Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Monday, 09 January 2012 15:49

രാജാവിന്റെ ആശുപത്രിയിലെ രാജ്ഞി

Written by  ഫാ. ജെന്‍സണ്‍ ലാസലെറ്റ്
Rate this item
(2 votes)

ആന്ധ്രപ്രദേശിലെ ബൊബ്ബിളിയില്‍ രാജകൊട്ടാരത്തിന്റെ പ്രൗഢിയോടെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആശ്വാസമായി നിലകൊള്ളുന്ന റാണി സുഭദ്രാദേവി ഹോസ്പിറ്റല്‍. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് ഡോക്ടര്‍ സിസ്റ്റര്‍ ലയോണിയാണ്. നാലു പതിറ്റാണ്ടിലേറെയായി ആതുരസേവനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന, സെന്റ് ജോസഫ് സിസ്റ്റേഴ്‌സ് ഓഫ് ആന്നെസി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ ലയോണിയുടെ ജീവിതത്തിലൂടെ...05

ചരി്രതത്താളുകളില്‍ സജീവമാകുന്ന രാജഭരണവും രാജകെട്ടാരങ്ങളും. അതിന്റെ തെളിവുകളെന്നപോലെ ഉയര്‍ന്നു നില്‍ക്കുന്ന ചരിത്രസ്മാരകങ്ങള്‍. അത്തരത്തിലൊന്നാണ് റാണി സുഭദ്രാദേവി ഹോസ്പിറ്റല്‍.
ആന്ധ്രപ്രദേശിലെ ബൊബ്ബിളിയില്‍ 1942 ഫെബ്രുവരി ഒന്നിന് അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന സര്‍ ആര്‍തര്‍ ഹോപ്പ് ആണ് ഈ ആശുപത്രി ഉദ്ഘാടനം ചെയ്തത്. ബൊബ്ബിളി രാജാവായിരുന്ന രംഗറാവു, അമ്മയായ സുഭദ്രാദേവിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ചതാണിത്. കാലങ്ങളേറെ കഴിഞ്ഞെങ്കിലും രാജകൊട്ടാരത്തിന്റെ പ്രൗഢിയോടെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആശ്രയമായി വര്‍ത്തിക്കുന്നു ഈ ആശുപത്രി. ചരിത്രം വര്‍ണിക്കുന്ന രാജാവും രാജ്ഞിയും ഭടന്മാരുമൊന്നും ഇന്നവിടെയില്ല. എന്നാല്‍, രാജ്ഞിയെന്നു വിശേഷിപ്പിക്കാവുന്ന ഒരാളുണ്ടിവിടെ - സിസ്റ്റര്‍ ലയോണി. സെന്റ് ജോസഫ് സിസ്റ്റേഴ്‌സ് ഓഫ് ആന്നെ സി സന്യാസസമൂഹാംഗമായ ഈ 75കാരിയുടെ നേതൃത്വത്തിലാണ് ഇന്ന് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് വെയ്ല്‍സ് കാര്‍ഡിഫില്‍നിന്ന് 1966 ല്‍ മെഡിക്കല്‍ ബിരുദവും അയര്‍ലണ്ടിലെ ഡബ്ലിനില്‍നിന്ന് ഹൗസ് സര്‍ജന്‍സിയില്‍ പ്രാവീണ്യവും കൂടാതെ ഗൈനക്കോളജിയിലും ഒബ്‌സെറ്റ്ട്രീക്‌സില്‍ ഡിപ്ലോമയുമുള്ള സിസ്റ്റര്‍ ലയോണി 1967 മുതല്‍ ആതുരസേവനരംഗത്ത് സജീവമാണ്. 1997 മുതല്‍ 2000 വരെ സഭയുടെ അസിസ്റ്റന്റ് ജനറാളായും 2000 മുതല്‍ 2007 വരെ ജനറാളായും സേവനമനുഷ്ഠിച്ച ഈ ഡോക്ടറമ്മ അനുഭവങ്ങളുടെയും ദൈവകൃപകളുടെയും നിധി തന്നെയാണ്.

ചങ്ങനാശേരി രൂപത ഐക്കരചിറ തോപുറത്ത് ജോസഫിന്റെ ആറുമക്കളില്‍ മൂത്തവളാണ് മരിയ എന്ന സിസ്റ്റര്‍ ലയോണി. പഠിക്കാന്‍ മിടുക്കിയായിരുന്നു മരിയ. മഠത്തില്‍ ചേരാന്‍ കുഞ്ഞുനാള്‍മുതല്‍ ഏറെ താല്‍പര്യവുമായിരുന്നു. എന്നാല്‍, ആ ഗ്രാമത്തില്‍നിന്ന് കോട്ടയം സി.എം.എസ് കോളജില്‍ പോയി പഠനം നടത്തിയ ആദ്യ യുവതിയെന്ന നിലയില്‍ അവളെക്കുറിച്ച് പിതാവിനുള്ള സ്വപ്നങ്ങള്‍ വേറെയായിരുന്നു. ദൈവാനുഗ്രഹത്താല്‍ 1954 മെയ് ഒന്നിന് എം.എസ്.എഫ്.എസ് സഭയിലുള്ള മരിയയുടെ അങ്കിള്‍ ഫാ. സെബാസ്റ്റ്യന്‍ പ്ലാക്കിത്തോട്ടത്തോടൊപ്പം മരിയയും അമ്മാവന്റെ മകള്‍ കുഞ്ഞുമരിയയും (ഇപ്പോള്‍ സിസ്റ്റര്‍ എമിലി) വിശാഖപട്ടണത്തെ വാള്‍ട്ടയറിലേക്ക് സന്യാസപഠനത്തിന് പോയി. മരിയയുടെ വിവാഹത്തിനുള്ള സ്വര്‍ണാഭരണങ്ങളും പുടവയുമെല്ലാം വീട്ടില്‍ സജ്ജമായിരുന്നു അപ്പോള്‍. പിന്നീട് അവയെടുത്ത് അനിയത്തിയുടെ വിവാഹം നടത്തിയത്രേ.

ദൈവവിളിയോട് അദമ്യമായ സ്‌നേഹവും കൂറുമുള്ള സിസ്റ്റര്‍ ലയോണി തികഞ്ഞ വിശ്വാസശീലത്തിനും ഉടമയാണ്. യാത്രകളില്‍ ദൈവസംരക്ഷണത്തിന്റെ പ്രതീകമായി ഒരു ചെറിയ കുപ്പിയില്‍ ഹന്നാന്‍ വെള്ളം കൊണ്ടുനടക്കുന്ന ശീലം സിസ്റ്ററിനുണ്ട്. അതിലൂടെ ഏറെ അത്ഭുതങ്ങളും നടന്നിട്ടുണ്ട്. 1957 ല്‍ സന്യാസ പരിശീലനത്തിനായി യൂറോപ്പിലേക്ക് കടല്‍യാത്ര നടത്തുകയായിരുന്നു മരിയ. മുംബൈ ഹാര്‍ബറില്‍നിന്ന് കപ്പല്‍ കടലിലേക്കിറങ്ങിയപ്പോള്‍ വലിയ കാറ്റും കോളും വന്നു. കപ്പല്‍ മറിയുമെന്നും എല്ലാവരും മരിക്കുമെന്നും കപ്പിത്താന്‍വരെ ഉറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍, ഒട്ടും ശങ്ക കൂടാതെ മരിയ, തന്റെ ബാഗിലെ കുപ്പിയില്‍ നിന്ന് കുറച്ച് ഹന്നാന്‍വെള്ളം എടുത്ത് 'കടലേ, ദൈവനാമത്തില്‍ ശാന്തമാകുക' എന്നു പറഞ്ഞ് ജനലിലൂടെ കടലില്‍ തളിച്ചു. അതിനുശേഷം തന്റെ ക്യാബിനില്‍ പോയി സുഖമായി ഉറങ്ങി. മരിയയെ ഉണര്‍ത്താന്‍ പലരും ശ്രമിച്ചെങ്കിലും അവള്‍ സുഖമായി ഉറങ്ങിക്കൊണ്ടേയിരുന്നു. ഉണര്‍ന്നപ്പോള്‍ ശാന്തമായ കടലിലൂടെ കപ്പല്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതാണവള്‍ കണ്ടത്.

മറ്റൊരനുഭവം. 2003 ലാണ്. വിശാഖപട്ടണം വിമാനത്താവളത്തില്‍നിന്ന് സിസ്റ്റര്‍ ലയോണി യാത്ര ചെയ്യുന്ന വിമാനം റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വല്ലാത്ത കുലുക്കമനുഭവപ്പെട്ടു. വിമാനത്തില്‍നിന്ന് പുകയുയര്‍ന്നു. പൈലറ്റിന് വിമാനത്തിന്റെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടതുപോലെയായി. സിസ്റ്റര്‍ ലയോണി തന്റെ ബാഗില്‍നിന്ന് ഹന്നാന്‍വെള്ളമെടുത്ത് വിമാനത്തില്‍ത്തന്നെ തളിച്ച് പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്നവണ്ണം വിമാനം റണ്‍വേയില്‍തന്നെ അപകടമൊന്നും കൂടാതെ നിലത്തിറക്കുകയും മറ്റൊരു വിമാനത്തില്‍ യാത്ര തുടരുകയും ചെയ്തു.

ആതുരസേവനരംഗത്ത് ആയിരക്കണക്കിന് അമ്മമാര്‍ക്ക് സുഖപ്രസവത്തിന് വഴിയൊരുക്കിയവളാണ് സിസ്റ്റര്‍ ലയോണി. സാധാരണയായി സിസേറിയന്‍ നടത്തുന്ന ഇക്കാലത്ത് അവസാന നിമിഷംവരെ സുഖപ്രസവത്തിനായി ശ്രമിക്കുക എന്നതാണ് സിസ്റ്ററിന്റെ രീതി. അതില്‍ തീര്‍ച്ചയായും സാഹസമുണ്ടെങ്കിലും ഏത് ഡോക്ടറും ദൈവവിശ്വാസത്തോടുകൂടി മുന്നോട്ടുപോകണമെന്നാണ് ഈ ഡോക്ടറമ്മയുടെ പക്ഷം. ഓപ്പറേഷന്‍ തിയറ്ററുകളിലും ലേബര്‍ റൂമിലും ആശുപത്രിയിലെ എല്ലാ മുറികളിലും തന്നെ ഈശോയുടെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടങ്ങളിലും ശ്രമകരമായ ശസ്ത്രക്രിയകള്‍ക്കും പ്രസവങ്ങള്‍ക്കും നേതൃത്വം കൊടുക്കുമ്പോഴെല്ലാം ആ തിരുഹൃദയരൂപങ്ങള്‍ തന്നെയാണ് വലിയ കരുത്തെന്ന് സിസ്റ്റര്‍ ഉറച്ചു വിശ്വസിക്കുന്നു.

സന്യാസ ജീവിതവും ഡോക്ടറുടെ ജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും സിസ്റ്റര്‍ പങ്കുവച്ചു: ''ഒരു ഡോക്ടര്‍ സിസ്റ്ററിന് അകമെനിന്നും പുറമെനിന്നും പല തെറ്റിദ്ധാരണകളും വിമര്‍ശനങ്ങളും ഉണ്ടാകും. അതിനാല്‍ത്തന്നെ ഈ ചുമതലയിലുള്ള പല സിസ്റ്റേഴ്‌സും സന്യാസം ഉപേക്ഷിക്കുന്നതായും കേള്‍ക്കുന്നുണ്ട്. ഞാന്‍ തന്നെ രണ്ടു പ്രാവശ്യം എന്റെ ദൈവവിളിയില്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയി. അപ്പോഴെല്ലാം ആധ്യാത്മിക ഗുരുക്കന്മാരിലൂടെ ദൈവം എന്റെ ജീവിതത്തില്‍ ശക്തമായി ഇടപെട്ടു. ദൈവമാണ് സന്യാസജീവിതത്തിലേക്ക് വിളിച്ചതെന്നും അതേ ദൈവം തന്നെയാണ് ഡോക്ടറായി വളര്‍ത്തിയതെന്നുമുള്ള ബോധ്യം ഈ മേഖലയിലുള്ളവര്‍ക്ക് അത്യന്താപേക്ഷിതമാണ്. ഈ വിളിയിലുള്ള മഹിമയും ഏറെ വലുതാണ്. ഒരു സാധാരണ ഡോക്ടറെ പോലെയല്ല ഒരു സിസ്റ്റര്‍ ഡോക്ടറെ രോഗികള്‍ കാണുന്നത്. ഒരു ദൈവികസാന്നിധ്യമായി കണ്ട് വ്യക്തിപരമായ ക്ലേശങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കുന്നവരേറെയാണ്. അതിനാല്‍ ഒരു സിസ്റ്റര്‍ ഡോക്ടര്‍ രോഗികളുടെ ആധ്യാത്മികസുഹൃത്തു കൂടിയാണ്.''
ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ഭ്രൂണഹത്യക്കുവേണ്ടി ആളുകള്‍ സമീപിച്ചപ്പോഴുള്ള പ്രതികരണവും സിസ്റ്റര്‍ പറഞ്ഞു: ''എന്റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഞാന്‍ അബോര്‍ഷന് കൂട്ടുനിന്നിട്ടില്ല. ഇന്നും അനേകം കോളജ് വിദ്യാര്‍ത്ഥിനികളും കുടുംബിനികളും ഗര്‍ഭഛിദ്രത്തിനായി വന്ന് നിരാശരായി മടങ്ങുന്നുണ്ട്. പല വി.ഐ.പികളും വന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്. അവയ്‌ക്കൊന്നും വശംവദയായിട്ടില്ല. ഒരു ഡോക്ടറിന് ജീവന്‍ കൊടുക്കാന്‍ മാത്രമേ നിയോഗമുള്ളൂ. ഒരിക്കല്‍ എനിക്കേറ്റവും വേണ്ടപ്പെട്ട ഒരു സ്ത്രീയും ഭര്‍ത്താവുംകൂടി അവരുടെ മൂന്നാമത്തെ കുട്ടിയെ അബോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതൊരു അനാവശ്യമായ ഗര്‍ഭധാരണം ആയിരുന്നത്രേ. ഞാനതിന് വഴങ്ങിയില്ലെന്നു മാത്രമല്ല, അവരെ ജീവന്റെ മൂല്യത്തെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തു. ആ കുഞ്ഞ് നിങ്ങള്‍ ആശിച്ചതല്ലെങ്കിലും ദൈവം ആഗ്രഹിച്ചതാണെന്നുകൂടി പറഞ്ഞു. അന്നവര്‍ ഏറെ അരിശപ്പെട്ടാണ് തിരിച്ചുപോയത്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരുനാള്‍ ആ സ്ത്രീ എന്നെ കാണാന്‍ വന്നു. കൂട്ടത്തില്‍ 19 വയസുള്ള ഒരു യുവാവുമുണ്ടായിരുന്നു. എന്നെ കണ്ടതേ ആ യുവാവ് എന്റെ കാല്‍ക്കല്‍വീണ് പൊട്ടിക്കരഞ്ഞു. സിസ്റ്ററാണ് എനിക്ക് ജീവന്‍ നല്‍കിയത്, സിസ്റ്ററാണ് എന്റെ അമ്മ എന്നെല്ലാം പറഞ്ഞെങ്കിലും എനിക്കൊന്നും മനസിലായില്ല. അന്ന് ആ സ്ത്രീയുടെ ഉദരത്തില്‍ ഉണ്ടായിരുന്ന ദൈവം ആഗ്രഹിച്ച ശിശുവായിരുന്നു അവനെന്ന് പിന്നീടാണറിഞ്ഞത്. എഞ്ചിനീയറായ ആ യുവാവ് ഇന്ന് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഡോക്ടര്‍മാരുടെ അനാസ്ഥമൂലം എത്രയോ മഹത്‌വ്യക്തികളെയാണ് ഭ്രൂണഹത്യയിലൂടെ കൊന്നുകളയുന്നത്. അങ്ങനെയുള്ള രക്തക്കറകള്‍ എത്ര കഴുകിയാലും പോവുകയില്ലെന്ന് ഓര്‍മ വേണം.''

പരിശുദ്ധ കുര്‍ബാനയില്‍ ഏറെ വിശ്വാസമുള്ളവളാണ് സിസ്റ്റര്‍. ഒരു ദിവസംപോലും വിശുദ്ധ കുര്‍ബാന മുടങ്ങിയിട്ടില്ല. എത്ര തിരക്കിനിടയിലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പരിശ്രമിക്കുമെന്നു മാത്രമല്ല, വൈദികരെ ഏറെ ഇഷ്ടമാണുതാനും. വൈദികരുടെ അമ്മ എന്ന അപരനാമം കൂടിയുണ്ടിവര്‍ക്ക്. അതെക്കുറിച്ച് അവര്‍ ഇപ്രകാരം പറഞ്ഞു: ''ശരിയാണ്, ഞാന്‍ എല്ലാ വൈദികര്‍ക്കും അമ്മ തന്നെയാണ്. അസുഖമായി ആശുപത്രിയില്‍ വരുന്ന വൈദികരെ ഒരു ഡോക്ടറായിട്ടല്ല, അമ്മയായിട്ടാണ് ഞാന്‍ ശുശ്രൂഷിക്കുന്നത്. പലരും അവരുടെ വ്യക്തിപരമായ പല പ്രശ്‌നങ്ങളും പങ്കുവയ്ക്കാറുണ്ട്. ഒത്തിരി വൈദികരെ ദൈവവിളിയില്‍ ഉറപ്പിച്ചു നിര്‍ത്താനും ദൈവമെന്നെ ഉപകരണമാക്കിയിട്ടുണ്ട്. ഒരു ഡോക്ടര്‍ കേവലം ജീവദാതാവാണെങ്കില്‍ വൈദികര്‍ ജീവന്റെ ദാതാവായ ക്രിസ്തുവിനെ സൃഷ്ടിക്കുന്നവരല്ലേ? അവരെ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ ഈശോയെയാണ് സ്‌നേഹിക്കുന്നത്.''

സഭയില്‍ ആറുവര്‍ഷക്കാലം ജനറാളമ്മയായിരുന്നപ്പോള്‍ വളരെയേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും അതില്‍ അവിസ്മരണീയമായത് ടാന്‍സാനിയായില്‍ പുതിയ മിഷന്‍ തുടങ്ങാന്‍ കഴിഞ്ഞതാണെന്ന് സിസ്റ്റര്‍ പറയുന്നു. ദൈവസ്‌നേഹത്തിന്റെ പ്രകടനമായിരിക്കണം ജീവിതമെന്നും ദിവ്യഹൃദയത്തില്‍ അഭയംതേടുകയാണ് ജീവിതവ്രതമെന്നും വിശ്വസിക്കുന്നവളാണ് ഈ ഡോക്ടറമ്മ. രണ്ടുതവണ മരണത്തോളം എത്തിയതാണെങ്കിലും അനേകര്‍ക്ക് ജീവനേകാന്‍ ഇന്നും ദൈവം അവരെ പരിപാലിക്കുന്നു.

ഏകദേശം ഒരു മണിക്കൂര്‍ സമയം കഴിയുമ്പോഴേക്കും വരാന്തയിലെ നിര നീളുന്നതുകണ്ട് അവര്‍ പറഞ്ഞു: ''ഇത്രയും മതി, അവരെ ഒത്തിരിനേരം നിര്‍ത്തിയാല്‍ ദൈവം പൊറുക്കില്ല...''
കൂടെക്കൂടെ ചുമച്ചുകൊണ്ടിരുന്ന എനിക്ക് മരുന്നു കുറിച്ചുതന്ന് സിസ്റ്റര്‍ വീണ്ടും കര്‍മനിരതയായി. രാജാവിന്റെ ആശുപത്രിയുടെ അകത്തളങ്ങളില്‍ അവര്‍ അലിയുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി... അനുകമ്പയുള്ള ഒരു രാജ്ഞി!

(സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ആന്നെസിയുടെ ഭുവനേശ്വര്‍ പ്രവിശ്യയുടെ കീഴിലുള്ള ആശുപത്രി, ഇപ്പോള്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എന്നുകൂടി അറിയപ്പെടുന്നു. വിശാഖപട്ടണം ആര്‍ച്ച് ബിഷപ് കാഗിത്തപ്പു മരിയദാസ് ആശീര്‍വാദകര്‍മം നടത്തിയ ഈ ആശുപത്രി 1987 ആഗസ്റ്റ് 22 നാണ് രാജാവ് ഇവരെ ഏല്പിക്കുന്നത്).

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.