Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 17 December 2011 12:00

ദൈവകരങ്ങളില്‍ ഉപകരണമായി ഒരു ജീവിതം

Written by  പ്ലാത്തോട്ടം മാത്യു
Rate this item
(1 Vote)

ഈശോസഭാ വൈദികനും സാര്‍വദേശീയ തലത്തില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്‌ധനും ബാംഗ്ലൂര്‍ ഐ.എസ്‌.ഐ ഡയറക്‌ടറുമായ റവ. ഡോ. എം. കെ. ജോര്‍ജ്‌ മൂഴൂരിന്റെ ജീവിതത്തിലൂടെ...

``ജീവിതത്തിന്റെ ഓരോ നിമിഷവും യേശുവിനോടൊപ്പമായിരിക്കുക, പാവപ്പെട്ടവന്‌ ചെയ്യുന്ന ശുശ്രൂഷ വലിയ പ്രാര്‍ത്ഥനയെന്ന്‌ തിരിച്ചറിയുക, പട്ടിണിക്കാരന്റെ ദൈന്യമുഖങ്ങളില്‍ യേശുവിന്റെ രൂപം കാണാന്‍ കഴിയുക, അവര്‍ക്ക്‌ വിശപ്പടക്കാന്‍, നാണം മറയ്‌ക്കാന്‍, കയറിക്കിടക്കാന്‍ ഇടം കിട്ടാന്‍ സഹായിക്കുക, വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുക... ഇവയിലൂടെ ദൈവകരങ്ങളിലെ ഉപകരണമായി മാറുമെന്ന്‌ തിരിച്ചറിയുക... ഇതൊക്കെയാണ്‌ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്‌...'' സാര്‍വദേശീയ തലത്തില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്‌ധനും ഈശോസഭാ വൈദികനും ബാംഗ്ലൂര്‍ ഐ.എസ്‌.ഐ ഡയറക്‌ടറുമായ റവ. ഡോ. എം. കെ. ജോര്‍ജ്‌ മൂഴൂര്‍ പറയുന്നു. പിന്നാക്ക-ദുര്‍ബല ജനവിഭാഗങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ സഹകരണത്തോടെ സഭയ്‌ക്കൊപ്പം നിന്ന്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ബാംഗ്ലൂര്‍ ബെന്‍സന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌.

ഭാരത ക്രൈസ്‌തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ കുറവിലങ്ങാടിന്റെ പാരമ്പര്യവും വിശ്വാസദൃഢതയും പുലര്‍ത്തുന്ന ഫാ. ജോര്‍ജ്‌ ഈശോസഭയില്‍ അംഗമാകാനിടയായതിലും യേശുനാമം പ്രഘോഷിക്കാന്‍ കിട്ടിയ അനുഗ്രഹത്തെയോര്‍ത്തും ദൈവത്തിന്‌ നന്ദി പറയുകയാണ്‌. 1978 ല്‍ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഫസ്റ്റ്‌ റാങ്കില്‍ എം.എ പാസായ ഫാ. ജോര്‍ജ്‌ 1988 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ എം.എ സോഷ്യോളജി സെക്കന്റ്‌ ക്ലാസില്‍ പാസായി. പൂനാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ 1999 ല്‍ എഡ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലന്‍ സോഷ്യോളജിയില്‍ പി.എച്ച്‌.ഡി നേടി. യൂനിസെഫ്‌ സ്‌പോണ്‍സര്‍ ചെയ്‌ത പരിപാടിയുടെ ഭാഗമായി വനിതാ ശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ പരിശീലകന്‍, കേരള സര്‍വകലാശാലയില്‍ ട്രെയിനര്‍മാരുടെ പരിശീലകന്‍, കേരള യൂണിവേഴ്‌സിറ്റി സമ്മര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഇന്‍ പോപ്പുലേഷന്‍ എഡ്യുക്കേഷന്‍ ട്രെയിനര്‍, യൂനിസെഫും ഹൈദരബാദിലെ റീജിനല്‍ സെന്റര്‍ ഫോര്‍ അര്‍ബന്‍ എണ്‍വയമെന്റല്‍ സ്റ്റഡീസും ചേര്‍ന്ന്‌ നടപ്പിലാക്കിയ പദ്ധതിയായ `അര്‍ബന്‍ സര്‍വീസസ്‌ ഫോര്‍ പുവര്‍' അടിസ്ഥാന പരിശീലന പരിപാടികളില്‍ നേതൃത്വം നല്‍കിയത്‌ ജോര്‍ജച്ചന്‍ ആയിരുന്നു.

രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, എന്‍.ജി.ഒ.കള്‍ എന്നിവയില്‍ പരിശീലകനും ഉപദേശകനുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. ജോര്‍ജ്‌, 1980-82, 89-92 വര്‍ഷങ്ങളില്‍ അഡള്‍ട്ട്‌ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ലിറ്ററസി ഇന്‍സ്‌ട്രക്‌ടര്‍, സുപ്പീരിയര്‍ പ്രോഗ്രാം ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഫാമിലി കൗണ്‍സിലര്‍ (1986-89), തിരുവനന്തപുരം ലയോള കോളജ്‌ ഓഫ്‌ സോഷ്യല്‍ സയന്‍സില്‍ സോഷ്യോളജി വിഭാഗം ഫാക്കല്‍ട്ടി (1989-2002), 2004 മുതല്‍ 2008 വരെ ലയോള കോളജ്‌ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ ഫാ. ജോര്‍ജ്‌ പ്രവര്‍ത്തിച്ചു.

അമേരിക്കയിലെ വാര്‍ സേസ്റ്റന്‍ കോളജ്‌ ഓഫ്‌ ഹോളി ക്രോസില്‍ ഇന്റര്‍ നാഷണല്‍ വിസിറ്റിങ്ങ്‌ ഫെല്ലോ, കേരള യൂണിവേഴ്‌സിറ്റി റിസര്‍ച്ച്‌ ഗൈഡ്‌, ചെന്നൈയിലെ ആര്‍.ജി.എന്‍.വൈ ഡിംഡ്‌ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ്ങ്‌ ഫാക്കല്‍റ്റി, ലയോള എക്‌സ്റ്റന്‍ഷന്‍ സര്‍വീസില്‍ ഡയറക്‌ടര്‍, പൂവാര്‍ ലയോള സോഷ്യല്‍ വര്‍ക്ക്‌ പ്രൊജക്‌ട്‌ ഡയറക്‌ടര്‍, ജെസ്യൂട്ട്‌ പ്രൊവിന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌, കേരള സോഷ്യോളജിക്കല്‍ സൊസൈ റ്റി സെക്രട്ടറി, പ്രസിഡന്റ്‌, കേരള യൂണിവേഴ്‌സിറ്റിയില്‍ അക്കാദമി കൗണ്‍സില്‍ അംഗം (1997-2003), തിരുവനന്തപുരം അതിരൂപത ബോര്‍ഡ്‌ ഓഫ്‌ എഡ്യുക്കേഷന്‍ മെമ്പര്‍, കേരള സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ ഗവേണിംഗ്‌ ബോഡി അംഗം, യൂത്ത്‌ ട്രെയിനര്‍, ലയോള ജേര്‍ണല്‍ ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌ ചീഫ്‌ എഡിറ്റര്‍, തിരുവനന്തപുരം അക്കാദമിക്‌ സ്റ്റാഫ്‌ കോളജ്‌, ചൈല്‍ഡ്‌ ഡവലപ്പ്‌മെന്റ്‌ സെന്റര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌, സെമിനാരികള്‍ എന്നിവിടങ്ങളില്‍ വിസിറ്റിംഗ്‌ ഫാക്കല്‍ട്ടി തുടങ്ങിയ നിലകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സ്റ്റാഫ്‌ ഡവലപ്പ്‌മെന്റ്‌, ലീഡര്‍ഷിപ്പ്‌, കൗണ്‍സലിംഗ്‌ രംഗങ്ങളില്‍ 25 വര്‍ഷത്തോളം സേവനം ചെയ്‌തു. അക്കാദമിക്ക്‌ രംഗത്തെ ദീര്‍ഘകാല സേവനത്തിനുശേഷം ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐ.എസ്‌.ഐ) ഡയറക്‌ടറായി ചുമതലയേറ്റു. കേരള യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച്‌ ഗൈഡ്‌, ക്രിട്ടിക്‌സ്‌ മാസിക എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
നെതര്‍ലന്റിലെ യൂറോപ്യന്‍ കമ്മീഷന്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, കേരള ഗവണ്‍മെന്റ്‌ സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളില്‍ സാമൂഹ്യ-സാമ്പത്തിക പഠന പ്രവര്‍ത്തനം, ഡല്‍ഹി ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ്‌ സ്റ്റഡീസ്‌ എന്നിവിടങ്ങളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്‌ ഫാ. എം. കെ. ജോര്‍ജ്‌ ആണ്‌.
നിരവധി പഠന-ഗവേഷണ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഫാ. ജോര്‍ജ്‌ ഇന്ത്യന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റി, കേരളാ സോഷ്യോളജിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ സോഷ്യല്‍ വെല്‍ഫെയര്‍, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ എഡ്യുക്കേറ്റേഴ്‌സ്‌ ഫോര്‍ വേള്‍ഡ്‌ പീസ്‌, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ തേര്‍ഡ്‌ വേള്‍ഡ്‌ സ്റ്റഡീസ്‌, കേരള അസോസിയേഷന്‍ ഫോര്‍ നോണ്‍ ഫോര്‍മല്‍ എഡ്യുക്കേഷന്‍ ആന്റ്‌ ഡവലപ്പ്‌മെന്റ്‌ എന്നിവയില്‍ ആജീവനാന്ത അംഗമാണ്‌. നിരവധി ആനുകാലികങ്ങളില്‍ എഴുതാറുള്ള ജോര്‍ജച്ചന്റെ വിവിധ ഭാഷകളിലുള്ള പാണ്‌ഡിത്യം സേവനമേഖലയ്‌ക്ക്‌ മുതല്‍ക്കൂട്ടാണ്‌.

കുറവിലങ്ങാട്ട്‌ മണ്ണയ്‌ക്കനാട്ട്‌ മുത്തോലി കുര്യന്‍-മേരി ദമ്പതികളുടെ മകനാണ്‌ ഫാ. എം. കെ. ജോര്‍ജ്‌ (58). 1970 ല്‍ ഈശോസഭയില്‍ ചേര്‍ന്നു. മരങ്ങാട്ടുപള്ളി ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. വീട്‌ പള്ളിക്കടുത്തായിരുന്നതിനാല്‍ ദിവസവും ദിവ്യബലിക്ക്‌ പോകാന്‍ കഴിഞ്ഞിരുന്നു. അള്‍ത്താര ബാലനായും ഭക്തസംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനായും ധാരാളം സമയം പള്ളിയോടും വൈദികരോടും ഒപ്പമായിരിക്കാന്‍ കഴിഞ്ഞിരുന്നതും ഇടവകയില്‍ സേവനമനുഷ്‌ഠിച്ചിരുന്ന ഫാ. ജീയോ കപ്പലുമാക്കല്‍, ഫാ. ജോസഫ്‌ വള്ളിപ്പാലം എന്നീ വൈദികരുടെ മാതൃകാജീവിതവും പ്രവര്‍ത്തനങ്ങളും ദൈവവിളിയിലേക്ക്‌ തിരിയാന്‍ പ്രേരണയായി. ദൈവം നല്‍കിയ താലന്തുകള്‍ പല മടങ്ങായി വര്‍ധിപ്പിക്കാനും ധാരാളം മേഖലകളില്‍ ശുശ്രൂഷ ചെയ്യാനും ഈശോസഭാധികൃതര്‍ വഴിയൊരുക്കി. വിദ്യാഭ്യാസരംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വിദ്യാഭ്യാസം-വികസനം, ഗ്രാമീണ വികസനം, പിന്നാക്ക-വനിതാ മോചന പ്രസ്ഥാനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടറായി ജോര്‍ജച്ചനെ സഭാ നേതൃത്വം നിയോഗിച്ചിരിക്കുന്നു.

ഈശോ സഭാ ദക്ഷിണേഷ്യാ പ്രൊവിന്‍സിന്റെ കീഴിലുള്ള ബാംഗ്ലൂര്‍ ഐ.എസ്‌.ഐ 1963 ലാണ്‌ സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തനമാരംഭിച്ചത്‌. ഡല്‍ഹി ഐ.എസ്‌.ഐയുടെ പരിശീലനകേന്ദ്രമായാണ്‌ ഇതു തുടങ്ങിയത്‌. മതനിരപേക്ഷ, ജനാധിപത്യ, മാനവിക സമൂഹം ലക്ഷ്യമാക്കി, അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ സവിശേഷ ഊന്നല്‍ നല്‍കി ഐ.എസ്‌.ഐ പ്രവര്‍ത്തിക്കുന്നു. സമൂഹകേന്ദ്രീകൃത സംഘടനകള്‍, ജനകീയ പ്രസ്ഥാനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ (എന്‍.ജി.ഒ.കള്‍) തുടങ്ങിയവര്‍ക്കിടയില്‍ സേവനമെത്തിക്കുക, സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക്‌ പിന്‍ബലവും പ്രോത്സാഹനവും സഹകരണവും നല്‍കുക എന്നിവയൊക്കെ ബാംഗ്ലൂര്‍ ഐ.എസ്‌.ഐ ലക്ഷ്യമാക്കുന്നു. ദളിത്‌-ഗോത്രവര്‍ഗവിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ സവിശേഷ ശ്രദ്ധ നല്‍കുന്നതായി ഫാ. ജോര്‍ജ്‌ പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും വ്യത്യസ്‌ത സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും പാവങ്ങളുടെ പക്ഷംചേരുകയെന്നത്‌ ജീവിതവ്രതമാക്കിയ ഫാ. ജോര്‍ജ്‌ രാജ്യത്തിനാകെ പ്രയോജനകരമായ സേവനശുശ്രൂഷാരംഗത്ത്‌ എത്തി എന്നത്‌ ദൈവിക ഇടപെടല്‍ മാത്രം. ``യേശുവിന്റെ മാതൃക പിന്തുടര്‍ന്ന്‌ ദരിദ്രരെയും പാവപ്പെട്ടവരെയും മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരാനും അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാനും എല്ലാവര്‍ക്കും കടമയുണ്ട്‌. ഇതു നിര്‍വഹിക്കുന്നതില്‍ ഒരിക്കലും വീഴ്‌ച വരുത്തരുത്‌''; ഫാ. ജോര്‍ജ്‌ ഓര്‍മിപ്പിക്കുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.