ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ മാര്‍പാപ്പ നടത്തിയ ജര്‍മനി സന്ദര്‍ശനത്തെക്കുറിച്ച് കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളതെന്നവകാശപ്പെടുന്ന ഒരു പത്രം റിപ്പോര്‍ട്ട് ചെയ്‌തതിങ്ങനെയായിരുന്നു. `ലൈംഗികാതിക്രമങ്ങള്‍; സഭ ഉപേക്ഷിച്ചുപോകരുതെന്ന് മാര്‍പാപ്പ'. കത്തോലിക്കാപുരോഹിതര്‍ കുട്ടികളോട് കാട്ടിയ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ സഭ വിട്ടുപോകുന്നതില്‍ നിന്ന് പിന്മാറണമെന്ന് മാര്‍പാപ്പ ജര്‍മനിയിലെ കത്തോലിക്കാവിശ്വാസികളോട് അഭ്യര്‍ത്ഥിച്ചെന്നാണ് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
കഴിഞ്ഞ വര്‍ഷം മാത്രം 1,81,000 കത്തോലിക്കാവിശ്വാസികള്‍ ജര്‍മനിയില്‍ സഭ വിട്ട പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയെന്നും പത്രം പറയുന്നു. രണ്ട് ദിവസത്തിനുശേഷം ഇതേ പത്രത്തില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള തലക്കെട്ട് ഇങ്ങനെയായിരുന്നു. `മാര്‍പാപ്പ എത്തും മുന്‍പ് വെടി'. മാര്‍പാപ്പ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഒരാള്‍ സുരക്ഷാമേഖലയ്‌ക്ക് പുറത്ത് വെടിവെച്ചുവെന്നും പോലീസ് അയാളെ അറസ്റ്റ് ചെയ്‌തെന്നും പിന്നീട് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചുവെന്നുമായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഈ റിപ്പോര്‍ട്ടിന്റെ അവസാനഭാഗത്ത് ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. `പുരോഹിതന്മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും പീഡനം അനുഭവിക്കേണ്ടിവന്നവരുമായി മാര്‍പാപ്പ കൂടിക്കാഴ്‌ച നടത്തി. സംഭവത്തില്‍ ഖേദവും ഇരകളോട് സഹാനുഭൂതിയും പ്രകടിപ്പിച്ച അദ്ദേഹം കുറ്റക്കാരായ പുരോഹിതന്മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു. (25.9.2011).
ചുരുക്കത്തില്‍ നാല് ദിവസത്തെ ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയുടെ പ്രധാനദൗത്യം ഈ പത്രത്തിന്റെ ദൃഷ്ടിയില്‍ ഇങ്ങനെയാണ്. `കത്തോലിക്കാപുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ ആരും സഭ വിട്ടുപോകരുത്.' നാല് ദിവസത്തിനിടെ 18 ചടങ്ങുകളിലായിരുന്നു മാര്‍പാപ്പ പങ്കെടുത്തത്. അതിനിടയില്‍ എത്രയോ നല്ല കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അധികാരത്തിനുവേണ്ടി ധാര്‍മികത ബലികഴിക്കരുതെന്ന് ജര്‍മന്‍ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടത് ഉദാഹരണമാണ്. ഇതൊന്നും കാണാതെ പുരോഹിതന്മാരുടെ ലൈംഗികാതിക്രമത്തെപ്പറ്റി മാത്രം ഈ പത്രം കാണുന്നത് ദുരൂഹവും വിചിത്രവുമാണ്.
കഴിഞ്ഞവര്‍ഷം സെപ്‌റ്റംബര്‍ മാസത്തില്‍ മാര്‍പാപ്പ ബ്രിട്ടന്‍ സന്ദര്‍ശനം നടത്തിയപ്പോഴും ഇതേ പത്രത്തിന്റെ മുഖ്യവിഷയം `പുരോഹിതന്മാരുടെ ലൈംഗികാതിക്രമം തന്നെയായിരുന്നു. അടുത്തടുത്തുള്ള ദിവസങ്ങളില്‍ പ്രസ്‌തുത വിഷയം ആവര്‍ത്തിച്ച് അവര്‍ തങ്ങളുടെ ലക്ഷ്യം നേടുകയും ചെയ്‌തു. ഉദാഹരണമായി, മാര്‍പാപ്പയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ആദ്യദിനം തന്നെ ഈ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെയായിരുന്നു. `പുരോഹിതര്‍ കുട്ടികളില്‍ നടത്തിയ ലൈംഗികപീഡനം പൗരോഹിത്യത്തെ വൈകൃതപ്പെടുത്തലാണെന്നും സഭാധികാരികള്‍ ജാഗ്രത കാട്ടുകയോ വേഗം നടപടിയെടുക്കുകയോ ചെയ്‌തില്ലെന്നത് വേദനാജനകമാണെന്നും മാര്‍പാപ്പ സമ്മതിച്ചു.' (18.9.2010) ഇവിടെ `സമ്മതിച്ചു' എന്ന പ്രയോഗം ഒരുതരം കുറ്റസമ്മതത്തെയാണ് സൂചിപ്പിക്കുന്നത്.
തൊട്ടടുത്ത ദിവസത്തിലെ പ്രധാനപ്പെട്ട ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു. `വൈദികരുടെ പീഡനങ്ങള്‍ സഭയ്‌ക്ക് അപമാനം: മാര്‍പാപ്പ'. വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവരോട് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാപ്പുചോദിച്ചെന്നും ഈ വൈദികര്‍ തനിക്കും കത്തോലിക്കാസഭയ്‌ക്കും അപമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടെന്നുമായിരുന്നു പ്രസ്‌തുത തലക്കെട്ടിന്റെ ഉള്ളടക്കം (19.9.2010). അടുത്തദിവസം പ്രസ്‌തുത പത്രത്തില്‍ വന്ന ചെറിയ ഒരു വാര്‍ത്ത `കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു' എന്നതായിരുന്നു (20.9.2010).
വാസ്‌തവത്തില്‍ മാര്‍പാപ്പ എന്തിനായിരുന്നു കഴിഞ്ഞവര്‍ഷം ബ്രിട്ടന്‍ സന്ദര്‍ശിച്ചത്? കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. സമകാലിക സംസ്‌കാരം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു. അതിരുകടന്ന `സെക്കുലറൈസേഷ'ന്റെ ഭാഗമായി പൊതുസമൂഹത്തില്‍ നിന്നും മതം അപ്രത്യക്ഷമാകുന്ന അപകടത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. എന്നാല്‍ ഈ മലയാളപത്രത്തിന്റെ വാര്‍ത്താവതരണരീതി കാണുമ്പോള്‍ തോന്നുന്നത് ബ്രിട്ടന്‍ സന്ദര്‍ശനത്തിന് പരിശുദ്ധ പിതാവ് വന്നത് പുരോഹിതരുടെ ലൈംഗികപീഡനങ്ങള്‍ക്ക് മാപ്പ് ചോദിക്കാനാണെന്നാണ്! സമാനമായ അനുഭവമാണ് ഈയിടെ മാര്‍പാപ്പ നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിലും ഈ മലയാളപത്രം വായിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്നത്.
ഡോ.കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ `മാധ്യമവിപ്ലവത്തിലെ അപനിര്‍മിതികള്‍' എന്ന ലേഖനം ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ്. വസ്‌തുനിഷ്‌ഠമായി കാര്യങ്ങള്‍ വിവരിക്കേണ്ട മാധ്യമങ്ങള്‍ ഇന്ന് ആ പാത വിട്ട് സത്യത്തിന്റെ സാഹചര്യാനുസരണമുള്ള വ്യാഖ്യാനങ്ങളിലേക്ക് നീങ്ങിയിരിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വസ്‌തുനിഷ്‌ഠതയെ റിപ്പോര്‍ട്ടര്‍മാരും ലേഖകരും വാര്‍ത്തകളുടെ കാര്‍മികരായ അവതാരകരും അവരുടെ ഇഷ്ടംപോലെ സൃഷ്ടിക്കുന്ന അവസ്ഥാവിശേഷമാണ് നാമിന്ന് കാണുന്നത്.
മാധ്യമങ്ങളാല്‍ അപനിര്‍മിക്കപ്പെടുന്ന പുരോഹിതരെക്കുറിച്ച് ഡോ.മുണ്ടാടന്‍ പറയുന്നത് ശ്രദ്ധേയമാണ്. `1990 കളില്‍ അമേരിക്കയിലെ പത്രങ്ങളും മാധ്യമങ്ങളും വൈദികരെ ഏറ്റവും മോശമായി അപനിര്‍മാണം ചെയ്യാനാരംഭിച്ചു. അമേരിക്കയില്‍ പല വൈദികരും ബാലപീഡനത്തിനും ലൈംഗികമായ അരാജകത്വത്തിനും പിടിക്കപ്പെടുകയും അവരുടെ കേസുകള്‍ പലതും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ അപഗ്രഥനത്തിന് വിധേയമാവുകയും ചെയ്‌തു. ആഗോളതലത്തില്‍ പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയിലും മറ്റും ലൈംഗികത, കുടുംബം, വിവാഹജീവിതം എന്നീ സംജ്ഞകള്‍ക്ക് പുതിയ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും വന്നപ്പോള്‍ അത്തരം നീക്കങ്ങളെ ആഗോളതലത്തില്‍ എതിര്‍ത്ത ശക്തി കത്തോലിക്കാസഭയായിരുന്നു.
സ്വവര്‍ഗവിവാഹവും ഉഭയസമ്മതപ്രകാരമുള്ള സഹവാസവും ഗര്‍ഭഛിദ്രവും ഭ്രൂണഹത്യയും ഒക്കെ പല രാജ്യങ്ങളും നിയമാനുസൃതമാക്കിയപ്പോള്‍ അത്തരം നിയമങ്ങള്‍ക്കെതിരെ നിലകൊണ്ട കത്തോലിക്കാസഭ എടുത്ത നിലപാട് പലപ്പോഴും ലിബറല്‍ ലോബിക്ക് തലവേദന സൃഷ്ടിച്ചു. അത്യാധുനികതയുടെ ലക്ഷണങ്ങളെന്ന് വിശേഷിപ്പിച്ചവയോടുള്ള സഭയുടെ ചെറുത്തുനില്‌പ് കത്തോലിക്കാസഭയെ ശത്രുപക്ഷത്താക്കി. സഭയെ ഇകഴ്‌ത്താനും സഭയുടെ ധാര്‍മികശക്തിയെ വെല്ലുവിളിക്കാനും കിട്ടുന്ന യാതൊരവസരവും ലിബറല്‍ വ്യവസ്ഥിതിയുടെ വക്താക്കളും അവര്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും പാഴാക്കാറില്ല.
ലോകത്താകമാനം നാലുലക്ഷത്തോളം വൈദികരുള്ളതില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും മറ്റ് വഴിവിട്ട രീതികള്‍ക്കും വിധേയരാകുന്നത് ന്യൂനപക്ഷം മാത്രമാണ്. എങ്കിലും മാധ്യമങ്ങള്‍ നല്‍കുന്ന സന്ദേശം കത്തോലിക്കാസഭയിലെ പുരോഹിതരില്‍ നല്ലൊരുഭാഗവും ഇത്തരം പ്രശ്‌നങ്ങളുള്ള വ്യക്തികളാണെന്നതാണ്. ഇത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണ്. ലോകത്തെല്ലായിടത്തും ജാതി-മത-വ്യത്യാസങ്ങളില്ലാതെ പലരും ഇത്തരം കുറ്റകൃത്യങ്ങളില്‍ പെടുന്നുണ്ടെങ്കിലും അവരെയൊന്നും കത്തോലിക്കര്‍ക്കെതിരെ ചെയ്യുന്നതുപോലെ മാധ്യമങ്ങള്‍ ആക്രമിക്കാറില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മറ്റ് പ്രൊഫഷനുകളിലുള്ളവരുടെ കാര്യത്തില്‍ കുറ്റകൃത്യം ചെയ്‌ത വ്യക്തി മാത്രമാണ് ആരോപിതനാകുന്നതും വിമര്‍ശിക്കപ്പെടുന്നതും. ഒരാളുടെ കുറ്റകൃത്യത്തിന് ആ സമൂഹത്തെ മുഴുവനും കുറ്റപ്പെടുത്തിയാല്‍ ലേബര്‍ കോഡുള്ള അവരുടെ കാര്യത്തില്‍ ഇടപെടാന്‍ മുനഷ്യാവകാശസംഘടനകളും മറ്റും എത്തും. എന്നാല്‍, കത്തോലിക്കാ പുരോഹിതരുടെയും മെത്രാന്മാരുടെയും പേരില്‍ എന്ത് അപകീര്‍ത്തി നടന്നാലും ആരും അതിനെ ചോദ്യം ചെയ്യില്ല എന്നത് നമ്മുടെ കാലഘട്ടത്തിലെ മാധ്യമവിചാരണയിലുള്ള അനീതിയും വിവേചനവുമാണ്'.
ഡോ.മുണ്ടാടന്റെ, മുകളില്‍പറഞ്ഞ നിരീക്ഷണങ്ങള്‍ പല വസ്‌തുതകളിലേക്കും വെളിച്ചം വീശുന്നു. മാധ്യമലോകത്തിന്റെ ഒരുതരം ഇരട്ടത്താപ്പിന് ഇന്ന് കത്തോലിക്കാസമൂഹം വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിന് കാരണമോ, സത്യത്തിനും ധാര്‍മികതയ്‌ക്കും വേണ്ടിയുള്ള സഭയുടെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടും. പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കത്തോലിക്കാസഭ വലിയൊരു തലവേദന തന്നെയാണ്. കാരണം, പവിത്രമായ കുടുംബബന്ധങ്ങള്‍ക്കെതിരെ നടത്തുന്ന അപക്വമായ നിയമനിര്‍മാണത്തിനെതിരെ കത്തോലിക്കാസഭയാണ് പലപ്പോഴും ശബ്ദമുയര്‍ത്തുന്നത്.
ഈയിടെ ജസ്റ്റിസ് കൃഷ്‌ണയ്യര്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ച `വിമന്‍സ് കോഡ് ബില്‍' ശുപാര്‍ശകള്‍ക്കെതിരെ ഏറ്റവും അധികം ശബ്ദമുയര്‍ത്തിയത് കേരളത്തിലെ കത്തോലിക്കാസഭയായിരുന്നു. സാങ്കേതികവിദ്യയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുള്ള ART ബില്‍ (Assisted Reproductive Bill) പ്രാബല്യത്തിലാക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ശ്രമിച്ചപ്പോള്‍ അതിനെതിരെ ഏറ്റവുമധികം ശബ്ദമുയര്‍ത്തിയത് ഭാരതജനസംഖ്യയിലെ ന്യൂനപക്ഷം മാത്രമായ കത്തോലിക്കാസഭയാണ്.
വ്യവസ്ഥാപിതമായ ഒരു അജന്‍ഡയോടുകൂടിയാണ് പല മാധ്യമങ്ങളും കത്തോലിക്കാസഭയെ ആക്രമിക്കുന്നത്. സഭയുടെ സേവന-ആതുര-വിദ്യാഭ്യാസമേഖലകളില്‍ കരിവാരിത്തേക്കുക എന്ന ഒരേയൊരു ലക്ഷ്യമാണ് പല മാധ്യമങ്ങള്‍ക്കുമുള്ളതെന്ന് അവരുടെ അവതരണരീതി തന്നെ തെളിയിക്കുന്നു. കത്തോലിക്കാപുരോഹിതര്‍ കുട്ടികളോട് കാട്ടിയ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ സഭ വിട്ടുപോകുന്നതില്‍ നിന്ന് പിന്മാറണമെന്ന് മാര്‍പാപ്പ ജര്‍മനിയിലെ കത്തോലിക്കാവിശ്വാസികളോട് അഭ്യര്‍ത്ഥിച്ചെന്ന് പറയുന്ന മലയാളപത്രം തൊട്ടടുത്ത വാചകത്തില്‍ പറയുന്നത് കഴിഞ്ഞവര്‍ഷം 1,81,000 പേര്‍ സഭ വിട്ടെന്നാണ്.
ഈ വാര്‍ത്ത വായിക്കുന്നവര്‍ക്കുതോന്നുക ലൈംഗികാതിക്രമം മൂലമാണ് എല്ലാവരും സഭ വിട്ടുപോകുന്നതെന്ന്! ഇത് തീര്‍ത്തും യുക്തിരഹിതമായ വാര്‍ത്താവതരണരീതിയും നിലപാടുമാണ്. സഭ വിട്ടുപോകാന്‍ ജര്‍മന്‍കാര്‍ക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. ധാര്‍മികതയുടെ വെളിച്ചത്തില്‍ കത്തോലിക്കാസഭ മുറുകെ പിടിക്കുന്ന പല കാര്യങ്ങളും ജര്‍മന്‍കാര്‍ക്ക് ഇന്ന് സ്വീകാര്യമല്ല. വനിതാ പൗരോഹിത്യത്തിനുവേണ്ടിയും വൈദികരുടെ വിവാഹത്തിനുവേണ്ടിയും വാദിക്കുന്ന ധാരാളം പേര്‍ അവിടെയുണ്ട്.
കത്തോലിക്കാസഭ യാഥാസ്ഥിതികപ്രസ്ഥാനമാണെന്ന് പറഞ്ഞ് സഭ വിടുന്ന ധാരാളം പേരുണ്ടവിടെ. എന്തിനധികം പറയുന്നു, കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രശസ്‌ത ടെന്നീസ് താരമായ സ്‌റ്റെഫി ഗ്രാഫ് കത്തോലിക്കാസഭ ഉപേക്ഷിക്കാനുണ്ടായ കാരണമായി പറഞ്ഞത് നികുതി അടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണെന്നാണല്ലോ! ഇത്തരം കാര്യങ്ങളൊന്നും അവതരിപ്പിക്കാതെ മുന്‍വിധിയോടെ മാത്രം വാര്‍ത്തകള്‍ കെട്ടിച്ചമയ്‌ക്കുന്ന വാര്‍ത്താവതാരകര്‍ യഥാര്‍ത്ഥ മാധ്യമധര്‍മത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്.
സഭയാകുന്ന വലയില്‍ നല്ലതും ചീത്തയുമായ മീന്‍ കുടുങ്ങിയിട്ടുണ്ടെന്നും ചീത്ത മീനിനെ കണ്ട് സഭ വിട്ടുപോകരുതെന്നും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു'വെന്നുമാണ് മലയാളപത്രം എഴുതിയത്. ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നു. ചീത്ത മീനിനെ മാത്രം നോക്കുകയും ചീത്ത മീനിനെക്കുറിച്ച് മാത്രം പറയുകയും എഴുതുകയും ചെയ്യുന്നത് ആരാണ്? ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് നേരാകുമെന്നുള്ള ഗീബല്‍സിയന്‍ തന്ത്രത്തിന്റെ മറപിടിച്ചുകൊണ്ട് ചില പാളിച്ചകളെ മാത്രം തുടര്‍ച്ചയായി അവതരിപ്പിച്ചുകൊണ്ട് ഒരു സമുദായത്തെയാകെ ഇകഴ്‌ത്തിക്കൊണ്ടുള്ള മാധ്യമവ്യഗ്രതയാണ് നാമിവിടെ കാണുന്നത്.
ഫാ.ജോസഫ് കളത്തില്‍
കരിങ്ങാട്,കോഴിക്കോട്
Read 253 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.