Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 10 February 2012 13:52

നന്മ തിന്മകള്‍ ചെയ്യുന്നവര്‍ക്ക് പുനരുത്ഥാനമുണ്ട്...

Written by  ഫാ. ജോസഫ് വയലില്‍ CMI
Rate this item
(0 votes)

ഇതര ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ആത്മാവ്, പുനരുത്ഥാനം, വിധി, മരണാനന്തരമുള്ള അനശ്വരമായ ജീവിതം എന്നിവ. പുനരുത്ഥാനം ദൈവനിശ്ചയമാണ്. അതിനാല്‍ എല്ലാവരും അതിന് വിധേയപ്പെടേണം. വിധിക്കുന്നത് യേശുവാണ്. യോഹന്നാന്‍ 5:22-23 ല്‍ നാം വായിക്കുന്നു: ''പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്ന് പുത്രനെ ഏല്‍പിച്ചിരിക്കുന്നു.'' യോഹന്നാന്‍ 5:27 ല്‍ യേശു പറയുന്നു: ''മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവന് നല്‍കിയിരിക്കുന്നു. വിധിക്കുന്നതിനുള്ള മാനദണ്ഡം ദൈവത്തിന്റെ കല്‍പനകളാണ്. ചില കാര്യങ്ങള്‍ ചെയ്യണമെന്നും ചില കാര്യങ്ങള്‍ ചെയ്യരുതെ ന്നും ഈ കല്‍പനകളിലൂടെ ദൈവം നിര്‍ദ്ദേശിക്കുന്നു. ചെയ്യണമെന്ന് ദൈവം പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നത് വിധി അനുകൂലമാകുന്നതിനും ചെയ്യരുത് എന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നത് വിധി പ്രതികൂലമാകുന്നതിനും കാരണമാകും.'' യോഹന്നാന്‍ 5:29 വായിക്കുക: ''അപ്പോള്‍ നന്മ ചെയ്തവന്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവന്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും.'' മത്തായി 18:21-35 വചനങ്ങളില്‍ നിര്‍ഭയനായ ഭൃത്യന്റെ ഉപമ യേശു പറയുന്നു. പതിനായിരം താലന്ത് കടം ഇളച്ചു കിട്ടിയ ആള്‍ നൂറു ദനാറയുടെ കടത്തിന് അവധിപോലും നല്‍കാന്‍ തയാറാകുന്നില്ല. കടം കിട്ടുന്നതുവരെ സഹസേവകനെ അവന്‍ കരാഗൃഹത്തിലിട്ടു. ഇതറിഞ്ഞ യജമാനന്‍, ഇളച്ചുകൊടുത്ത പതിനായിരം താലന്ത് കടത്തിന്റെ ഇളച്ചുകൊടുക്കല്‍ റദ്ദാക്കി ആ ഭൃത്യനെ പതിനായിരം താലന്ത് അടച്ചുവീട്ടുന്നതുവരെ ജയിലിലാക്കി. ജയിലിന് പുറത്തായിരുന്നപ്പോള്‍ അടച്ചുവീട്ടാന്‍ കഴിയാത്ത കടം ജയിലില്‍ കിടന്നുകൊണ്ട് അടച്ചുവീട്ടുക നടപ്പില്ലല്ലോ. ലൂക്കാ 16:19-31 ല്‍ ധനവാന്റെയും ലാസറിന്റെയും ഉപമവഴിയും യേശു ബോധ്യപ്പെടുത്തുന്നത് പ്രവൃത്തികള്‍ക്ക് അനുസരിച്ചാണ് വിധിയും മരണാനന്തരജീവിതവും എന്നാണ്. ലൂക്കാ 20:37 ല്‍ നാം വായിക്കുന്നു: മോശപോലും മുള്‍പ്പടര്‍പ്പില്‍ വച്ച് കര്‍ത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട് മരിച്ചവര്‍ ഉയിര്‍ക്കുമെന്ന് കാണിച്ചുതന്നിട്ടുണ്ട്. പത്രോസിന്റെ രണ്ടാം ലേഖനം 1:5-11 വചനങ്ങളും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധാര്‍ഹമാണ്: ഇക്കാരണത്താല്‍, നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും സുകൃതത്തെ ജ്ഞാനംകൊണ്ടും ജ്ഞാനത്തെ ക്ഷമകൊണ്ടും ക്ഷമയെ ഭക്തികൊണ്ടും ഭക്തിയെ സഹോദരസ്‌നേഹംകൊണ്ടും സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്സാഹിക്കുവിന്‍. ഇവ നിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്ധമാവുകയും ചെയ്താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് സഹായിക്കും. കാഴ്ചയില്ലാത്തവന്‍ അന്ധനും ഹ്രസ്വദൃഷ്ടിയും പഴയ പാപങ്ങളില്‍നിന്ന് ശുദ്ധീകരിക്കപ്പെട്ടു എന്ന കാര്യം വിസ്മരിക്കുന്നവനും ആണ്. ആകയാല്‍, സഹോദരരെ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ ഉത്സാഹം ഉള്ളവര്‍ ആയിരിക്കുക. ഇങ്ങനെ ചെയ്താല്‍, ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരരാജ്യത്തിലേക്ക് നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും. 2.പത്രോസ് 2:4-6 വചനങ്ങള്‍ ഇങ്ങനെയാണ്: പാപം ചെയ്ത ദൂതന്മാരെ ദൈവം വെറുതെ വിട്ടില്ല. വിധി ദിനം വരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ കുഴിയിലേക്ക് തള്ളിവിട്ടു.ദുഷ്ടരുടെമേല്‍ ജലപ്രളയം അയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്ന് കാരുണ്യം കാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടി അവിടുന്ന് കാത്തുസൂക്ഷിച്ചു. സോദോം, ഗോമോറ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട് അവിടുന്ന് അവയിലെ ജനങ്ങളെ ശിക്ഷിച്ചു. അങ്ങനെ, ദൈവഭയം ഇല്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്ന് ഒരു ഗുണപാഠം നല്‍കി. മത്തായി. 25:31-46 അന്ത്യവിധിയെക്കുറിച്ചുള്ള വിവരണമാണ്. തന്റെ രണ്ടാമത്തെ ആഗമനദിവസം സകലരെയും ഉയിര്‍പ്പിച്ച് യേശു തന്റെ മുമ്പില്‍ ഹാജരാക്കും. തുടര്‍ന്ന് അവരെ രണ്ട് വിഭാഗങ്ങളായി തിരിക്കും. വലതുവശത്ത് ഉള്ളവരെ അനുഗ്രഹിക്കപ്പെട്ടവരേ എന്ന് വിളിച്ച് അഭിസംബോധന ചെയ്യും. ജീവിച്ചിരുന്ന കാലത്ത് അവര്‍ ചെയ്ത സല്‍പ്രവൃത്തികളെ പ്രതിയാണ് അനുഗ്രഹീതരേ എന്ന് അവരെ വിളിക്കുക. ലോകസ്ഥാപനം മുതല്‍ ഒരുക്കിയിരിക്കുന്ന രാജ്യം അവര്‍ക്ക് നല്‍കും. രണ്ടാമത്തെ കൂട്ടരെ ഇടതുവശത്ത് നിര്‍ത്തും. ശപിക്കപ്പെട്ടവരേ എന്നാണ് അവരെ അഭിസംബോധന ചെയ്യുക. നിത്യനരകത്തിലേക്ക് അവരെ പറഞ്ഞയക്കും എന്നാണ് യേശു പറയുന്നത്.

അതിനാല്‍, മരണശേഷം യേശു എല്ലാവരെയും ഉയിര്‍പ്പിക്കും. യേശുവിന്റെ മുമ്പില്‍ എല്ലാവരും കൂട്ടപ്പെടും. ഓരോരുത്തരുടെയും പ്രവൃത്തികള്‍ അനുസരിച്ച് യേശു ഓരോരുത്തരെയും വിധിക്കും. പ്രവൃത്തികള്‍ അനുസരിച്ച് സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ വിടും. ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം അഭിമുഖീകരിക്കേണ്ടവരാണ് നാം. നന്മ ചെയ്യാന്‍ അവസരം കിട്ടുമ്പോള്‍ നന്മ ചെയ്യാനും തിന്മ ചെയ്യാന്‍ പ്രേരണ ഉണ്ടാകുമ്പോള്‍ അത് ചെയ്യാതിരിക്കാനും നമുക്ക് സാധിക്കണം. ഇങ്ങനെ ചെയ്യേണ്ടത്, പ്രധാനമായും മറ്റുള്ളവര്‍ക്കുവേണ്ടിയല്ല; അവനവനുവേണ്ടിത്തന്നെയാണ്. ഇതിനെ സ്വാര്‍ത്ഥതയായി കണ്ടാലും കുഴപ്പമല്ല. അവനവന് ഏറ്റവും ഗുണകരമായത് തെരഞ്ഞെടുക്കലാണല്ലോ സ്വാര്‍ത്ഥത. എങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ എത്താന്‍ വേണ്ടത് ചെയ്യുക എന്നതല്ലേ (അഥവാ നരകത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടത് ചെയ്യുക എന്നതല്ലേ) ഏറ്റവും വലിയ സ്വാര്‍ത്ഥത ആകേണ്ടത്? പക്ഷേ, ഈ സ്വാര്‍ത്ഥതപോലും പലര്‍ക്കും ഇല്ലല്ലോ എന്നത് സങ്കടകരമല്ലേ? ഭീതികരമല്ലേ?

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.