Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 20 January 2012 14:16

അറുപത്തിമൂന്നിലെ കോളജ് കുമാരി

Written by  സെബിന്‍ എസ്. കൊട്ടാരം
Rate this item
(2 votes)

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തുള്ള ഡെന്‍വര്‍. എന്ന സ്ഥലം. കോളജിലേക്ക് കാറോടിച്ചു പോകുന്ന വനിത. പേര് പാട്രീഷ്യ. വയസ്സ് 63. പാട്രീഷ്യയെ അടുപ്പമുള്ളവര്‍ പാറ്റ് എന്നു വിളിക്കും. പാറ്റ് കോളജിലേക്കു കാറോടിച്ചു പോകുന്നതു കാണുമ്പോള്‍ നാം വിചാരിക്കും, അവര്‍ കോളജിലെ അധ്യാപികയോ ഉദ്യോഗസ്ഥയോ ആയിരിക്കുമെന്ന്. പക്ഷേ പാറ്റ് ഒരു വിദ്യാര്‍ത്ഥിനിയാണ്. പഠിക്കുന്നത് 25 ല്‍ താഴെ പ്രായമുള്ള മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന്. ഇവിടെയാരും പാറ്റിനെ ഒരു അത്ഭുതജീവിയെപ്പോലെ നോക്കാറില്ല. കാരണം, ഇതുപോലെ 'പഠിക്കാന്‍' പ്രായം തടസമില്ലാത്ത ഒട്ടേറെപ്പേര്‍ അമേരിക്കയിലുണ്ട്. ഏതു പ്രായത്തിലും കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ജോലിയിലും ജീവിതത്തിലുമെല്ലാം കൂടുതല്‍ ഉയരത്തിലേക്ക് കടക്കാനും മനസുള്ളവരാണ് അമേരിക്കക്കാര്‍. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ആദ്യം ലഭിച്ച ജോലിയുമായി ഇവിടെയുള്ളവരില്‍ നല്ലൊരു ശതമാനവും ജീവിതകാലം മുഴുവന്‍ തള്ളി നീക്കുന്നില്ല. മറിച്ച്, തങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ജോലിക്ക് ആവശ്യമായ കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ റിട്ടയര്‍മെന്റ് പ്രായത്തിലും അവര്‍ തയാറാകുന്നു.

പാറ്റ് അമേരിക്കയിലെ ഒരു പത്രത്തിന്റെ എഡിറ്ററായിരുന്നു. ആ ജോലിയില്‍നിന്ന് മാറേണ്ട സാഹചര്യമുണ്ടായപ്പോള്‍, മനസില്‍ നേരത്തെ മുതല്‍ ഇഷ്ടപ്പെട്ടിരുന്ന സൈക്കോളജി പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് രണ്ടു വര്‍ഷത്തോളം യു.എസിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയത്. പത്രത്തിലെ എഡിറ്ററായിരുന്നുവെന്നതും പ്രായം 63 ആണെന്നുള്ളതുമൊന്നും പാറ്റിന് ഈഗോയ്ക്ക് കാരണമായില്ല. വലിയൊരു പദവിയിലിരുന്നശേഷം ഇപ്പോള്‍ വിദ്യാര്‍ത്ഥിയായിരിക്കുകയോ എന്നൊന്നും പാറ്റ് ചിന്തിച്ചില്ല. അമേരിക്കക്കാര്‍ക്കിടയില്‍ ഞാന്‍ കണ്ട ഏറ്റവും മഹത്തായ പ്രത്യേകതകളിലൊന്നാണീ മനോഭാവം-ആത്മാഭിമാനം. സ്വന്തം ജോലിയോടും ചെയ്യുന്ന പ്രവൃത്തിയോടും അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരാണ് ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ എവിടെ ചെന്നാലും ഏതു ജോലി ചെ യ്യുന്നവരിലും അവരുടെ വാക്കുകളില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും നിഴലിക്കുന്നു.
ഓട്ടമൊബീല്‍ എന്‍ജിനിയറിംഗ് പഠിപ്പിക്കുന്ന ഒരു കോളജ് ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ സ്‌പെഷലൈസ് ചെയ്യുന്നത് വാഹനങ്ങളുടെ പെയ്ന്റിങ്ങിലാണ്. താന്‍ ചെയ്യുന്ന ജോലിയുടെ വളരെ സൂക്ഷ്മമായ കാര്യംപോലും വിശദീകരിച്ചുകൊണ്ട് ആ ജോലിയില്‍ പെര്‍ഫെക്ടാവാന്‍ ശ്രമിക്കുകയാണ് അയാള്‍. ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന ബോധ്യം അമേരിക്കക്കാരില്‍ ആരും കുത്തിവയ്ക്കുന്നതല്ല. മറിച്ച് അവരുടെ ഉള്ളില്‍നിന്നുതന്നെ വരുന്നതാണ്.

റോട്ടറി ഇന്റര്‍നാഷനലാണ് ഞാനുള്‍പ്പെട്ട അഞ്ചംഗ പ്രഫഷണല്‍സംഘത്തെ അമേരിക്ക സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്തത്. അമേരിക്കയിലെ വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, അള്‍ട്രാ മോഡേണ്‍ ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, ചാരിറ്റി സെന്ററുകള്‍, ദേവാലയങ്ങള്‍, കൊളംബിയ, ഹാവാഡ് യൂണിവേഴ്‌സിറ്റികള്‍, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയവയെല്ലാം സന്ദര്‍ശിക്കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പ്രഭാഷണങ്ങള്‍ നടത്താനും ഇതുവഴി കഴിഞ്ഞു. ഒട്ടേറെ മേഖലകളിലെ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. വിവിധ രംഗങ്ങളില്‍ ഉന്നതപദവിയിലുള്ള അമേരിക്കക്കാരായ റൊട്ടേറിയന്‍സിന്റെ വീടുകളിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. അതിലൊരാളാണ് പാര്‍ക്കര്‍ എന്ന സ്ഥലത്തെ എന്റെ ആതിഥേയനായ ടിം. വലിയൊരു കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം മേധാവിയായി വിരമിച്ചയാളാണ് ടിം. പക്ഷേ ടിം ജോലിക്കു കയറുന്നത് ഹ്യുമന്‍ റിസോഴ്‌സ് വകുപ്പിലെ ഉന്നത പദവിയിലായിരുന്നില്ല. ഒരു സാധാരണ ലൈന്‍മാനായിട്ട് ആയിരുന്നു ടിമിന്റെ തുടക്കം. അവിടെനിന്ന് പല കോഴ്‌സുകളും പഠിച്ചു. ഒപ്പം തന്റെ ജീവിതത്തിലെ ഉയര്‍ച്ചയ്ക്കുവേണ്ട പടവുകള്‍ ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞ് അതിലെ ചുവടുകള്‍ വച്ചു.

അമേരിക്കയില്‍ ഞങ്ങളുടെ സംഘത്തിനൊപ്പം സദാ സഹായസന്നദ്ധനായി വന്നിരുന്ന ഒരാളായിരുന്നു അല്‍ ജോണ്‍സന്‍. അറുപതു വയസ് കഴിഞ്ഞ സുസ്‌മേരവദനനായ വ്യക്തി. അമേരിക്കക്കാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വലിയ പ്ലേറ്റുകള്‍ നിറയെ ചിക്കനും മറ്റുമൊക്കെ ഉണ്ടാവും. ഒപ്പം സലാഡും. ഞങ്ങളുടെ ടീമില്‍ രണ്ടു ഡോക്ടര്‍മാരും ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും സൈക്കോളജിസ്റ്റും പിന്നെ ഞാനുമായിരുന്നു ഉണ്ടായിരുന്നത്. ടീമിലുള്ള ഞങ്ങള്‍ ഹോട്ടലുകളില്‍ വച്ച് ഭക്ഷണം പങ്കുവച്ച് കഴിക്കുമായിരുന്നു. അമേരിക്കക്കാര്‍ കഴിക്കുന്നതുപോലെ അത്രയധികം ഭക്ഷണം കഴിക്കാന്‍ പറ്റാത്തതുകൊണ്ടായിരുന്നു ഇത്. ഒരിക്കല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ എനിക്കു ലഭിച്ചത് വലിയൊരു പ്ലേറ്റ് നിറയെ ചിക്കന്‍കൊണ്ടുണ്ടാക്കിയ മെക്‌സിക്കന്‍ ഡിഷ്. ഇത്രയധികം ഞാന്‍ കഴിക്കില്ലെന്നു പറഞ്ഞപ്പോള്‍ അല്‍ ജോണ്‍സന്‍ പാതി കഴിച്ചുകൊള്ളാമെന്നു പറഞ്ഞു. പൊതുവെ അങ്ങനെ പങ്കുവച്ചു കഴിക്കുന്ന ശീലം അമേരിക്കക്കാര്‍ക്കില്ലെങ്കിലും ഞങ്ങള്‍ക്കായി സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ പുതിയൊരു ചാല്‍കൂടി തുറന്നു, ജോണ്‍സന്‍.

പിന്നീടാണ് അല്‍ ജോണ്‍സനെക്കുറിച്ച് ഞാന്‍ മനസിലാക്കുന്നത്. അമേരിക്കയിലെ തന്നെ വന്‍ വിമാനക്കമ്പനികളിലൊന്നിന്റെ ഉടമയാണത്രേ അല്‍ ജോണ്‍സന്‍. കോടിക്കണക്കിനു ഡോളര്‍ വിറ്റുവരവുള്ള വിമാനക്കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നയാള്‍. എന്നിട്ടും അതിന്റെ അഹംഭാവമോ ധാര്‍ഷ്ട്യമോ ഇല്ലാതെ എത്ര വിനയത്തോടെ, ആത്മാര്‍ത്ഥമായി പെരുമാറാന്‍ അദ്ദേഹത്തിന് കഴിയുന്നുവെന്ന് ചിന്തിച്ചുപോയി. ഞങ്ങളെ ഓരോ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും എത്തിക്കാന്‍ അദ്ദേഹംതന്നെ സ്വയം കാറോടിക്കുകയായിരുന്നു. അല്‍ ജോണ്‍സന്റെ വിമാനക്കമ്പനിയിലും ഞങ്ങളെ എത്തിച്ചു. വിമാനത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന ചെറിയ കടയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ചെറിയ വിമാനങ്ങള്‍ നിര്‍മിച്ച് വില്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഒട്ടേറെ വിമാനങ്ങള്‍ അല്‍ ജോണ്‍സന്റെ കമ്പനി വില്‍ക്കുന്നു.
എളിയ നിലയില്‍ നിന്ന് വലിയ നിലയിലേക്കു വന്ന ഏതാനും ആളുകളെയാണ് നാം പരിചയപ്പെട്ടത്. എന്നെ ആരെങ്കിലും വന്നുയര്‍ത്തുമെന്ന് കാത്തിരുന്ന് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയവരല്ല ഇവരിലാരും. മറിച്ച്, അവസരങ്ങള്‍ വന്നപ്പോള്‍ വലുപ്പം നോക്കാതെ അതിനെ സ്വീകരിച്ച് പരിശ്രമവും ലക്ഷ്യബോധവും ദൈവാശ്രയബോധവും കൈമുതലാക്കി അവര്‍ വിജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു.
ഓര്‍ക്കുക, വളരാനും ഉയരങ്ങള്‍ കീഴടക്കാനുമുള്ള അവസരങ്ങള്‍ നമ്മെയും തേടിയെത്തുന്നുണ്ട്. വ്യക്തികള്‍, സാഹചര്യങ്ങള്‍ ഒക്കെ... അവ തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോഴാണ് ഉയര്‍ച്ചയുണ്ടാകുന്നത്. ഒരു സുപ്രഭാതത്തില്‍ നാം ഉയരങ്ങളിലെത്തുമെന്ന് വിചാരിക്കരുത്.

ഉന്നതമായ സ്വപ്നങ്ങള്‍ കാണുന്നതുപോലെതന്നെ, അവസരങ്ങള്‍ ഉപയോഗപ്പെടുത്തി അക്ഷീണ പരിശ്രമത്തിലൂടെ നമുക്ക് ഉയരങ്ങള്‍ കീഴടക്കുന്നവരാകാം.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.