Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 03 February 2012 11:33

ക്രൂശിതന്‍ നല്‍കുന്ന ദര്‍ശനങ്ങള്‍

Written by  ഫാ. ജോസഫ് വയലില്‍ CMI
Rate this item
(1 Vote)

സംഖ്യയുടെ പുസ്തകം 21-ാം അധ്യായം ഒന്നുമുതല്‍ ഒമ്പതുവരെ വചനങ്ങളില്‍ വിവരിച്ചിരിക്കുന്ന സംഭവം, നിക്കൊദേമൂസുമായുള്ള സംസാരമധ്യേ യേശു ഉദ്ധരിക്കുന്നുണ്ട്. ആ സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. ഈജിപ്തില്‍നിന്ന് പുറപ്പെട്ട ഇസ്രായേല്‍ ജനം ഇസ്രായേലിലേക്ക് ഉള്ള യാത്രയിലാണ്. ഇസ്രായേല്‍ക്കാര്‍ അത്താറിംവഴി വരുന്നുണ്ട് എന്ന് കേട്ട അരാദിലെ രാജാവ് ഇസ്രായേലിനോട് യുദ്ധത്തിന് പോയി. യുദ്ധം ചെയ്ത് കുറെ ഇസ്രായേല്‍ക്കാരെ തടവുകാരാക്കി. എന്നാല്‍, ഇസ്രായേലിന്റെ പ്രാര്‍ത്ഥന കേട്ട് കര്‍ത്താവ് അരാദിലെ രാജാവിനെ തോല്‍പ്പിച്ചു. തുടര്‍ന്ന് യാത്ര ചെയ്യുമ്പോള്‍ ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കും എതിരായി അവര്‍ സംസാരിച്ചു. അവര്‍ മോശയോട് ചോദിച്ചു: ഈ മരുഭൂമിയില്‍ വസിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്ന് കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല. വിലകെട്ട ഈ അപ്പം തിന്ന് ഞങ്ങള്‍ മടുത്തു. അപ്പോള്‍ കര്‍ത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്നേയസര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് വളരെയധികം ഇസ്രായേല്‍ക്കാര്‍ മരിച്ചു. അപ്പോള്‍ ജനം മോശയുടെ അടുത്തുവന്ന് പറഞ്ഞു: അങ്ങേക്കും കര്‍ത്താവിനുമെതിരായി സംസാരിച്ച് ഞങ്ങള്‍ പാപം ചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കണമേ. മോശ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് മോശയോട് അരുളിചെയ്തു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തിനിര്‍ത്തി. ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.

ഈ പഴയനിയമസംഭവം സൂചിപ്പിച്ചശേഷം യേശു പറയുന്ന യോഹന്നാന്‍ 3:14 വാചകം ശ്രദ്ധാര്‍ഹമാണ്. മോശ മരുഭൂമിയല്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ഇസ്രായേല്‍ജനത്തിന് സര്‍പ്പദംശനമേറ്റത്? അവര്‍ ദൈവത്തിനും മോശയ്ക്കും എതിരായി പാപം ചെയ്തതുകൊണ്ടാണ് ദൈവം അവരെ കടിക്കുവാനായി ആഗ്നേയ സര്‍പ്പങ്ങളെ അയച്ചത്. പാമ്പിന്റെ രംഗപ്രവേശനവും കടിയും മരണവും മനുഷ്യന്റെ പാപത്തിന്റെ ഫലങ്ങളാണ്. ജനം അനുതപിക്കുകയും ദൈവകല്‍പന പ്രകാരം ഉണ്ടാക്കി മോശ ഉയര്‍ത്തിപ്പിടിച്ച പിച്ചളസര്‍പ്പത്തെ നോക്കുകയും ചെയ്തപ്പോള്‍ ജനത്തിന് സര്‍പ്പശല്യം ഒഴിവായി.

മോശ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തിയ പിച്ചളസര്‍പ്പം കുരിശില്‍ തറയ്ക്കപ്പെടാനിരിക്കുന്ന തന്റെ പ്രതിരൂപം ആയിരുന്നു എന്നാണ് യേശു പഠിപ്പിച്ചത്. പിച്ചളസര്‍പ്പത്തെ ഉണ്ടാക്കേണ്ടിവന്നതും വടിയില്‍ ഉയര്‍ത്തി നിര്‍ത്തേണ്ടിവന്നതും മനുഷ്യരുടെ പാപങ്ങള്‍ മൂലമാണ്. ഉയര്‍ത്തി നിര്‍ത്തിയ സര്‍പ്പത്തെ നോക്കിയവര്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇത് യേശുവിലൂടെ നടക്കാനിരിക്കുന്ന നിത്യമരണത്തില്‍നിന്നുള്ള മോചനത്തിന്റെ പ്രതിരൂപമായിരുന്നു. യേശു മനുഷ്യനായി അവതരിച്ചതും കുരിശില്‍ തറയ്ക്കപ്പെട്ടതും കുരിശോടുകൂടി യേശു ഉയര്‍ത്തപ്പെട്ടതുമെല്ലാം മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമായിട്ടാണ്. കുരിശില്‍ തൂക്കപ്പെട്ട യേശുവിന്റെ സഹന-മരണങ്ങളിലൂടെയാണ് പാപികളായ മനുഷ്യര്‍ക്ക് പാപമോചനവും നിത്യശിക്ഷയാകുന്ന മരണത്തില്‍നിന്ന് മോചനവും ലഭിച്ചത്.

യേശുവില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെയും ആത്മാവ് നശിച്ചുപോകരുത് എന്ന് ദൈവം ആഗ്രഹിക്കുന്നു (യോഹ. 16). യേശുവില്‍ വിശ്വസിക്കുക എന്നാല്‍ യേശുവിനെ സ്‌നേഹിക്കുക എന്നാണ് അര്‍ത്ഥമെന്ന് യോഹന്നാന്‍ 3:19 വ്യക്തമാക്കുന്നു. സ്‌നേഹിക്കുന്ന വ്യക്തി, സ്‌നേഹിക്കപ്പെടുന്ന വ്യക്തിയുടെ ഇഷ്ടം അനുസരിക്കുവാന്‍ ശ്രമിക്കും. ഇതുപോലെ, യേശുവിനെ വിശ്വസിക്കുന്നവര്‍ യേശുവിനെ സ്‌നേഹിക്കുകയും യേശുവിന്റെ വചനങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യും. അങ്ങനെയുള്ളവര്‍ ചെയ്യുന്ന പാപങ്ങളുടെ എണ്ണം കുറയും. ചെയ്യുന്ന പാപങ്ങളെ ഓര്‍ത്ത് അനുതപിച്ച് പാപമോചനം നേടും. അങ്ങനെ അവര്‍ നിത്യനരകത്തില്‍നിന്ന് രക്ഷനേടും. കുരിശില്‍ മരിച്ച യേശുവിലൂടെയാണ് നിത്യനരകത്തില്‍നിന്നുള്ള മോചനം ലഭിക്കുന്നത്. കുരിശുമരണം വഴി നരകത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന യേശുവിനോട് നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു; യേശുവിനെ എന്തുമാത്രം നാം സ്‌നേഹിക്കേണ്ടിയിരിക്കുന്നു.

പാപം ചെയ്ത ഓരോരുത്തരും അനുതാപത്തോടെ കുരിശില്‍ കിടക്കുന്ന യേശുവിലേക്ക് നോക്കണം. ചിലര്‍ അനുതാപം ഉണ്ടാകുമ്പോഴാണ് കുരിശില്‍ കിടക്കുന്ന യേശുവിലേക്ക് നോക്കുന്നതെങ്കില്‍, മറ്റു ചിലര്‍ കുരിശില്‍ കിടക്കുന്ന യേശുവിനെ നോക്കുമ്പോഴാണ് അനുതാപത്തിലേക്ക് വരുന്നത്. യേശുവിനെ കുരിശില്‍ തറയ്ക്കുകയും യേശുവിന്റെ മരണത്തിന് സാക്ഷിയാവുകയും ചെയ്ത ശതാധിപന്‍ പറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ നീതിമാനായിരുന്നു. കുരിശില്‍ മരിക്കുന്ന യേശുവിലേക്ക് നോക്കിയപ്പോഴാണ് ശതാധിപന് പശ്ചാത്താപം ഉണ്ടായത്.

കുരിശും അതില്‍ കിടക്കുന്ന യേശുവും ആണ് ഏറ്റവും പ്രധാന പാഠപുസ്തകങ്ങളും ഏറ്റവും നല്ല അധ്യാപകരും. കുരിശും ക്രൂശിതനും തരുന്നിടത്തോളം അറിവും ആത്മീയദര്‍ശനങ്ങളും മറ്റൊന്നും നല്‍കുകയില്ല. ഉദാഹരണത്തിന്, ഇങ്ങനെ പരീക്ഷിച്ചുനോക്കാന്‍ പറ്റും: കുരിശിലേക്ക്, അഥവാ ക്രൂശിതനിലേക്ക് വെറുതെ നോക്കിക്കൊണ്ടിരിക്കുക. എല്ലാ ദിവസവും കുറച്ചു സമയം അങ്ങനെ നോക്കിക്കൊണ്ടിരുന്നാല്‍, നമ്മില്‍ പല മാറ്റങ്ങളും സംഭവിക്കും.

സൗഖ്യവും ശക്തിയും പുതിയ ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളും പാപബോധവും പശ്ചാത്താപവും നല്‍കാന്‍ കുരിശിനും ക്രൂശിതനും കഴിയും. കുരിശിനെയും ക്രൂശിതനെയും രക്ഷയുടെ അടയാളങ്ങളായി നമുക്ക് സ്വീകരിക്കാം.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.