Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 23 December 2011 12:15

നമ്മെ വഴി നടത്തുന്നത്‌ ഏതോ ഒരു നക്ഷത്രം

Written by  ഫാ. ജോസഫ്‌ വയലില്‍ CMI
Rate this item
(0 votes)

വിശുദ്ധ മത്തായിയുടെ സുവിശേഷം 2:1-12 വചനങ്ങളില്‍ ഉണ്ണിയേശുവിനെ ജ്ഞാനികള്‍ സന്ദര്‍ശിക്കുന്ന സംഭവമാണ്‌ വിവരിച്ചിരിക്കുന്നത്‌. നക്ഷത്രം കണ്ട്‌, ആ നക്ഷത്രത്തെ അനുധാവനം ചെയ്‌താണ്‌ അവര്‍ ജറുസലേം വരെ എത്തിയത്‌. ജറുസലേമില്‍ എത്തിയ അവര്‍ ഉണ്ണിയേശുവിനെ അന്വേഷിച്ചു. ആരോടൊക്കെ അന്വേഷിച്ചുവോ, അവര്‍ക്ക്‌ ആര്‍ക്കും ഉണ്ണിയേശുവിനെപ്പറ്റി അറിവ്‌ ഉണ്ടായിരുന്നില്ല. അവരാരും ഉണ്ണിയേശുവിനെ കണ്ടെത്താന്‍ ശ്രമിച്ചില്ല. ഉണ്ണിയേശുവിനെ കണ്ടെത്തുവാന്‍ ജ്ഞാനികളെ സഹായിച്ചുമില്ല. നിങ്ങള്‍ തന്നെ അന്വേഷിച്ച്‌ കണ്ടുപിടിക്കുക; ഉണ്ണിയേശു എവിടെയാണ്‌ ഉള്ളത്‌ എന്ന്‌ ഞങ്ങളെയും അറിയിക്കുക എന്ന നിര്‍ദ്ദേശമാണ്‌ ഹേറോദേസ്‌ രാജാവ്‌ അവര്‍ക്ക്‌ നല്‍കിയത്‌. വീണ്ടും അവര്‍ നക്ഷത്രത്തെ അനുഗമിച്ചു. നമ്മള്‍ വായിക്കുന്നത്‌ ഇങ്ങനെയാണ്‌; കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത്‌ ശിശു കിടന്ന സ്ഥലത്തിന്‌ മുകളില്‍ വന്ന്‌ നിന്നു. (2.9 ) ലക്ഷ്യത്തിലെത്തുന്നതുവരെ നക്ഷത്രം നിന്നില്ല. അവരോട്‌, അനുധാവനം ചെയ്യുക എന്ന സൂചന നല്‍കിക്കൊണ്ട്‌ അത്‌ നീങ്ങിക്കൊണ്ടേയിരുന്നു. എന്നാല്‍, ലക്ഷ്യത്തില്‍ അവര്‍ എത്തിക്കഴിഞ്ഞപ്പോള്‍ നക്ഷത്രം സഞ്ചരിക്കുന്നതും നിന്നു.

മനുഷ്യന്റെ പരമമായ ലക്ഷ്യം സ്വര്‍ഗമാണ്‌. സ്വര്‍ഗത്തിലേക്ക്‌ ഓരോ മനുഷ്യരെയും വഴികാണിച്ചു നടത്തുവാന്‍ വന്ന നക്ഷത്രമാണ്‌ യേശു. ഈ ദിവ്യനക്ഷത്രത്തിന്റെ അവതാരം ക്രിസ്‌മസ്‌ ദിനത്തില്‍ നാം അനുസ്‌മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. യേശു തന്റെ പരസ്യജീവിതം ആരംഭിച്ചപ്പോള്‍ മുതല്‍ യേശുവാകുന്ന നക്ഷത്രത്തെ അനുധാവനം ചെയ്യുവാന്‍ ആളുകള്‍ ഉണ്ടായി. അന്നുമുതല്‍ ഇന്നുവരെയും അനേകകോടി ജനങ്ങളെ സ്വര്‍ഗത്തിലേക്ക്‌ നയിക്കുന്ന നക്ഷത്രമായി അവര്‍ക്കുമുമ്പേ യേശുക്രിസ്‌തു സഞ്ചരിച്ചു; ഇന്നും സഞ്ചരിക്കുന്നു; നാളെയും സഞ്ചരിക്കും. ഇത്രമാത്രം ജനങ്ങളെ, ഇത്രയും നീണ്ട കാലഘട്ടത്തില്‍ നയിച്ച, നയിക്കുന്ന, നയിക്കാനിരിക്കുന്ന നക്ഷത്രം യേശുക്രിസ്‌തു മാത്രമാണ്‌. ഒരു മനുഷ്യനും അത്‌ കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. യേശുവാകുന്ന നക്ഷത്രത്തിന്റെ നയിക്കപ്പെടലിന്‌ വിധേയരായ മണ്‍മറഞ്ഞുപോയവരെല്ലാം ഇന്ന്‌ സ്വര്‍ഗത്തില്‍ മഹിമയോടെ ജീവിക്കുന്നു. ഇന്ന്‌ ഈ നക്ഷത്രത്തെ അനുധാവനം ചെയ്യുന്നവരുടെയും ഭാവിയില്‍ അനുധാവനം ചെയ്യാനിരിക്കുന്നവരുടെയും ഗതി ഇതുതന്നെയായിരിക്കും. താനാകുന്ന നക്ഷത്രത്തെ അനുധാവനം ചെയ്‌ത സകലരെയും ലോകാവസാനം പിതാവിന്റെ സന്നിധിയില്‍ കാഴ്‌ചവയ്‌ക്കുന്നതുവരെ യേശുവാകുന്ന നക്ഷത്രം ജനകോടികള്‍ക്ക്‌ മുമ്പേ സഞ്ചരിച്ചുകൊണ്ടിരിക്കും. ജ്ഞാനികളെ നയിച്ച നക്ഷത്രം ഉണ്ണിയേശു കിടന്ന സ്ഥലത്തിന്‌ മുകളില്‍ വന്നു നിന്നതുപോലെ, ഒരിക്കല്‍ യേശുവിന്റെ ദൗത്യവും പൂര്‍ത്തിയാകും. യേശുവാകുന്ന നക്ഷത്രത്തെ അനുധാവനം ചെയ്യുന്ന സകലര്‍ക്കും ക്രിസ്‌മസ്‌ദിനം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമാണ്‌.

എല്ലാക്കാലത്തും എല്ലാവര്‍ക്കും അനുധാവനം ചെയ്യുവാന്‍ തക്കവിധം ക്രിസ്‌തുവാകുന്ന നക്ഷത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. എന്നാലും, എല്ലാവരും ഈ നക്ഷത്രത്തെ അനുധാവനം ചെയ്യുന്നില്ല എന്നതാണ്‌ സത്യം. എല്ലാ ക്രിസ്‌ത്യാനികള്‍ പോലും അനുധാവനം ചെയ്യുന്നില്ല എന്നതാണ്‌ സത്യം. അതിനര്‍ത്ഥം, അനേകം മനുഷ്യര്‍ മറ്റ്‌ ഏതൊക്കെയോ നക്ഷത്രങ്ങളെ അനുധാവനം ചെയ്യുന്നു എന്നതാണ്‌. അനേകം വ്യക്തികളും വസ്‌തുക്കളും ആദര്‍ശങ്ങളുമെല്ലാം നക്ഷത്രങ്ങള്‍ ആയിനിന്നുകൊണ്ട്‌ വലിയൊരു ജനക്കൂട്ടത്തെ നയിക്കുന്നു എന്നതല്ലേ സത്യം? യേശുവാകുന്ന നക്ഷത്രത്തെ പിന്‍തുടര്‍ന്നിരുന്നെങ്കില്‍, അനേകം രാജ്യങ്ങളില്‍ സഭയും ക്രൈസ്‌തവജീവിതവും ക്രൈസ്‌തവ ധാര്‍മികതയും തകരുമായിരുന്നില്ല. ഇന്ന്‌, യേശുവിനെക്കാള്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന, നയിക്കുന്ന നിരവധി നക്ഷത്രങ്ങള്‍ ഉണ്ട്‌. പക്ഷേ, ഈ നക്ഷത്രങ്ങള്‍ ഒന്നും സ്വര്‍ഗത്തിലേക്ക്‌ ആരെയും എത്തിക്കുകയില്ല. എവിടെയെങ്കിലും വച്ച്‌ ഈ നക്ഷത്രങ്ങള്‍ അപ്രത്യക്ഷമാകും; അവയുടെ ശോഭ നഷ്‌ടപ്പെടും. അവയെ അനുധാവനം ചെയ്യുന്നവര്‍, ലക്ഷ്യത്തില്‍ എത്തുന്നതിനുമുമ്പേ വഴിതെറ്റി, വേറെ എവിടെയെങ്കിലും എത്തിപ്പെടും. അഥവാ, വഴിതെറ്റി വളരെ ദൂരം അലഞ്ഞശേഷം, ഒത്തിരി അധിക ക്ലേശങ്ങള്‍ സഹിച്ചശേഷം, വീണ്ടും ക്രിസ്‌തുവാകുന്ന നക്ഷത്രത്തെ കണ്ടെത്തി, പിന്‍തുടര്‍ന്ന്‌, ലക്ഷ്യത്തിലെത്തും. ജനത്തെ ഇങ്ങനെ വഴിതെറ്റിക്കുന്ന നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഇവയെല്ലാം പെടില്ലേ?

ദൈവം ഇല്ല, മരണാനന്തര ജീവിതം ഇല്ല എന്ന്‌ കരുതുന്ന, അതിനാല്‍ സ്വര്‍ഗം ലക്ഷ്യമാക്കാതെ ജീവിക്കുന്ന ധാരാളം പേരുണ്ട്‌. പിശാച്‌ ആകുന്ന ദുഷ്‌ടനെ നക്ഷത്രമായി കണ്ട്‌ പിന്‍തുടരുന്നവരുടെ കൂട്ടത്തില്‍ ക്രൈസ്‌തവര്‍തന്നെയും ധാരാളം ഉണ്ട്‌. ധനത്തെ നക്ഷത്രമായി കണ്ട്‌ പിന്‍തുടരുന്നവര്‍ ഉണ്ട്‌. അധികാരത്തെ നക്ഷത്രമായി കണ്ട്‌, അതിന്റെ പുറകേ പോകുന്നവരുണ്ട്‌. സെക്‌സിനെ നക്ഷത്രമായി കണ്ട്‌, അതിന്റെ പുറകെ പോകുന്നവര്‍ ഉണ്ട്‌. ലഹരിവസ്‌തുക്കളെ നക്ഷത്രമായി കണ്ട്‌ അതിനുവേണ്ടി ജീവിക്കുന്നവര്‍ ഉണ്ട്‌. ചില വ്യക്തികളെ ജീവിതത്തിന്റെ ആദര്‍ശങ്ങളായി കണ്ട്‌ അവരെ അനുകരിക്കുന്നവര്‍ ഉണ്ട്‌. അതെ, പിശാചും മനുഷ്യരും ഭൗതിക വസ്‌തുക്കളും നിരീശ്വരത്വവുമെല്ലാം കുറെ പേരെ നയിക്കുന്ന നക്ഷത്രങ്ങളാണ്‌. പക്ഷേ, ഇവര്‍ ആരെയും ഈ നക്ഷത്രങ്ങള്‍ സ്വര്‍ഗത്തില്‍ എത്തിക്കുകയില്ല. തന്റെ പ്രസംഗത്തില്‍ സ്‌നാപകയോഹന്നാന്‍ പറഞ്ഞ ഏതാനും വാചകങ്ങള്‍ ശ്രദ്ധിക്കുക: വീശുമുറം അവന്റെ കൈയില്‍ ഉണ്ട്‌. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ്‌ അറപ്പുരയില്‍ ശേഖരിക്കുകയും പതിര്‌ കെടാത്ത തീയില്‍ ദഹിപ്പിക്കുകയും ചെയ്യും (ലൂക്കാ 3:17).

സ്വര്‍ഗത്തിലേക്ക്‌ നമ്മെ നയിക്കുവാന്‍ ക്രിസ്‌തുവാകുന്ന നക്ഷത്രത്തെ തന്ന പിതാവിന്‌ നമുക്ക്‌ നന്ദി പറയാം. സ്വര്‍ഗത്തിലേക്ക്‌ നമ്മെ നയിച്ചുകൊണ്ട്‌ മുമ്പേ പൊയ്‌ക്കൊണ്ടിരിക്കുന്ന യേശുവിന്‌ നമുക്ക്‌ നന്ദി പറയാം. ക്രിസ്‌തുവിനെ പിന്‍തുടരുവാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിന്‌ നന്ദി പറയാം. ക്രിസ്‌തുവിനെ നമുക്ക്‌ നല്‍കാന്‍ തയാറായ, അതിനുവേണ്ടി വലിയ സഹനങ്ങള്‍ ഏറ്റെടുത്ത പരിശുദ്ധ മറിയത്തെയും വിശുദ്ധ യൗസേപ്പിനെയും നന്ദിയോടുകൂടെ ഓര്‍ക്കാം. ക്രിസ്‌തുവാകുന്ന നക്ഷത്രത്തെ നമുക്ക്‌ ചൂണ്ടിക്കാണിക്കുകയും ഈ നക്ഷത്രത്തെ പിന്‍തുടരുവാന്‍ നമ്മെ സഹായിക്കുകയും ചെയ്‌ത സകലരെയും നന്ദിയോടെ ഓര്‍ക്കാം.

ക്രിസ്‌തുവാകുന്ന നക്ഷത്രത്തെ മക്കള്‍ക്ക്‌ പരിചയപ്പെടുത്തുവാന്‍ കിട്ടുന്ന മനോഹര അവസരമാണ്‌ ക്രിസ്‌മസ്‌. മാതാപിതാക്കള്‍ അത്‌ ഭംഗിയായി ചെയ്യണം. പുല്‍ക്കൂട്‌ ഒരുക്കലും നോമ്പാചരണവും പരോപകാര പ്രവൃത്തികളും രാത്രിയിലെ പള്ളിയില്‍ പോക്കും, വീട്ടില്‍ കരോള്‍ സംഘത്തിന്‌ നല്‍കുന്ന സ്വീകരണവും നേര്‍ച്ചയിടലും ഉണ്ണിയുടെ രൂപം മുത്തലുമെല്ലാം ഇതിന്‌ വളരെ സഹായിക്കും. അതിനാല്‍, ഇത്തരം പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും അടുത്ത തലമുറക്ക്‌ കൈമാറുകയും ചെയ്യണം. മദ്യപാനികള്‍ ക്രിസ്‌മസ്‌ ദിനത്തില്‍ വീട്ടില്‍ മദ്യം കൊണ്ടുവരരുത്‌. മദ്യപിച്ച്‌ വീട്ടില്‍വന്ന്‌ സമാധാനം കെടുത്തരുത്‌. ക്രിസ്‌മസ്‌ ദിനത്തില്‍ ദിവ്യബലി മുടക്കരുത്‌. ആദ്യക്രിസ്‌മസ്‌ ദിനത്തില്‍, ആട്ടിടയന്മാരുടെ മനസില്‍ ദൈവം നിറച്ച സമാധാനവും സന്തോഷവും അനുഭവിക്കുവാന്‍ നമുക്കും ആഗ്രഹിക്കാം. ആ അനുഭവമായിരിക്കട്ടെ ഈ ക്രിസ്‌മസിന്റെ ഏറ്റവും വലിയ അനുഭവം. ലോകം മുഴുവനും ക്രിസ്‌തുവാകുന്ന നക്ഷത്രത്തെ കണ്ടെത്തുവാനും പിന്‍തുടരുവാനുമുള്ള കൃപക്കുവേണ്ടി കൂടി ഈ ദിവസങ്ങളില്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

എല്ലാവര്‍ക്കും ക്രിസ്‌മസ്‌ ആശംസകളും പ്രാര്‍ത്ഥനയും!

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.