Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 17 December 2011 12:44

കലങ്ങി മറിയുന്ന മുല്ലപ്പെരിയാറില്‍ മീന്‍ പിടിക്കുന്നവര്‍ Featured

Written by  ജോസഫ്‌ മൈക്കിള്‍
Rate this item
(0 votes)

``അമ്മേ, വെള്ളം തെങ്ങിന്റെ മുകളില്‍വരെ എത്തി. ഇനി നമ്മള്‍ രക്ഷപ്പെടുമെന്ന്‌ തോന്നുന്നില്ല.'' രാത്രി രണ്ടു മണിക്ക്‌ ഉറക്കത്തില്‍നിന്നും അലറിക്കരഞ്ഞുകൊണ്ട്‌ എഴുന്നേറ്റാണ്‌ ആ ഏഴുവയസുകാരി ഇങ്ങനെ പറഞ്ഞത്‌. പെരിയാറിന്റെ തീരത്ത്‌ താമസിക്കുന്ന എന്റെയൊരു സുഹൃത്ത്‌ കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്‌തപ്പോഴാണ്‌ മകള്‍ തലേന്ന്‌ രാത്രിയില്‍ ഉറക്കത്തില്‍ ഞെട്ടിയെഴുന്നേറ്റ്‌ കരഞ്ഞ വിവരം പറഞ്ഞത്‌. ഇതു പല രാത്രികളിലും ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അവന്‍ പറഞ്ഞു. നമുക്കിവിടെനിന്നും എങ്ങോട്ടെങ്കിലും പോകാമെന്ന്‌ പല പ്രാവശ്യം അവള്‍ പറഞ്ഞ വിവരവും സുഹൃത്ത്‌ പങ്കുവച്ചു. ഭയന്ന്‌ ഓടാന്‍ പറ്റുമോ, അല്ലെങ്കില്‍ എങ്ങോട്ടുപോകുമെന്ന്‌ തമാശയായി പറഞ്ഞെങ്കിലും അവന്റെ ശബ്‌ദത്തിന്‌ പതര്‍ച്ച ഉണ്ടായതായി എനിക്കു തോന്നി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇല്ലാതാകുമെന്ന്‌ ഭയക്കുന്ന അനേകം കുട്ടികളുടെ പ്രതിനിധിയാണ്‌ എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മകള്‍.

ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‌ക്കുന്ന വാര്‍ത്തയാണ്‌ മുല്ലപ്പെരിയാര്‍. എന്നാല്‍, രാഷ്‌ട്രീയ പാര്‍ട്ടികളും ഭരണനേതൃത്വവുമൊക്കെ തുടക്കത്തില്‍ കാണിച്ച ആവേശം ഇപ്പോഴുണ്ടോ എന്ന്‌ സംശയമുണ്ട്‌. മുല്ലപ്പെരിയാര്‍ അനേകരുടെ ഉറക്കം കെടുത്തുമ്പോഴും രാഷ്‌ട്രീയ മുതലെടെപ്പിനുള്ള ആയുധമായി അത്‌ മാറിക്കൊണ്ടിരിക്കുകയാണ്‌. കേരളത്തിന്റെ ആവശ്യങ്ങളും ഉന്നയിക്കുന്ന വാദങ്ങളും നൂറ്‌ ശതമാനവും ന്യായമാണെങ്കിലും ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേരളത്തിന്‌ അനുകൂലമായ വിധി ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം, നേതാക്കന്മാര്‍ പ്രസംഗിക്കുന്നതും കോടതിയില്‍ പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്‌. കോടതികള്‍ വിധി പുറപ്പെടുവിക്കുന്നത്‌ നിയമത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്‌. അങ്ങനെവന്നാല്‍ സ്വഭാവികമായും വിധി തമിഴ്‌നാടിന്‌ അനുകൂലമാകാന്‍ സാധ്യത ഏറെയാണ്‌. അല്ലെങ്കില്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കോടതി കനിയണം.

അഡ്വക്കറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞ ചില മറുപടികളുടെ പേരില്‍ ഏറെ വിവാദം ഉയര്‍ന്നിരുന്നു. പക്ഷേ, അതു മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നുള്ള തീര്‍പ്പിലേക്കാണ്‌ ഇപ്പോള്‍ എത്തിയിരിക്കുന്നത്‌. ആ വാദം ശരിയാണെങ്കില്‍ പിന്നെ എന്തിനാണ്‌ കോടതിയില്‍ പുതിയ സത്യവാങ്‌മൂലം നല്‌കുന്നത്‌? അഡ്വക്കറ്റ്‌ ജനറലിന്റെ വാക്കുകള്‍ സംസ്ഥാനഗവണ്‍മെന്റിന്റെ നിലപാടായി കാണുന്നു എന്നാണ്‌ ഹൈക്കോടതി പിന്നീട്‌ പറഞ്ഞത്‌. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ടില്‍ വെള്ളം എത്താന്‍ ഏഴു മണിക്കൂറുകള്‍ വേണമെന്നാണ്‌ അദ്ദേഹം പറഞ്ഞിരിക്കുന്നത്‌. അണക്കെട്ടു തകര്‍ ന്നാല്‍ ഇടുക്കി ഡാമില്‍ വെള്ളം എത്താന്‍ ഒരു മണിക്കൂര്‍ പോലും വേണ്ടെന്ന കാര്യം കേരളത്തിലെ സാധാരണക്കാരന്‌ അറിയാം. മൂന്ന്‌ മണിക്കൂറുകൊണ്ട്‌ വെള്ളം എറണാകുളം പട്ടണത്തില്‍ എത്തുമെന്നാണ്‌ കണക്ക്‌. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി അണക്കെട്ട്‌ താങ്ങുമെന്നാണ്‌ കെ.എസ്‌.ഇ.ബി ചെയര്‍മാന്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്‌. ഇതുതന്നെയാണ്‌ തമിഴ്‌നാടിന്റെ വാദമുഖങ്ങളും. പക്ഷേ, ജലവിഭവ വകുപ്പ്‌ മന്ത്രി മാധ്യമങ്ങളിലൂടെ പറയുന്നു, ഡാം അപകടത്തിലാണെന്ന്‌ കോടതിയെ അറിയിക്കാനാണ്‌ നിര്‍ദ്ദേശിച്ചിരുന്നതെന്ന്‌. ആര്‌ പറയുന്നതാണ്‌ വിശ്വസിക്കേണ്ടത്‌?
മുല്ലപ്പെരിയാറില്‍നിന്നും വെള്ളം ഇടുക്കി ഡാമിലേക്ക്‌ ഒഴുകുന്നത്‌ കടലിലൂടെയൊന്നും അല്ലല്ലോ. എന്തുകൊണ്ടാണ്‌ ആ ഭാഗം കോടതിയില്‍ അവതരിപ്പിക്കാത്തത്‌? മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വള്ളക്കടവ്‌, മ്ലാമല, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ചപ്പാത്ത്‌, പരപ്പ്‌, കാഞ്ചിയാര്‍ എന്നീ പ്രദേശങ്ങളിലുള്ള പതിനായിരക്കണക്കിന്‌ മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്തായിരിക്കും വെള്ളം ഇടുക്കി ഡാമിലെത്തുന്നത്‌. അപ്പോള്‍ ഇടുക്കി ഡാം പൊട്ടുമോ ഇല്ലയോ എന്നുള്ള കണക്കെടുപ്പിന്‌ മുന്‍പ്‌ ആ പ്രദേശങ്ങളില്‍ താമസിക്കുന്നവരെപ്പറ്റി ചിന്തിക്കണം. ഭീതിയോടെ ജീവിക്കുന്ന മനുഷ്യരും ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന്‌ കരയുന്ന കുട്ടികളുമൊക്കെയുണ്ട്‌ ആ പ്രദേങ്ങളില്‍.

450 കുടുംബങ്ങളെ അവിടെനിന്നും മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ ഗവണ്‍മെന്റ്‌ ഹൈക്കോടതിയില്‍ വിചിത്രമായ ഒരു വാദം ഉയര്‍ത്തിയിരുന്നു. അവരെ താമസിപ്പിക്കുന്നത്‌ സ്‌കൂളുകളിലാണ്‌. എത്രകാലം അവരെ അവിടെ താമസിപ്പിക്കാന്‍ സാധിക്കും? അതിലുപരി പതിനായിരക്കണക്കിന്‌ ആളുകളെ നേരിട്ട്‌ ബാധിക്കുന്ന പ്രശ്‌നത്തില്‍ 450 കുടുംബങ്ങളെ മാറ്റിയതുകൊണ്ടുമാത്രം എന്താണ്‌ കാര്യം? ഈ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്‌, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യത്തിന്‌ മുന്നൊരുക്കം നടത്തിയിട്ടില്ല. അല്ലെങ്കില്‍ എങ്ങനെയാണ്‌ മന്ത്രിമാര്‍ പറയുന്ന കാര്യങ്ങള്‍ കോടതിയിലെത്തുമ്പോള്‍ മറ്റൊന്നായി മാറുന്നത്‌? ഏതാണ്ട്‌, 35 ലക്ഷം ആളുകളെ ബാധിക്കുന്ന പ്രശ്‌നമായിട്ടും കവലപ്രസംഗങ്ങള്‍പ്പോലെ പരസ്‌പരവിരുദ്ധമായ വാദങ്ങള്‍ കോടതികളില്‍ ഉന്നയിച്ചാല്‍ കേസ്‌ പരാജയപ്പെടുമെന്ന്‌ സാമാന്യബുദ്ധയുള്ളവര്‍ക്ക്‌ മനസിലാകും.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ നീതിരഹിതമായ നിലപാടുകള്‍ മനസിലാക്കാന്‍ മുല്ലപ്പെരിയാര്‍ കാരണമായി. തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടികള്‍മാത്രമല്ല, എന്തു പ്രശ്‌നത്തിലും നീതിയുടെ ഭാഗത്തുനില്‌ക്കുമെന്ന്‌ നാഴികക്ക്‌ നാല്‌പതുവട്ടം വീമ്പിളക്കുന്ന ഇടതുപാര്‍ട്ടികള്‍വരെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സത്യത്തിന്‌ നേരെ സൗകര്യപൂര്‍വം മുഖംതിരിക്കുന്ന കാഴ്‌ചയും കണ്ടു. പൊതുവികാരത്തെ മാനിച്ച്‌ സിപിഎമ്മിന്റെ പോളിറ്റ്‌ബ്യൂറോ നിലപാട്‌ മാറ്റുമെന്ന പറഞ്ഞ വി.എസ്‌. അച്യുതാനന്ദനെ ഉദ്ദേശിച്ച്‌, പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക്‌ എതിരായി പറയുന്നവര്‍ അധികകാലം പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന്‌ മുന്‍ മന്ത്രി കൂടിയായ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ്‌ ടി.ശിവദാസമേനോന്‍ പറഞ്ഞു. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ചാല്‍ ജയലളിത പിണങ്ങുമെന്ന്‌ പാര്‍ട്ടി നേതൃത്വത്തിനറിയാം.

അമേരിക്കയോ ഇസ്രായേലോ ഒക്കെ നടത്തുന്ന മനുഷ്യവാശലംഘനങ്ങളുടെ പേരില്‍ കേരളത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുന്നവര്‍ തമിഴ്‌നാടിന്റെ നീതിരഹിതമായ നിലപാടുകളുടെ നേരെ കണ്ണടക്കുന്നു. സി.പി.ഐയുടെ എം.എല്‍.എ ഇ.എസ്‌. ബിജിമോള്‍ ചപ്പാത്തില്‍ നിരാഹാരം കിടന്നപ്പോള്‍, കേരളത്തിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങി പുതിയ ഡാം നിര്‍മ്മിക്കരുതെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പ്രധാനമന്ത്രിയെ കണ്ട തമിഴ്‌നാട്‌ എം.പിമാരുടെ സംഘത്തെ നയിച്ചത്‌ സി.പി.ഐയുടെ ദേശീയ സെക്രട്ടറിയായ ഡി. രാജയായിരുന്നു. സി.പി.ഐയുടെ നിലപാടാണോ അദ്ദേഹം പറഞ്ഞത്‌?

പ്രാദേശികമായി ചിലപ്പോള്‍ പാര്‍ട്ടികളുടെ നിലപാടുകളില്‍ വ്യത്യാസം വന്നാലും മുതിര്‍ന്ന നേതാക്കന്മാര്‍ വേണം അവരെ തിരുത്താന്‍. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും ഡി രാജയുമൊക്കെ മറന്നത്‌ ആ തത്വമാണ്‌. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയാണ്‌ ഇങ്ങനെയൊരു നിലപാട്‌ സ്വീകരിച്ചതെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഈ പ്രശ്‌നത്തില്‍ നീതിപൂര്‍വമായ നിലപാട്‌ സ്വീകരിച്ചു എന്ന അഭിപ്രായവും എനിക്കില്ല. നീതിയുടെ ഭാഗത്തുനിന്നു ചിന്തിക്കുന്ന പാര്‍ട്ടികളെയാണ്‌ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്നത്‌. സത്യം മനസിലാക്കുന്നതുവരെയുള്ള കാലത്ത്‌ അവര്‍ക്ക്‌ എതിര്‍പ്പുകള്‍ ഉണ്ടാകാം. പത്തു വോട്ടിനുവേണ്ടി സത്യം കണ്ടില്ലെന്നു നടിക്കുന്നവരെയല്ല ജനങ്ങള്‍ക്ക്‌ ആവശ്യമെന്ന്‌ ഈ പാര്‍ട്ടികളൊക്കെ മനസിലാക്കുന്ന കാലം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
മുല്ലപ്പെരിയാര്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രശ്‌നമായി തീര്‍ന്നത്‌ ദുഃഖകരമാണ്‌. തമിഴ്‌നാട്ടിലെ ചില രാഷ്‌ട്രീയ നേതാക്കന്മാര്‍ കുഴിച്ചകുഴിയില്‍ കുറച്ച്‌ മലയാളികള്‍ വീഴുകയായിരുന്നു. ഡാമിന്റെ പേരില്‍ രണ്ട്‌ സംസ്ഥാനത്തെയും ജനങ്ങള്‍ തമ്മിലടിക്കാന്‍ തുടങ്ങിയാല്‍ ഡാമിന്റെ കാര്യത്തില്‍ ഉറച്ച തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരും തയാറാവില്ലെന്ന്‌ ആ നേതാക്കന്മാര്‍ക്കറിയാം. അതുകൊണ്ടാണ്‌ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചത്‌. അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ നഷ്‌ടംസംഭവിക്കുന്നത്‌ കേരളത്തിനാണ്‌. സഹോദരങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണം.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.