലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ഇ ന്നത്തെ ലോകത്ത് സാംസ്‌കാരികവും സാമൂഹികവുമായി പ്രകടമായ പുരോഗതിക്ക് വഴിതെളിയിക്കുന്നുണ്ട് എന്നതു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ആശയവിനിമയരീതികളില്‍ പു തിയ സാങ്കേതികത മാറ്റംവരുത്തുക മാത്രമല്ല, ആശയവിനിമയത്തെ പാടേ മാറ്റിമറിക്കുന്നതുകൊണ്ട് മ നുഷ്യന്‍ അതിവിപുലമായ ഒരു സാംസ്‌കാരിക പരിവര്‍ത്തനത്തിന്റെ യുഗസന്ധിയിലാണ് ജീവിക്കുന്നത്. വിവരസാങ്കേതികതയുടെ ഈ വിന്യാസം ആഗോളതലത്തില്‍ പുതിയ അറിവിനും ചിന്താധാരകള്‍ക്കും വഴിതുറക്കുകയും പണ്ടൊരിക്കലുമില്ലാത്ത തരത്തിലുള്ള ബന്ധങ്ങള്‍ രൂപീകരിക്കുന്നതിനും കൂട്ടായ്‌മ വളര്‍ത്തുന്നതിനും വേദിയൊരുക്കുകയും ചെയ്യുന്നു.
മാധ്യമങ്ങള്‍ തുറക്കുന്ന പുതിയ സാധ്യതകള്‍ ന മ്മെ ആശ്ചര്യപ്പെടുത്തുന്നു. അടുത്തകാലംവരെ അചിന്തനീയമായിരുന്ന അറിവിന്റെ പുതിയ ചക്രവാളങ്ങളാണ് ഇന്ന് നമ്മുടെ മുന്നില്‍ തുറക്കപ്പെടുന്നത്; അതുകൊണ്ടുതന്നെ ഈ ഡിജിറ്റല്‍ യുഗത്തില്‍ ആശയവിനിമയത്തിനുള്ള പ്രാമുഖ്യത്തെക്കുറിച്ച് അടിയന്തരവും ഗൗരവപൂര്‍വവുമായ വിചിന്തനം ആവശ്യമായിരിക്കുന്നു.
ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലുള്ള ബൃഹത്തായ സങ്കീര്‍ണ്ണതയ്‌ക്കും അനിതരസാധാരണമായ സാ ധ്യതകള്‍ക്കും അഭിമുഖീഭവിക്കുമ്പോഴാണ് ഈ ആ വശ്യകത നമുക്ക് കൂടുതല്‍ സ്‌പഷ്‌ടമാകുന്നത്. മനുഷ്യചാതുരിയുടെ എല്ലാ പരിശ്രമഫലങ്ങളും പോലെതന്നെ വിവരസാങ്കേതികതയുടെ സത്‌ഫലങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കുകയാണെങ്കില്‍ മ നുഷ്യന്റെ ഹൃദയാന്തരാളത്തില്‍ തിങ്ങിനില്‌ക്കുന്ന സത്യത്തിനും ഐക്യത്തിനും വേണ്ടിയുള്ള അഭിവാഞ്‌ഛയുടെ സഫലീകരണത്തിന് ഈ ഡിജിറ്റല്‍ വേദി വഴിതുറക്കുക തന്നെ ചെയ്യും.
ഡിജിറ്റല്‍ ലോകത്ത് ആശയങ്ങള്‍ സമൃദ്ധമായി സംപ്രേഷണം ചെയ്യുന്നതോടൊപ്പം, അറിവ് വ്യക്തിതലത്തില്‍ പങ്കുവയ്‌ക്കുന്ന ഒരു സാമൂഹികശൃംഖല ആവിഷ്‌കൃതമാവുകയാണ്. ഡിജിറ്റല്‍ ആശയവിനിമയപ്രക്രിയയില്‍ അറിവിന്റെ ഉത്‌പാദകനും ഉപഭോക്താവും തമ്മിലുള്ള പ്രകടമായ വ്യത്യാസം ഇല്ലാതാകുന്നതുവഴി ആശയവിനിമയം വസ്‌തുതകളുടെ കൈമാറ്റമെന്നതിനെക്കാള്‍ പങ്കുവയ്‌ക്കലി ന്റെ ഒരു നവരൂപമായിമാറുന്നു.
മാധ്യമലോകത്തെ ഈ നൂതന ബലതന്ത്രം ആശയവിനിമയ ശാസ്‌ത്രത്തിലുള്ള മനുഷ്യന്റെ താ ത്‌പര്യം വര്‍ദ്ധിപ്പിക്കുകയും അത് പങ്കുവയ്‌ക്കലും സംവാദവും സഹാനുഭാവവും ഐക്യദാര്‍ഢ്യവും ക്രിയാത്മകമായ ബന്ധങ്ങളുടെ രൂപീകരണവുമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മറുഭാഗത്ത് ആധുനികമാധ്യമങ്ങളുടെ വൈരുദ്ധ്യമാര്‍ന്ന പരിമിതികളില്‍ ഏകപക്ഷീയത, ഭാഗികത, അവാസ്‌തവികത, പൊങ്ങച്ചം എന്നിവ വ്യതിരിക്തമായി നില്‌ക്കുന്നുമുണ്ട്.
ആശയവിനിമയലോകത്തുണ്ടാകുന്ന തനിമയാ ര്‍ന്ന വ്യതിയാനങ്ങളും അവയുടെ വെല്ലുവിളികളും തങ്ങളുടെ ജീവിതത്തിന് പുതിയ ഉണര്‍വും ജി ജ്ഞാസയും നല്‌കുന്നതുകൊണ്ട് അവ ഏറെ ആ കാംക്ഷയോടെ അറിയാനും അനുഭവിക്കുവാനും പരിശ്രമിക്കുന്നത് യുവാക്കളാണ്. സാമൂഹികസമ്പര്‍ക്ക മാധ്യമശൃംഖലയുടെ സൃഷ്‌ട ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന യുവാക്കളുടെ കൂടുതലാ യ ഇടപഴകല്‍ വഴി അവരുടെ വ്യക്തിബന്ധങ്ങളുടെയും അവബോധങ്ങളുടെയും തലത്തില്‍ എടുക്കേണ്ട ശരിയായ തീരുമാനങ്ങളെക്കുറിച്ചും വ്യക്തിത്വത്തിന്റെ ആധികാരികതയെക്കുറിച്ചും ഡിജിറ്റല്‍വേദി പുതിയ ചോദ്യങ്ങള്‍ അവരോട് ഉന്നയിക്കുന്നുമുണ്ട്. ഡിജിറ്റല്‍ലോകത്ത് കൂടുതല്‍ വ്യാപരിക്കുന്ന വ്യക്തി ഏകാന്തതയുടെ സമാന്തരാസ്‌തിത്വത്തിലേക്ക് കടക്കുകയും യഥാര്‍ത്ഥ പ്രതീതിയുണര്‍ത്തുന്ന മാധ്യമസൃഷ്‌ടമായ ലോകത്തുമാത്രം ഒതുങ്ങിപ്പോകുന്ന അപകടം ഒഴിവാക്കുകയാണെങ്കില്‍, നല്ല വ്യക്തിബന്ധങ്ങള്‍ക്കും സംസര്‍ഗത്തിനുമുള്ള ആധികാരിക സരണിയാണ് സൈബര്‍ സ്‌പെയ്‌സ് അഥവാ കമ്പ്യൂട്ടര്‍ ഭൂമിക.
പരസ്‌പരബന്ധങ്ങള്‍ക്കും പങ്കുവയ്‌പിനും വേണ്ടിയുള്ള ഡിജിറ്റല്‍ ലോകത്തെ തിരച്ചിലില്‍ ആ ധികാരികമായിരിക്കാനും വിശ്വസ്‌തരായിരിക്കാനുമുള്ള വെല്ലുവിളി നേരിടുന്ന വ്യക്തി, വ്യാജമായ ഒ രു പൊതു ആകാരം അല്ലെങ്കില്‍ വ്യക്തിരൂപം സൃഷ്‌ടിക്കുന്ന മിഥ്യാബോധത്തിന് കീഴ്‌പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
പുതിയ സാങ്കതികവിദ്യകളിലൂടെ സ്വന്തം നാടിന്റെയും സംസ്‌കാരത്തിന്റെയും അതിരുകള്‍ക്കപ്പുറം എത്തിച്ചേര്‍ന്ന വ്യക്തി ലീനമായ ഒരു സുഹൃദ് വലയത്തിന്റെ പൂര്‍ണ്ണമായ പുതിയ ലോകം കെട്ടിപ്പടുക്കുന്നു. ഇത് മഹത്തായ ഒരവസരമാണെങ്കിലും ഏറെ ശ്രദ്ധയും അവബോധവും ആവശ്യപ്പെടുന്ന വലിയ അപകടസാധ്യതയും ഇതില്‍ പതിയിരിക്കുന്നുണ്ട്.
മാധ്യമസൃഷ്‌ടമായ ഈ പുതുലോകത്ത് ആരാണ് എന്റെ അയല്‍ക്കാരന്‍? മാധ്യമശൃംഖലയില്‍ അമിതമായി അനുദിനം ഇടപഴകി ജീവിക്കുന്നവര്‍ ചുറ്റുമുള്ളവര്‍ക്കും കൂടെവസിക്കുന്നവര്‍ക്കും ലഭ്യമല്ലാതാകുന്ന അപകടം അവിടെ അന്തര്‍ലീനമായിരിക്കുന്നില്ലേ? നാം ജീവിക്കുന്ന ലോകത്തുനിന്നും ഡിജിറ്റല്‍ സാങ്കേതികതയുടെയും വിനിമയത്തിന്റെയും ഏറെ വ്യത്യസ്‌തമായൊരു ലോകത്തേക്ക് മനസു തിരിയുന്നതുകൊണ്ട് അശ്രദ്ധരാകാനും ചിന്തകള്‍ പതറിപ്പോകാനും സാധ്യതയില്ലേ? അതുവഴി നമ്മുടെ പ്രത്യേക താത്‌്‌പര്യങ്ങളെക്കുറിച്ചു ചിന്തിക്കാനും ആഴമുള്ളതും ദൈര്‍ഘ്യമുള്ളതുമായ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും സമയം ഇല്ലാതാകുന്നില്ലേ? യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതിയുണര്‍ത്തുന്ന ഡിജിറ്റല്‍ ബന്ധങ്ങള്‍ വളരുമ്പോള്‍ യഥാര്‍ത്ഥവും സമീപസ്ഥവുമായ വ്യക്തിബന്ധങ്ങള്‍ ജീവിതത്തിന്റെ ഓരോ തലങ്ങളില്‍നിന്നും അകന്നുപോകാന്‍ പാടില്ലാത്തതാണ്.
ഡിജിറ്റല്‍ യുഗത്തില്‍ എല്ലാ മനുഷ്യരും ജീവിതത്തെക്കുറിച്ചുള്ള വിചിന്തനത്തിനും ആധികാരികതക്കും നിര്‍ബന്ധമായും ശ്രദ്ധചെലുത്തേണ്ടതാണ്. ഇന്നത്തെ സാമൂഹികസമ്പര്‍ക്ക മാധ്യമശൃംഖലയില്‍ സന്നിഹിതമായിരിക്കുന്ന ഊര്‍ജ്ജം തെളിയിക്കുന്നത്, ഓരോരുത്തരും എന്ത് വിനിമയം ചെയ്യുന്നുവോ അതില്‍ മുഴുകിയിരിക്കും എന്നാണ്. ആശയവിനിമയം ചെയ്യുമ്പോള്‍ മനുഷ്യന്‍ തന്റെ ലോകത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടും ആശയങ്ങളും പ്രത്യാശകളും ജീവിതലക്ഷ്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കുകയാണ് ചെയ്യുന്നത്. ഡിജിറ്റല്‍ സാങ്കേതികതയുടെ ലോകത്ത് ക്രൈസ്‌തവ സാന്നിധ്യത്തിന് പ്രസക്തിയുണ്ടെന്നാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്. അത് സത്യസന്ധവും സുതാര്യവും മറ്റുള്ളവരോട് ഉത്തരവാദിത്വപൂര്‍ണ്ണവും ബ ഹുമാനപൂര്‍വകവുമായ ഒരു ആശയവിനിമയശൈലിയായിരിക്കേണ്ടതാണ്. പുതിയ മാധ്യമങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുക എന്നത് മതാത്മകമായ ചിന്തകള്‍ മാധ്യമ മണ്‌ഡലങ്ങളില്‍ ഉള്‍ക്കൊള്ളിക്കുക എന്നു മാത്രമല്ല, മറിച്ച് ഓരോരുത്തരുടെയും ഡിജിറ്റല്‍ വ്യക്തിത്വവും മുന്‍ഗണനകളും തിരഞ്ഞെടുപ്പുകളും തീര്‍പ്പുകളും പൂര്‍ണ്ണമായും സുവിശേഷസാന്ദ്രമാക്കിക്കൊണ്ട്, പ്രത്യക്ഷമായി പ്രഘോഷിക്കാതെയാണെങ്കിലും നിരന്തരമായ ജീ വിതസാക്ഷ്യത്തിലൂടെ പ്രകടമാക്കേണ്ടതാണ്. വ്യാപ്‌തമായ ഡിജിറ്റല്‍ ലോകത്ത് നിരന്തരമായ സാക്ഷ്യത്തിലൂടെയല്ലാതെ സുവിശേഷം പ്രസംഗിക്കുവാനാവില്ല. ഡിജിറ്റല്‍ സാങ്കേതികതയുടെ പുതിയ ചുറ്റുപാടുകളിലും ആവിഷ്‌കരണരീതികളിലും ക്രൈസ്‌തവര്‍ അസ്വസ്ഥരാവാതെ പ്രത്യാശയോടെ പ്രതികരിക്കാനും ക്രിസ്‌തുവിനെ കര്‍ത്താവായി പ്രഘോഷിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. (1 പത്രോസ് 3:15).
ഡിജിറ്റല്‍ യുഗത്തിന്റെ സാങ്കേതികത ഉപയോഗിച്ച് ഇന്നത്തെ സാമൂഹികമാധ്യമശൃംഖലയുടെ ശൈലിയില്‍ സുവിശേഷസന്ദേശം ആവിഷ്‌കരിക്കു ക എന്നത് വലിയ വെല്ലുവിളിയാണ്. നാം പ്രഘോഷിക്കേണ്ട സത്യത്തിന്റെ മൂല്യം അതിന്റെ ജനപ്രീതിയിലോ, അതിനു ലഭിക്കുന്ന പൊലിമയിലോ അല്ല അടങ്ങിയിരിക്കുന്നത് എന്നാണ് ആദ്യമായി മനസ്സിലാക്കേണ്ട ഒരു വസ്‌തുത. സത്യം സ്വീകാര്യമാവുന്ന വിധത്തില്‍ ലഘൂകരിച്ചോ വെള്ളംചേര്‍ത്തോ നല്‌കുകയല്ല, മറിച്ച് അതിന്റെ സമഗ്രതയില്‍ പ്രഘോഷിക്കുകയാണു വേണ്ടത്. അത് ക്ഷണികമായ ഒരു ആകര്‍ഷണമാകുന്നതിനെക്കാള്‍ അനുദിനപോഷണമായി മാറേണ്ടതാണ്. സുവിശേഷസത്യം ഉപരിപ്ലവമായി ഉപയോഗിക്കേണ്ട ഒന്നല്ല, മറിച്ച് സ്വതന്ത്രമായ പ്രതികരണം ആവശ്യപ്പെടുന്ന ഒരു സമ്മാനമാണ്. യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതിയുണര്‍ത്തുന്ന ഒരു വെബ് പേജില്‍ സുവിശേഷം വിന്യസിക്കപ്പെടുമ്പോഴും, അത് ഈ ലോകയാഥാര്‍ത്ഥ്യങ്ങളില്‍ മാംസം ധരിക്കുകയും നാം അനുദിനം ഇടപഴകുന്ന സഹോദരങ്ങ ള്‍ക്കൊപ്പം ജീവിതബന്ധിയാക്കപ്പെടേണ്ടതുമാണ്. നേരിട്ടുള്ള മനുഷ്യബന്ധങ്ങളാണ് വിശ്വാസപ്രചാരണത്തിന് അടിസ്ഥാനമായി നില്‌ക്കുന്നത്.
ആത്മവിശ്വാസത്തോടും അറിവോടും അതോടൊപ്പം ഉത്തരവാദിത്വപൂര്‍ണ്ണമായ ക്രിയാത്മകതയോടുംകൂടെ ഈ ഡിജിറ്റല്‍ യുഗം തുറന്നുതന്നിട്ടുള്ള പരസ്‌പരബന്ധങ്ങളുടെ ശൃംഖലയില്‍ കണ്ണിചേരാന്‍ ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ഈ ഡിജിറ്റല്‍ കൂട്ടായ്‌മയില്‍ ആയിരിക്കുവാനുള്ള ആഗ്രഹ നിര്‍വൃതിക്കുവേണ്ടി മാത്രമല്ല, പരസ്‌പരബന്ധങ്ങളുടെ ഈ നവശൃംഖല മനുഷ്യജീവന്റെ സമഗ്രഭാഗമായിതീര്‍ന്നിരിക്കുന്നതുകൊണ്ടുമാണ് ഈ പ്രത്യേക ക്ഷണം ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്നത്. വെബും ഡിജിറ്റല്‍ ലോകവും മാനവകുലത്തിന് നവവും സങ്കീര്‍ണ്ണവുമായ ബുദ്ധിയുടെയും ആത്മീയതയുടെയും പുരോഗതിക്കായുള്ള പങ്കുവയ്‌ക്കലിന്റെ പുതിയചക്രവാളങ്ങള്‍ വിരിയിക്കുന്നു. ക്രിസ്‌തു ദൈവമാണെന്നും കാലത്തിന്റെ തികവില്‍ എല്ലാം പൂര്‍ത്തീകരിക്കുന്നവനാണെന്നും (എഫേ. 1:10), മനുഷ്യകുലത്തിന്റെയും ചരിത്രത്തിന്റെയും രക്ഷകനാണെന്നുമുള്ള വിശ്വാസം ഈ നവശൃംഖലയില്‍ പ്രഘോഷിക്കാന്‍ ക്രൈസ്‌തവര്‍ വിളിക്കപ്പെട്ടിരിക്കുന്നു.
അതിവേഗം ഹൃദയത്തെ പ്രചോദിപ്പിക്കുകയും മനസ്സിനെ ചലിപ്പിക്കയും ചെയ്യുന്ന ആദരണീയവും സചേതനവുമായ ഒരു ആശയവിനിമയമാണ് സുവിശേഷപ്രഘോഷണത്തിനാവശ്യം; എമ്മാവൂസിലേക്കു പുറപ്പെട്ടുപോയ ശിഷ്യന്മാരുടെ ഹൃദയത്തെ ഉത്ഥിതനായ ക്രിസ്‌തു തൊട്ടുണര്‍ ത്തിയതുപോലുള്ള ഒരാശയവിനിമയമാണിവിടെ വേണ്ടത് (ലൂക്കാ 24, 13-35). ക്രിസ്‌തുവിന്റെ സംവാദശൈലിയിലുള്ള സമീപനം വഴിയും ഹൃദയങ്ങളെ ലോലമായി സ്‌പര്‍ശിക്കുന്ന അവിടുത്തെ രീതികൊണ്ടും ദൈവികരഹസ്യങ്ങളിലേക്ക് അവരുടെ ഹൃദയങ്ങള്‍ മെല്ലെ തുറക്കപ്പെട്ടു.
ഏറെ ജനപ്രീതിയുണര്‍ത്തുന്ന സാമൂഹികസമ്പര്‍ ക്ക മാധ്യമശൃംഖലയില്‍ പ്രതിഫലിച്ചുകാണുന്ന മനുഷ്യന്റെ പരസ്‌പരബന്ധത്തിനും കൂട്ടായ്‌മയ് ക്കും ജീവിതാര്‍ത്ഥത്തിനും വേണ്ടിയുള്ള തീക്ഷ്‌ണമായ അഭിലാഷം ആത്യന്തികമായ ഒരപഗ്രഥനത്തില്‍ സത്യമാകുന്ന ക്രിസ്‌തുവാണ്. തങ്ങളുടെ ജീവിതത്തിന്റെ ആഴമായ ബോധ്യങ്ങള്‍ക്ക് സാ ക്ഷ്യം നല്‍കാന്‍ ആഗ്രഹിക്കുന്ന ക്രൈസ്‌തവര്‍ വെ ബ് എന്ന വലിയ ഡിജിറ്റല്‍ ശക്തിയെ വ്യക്തിഹത്യയ്‌ക്കുള്ള ഉപകരണമാക്കാനോ, വൈകാരികമായി മനുഷ്യനെ സ്വാധീനിക്കാനോ, ശക്തന്‍മാരുടെ അഭിപ്രായങ്ങളുടെ കുത്തകയാക്കാനോ അനുവദിക്കരുത്. മറിച്ച്, എല്ലാവരിലുമുള്ള അഭൗമ സ ന്തോഷത്തിനുള്ള ആഗ്രഹവും എന്നും നിലനില്‌ക്കേണ്ട ജീവന്റെ നന്മയാര്‍ന്ന ഭാവത്തിനുള്ള അഭിവാഞ്‌ഛയും പരിപോഷിപ്പിക്കുന്ന ശൃംഖലയായി അതിനെ വളര്‍ത്തണം.
അന്യൂനമായ മാനുഷിക ആത്മീയ അഭിവാഞ്‌ഛയാണ് ജീവിതത്തില്‍ സത്യത്തിനും കൂട്ടായ്‌മയ്‌ക്കും ആവേശം പകരുകയും സുതാര്യമായും ആര്‍ജ്ജവത്തോടുകൂടിയും ആശയവിനിമയം ചെയ്യാന്‍ നമ്മെ പ്രചോദിപ്പിക്കുന്നത്. ഡിജിറ്റല്‍ ലോകത്ത് ക്രിയാത്മകമായ സാന്നിധ്യം നന്മയ്‌ക്കായി ഉപയോഗിക്കാന്‍ ഞാന്‍ യുവാക്കളെ പ്രത്യേകമായി ക്ഷണിക്കുന്നു.
ഏവര്‍ക്കും എന്റെ അപ്പസ്‌തോലിക ആശിര്‍വാദം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.