`നമ്മുടെ അസ്‌തിത്വത്തെ അലസവിനോദമായും ജീവിതത്തെ ആദായകരമായ ഉത്സവമായും പരിഗണിച്ച് ഹീനമാര്‍ഗങ്ങളിലൂടെപ്പോലും മനുഷ്യന്‍ കഴിയുന്നത്ര പണം സമ്പാദിക്കണമെന്നാണ് അവന്‍ പറയുന്നത്' (ജ്ഞാനം 15:12)
ഇന്ന് പരസ്യമില്ലാതെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വില്‍ക്കുവാന്‍ സാധിക്കുകയില്ല. ഇന്നത്തെ പരസ്യങ്ങള്‍ എത്രത്തോളം ധാര്‍മികത പുലര്‍ത്തുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആവശ്യമുള്ളതും ഇല്ലാത്തതും ആയ എല്ലാംതന്നെ നിറമാര്‍ന്ന പരസ്യത്തിലൂടെ വിറ്റഴിക്കാം എന്ന തന്ത്രം ഉപയോഗിക്കുന്നു. ഈ തന്ത്രത്തിലെ പരമമായ തെറ്റ് സത്യവിരുദ്ധകാര്യങ്ങള പ്രചരിപ്പിക്കുകയും ലൈംഗിക അരാജകത്വത്തിലേക്ക് ജനങ്ങളെ നയിക്കുകയും ചെയ്യുന്നു എന്നതാണ്.
ഒരു ഉല്‌പന്നം വിറ്റഴിക്കാന്‍ പരസ്യം ആവശ്യമാണോ? ഒരേ ഉല്‌പന്നം പല നിര്‍മാതാക്കള്‍ നിര്‍മിച്ച് രംഗത്തുവരുമ്പോള്‍ മറ്റേയാളേക്കാള്‍ മുമ്പിലെത്തുവാന്‍ പരസ്യമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഉദാഹരണത്തിന് ഒരു ടൂത്ത്‌പേസ്റ്റ്. ഇതുപയോഗിച്ച് പല്ല് തേക്കുമ്പോള്‍ 99.9 ശതമാനം കീടാണുക്കള്‍ നശിക്കുന്നു. ആ കൂടെത്തന്നെ മറ്റ് ചില നിര്‍മാതാക്കളുടെ ഉല്‌പന്നം ഉയോഗിച്ച് ഇത്രയും ശതമാനം കീടാണുക്കള്‍ നശിച്ചില്ല എന്നും പറയുന്നു. പരസ്യത്തിനുവേണ്ടി തിരഞ്ഞെടുക്കുന്ന അഭിനേതാവിനെ ആശ്രയിച്ചിരിക്കും പരസ്യത്തിന്റെ വിജയം. ഉല്‌പന്നം ടൂത്ത് പെയ്‌സ്റ്റ് ആണെങ്കിലും പരസ്യവിഷയം പ്രണയവും കിടപ്പറരംഗങ്ങളും നഗ്നതാപ്രദര്‍ശനവുമാണെങ്കില്‍ മാത്രമേ ജനം ശ്രദ്ധിക്കുകയുള്ളൂ. അഭിനേതാവ് ആയി വൃദ്ധന്‍മാര്‍ മുതല്‍ കൊച്ചുകുട്ടികളെ ഈ വിഷയങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് ധാര്‍മികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു.
ദൈവം സൃഷ്ടിച്ച മനുഷ്യന്റെ മുഖംപോലും മൃഗത്തോടും പക്ഷികളോടും കൂട്ടിച്ചേര്‍ത്ത് മനുഷ്യന്റെ വിലയിടിച്ച് മൃഗത്തിന്റെ വിലയിലേക്ക് തരംതാഴ്‌ത്തുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ ഒരു വേലിയേറ്റം തന്നെ പരസ്യത്തില്‍ കാണാം. സഭ്യമല്ലാത്ത വസ്‌ത്രം ധരിച്ച് (ചിലപ്പോള്‍ നാമമാത്ര വസ്‌ത്രത്തിന്റെ ചെറിയ കഷണം) പ്രത്യക്ഷപ്പെടുന്ന അഭിനേതാവിന് `പണം' എന്ന ഒറ്റലക്ഷ്യത്തിനുമുമ്പില്‍ അടിയറ വയ്‌ക്കുന്ന ധാര്‍മികസംസ്‌കാരം പരസ്യലോകത്തെ അപ്പാടെ വിഴുങ്ങിയിരിക്കുന്നു. ഇതൊന്നും ഈ കാലത്ത് തെറ്റല്ല എന്നും എന്റെ കരിയറാണെന്നും അല്‌പമൊക്കെ ശരീരപ്രദര്‍ശനം നടത്തുന്നതുകൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ലെന്നും എന്ന ന്യായീകരണം വഴി അഭിനേതാവ് തടിതപ്പുകയും വേണമെങ്കില്‍ ഇതിനെപ്പറ്റിയൊരു ലൈവ് ഷോ കൂടി ഏര്‍പ്പാടാക്കുകയും ചെയ്യുന്നു. ഈ പരസ്യം മനുഷ്യമനസ്സുകളെ അധാര്‍മികതയിലേക്ക് തള്ളിവിടുന്ന ഒരു ദുഷ്‌പ്രേരണ നമ്മുടെ പരസ്യരംഗത്തുണ്ടെന്ന് നാം മനസ്സിലാക്കണം. ഇതൊക്കെ ഏറെ സ്വാധീനിച്ചിരിക്കുന്നതു യുവതലമുറയെയും കുഞ്ഞുങ്ങളെയും ആണ്.
ഇന്ന് വിശ്വസുന്ദരികളെ തിരഞ്ഞെടുക്കുന്നതുപോലും പരസ്യകമ്പനികളുടെ രഹസ്യപിന്തുണയും സൗന്ദര്യവസ്‌തുക്കളുടെ വിപണനസാധ്യതയും മുമ്പില്‍ കണ്ടുകൊണ്ടാണ്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് സുന്ദരികളെ തിരഞ്ഞെടുക്കുന്നതില്‍ ഇത്ര വലിയൊരു വിപണനസാധ്യതയുള്ള ഒരു മാര്‍ക്കറ്റ് ഇന്ത്യയല്ലാതെ ലോകത്തു വേറെ എങ്ങുമില്ല.
ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറുന്ന കുട്ടി കണ്ണില്‍കണ്ടതൊന്നും എടുക്കുകയില്ല. അവന് ടിവിയില്‍ കണ്ട അതേ ചോക്ലേറ്റും ടോയ്‌സും മതി. ഇത്രത്തോളം ടിവി പരസ്യങ്ങള്‍ കുഞ്ഞുങ്ങളെ അടിമപ്പെടുത്തിയിരിക്കുന്നു. വെറുതെ ഒന്നു ചോദിച്ചാല്‍ മതി-മോന് ഏത് കുടയാണിഷ്ടം? അവന്‍ ഉടനെ തന്നെ പരസ്യത്തില്‍ കണ്ട ബ്രാന്‍ഡും പറയും വേണമെങ്കില്‍ പരസ്യം തന്നെ അഭിനയിച്ച് കാണിക്കുകയും ചെയ്യും. ഇത്രത്തോളം പരസ്യം നമ്മുടെ കുഞ്ഞുങ്ങളെ സ്വാധീനിച്ചിരിക്കുന്നു. ചില കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പരസ്യം കാണിച്ചാല്‍ മതി എന്നാണ് മാതാപിതാക്കളുടെ സാക്ഷ്യപ്പെടുത്തല്‍.
ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് ജനങ്ങളെ നിര്‍ബന്ധപൂര്‍വം അടിച്ചേല്‌പിക്കുന്ന ഈ വിപണനതന്ത്രത്തിന്റെ രഹസ്യങ്ങള്‍ മനുഷ്യര്‍ക്ക് നന്നായി അറിയാമെങ്കിലും ഈ പരസ്യത്തിന്റെ അഭിനേതാവും അതിലെ പ്രേരക ആശയങ്ങളും ശൈലിയും ഒക്കെ ഉപഭോക്താവിനെ അറിയാതെ ഇതിന്റെ ദൂഷ്യവശങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്നു. ഫലത്തില്‍ യാതൊരുവിധ ഗുണമേന്മയുമില്ല എന്ന് മാത്രമല്ല മറിച്ച്, വ്യാജസാമഗ്രികള്‍ കൂട്ടുചേര്‍ത്ത് ഇന്ന് വിപണിയിലെത്തുന്ന കറിപൗഡറുകളും പെട്ടെന്ന് പഴുക്കാന്‍ മാങ്ങയില്‍ ചേര്‍ക്കുന്ന കാര്‍ബൈഡും എത്രമാത്രം ആരോഗ്യത്തിന് ഹാനി വരുത്തുന്നതാണെന്ന് ഈ അടുത്ത നാളുകളില്‍ വന്ന സര്‍വേകളില്‍ വ്യക്തമാണ്. ഇന്ന് കാന്‍സര്‍ രോഗികളുടെ വര്‍ധന ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കൂടുതലാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഏറ്റവും അധികം പരസ്യങ്ങളുടെ മേഖല സ്വര്‍ണവ്യാപാരം ആണ്. സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുള്ള പരസ്യങ്ങളും കൂറ്റന്‍ ബോര്‍ഡുകളും വഴി ധാരാളം കച്ചവടം നടക്കുന്നു എങ്കിലും ഈ വന്‍കിട വ്യാപാരത്തില്‍ എത്രത്തോളം സത്യസന്ധതയും ഗുണമേന്മയും ഉണ്ടെന്നും ഓരോരുത്തര്‍ക്കും അനുഭവിച്ചറിയാവുന്നതാണ്.
നിര്‍മിക്കുന്ന വസ്‌തുക്കള്‍ ഗുണമേന്മയുള്ളതാണെങ്കില്‍ പരസ്യത്തിന്റെ ആവശ്യമില്ല എന്ന സത്യം വിപണനരംഗത്തുള്ളവര്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ഏതൊരു ഉപഭോക്താവും ഒരു തവണ ഉപയോഗിച്ചിട്ടുള്ള വസ്‌തുക്കളില്‍ നിന്നും ഗുണമേന്മ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അവര്‍തന്നെ മറ്റുള്ളവരോട് പറയും. ഒരു നല്ലവാക്കാണ് ഏറ്റവും നല്ല പരസ്യം. അത് യാതൊരു ധാര്‍മികമൂല്യങ്ങളും നശിപ്പിക്കുന്നതുമല്ല. മറിച്ച് ഒരു സത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് പരസ്യമേഖലയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് സ്‌ത്രീകളെയാണ്. സഭ്യമല്ലാത്ത പരസ്യങ്ങളില്‍ അഭിനയിക്കുന്ന സ്‌ത്രീകള്‍ക്ക് എതിരെ എന്തുകൊണ്ടാണ് വനിതാസമിതികള്‍ രംഗത്തുവരാത്തത്?ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുപകരം പേരിനും പെരുമയ്‌ക്കും പണസമ്പാദനത്തിനും വേണ്ടി ശരീരത്തെ മറ്റുള്ളവര്‍ക്ക് പാപഹേതുവായിത്തീരുന്നതിന് വിട്ടുകൊടുക്കുന്നതിനെതിരെ ഇനിയെങ്കിലും ശ്രദ്ധിക്കണേ. ഏതായാലും പരസ്യത്തിലൂടെ സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി ശിക്ഷയേര്‍പ്പെടുത്തും എന്നത് ഈ മേഖലയെ ഗവണ്‍മെന്റ് തന്നെ എത്ര ഗൗരവമായി കാണുന്നു എന്നതിന് തെളിവാണ്.
Friday, 09 December 2011 12:15
പരസ്യങ്ങളും ധാര്‍മികതയും
Written by തോമസ് ജോസഫ്, പാലാ
Read 227 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.