മിഷന്‍ പ്രവര്‍ത്തനത്തോടുള്ള അടങ്ങാത്ത ആഗ്രഹത്താല്‍ സന്യാസസഭയില്‍ ചേര്‍ന്ന രൂപതാ വൈദികന്‍ ഫാ. ഫ്രാന്‍സിസ് കണ്ടത്തില്‍ എം.എസ്.ടി. പച്ചക്കടലയും പച്ചവെള്ളവും കഴിച്ച് സൈക്കിളില്‍ ആത്മാക്കളെ തേടിയലഞ്ഞ പ്രേഷിതാചാര്യന്‍... പൊട്ടിയ പ്ലാസ്റ്റിക് ഉപകരണങ്ങളും പഴയ ഇരുമ്പും പെറുക്കിവിറ്റ് പാവങ്ങളെ സഹായിക്കുന്ന കണ്ടത്തിലച്ചന്റെ വേറിട്ട പ്രേഷിത ജീവിതത്തിലൂടെ...
പത്തു നാല്‌പത് കൊല്ലം മുമ്പ്, മിഷനറി വൈദികനാകാന്‍ ആര്‍ക്കും താല്‌പര്യമില്ലാതിരുന്ന കാലം. സന്യാസദൈവവിളിയെന്നാല്‍ രൂപതാ വൈദികനെന്ന് മാത്രം വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നിട്ടും ഫാ. ഫ്രാന്‍സിസ് കണ്ടത്തില്‍ മിഷന്‍ പ്രവര്‍ത്തനത്തെ സ്‌നേഹിച്ചു, മിഷന്‍ രൂപതക ളെയും.
ഒടുവില്‍, രൂപതാ വൈദികനെന്ന നിലയില്‍ നിന്ന് സന്യാസ സഭയില്‍ ചേര്‍ന്ന് മിഷന്‍ രൂപതയിലേക്ക്... ഏറെക്കാലത്തെ ആഗ്രഹത്തിന് ദൈവ ത്തിന്റെ കൈയൊപ്പ്...!
1968 ഏപ്രില്‍ 28 ന് വയലില്‍ പിതാവ് ഫാ. ഫ്രാന്‍സിസ് കണ്ടത്തിലിനെയും ഫാ. പോള്‍ നായ്‌ക്കരക്കുടിയെയും ഉജ്ജയ്‌നിലേക്ക് യാത്രയാക്കുമ്പോള്‍ കണ്ടത്തിലച്ചന്റെ കൈവശമുള്ളത് 450 രൂപയും ഒരു തകരപ്പെട്ടിയില്‍ ഏതാനും സാ ധനങ്ങളും മാത്രം... ഇടയ്‌ക്ക് മൈലാപ്പൂരില്‍ മാര്‍ തോമാശ്ലീഹായുടെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ആ വലിയ മിഷനറിയുടെ തീ ക്ഷ്‌ണതയില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് യാത്ര....
ഉജ്ജയ്‌ന്‍ രൂപതയിലെ വൈദികമന്ദിരത്തിലാ ണ് ഇപ്പോള്‍ കണ്ടത്തിലച്ചന്‍. നീണ്ടു മെലിഞ്ഞ ശരീരം... ആത്മീയ ഔന്നത്യത്തിന്റെ ഗിരിശൃംഖങ്ങളെ ദ്യോതിപ്പിക്കുന്ന ജരാനര... ഒരു കൈയില്‍ വിശുദ്ധ ഗ്രന്ഥവും ജപമാലയും മറുകൈയില്‍ ചെറിയൊരു മരക്കുരിശ്... ഉജ്ജയിനിലെ ആദ്യകാല അനുഭവങ്ങള്‍ അദ്ദേഹം സണ്‍ഡേശാലോമിനോട് പങ്കുവെച്ചു:
വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം സൈക്കിളില്‍ ഗ്രാമങ്ങളിലേക്കുള്ള യാത്ര. തോള്‍ സഞ്ചിയില്‍ ബൈബിളും സൈക്കിള്‍ ഹാന്‍ഡിലില്‍ ജപമാലയും... വഴിയില്‍ കാണുന്നവരോട് അറിയാവുന്ന ഹിന്ദിയില്‍ കുശലാന്വേഷണം. വിശക്കുമ്പോള്‍ കൃഷിയിടങ്ങളിലെ പച്ചക്കടല പറിച്ചു തിന്നും. കുഴല്‍ക്കിണറിലെ വെള്ളം ദാഹമകറ്റും. തളരുമ്പോള്‍ ഏതെങ്കിലും വീട്ടില്‍ കയറിച്ചെന്ന് അവര്‍ നല്‍കുന്ന ഭക്ഷണവും കഴിച്ച് പുതിയ സൗഹൃദത്തിന് തുടക്കമിട്ട് വീണ്ടും യാത്ര...
അങ്ങനെയൊരു സന്ദര്‍ശനവേളയിലാണ് ഹരിലാല്‍ എന്ന മനുഷ്യനെ കണ്ടുമുട്ടുന്നത്. കനത്ത മഴയില്‍ ഇടിഞ്ഞു വീണ വീടിന്റെ മണ്‍ഭിത്തിക ള്‍ക്കിടയില്‍ നിന്നും സാധനങ്ങള്‍ പെറുക്കി മാറ്റുകയായിരുന്നു അയാള്‍. അയാളെ സഹായിക്കാന്‍ അവിടെ കൂടിനിന്നവരോട് അച്ചന്‍ ആവശ്യപ്പെട്ടു. പക്ഷേ, തങ്ങളെക്കാള്‍ താഴ്‌ന്ന ജാതിയിലുള്ള അയാളെ സഹായിക്കാന്‍ അവര്‍ സന്നദ്ധരായില്ല. സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് അച്ചന്‍ അയാളോടൊ പ്പം ചേര്‍ന്നു. ആ ദിവസം മുഴുവന്‍ മഴ നനഞ്ഞ് അച്ചന്‍ അയാളെ സഹായിച്ചു.
ഈശ്വര്‍ എന്ന ചെറുപ്പക്കാരനാണ് `തുലാഹേഡ' വില്ലേജിലേക്ക് അച്ചനെ ക്ഷണിക്കുന്നത്. ഗ്രാമത്തിലെ പാവപ്പെട്ടവരോടൊപ്പമുള്ള എട്ടുമാസത്തെ ജീവിതം അവരുടെ ഭാഷയും ജീവിതശൈലിയും പഠിക്കാന്‍ അച്ചനെ സഹായിച്ചു. ഈശ്വറിന്റെ വീട്ടിലെ കന്നുകാലിത്തൊഴുത്തിലായിരുന്നു അച്ചന്റെ താമസം. മണ്ണുകൊണ്ടുള്ള പൊക്കം കുറഞ്ഞ പത്തായമാണ് അള്‍ത്താരയാക്കി ബലിയര്‍പ്പിച്ചിരുന്നത്. വിശ്വാസത്തിന്റെ വിത്തുകളായിരുന്നു ആ പത്തായപ്പുരയില്‍ സൂക്ഷിച്ചിരുന്നതെന്ന് ചെറുചിരിയോടെ കണ്ടത്തിലച്ചന്‍ അനുസ്‌മരിക്കുന്നു. ഗ്രാമവാസികള്‍ അച്ചനെ കാണുമ്പോള്‍ `ജയ് റാം' എന്ന് അഭിവാദ്യം ചെയ്‌തിരുന്നു. അങ്ങനെതന്നെ അച്ചനും പ്രത്യഭിവാദനം ചെയ്‌തു. ``അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്ന ദൈവത്തെയാണ് ഞാന്‍ അഭിവാദ്യം ചെയ്യുന്നത്.... രാമനെയല്ല. അത് ഏകരക്ഷകനായ എന്റെ ഈശോമിശിഹായാണ്.'' കണ്ടത്തിലച്ചന്‍ വ്യക്തമാക്കുന്നു.
കുട്ടിക്കാലത്ത് ചിരട്ടകൊണ്ട് ധൂപക്കുറ്റിയുണ്ടാക്കി അനുജനോടൊത്ത് കുര്‍ബാന ചൊല്ലിക്കളിച്ചതും സുറിയാനിയിലുള്ള ആശീര്‍വാദം ഹൃദിസ്ഥമാക്കിയതും എല്ലാം അച്ചന് തിളക്കമുള്ള ഓര്‍മ്മയാണ്. വീട്ടിലെ പ്രാര്‍ത്ഥനാന്തരീക്ഷവും സഹോദരങ്ങളുടെ സമ്പര്‍ക്കവുമായിരുന്നു ദൈവവിളിക്ക് പ്രേരകം. പാലാ രൂപതയ്‌ക്കുവേണ്ടി കണ്ടത്തിലച്ചനും സി.എം.ഐ സഭയ്‌ക്കുവേണ്ടി സഹോദരനും വൈദികരായി...
മിഷന്‍ലീഗിലെ പ്രവര്‍ത്തനത്തിലൂടെ കൈവന്ന മിഷന്‍ തീക്ഷ്‌ണതയായിരുന്നു ഇടവക വൈദികനായിരുന്ന കണ്ടത്തിലച്ചനെ മിഷന്‍ രംഗത്തേക്ക് കടന്നുചെല്ലാന്‍ പ്രേരിപ്പിച്ചത്. സ്വന്തം ഇടവകയായ അരുവിത്തുറ പള്ളിയിലെ പെരുന്നാള്‍ ദിനങ്ങളില്‍ ചെറിയ സംഭാവനപ്പെട്ടികളുണ്ടാക്കി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന ശേഖരിക്കാറുണ്ടായിരുന്നു അക്കാലത്ത് കൊച്ചു ഫ്രാന്‍സിസും കൂട്ടുകാരും. അത്തരമൊരു പെരുന്നാള്‍ ദിനത്തിലാണ് സംഭാവന ചോദിച്ചെത്തിയ ഫ്രാന്‍സിസിന്റെ കുഞ്ഞുമുഖത്ത് ഒരാള്‍ സിഗരറ്റ് കൊണ്ട് കുത്തുന്നത്. ആ തീക്കനല്‍ ഫ്രാന്‍സിസിന്റെയുള്ളില്‍ പ്രേഷിതാഗ്നിയായി... എഴുപത്തിയെട്ടു വയസിന്റെ നിറവിലും ജ്വലനവേഗമാര്‍ന്ന് കത്തുന്ന അഭിഷേകാഗ്നിയായി...
ഭാഷയായിരുന്നു ആദ്യകാല പ്രശ്‌നം. ഇന്‍ഡോറില്‍ ചെന്നിറങ്ങി ടാക്‌സി ഡ്രൈവര്‍മാരോട് ക്രിസ്‌ത്യന്‍ വൈദികരുടെ അടുത്തേക്കാണ് പോകേണ്ടതെന്ന് പറഞ്ഞ് മനസിലാക്കാന്‍ ഏറെ ക്ലേശിച്ചു. ഒടുവില്‍ നീളന്‍ കുപ്പായമണിഞ്ഞവരെ അറിയുമോ എന്ന് ആംഗ്യത്തില്‍ ചോദിച്ച് മനസിലാക്കി. ആദ്യ ഞായറാഴ്‌ചയിലെ ബലിയര്‍ പ്പണം ഒരു ക്ഷമാപണത്തോടെയായിരുന്നു. മലയാളം അറിയാത്ത ജനങ്ങള്‍ക്കു മുന്നില്‍ മലയാളം കുര്‍ബാനയും ആരാധനയും... ഹിന്ദിയില്‍ കുമ്പസാരിക്കുന്ന വിശ്വാസികള്‍ക്ക് പാപമോചനം കൊടുത്തു വിടുമ്പോള്‍ ഈശോയോട് ക്ഷമ ചോദിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് കണ്ടത്തിലച്ചന്‍ ഓര്‍ക്കുന്നു. തുടര്‍ന്ന് ഹിന്ദി ഭാഷയില്‍ അഗാധ പാണ്‌ഡിത്യം നേടിയ ഫാ. ഫ്രാന്‍സിസ് കണ്ടത്തില്‍ ഇപ്പോള്‍ വിശ്രമവേളകളില്‍ സമയം കണ്ടെത്തുന്നത് മലയാളത്തിലുള്ള ആത്മീയ ഗ്രന്ഥങ്ങളും മറ്റ് കൂദാശാപുസ്‌തകങ്ങളും ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിനാണ്!
യാത്രാവേളകള്‍പോലും മിഷന്‍പ്രവര്‍ത്തനത്തിനുള്ള വേദിയാണ് കണ്ടത്തിലച്ചന്. യാത്രയ്‌ക്കിടയില്‍ ഹിന്ദിയിലുള്ള ആത്മീയ പുസ്‌തകങ്ങള്‍ അച്ചന്‍ വായിച്ചുകൊണ്ടിരിക്കും. ജിജ്ഞാസയോടെ എത്തിനോക്കുന്ന സഹയാത്രികന് ആ പുസ്‌തകം കൊടുക്കും. പിന്നീടയാളുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടും. പിരിയുമ്പോള്‍ ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാനത്തിനുള്ള പ്രാര്‍ത്ഥന എഴുതിയൊട്ടിച്ച ഒരു ക്രിസ്‌മസ് കാര്‍ഡ് അയാളുടെ കൈയിലുണ്ടാകും, ആ സൗഹൃദ സ്‌മരണിക...! `സുന്ദരസീ'യിലേക്ക് നടത്തിയ യാത്ര ഓര്‍മിച്ചെടുക്കുന്നു, കണ്ടത്തിലച്ചന്‍. സഹയാത്രികനായ പോലിസുകാരന് സമ്മാനമായി കൊടുത്തത് ഹിന്ദി ബൈബിളായിരുന്നു. നാളുകള്‍ക്കുശേഷം കണ്ടുമുട്ടിയപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു, ``എത്ര ക്രൂരമായാണ് യേശുവിനോട് ജനങ്ങള്‍ പെരുമാറിയത് അല്ലേ?.. മനുഷ്യര്‍ക്കുവേണ്ടി ഇത്രയേറെ സഹിച്ച മറ്റൊരു ദൈവമുണ്ടാകില്ല...!''
കണ്ടത്തിലച്ചനിലെ മനുഷ്യസ്‌നേഹിയായ മിഷനറിയെ ജനങ്ങള്‍ നേരില്‍ കണ്ട സന്ദര്‍ഭമായിരുന്നു, കിണറ്റില്‍ ചാടി ആത്മഹത്യയ്‌ക്കു ശ്രമിച്ച സ്‌ത്രീയെ രക്ഷപ്പെടുത്തിയത്. അച്ചന്റെ സാഹസികത അക്കാലത്ത് ജനങ്ങള്‍ പാടി നടന്നു. ഒരു കൈയില്‍ സ്‌ത്രീയെ താങ്ങിയെടുത്ത് മറുകൈ കൊണ്ട് പൈപ്പ് ലൈനില്‍ പിടിച്ചു തൂങ്ങിക്കിടന്ന അച്ചനെ സഹായിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു.
മിഷന്‍ ജീവിതത്തിന്റെ സാഹസികതകളും വെല്ലുവിളികളും കണ്ടത്തിലച്ചന് ധാരാളം അഭിമുഖീകരിക്കേണ്ടിവന്നു. ഒരിക്കല്‍ ബസില്‍വച്ച് വധഭീഷണി മുഴക്കിയ ചെറുപ്പക്കാരനെ രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഭീതിയോടെ കാത്തിരുന്ന സംഭവം ഓര്‍ക്കുന്നു. ``അവന്‍ വന്നിരുന്നെങ്കില്‍ ഞാന്‍ കതകു തുറന്ന് കൊടുത്തേനേ... സഭയുടെ സമ്പത്തായ ഈ വാതിലെന്തിനാണ് അയാള്‍ ചവിട്ടിപ്പൊളിക്കുന്നത്...?'' രാത്രിയില്‍ അയാള്‍ വന്നില്ല. പക്ഷേ, പ്രഭാതത്തില്‍, `അച്ചനെ തല്ലാനാണ് ഞാന്‍ വന്നത്' എന്നു ആക്രോശിച്ച് അയാളെത്തി. അച്ചന്‍ സൗമ്യതയോടെ ഇറങ്ങിച്ചെന്ന് പറഞ്ഞു, ``സഹോദരാ എങ്കില്‍ താങ്കളുടെ ആഗ്രഹം നടക്കട്ടെ..'' ആ വാക്കുകളില്‍ അയാളുടെ മനസു പതറി. തുടര്‍ന്ന് അച്ചന്‍ നല്‍കിയ ചായ കുടിച്ച്, സൗഹൃദത്തോടെ അയാള്‍ മടങ്ങി.
അനിതരസാധാരണമായ ജീവിതലാളിത്യമാണ് ഫ്രാന്‍സിസ് കണ്ടത്തില്‍ എന്ന മിഷനറി വൈദികന്റെ മുഖമുദ്ര. ഒരുപക്ഷേ അനുകരണാതീതവും. ഹൈന്ദവ സന്യാസിമാരെപ്പോലെ മുണ്ടുടുക്കുന്ന രീതിയാണ് കണ്ടത്തിലച്ചന്റേത്. മുണ്ടുടുത്ത് അതിന്മേല്‍ ളോഹ ധരിക്കുന്ന ലോകത്തിലെ ഒരേയൊരു വൈദികന്‍ ഒരുപക്ഷേ കണ്ടത്തിലച്ചനാകാം. ``ഒരു പാന്റ്‌സ് വാങ്ങുന്ന പൈസകൊണ്ട് എനിക്ക് മൂന്നു മുണ്ട് വാങ്ങാം,'' അദ്ദേഹം പറയുന്നു.
പൊട്ടിയ പ്ലാസ്റ്റിക് ഉപകരണങ്ങളും പഴയ ഇരു മ്പും പെറുക്കിവിറ്റ് കിട്ടുന്ന തുച്ഛമായ പണം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും രോഗികള്‍ക്ക് മരുന്നു വാങ്ങാനും അച്ചന്‍ ഉപയോഗിക്കുന്നു. മാംസാദികളും പഴവര്‍ഗങ്ങളും വര്‍ജിച്ച ഭക്ഷണശൈലിയാണ് അച്ചന്റേത്. ``ജനങ്ങളുടെ ഭക്ഷണശൈലിയാണ് ആദ്യം ഒരു മിഷനറി സ്വായത്തമാക്കേണ്ടത്; ഒപ്പം ഭാഷയും. അല്ലെങ്കില്‍ അവര്‍ നമ്മെ വിദേശികളായേ കാണുകയുള്ളൂ...'' അച്ചന്‍ പറയുന്നു.
``ഇന്ന് മിഷനറിമാര്‍ ഭീതിയുടെ നാല് ഭിത്തികള്‍ക്കുള്ളിലാണ്. ബി.ജെ.പി, ബജ്‌റംഗ്‌ദള്‍, ആര്‍.എസ്.എസ്, ബി.എച്ച്.പി എന്നീ വര്‍ഗീയ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ മതിലുകള്‍ തകര്‍ക്കാന്‍ മിഷനറിമാര്‍ ആര്‍ജ്ജവത്തം കാട്ടണം...''
ചെറുചിരിയോടെ അച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു: ``ചെന്നായ്‌ക്കള്‍ക്കിടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയക്കുന്നു'' എന്നാണല്ലോ ക്രിസ്‌തു പറയുന്നത്.
പാലാ രൂപതയിലെ അരുവിത്തുറ ഇടവകയില്‍ കണ്ടത്തില്‍ അബ്രാഹത്തിന്റെയും ത്രേസ്യായുടെയും മൂന്നാണ്‍മക്കളില്‍ രണ്ടാമനാണ് ഫാ. ഫ്രാന്‍സിസ്. ആദ്യം പാലാ രൂപതയില്‍ വൈദികനായി. പിന്നീട് എം.എസ്.ടി സഭാ സമൂഹത്തില്‍ ചേര്‍ന്ന് ഉജ്ജയ്‌ന്‍ രൂപതയിലെത്തി.
പ്രേഷിത മുന്നേറ്റത്തിന്റെ കര്‍മവീഥിയില്‍ മുന്നേ നടന്ന വലിയ മിഷനറിയുടെ ഓര്‍മകളിലൂടെയുള്ള യാത്ര അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: ``ഉജ്ജയ്‌നില്‍ മാതൃസഭയെപ്പോലെ വലിയ ക്രൈസ്‌തവ സമൂഹത്തെ ആഗ്രഹിച്ച അച്ചന്‍ ഇപ്പോള്‍ സന്തുഷ്‌ടനാണോ?''
വലതു കൈയില്‍ തിരിഞ്ഞുകൊണ്ടിരുന്ന ജപമാല മണികളില്‍ മുറുകെ പിടിച്ച് അച്ചന്‍ പറഞ്ഞു: ``ഒരു ദിവസം 1500 പേരെയെങ്കിലും മാനസാന്തരപ്പെടുത്തണമെന്നായിരുന്നു ആഗ്രഹം...'' നിശബ്‌ദതയുടെ ഒരിടവേളയില്‍ ആ കണ്ണുകള്‍ ആര്‍ദ്രമാകുന്നത് കട്ടിയേറിയ കണ്ണടയിലൂടെ കാണാമായിരുന്നു.
പിന്നെ ഒരു പ്രാര്‍ത്ഥനപോലെ തുടര്‍ന്നു: ``മാനസാന്തരം... അത് ആത്മാവിന്റെ പ്രവര്‍ത്തനമാണ്... പക്ഷേ, ഈശോയെപ്പറ്റി ഞങ്ങള്‍ എല്ലാവരോടും പറഞ്ഞു...!''








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.