കഫര്‍ണാം യേശു ഏറ്റവും കൂടുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച സ്ഥലമാണ്. യേശുവിന്റെ സ്വന്തം പട്ടണം ആയിട്ടാണ് കഫര്‍ണാം അറിയപ്പെടുന്നത്. പത്രോസ് ശ്ലീഹ താമസിച്ചിരുന്ന വീടും കഫര്‍ണാമിലായിരുന്നു. കഫര്‍ണാമില്‍വച്ചാണ് യേശു പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയത്. ഒരു ഗെയ്റ്റ് കടന്നുവേണം യേശുവിന്റെ സ്വന്തം നഗരമായ കഫര്‍ണാമിലേക്ക് പ്രവേശിക്കുവാന്‍. ആ ഗെയ്റ്റില്‍ ഇങ്ങനെ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്: 'കഫര്‍ണാം: ദി സിറ്റി ഓഫ് ജീസസ്.' ഈ ഗെയ്റ്റ് കടന്ന് കഫര്‍ണാം നഗരം കാണാന്‍ ചെല്ലുന്ന ആരുടെയും ഹൃദയവും മനസും ഭാരപ്പെടും. കാരണമിതാണ്: യേശുവിന്റെ സ്വന്തം പേരിലറിയപ്പെടുന്ന നഗരം ശൂന്യമാണ്. അവിടെ മനുഷ്യവാസമില്ല. യേശു ജീവിച്ചിരുന്ന കാലത്തെ വീടുകളുടെ തറക്കല്ലുകളും യേശു പഠിപ്പിച്ച സിനഗോഗിന്റെ ഭാഗങ്ങളും ആണ് കാണാന്‍ കഴിയുക. നൂറുകണക്കിന് വീടുകളുടെ തറക്കല്ലുകള്‍ കാണാം. പിന്നെ കാണുന്ന ഏകകെട്ടിടം ഒരു ദേവാലയമാണ്. പത്രോസിന്റെ വീടിരുന്ന സ്ഥലത്ത് പണിതിരിക്കുന്ന ദേവാലയം. ഈ ദേവാലയവും കഫര്‍ണാം കാണാന്‍ വരുന്ന സന്ദര്‍ശകരും മാത്രം ഉള്ളതാണ് ഇന്നത്തെ കഫര്‍ണാം- ദി സിറ്റി ഓഫ് ജീസസ്.
ഈ കഫര്‍ണാമില്‍ യേശു ചെയ്ത ഒരു അത്ഭുതത്തിന്റെ വിവരണവും അതിനോടുള്ള ജനങ്ങളുടെ പ്രതികരണവുമാണ് മര്‍ക്കോസ് 1:21-28 വചനങ്ങളില്‍ നല്‍കിയിരിക്കുന്നത്. ഒരു മനുഷ്യനില്‍ നിന്നും അശുദ്ധാത്മാവിനെ പുറത്താക്കുന്നതാണ് യേശു പ്രവര്‍ത്തിച്ച അത്ഭുതം. അശുദ്ധാത്മാവിനെ ശാസിച്ചുകൊണ്ട് യേശു കല്‍പിച്ചു: അവനെ വിട്ട് പുറത്തുവരുക. അശുദ്ധാത്മാവ് ആ മനുഷ്യനെ തള്ളിയിട്ടശേഷം ഉച്ചസ്വരത്തില്‍ അലറിക്കൊണ്ട് പഉറത്തുവന്നു.
യേശു കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ അത്ഭുതം ചെയ്തത്. യേശുവിന്റെ പ്രബോധനം കേള്‍ക്കുകയും യേശു ചെയ്ത ഈ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്ത ജനങ്ങളുടെ പ്രതികരണങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു. യേശുവിന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. ഈ വിസ്മയത്തിന്റെ കാരണം ഇതായിരുന്നു: നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് യേശു പഠിപ്പിച്ചത്. യേശു പിശാചിനെ പുറത്താക്കിയപ്പോള്‍ ജനങ്ങള്‍ അത്ഭുതപ്പെട്ടു. ഇത്ര അധികാരത്തോടുകൂടിയ പ്രബോധനമാണല്ലോ എന്ന് അവര്‍ പരസ്പരം പറഞ്ഞു. അശുദ്ധാത്മാക്കളോടുപോലും അവന്‍ കല്‍പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നുവല്ലോ എന്നും അവര്‍ പരസ്പരം പറഞ്ഞു. അതായത് എല്ലാവരും അത്ഭുതപ്പെട്ടു. പിശാചിന്റെമേല്‍ പോലും യേശുവിന് അധികാരം ഉണ്ടെന്ന് മനസിലാക്കി. യേശുവും യേശുവിന്റെ പ്രബോധനത്തിന്റെ പ്രത്യേകതയും (അധികാരത്തോടുകൂടിയ പ്രബോധനം), യേശു ചെയ്ത അത്ഭുതങ്ങളും കഫര്‍ണാമില്‍ സംസാരവിഷയമായി. ഈ സംസാരം കഫര്‍ണാമിന് പുറത്ത് ഗലീലിയയുടെ സമീപപ്രദേശങ്ങളിലും പെട്ടെന്ന് വ്യാപിച്ചു.
എന്നാല്‍, നമ്മെ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യത്തിനുകൂടി കഫര്‍ണാം സാക്ഷിയാണ്. യേശുവിന്റെ പ്രബോധനം നിയമജ്ഞരുടേതുപോലെയല്ല, അധികാരത്തോടുകൂടിയതാണ് എന്ന് ജനം പറഞ്ഞത് ഓര്‍ക്കുക. യേശു ഏറ്റവും കൂടുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച പട്ടണങ്ങളാണ് കൊറാസിന്‍, ബെത്‌സയ്ദാ, കഫര്‍ണാം എന്നിവ (മത്തായി 11:20-24). യേശുവിന്റെ പ്രബോധനം അധികാരത്തോടുകൂടിയതാണ് എന്ന് മനസിലാക്കിയിട്ടും, പിശാച് അടക്കം എല്ലാറ്റിന്റെയുംമേല്‍ യേശുവിന് അധികാരം ഉണ്ടെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ട് കഫര്‍ണാം അടക്കമുള്ള പട്ടണം അന്യംനിന്നുപോയി?
മത്തായി 11:20-24 വചനങ്ങള്‍ അതിന് ഉത്തരം നല്‍കുന്നു എന്നതിനാല്‍ ആ വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കുകയാണ്: യേശു താന്‍ ഏറ്റവും കൂടുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കുവാന്‍ തുടങ്ങി. കൊറാസിന്‍, നിനക്ക് ദുരിതം! ബേത്‌സയ്ദാ നിനക്ക് ദുരിതം! നിന്നില്‍ നടന്ന അത്ഭുതങ്ങള്‍ ടയിറിനിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്ത് ചാരം പൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസം ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളം വരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അത്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍ അത് ഇന്നും നിലനില്‍ക്കുമായിരുന്നു. ഞാന്‍ നിന്നോട് പറയുന്നു: വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്റേതിനെക്കാള്‍ സഹനീയമായിരിക്കും.
യേശുവിന്റെ ഈ വാക്കുകളില്‍നിന്ന്, എന്തുകൊണ്ട് കഫര്‍ണാം മനുഷ്യവാസമില്ലാത്ത വിജനപ്രദേശമായി മാറി എന്ന് വ്യക്തമാണ്: യേശുവിന്റെ പ്രബോധനം അധികാരത്തോടുകൂടിയാണ് എന്നറിഞ്ഞിട്ടും കഫര്‍ണാംകാര്‍ യേശുവിനെ വിശ്വസിച്ചില്ല. യേശുവിന്റെ പഠനം സ്വീകരിച്ചില്ല. അതിനാല്‍ മാനസാന്തരപ്പെട്ടില്ല. അതിനാല്‍ ദൈവം ആ നഗരത്തെ ശിക്ഷിച്ചു. യേശുവിന്റെ സ്വന്തം പേരില്‍ അറിയപ്പെടുന്ന നഗരം ആയിരുന്നിട്ടുകൂടി യേശു പറഞ്ഞു: നീ പാതാളംവരെ താഴ്ത്തപ്പെടും. അത് അങ്ങനെ സംഭവിക്കുകയും ചെയ്തു. ഇസ്രായേലിലെ ഏറ്റവും വലിയ ജലസ്രോതസായ ഗലീലിയാ തടാകത്തില്‍ നിന്നും നടക്കാവുന്ന അത്ര അടുത്ത് കിടക്കുന്ന കഫര്‍ണാം മനുഷ്യരും മൃഗങ്ങളും വസിക്കാത്ത, യാതൊരു കൃഷിയുമില്ലാത്ത വിജനപ്രദേശമായി കിടക്കുന്നു. യേശുവിന്റെ വാക്കുകള്‍ക്ക് ശക്തിയുണ്ട് എന്ന് കടന്നുചെല്ലുന്ന സന്ദര്‍ശകരെ ഓര്‍മിപ്പിച്ചുകൊണ്ട് യേശുവിന്റെ കാലത്ത് ഉണ്ടായിരുന്ന വീടുകളുടെ അടിത്തറയും സിനഗോഗിന്റെ അവശിഷ്ടങ്ങളും അവിടെ നിലകൊള്ളുന്നു.
കഫര്‍ണാമും അവിടെവച്ച് യേശു നടത്തിയ പ്രബോധനങ്ങളും അവിടെവച്ച് ചെയ്ത അനേകം അത്ഭുതങ്ങളുമെല്ലാം നമുക്ക് പല ചിന്തകളും നല്‍കുന്നുണ്ട്.
അനുഗ്രഹമോ ശാപമോ ചൊരിഞ്ഞുകൊണ്ടുള്ള യേശുവിന്റെ വാക്കുകള്‍ സത്യമാകും എന്നതാണ് ഒന്നാമത്തെ കാര്യം. നിന്നെ ഞാന്‍ ഒരു വലിയ ജനതയാക്കും എന്ന് ഒരു കുട്ടിപോലും ഇല്ലാത്ത അവസ്ഥയില്‍ ദൈവം അബ്രാഹത്തിന് അനുഗ്രഹം കൊടുത്തു. അത് യാഥാര്‍ത്ഥ്യമായി. കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ ജറുസലേം ദേവാലയം നശിക്കും എന്ന ശാപം സത്യമായി. പാതാളത്തോളം നീ താഴ്ത്തപ്പെടുമെന്ന് കഫര്‍ണാമിനെ പറ്റി പറഞ്ഞത് സത്യമായി. ലോകത്തിന്റെ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ (മഗ്ദലനമറിയം) ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും (മത്തായി 26:13) എന്ന പ്രവചനം സത്യമായി. അതിനാല്‍ ഇക്കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം:
യേശുവിന്റെ പ്രബോധനം നല്ലതാണ് എന്ന് സമ്മതിച്ചാല്‍ പോര. അത് സ്വീകരിക്കണം. മാനസാന്തരം ആവശ്യമുണ്ടെങ്കില്‍ മാനസാന്തരപ്പെടണം. യേശുവിന് എല്ലാത്തിന്റെയുംമേല്‍ അധികാരം ഉണ്ടെന്ന് അറിഞ്ഞാല്‍ പോര. ആ അധികാരം ഉപയോഗിച്ച് നമ്മുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കണം. വിശ്വാസത്തിലും പ്രത്യാശയിലും വളരുവാനും മാനസാന്തരാനുഭവം ഉണ്ടാകുവാനും കഫര്‍ണാം സംഭവങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.