സൗരോര്‍ജത്തിന്റെ അനന്തസാധ്യത ഉപയോഗിച്ച് കഴിഞ്ഞ 15 വര്‍ഷമായി പാറ്റ്‌നാ കേന്ദ്രമാക്കി സോളാര്‍ എനര്‍ജി സിസ്റ്റത്തിലൂടെ രാജ്യത്തെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കണ്ടുകൊണ്ടിരിക്കുന്ന ഫാ. മാത്യു മുതുപ്ലാക്കല്‍. സോളാര്‍ മാത്യുവെന്നും 'ദി സണ്‍ ഷൈന്‍ മാന്‍' എന്നും അറിയപ്പെടുന്ന ഈശോ സഭാ വൈദികനായ ഫാ. മാത്യുവിന്റെ ജീവിതത്തിലൂടെ...
''... ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. ഭൂമിയില്‍ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്ന് വേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു...'' (ഉല്പ. 1:16-18).
''സംഹാരശക്തി കൊണ്ടാവാം, ചരിത്രാതീതകാലം മുതല്‍ സൗരോര്‍ജം, പ്രകാശം, കാറ്റ് തുടങ്ങിയ പ്രകൃതിദത്ത ഊര്‍ജസ്രോതസുകളെ വസ്ത്രങ്ങളും ധാന്യങ്ങളും ഉണക്കുന്നതിനപ്പുറം മനുഷ്യോപകാരപ്രദമായി ഉപയോഗിക്കുന്നതിന് മനുഷ്യന് കഴിഞ്ഞില്ല. കൃത്രിമമായുള്ള ഊര്‍ജോല്പാദനത്തിന്റെ ദൂഷ്യഫലങ്ങള്‍ മനുഷ്യന്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് ഇത്തരത്തില്‍ അധികകാലം തുടരാനാവില്ല...'' പറയുന്നത്, ഇന്ത്യയില്‍ സൗരോര്‍ജ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും അതിവിദഗ്ധനായ ഫാ. മാത്യു മുതുപ്ലാക്കല്‍ എസ്. ജെ.
അല്പം ചരിത്രം
ഹരിതാഭമായ ഇടുക്കിജില്ലയിലെ തങ്കമണി എന്ന കൊച്ചു ഗ്രാമം. അവിടെ മുതുപ്ലാക്കല്‍ വീട്ടില്‍ മാത്യു എന്ന ചെറുപ്പക്കാരന്‍, പാറ്റ്‌നാ, ചെ ന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ പരിശീലനം നേടി ഡല്‍ഹിയിലെ ഒരു കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളര്‍ ജൂനിയര്‍ എഞ്ചിനിയറായി ജോലി ചെയ്തിരുന്ന കാലം. ദൈവം തന്റെ വിളഭൂമിയിലേക്ക് മാത്യുവിനെ വിളിക്കുന്നത് അവിടെവച്ചാണ്. തന്റെ അറിവും കഴിവുകളും ജീവിതവും സമൂഹനന്മയ്ക്കായി വിനിയോഗിക്കാന്‍ തീരുമാനിച്ചുറച്ച് ദൈവഹിതം നിറവേറ്റാന്‍ ഇറങ്ങിയ ആ ചെറുപ്പക്കാരന്‍ ഈശോസഭയില്‍ ചേര്‍ന്ന് 1995ല്‍ വൈദികനായി.
ജര്‍മനിയിലെ സോളാര്‍ തെര്‍മ്മല്‍ ശാസ്ത്രജ്ഞനായ വുള്‍ഫ്ഗാങ്ങ് ഷെഫ്‌ളര്‍ പരീക്ഷണങ്ങളിലൂടെ വിജയിപ്പിച്ചെടുത്ത കണ്ടുപിടുത്തങ്ങള്‍ ഗുജറാത്തില്‍ പ്രചരിപ്പിക്കാനെത്തിയത് അക്കാലത്താണ്. ഒരു സുഹൃത്തിന്റെ ക്ഷണമനുസരിച്ച് ഫാ. മാത്യു ഗുജറാത്ത് പ്രൊവിന്‍സില്‍ എത്തി. ഷെഫ്‌ളര്‍ അവതരിപ്പിച്ച റിന്യുവ്ബിള്‍ എനര്‍ജിയുടെ അനന്ത സാധ്യത അദ്ദേഹം മനസിലാക്കി. വര്‍ഷംതോറും അറുപതിനായിരത്തിലധികം രൂപയുടെ ഇന്ധന (കല്‍ക്കരി) ചിലവ് ഉണ്ടാകുന്ന രീതി ഉപേക്ഷിച്ച് ഗോത്രവര്‍ഗ ക്കാരായ കുട്ടികളുടെ വിവിധ ഹോസ്റ്റലുകളില്‍ സൂര്യതാപം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന രീതി വളരെ ലാഭകരമാകുമെന്ന് പാറ്റ്‌നാ പ്രൊവിന്‍സിലെ മേലധികാരികളെ അച്ചന്‍ ധരിപ്പിച്ചു. നിജസ്ഥിതി മനസിലാക്കിയ സുപ്പീരിയര്‍ ആ ഉത്തരവാദിത്വം ഫാ. മാത്യുവിനെ ഏല്‍പിച്ചു.
ഗുജറാത്തില്‍ തിരിച്ചെത്തി ഷെഫ്‌ളറെ കണ്ട് അച്ചന്‍ തന്റെ ആഗ്രഹം അറിയിച്ചു. 'വൈദികര്‍ക്ക് പുള്‍പിറ്റില്‍ നിന്ന് പ്രസംഗിക്കാനല്ലാതെ കൈ വൃത്തികേടാക്കി ജോലി ചെയ്യാന്‍ കഴിയില്ല' എന്നായിരുന്നു ഷെഫ്‌ളറുടെ ആദ്യപ്രതികരണം. എന്നാല്‍ മാത്യു അച്ചന്റെ ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ ഷെഫ്‌ളര്‍, സോളാര്‍ സിസ്റ്റത്തിന്റെ സാങ്കേതികവിദ്യകള്‍ പൂര്‍ണമായും അച്ചന് കൈമാറി. ആവശ്യമായ പരിശീലനവും നല്‍കി. അങ്ങനെ അവര്‍ ആത്മമിത്രങ്ങളായി. പഠനം പൂര്‍ത്തിയാക്കി അച്ചന്‍ ബീഹാറില്‍ എത്തി. തുടര്‍ന്ന് എല്ലാ വര്‍ഷവും ഫാ. മാത്യു ജര്‍മനിക്ക് പോകുകയോ അല്ലെങ്കില്‍ ഷെഫ്‌ളര്‍ ഇന്ത്യയില്‍ എത്തുകയോ ചെയ്യും. ഇരുവരുടെയും ഗവേഷണങ്ങള്‍ സംയുക്തമായി മുന്നേറിക്കൊണ്ടിരുന്നു.
പദ്ധതികളുടെ ആരംഭം
പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ വായ്പയായി ഒന്നേകാല്‍ ലക്ഷം രൂപയും ചെറിയൊരു സ്ഥലവും സഭാനേതൃത്വം അനുവദിച്ചു. കഠിനാധ്വാനവും വെയില്‍ കൊള്ളേണ്ടതുമായ ഇത്തരം പണികള്‍ ചെയ്യാന്‍ ആളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. അത് വലിയ പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഹൈറേഞ്ചിന്റെ മലനിരകളില്‍ വളര്‍ന്ന ഫാ. മാത്യു നിശ്ചയദാര്‍ഢ്യത്തോടെ ആ ദൗത്യം വെല്ലുവിളിയായി ഏറ്റെടുത്തു. മിഷനറിയെന്ന നിലയില്‍ അദ്ദേഹം ബീഹാറിലെ മുസാഹിര്‍ വംശജരെ കണ്ടെത്തി. സ്വന്തമായി കിടപ്പാടമോ വരുമാനമാര്‍ഗ മോ ഇല്ലാത്ത ഇവര്‍ എലിയെ പിടിച്ചുതിന്നാണ് ജീവിച്ചിരുന്നത്. അധകൃതരായതിനാല്‍ വിദ്യാഭ്യാസം ഇവര്‍ക്ക് നിഷിദ്ധമാണ്. ക്രിമിനല്‍ കമ്യൂണിറ്റി എന്ന രീതിയിലാണ് ആളുകള്‍ ഇവരെ കണ്ടിരുന്നത്. അപകര്‍ഷതകളില്‍ ജീവിക്കുന്ന ഇവര്‍ ക്ക്, മുഖ്യധാരാ സമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ അവകാശമില്ല. മിഷനറിമാര്‍ ഈ വര്‍ഗക്കാര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കിയിരുന്നെങ്കിലും കുലത്തൊഴില്‍ ഉപേക്ഷിച്ച് സ്‌കൂളുകളില്‍ വരാന്‍ അവര്‍ സന്നദ്ധരായില്ല. കാരണം, സ്‌കൂളില്‍ പോയാല്‍ അന്ന് പട്ടിണിയാകും എന്നതു തന്നെ.
ദൈവത്തിലാശ്രയിച്ച് സൂര്യനെയും കൂട്ടുപിടിച്ച് ഏതാനും മുസാഹിര്‍ വംശജരെയും കൂട്ടി 1996ല്‍ മാത്യു അച്ചന്‍ ഒരു സോളാര്‍ അപ്ലയന്‍സസ് യൂണിറ്റ് ആരംഭിച്ചു. സൗരോര്‍ജ പദ്ധതിക്ക് ഇരുമ്പ് മുറിക്കാനും വെല്‍ഡ് ചെയ്യാനും കൃത്യമായ അളവുകളില്‍ ഫ്രെയിമുകള്‍ ഉണ്ടാക്കി. ആധുനിക ടെക്‌നോളജിയനുസരിച്ച് യന്ത്രങ്ങള്‍ നിര്‍മിക്കാനും അച്ചനവരെ പരിശീലിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ എലി പിടുത്തക്കാരായ പയ്യന്മാരെ കണ്ട് പരിഹസിച്ച് നെറ്റിചുളിച്ചു. എല്ലാം അതിജീവിച്ച് മാത്യു അച്ചന്‍ മുന്നേറി. പ്രതികൂലങ്ങള്‍ വകവയ്ക്കാതെ അച്ചനും ഈ യുവാക്കള്‍ക്കൊപ്പം പണിയെടുത്തു. കെട്ടിടങ്ങളുടെ മുകളിലും മറ്റും കയറി സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള അടുപ്പുകള്‍, വന്‍തോതില്‍ ഭക്ഷണം പാകം ചെയ്യാനുള്ള വലിയ അടുപ്പുകള്‍, വിവിധ തരത്തിലുള്ള സോളാര്‍ പാനലുകള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉണക്കാനുള്ള ഡ്രെയറുകള്‍, ആശുപത്രികളില്‍ സ്റ്റെറിലൈസ് ചെയ്യാനുള്ള സംവിധാനങ്ങള്‍, സോളാറിന്റെ പവര്‍ പ്ലാന്റുകള്‍ എന്നിങ്ങനെ നിരവധി ഉപകരണങ്ങളിലൂടെ സൂര്യന്റെ പ്രകാശവും താപവും സ്വന്തം കൈക്കുമ്പിളില്‍ ഒതുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
വിജയത്തിലേക്ക്...
പാനലുകളുടെ ഡിസൈനിംഗ്, പ്രൊഡക്ഷന്‍, ഇന്‍സ്റ്റലേഷന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ അച്ചന്‍ പ്രവര്‍ത്തനം വിപുലമാക്കി. എഞ്ചിനിയര്‍മാരെ വെല്ലുന്ന പല കാര്യങ്ങളും അധകൃതരെന്ന് സമൂഹം വിധിയെഴുതിയ ഇവര്‍ നേടിയെടുത്തു. റിന്യൂവ്ബിള്‍ എനര്‍ജി ടെക്‌നോളജി ഉപയോഗിച്ച് ശാസ്ത്ര-സാങ്കേതികരംഗത്ത് വളരെയധികം പുരോഗമന സാധ്യത ഉണ്ടെന്ന് ഇവര്‍ തെളിയിച്ചു. അവര്‍ക്ക് ആത്മവിശ്വാസവും വരുമാനവും നേടിയെടുക്കാന്‍ കഴിഞ്ഞു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വന്നുകൊണ്ടിരുന്നു.
ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്റായി. പത്തുമുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെ കറന്റ്കട്ട് ഉണ്ടായിരുന്ന നാളുകള്‍. വലിയ കമ്പനികളും സ്ഥാപനങ്ങളും നടത്തുന്നവര്‍ക്ക് കറന്റ്കട്ട് വലിയ തലവേദനയായി. ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി സിസ്റ്റത്തിനുവേണ്ടി ആളുകള്‍ നെട്ടോട്ടം ഓടിയിരുന്ന സമയത്താണ് ഫാ. മാത്യു സോളാര്‍ എനര്‍ജി സംരംഭത്തിന് തുടക്കമിടുന്നത്. സോളാറിന്റെ വിപുല സാധ്യത കേട്ടറിഞ്ഞ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്‍തോതില്‍ അന്വേഷണങ്ങള്‍ വന്നു. ഓര്‍ഡറുകളും ധാരാളമായി കിട്ടിത്തുടങ്ങി.
രണ്ടു വര്‍ഷമായപ്പോഴേക്കും ഇന്ത്യാ ഗവണ്‍മെന്റി ന്റെ പിന്തുണയും യൂണിയന്‍ മിനിസ്റ്ററി ഓഫ് ന്യൂ ആന്റ് റിന്യൂവ്ബിള്‍ എനര്‍ജിയുടെ അംഗീകാരവും ലഭിച്ചു. വിദേശരാജ്യങ്ങളില്‍നിന്ന് ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും എത്തി. റിസേര്‍ച്ച് നടത്താന്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വരാന്‍ തുടങ്ങി. എലി പിടിച്ചിരുന്ന പയ്യന്മാര്‍ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡ് ആയി മാറി. പതിനഞ്ചു വര്‍ഷത്തോളമായി വടക്കേ ഇന്ത്യയിലുടനീളം സോളാര്‍ എനര്‍ജി സിസ്റ്റം അച്ചന്‍ പരിചയപ്പെടുത്തി.
സോളാര്‍ - പ്രവര്‍ത്തനവും ഉപയോഗവും
സോളാര്‍ എനര്‍ജി പ്രധാനമായും രണ്ട് തരത്തിലാണ് ഉപയോഗപ്പെടുത്തുന്നത്. ഒന്ന്-സോളാര്‍ ഇലക്ട്രിസിറ്റി. രണ്ട്-സോളാര്‍ തെര്‍മല്‍. സൂര്യന്റെ ചൂടുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കാര്യങ്ങള്‍. അതായത്, സൂര്യപ്രകാശത്തെ ഇലക്ട്രിക്കല്‍ എനര്‍ജിയായി രൂപാന്തരപ്പെടുത്തി ചെയ്യാവുന്ന കാര്യങ്ങള്‍. ഉദാ: ഫാന്‍, ലൈറ്റ്, വെള്ളം പമ്പ് ചെയ്യുക തുടങ്ങിയവ സോളാറിന്റെ ഇലക്ട്രിക്കല്‍ എനര്‍ജിയാണ്. ചൂടുവെള്ളം ഉണ്ടാക്കുക, ഭക്ഷണം പാകം ചെയ്യുക, ഉണക്കുക, നീരാവി ഉണ്ടാക്കുക എന്നിങ്ങനെ ഇതൊരു വലിയ ഊര്‍ജമാധ്യമമാണ്. ഭക്ഷണം പാകം ചെയ്യുക എന്ന പ്രക്രിയ മുതല്‍ 1500 ഡിഗ്രിയില്‍ അധികം ചൂടാക്കി മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള Solar Crematorium വരെ നിര്‍മിക്കാന്‍ കഴിയും. ടണ്‍ കണക്കിന് വിറക് ഉപയോഗിക്കുന്ന പല കാര്യങ്ങളും അധിക പണച്ചെലവും പുകയും ഇല്ലാതെ സോളാര്‍ എനര്‍ജിയിലൂടെ നിര്‍വഹിക്കാന്‍ സാധിക്കും. വന്‍തോതിലുള്ള മാലിന്യസംസ്‌കരണം, കമ്യൂണിറ്റി സ്റ്റീം കുക്കറുകള്‍, വ്യവസായിക അടിസ്ഥാനത്തിലുള്ള മരുന്ന് നിര്‍മാണം എന്നിങ്ങനെ റിന്യുവ്ബിള്‍ എനര്‍ജിയുടെ സാധ്യത അനന്തമാണ്, അച്ചന്‍ പറയുന്നു.
ഗുജറാത്തിലും ബീഹാറിലും ആദിവാസിക്കുഞ്ഞുങ്ങള്‍ക്കായി ഈശോസഭാ സമൂഹത്തിന്റെ നിരവധി ഹോസ്റ്റലുകള്‍ ഉണ്ട്. അവിടെയെല്ലാം വിറകും കല്‍ക്കരിയും ഉപേക്ഷിച്ച് സോളാര്‍ അടുപ്പുകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ കേരളത്തില്‍നിന്നുള്ള ധര്‍മഗിരി സിസ്റ്റേഴ്‌സിന്റെ ഫാത്തിമാ ഹോസ്പിറ്റലില്‍ ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യാന്‍ എട്ടുലക്ഷം രൂപയുടെ ഒരു പദ്ധതി അച്ചന്‍ തയാറാക്കി. ആദ്യ വര്‍ഷം അവര്‍ക്ക് ആറുലക്ഷം രൂപ ലാഭിക്കാനും കഴിഞ്ഞു. തുടര്‍ന്ന് അവരുടെ എല്ലാ സ്ഥാപനങ്ങളിലും സോളാര്‍ എനര്‍ജി സംവിധാനം നടപ്പിലാക്കി. ഇത് കൂടാതെ നിരവധി ക്രൈസ്തവ സ്ഥാപനങ്ങളിലേക്കും സോളാര്‍ എനര്‍ജി വ്യാപിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീം അടുപ്പ് ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലാണ്. 35,000 ആളുകള്‍ ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സോളാര്‍ എനര്‍ജി സംവിധാനം അവിടെ ഉണ്ട്. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ ബ്രഹ്മകുമാരീസില്‍ 20,000 പേര്‍ക്ക് സോളാര്‍ തെര്‍മല്‍ വഴിയായി എളുപ്പത്തില്‍ ആഹാരം ഉണ്ടാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. നാല് മെഗാവാട്ടിന്റെ ഒരു പ്രൊജക്റ്റിന് അറുപതുകോടി രൂപയുടെ സബ്‌സിഡി കിട്ടി. കര്‍ണാടക, ബീ ജാപ്പൂര്‍ നഗരത്തിലെ സൈനിക സ്‌കൂളില്‍ ആയിരം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റീം അടുപ്പുകള്‍ സ്ഥാപിച്ചു. ഇതു കൂടാതെ വന്‍കിട ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, സെമിനാരികള്‍ പോലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം സോളാര്‍ എനര്‍ജി സംവിധാനം വളരെ പ്രയോജനപ്രദമാണ്.
ആദ്യപടിയായുള്ള ചിലവുകള്‍ അല്‍പം കൂടുതലാണ് എന്നത് സോളാര്‍ പദ്ധതിയുടെ ഒരു മൈനസ് പോയിന്റാണ്. അതിനെ തരണം ചെയ്യാന്‍ ഗവണ്‍ മെന്റ് സബ്‌സിഡി സംവിധാനം ഏര്‍പ്പെടുത്തി. പല ഉപകരണങ്ങള്‍ക്കും അമ്പതു ശതമാനം വരെ സബ് സിഡി ഉണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗവണ്‍മെന്റിന്റെ നോഡല്‍ ഏജന്‍സികള്‍ ഉണ്ട്. കേരളത്തില്‍ അനാര്‍ട്ട് ആണ് കേന്ദ്രഗവണ്‍മെന്റുമായി സഹകരിച്ച് സോളാര്‍ എനര്‍ജിയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നത്. ഇവയുടെ പ്രചരണാര്‍ത്ഥം കേന്ദ്രഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നാം സ്ഥലം കൊടുത്താല്‍ ബാക്കി മുഴുവന്‍ ഗവണ്‍മെന്റ് ചെയ്യും.
സോളാര്‍ - സാധ്യതകള്‍
ഇന്ത്യപോലുള്ള രാജ്യങ്ങളുടെ നിലനില്‍പ്പ് കാര്‍ഷികമേഖലയെ ആശ്രയിച്ചിരിക്കുന്നു. ധാരാളം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇവിടെ ഉപയോഗപ്രദമല്ലാതെ പോകുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രൊസസ് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ കാര്‍ഷികമേഖലയില്‍ അത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാകും. റിന്യുവ്ബിള്‍ എനര്‍ജിയിലൂടെ ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് അച്ചന്‍ പറയുന്നു.
നമ്മുടെ രാജ്യത്ത് പല ഉല്‍പ്പന്നങ്ങളും സീസണല്‍ ആണ്. ഏത്തപ്പഴം, തക്കാളി പോലുള്ള സാധനങ്ങള്‍ വില കുറവുള്ളപ്പോള്‍ വാങ്ങി ഉണക്കി സൂക്ഷിച്ചാല്‍ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയും. സോളാര്‍ ഡ്രെയറില്‍ ഉണക്കുന്നതുകൊണ്ട് അതിന്റെ ഗുണവും രുചിയും നഷ്ടപ്പെടില്ല. നേരിട്ട് സൂര്യപ്രകാശത്തില്‍ ഉണങ്ങുന്നതിനേക്കാള്‍ ശുചിത്വം പാലിക്കാനും കഴിയും. റിന്യുവ്ബിള്‍ എനര്‍ജികൊണ്ട് ഫുഡ് പ്രൊസസിങ്ങ് രംഗത്ത് വന്‍ സാധ്യതകള്‍ ഉണ്ട്, അച്ചന്‍ ഓര്‍മിപ്പിക്കുന്നു.
ഊര്‍ജപ്രതിസന്ധി ആസന്നമായ ഒരു പ്രതിഭാസ മാണ്. ലോകത്താകമാനം ഉല്‍പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ ഭൂരിഭാഗവും ഭൂമിക്കടിയിലുള്ള ഫൊസെയില്‍ എനര്‍ജിയാണ്. ഇത് ആവശ്യത്തിനും അനാവശ്യത്തിനും ചൂഷണം ചെയ്ത് ഉപയോഗിക്കുകയാണ് മനുഷ്യര്‍ ചെയ്യുന്നത്. അതിലൂടെ അന്തരീക്ഷ മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ഗ്ലോബല്‍ വാമിങ്ങ് തുടങ്ങിയവ മാനവരാശിക്കും പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനുതന്നെയും വെല്ലുവിളിയാണ്. ഇന്ത്യയില്‍ 52 ശതമാനം ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത് കല്‍ക്കരിയില്‍ നിന്നാണ്. അതിന്റെ മാലിന്യം അന്തരീക്ഷത്തില്‍ ലയിക്കുമ്പോള്‍ സംഭവിക്കുന്ന പ്രത്യാഘാതം നാം ശരിക്കും മനസിലാക്കിയിട്ടില്ല.
ആഴത്തിലുള്ള ഖനനവും ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു. കോടിക്കണക്കിന് ബാരല്‍ എണ്ണ ഭൂമിയില്‍ നിന്ന് മനുഷ്യന്‍ ഊറ്റിയെടുക്കുന്നു. അതിനു പകരമായി ഒന്നും അതിലേക്ക് നാം ഇടുന്നില്ല. പരിധിവിട്ട് ഖനനത്തിലൂടെ ഉള്ള എണ്ണ ഉല്‍പാദിപ്പിക്കുന്നത് ലാഭകരമല്ലാത്ത അവസ്ഥയാണ്. ഉല്‍പ്പന്ന വിലയേക്കാള്‍ ഉല്‍പ്പാദന ചിലവ് വര്‍ധിക്കുന്നുവെങ്കില്‍ ഉണ്ടാകാവുന്ന ദൂരവ്യാപകമായ ഫലങ്ങള്‍ എത്ര ഗുരുതരമായിരിക്കുമെന്ന് നാം ചിന്തിക്കണം. ഓരോ മാസത്തിലും എണ്ണവില വര്‍ധിക്കുംവിധം അപകടനിലയിലേക്കാണ് ഖനനമേഖല നീങ്ങുന്നത്. ഗവണ്‍മെന്റ് അങ്ങേയറ്റം സബ്‌സിഡി കൊടുത്തിട്ടും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില പിടിച്ചുനിര്‍ത്താനും കഴിയുന്നില്ലല്ലോ....
പെട്രോള്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഫൈബര്‍, തെര്‍മ്മോക്കോള്‍, ആസ്ബസ്റ്റോസ് തുടങ്ങിയ സിന്തറ്റിക്ക് സാധനങ്ങള്‍ ഭൂമിയുടെ മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്താണ്. മണ്ണില്‍ ദ്രവിച്ച് അലിയാത്ത അക്രലിക്ക്, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നമുക്കറിയാം. എങ്കിലും ഇവ പൂര്‍ണമായി വര്‍ജിക്കാന്‍ നാം തയ്യാറല്ല. തികച്ചും വിരോധാഭാസമാണിത്.
കൂടിവന്നാല്‍ 50 വര്‍ഷത്തേക്ക് കൂടി മാത്രമേ ഭൂമിക്കടിയില്‍നിന്ന് ഇന്ധനങ്ങള്‍ ലഭിക്കൂ എന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. ആണവഊര്‍ജ്ജത്തിന്റെ ദുരന്തഫലങ്ങള്‍ മുന്‍കൂട്ടി കണ്ട് പല യൂറോപ്യന്‍ രാജ്യങ്ങളും 2020 ആകുമ്പോഴേക്കും ആണവനിലയങ്ങള്‍ അടച്ചുപൂട്ടി നൂറുശതമാനം റിന്യൂവ്ബിള്‍ എനര്‍ജി പ്രയോജനപ്പെടുത്താന്‍ ശ്രമം നടത്തുകയാണ്. ഫൊസെയില്‍ ഫ്യൂവലിന്റെ അഭാവം ഉണ്ടാക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ നൂതനമായ ഒരു എനര്‍ജി മാധ്യമം നാം കണ്ടെത്തേണ്ടിയിരിക്കുന്നു.
മാനവരാശിക്ക് ഏറ്റം അനുകരണീയമായി ഉപയോഗിക്കാവുന്നത് റിന്യൂവ്ബിള്‍ എനര്‍ജിയാണ്. സൂര്യവെളിച്ചം, കാറ്റ്, സമുദ്രത്തിലെ തിരമാലകള്‍ തുടങ്ങിയവ ഒരു പൈസയും ചിലവില്ലാതെ സുലഭമായി കിട്ടുന്നതാണ്. ജീവോ എനര്‍ജി അഥവാ ഭൂമിയുടെ അടിയിലുള്ള ഉയര്‍ന്ന ഊഷ്മാവിനെ ശേഖരിക്കാനുള്ള സംവിധാനങ്ങള്‍, ബയോഗ്യാസ്, ബയോമാസ്, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വേസ്റ്റ്, ബയോഫ്യൂവല്‍ തുടങ്ങിയവ ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി സിസ്റ്റത്തില്‍ ഉള്‍പ്പെടുത്താം. ഇതിനെ പരമാവധി ഉപയോഗിക്കുക എന്നതാണ് നമുക്കാവശ്യം, അച്ചന്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ 75 ശതമാനം ഭൂപ്രദേശങ്ങളിലും നല്ല സൂര്യപ്രകാശം ലഭ്യമാണ്. അത് നമ്മുടെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമാകും. എന്നാല്‍ അതിന്റെ ഉപയോഗത്തെക്കുറിച്ച് നാം ഇന്നും അജ്ഞരാണ്. 2020 ആകുമ്പോഴേക്കും ഇന്ത്യയുടെ ഇരുപതു ശതമാനം ഊര്‍ജം റിന്യുവ്ബിള്‍ എനര്‍ജിയായിരിക്കണം എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒരു ടാര്‍ജറ്റ് ഇട്ടിട്ടുണ്ട്. 2050 ല്‍ അമ്പതു ശതമാനമായി ഉയര്‍ത്താനും പദ്ധതിയുണ്ട്.
അനുദിനം വര്‍ധിക്കുന്ന അന്തരീക്ഷ ഊഷ്മാവ്, കാലാവസ്ഥ വ്യതിയാനങ്ങള്‍, ആഗോളതാപവല്‍ക്കരണം എല്ലാം മനുഷ്യനെ ആശങ്കപ്പെടുത്തുന്നു. എന്നാല്‍ വികസനത്തിന്റെയും സൗകര്യങ്ങളുടെയും പേരില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ അവന്‍ മടിക്കുന്നു. മനുഷ്യനും പ്രകൃതിക്കും ഹാനിവരുത്താത്ത പ്രകൃതിദത്ത ഊര്‍ജസ്രോതസുകളിലേക്ക് മടങ്ങാന്‍ ഇനിയും വൈകരുത് എന്ന് സൗ രോര്‍ജ രംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കി യ ഈ ശാസ്ത്ര പ്രതിഭ മുന്നറിയിപ്പു തരുന്നു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.