Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 14 January 2012 12:17

കര്‍ത്താവിന്റെ ആത്മാവ് ഉള്ള ശുശ്രൂഷകരുടെ പ്രസക്തി

Written by  ഫാ. ജോസഫ് വയലില്‍ CMI
Rate this item
(3 votes)

നസറത്തിലെ സിനഗോഗില്‍ ഒരു സാബത്ത് ദിവസം പ്രാര്‍ത്ഥിക്കുവാന്‍ എത്തിയ യേശു വേദപുസ്തകം വായിക്കുവാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം യേശുവിന് നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ താഴെ പറയുന്ന വചനങ്ങളാണ് യേശുവിന്റെ കണ്ണില്‍പ്പെട്ടത്. ആ വചനങ്ങള്‍ യേശു എല്ലാവരുടെയും മുമ്പില്‍ വായിക്കുകയും ചെയ്തു. പ്രസ്തുത വചനങ്ങള്‍ ഇതാ: കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.

യോര്‍ദ്ദാന്‍ നദിയില്‍ വച്ച് യേശു സ്‌നാപകയോഹന്നാനില്‍നിന്ന് മാമോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് യേശുവിനെ അഭിഷേകം ചെയ്തു. അതുകൊണ്ടാണ്, കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട് എന്ന് യേശു പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള വചനങ്ങളില്‍, എന്തിനുവേണ്ടിയാണ് യേശുവിനെ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്തത് എന്ന് യേശു പറയുകയാണ്. സുവിശേഷം പ്രസംഗിക്കുക, ബന്ധിതര്‍ക്ക് മോചനം നല്‍കുക, അന്ധര്‍ക്ക് കാഴ്ച നല്‍കുക, അടിച്ചമര്‍ത്തപ്പെട്ടവരെ സ്വതന്ത്രരാക്കുക, കര്‍ത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുക എന്നീ ദൗത്യങ്ങള്‍ക്കുവേണ്ടിയായിരുന്നു ഈ അഭിഷേകം.
പരസ്യജീവിതകാലത്ത് ഈ ലക്ഷ്യങ്ങളെല്ലാം യേശു പൂര്‍ത്തീകരിച്ചത് നാം കാണുന്നു. എല്ലായിടത്തും ചുറ്റിനടന്ന് സുവിശേഷം പ്രസംഗിച്ചു. പാപം, രോഗം, ആന്തരികമുറിവ്, തെറ്റിദ്ധാരണ, മുന്‍വിധി, വാശി, ശത്രുത, പക, പ്രതികാരചിന്ത തുടങ്ങിയവയുടെയെല്ലാം ബന്ധനത്തിലും തടവറയിലും ആയിരുന്ന അനേകരെ യേശു മോചിപ്പിക്കുകയും സ്വതന്ത്രരാക്കുകയും ചെയ്തു. യേശുവിനെ രക്ഷകനായി അങ്ങനെ ധാരാളംപേര്‍ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തു.

ബന്ധനത്തിന്റെ കാര്യത്തില്‍ യേശുവിന്റെ കാലത്തെ മനുഷ്യരുടെ അവസ്ഥയിലാണ് എല്ലാക്കാലത്തും മനുഷ്യര്‍. മേല്‍പറഞ്ഞതുപോലുള്ള എല്ലാത്തരം ബന്ധനങ്ങളും ഓരോരോ മനുഷ്യര്‍ക്ക് ഉണ്ട്. അതിനാല്‍, യേശുവിന്റെ മരണശേഷവും ലോകാവസാനംവരെയും സുവിശേഷം പ്രസംഗിക്കപ്പെടണം; പാപങ്ങള്‍ മോചിക്കപ്പെടണം; പാപം, രോഗം, പിശാച്, ആത്മീയമുറിവ്, അജ്ഞത, പക, പ്രതികാരചിന്ത തുടങ്ങിയവയുടെ ബന്ധനങ്ങളില്‍ ആയിരിക്കുന്നവര്‍ക്ക് മോചനം വേണം. അതിനായി യേശു അപ്പസ്‌തോലന്മാരെ തെരഞ്ഞെടുത്തു; അവരെയും പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്തു. ഈ അഭിഷേകത്തിന്റെ ശക്തിയാല്‍, യേശു ചെയ്ത അതേ കാര്യങ്ങള്‍ അപ്പസ്‌തോലന്മാരും ചെയ്തു. അവര്‍ വളരെ ഫലദായകമായവിധം സുവിശേഷം പ്രസംഗിച്ചു. യേശുവിനെ തള്ളിപ്പറയുകയും കൊല്ലുകയും ചെയ്തവര്‍ തന്നെ യേശുവിനെ വിശ്വസിക്കുവാന്‍ മാത്രം ഫലപ്രദമായിരുന്നു അവരുടെ പ്രസംഗങ്ങള്‍. രോഗങ്ങള്‍ സുഖപ്പെടുത്തിക്കൊണ്ടും പാപികളെ മാനസാന്തരപ്പെടുത്തിക്കൊണ്ടും മരിച്ചവരെ ഉയിര്‍പ്പിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവര്‍ അനേകരെ ബന്ധനങ്ങളില്‍നിന്ന് മോചിപ്പിച്ചു.

അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളെയും കാലാകാലങ്ങളില്‍ തെരഞ്ഞെടുത്ത്, അഭിഷേകം നല്‍കി, ഇതേ ശുശ്രൂഷ കര്‍ത്താവ് അവരെക്കൊണ്ട് ചെയ്യിച്ചുകൊണ്ടിരിക്കുന്നു. ഇന്നും യേശു അഭിഷേകം ചെയ്തവര്‍ ഫലപ്രദമായി വചനം പ്രസംഗിക്കുന്നുണ്ട്. പലതരം ബന്ധനങ്ങളില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നുണ്ട്.

വിവിധ തരത്തിലുള്ള ആത്മീയ ശുശ്രൂഷകള്‍ ചെയ്യുന്ന ധാരാളം പേര്‍ ഇന്നുണ്ടല്ലോ. മെത്രാന്മാരും വൈദികരും സിസ്റ്റര്‍മാരും അല്മായ സഹോദരീ സഹോദരന്മാരും ആ കൂട്ടത്തില്‍ ഉണ്ട്. കുടുംബപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയും അള്‍ത്താര ശുശ്രൂഷകരും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും സിസ്റ്റര്‍മാരും വൈദികരും മെത്രാന്മാരുമെല്ലാം ആത്മീയ ശുശ്രൂഷകര്‍ തന്നെയാണ്. എന്നാല്‍, ഇവരില്‍ ഓരോരുത്തരുടെയും ശുശ്രൂഷകള്‍ വഴി എന്തുമാത്രം പേര്‍ സുവിശേഷം സ്വീകരിക്കുന്നുണ്ട്, എത്രമാത്രം പേര്‍ക്ക് വിവിധ തരത്തിലുള്ള ബന്ധനങ്ങളില്‍നിന്ന് മോചനം ലഭിക്കുന്നുണ്ട്, എത്രപേര്‍ക്ക് പൈശാചിക ശക്തികളില്‍നിന്ന് മോചനം ലഭിക്കുന്നുണ്ട് എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ പ്രധാനമാണ്. അപ്പസ്‌തോലന്മാരുടെ കാലത്ത് സംഭവിച്ചതുപോലെ ഇന്ന് സംഭവിക്കുന്നില്ല. ശുശ്രൂഷകള്‍ നടക്കുന്നുണ്ട്; പക്ഷേ, ഉണ്ടാകുന്ന ഫലത്തിന്റെ അളവ് കുറവാണ്.

അതിന്റെ കാരണത്തെപ്പറ്റി ഗൗരവമായ ചിന്ത ആവശ്യമാണ്. ഈ ചിന്ത നമ്മെ ഒരു കാര്യം ബോധ്യപ്പെടുത്തും. ഇന്നത്തെ ഒട്ടുമിക്ക ആത്മീയ ശുശ്രൂഷകരും പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം സ്വീകരിച്ചവരല്ല; കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട് എന്ന് പറയാന്‍ പറ്റാത്തവര്‍ ആണ്. അസാധാരണ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അസാധാരണമായവിധം പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിക്കണം. നിര്‍ഭാഗ്യവശാല്‍, ഈ അഭിഷേകം ഇനിയും അനേകം ആത്മീയ ശുശ്രൂഷകര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. കുടുംബപ്രാര്‍ത്ഥന നയിക്കുന്ന വ്യക്തിക്ക് പരിശുദ്ധാത്മാവിന്റെ അസാധാരണമായ അഭിഷേകം ഉണ്ടെങ്കില്‍ അദ്ദേഹം പ്രാര്‍ത്ഥന നയിക്കുമ്പോള്‍ കുടുംബത്തിലുള്ള എല്ലാവര്‍ക്കും അഭിഷേകം ലഭിക്കുകയും അവരുടെ ബന്ധനങ്ങള്‍ അഴിയുകയും ചെയ്യും. വേദപാഠ അധ്യാപകര്‍ അസാധാരണ ആത്മാഭിഷേകം ഉള്ളവരാണെങ്കില്‍, അവര്‍ വഴി അനേകം വിദ്യാര്‍ത്ഥികള്‍ ദൈവാനുഭവം നേടുകയും ബന്ധനങ്ങളില്‍നിന്ന് മോചിതരാവുകയും ചെയ്യും. വൈദികരും സിസ്റ്റര്‍മാരും കൂടുതല്‍ ദൈവാത്മാവിനാല്‍ അഭിഷേകം സ്വീകരിക്കുകയാണെങ്കില്‍ അവര്‍ വഴി എത്രയോ പേര്‍ക്ക് അത് അനുഗ്രഹമായി മാറും.

കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട് എന്ന് വിശ്വസിക്കുവാനും ധൈര്യത്തോടെ പറയുവാനും കഴിയുന്ന ആത്മീയ ശുശ്രൂഷകരുടെ എണ്ണം സത്യം പറഞ്ഞാല്‍ കുറവല്ലേ? ഈ കുറവ് കാരണമല്ലേ സുവിശേഷം വേണ്ടവിധം പ്രഘോഷിക്കപ്പെടാത്തതും പ്രഘോഷിക്കപ്പെട്ടിട്ടും വേണ്ട ഫലം കിട്ടാത്തതും? ഈ കുറവ് മൂലമല്ലേ, അനേകരുടെ ബന്ധനങ്ങള്‍ അഴിയാത്തത്?
എല്ലാ ആത്മീയ ശുശ്രൂഷകരും പരിശുദ്ധാത്മാവിന്റെ പുതിയ അഭിഷേകം സ്വീകരിച്ച് കര്‍ത്താവിന്റെ ആത്മാവ് കൂടെയുള്ളവര്‍ ആകട്ടെ എന്നാഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.