Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Monday, 30 January 2012 16:19

പാവങ്ങളില്‍ തെളിയുന്ന ഈശോയ്‌ക്കൊപ്പം

Written by  റ്റോം ജോസ് തഴുവംകുന്ന്
Rate this item
(2 votes)

ആറു പതിറ്റാണ്ടുകള്‍ക്കുമുമ്പ് അങ്ങാടിയില്‍നിന്നും പലചരക്ക് സാധനം വാങ്ങി വീട്ടിലേക്ക്  പോകുന്ന ഒരു എട്ടാംക്ലാസുകാരന്‍... സാധനങ്ങള്‍ പൊതിഞ്ഞപത്രക്കടലാസില്‍ കണ്ട പരസ്യത്തിലൂടെ ദൈവവിളി തിരിച്ചറിഞ്ഞ ജേക്കബ് എന്ന ആ ബാലന്‍ മോണ്‍ട്‌ഫോര്‍ട്ട് സഭയില്‍ അംഗമായി. കഴിഞ്ഞ ഡിസംബര്‍ 22ന് എഴുപതാം വയസില്‍ വൈദികനായി അഭിഷിക്തനായ ഫാ. ജേക്കബ് ഏഴാനിക്കാട്ടിന്റെ ജീവിതത്തിലൂടെ...12

എഴുപതാം വയസില്‍ ഒരു നവവൈദികന്‍! മുടി മുഴുവന്‍ നരച്ചതെങ്കിലും യുവത്വം വിളങ്ങുന്ന പ്രസരിപ്പിന്റെ ഉടമ. അഗാധ പാണ്ഡിത്യവും പരിചയസമ്പത്തും കൈമുതലായുണ്ടെങ്കിലും തികഞ്ഞ വിനയാന്വിതനും വിവേകിയും ആരെയും അതിശയിപ്പിക്കുന്ന ഹൃദ്യമായ ഇടപെടലുംകൊണ്ട് ഈ നവവൈദികന്‍ ശ്രദ്ധേയമാകുന്നു. ഇത് ഏഴാനിക്കാട്ട് ജേക്കബ് അച്ചന്‍. കഴിഞ്ഞ ഡിസംബര്‍ 22 ന് സേലം ബിഷപ് ഡോ. സിങ്കരോയന്റെ കൈവെയ്പ്‌വഴി വൈദികനായ മോണ്‍ട്‌ഫോര്‍ട്ട് സഭാംഗം.

തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്ക് സ്വര്‍ഗത്തിന്റെ കൈയൊപ്പുമായിട്ടാണ് ജേക്കബ് അച്ചന്‍ അള്‍ത്താരയിലേക്കെത്തുന്നത്. മൂന്നു നൂറ്റാണ്ടുമുമ്പ് ജീവിച്ചു മരിച്ച ഏഴാനിക്കാട്ട് യാക്കോബ് മല്‍പ്പാനച്ചന്റെ അമ്മയുടെ നിയോഗവും പ്രാര്‍ത്ഥനയും ജേക്കബ് ഏഴാനിക്കാട്ട് അച്ചന്റെ അമ്മയും തമ്മില്‍ സമാനതകളേറെയാണ്. മല്‍പ്പാനച്ചനെ ഉദരത്തില്‍ സംവഹിക്കുമ്പോള്‍ തൊടുപുഴയാറ്റിലൂടെയുള്ള വഞ്ചിയാത്രയില്‍ വലിയൊരപകടം മുന്നില്‍ കണ്ട അമ്മ, കുഞ്ഞിനെ വൈദികനാക്കാമെന്ന് ദൈവത്തിനു വാക്കു കൊടുത്തു. അന്നുമുതല്‍ ആ അമ്മ അനുദിന ദിവ്യബലിമധ്യേ കുഞ്ഞിനെ കാസയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നത്രേ! ഈ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയായി ഏഴാനിക്കാട്ട് യാക്കോബ് മല്‍പ്പാനച്ചന്‍ ഓര്‍മയില്‍ ശേഷിക്കുമ്പോള്‍ ജേക്കബ് ഏഴാനിക്കാട്ട് അച്ചനെയും ദിവ്യബലിമധ്യേ അമ്മ കാസയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു. 1841 ല്‍ മല്‍പ്പാനച്ചന്‍ അന്തരിച്ചു; നൂറുവര്‍ഷങ്ങള്‍ക്കുശേഷം 1941 ല്‍ ഏഴാനിക്കാട്ട് ജേക്കബ് അച്ചന്റെ ജനനം. ഒരു മകനെ വൈദികനാക്കാമെന്ന് ദൈവത്തിനു വാക്കുകൊടുത്ത ആ അമ്മയുടെ മൂന്നു ആണ്‍മക്കള്‍ വൈദികരായി; മൂന്നു പെണ്‍മക്കള്‍ സന്യാസ ജീവിതം സ്വന്തമാക്കുകയും ചെയ്തു!

ഏഴാനിക്കാട്ട് മത്തായി-ഏലി ദമ്പതികളുടെ മൂത്തമകനായി ജനിച്ച ജേക്കബ്, നാകപ്പുഴ സെന്റ് മേരീസ്, പൈങ്കുളം സെന്റ് റീത്താസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജേക്കബ് എട്ടാംക്ലാസില്‍ പഠിക്കുന്ന കാലം. ഒരുദിവസം കടയില്‍നിന്ന് ചില പലചരക്കുസാധനങ്ങള്‍ വാങ്ങി വീട്ടിലെത്തി അമ്മയെ ഏല്‍പ്പിച്ചു. സാധനങ്ങള്‍ ഒന്നൊന്നായി അഴിച്ച്, പൊതിഞ്ഞിരുന്ന പത്രങ്ങള്‍ കത്തിക്കാനായി അമ്മ മാറ്റിയിട്ടു. ജേക്കബ് എന്ന പയ്യന് തന്റെ വായനാശീലം പഴയ പത്രത്താളിലൂടെയും കടന്നെത്തി. ഉള്ളി പൊതിഞ്ഞിരുന്ന പത്രത്തില്‍ മോണ്‍ട് ഫോര്‍ട്ട് സഭയുടെ പരസ്യമുണ്ടായിരുന്നു. എട്ടാം ക്ലാസു കഴിഞ്ഞവര്‍ക്ക് മിഷന്‍ പ്രവര്‍ത്തനത്തിന് അവസരം! ബ്രദര്‍ സ്റ്റാന്‍സിലാവൂസ് അടുത്ത ദിവസം മുതലക്കോടത്ത് എത്തുന്നു.

ജേക്കബും കൂട്ടുകാരായ ആറുപേരും മുതലക്കോടത്തിന് പോയി. ബ്രദറിനെ കണ്ടു. ഏഴുപേരും മോണ്‍ട് ഫോര്‍ട്ട് സഭയില്‍ ചേര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ജേക്കബ് ഒഴികെ ആരും പത്താംക്ലാസ് കഴിഞ്ഞ് തുടര്‍പഠനത്തിന് ശേഷിച്ചില്ല; അത്രമാത്രം പഠനത്തിന് ബുദ്ധിമുട്ടിയ കാലം. എങ്കിലും പൂര്‍വികരുടെ പ്രാര്‍ത്ഥനയുടെ പ്രതിഫലനമെന്നോണം ജേക്കബ് മാത്രം പഠിച്ചു മുന്നേറി. എട്ടാംക്ലാസ് വരെ അത്രയൊന്നും പഠിക്കാന്‍ പ്രാവീണ്യമില്ലാതിരുന്ന ജേക്കബ് തുടര്‍ന്നുള്ള ക്ലാസുകളില്‍ റാങ്കുകളോടെ വിജയിച്ചു. മോണ്‍ട്‌ഫോര്‍ട്ട് സഭയില്‍ ഒന്നിച്ചുചേര്‍ന്ന ഏഴുപേരില്‍ ജേക്കബ് മാത്രം ദൈവത്തിന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി ഇവിടെവരെയെത്തി. അതിനു മുമ്പേ കൈപിടിച്ചു വളര്‍ത്തിയ മാതാപിതാക്കളിലൂടെയും കുടുംബത്തിലൂടെയും ദൈവം കൂടെ നടക്കുകയായിരുന്നു. എഴുപതാം വയസില്‍ വൈദികനാകാനായി മോണ്‍ട് ഫോര്‍ട്ട് സഭാധികാരികള്‍ ജേക്കബ് എന്ന ബ്രദറിനെ തിരഞ്ഞെടുക്കുമ്പോള്‍ ഓര്‍മയില്‍ മായാതെ നില്ക്കുന്നത് അച്ചന്റെ വല്യപ്പന്റെ അനുജനായ ഇട്ടീരായെന്ന ഏകസ്ഥനായ 'സന്യസ്ത'നാണ്.

ഊട്ടിയിലെ കുനൂരിലുള്ള സെന്റ് ആന്റണീസ് തമിഴ് മീഡിയം സ്‌കൂളിലായിരുന്നു ജേക്കബിന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. മദ്രാസിലെ ലെയോളാ കോളജില്‍നിന്നും ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഏര്‍ക്കാട്ടുള്ള സേക്രട്ട് ഹാര്‍ട്ടില്‍ നൊവിഷ്യേറ്റ് കാലം. ബാംഗ്ലൂര്‍ സി.ആര്‍.ഐ യില്‍ തിയോളജി. മനിലയിലെ (ഫിലിപ്പൈന്‍സ്) ഡി ലാ സാല്ലെ സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ഇതേ സര്‍വകലാശാലയില്‍നിന്നും ക്ലിനിക്കല്‍ കൗണ്‍സലിംഗ് സൈക്കോളജിയില്‍ ഡോക്ടറേറ്റും സ്വന്തമാക്കി. അമേരിക്കയിലെ മസാച്ചുസെറ്റിലുള്ള ലൊയോള യൂണിവേഴ്‌സിറ്റിയില്‍നിന്നും പോസ്റ്റ് ഡോക്ടറല്‍ സ്റ്റഡീസ് പൂര്‍ത്തിയാക്കി.

ബാംഗ്ലൂരിലെ മോണ്‍ട് ഫോര്‍ട്ട് കോളജിന്റെ പ്രിന്‍സിപ്പലും ഇന്ത്യയിലെ വിവിധ സ്‌കൂളുകളുടെ പ്രിന്‍സിപ്പലും ഡയറക്ടറുമായിരുന്നിട്ടുണ്ട്. സഭയുടെ അസിസ്റ്റന്റ് ജനറലായി പന്ത്രണ്ടു വര്‍ഷക്കാലം റോമിലായിരുന്നു. ഫിലിപ്പൈന്‍സിലെ ഡി ലാ സാല്ലെ സര്‍വകലാശാല, തായ്‌ലന്റിലെ ബാങ്കോക്ക് അസംപ്ഷന്‍ സര്‍വകലാശാല, പോളണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് പോളണ്ട്, യൂണിവേഴ്‌സിറ്റി ഓഫ് ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രഫസറായി സേവനം ചെയ്തിട്ടുള്ള ജേക്കബച്ചന്‍ മനഃശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

പതിനെട്ടു രാജ്യങ്ങളില്‍ ഇതിനോടകം സൈക്കോ തെറാപ്പി സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. ഇരുപതു മിനിറ്റ് ദൈര്‍ഘ്യമുള്ള നാലു സിനിമകള്‍ തിരക്കഥ എഴുതി, നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. അവയെ ല്ലാം സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹ്യപ്രശ്‌നങ്ങളും അപഗ്രഥിക്കുന്നവയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സാമൂഹ്യ പുനരുദ്ധാരണവും മുന്നില്‍ക്കണ്ട് ധാരാളം നാടകങ്ങളും കാവ്യങ്ങളും രചിച്ചിട്ടുണ്ട്, അഞ്ചു ഭാഷകളില്‍ പ്രാവീണ്യമുള്ള ജേക്കബച്ചന്‍.

ഇടുക്കി ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കര മോണ്‍ട്‌ഫോര്‍ട്ട് സി.ബി.സി.ഇ സ്‌കൂളും അനുബന്ധസ്ഥാപനങ്ങളുമാണ് ഇപ്പോള്‍ ജേക്കബ് അച്ചന്റെ കര്‍മമേഖല. ഒരു ഡയറക്ടര്‍ എന്ന രീതിയില്‍ മാത്രം അദ്ദേഹത്തെ കാണാനാകില്ല. കാരണം, അണക്കരയിലുള്ള മോണ്‍ട്‌ഫോര്‍ട്ട് സഭയുടെ അഞ്ചു സ്ഥാപനങ്ങളിലും അച്ചന്റെ ശ്രദ്ധയും നടത്തിപ്പും നിര്‍ദ്ദേശാനുസരണമുള്ള പ്രവര്‍ത്തനങ്ങളുമുണ്ട്. സഭയുടെ ബ്രദേഴ്‌സിനുള്ള ഭവനം, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍, അധ്യാപകര്‍ക്കും ഇതര ജോലിക്കാര്‍ക്കുമുള്ള ഭവനങ്ങള്‍, എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഉന്നതനിലവാരമുള്ള സ്‌കൂള്‍ എന്നിങ്ങനെ പോകുന്നു അച്ചന്റെ നിയന്ത്രണത്തിലുള്ളവയുടെ ഏകദേശ രൂപരേഖ. ഇതു കൂടാതെ പല സ്ഥലങ്ങളിലും ക്ലാസുകളും കൗണ്‍സലിംഗ് പ്രോഗ്രാമുകളും നടത്തുന്നു. വൈദികര്‍ക്കും സന്യസ്തര്‍ക്കുമുള്ള ധ്യാനപരിപാടികള്‍ക്കും ജേക്കബ് അച്ചന്‍ സമയം കണ്ടെത്തുന്നു.

മാനസികാരോഗ്യരംഗത്തും സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളര്‍ച്ചാമേഖലയിലും ദൈവികപരിപാലനയുടെ വഴിതുറന്നു കൊടുക്കാന്‍ അച്ചന്‍ സദാ പ്രയത്‌നിക്കുന്നു. തന്റെ രചനകളിലൂടെയും ലഘുചലച്ചിത്ര നിര്‍മാണത്തിലൂടെയും അച്ചന്‍ കൈവരിക്കുന്നത് ഇത്തരം നേട്ടങ്ങള്‍ തന്നെയാണ്. പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാതെ പരമപിതാവില്‍ ആശ്രയിക്കുന്നതുകൊണ്ട് സകലതും ദൈവാനുഭവവും നന്മയുമാക്കി ഈശോ മാറ്റുന്നുവെന്നാണ് ജേക്കബ് അച്ചന്റെ അനുഭവം.

'പാവങ്ങളില്‍ ഈശോയെ കണ്ട്, സ്‌നേഹിച്ച് സേവനം അനുഷ്ഠിക്കുക' എന്ന ആപ്തവാക്യത്താല്‍ സ്വയം പ്രേരിതനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ വൈദികന്‍ 2012 ഏപ്രില്‍ പതിനഞ്ചിന് തന്റെ വ്രതവാഗ്ദാന സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. വൈദികനാകുമ്പോഴും മോണ്‍ട് ഫോര്‍ട്ട് സഭയില്‍ ഇദ്ദേഹം ബ്രദര്‍ എന്ന സംബോധനയില്‍തന്നെയാണ്; കാരണം വൈദികനെന്നത് മോണ്‍ട്‌ഫോര്‍ട്ട് സഭയില്‍ ഒരു പദവിയല്ല, സേവനരംഗം മാത്രം. സഭാധികാരികളാണ് വൈദികനാകേണ്ട സമയം തിരഞ്ഞെടുക്കുന്നത്; ഇതിന് പ്രായപരിധിയോ കാലപരിധിയോ ഒന്നുമില്ല. വൈദികനാകാന്‍ വൈകിയതല്ല, മറിച്ച് നിയോഗവും തിരഞ്ഞെടുപ്പും വന്നെത്തിയത് ഇപ്പോഴാണെന്നുമാത്രം.

ഫാ. ജേക്കബിന്റെ സഹോദരന്‍ തോമസ്, ഓര്‍ഡര്‍ ഓഫ് സെന്റ് ബനഡിക്ട് (ഒ.എസ്.ബി) സഭയിലും ഫ്രാന്‍സിസ് റിഡംപ്റ്ററിസ്റ്റ് (സിഎസ്എസ്ആര്‍) സഭയിലും വൈദികരാണ്. സഹോദരി സിസ്റ്റര്‍ ജോര്‍ജീന സെന്റ് ജോസഫ് ഓഫ് ടാര്‍ബ്‌സ്, ബാംഗ്ലൂരും സിസ്റ്റര്‍ മേരി ഇതേ സഭയില്‍ തിരുനല്‍വേലിയിലും സേവനം ചെയ്യുന്നു. മറ്റൊരു സഹോദരി സിസ്റ്റര്‍ ബ്രിജിറ്റ് ഓര്‍ഡര്‍ ഓഫ് സെന്റ് ബെനഡിക്ടില്‍ (ഒ.എസ്.ബി) ബാംഗ്ലൂരില്‍ ശുശ്രൂഷ ചെയ്യുന്നു. മറ്റു സഹോദരന്മാരായ മത്തായി മാത്യുവും ജോസ് മാത്യുവും കുടുംബജീവിതം നയിക്കുന്നു. ഇളയ സഹോദരി ഗ്രേസി മദ്രാസില്‍ ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നു.

Last modified on Monday, 30 January 2012 16:23
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.