പഴയ നിയമത്തില്‍ ലേവ്യരുടെ പുസ്തകം ആദ്യത്തെ ഏ താനും അധ്യായങ്ങളില്‍ പലവിധത്തിലുള്ള ബലികളെപ്പറ്റി വിശദീകരിക്കുന്നുണ്ട്. ദഹനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, സമാധാനബലി എന്നിവയെപ്പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇവയില്‍ ദഹനബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി എന്നിവയെല്ലാം അ ര്‍പ്പിക്കേണ്ടത് ബലിമൃഗത്തെ കൊന്നുകൊണ്ടാണ്. അതായത്, മൃഗങ്ങളുടെ രക്തം ചിന്തിക്കൊണ്ടാണ്. ഹെബ്രായര്‍ ക്കുള്ള ലേഖനം 9:19-22 ഇങ്ങനെ പറയുന്നു: മോശ നിയമത്തിലെ ഓരോ കല്‍പനയും ജനങ്ങളോട് പ്രഖ്യാപിച്ചപ്പോള്‍ അവന്‍ പശുക്കിടാങ്ങളുടെയും ആടുകളുടെയും രക്തം ജലത്തില്‍ കലര്‍ത്തി ചെമന്ന ആട്ടിന്‍രോമവും ഹിസോപ്പ് ചെടിയും ഉപയോഗിച്ച് പുസ്തകത്തിന്മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ട് പറഞ്ഞു. ഇത് ദൈവം നിങ്ങളോട് കല്‍പിച്ചിരിക്കുന്ന ഉടമ്പടിയുടെ രക്തമാണ്. അപ്രകാരംതന്നെ കൂടാരത്തിന്മേലും ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളുടെമേലും ആ രക്തം അവന്‍ തളിച്ചു. നിയമ്രപകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനം ഇല്ല.
ഹെബ്രായ ലേഖനം 10:1-12 വരെ വചനങ്ങള്‍ പറയുന്നത് ശ്രദ്ധിക്കാം. നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍ മാത്രം ആണ്; അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നുവെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണരാക്കുവാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല. അവയ്ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ച് യാതൊരു അവബോധവും അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഈ ബലികള്‍ മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു. കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങള്‍ നീക്കിക്കളയുവാന്‍ സാധിക്കുകയില്ല.
ഇതിനാല്‍, അവന്‍ (യേശു) ലോകത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജീകരിച്ചിരിക്കുന്നു; ദഹനബലികളിലും പാപപരിഹാര ബലികളിലും അവിടുന്ന് സംപ്രീതനായില്ല. അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്ന് പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേത് സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പാപങ്ങള്‍ അകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ച് അര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ, പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമുള്ള ഏകബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി.
ഹെബ്രായ ലേഖനം 9:6-15 വചനങ്ങളും പഴയനിയമബലികളെപ്പറ്റിയും യേശുവിന്റെ ബലിയെപ്പറ്റിയും ഇങ്ങനെ പറയുന്നു: ഇവയെല്ലാം സജ്ജീകരിച്ചശേഷം പുരോഹിതന്മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ച് ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. രണ്ടാമത്തെ കൂടാരത്തിലാവട്ടെ, പ്രധാന പുരോഹിതന്‍ മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കുവാനുള്ള രക്തവുമായി ആണ്ടില്‍ ഒരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിരുന്നില്ലെന്ന് പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കുവാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്...
എന്നാല്‍, വരാനിരിക്കുന്ന നന്മകളുടെ പ്രധാന പുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍ പെടാത്തതുമായ കൂടാരത്തിലൂടെ അവന്‍ എന്നേക്കുമായി ശ്രീകോവിലില്‍ പ്രവേശിച്ചു. അവന്‍ അവിടെ പ്രവേശിച്ച് നിത്യരക്ഷ സാധിച്ചത് കോലാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്. കോലാടുകളുടെയും കാളക്കിടാങ്ങളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിന് തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കുവാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജീവ പ്രവൃത്തികളില്‍ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!
ഹെബ്രായ ലേഖനം 9:26-28 ഇങ്ങനെയാണ്: കാലത്തിന്റെ പൂര്‍ണതയില്‍ തന്നെത്തന്നെ ബലി അര്‍പ്പിച്ചുകൊണ്ട് പാപത്തെ നശിപ്പിക്കുവാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ഒരിക്കല്‍ മാത്രം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെ ക്രിസ്തുവും വളരെ പേരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു.
യേശുവിനെ സ്‌നാപകയോഹന്നാന്‍ ലോകത്തിന് പരിചയപ്പെടുത്തുന്ന ഭാഗമാണ് യോഹന്നാന്‍ 1:29-34 വചനങ്ങളില്‍ നാം വായിക്കുന്നത്. യേശു തന്റെ അടുത്തേക്ക് വരുന്നതുകണ്ട സ്‌നാപകയോഹന്നാന്‍ പറയുകയാണ്: ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. തന്റെ സഹനത്തിലൂടെയും മരണത്തിലൂടെയും യേശു ലോകത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തു. യേശു വഹിച്ചത് നമ്മുടെ പാപങ്ങള്‍ ആയിരുന്നു. യേശുവിന്റെ രക്തം സകല പാപങ്ങളില്‍നിന്നും നമ്മെ മോചിപ്പിച്ചിരിക്കുന്നു. യേശു എന്ന കുഞ്ഞാടിന്റെ മരണം വഴിയാണ് നമുക്ക് നിത്യരക്ഷ സാധ്യമാകുന്നത്.
അതിനാല്‍, യേശുവിനോട് നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു. യേശുവിനോട് നാം എന്തുമാത്രം നന്ദി ഉള്ളവരാകണം. യേശുവിന്റെ തിരുരക്തത്താല്‍ നമ്മുടെ പാപക്കറകള്‍ നാം കഴുകിക്കളയണം. യേശുവിന്റെ തിരുരക്തത്താല്‍ കഴുകണമേ എന്ന അര്‍ത്ഥം വരുന്ന പല ഗാനങ്ങളും പ്രാര്‍ത്ഥനകളും നമ്മള്‍ ഉപയോഗിക്കുന്നത് ഓര്‍ക്കാം. ഇത്തരം ഗാനങ്ങള്‍ ആലപിക്കുമ്പോഴും പ്രാര്‍ത്ഥനകള്‍ ചൊല്ലുമ്പോഴും ധാരാളം പേര്‍ക്ക് പശ്ചാത്താപം ഉണ്ടാകുന്നു; രോഗശാന്തികള്‍ ലഭിക്കുന്നു; ആന്തരികസൗഖ്യം കിട്ടുന്നു; പരിശുദ്ധാത്മാവിന്റെ അഭിഷേകം കിട്ടുന്നു.
ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ശരീരരക്തങ്ങള്‍ ആണ് ഓരോ ദിവ്യകാരുണ്യത്തിലും നാം സ്വീകരിക്കുന്നത്. വേണ്ടത്ര ഒരുക്കത്തോടും ഭക്തിയോടും പ്രാര്‍ത്ഥനയോടുംകൂടി ദിവ്യകാരുണ്യത്തില്‍ യേശുവിനെ സ്വീകരിച്ച് യേശു നല്‍കുന്ന രക്ഷയും സൗഖ്യവും നമുക്ക് കൂടുതല്‍ സ്വന്തമാക്കാന്‍ കഴിയും.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.