Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 20 January 2012 14:17

ശബ്ദമില്ലാത്തവരുടെ ശബ്ദമായി...

Written by  ഫാ. സിന്റോ പതിയാപറമ്പില്‍ MCBS
Rate this item
(1 Vote)

ഏറ്റവും മികച്ച സ്‌കൂളിനുള്ള 2011-ലെ കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡ് എം.സി.ബി.എസ് ശാന്തിനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഭദ്രാവതി മദര്‍ തെരേസ ബധിര-മൂക വിദ്യാലയത്തിനായിരുന്നു. ബധിര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി നല്കിയ സേവനങ്ങള്‍ കണക്കിലെടുത്ത് ഈ അവാര്‍ഡ് നല്കിയപ്പോള്‍ അത് ഫാ. കെ.എം മാത്യുവെന്ന മിഷനറി വൈദികന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായി. 71-ാം വയസിലും തളരാത്ത മനസുമായി ഷിമോഗയിലെ കരുണാനിലയയില്‍ ബധിര-മൂക മക്കളോടൊപ്പം അവരിലൊരാളായി ജീവിക്കുന്ന ഫാ. മാത്യു തന്റെ മിഷന്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ആദ്യകാല പ്രവര്‍ത്തനങ്ങള്‍
1970 ഡിസംബറിലായിരുന്നു എന്റെ പൗരോഹിത്യ സ്വീകരണം. ആദ്യമായി മിഷന്‍ പ്രവര്‍ത്തനത്തിന് സഭ എന്നെ അയച്ചത് മേഘാലയയിലേക്കാണ്. 1971 മെയ് മാസത്തില്‍ മേഘാലയയിലെ 'റങ്‌ജോങ്' മിഷന്‍ കേന്ദ്രത്തിലെത്തി. അഞ്ചുവര്‍ഷത്തോളം അവിടെ സേവനം ചെയ്തു. അന്നവിടെ മുപ്പതോളം ക്രിസ്തീയ ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. സലേഷ്യന്‍ സഭാംഗമായ ഫാ. ബസ്‌ലിന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്കുള്ള കാല്‍നട യാത്രകളും അവരോടൊത്തുള്ള ആത്മീയ ശുശ്രൂഷകളും ഇന്നും മനസില്‍ തിളങ്ങി നില്‍ക്കുന്നു. ഹൃദയസ്പര്‍ശിയായ ഒരു അനുഭവമിങ്ങനെ: അന്ന് ഞാന്‍ മേഘാലയയിലെ തൂറ രൂപതയിലുള്ള മങ്‌സാങ് എന്ന ഗ്രാമത്തിലാണ്. വൈകുന്നേരം നാലുമണി. നടന്ന് ക്ഷീണിച്ച് അവശനായാണ് ഞാന്‍ ഗ്രാമത്തിലെത്തിയത്. അപ്പോള്‍ ആശ്രമത്തിലെ ഉപദേശി മരണാസന്നനായ ഒരാളുടെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. കടുത്ത നിരീശ്വരവാദിയായിരുന്നു മരണാസന്നനായ ആ വ്യക്തി. മരണകിടക്കയില്‍ കിടന്ന് അയാള്‍ തന്റെ കഥ വിവരിക്കാന്‍ തുടങ്ങി. യുവാവായിരിക്കേ ബാപ്റ്റിസ്റ്റ് സഭയില്‍ ചേര്‍ന്ന് മാമോദീസ സ്വീകരിച്ചതും പിന്നീട് അവരുടെ പാസ്റ്ററായതും ബ്രിട്ടീഷുകാരുടെ കാലശേഷം ബാപ്റ്റിസ്റ്റ് സഭ ജീര്‍ണിച്ചതും അന്ധവിശ്വാസിയായി മൃഗബലിയും മറ്റു പൂജകളും ചെയ്യുന്ന വ്യക്തിയായി അയാള്‍ മാറിയതും നിറകണ്ണുകളോടെ അയാള്‍ പങ്കുവെച്ചു. തന്റെ മരണാവസ്ഥയില്‍ കത്തോലിക്കാ സഭയില്‍ ചേരണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് ഉപദേശം നല്‍കി സഭയെക്കുറിച്ചും കൂദാശകളെക്കുറിച്ചും പഠിപ്പിച്ചു. പിറ്റേദിവസം കുര്‍ബാന കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി 'കണ്ടീഷണല്‍ ബാപ്റ്റിസവും' സ്ഥൈര്യലേപനവും കുര്‍ബാനയും കുമ്പസാരവും നല്‍കി. ഭാര്യ ഉണ്ടായിരുന്നതുകൊണ്ട് വിവാഹം സാധൂകരിച്ച് രോഗീലേപനവും നല്‍കി. ആറു കൂദാശകളും സ്വീകരിച്ച അദ്ദേഹത്തിന്റെ മുഖം ആത്മനിര്‍വൃതിയില്‍ നിറയുന്നത് ഞാന്‍ കണ്ടു. ആ സായംകാലം തന്നെ അനേകം ഗ്രാമവാസികളുടെ സാന്നിധ്യത്തില്‍, 'ഇതാ സ്വര്‍ഗീയ ദൂതന്മാര്‍ എന്നെ എതിരേറ്റു കൊണ്ടുപോകുന്നു' എന്നു പറഞ്ഞ് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ മാനസാന്തരവും അന്തിമവചസുകളും ആ ഗ്രാമത്തിലും ചുറ്റുമുള്ളവര്‍ക്കും യേശുവിന്റെ ശക്തിയും സാന്നിധ്യവും മനസ്സിലാക്കാന്‍ ഇടയാക്കി. അനേകര്‍ അതുവഴി കത്തോലിക്കാ സഭയില്‍ ചേരുകയും ചെയ്തു.
അന്നത്തെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കാതല്‍ ക്രൈസ്തവ സമൂഹങ്ങളുടെ രൂപീകരണവും അവരുടെ ആത്മീയ ശുശ്രൂഷകളും അതിനുതകുന്ന സാമൂഹിക സേവനവുമായിരുന്നു. 1976 മുതല്‍ 'ചൊക്ക്‌പൊത്ത്' എന്ന മിഷന്‍ കേന്ദ്രത്തില്‍ സുപ്പീരിയര്‍ ഫാ. ജോസഫ് പുതിയേടത്തിനോടൊത്തായിരുന്നു ഞാന്‍. അവിടെ നൂറ്റമ്പതോളം ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് താമസിച്ചുള്ള വിദ്യാഭ്യാസത്തിന് സൗകര്യങ്ങളൊരുക്കി. ഒപ്പം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ആത്മീയ ശുശ്രൂഷകളും വിശ്വാസ പരിശീലനവും നല്കി. ഇവിടെ പല ഗ്രാമങ്ങളും ഒന്നിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച സന്ദര്‍ഭങ്ങളുണ്ട്. പത്തുവര്‍ഷത്തെ മേഘാലയയിലെ ജീവിതംകൊണ്ട് പതിനായിരത്തില്‍പരം വ്യക്തികളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ദൈവം എന്നെ ഉപകരണമാക്കി എന്നതില്‍ അഭിമാനവും സംതൃപ്തിയുമുണ്ട്.
കര്‍ണാടകയിലെ മിഷന്‍ പ്രവര്‍ത്തനം...
ഷിമോഗയിലെ സാഗര്‍ താലൂക്കില്‍ ഇടുവള്ളി ഇടവകയിലാണ് സേവനം ആരംഭിക്കുന്നത്. 1981 ലാണ് അത്. അന്ന് ഇടുവള്ളി മാനന്തവാടി രൂപതയുടെ കീഴിലുള്ള കുടിയേറ്റ കര്‍ഷകരുടെ ആദ്യ ഇടവകപ്പള്ളികളില്‍ ഒന്നാണ്. അവിടെ പതിമൂന്നര വര്‍ഷം സേവനം ചെയ്തു. 1980 കളുടെ ആരംഭത്തില്‍ മസ്തികട്ടെ, കാര്‍ഗല്‍ ഭാഗങ്ങളുടെ അണക്കെട്ടുകളുടെ നിര്‍മാണ ജോലിക്കായി വന്ന ആയിരക്കണക്കിന് കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളുകളോ വേണ്ടത്ര പഠന സാഹചര്യങ്ങളോ ഇല്ലായിരുന്നു. അങ്ങനെ ഇടുവള്ളിയില്‍ സെന്റ് ആന്റണീസ് സ്‌കൂളും ഹോസ്റ്റലും ആരംഭിച്ചു. എന്‍.ആര്‍ പുര, ഗാഡിക്കല്‍, മുത്തൂര്‍, ജോഗ് തുടങ്ങി ഷിമോഗയുടെ വിവിധ ഭാഗങ്ങളിലുള്ള അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം നല്‍കി. പതിമൂന്നര വര്‍ഷംകൊണ്ട് അയ്യായിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
1994ല്‍ എം.സി.ബി.എസ് സഭയുടെ ഷിമോഗ മിഷന്‍ സുപ്പീരിയര്‍ ആയി നിയമിതനായി. പോട്ട ടീമിന്റെ കരിസ്മാറ്റിക് കണ്‍വന്‍ഷന്‍ 1995 ല്‍ ഷിമോഗയില്‍ നടത്തി. പതിനായിരത്തില്‍പരം ആളുകള്‍ അന്ന് അതില്‍ പങ്കെടുത്തു. ഇതുവഴി ഷിമോഗയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ആത്മീയ ഉണര്‍വ് പകരാനും കരിസ്മാറ്റിക് നവീകരണം എല്ലാ ഇടവകകളിലും എത്തിക്കാനും സാധിച്ചു.
തുടര്‍ന്ന് ഭദ്രാവതി മൂലക്കട്ട ഇടവകയുടെ വികാരിയായി. അവിടെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും അല്മായ സുവിശേഷ പ്രഘോഷകരെയും വളര്‍ത്തിക്കൊണ്ടുവരാനും അതുവഴി സീറോ മലബാര്‍, ലത്തീന്‍ ഇടവകകളില്‍ ആത്മീയ നവീകരണം ഉണ്ടാക്കാനും പ്രയത്‌നിച്ചു. പത്താംക്ലാസ് പാസായ ഇടുവള്ളി ഗ്രാമത്തിലെ കുട്ടികള്‍ക്ക് അക്കാലത്ത് തുടര്‍പഠനത്തിന് സാഹചര്യമില്ലായിരുന്നു. അങ്ങനെ, ഭദ്രാവതി സ്റ്റീല്‍ ടൗണില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഇന്‍ഫന്റ് ജീസസ് ഹോസ്റ്റല്‍ തുടങ്ങി. നഴ്‌സിംഗ്, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളി ടെക്‌നിക്ക് മുതലായ കോഴ്‌സുകള്‍ക്ക് സാഹചര്യവും ഒപ്പം സാമ്പത്തിക സഹായങ്ങളും നല്‍കി.
1995 മുതല്‍ 2004 വരെയുള്ള കാലഘട്ടങ്ങളില്‍ അറുന്നൂറോളം കുട്ടികളെ തൊഴില്‍ മേഖലകളില്‍ എത്തിക്കാനും ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ പാകാനും സാധിച്ചു. ദൈവവിളി പ്രോത്സാഹിപ്പിച്ചു. ഹോസ്റ്റലുകളില്‍ പഠിച്ച കുട്ടികളില്‍ പലരും വൈദികരും സന്യസ്തരുമായി. കഴിഞ്ഞ വര്‍ഷം തിരുപ്പട്ടം സ്വീകരിച്ചവരും അതില്‍പെടും. ധ്യാനങ്ങളും പ്രാര്‍ത്ഥനാഗ്രൂപ്പുകളും കരിസ്മാറ്റിക് നവീകരണവും ഇടവകകള്‍തോറും നടത്തി. 2000 ജൂലൈ ആറിന് ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി 'ജോര്‍ദാന്‍ മുക്തി സദന്‍' ധ്യാനകേന്ദ്രം ആശീര്‍വദിച്ചു.
ബധിര-മൂക വിദ്യാര്‍ത്ഥികളോടൊത്ത്....
1995 ലെ ക്രിസ്മസ് കാലത്ത് ഞാന്‍ ഭദ്രാവതി തരംഗ ബധിര-മൂക വിദ്യാലയം സന്ദര്‍ശിച്ചു. നിസ്സഹായരായ മക്കളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഉള്‍പ്രേരണ ലഭിച്ചു. ഇപ്പോള്‍ പതിനാറ് വര്‍ഷമായി ബധിര-മൂക വിദ്യാര്‍ത്ഥികളോടൊപ്പം ജീവിക്കുന്നു. ഈ കുട്ടികള്‍ക്കുവേണ്ടിയുള്ള സേവനമാണ് എന്റെ ജീവിതത്തിന് ഏറ്റവും സംതൃപ്തി നല്‍കുന്നത്. അത് വാക്കുകളില്‍ ഒതുക്കാനാവില്ല. സ്വന്തം കുടുംബത്തിലും സമൂഹത്തിലും തഴയപ്പെട്ട ഇവരുടെ ജീവിതത്തില്‍ സ്വന്തമായി ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്താന്‍ അവരെ സഹായിക്കുന്നു. കുടുംബത്തിനും സമൂഹത്തിനും ഈ കുഞ്ഞുങ്ങള്‍ വേണ്ടപ്പെട്ടവരാണെന്ന ബോധ്യം മറ്റുള്ളവരില്‍ ജനിപ്പിക്കാനും അംഗവൈകല്യമുള്ളവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ആവശ്യകത സമൂഹത്തില്‍ വെളിപ്പെടുത്താനും സാധിച്ചു. അതിനുള്ള അംഗീകാരമെന്നോണം കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും സ്‌കൂളിന് ലഭിച്ചു.''
ഇക്കഴിഞ്ഞ ലോകവികലാംഗദിനത്തില്‍ വനിതാ-ശിശുക്ഷേമ മന്ത്രി സി.സി പാട്ടീലില്‍നിന്ന് സ്‌കൂള്‍ ഡയറക്ടറായ ഫാ. കെ.എം മാത്യു പുരസ്‌കാരം ഏറ്റുവാങ്ങി.
''സാധാരണ കുട്ടികളെക്കാളും അസാധാരണമായ കഴിവുകള്‍ ഉള്ളവരാണ് വൈകല്യമുള്ളവര്‍. അവരെ സമൂഹത്തില്‍ വിലമതിക്കാന്‍, അവരുടെ ഉന്നമനത്തിനുവേണ്ടി ജീവിക്കാന്‍ നമുക്ക് പരിശ്രമിക്കാം, അച്ചന്‍ ഓര്‍മിപ്പിക്കുന്നു.
19441 ലാണ് ഫാ. മാത്യു ജനിച്ചത്. കോട്ടയം വാഴൂരില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിരമ്പുഴ എം.സി.ബി.എസ്, കണ്ടംചിറ, ആലുവ കര്‍മലഗിരി, മംഗലപ്പുഴ എന്നിവിടങ്ങളിലെ സെമിനാരി വിദ്യാഭ്യാസത്തിനുശേഷം ദിവ്യകാരുണ്യ മിഷനറി സഭാംഗമായി (എം.സി.ബി.എസ്) 1970ല്‍ വൈദികനായി. ഫോണ്‍: 09448681756

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.