എല്ലാമുണ്ടായിട്ടും ഇനിയും എന്തിനോവേണ്ടി ഓടുന്നവരും കണ്ണുണ്ടായിട്ടും കാണേണ്ടതു പലതും കാണാതെ പോകുന്നവരും ഈ കുട്ടിയെ പരിചയപ്പെടുക. ഇത് ജിബി ജോസ്. വിധിക്കുമുമ്പില്‍ പകച്ചു നില്‍ക്കാതെ, അകക്കണ്ണുകള്‍കൊണ്ട് വൈകല്യത്തെ കീഴ്‌പ്പെടുത്തി വിജയത്തിന്റെ പടികള്‍ കയറുന്ന പെണ്‍കുട്ടി.
തൃശൂര്‍ ചിറ്റാട്ടുകരയില്‍ പുലിക്കോട്ടില്‍ ചിമ്മന്‍വീട്ടില്‍ ജോസിന്റെയും ബ്ലസിയുടെയും മകളായ ജിബിക്ക് ജനിക്കുമ്പോള്‍ത്തന്നെ കാഴ്ചയില്ലായിരുന്നു. വിധിയെ പഴിച്ച് ജീവിതം കഴിക്കാന്‍ ചിറ്റാട്ടുകര, ഏനമ്മാവ് സ്‌കൂളുകളില്‍ അധ്യാപകരായിരുന്ന മാതാപിതാക്കള്‍ ഒരുക്കമല്ലായിരുന്നു. വൈകല്യത്തെ തോല്പിക്കാന്‍ മകള്‍ക്ക് പിന്തുണയുമായി അവര്‍ കൂടെനിന്നു. ചിറ്റാട്ടുകരയില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള കുന്നംകുളം അന്ധവിദ്യാലയത്തിലാണ് ജിബി ഏഴാം ക്ലാസുവരെ പഠിച്ചത്. ഒന്നാം ക്ലാസുമുതല്‍ മൂന്നാം ക്ലാസുവരെ മലയാളം ബ്രെയിലി ലിപി പഠിച്ചു. നാലാം ക്ലാസില്‍ ഇംഗ്ലീഷും അഞ്ചാം ക്ലാസില്‍ ഹിന്ദിയും ബ്രെയിലി ലിപിയില്‍ പഠിച്ചു. ഏഴാം ക്ലാസു കഴിഞ്ഞപ്പോള്‍ ചിറ്റാട്ടുകരയില്‍ തന്നെയുള്ള സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ പത്താംക്ലാസുവരെ പഠിച്ചു. ബ്ലൈന്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാണ് ജിബി പത്താംതരം ജയിച്ചത്. പ്ലസ്ടുവിന് പാവറട്ടി ക്രൈസ്റ്റ് കിങ്ങ് കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്നു. നോട്ടുകള്‍ എല്ലാം ബ്രെയിലിയില്‍ എഴുതും. പാഠഭാഗങ്ങള്‍ മാതാപിതാക്കള്‍ വായിച്ചു കേള്‍പ്പിക്കും. അവ ടേപ്പ് റെക്കോര്‍ഡറില്‍ റെക്കോര്‍ഡു ചെയ്ത് പിന്നീട് പല ആവര്‍ത്തി കേട്ടു പഠിക്കും. ഡിസ്റ്റിംഗ്ഷനോടെ ജിബി പ്ലസ്ടു പാസ്സായി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്ന ജിബി ഫസ്റ്റ് ക്ലാസില്‍തന്നെ പാസായി. ഡിഗ്രി കഴിഞ്ഞപ്പോള്‍ ഹിസ്റ്ററി എം.എ.ക്ക് ചേര്‍ന്നത് തൃശൂര്‍ സെന്റ് മേരീസ് കോളജിലാണ്. ചരിത്രവിഷയത്തില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം റാങ്കുകാരിയായ ജിബി തെരഞ്ഞെടുത്ത വിഷയം 'ചിറ്റാട്ടുകരയുടെ ചരിത്ര'മായിരുന്നു.
പഠനമേഖലയില്‍ ഉന്നതങ്ങളിലേക്ക് കുതിക്കുന്ന ജിബി ആത്മീയ പഠനതലത്തിലും ഒന്നാമതാണ്. മറ്റം ഫൊറോനയില്‍ ചിറ്റാട്ടുകര ഇടവകാംഗമായ ജിബി സണ്‍ഡേ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് ജയിച്ചത് ഫൊറോനാതലത്തില്‍ ഒന്നാമതെത്തിയാണ്. വിശുദ്ധ ബൈബിള്‍ ബ്രെയിലി ലിപിയിലുള്ളത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ നോക്കിയും അമ്മയുടെ ട്യൂഷനും ചേര്‍ന്നാണ് ജിബി ഫൊറോന തലത്തില്‍ ഒന്നാമതെത്തിയത്. കാഴ്ചയുള്ള കുട്ടികളെക്കാള്‍ വേഗത്തില്‍ ജിബി വിശുദ്ധ ബൈബിള്‍ വായിക്കുന്നു.
പഠനാവശ്യത്തിനും അല്ലാതെയും യാത്ര ചെയ്യുന്ന ബസിലെ ജീവനക്കാരും സഹയാത്രികരും കൂട്ടുകാരും യാത്രകളില്‍ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്ന് ജിബി പറയുന്നു. പഠനകാര്യത്തില്‍ മാതാപിതാക്കളും സഹപാഠികളും ഏറെ സഹായിച്ചിട്ടുണ്ട്. അതില്‍ ജിബി പ്രത്യേകം ഓര്‍മിക്കുന്നത് എല്‍സി ടീച്ചറെയാണ്. 24-ാം വയസില്‍ കഠിനമായ തലവേദനയെത്തുടര്‍ന്ന് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട എല്‍സി, കുന്നംകുളം ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിച്ച് അവിടെത്തന്നെ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ സര്‍വീസില്‍നിന്നും വിരമിച്ച് ചാലക്കുടിയില്‍ താമസിക്കുന്നു.
റാങ്ക് ലഭിച്ച ജിബിയെ അനുമോദിക്കാന്‍ സെന്റ് മേരീസില്‍ അനുമോദനയോഗം ചേര്‍ന്നിരുന്നു. ജിബിക്ക് ഉന്നതമാര്‍ക്കുതന്നെ പ്രതീക്ഷിച്ചിരുന്നതായി സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി ജോര്‍ജ് പറഞ്ഞു. ചിറ്റാട്ടുകര പള്ളിവികാരി ഫാ. ആന്‍ഡ്രൂസ് കുറ്റിക്കാട്ടും കൈക്കാരന്മാരും ജിബിയുടെ വീട്ടിലെത്തി അനുമോദനം അറിയിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. മാതാപിതാക്കളെപ്പോലെ മാതൃകാ അധ്യാപികയാകുകയാണ് ജിബിയുടെ ലക്ഷ്യം. അതിനായി തൃശൂര്‍ മോഡല്‍ ബോയ്‌സില്‍ ബി.എഡിന് ചേര്‍ന്ന് ജിബി പഠനം ആരംഭിച്ചു കഴിഞ്ഞു. സഹോദരന്‍ ജിന്‍സ് എം.എസ്.സി ഫിസിക്‌സിന് പഠിക്കുന്നു.
പരിശുദ്ധ മാതാവിനോടും ഈശോയോടുമുള്ള അതിരറ്റ സ്‌നേഹവും ഒപ്പം കഠിനാധ്വാനവും ചേര്‍ന്നാല്‍ സാധിക്കാന്‍ പറ്റാത്ത ഒന്നും ജീവിതത്തിലില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് ജിബിയുടെ ജീവിതം. സാധാരണ പെണ്‍കുട്ടിയെപ്പോലെ എല്ലാ കാര്യങ്ങളും ചെയ്യുന്ന ജിബി കണ്ണുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മാതൃകയും പ്രചോദനവുമാണ്.
Friday, 20 January 2012 14:15
അകക്കണ്ണില്‍ റാങ്കിന്റെ തിളക്കം
Written by ജോബ് സ്രായില്‍
Read 167 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.