കേരള കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതി നേതൃത്വം കൊടുക്കുന്ന കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ മുദ്രാവാക്യം തന്നെ 'മദ്യവിമുക്തകുടുംബവും സഭയും' എന്നാണ്. കേരള കത്തോലിക്കാ സഭ എന്താണ് ഇങ്ങനെ ഒരു മുദ്രാവാക്യം സ്വീകരിക്കാന്‍ കാരണമായെന്നുള്ളത് ചിന്തനീയമാണ്.
ബൈബിള്‍ പുതിയ നിയമത്തിലും അപ്പസ്‌തോലന്മാരുടെ ലേഖനങ്ങളിലും മദ്യപാനത്തെ നിശിതമായി വിമര്‍ശിക്കുകയും വിലക്കുകയും ചെയ്യുന്നതായി കാണാം. മാരകപാപങ്ങളായ കൊലപാതകം, വ്യഭിചാരം, മോഷണം തുടങ്ങിയ പോലെതന്നെ മദ്യപാനവും പാപമാണെന്ന് വിശുദ്ധലിഖിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ''വിഷസര്‍പ്പത്തില്‍നിന്നെന്നപോലെ മദ്യത്തില്‍നിന്ന് ഓടിയകലാന്‍'' വചനം നമ്മെ ഓര്‍മിപ്പിക്കുന്നു. ''മദ്യപാനി സ്വര്‍ഗരാജ്യം കൈവശപ്പെടുത്തുകയില്ലാ''യെന്ന് തിരുവചനം അസന്നിഗ്ധമായി മുന്നറിയിപ്പ് തരുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ 40 ഓളം സ്ഥലങ്ങളില്‍ സഭാമക്കള്‍ക്ക് മദ്യപാനം തെറ്റാണെന്നും അത് ഉപേക്ഷിക്കണമെന്നും ഉദ്‌ബോധിപ്പിക്കുന്നതായി കാണാം.
പക്ഷേ സഭയുടെ വിശുദ്ധ കൂദാശകളെല്ലാം തന്നെ മദ്യത്തില്‍ മുങ്ങി അശുദ്ധമാവുന്നു എന്നതാണ് സത്യം. മാമ്മോദീസ, ആദ്യകുര്‍ബാന, തിരുപ്പട്ടസ്വീകരണം, വ്രതവാഗ്ദാനം, വിവാഹനിശ്ചയം, വിവാഹം, വീട് വെഞ്ചരിപ്പ്, മരണച്ചടങ്ങ്, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയ ആഘോഷങ്ങളൊക്കെ വിശുദ്ധി നഷ്ടപ്പെട്ട് ചൈതന്യരഹിതമാവുന്നില്ലേ? കത്തോലിക്കാ ഭവനങ്ങളില്‍ മദ്യക്കുപ്പികള്‍ സ്ഥാനം പിടിക്കുന്നു! വളര്‍ന്നു വരുന്ന ഈ മദ്യസംസ്‌കാരത്തെ സഭ മൗനമായി അംഗീകരിക്കുകയാണോ? ഇവിടെയാണ് സഭ 'സുബോധത്തിന്റെ സുവിശേഷമായി' ഉയരേണ്ടത്. സഭാമക്കള്‍ മദ്യത്തിന് കൊടുക്കുന്ന 'മാന്യസ്ഥാനം' ഇല്ലാതാകണമെങ്കില്‍ 'മദ്യപാനം പാപമാണെന്ന' അവബോധം അല്മായരില്‍ ഉണ്ടാകണം. സഭ വിലക്കിയ വസ്തുവാണ് മദ്യമെന്ന ചിന്തയും ബോധ്യവും സഭാമക്കളില്‍ ഉണ്ടാക്കുവാന്‍ സഭയ്ക്ക് കഴിയും; കഴിയണം! മദ്യത്തോട് മൃദു സമീപനമാണ് സഭ സ്വീകരിക്കുന്നതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 'മദ്യവര്‍ജ്ജനം' സഭ പറയുന്നത്, ആത്മാര്‍ത്ഥമായാണെങ്കില്‍- 'മദ്യപാനം പാപമാണെന്ന്' പ്രഖ്യാപിക്കുവാന്‍ തയാറാകണം!
സഭയുടെ പ്രമാണങ്ങളും നിയമങ്ങളും അല്മായര്‍ ലംഘിക്കാതിരിക്കുന്നത് ദൈവം അവര്‍ക്ക് വാഗ്ദാനം ചെയ്ത 'സ്വര്‍ഗരാജ്യം' നഷ്ടപ്പെടുമെന്ന ഭയംകൊണ്ടല്ലേ? മദ്യപാനിക്ക് ആ സ്വര്‍ഗം സ്വപ്‌നം കാണാന്‍ പോലും കഴിയുമോ? അപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന കത്തോലിക്കരായ മദ്യപാനികള്‍ക്കും സ്വര്‍ഗരാജ്യം നഷ്ടമാകുമെന്ന് വേണം കരുതാന്‍. അതിനിടയാക്കുന്നത്, മദ്യപാനം പാപമാണെന്ന ബോധ്യം അവനില്ലാത്തതാണ്. മദ്യപാനം മറ്റ് തിന്മകള്‍പോലെ പാപമാണെന്ന അവബോധം ചെറുപ്പം മുതലേ അവന്റെ ഉപബോധമനസില്‍ പതിഞ്ഞാല്‍ അവനത് തൊടുകപോലുമില്ല. സഭാമക്കളില്‍ ഇതുണ്ടാക്കേണ്ടത് സഭയാണ്. മദ്യം നിര്‍മ്മിക്കുന്നതും കൊടുക്കുന്നതും ഉപയോഗിക്കുന്നതും പാപമാണെന്ന ബോധ്യം അവനുണ്ടാകുന്നതോടെ അവന്‍ അത് ഉപേക്ഷിക്കും. കാരണം സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള ജീവിതത്തിന് മദ്യപാനം തടസമാകുമെന്ന് അവന്‍ മനസിലാക്കുകയും പ്രമാണങ്ങളും കല്പനകളും പാലിച്ചും അന്യരെ സ്‌നേഹിച്ചും ജീവിക്കാന്‍ ശ്രമിക്കുകയും അങ്ങനെ മദ്യമുക്ത കുടുംബവും സഭയും രൂപപ്പെടുകയും ചെയ്യും. അതിന് ഒന്നേ ചെയ്യേണ്ടതുള്ളൂ- 'മദ്യപാനം പാപമാണെന്ന് സഭ പ്രഖ്യാപിക്കണം.'
ഇത് സഭയില്‍ ചര്‍ച്ചാവിഷയമാക്കണം. മദ്യപാനം തിന്മയാണെന്നും സഭ വിലക്കുന്ന കുറ്റമാണെന്നും 'കുമ്പസാരത്തിലൂടെ പാപമോചനം തേടേണ്ട പാപമാണെന്നും' പ്രഖ്യാപിക്കാനുള്ള ബോധ്യവും ശക്തിയും പരിശുദ്ധാത്മാവ് സഭാനേതൃത്വത്തിന് നല്‍കി അവരെ അതിന് പ്രാപ്തരാക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി നമുക്ക് പ്രാര്‍ത്ഥിക്കാം. നിരന്തരമായ പ്രചരണത്തിലൂടെ 'മദ്യപാനം പാപമാണെന്ന' ബോധ്യത്തിലേക്ക് സഭാമക്കളെ നയിക്കുവാനും അങ്ങനെ ഒരു പുത്തന്‍ ഉണര്‍വ് (പന്തക്കുസ്താ) സഭയ്ക്കുണ്ടാക്കുവാനും നമുക്ക് ശ്രമിക്കാം.
ഒ. ഡി. തോമസ്, പ്രസിഡന്റ്
കെ.സി.ബി.സി മദ്യവിരുദ്ധസമിതി, കോഴിക്കോട് റീജിയന്‍








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.