രാജ്യത്തെ അഴിമതിയില്‍ മനംമടുത്താണ് യോഗാചാര്യന്‍ ബാബ രാംദേവ് സമരവുമായി ഇറങ്ങിയതെന്ന് കരുതാന്‍ സാ ധിക്കുമോ? ഇല്ലെന്നുതന്നെയാണ് ഉത്തരം. കാരണം, അങ്ങനെയൊരു ധാര്‍മ്മികരോഷം ഉണ്ടാകണമെങ്കില്‍ കറയറ്റ സത്യസന്ധനും നീതിമാനുമായിരിക്കണം ആ വ്യക്തി. ആ വിധത്തിലുള്ള നീതിബോധം പുലര്‍ത്തുന്നയാള്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ട് ജനങ്ങളെ വിഡ്‌ഢികളാക്കുന്ന സമരത്തിനിറങ്ങില്ല. സമ രം തുടങ്ങുന്നതിനുമുമ്പുതന്നെ ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ ഒപ്പിട്ടതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത് കേന്ദ്രമന്ത്രിമാര്‍തന്നെയാണ്. പറഞ്ഞ സമയത്ത് സമരം നിര്‍ത്താത്തതിന്റെ പേരിലാവാം വ്യവസ്ഥകള്‍ അംഗീകരിച്ച് ഒപ്പിട്ടു നല്‍കിയ പേപ്പര്‍ അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സമരം അരങ്ങേറിയ തെന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ. പെട്ടെന്നു ലഭിച്ച മാധ്യമശ്രദ്ധ കണ്ട് തിരക്കഥയില്‍ ചെറിയ വ്യത്യാസം വരുത്തി കൂടുതല്‍ മിടുക്കനാവാന്‍ ശ്രമിച്ചതാണ് രാംദേവിന് വിനയായത്. അറസ്റ്റു ചെയ്യാന്‍ വരുന്ന പോലിസിനെ കണ്ട് സ്‌ത്രീവേഷം കെട്ടി രക്ഷപ്പെടാന്‍ വ്യക്തിത്വമുള്ള ഏതെങ്കിലുമൊരു നേതാവ് ജനാധിപത്യ രാജ്യത്ത് ശ്രമിക്കുമോ? ആ നടപടി മാത്രം പോരെ അദ്ദേഹത്തിന്റെ ക്വാളിറ്റി തിരിച്ചറിയാന്‍?
അഴിമതിക്ക് എതിരെ പ്രതികരിച്ച പലര്‍ക്കും ഇന്ത്യന്‍ രാഷ്‌ട്രീ യത്തില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. വി.പി.സിംഗിനെ ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയില്‍ എത്തിച്ചത് അഴിമതിക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാ ടുകളായിരുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും ആളും അ ര്‍ത്ഥവും നല്‍കി പ്രോത്സാഹിപ്പിക്കുകകൂടി ചെയ്‌തപ്പോള്‍ യോഗാചര്യനും വീണുപോയി. തിരക്കഥയില്‍ മാറ്റം വരുത്തിയതിന്റെ കാരണവും അതായിരിക്കാം. `വിനാശകാലേ വിപരീത ബുദ്ധി' എന്ന ചൊല്ലുപോലെയായി കാര്യങ്ങള്‍. പിന്നീട് അഭിമാനം സംരക്ഷിക്കുന്നതിനായി യോഗാചാര്യന് കുറെ ദിവ സം പട്ടിണി കിടക്കേണ്ടിവന്നു. അന്നാ ഹസാരെക്ക് തുടക്കത്തില്‍ പിന്തുണ നല്‍കി സമരത്തെ ഏറ്റെടുക്കാന്‍ ബി.ജെ.പി നേതാക്കന്മാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനാലായിരിക്കും ബാബ രാംദേവിനെ ഇറക്കി രാഷ്‌ട്രീയ മൈലേജ് ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഇതിലൂടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ നിന്നും തല്‍ക്കാലം രക്ഷപെടുകയും ചെയ്യാമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടിയിട്ടുണ്ടാകും. അന്നാ ഹസാരെയുടെ സമരത്തിന് കിട്ടിയ മാധ്യമശ്രദ്ധയും ബഹുജന പിന്തുണയുമായിരിക്കാം ബാബ രാംദേവിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. അഴിമതിക്ക് എതിരെ സമരം നടത്തി വീരപരിവേഷം സൃഷ്‌ടിക്കുന്ന ബാബ രാംദേവിനെ മുമ്പില്‍ നിര്‍ത്തി അതിലൂടെ രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാമെന്ന ബി.ജെ.പിയുടെ കണക്കൂട്ടല്‍ പക്ഷേ, പാളി. ഇന്ത്യയിലെ ജനങ്ങളെ എല്ലാക്കാലത്തും വിഡ്‌ഢികളാക്കാന്‍ കഴിയില്ലെന്ന് തിരക്കഥ തയ്യാറാക്കിയ `ബുദ്ധിമാന്മാര്‍' ഓര്‍ത്തുകാണില്ല. അഴിമതിക്കെതിരെയുള്ള സമരമെന്നു കേട്ടപ്പോള്‍ പേടിച്ചുപോയ കേന്ദ്രസ ര്‍ക്കാര്‍, ബാബ രാംദേവിന്റെ കാലുപിടിക്കാന്‍ നാലു മന്ത്രിമാ രെ വിമാനത്താവളത്തിലേക്ക് അയച്ച മണ്ടത്തരവും ചെയ്‌തു.
ഈ സമരംകൊണ്ട് യഥാര്‍ത്ഥത്തില്‍ നേട്ടം ഉണ്ടാക്കിയത് ആരാണ്? ബാബ രാംദേവും ബി.ജെ.പിയും ആര്‍.എസ്.എസുമൊന്നുമല്ല. അവര്‍ക്ക് സംഭവിച്ചത് നഷ്‌ടങ്ങള്‍തന്നെയാണ്. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച രാംദേവുതന്നെ പി റ്റേന്ന് പ്രധാനമന്ത്രിയോട് ക്ഷമിക്കുന്നു എന്ന് പരസ്യ പ്രസ്‌താവന നടത്തേണ്ട ഗതികേടിലേക്ക് എത്തി. അതു അദ്ദേഹ ത്തിന്റെ ഹൃദയവിശാലതയില്‍നിന്നും പുറത്തുവന്ന വാക്കുകളല്ല. എങ്ങനെയെങ്കിലും കേസുകളില്‍നിന്നും തലയൂരാനു ള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. കോടികളിട്ട് അമ്മാനമാടുന്ന ബിസിനസുകാരനായ ബാബ രാംദേവിന് ഒളിക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ടെന്ന് ഒരു ദിവസംകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതാണ്. അപ്പോള്‍ ശരിയായൊരു അന്വേഷണം നടന്നാല്‍ യോഗാചാര്യന്‍ കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ആവശ്യപ്പെട്ട കാര്യങ്ങള്‍ നിയമമായാല്‍ പിടിക്കപ്പെടുന്നവരില്‍ ഒരാള്‍ ബാബ രാംദേവുതന്നെയായിരിക്കും. അങ്ങനെ പശ്ചാത്തലമുള്ള ഒരാള്‍ നടത്തുന്ന സമരത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥ ഉണ്ടാകുമോ? സമരത്തെ പിന്തുണച്ച ബി.ജെ.പി യഥാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കുകയാണ്. അതു തുറന്നു സമ്മതിക്കാന്‍ കഴിയാത്തതിനാല്‍ നാണക്കേടില്‍ നിന്നും പുറത്തുകടക്കാന്‍ കാണിക്കുന്ന അഭ്യാസങ്ങള്‍മാത്രമാണ് പ്രതിഷേധപ്രകടനങ്ങളെല്ലാം.
ഈ സമരത്തിന്റെ ഉപോത്‌പന്നം അപകടകരമായതാണ്. ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിക്കുന്നതില്‍നിന്നും പുറകോട്ടുപോകാന്‍ കഴിയാത്ത വിധത്തിലുള്ള സമ്മര്‍ദ്ദത്തിലായിരുന്ന കേന്ദ്രസര്‍ക്കാരിന് തല്‌ക്കാലം കിട്ടിയ ഒരു പിടിവള്ളിയാണ് ബാബ രാംദേവിന്റെ സമരം. അഴിമതിക്ക് എതിരെ ശക്തമായി രംഗത്തെത്തിയ അന്നാ ഹസാരെയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്ന ക്ഷീണംകൂടി ഗവണ്‍മെന്റിനു ഇതിലൂടെ തീര്‍ക്കാന്‍ കഴിഞ്ഞു. അഴിമതിക്കെതിരെ രാജ്യത്തുണ്ടാ യ ജനവികാരത്തെ ഒരുപരിധിവരെ തണുപ്പിക്കാനും ഗവണ്‍ മെന്റിനു സാധിച്ചു. അന്നാ ഹസാരെയെ ബാബ രാംദേവുമായി താരതമ്യപ്പെടുത്താനുള്ള ശ്രമംകൂടി പലഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ അന്നാ ഹസാരെയുടെ മാതൃകയില്‍ സമരത്തിനിറങ്ങുന്നവരെ പോലിസിനെ ഉപയോഗിച്ച് നിശബ്‌ദരാക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ലോക്‌പാല്‍ ബില്ലും അന്നാ ഹസാരെ ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതിവിരുദ്ധ തരംഗവും ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നോ ഈ നീക്കങ്ങളെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ലോക്‌പാല്‍ ബില്‍ രൂപീകരിക്കുന്നതിന് ഉണ്ടാക്കിയ സമിതിയില്‍ പൗരസമൂഹത്തിന്റെ പ്രതിനിധികളും ഗവണ്‍മെന്റിന്റെ അംഗങ്ങളും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യംവരെ ഉണ്ടായി. എങ്ങനെയെങ്കിലും ബില്‍ അവതരിപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. ലോക്‌പാല്‍ ബില്‍ നിയമമാകണമെന്ന് ആഗ്രഹം ഇന്ത്യയിലെ പ്രധാന പ്ര തിപക്ഷ കക്ഷിയായ ബി.ജെ.പിക്കും ഇല്ലെന്നതാണ് യാഥാര്‍ ത്ഥ്യം. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ല. അന്നാ ഹസാരെ സമരം അവസാനിപ്പിക്കുമ്പോള്‍തന്നെ പുതിയ ചില ആവശ്യങ്ങളുമായി രംഗത്തുവരുമെന്ന് വ്യക്തമാക്കിയിരുന്നു. അതി ല്‍ പ്രധാനപ്പെട്ടതായി ചൂണ്ടിക്കാണിച്ചിരുന്നത്, സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ ഗവണ്‍മെന്റ് വഹിക്കണമെന്നതായിരുന്നു. ഈ ആവശ്യം പല കോണുകളില്‍ നിന്നും ഇതിനുമുമ്പും ഉണ്ടായിട്ടുള്ളതാണ്. അങ്ങനെ വന്നാല്‍ കോര്‍ പറേറ്റുകളുടെയും കള്ളപ്പണക്കാരുടെയും പിടിയില്‍നിന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുവരാന്‍ കഴിയും. ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ ലഭിക്കുന്നത് അവരിലൂടെയാണ്. അതിനാല്‍ ഏതു പാര്‍ട്ടി അധികാരത്തിലെത്തിയാലും പണം നല്‍കിയവരുടെ താല്‌പര്യങ്ങള്‍ അവര്‍ക്ക് സംരക്ഷിക്കേണ്ടതായി വരും. തിരഞ്ഞെടുപ്പ് ചെലവുകള്‍ ഗവ ണ്‍മെന്റുകള്‍ വഹിക്കേണ്ടിവരുന്നത് വലിയൊരു ബാധ്യതയാണെങ്കിലും അഴിമതി ഇല്ലാതാക്കുന്നതില്‍ അതിനു ഉണ്ടാക്കാന്‍ കഴിയുന്ന സ്വാധീനംവച്ചു നോക്കുകയാണെങ്കില്‍ ആ ചെലവൊക്കെ രാജ്യത്തിനു താങ്ങാന്‍ കഴിയുന്നതുതന്നെയാണ്.
പുതിയ ആവശ്യങ്ങളുമായി അന്നാ ഹസാരെ ഇറങ്ങിയാല്‍ പോലിസിനെ ഉപയോഗിച്ച് തടയുന്നതിനുമുള്ള സാഹചര്യമാണ് ഇപ്പോള്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. നീതിബോധമുള്ളജനങ്ങള്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല ഇവയെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
This e-mail address is being protected from spambots. You need JavaScript enabled to view it








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.