പത്തും അതിലധികവും മക്കള്‍ക്ക് ജന്മം കൊടുക്കുകയും അതിലഭിമാനം കൊള്ളുകയും ചെയ്‌തിരുന്ന ഒരു തലമുറ നമുക്കിന്ന് അന്യമായിരിക്കുന്നു.
മക്കളുടെ എണ്ണം ഒന്നും രണ്ടുമാക്കി ചുരുക്കുകയും മക്കളില്ലാതെയും ജീവിക്കാമെന്ന ഒരു കാഴ്‌ചപ്പാടിലേക്കും യുവതലമുറ മാറിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ആ ചിന്തകളുടെ ആപത്തുകള്‍ അവര്‍ക്ക് ബോധ്യമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമല്ലേ. ന്യൂക്ലിയര്‍ കുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ കുടുംബമെന്ന പഴയ കൂട്ടുകുടുംബ വ്യവസ്ഥിതികളും കെട്ടുറപ്പും സന്തോഷവും ദൈവികചൈതന്യവും എല്ലാം നഷ്‌ടമാക്കി വെറും ഷെല്‍ട്ടറുകള്‍ മാത്രമായി ഇന്നത്തെ കുടുംബങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
മക്കളെ മനസ്സിലാക്കാത്ത, അതിന് സമയമില്ലാത്ത മാതാപിതാക്കളും മാതൃപിതൃസ്‌നേഹമോ സഹോദരവാത്സല്യമോ ഇല്ലാതെ യന്ത്രം കണക്കേ ചലിക്കുന്ന മകനും മകളുമെല്ലാം നാളെയുടെ ലോകത്തെ നേരിടാന്‍ പര്യാപ്‌തരാകില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വൃദ്ധരായ മാതാപിതാക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ നിന്നും അവര്‍ തള്ളപ്പെടുകയാണ്. കേരളത്തിലെ വൃദ്ധസദനങ്ങളുടെ കണക്കുകള്‍ നമ്മെ ഈ സത്യത്തിലേക്ക് നയിക്കുന്നു.
യുവമിഥുനങ്ങള്‍ക്ക് ലഭിക്കുന്ന വികലമായ അറിവുകളാണ് കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലെ ഒരു പ്രധാന ഘടകം. മക്കളാല്‍ സമ്പന്നമാകുന്ന ദേശം അനുഗ്രഹിക്കപ്പെടുകയും സമ്പന്നമാകുകയും ചെയ്യുമെന്ന പഴയകാല ബോധ്യങ്ങളിലേക്ക് പുതിയ തലമുറ എത്തിയെങ്കില്‍ മാത്രമേ നമ്മുടെ നാടിന് മുന്നോട്ട് പോകാനാകൂ.
വിദേശ വൃദ്ധസദനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളായ യുവതീയുവാക്കളുടെ സ്‌നേഹവും തലോടലും അവര്‍ക്ക് ആശ്വാസമേകുമ്പോള്‍ വരുംനാളുകളില്‍ നമ്മുടെ നാട്ടിലെ അവസ്ഥയും ഇതിന് സമാനമാകുമെന്നതില്‍ തര്‍ക്കമില്ല. വിദേശത്തുനിന്ന് യുവതീയുവാക്കള്‍ നമ്മുടെ വൃദ്ധമാതാപിതാക്കളെ പരിചരിക്കാന്‍ ഇവിടേയ്‌ക്ക് വരേണ്ടിവരും. ആസന്നമായിരിക്കുന്ന ഈ വിപത്തിനെ മുന്നില്‍കാണാന്‍ ഇനിയെങ്കിലും പുതിയ തലമുറ തയ്യാറാവണം.
ദൈവം നമുക്ക് കനിഞ്ഞ് നല്‍കിയിരിക്കുന്ന ദൈവിക അധികാരത്തിന്റെ മുഖമുദ്രയാണ് മക്കള്‍. അവരിലൂടെ സമ്പന്നവും ഐശ്വര്യവുമായ ഒരു ലോകം ഇവിടെ തുറക്കപ്പെടണം. മക്കളാണ് സര്‍വധനാല്‍ പ്രധാനം എന്ന ചിന്ത നമ്മില്‍ ആഴപ്പെടുകയും എല്ലാം ദൈവേഷ്ടത്തിന് സമര്‍പ്പിക്കുകയും ചെയ്യുമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ നാട് മക്കളെക്കൊണ്ട് അനുഗ്രഹീതമാവുകയും നമ്മുടെ വാര്‍ധക്യം അവരുടെ സ്‌നേഹലാളനകളില്‍ സംതൃപ്‌തമാക്കപ്പെടുകയും ചെയ്യും.
ദൈവം അബ്രാഹവുമായി ചെയ്‌ത ഉടമ്പടിയിലൂടെ നമുക്കും ദൈവത്തെ മഹത്വപ്പെടുത്താന്‍ കഴിയണം. വളരെയേറെ സന്തതികളെ നിനക്ക് നല്‍കുമെന്ന ദൈവികവാഗ്‌ദാനം- ആ വാഗ്‌ദാനം നമുക്കും സ്വീകരിക്കാം. മക്കളെ നശിപ്പിക്കുന്ന തീരുമാനങ്ങള്‍ നമ്മില്‍ നിന്നുണ്ടാവില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. മാനുഷികമായ ചിന്തകളും പരിമിതികളും മൂലം മക്കളുടെ എണ്ണം നമ്മുടെയിടയില്‍ കുറയാതിരിക്കട്ടെ.
കുഞ്ഞുങ്ങളുടെ സംരക്ഷണം ദൈവകരങ്ങളില്‍ ഏല്‌പിക്കാന്‍ കഴിയുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്ത് സര്‍വശക്തന്‍ നമുക്കും നമ്മുടെ മക്കള്‍ക്കും തുണയായിരിക്കും. കുഞ്ഞുങ്ങളുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്ന നിരവധി ദമ്പതികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയട്ടെ.
Friday, 25 November 2011 11:37
വൃദ്ധവിലാപം മുഴങ്ങുമ്പോള്‍
Written by ബാബു വടക്കേടത്ത്, പുല്‍പ്പള്ളി
Read 250 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.