ഒരു വ്യക്തിയിലൂടെ ഒരു നാട് അറിയപ്പെടുക... അനേകരുടെ സന്ദര്‍ശനകേന്ദ്രമായി ആ സ്ഥലം മാറുക... ഒരു നാടിന്റെ വികസനത്തിന് കാരണക്കാരനാകുക... ചുരുക്കം ചിലര്‍ക്കുമാത്രം സ്വന്തമായ ഭാഗ്യത്തിന് ഉടമയാണ് വയനാട്ടുകാരനായ എല്‍ദോ ബേബി. അപ്രതീക്ഷിത തിരിച്ചടികളുടെ വേലിയേറ്റങ്ങളില്‍ പ്രത്യാശയുടെ തിരിനാളങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കിടയില്‍ എല്‍ദോ വ്യത്യസ്തനാകുന്നു. കഠിനാധ്വാനവും ആത്മാര്‍പ്പണവും കൈമുതലാക്കി മണ്ണില്‍നിന്ന് നേട്ടം കൊയ്യുന്ന എല്‍ദോ ബേബിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍...
വയനാട് ജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള സേട്ടുകുന്ന് എന്ന ഗ്രാമം. കുറിച്യര്‍മലയുടെ താഴ്‌വാരത്തുള്ള ഈ ഗ്രാമം ഇന്നറിയപ്പെടുന്നത് എല്‍ദോ ബേബിയെന്ന കര്‍ഷകനിലൂടെയാണ്. ഗാന്ധിജി സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ 'കര്‍ഷകതിലക്' അവാര്‍ഡ് നേടിയ എല്‍ദോയെ തേടി പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ദിനംപ്രതി എത്തുന്നു. കുന്നിന്‍മുകളിലെ ഒരേക്കറിനടുത്തുള്ള വിളഭൂമിയെ വിസ്മയഭൂമിയാക്കി മാറ്റുന്ന കര്‍ഷകന്റെ കഠിനാധ്വാനം നേരില്‍ കാണാന്‍ എത്തുന്നവര്‍ ഈ നാടിന്റെ സ്‌നേഹവിശുദ്ധികൂടി തിരിച്ചറിഞ്ഞാണ് മടങ്ങുന്നത്. കല്‍പ്പറ്റയില്‍നിന്ന് പൊഴുതന, ഇടിയംവയല്‍ വഴി സേട്ടുകുന്നിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു. മലമുകളില്‍ സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫാം സ്‌കൂള്‍ ഉടന്‍ ആരംഭിക്കും. ഒരു കര്‍ഷകന്റെ പുരസ്‌കാരങ്ങള്‍ വഴി ഒരു ദേശത്തിന്റെ വിലാസം തന്നെ മാറിമറിഞ്ഞു. ഇത് പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ, കാത്തിരിപ്പിന്റെ ഫലമാണെന്ന് എല്‍ദോ ബേബിയെ അടുത്തറിയുമ്പോള്‍ നമുക്ക് മനസ്സിലാകും.
അനാഥജീവിതം
കോടഞ്ചേരിയില്‍ നിന്ന് കുടിയേറിയ കുടുംബമായിരുന്നു എല്‍ദോയുടേത്. ഭര്‍ത്താവിന്റെ മാര്‍ഗങ്ങളില്‍ പാപത്തിന്റെ ഇടര്‍ച്ചകളുണ്ടായപ്പോള്‍ എല്ലാം ഉപേക്ഷിച്ച് ഇച്ഛാശക്തിയുടെ തുറന്ന വഴികളിലേക്കിറങ്ങിയ പൂക്കോട്ടില്‍ അന്നമ്മയായിരുന്നു എല്‍ദോയുടെ മാതാവ്. മൂത്ത സഹോദരങ്ങളെപ്പോലെതന്നെ അനാഥമന്ദിരത്തിലാണ് എല്‍ദോയും എത്തിയത്. വൈത്തിരിയിലായിരുന്നു ആദ്യം. മുതിര്‍ന്നപ്പോള്‍ നടുവണ്ണൂരിലെ ലിറ്റില്‍ ഫ്‌ളവര്‍ ബോയ്‌സ് ഹോമിലേക്ക് മാറ്റി. 'വിശപ്പെന്താണെന്നറിഞ്ഞ കാലം' എന്നാണ് എല്‍ദോ ആ നാളുകളെ വിശേഷിപ്പിക്കുന്നത്.
പന്ത്രണ്ടാമത്തെ വയസില്‍ എല്‍ദോ വീട്ടില്‍ തിരിച്ചെത്തി. മഠങ്ങളില്‍ ജോലി ചെയ്ത് കിട്ടുന്നതില്‍നിന്നും സ്വരുക്കൂട്ടിയ സമ്പാദ്യമുപയോഗിച്ച് പടിഞ്ഞാറത്തറയ്ക്കടുത്തുള്ള തരിയോട്ടില്‍ ഒരേക്കര്‍ സ്ഥലം അന്നമ്മ വാങ്ങി. അമ്മയുടെ അത്യധ്വാനത്തിന്റെ പ്രേരണയില്‍ മണ്ണ് എല്‍ദോയുടെ ഇഷ്ടതോഴനായി. വിദ്യാലയത്തില്‍നിന്ന് അറിവുനേടാന്‍ സാഹചര്യങ്ങള്‍ തടസം നിന്നെങ്കിലും കൃഷിഭൂമിയിലെ പകലുകള്‍ എല്‍ദോയ്ക്ക് തിരിച്ചറിവിന്റെ വെളിച്ചംനല്‍കി. ഒരു വ്യാഴവട്ടം നീണ്ട അനാഥജീവിതത്തിന്റെ വേദനകളെല്ലാം വിളഭൂമിയുടെ ഉര്‍വരതയില്‍ തണുത്തു; പിന്നെ മാഞ്ഞു. 'ഇന്ന് ഈ മണ്ണ് എനിക്കും എന്റെ കുടുംബത്തിനും ആവശ്യമുള്ളതെല്ലാം തരുന്നു,' എന്നു പറയുന്ന എല്‍ദോയുടെ ഏറ്റവും അടുത്ത ബന്ധു കൃഷിഭൂമി തന്നെ.
തകരുന്ന സ്വപ്നങ്ങള്‍
രണ്ടു പതിറ്റാണ്ടുകള്‍ മണ്ണിനെ അറിഞ്ഞു സ്‌നേ ഹിച്ച് വിത്തു പാകിയ അന്നമ്മയ്ക്കും മകനും തരിയോടുള്ള ഭൂമി സമൃദ്ധമായ വിളവു നല്‍കി. അപ്പോഴാണ് ബാണാസുരസാഗര്‍ പദ്ധതി വരുന്നത്. പദ്ധതിയ്ക്കായി ഏറ്റെടുത്ത ഭൂമിയില്‍ ഇവരുടേതും ഉള്‍പ്പെട്ടിരുന്നു. ജീവിതം ഏറെ സൗഭാഗ്യങ്ങളോടെ തിരികെ വരുമ്പോഴാണ് ഇടിത്തീപോലെ സര്‍ക്കാര്‍ തീരുമാനം വരുന്നത്. കൃഷിക്കാര്‍ സമരരംഗത്തിറങ്ങിയെങ്കിലും പ്രതിഷേധം വൃഥാവിലായി. സമരപങ്കാളിത്തം എല്‍ദോ ബേബിക്ക് ജയില്‍ജീവിതവും സമ്മാനിച്ചു. വിളനിലമെല്ലാം വെള്ളം മൂടി. കനവുകളുടെ ജീവിതം ഉന്മാദത്തിന്റെ തിരയിളക്കങ്ങളില്‍ നഷ്ടപ്പെടുകയായിരുന്നു പിന്നീട്.
ബാണാസുരസാഗര്‍ പദ്ധതി വയനാടിന്റെ വികസന സൂചകങ്ങളിലൊന്നായി വാഴ്ത്തപ്പെട്ടപ്പോള്‍ എല്‍ദോ ബേബിയെപ്പോലുള്ളവരുടെ കണ്ണീരിന് അണകെട്ടി നിര്‍ത്തിയ വെള്ളത്തിന്റെയത്ര വ്യാപ്തിയുണ്ടെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച തുച്ഛമായ ഭൂമിവില സ്വീകരിച്ച് സേട്ടുകുന്നിലേക്കെത്തുമ്പോള്‍ എല്‍ദോയ്ക്ക് സ്വന്തമായുണ്ടായിരുന്നത് അമ്മയുടെ സമ്പാദ്യമടക്കമുള്ള അറുപതിനായിരം രൂപമാത്രം.
നഷ്ടപ്പെട്ട ജീവിത താളം...
കുറിച്യര്‍മലയുടെ താഴ്‌വാരത്ത് വാങ്ങിയ ഭൂമി ലേഡിസ്മിത്ത് വനഭൂമിയുടെ അതിരുകളിലാണുള്ളത്. അധ്വാനിക്കാനുള്ള ശേഷി കുറഞ്ഞ് മനസു ദുര്‍ബലമാകുന്നത് എല്‍ദോ അറിഞ്ഞിരുന്നു. താനറിയാതെ ഒരു ഉന്മാദരോഗിയായി മാറുകയാണെന്ന് അറിയാന്‍ എല്‍ദോയ്ക്ക് ആയതുമില്ല. നഷ്ടക്കണക്കുകളുടെ ഓര്‍മകളില്‍ കുടുങ്ങി ബോധമണ്ഡലങ്ങളിലെ വെളിച്ചമകന്നപ്പോള്‍ ഇരുളിന്റെ ഭയാനക ഭാവങ്ങളിലേക്ക് എല്‍ദോയുടെ മനസും പതിച്ചു. ചെന്നലോട്ടെ മനോരോഗകേന്ദ്രത്തിലായിരുന്നു ആദ്യം ചികിത്സിച്ചത്. തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. ഉന്മാദരോഗികള്‍ക്കൊപ്പം പകലിനെ അറിയാതെ പതിനാലുമാസങ്ങള്‍. 24 തവണ ഷോക്ക് ട്രീറ്റ്‌മെന്റിനു വിധേയനായ എല്‍ദോ ജീവിതത്തിലേക്കു തിരികെവന്നു.
ഇരുപതാം വയസില്‍ എല്‍ദോയ്‌ക്കൊപ്പം ചേര്‍ന്ന ഭാര്യ കൊച്ചുറാണി ഇക്കാലമത്രയും തയ്യല്‍ തൊഴിലിലൂടെ ചികിത്സയ്ക്കും ദൈനംദിന ചെലവിനുമുള്ള വക കണ്ടെത്തി. 'കൊച്ചുറാണി അന്നു തുന്നിയത് തുണികള്‍ മാത്രമല്ല; തങ്ങളുടെ ജീവിതം കൂടിയാണെന്ന്' പ്രിയപ്പെട്ടവളുടെ മുഖത്തുനോക്കി എല്‍ദോ ബേബി പറഞ്ഞപ്പോള്‍ കൊച്ചുറാണിയുടെ മുഖത്ത് പുഞ്ചിരി.
അതിജീവനത്തിന്റെ കഥ
മനസുകൊണ്ടും ജീവിതംകൊണ്ടും സ്വയം നഷ്ടപ്പെടില്ല എന്നുറച്ച എല്‍ദോ ബേബിയുടെ കുടുംബം ജീവിതത്തിന്റെ രണ്ടാമൂഴം ആരംഭിച്ചു. വിത്തുവിതച്ചും നനച്ചും വിളവെടുത്തും മണ്ണിനോടിഴചേര്‍ന്നുള്ള ജീവിതകാലങ്ങള്‍ എല്‍ദോ ബേബിയുടെ ബോധമണ്ഡലത്തില്‍ വീണ്ടും വെളിച്ചം പടര്‍ത്തി. കൃഷി നഷ്ടത്തിന്റേതുമാത്രമെന്നുള്ള ധ്വനി മാത്രമുണരുന്ന വിലാപഭൂമിയില്‍ പ്രത്യാശയുടെ പച്ചപ്പ് പടരുകയായിരുന്നു.
കാപ്പി, കുരുമുളക്, ഏലം, കമുക് എന്നിവയ്‌ക്കൊപ്പം ശീതകാല വിളകളായ കാബേജ്, ബ്രോക്കോളി, കോളിഫ്‌ളവര്‍ എന്നിവയും ബീന്‍സ്, പയര്‍, ചീര തുടങ്ങിയ പച്ചക്കറികളും എല്‍ദോബേബിയുടെ കൃഷിയിടത്തിലുണ്ട്. കാടിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ കുരുമുളകും ഏലവുമെല്ലാം നല്ല വിളവു നല്‍കുന്നതിനു പിന്നില്‍ എല്‍ദോയുടെ തനതു കൃഷിരീതികള്‍ കൂടി കാരണമാവുന്നുണ്ട്. ഉള്‍വനത്തില്‍നിന്നും വളക്കൂറുള്ള മണ്ണു കോരിയെടുത്ത് കുരുമുളക് വള്ളിയുടെ താഴ്ഭാഗം പുതപ്പിക്കുന്ന എല്‍ദോയുടെ രീതി അവയിലൊന്നാണ്. ഗോമൂത്രവും വെല്ലവും ഗോതമ്പുപൊടിയും ചേര്‍ത്തുള്ള ജൈവകീടനാശിനിയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. എല്‍ദോബേബിയുടെ കാപ്പിത്തോട്ടത്തിലെ സമൃദ്ധി എടുത്തുപറയേണ്ട ഒന്നാണ്. കൃഷിയിടത്തില്‍ നേടുന്ന വിജയം പശുവളര്‍ത്തലിലും എല്‍ദോബേബി സ്വന്തമാക്കുന്നുണ്ട്. ആട്, മുയല്‍, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും എല്‍ദോയുടെ കൃഷിയിടത്തിലുണ്ട്.
വ്യത്യസ്തനായ കര്‍ഷകന്‍
പ്രതിസന്ധികളില്‍ ഉലയാത്ത ആത്മവിശ്വാസവും കൃഷിരീതികളിലെ തനതു രീതികളും വൈവിധ്യവുമാണ് എല്‍ദോ ബേബിയെ വ്യത്യസ്തനാക്കുന്നത്. ''ഏറെ ലാഭം കിട്ടാനും പെട്ടെന്ന് സമ്പാദിക്കാനും മണ്ണിനെ കൊന്നാല്‍ മതി... പക്ഷേ ഞാനതിനു മുതിരാത്തത് അത്യാര്‍ത്തിയില്ലെങ്കില്‍ ഈ നിലം നമുക്കാവശ്യമുള്ളതെല്ലാം തരുമെന്ന അനുഭവത്തിന്റെ ഉറപ്പിലാണ്. എന്റെ നാട്ടുകാര്‍ക്കെങ്കിലും വിഷം തിന്നാത്ത പച്ചക്കറി നല്‍കാന്‍ സാധിക്കുന്നതില്‍ ഞാന്‍ തൃപ്തനാണ്.'' പച്ചക്കറിത്തോട്ടത്തില്‍നിന്നുകൊണ്ട് എല്‍ദോ പറയുന്നു.
കാട്ടുമുയലുകള്‍ക്കും കിളികള്‍ക്കുമൊന്നും യാതൊരുവിധ നിരോധനവും കൃഷിയിടത്തിലില്ല. കാട്ടുകിളികള്‍ പഴുത്ത കുരുമുളകു തിന്നാന്‍ എത്തി കൂടുകൂട്ടി താമസിക്കുന്ന തിന്റെ തെളിവുകള്‍ ഈ തൊടിയില്‍ ഏറെയുണ്ട്. 'കൂടിപ്പോയാല്‍ ഒരു വര്‍ഷം നാലുകി ലോ കുരുമുളക് അവ തിന്നുതീര്‍ക്കും. അതൊ രു നഷ്ടമല്ല. അതുകൊണ്ട് ഞാനവയെ ഓടിക്കാന്‍ മെനക്കെടാറില്ല,' എല്‍ദോ പറയുന്നു.
ഇരുപത്തിമൂന്നുകാരനായ മകന്‍ മനു പിതാവിനോടൊപ്പം മുഴുവന്‍ സമയം കൃഷിയിടത്തില്‍ തന്നെയുണ്ട്. ''മക്കള്‍ക്കുവേണ്ടി സമ്പാദിച്ചുകൂട്ടുക എന്നതല്ല, ഭാവിയില്‍ അത്യധ്വാനം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് എന്റെ ലക്ഷ്യം.'' എല്‍ദോ ബേബി നയം വ്യക്തമാക്കുന്നു. തരിയോട് സെന്റ് മേരീസ് ഇടവകാംഗമായ എല്‍ദോ ബേബിക്ക് പ്രാര്‍ത്ഥനയെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചും സ്വന്തമായ കാഴ്ചപ്പാടുകളുണ്ട്. ''കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് അതിനൊത്ത് പ്രവര്‍ത്തിക്കുക എന്നതും. അധ്വാനം വലിയൊരു പ്രാര്‍ത്ഥനയാണ്. ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കുന്ന ഉത്തരമാണ് വിളവ്. കഴിവുകള്‍ വേണ്ടവിധം ഉപയോഗിക്കാതെ പ്രാര്‍ത്ഥിച്ചതുകൊണ്ടുമാത്രമായില്ലല്ലോ?''
പെട്ടെന്നുള്ള വളര്‍ച്ചയാഗ്രഹിച്ചവരാണ് തിരിച്ചടികളില്‍ തളരുന്നതെന്ന് പറയുന്ന ഈ യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരേറെയുള്ള വയനാട്ടില്‍ അതിജീവനത്തിന്റെ വ്യതിര്യക്ത പ്രതീകമാണ്. എല്‍ദോബേബിയുടെ ഈ വ്യത്യസ്തതയാണ് രണ്ടുലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ജില്ലാ പഞ്ചായത്തിന്റെയും പൊഴുതന ഗ്രാമപഞ്ചായത്തിന്റെയും ക്ഷീരസംഘങ്ങളുടെയും പുരസ്‌കാരങ്ങള്‍ ഇതിനുമുമ്പും എല്‍ദോബേബിയെ തേടിയെത്തിയിട്ടുണ്ട്. തന്റെ കൃഷിയിടത്തില്‍ ഇടതടവില്ലാതെ ശബ്ദം മുഴക്കുന്ന എഫ്.എം. റേഡിയോ വന്യമൃഗങ്ങളെ അകറ്റാനും കാര്‍ഷികരംഗത്തെ പുതിയ അറിവുകള്‍ നേടാനും അദ്ദേഹത്തെ സഹായിക്കുന്നു.
എല്‍ദോബേബി ഫാം സ്‌കൂള്‍
എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയം സേട്ടുകുന്നില്‍ എല്‍ദോബേബി ഫാം സ്‌കൂള്‍ ആരംഭിച്ചുകഴിഞ്ഞു. കര്‍ഷകനില്‍നിന്നും കൃഷിയിടത്തില്‍നിന്നും നേരിട്ട് കൃഷിരീതികള്‍ പഠിക്കുക എന്ന ആശയത്തിന്റെ പ്രായോഗികതയാണ് ഫാം സ്‌കൂള്‍. നേതൃകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മറ്റ് കര്‍ഷകരെയും കൃഷിയില്‍ താല്‍പര്യമുള്ളവരെയും താന്‍ പിന്തുടരുന്ന കൃഷിരീതികളെക്കുറിച്ച് ബോധവല്‍ക്കരിക്കും. എല്‍ദോ ബേബിയെ കേന്ദ്രമാക്കി ഒരു കാര്‍ഷികകൂട്ടായ്മതന്നെ ഈ ദേശത്തു രൂപപ്പെട്ടുവരികയാണ്. കുറഞ്ഞ ചിലവില്‍, കുറച്ചു ഭൂമിയില്‍ കൃഷി ചെയ്ത് കൂടുതല്‍ വരുമാനമുണ്ടാക്കുകയും മറ്റ് കര്‍ഷകര്‍ക്ക് അനുകരിക്കാവുന്ന അനേകം രീതികള്‍ കൃഷിയില്‍ പിന്തുടരുകയും ചെയ്യുന്ന മാതൃകയാണ് എല്‍ദോ ബേബിയെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഗവേഷണനിലയം അധികാരികള്‍ പറഞ്ഞു.
എല്‍ദോ ബേബിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് വലിയപാറ എല്‍.പി. സ്‌കൂളിലെ ജോണ്‍സണ്‍ മാഷിനെ കാണുന്നത്. 'എല്‍ദോച്ചേട്ടന്റെ കൃഷിരീതികളുടെ മൂല്യം ദേശക്കാരെല്ലാം ഇപ്പോഴാണ് തിരിച്ചറിയുന്നത്' എന്നായിരുന്നു മാഷിന്റെ അഭിപ്രായം. ശരിയാണ്, ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്. ഏറെ പ്രചോദനാത്മകമായ മാതൃകകളാണെങ്കിലും ഏറെനാള്‍ അവ മറഞ്ഞിരിക്കും.... തിരിച്ചറിയാ നും ജീവിതത്തിലേക്കു പകര്‍ത്താനും അവസ രം നല്‍കി ഒരിക്കല്‍ അവ പുറത്തുവരും... തീര്‍ച്ച.
(ഫോണ്‍ : 04936- 250530, 9961792608.)
Friday, 03 February 2012 12:14
അതിജീവനത്തിന്റെ പച്ചപ്പടര്‍പ്പുകള്‍
Written by ഷാജി ചന്ദനപ്പറമ്പില്‍
Read 142 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.