ഒക്‌ടോബര്‍ 16-ലെ സണ്‍ഡേ ശാലോമിലെ മുഖ്യ പ്രതിപാദ്യവിഷയം `കത്തോലിക്കാസഭയും സന്താന സമൃദ്ധിയും' ആയിരുന്നല്ലോ? സന്താനസമൃദ്ധി എന്ന കാര്യത്തോട് അനുകൂലിക്കുകയും അതി ന്റെ നിയന്ത്രണത്തോട് പ്രതികൂലിക്കുകയും ചെയ്യുന്നു എന്ന ഔദ്യോഗിക നിലപാടുള്ള സഭ ഇക്കാര്യം വെളിപ്പെടുത്തുന്നതിനുവേണ്ടി ചില `അടയാളങ്ങള്‍' കാട്ടുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയുമുണ്ടായി. അടയാളങ്ങളില്‍ പ്രധാനം കല്‍പ്പറ്റ സെന്റ് വിന്‍സെന്റ് ഫൊറോനയില്‍ കുടുംബങ്ങളിലെ അഞ്ചാമത്തെ കുഞ്ഞിന്റെ പേരില്‍ നിശ്ചിത തുക ബാങ്കില്‍ നിക്ഷേപിക്കുന്ന `പ്രോലൈഫ്' പരിപാടിയാണ് (കോട്ടയം-ക്‌നാനായ-രൂപതയില്‍ നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് നിരവധിയായ സമ്മാനങ്ങളും പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും ഇപ്പോള്‍ത്തന്നെ നല്‍ കിവരുന്നു). `കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ സഭ ആദരിക്കും' എന്ന തലക്കെട്ടില്‍ കത്തോലിക്കാസഭയുടെ പദ്ധതികളും `കുടുംബത്തിന്മേലുള്ള കടന്നുകയറ്റം ചെറുക്കണം' എന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കണിശമായ അഭിപ്രായങ്ങളുമാണ് പ്രഖ്യാപനങ്ങളില്‍ പ്രധാനം.
അഞ്ച് കുട്ടികളുടെ -രണ്ടാണും മൂന്നു പെണ്ണും- പിതാവായ എന്റെ ഇളയതും ഇരട്ടകളുമായ മക്കള്‍ക്ക് ഇപ്പോള്‍ വയസ് പതിനാറ്. ഇടത്തരം സാമ്പത്തിക ചുറ്റുപാടുള്ളതും പൂര്‍വപിതാക്കന്മാരുടെ കാലം മുതല്‍ സഭാഗാത്രത്തോട് ഒട്ടിനിന്നുപോരുന്നതുമായ എനിക്കും എന്റെ കുടുംബത്തിനും നാളിതുവരെ ഒരു നല്ല വാക്കുപോലും ഇടവകയില്‍നിന്ന് ലഭിച്ചിട്ടില്ല; അവിടെനിന്നാണല്ലോ തുടങ്ങേണ്ടത്?
അധികാരത്തിനും അധികാരികളോടും വിധേയത്വമുള്ളതിനാലും കത്തോലിക്കാസഭ എന്റെയും കുടുംബത്തിന്റെയുംകൂടി അഭിമാനമാകയാലും ഇത്തരുണത്തില്‍ ഒരു ആത്മസങ്കടം (പരാതിയല്ല) അധികാരികളുടെ മുമ്പാകെ പ്രകടിപ്പിക്കുന്നു:
എന്റെ അഞ്ചു മക്കള്‍ക്കും സഭയും രാഷ്‌ട്രവും കുടുംബവും ആഗ്രഹിക്കുന്ന മാന്യമായ ജീവിതസാഹചര്യം ഒരുക്കുന്നതിനുവേണ്ടി അഹോരാത്രം കഠിനാധ്വാനം ചെയ്‌തുപോരുന്ന എനിക്ക് ഇടവകതലത്തില്‍നിന്നു സമ്മര്‍ദ്ദങ്ങളും അവഗണനകളുമാണ് ഉണ്ടായിട്ടുള്ളത്. മൂത്തമകന്റെ വിവാഹക്കുറി ലഭിക്കുന്നതിന് ബഹു. വികാരിയച്ചനെ സമീപിച്ചപ്പോള്‍, അഞ്ചുമക്കള്‍ എനിക്കുണ്ടായതിന്റെ പേരില്‍ അപമാനിതനായി. മകനെയും മാനസികമായി പീഡിപ്പിച്ചു. പതാരം പതിനായിരം രൂപാ തരണമെന്നും അല്ലാത്തപക്ഷം കുറി തരില്ലെന്ന ധ്വനിയോടുകൂടി സംസാരിക്കുകയും ചെയ്‌തു. ഈ ഘട്ടത്തില്‍, `കെ.സി.ബി.സിയുടെ തീരുമാനവും നിലപാടും ഇങ്ങനെയൊന്നുമല്ലല്ലോ അച്ചോ' എന്ന് വിനയപൂര്‍വം ഞാന്‍ ഓര്‍മിപ്പിച്ചു. `പതിനായിരം രൂപ പതാരം തന്നാല്‍ കുറി ത രാം' എന്ന് അച്ചന്‍ ഉറപ്പിച്ചു. അങ്ങനെ പ്രസ്‌തുത തുക പതാരം കൊടുത്തു. വികാരിയച്ചന്‍ തന്ന രസീതില്‍ പതിനായിരം രൂപ `സംഭാവന'യായി എഴുതിയതിനെപ്പറ്റി ചോദിച്ചപ്പോള്‍, `പതാരമാണെങ്കില്‍ അരമനയില്‍ വീതം കൊടുക്കണം; ഇതാണെങ്കില്‍ പള്ളിയിലേക്കെടുക്കാം' എന്നായിരുന്നു മറുപടി.
ജസ്റ്റിസ് വി.ആര്‍. കൃഷ്‌ണയ്യരുടെ ശുപാ ര്‍ശ നോക്കിയാല്‍ത്തന്നെ, മൂന്നാമതൊരു കുട്ടി ജനിക്കുമ്പോള്‍ മാത്രമാണ് മാതാപിതാക്കള്‍ ശിക്ഷാര്‍ഹരാകുന്നത്. `സന്താന സമൃദ്ധി' എന്ന സഭയുടെ ആദര്‍ശത്തോടിണങ്ങി നില്‍ക്കുന്ന എന്റെ മൂത്തമകന്റെ കാര്യത്തില്‍, വിവാഹത്തിനുതന്നെ പതിനായിരം രൂപ `പിഴ' ഈടാക്കി. ഇതെന്തു വിരോധാഭാസം?
ഒ.എന്‍.വി പാടിയിട്ടുണ്ടല്ലോ:
``ഒരു തത്വശാസ്‌ത്രത്തിന്‍ തൈ നട്ടു ഞാ-
നെന്നും പിഴുതുനോക്കുന്നു വേരെണ്ണാന്‍!''
ഒരു സംഗതി നല്ലതാണെന്ന് വിശ്വസിക്കുകയും ആ കാര്യം പ്രചരിപ്പിക്കാനും ഉറപ്പിക്കാനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ വിരുദ്ധത തീര്‍ച്ചയായും ഒഴിവാക്കേണ്ടതല്ലേ?
നീതി വച്ചു താമസിപ്പിക്കുന്നത് നീതിനിഷേധം തന്നെയാണല്ലോ? അതിനാല്‍, എന്റെയും സമാനദുഃഖിതരുടെയും സങ്കടനിവാരണം താമസംവിനാ പ്രതീക്ഷിക്കുന്നു.
Friday, 18 November 2011 11:14
കയ്‌ച്ചിട്ടിറക്കാനും വയ്യ; മധുരിച്ചിട്ട് തുപ്പാനും വയ്യ!
Written by ജോര്‍ജ്‌കുട്ടി ജോസഫ്, പാലാ
Read 350 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.