നവംബര്‍ 27 ലെ സണ്‍ഡേ ശാലോമിലെ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള വിവരണമാണ് ഈ കുറിപ്പിന് ആധാരം. നരകമെന്നു പറഞ്ഞാല്‍ ഒരു വശത്ത് ആത്മാവിന്, അനന്തമായ നന്മയെയും ജ്ഞാനത്തെയും മാരകമായ പാപം നിമിത്തം ഒരിക്കലും പ്രാപിക്കാന്‍ കഴിയില്ലല്ലോ എന്ന മനോവ്യഥയും നിരാശയും. അതേസമയം മറുവശത്ത് അനന്ത നന്മയെയും ജ്ഞാനത്തെയും പ്രാപിക്കാനുള്ള ആത്മാവിന്റെ തിടുക്കവും വ്യഗ്രതയും അഭിവാഞ്ഛയും നിലനില്‍ക്കുന്നു. ഇത് അസഹനീയമായ ദുഃഖമാണ് നല്‍കുന്നത്.
ശുദ്ധീകരണസ്ഥലമെന്നു പറഞ്ഞാല്‍ ചെറിയ തെറ്റുകള്‍ നിമിത്തം തല്‍ക്കാലം ആ അനന്തനന്മയെയും ജ്ഞാനത്തെയും പ്രാപിക്കുന്നതിലുള്ള മനോവ്യഥയും നിരാശയും നിലനില്‍ക്കുന്നു. എന്നാല്‍ ഈ ആത്മാക്കള്‍ക്കായി ദൈവത്തിന് നമ്മള്‍ കാഴ്ചവയ്ക്കുന്ന സല്‍പ്രവൃത്തികളും പരിത്യാഗങ്ങളും ദിവ്യബലികളും ഇവരുടെ ദൈവസന്നിധിയിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തും.
നരകത്തെപ്പറ്റി മുകളില്‍ പറഞ്ഞത് ശരിവയ്ക്കുന്നതാണ് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലെ അവസാന വിധിയുടെ ചിത്രീകരണം. മൈക്കള്‍ ആഞ്ചലോയുടെ ഈ ചിത്രത്തില്‍ ശപിക്കപ്പെട്ട് ഇടതുഭാഗത്ത് നില്‍ക്കുന്നവരെ തീയിലിട്ട് പൊള്ളിക്കുന്നതായി കാണുന്നില്ല. നേരെമറിച്ച് ദൈവത്തെ പ്രാപിക്കാത്തതിലുള്ള മനോവ്യഥയും നിരാശയുമാണ് അവരുടെ മുഖത്ത് നിഴലിച്ചുകാണുന്നത്. സണ്‍ഡേ ശാലോമില്‍ എഴുതിയിരിക്കുന്നതുപോലെ അരൂപിയായ ആത്മാവിനെ, ഓരോ അവയവവും ചെയ്ത പാപത്തിന്റെ ഗൗരവമനുസരിച്ച് തീയിലിട്ട് പൊള്ളിക്കുന്നു എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. പഠിപ്പും അറിവും വളരെ കുറവായിരുന്ന പണ്ടുകാലത്ത് ഇത്തരത്തിലുള്ള തീപ്രയോഗം മനുഷ്യരെ പാപത്തില്‍നിന്ന് അകറ്റി നിറുത്താന്‍ വളരെ സഹായിച്ചിരുന്നു. ഇന്ന് അത് തിരുത്താനുള്ള സമയം വൈകിയിരിക്കുന്നു.
കെ. സി. ഇനാശു








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.