Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 25 November 2011 11:50

ജാഗ്രത ഉണ്ടെങ്കിലേ നല്ല മരണം കിട്ടൂ

Written by  ഫാ. ജോസഫ്‌ വയലില്‍ CMI
Rate this item
(0 votes)
പല കാര്യങ്ങളിലും ശ്രദ്ധ കാണിക്കണമെന്നും ജാഗ്രത കാണിക്കണമെന്നുമൊക്കെ പലരും നമ്മോടും നമ്മള്‍ മറ്റുള്ളവരോടും പറയാറുണ്ട്‌. എന്താണ്‌ ശ്രദ്ധയും ജാഗ്രത അഥവാ ജാഗരൂകതയും തമ്മിലുള്ള വ്യത്യാസം? ശ്രദ്ധ എന്നു പറയുന്നതുതന്നെ സൂക്ഷ്‌മതയോടും ഏകാഗ്രതയോടും കൂടി ഒരു കാര്യം ചെയ്യുന്നതാണ്‌. ശ്രദ്ധയുടെ വിപരീതമാണ്‌ അശ്രദ്ധ. അശ്രദ്ധ ഉണ്ടായാല്‍ തെറ്റുപറ്റാം, മണ്ടത്തരം പറ്റാം; ചെയ്യുന്നത്‌ നല്ല രീതിയില്‍ ആകാതിരിക്കാം. വഴി നടക്കുമ്പോള്‍ ശ്രദ്ധിക്കണം, യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം, ക്ലാസില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കണം, ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം എന്നൊക്കെ പറയാറില്ലേ? ഈ ശ്രദ്ധയില്ലെങ്കില്‍ എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകാം; അല്ലെങ്കില്‍ അപൂര്‍ണതകള്‍ ഉണ്ടാകാം എന്നര്‍ത്ഥം. അങ്ങനെയാണെങ്കില്‍, ജാഗ്രത അഥവാ ജാഗരൂകത വേണം എന്നു പറയുമ്പോഴോ? ശ്രദ്ധയേക്കാളും വളരെ കൂടുതല്‍ ഏകാഗ്രതയും നിരീക്ഷണവും മുന്‍കരുതലും മറ്റും ആവശ്യമാണ്‌ എന്നാണര്‍ ത്ഥം. പോക്കറ്റടി ധാരാളമുള്ള ഒരു ബസ്‌സ്റ്റാന്‍ഡിലോ റെ യില്‍വേ സ്റ്റേഷനിലോ ബസിലോ ട്രെയിനിലോ ഒക്കെ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധ പോരാ; ജാഗ്രതവേണം. ധാരാളം കളവും മോഷണവും നടക്കുന്ന ഒരു പ്രദേശത്ത്‌ ജീവിക്കുമ്പോള്‍ ശ്രദ്ധയുണ്ടായാലും പോര; ജാഗ്രത വേണം. ഇല്ലെങ്കില്‍ സാധനങ്ങള്‍ നഷ്‌ടപ്പെട്ടു എന്നു വരാം.

ഇതുപോലെ ഒരു ജാഗ്രത ആധ്യാത്മിക ജീവിതത്തിലും ആ വശ്യമാണ്‌ എന്ന്‌ യേശു പറയുന്നു. ഏറ്റവും കൂടുതല്‍ ജാഗ്രത അഥവാ ജാഗരൂകത ഒരു മനുഷ്യന്‍ കാണിക്കേണ്ടത്‌ ഒരു നല്ല മരണവും സ്വര്‍ഗഭാഗ്യവും ലഭിക്കുന്നതിനുവേണ്ടിയാണ്‌. ആ ഒരു ജാഗ്രത ഇല്ലാതെ ജീവിച്ചാല്‍ ആധ്യാത്മിക-ധാര്‍മിക ജീവിതം മോശമാവുകയും നല്ല മരണം ലഭിക്കാതെ പോവുകയും ചെയ്യാം. നല്ല മരണം എന്നുവച്ചാല്‍ എന്താണ്‌? അധികം കിടന്ന്‌ സഹിക്കാതെയുള്ള മരണമാണോ? പെട്ടെന്നുള്ള മരണമാണോ? സുബോധത്തോടെയുള്ള മരണമാണോ? അബോധാവസ്ഥയില്‍ വേദന അറിയാതെയുള്ള മരണമാണോ? പ്രായമായ ശേഷമുള്ള മരണമാണോ? ഇതൊന്നുമല്ല. പാപമില്ലാത്ത അവസ്ഥയിലുള്ള മരണമാണ്‌. ഗൗരവമായ പാപാവസ്ഥയില്‍ ജീവിച്ചാല്‍ നിത്യനരകമാണ്‌ കിട്ടുകയെന്നും മാരകമായ പാപമില്ലെങ്കിലും പാപാവസ്ഥയിലാണ്‌ മരിക്കുന്നതെങ്കില്‍ ശുദ്ധീകരണ സ്ഥലത്തെ പീഡനം ഉണ്ടാകുമെന്നും വിശ്വാസികള്‍ക്ക്‌ അറിയാം. മരിച്ച ഉടനെ സ്വര്‍ഗത്തില്‍ എത്തുന്നവിധത്തില്‍ ആര്‌ മരിക്കുന്നുവോ അവരാണ്‌ ഭാഗ്യമുള്ളവര്‍. അവരുടെ മരണമാണ്‌ നല്ല മരണം.
ഇങ്ങനെ ഒരു നല്ല മരണം ലഭിക്കണമെങ്കില്‍ ജാഗ്രതയോടെ, അഥവാ ജാഗരൂകതയോടെ ജീവിക്കണം എന്നാണ്‌ യേശു പറയുന്നത്‌. അപ്പോള്‍ എന്തു കാര്യത്തിലാണ്‌ ജാഗ്രത കാണിക്കേണ്ടത്‌? നല്ല മരണവും സ്വര്‍ഗഭാഗ്യവും ലഭിക്കത്തക്കവിധത്തില്‍ ജീവിക്കുന്നതിനാണ്‌ ജാഗ്രത കാണിക്കേണ്ടത്‌. അങ്ങനെ പറയുന്നതിന്‌ ഒരു കാരണം കൂടി യേശു പറയുന്നുണ്ട്‌: എപ്പോഴാണ്‌ മരണം കടന്നുവരുക എന്ന്‌ അറിഞ്ഞുകൂടാ. എല്ലാവരും വാര്‍ധക്യത്തിലല്ല മരിക്കുന്നത്‌. പല പ്രായത്തില്‍ ആളുകള്‍ മരിക്കുന്നു. ഒരു നിശ്ചിത പ്രായം കഴിഞ്ഞശേഷമാണ്‌ എല്ലാവരും മരിക്കുന്നതെങ്കില്‍ ആ പ്രായംവരെ വേണമെങ്കില്‍ ജാഗ്രത എന്നല്ല ശ്രദ്ധ പോലും ഇല്ലാതെ ജീവിച്ചാലും ആത്മാവിനെ രക്ഷപ്പെടുത്താം. ആ പ്രായം കഴിയുമ്പോള്‍ പശ്ചാത്തപിച്ച്‌ കുമ്പസാരിച്ച്‌ പാപമോചനം നേടിയാല്‍ മതി. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. ഏത്‌ പ്രായമുള്ളവരും മരിക്കുന്നു. ഇന്ന പ്രായത്തില്‍ മരിക്കുമെന്ന്‌ ആര്‍ക്കും നിശ്ചയമില്ല. മരണത്തിന്‌ ഇത്ര സമയമുണ്ട്‌ വിവരം അറിയിക്കും എന്ന ഒരു ക്രമീകരണവും ഇല്ല. രാവിലെ ജോലി ചെയ്യുന്നത്‌ കണ്ട ആള്‍ സന്ധ്യയ്‌ക്കുമുമ്പേ മരിക്കുന്നു. രാത്രി കിടന്നുറങ്ങാന്‍ പോയ ആള്‍ രാത്രിയില്‍ മരിക്കുന്നു. സംസാരിച്ചുകൊണ്ടും ജോലി ചെയ്‌തുകൊണ്ടുമിരിക്കുന്ന ആള്‍ പെട്ടെന്ന്‌ കുഴഞ്ഞുവീണ്‌ മരിക്കുന്നു. സംസാരിച്ചുകൊണ്ടിരുന്ന ആള്‍ പെട്ടെന്ന്‌ അബോധാവസ്ഥയില്‍ ആകുകയും ആ അവസ്ഥയില്‍ മരിക്കുകയും ചെയ്യുന്നു. വാഹനാപകടത്തിലും അക്രമങ്ങളുടെ ഫലമായും പ്രകൃതി ദുരന്തങ്ങളുടെ ഫലമായുമെല്ലാം മരിക്കുന്നു. ഇവിടെയൊന്നും യാതൊരു മുന്നറിയിപ്പും ഇല്ല. അതിനാല്‍, യാതൊരു മുന്നൊരുക്കവും ഇല്ല. ഏത്‌ ആത്മീയ അവസ്ഥയിലാണോ അപ്പോള്‍ ഉള്ളത്‌, ആ ആത്മീയ അവസ്ഥയില്‍ മരിക്കുന്നു.

അതുകൊണ്ട്‌ യേശു ഓര്‍മപ്പെടുത്തുന്നു: നിന്റെ മരണം എപ്പോള്‍ എന്ന്‌ നിനക്കറിയില്ല. ഏത്‌ സമയത്ത്‌ മരിച്ചാലും യാതൊരു മുന്നറിയിപ്പും ഇല്ലാതെ മരണം എത്തിയാലും യാതൊരു ആത്മീയ ഒരുക്കവും നടത്തുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ മരിച്ചാലും നിനക്ക്‌ നല്ല മരണവും സ്വര്‍ഗഭാഗ്യവും ലഭിക്കുവാന്‍ തക്കവിധം നീ ജീവിക്കണം. ഇത്‌ നമ്മളില്‍നിന്നും അതീവ ശ്രദ്ധയോടുകൂടിയ ആത്മീയ ജീവിതം ആവശ്യപ്പെടുന്നു. അതാണ്‌ യേശു പറയുന്ന ജാഗരൂകത. മറ്റ്‌ എന്ത്‌ കാര്യത്തിലും കാണിക്കുന്നതിലുമധികം ജാഗരൂകത അതിനാല്‍, നല്ല മരണവും സ്വര്‍ഗഭാഗ്യവും ലഭിക്കുവാന്‍ ഓരോരുത്തരും കാണിക്കണം. മര്‍ക്കോസ്‌ 13:35-37 വചനങ്ങള്‍ ശ്രദ്ധിക്കുക: ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്‌ സന്ധ്യക്കോ അര്‍ദ്ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അവന്‍ പെട്ടെന്ന്‌ കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായി കാണരുതല്ലോ. ഞാന്‍ നിങ്ങളോട്‌ പറയുന്നത്‌, എല്ലാവരോടുമായിട്ടാണ്‌ പറയുന്നത്‌; ജാഗരൂകരായിരിക്കുവിന്‍.
നമ്മള്‍ എല്ലാവരും സ്വയം കരുതുന്നത്‌ വയസ്‌ വളരെ ആയശേഷമായിരിക്കും മരിക്കുക എന്നാണ്‌. അങ്ങനെ വിചാരിച്ചിരുന്ന പലരുമാണ്‌ ചെറുപ്രായം മുതല്‍ വിവിധ പ്രായത്തില്‍ മരിച്ചത്‌. ഇനിയും അങ്ങനെ ആയിരിക്കും. ചിലര്‍ പറയും ലോകാവസാനമൊന്നുമില്ല എന്ന്‌. ലോകം അവസാനിച്ചാലും ഇല്ലെങ്കിലും ഓര്‍ക്കുക, ഓരോ മനുഷ്യനും ഒരു ലോകാവസാനമുണ്ട്‌. അതാണ്‌ മരണസമയം. ഈ ലോകം അവസാനിക്കുമ്പോള്‍ മറ്റൊരു ലോകത്തിലേക്ക്‌ പ്രവേശിക്കുന്നു. സ്വര്‍ഗം, നരകം, അഥവാ ശുദ്ധീകരണസ്ഥലം വഴി സ്വര്‍ഗം. നരകത്തില്‍ ചെന്നുപെടാതിരിക്കാനും ശുദ്ധീകരണസ്ഥലം ഒഴിവാക്കുവാനും അഥവാ അവിടെയുള്ള വാസസമയം കുറയ്‌ക്കുവാനുമാണ്‌ ജാഗ്രതയോടെയുള്ള ജീവിതം വേണ്ടത്‌. ഫാ. ആബേല്‍ സി.എം.ഐയുടെ ഗാനം ഓര്‍ക്കുന്നില്ലേ?

മരണം വരുമൊരുനാള്‍
ഓര്‍ക്കു മര്‍ത്യാ നീ
കൂടെപ്പോരും നിന്‍ ജീവിത ചെയ്‌തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ
മര്‍ക്കോസ്‌ 13:32 ല്‍ യേശു പറയുന്നു: ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനു പോലുമോ അറിഞ്ഞുകൂടാ. അതിനാല്‍ ജാഗരൂകത ഉണ്ടെങ്കിലേ നല്ല മരണം കിട്ടൂ.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.