Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 28 January 2012 15:31

ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവംതന്നെ രക്ഷിക്കട്ടെ

Written by  ഐസക്ക് ചാവറ
Rate this item
(1 Vote)

വര്‍ഷങ്ങള്‍ക്കുമുന്‍പ് മതേതര രാജ്യമായ ഇന്ത്യയില്‍ ബാബറിമസ്ജിദ് വര്‍ഗീയ വാദികള്‍ തല്ലിപ്പൊളിച്ചു. വര്‍ഗീയവാദികള്‍ ഇതിനു ശ്രമം തുടങ്ങിയപ്പോഴും ബാബറിമസ്ജിദിന്റെ സമീപപ്രദേശങ്ങളില്‍ ആയുധങ്ങള്‍ കുന്നുകൂട്ടുക്കൊണ്ടിരുന്നപ്പോഴും നിരവധി രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രഗവണ്‍മെന്റിനെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയും വര്‍ഗീയവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തിരുന്ന ഉത്തര്‍പ്രദേശിലെ കല്ല്യാണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു.

അതിന്റെ ഫലമോ- കേന്ദ്രസര്‍ക്കാരിന്റെ മാനംകെടുത്തിക്കൊണ്ട് ഒരു ന്യൂനപക്ഷ സമുദായത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചുകൊണ്ട് വര്‍ഗീയവാദികള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളി തല്ലിപ്പൊളിച്ചു. ഈ കൊടിയ ക്രൂരതയുടെ തല്‍സമയ ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് കണ്ട് ആസ്വദിക്കുന്നതിനായി നല്‍കി മാധ്യമങ്ങള്‍ ആഘോഷിച്ച് തിമിര്‍ത്തു. വിദേശചാനലുകള്‍ക്ക് ദൃശ്യങ്ങള്‍ വിറ്റ് കാശുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് അതൊരു ചാകരക്കാലമായിരുന്നു. നമ്മുടെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ സ്വത്തിനും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഉറക്കം തൂങ്ങുന്ന നയം സ്വീകരിച്ചാല്‍ നാടിന്റെ സ്ഥിതി എന്താകും എന്ന് ബാബറിമസ്ജിദ് നമുക്ക് കാണിച്ചുതന്നു. ഇന്നത്തെ ഭരണകര്‍ത്താക്കളുടെ മരവിച്ച മനോഭാവം മാരകമായിക്കൊണ്ടിരിക്കുന്നു.
ബാബറിമസ്ജിദിനെക്കാള്‍ ആയിരംമടങ്ങ് മാരകമായ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും ഇന്ന് കേന്ദ്രസര്‍ക്കാര്‍ അതേ അനങ്ങാപ്പാറ നയംതന്നെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രഭരണം കോണ്‍ഗ്രസിന്റെ കൈയില്‍, കേരളം ഭരിക്കുന്നതും കോണ്‍ഗ്രസ് മന്ത്രിസഭ. കേന്ദ്ര ഭരണത്തില്‍ മന്ത്രിമാരായി കേരളത്തില്‍നിന്നും അഞ്ചു മന്ത്രിമാര്‍. അതിലൊരാള്‍ കേന്ദ്രമന്ത്രിസഭയിലെ തന്നെ മൂന്നാമന്‍. എന്നിട്ടും തമിഴ്‌നാട് സര്‍ക്കാരിന്റെ പിടിവാശിക്കുമുന്നില്‍, അവരുടെ വിവേകശൂന്യമായ ഇടപെടലിന് മുന്നില്‍, വിലകുറഞ്ഞ അവരുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കു മുമ്പില്‍, കേരളത്തിലെ 35 ലക്ഷം മനുഷ്യരെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലായെന്ന് നടിക്കുന്നു.
കേരളം എന്ന ചെറിയ സംസ്ഥാനത്തിന്റെ നട്ടെല്ലൊടിയുന്ന കാര്യമായിരുന്നിട്ടും ഭരണകര്‍ത്താക്കള്‍ക്ക് യാതൊരു വിഷമവുമില്ല. അനീതിയുടെയും കാപട്യത്തിന്റെയും മുന്നിലെ വിലകുറഞ്ഞ ഈ നിശബ്ദത, ഈ അനങ്ങാപ്പാറ നയം കൊടിയ പാപമാണ് എന്ന് പലര്‍ക്കും മനസിലാകുന്നില്ല.

ഉത്തരവാദിത്വത്തോടെയും പക്വതയോടെയും നിലകൊള്ളേണ്ട പ്രതിപക്ഷം നിരന്തരം ഇവിടുത്തെ ഭരണപക്ഷത്തെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നു. ഭരണപക്ഷമാകട്ടെ കേന്ദ്രസര്‍ക്കാരിനെ പഴിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കോടതിയെ പഴിക്കുന്നു... ഇങ്ങനെ പരസ്പരം കുറ്റങ്ങള്‍ അപരന്റെ ചുമലിലേക്കിട്ടുകൊടുത്ത് രക്ഷപെടാന്‍ മത്സരിക്കുന്ന ഭരണകര്‍ത്താക്കള്‍ നാടിന്റെ ശാപമാണ്. ഭരണകര്‍ത്താക്കളുടെ ഈ കാപട്യവും ആലസ്യവും കണ്ടിട്ടല്ലേ ഹൈക്കോടതി കേരളാ ഗവണ്‍മെന്റിനെ നിശിതമായി വിമര്‍ശിച്ചത്. നേതാക്കളേ നിങ്ങളുടെ പ്രസ്താവനകളല്ല പ്രവൃത്തിയാണ് ആവശ്യം എന്ന് തുറന്നടിച്ചത്. മുല്ലപ്പെരിയാര്‍ പൊട്ടുവാനായി നിങ്ങള്‍ കാത്തിരിക്കുകയാണോ എന്ന് ചോദിച്ചത്. എന്നിട്ടും ഇവിടുത്തെ സര്‍ക്കാരിന് അഞ്ചു ജില്ലകളിലെ ജനങ്ങളുടെ കാര്യത്തിലല്ല ശ്രദ്ധ... പിറവത്തെ തിരഞ്ഞെടുപ്പിലാണ്.
ഇടുങ്ങിയ മനസുകളില്‍ എപ്പോഴും ഇരുട്ടായിരിക്കും എന്ന് നാം കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴിതാ നമുക്കത് നേരില്‍ കാണാനുള്ള അവസരം ഉണ്ടായിരിക്കുന്നു. കേരളത്തിലെ ഭരണകര്‍ത്താക്കളുടെയും ജനങ്ങളുടെയും ഹൃദയങ്ങള്‍ അലസന്റെ പണിപ്പുരയായി മാറിയിരിക്കുന്നു. നമ്മുടെ ഇന്നത്തെ സമൃദ്ധിയില്‍ അലസതയുടെ ഇടങ്ങള്‍ കൂടിവരുന്നത് അപകടസൂചനയാണ്. അത്യധ്വാനം വഴി നമ്മുടെ നാടിനെ സമ്പന്നമാക്കിയ നമ്മുടെ പൂര്‍വികര്‍ക്കുമുന്നില്‍ നമ്മുടെ അലസവഴികള്‍ക്ക് എന്തു വിലയാണുള്ളത്. ഒരു ശിഥില സംസ്‌കാരമാണ് നമുക്ക് ചുറ്റും വളര്‍ന്നുവരുന്നത്. കുറ്റം അപരന്റെ ചുമലിലേറ്റി കടന്നുകളയാന്‍ വെമ്പല്‍കൂട്ടുന്ന ഒരുതരം വൃത്തികെട്ട ശൈലി.

ഇന്നത്തെ ഏറ്റവും വലിയ ശാപം അപകടം നിറഞ്ഞ നമ്മുടെ ഭരണകര്‍ത്താക്കളുടെ കാപട്യം നിറഞ്ഞ നിസംഗതയാണ്. എന്തെല്ലാമോ തങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കപടനാടകം ഇവിടെ അരങ്ങു തകര്‍ക്കുന്നു. പത്തോ ഇരുപതോ പ്രാവശ്യം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുകയും കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കുകയും ചെയ്ത ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ ഭൂകമ്പത്താല്‍ വിറയ്ക്കുന്ന, ഏതു നിമിഷവും തകരാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ അണക്കെട്ടിലേക്ക് വീണ്ടും ഓടിയെത്തി ബോട്ടുയാത്ര നടത്തുന്നു.

അഞ്ചു ജില്ലകളിലെ 35 ലക്ഷം മനുഷ്യരുടെ ഹൃദയങ്ങള്‍ ഭയാശങ്കകളാല്‍ നീറിപ്പുകയുമ്പോള്‍ നേതാക്കള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ ബോട്ടുയാത്ര നടത്തി തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ പ്രത്യേകിച്ചും യുദ്ധാനന്തര യൂറോപ്പില്‍ ഇന്ന് തഴച്ച് വളരുന്നതും ഈ അവനവനിസമാണ്. എന്റെ സഹോദരന് എങ്ങനെയുണ്ട്? എനിക്കറിഞ്ഞുകൂടാ- അറിയേണ്ട ആവശ്യവും എനിക്കില്ല. കാേയന്റെ കാലമാണിത്. എല്ലാവര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ്. മുല്ലപ്പെരിയാറോ- അതു പൊട്ടുന്നെങ്കില്‍ പൊട്ടട്ടെ. അഞ്ചു ജില്ലകളിലെ 35 ലക്ഷം ജനങ്ങളോ- അവര്‍ ചാകട്ടെ. എനിക്കെന്താ... ഇങ്ങനെ പോകുന്നു ഭരണകര്‍ത്താക്കളുടെ ദുഷിച്ച ചിന്തകള്‍. എന്റെ വളര്‍ച്ചയില്‍ അപരന്റെ ജീവന് എന്തു സംഭവിച്ചാലും എനിക്കൊരു പ്രശ്‌നവുമില്ല.

തമിഴ്‌നാട്ടുകാരേക്കാള്‍ വിദ്യാഭ്യാസത്തിലും അറിവിലും കഴിവിലും സമ്പത്തിലും സംസ്‌കാരത്തിലും നമ്മള്‍ മുന്‍പിലാണെന്ന് ധരിച്ചുവച്ചിരിക്കുന്നു. പൊള്ളയായ അറിവും കഴിവും ഉണ്ട് എന്നതുകൊണ്ടായില്ല. ഈ അറിവിനെ എങ്ങനെ ഉപയോഗിക്കണം, എപ്പോള്‍ ഉപയോഗിക്കണം എന്ന് നമുക്കറിഞ്ഞുകൂടാ. ഈ ജ്ഞാനക്കുറവാണ് നമ്മുടെ ജനകീയ പ്രശ്‌നങ്ങള്‍ വിജയിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം. പക്വതയോടെയും സ്ഥിരോത്സാഹത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും കൂടെ നമ്മുടെ ഭരണകര്‍ത്താക്കള്‍ നീങ്ങിയെങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഉണരുകയുള്ളൂ;
കോടതിവിധികള്‍ ഉണ്ടാവുകയുള്ളൂ. അതിനായി ഭരണപ്രതിപക്ഷഭേദമെന്യേ രാഷ്ട്രീയ നേതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും വിനീതഭാവത്തോടെ പ്രാര്‍ത്ഥിക്കുക. അപ്പോള്‍ തീര്‍ച്ചയായും ഇവിടെ അത്ഭുതങ്ങള്‍ സംഭവിക്കും. അല്ലെങ്കില്‍ പരസ്പരം പഴിചാരിയും കുറ്റം പറഞ്ഞും മാധ്യമങ്ങളില്‍ ചര്‍ച്ച നടത്തിയും നമുക്ക് സമയം കളയാം... അനിവാര്യമായ ദുരന്തത്തിലേക്ക് നമുക്ക് ചെന്നുവീഴാം. ദൈവമേ നിന്റെ സ്വന്തം നാടിനെ നീ തന്നെ രക്ഷിക്കേണമേ...

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.