Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 02 December 2011 12:02

നിലവിളി ഉയരുന്ന ഗ്രാമങ്ങളിലൂടെ...

Written by  മാര്‍ട്ടിന്‍ ജോസഫ്‌, ന്യൂഡല്‍ഹി
Rate this item
(1 Vote)

ബീഹാറിലെയും ഉത്തരേന്ത്യന്‍ ആദിവാസി പ്രദേശങ്ങളിലെയും ബാധയൊഴിപ്പിക്കലിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ മുന്നിട്ടിറങ്ങിയ സിസ്റ്റേഴ്‌സ്‌ ഓഫ്‌ ചാരിറ്റി ഓഫ്‌ നസ്രത്ത്‌ സഭാംഗം സിസ്റ്റര്‍ ആന്‍ മൊയലന്‍... ജനീവയില്‍ നടന്ന ഐക്യരാഷ്‌ട്ര സഭയുടെ ആഗോള വനിതാ സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ച സന്യാസിനി... നാല്‌പതു വര്‍ഷത്തെ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സിസ്റ്റര്‍ സംസാരിക്കുന്നു.

ബീഹാറിലെ ചൈബാസാ ഗ്രാമം. അവിടെയുള്ള നസ്രത്ത്‌ സന്യാസിനീ സമൂഹത്തിന്റെ ഭവനത്തിലേക്ക്‌ അതിരാവിലെ ഒരു സ്‌ത്രീ ഓടിയെത്തി. തലേദിവസം രാത്രിയില്‍ ഗ്രാമത്തിലെ ഒരു സ്‌ത്രീയെയും അവരുടെ ഭര്‍ത്താവിനെയും പിശാച്‌ ബാധിതര്‍ എന്നാരോപിച്ച്‌ ഗ്രാമവാസികള്‍ തല്ലിക്കൊന്നു എന്ന്‌ ആ സ്‌ത്രീ അറിയിച്ചു. അവരോടൊപ്പം സന്യാസിനികള്‍ സംഭവസ്ഥലത്തേക്ക്‌ പുറപ്പെട്ടു. അവിടെ കണ്ട രംഗം ആരുടെയും ഹൃദയം പിളര്‍ക്കുന്നതായിരുന്നു. ദാരുണമായി പീഡിപ്പിക്കപ്പെട്ട്‌ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട രണ്ട്‌ ശവശരീരങ്ങള്‍ - ഒരു സ്‌ത്രീയും അവരുടെ ഭര്‍ത്താവും. ഒന്നര വയസുള്ള അവരുടെ പെണ്‍കുഞ്ഞ്‌ അമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്ന്‌ കരയുന്നു. പതിനേഴും പതിനഞ്ചും എട്ടും വയസുള്ള മൂന്നു കുട്ടികള്‍ മനസിന്റെ സമനില തെറ്റിയിട്ടെന്നോണം മൂകരായിരിക്കുന്നു. ഗോത്രവര്‍ഗമായ `ഹോ' വിഭാഗത്തില്‍പ്പെട്ട ആളുകള്‍ രാത്രിയില്‍ മൂപ്പന്റെ നേതൃത്വത്തില്‍ നടത്തിയ കൊലപാതകം. ഗ്രാമത്തില്‍ വൈദ്യുതി ഇല്ലാത്തതിനാലും അടുത്ത്‌ വീടുകള്‍ ഇല്ലാതിരുന്നതിനാലും രാത്രിയില്‍ നടന്ന സംഭവം രാവിലെയാണ്‌ പലരും അറിഞ്ഞത്‌.
``നാല്‍പത്‌ വര്‍ഷം പിന്നിടുന്ന എന്റെ സന്യസ്‌ത ജീവിതത്തില്‍ കാലം മായ്‌ക്കാത്ത നൊമ്പരമാണ്‌ ആ കാഴ്‌ച.'' പറയുന്നത്‌ സിസ്റ്റര്‍ ആന്‍ മൊയലന്‍. ``വിശന്നു കരയുന്ന കുഞ്ഞിനെ കൈയിലെടുത്ത്‌ മുതിര്‍ന്ന കുട്ടികളെയും കൂട്ടി താമസസ്ഥലത്തേക്ക്‌ പോകുമ്പോള്‍ ഞാന്‍ മനസില്‍ ശപഥം ചെയ്‌തു, ഭൂതബാധിതര്‍ എന്നാരോപിച്ച്‌ അരുംകൊല ചെയ്യപ്പെടുന്ന സഹോദരിമാരെ രക്ഷിക്കാന്‍ സാധ്യമായതൊക്കെ ചെയ്യണം. അതൊരു തീരുമാനമായിരുന്നു.''

ആ കൊച്ചു പെണ്‍കുഞ്ഞിനെ മദര്‍ തെരേസ സഹോദരിമാര്‍ ഏറ്റെടുത്തു. മറ്റു കുട്ടികളെ സഭയുടെ തന്നെ വിവിധ അനാഥാലയങ്ങളും ഏറ്റെടുത്തു. പിന്നീട്‌ എത്ര കൊലപാതകങ്ങള്‍ നടന്നു എന്ന്‌ അറിയില്ല. ലഭ്യമായ കണക്കനുസരിച്ച്‌ ഒരു വര്‍ഷം നൂറു കൊലപാതകങ്ങള്‍ വരെ ചൈബാസാ ഗ്രാമം ഉള്‍പ്പെടുന്ന ജില്ലയില്‍ മാത്രം നടന്നിട്ടുണ്ട്‌. കൊല്ലപ്പെട്ടവരില്‍ എണ്‍പതിലധികവും സ്‌ത്രീകളായിരുന്നു. വിധവകള്‍, ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയവര്‍, വിവാഹം കഴിക്കാത്തവര്‍, ബന്ധുക്കളായി അധികമാരുമില്ലാത്തവര്‍, പെണ്‍മക്കള്‍ മാത്രം ഉള്ളവര്‍... പീഡിപ്പിച്ചു കൊല്ലാന്‍ തിരഞ്ഞെടുത്തതെല്ലാം ചോദിക്കാന്‍ ആരും ഇല്ലാത്ത സാധുക്കളെയായിരുന്നു.

ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുക അത്ര എളുപ്പമല്ല. അവരുടെ വിശ്വാസം ആര്‍ജ്ജിച്ചില്ലെങ്കില്‍ അവരുടെ ഇടയില്‍ ജീവിക്കാന്‍ സാധ്യമല്ല. ഗോത്രഭാഷ വശമില്ലെങ്കില്‍ ആശയവിനിമയവും സാധ്യമല്ല. ഹിന്ദിയില്‍ പ്രാവീണ്യമുണ്ടായിരുന്നതിനാല്‍ ഗോത്രഭാഷയായ `ഹോ' പഠിക്കാന്‍ സിസ്റ്ററിന്‌ വേഗം സാധിച്ചു. ഝാര്‍ക്കണ്ടില്‍ ഭവനങ്ങള്‍ തോറും മരുന്ന്‌ എത്തിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റെ ചുമതലയായിരുന്നു നഴ്‌സ്‌ കൂടിയായ സിസ്റ്റര്‍ക്ക്‌. റോഡുകളോ വാഹനങ്ങളോ ഇല്ല. മരുന്നു പെട്ടികളുമായി പ്രദേശവാസികളായ സ്‌ത്രീകള്‍ക്കൊപ്പം കാല്‍നടയായി ഗ്രാമങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്ക്‌ പോകണം.

``പിശാചുബാധ ഒഴിപ്പിക്കലെന്ന പേരില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച്‌ പഠിക്കുകയാണ്‌ ഞാന്‍ ആദ്യം ചെയ്‌തത്‌. ഗോത്ര വിഭാഗങ്ങള്‍ക്ക്‌ ഗ്രാമത്തലവനും മന്ത്രവാദിയുമുണ്ട്‌. പൂജകള്‍ നടത്തുന്ന പൂജാരിമാര്‍ ഓരോ ഗ്രാമത്തിലും ഉണ്ട്‌. ഏതു സ്‌ത്രീയെയാണ്‌ പിശാചു ബാധിച്ചത്‌ എന്നു തീരുമാനിക്കുന്നത്‌ മന്ത്രവാദിയോ അയല്‍വാസിയോ ആയിരിക്കും. വളര്‍ത്തുമൃഗങ്ങള്‍ ചത്തു പോയതിനാലോ വീട്ടില്‍നിന്നും വെള്ളം കുടിച്ചതിനുശേഷം വയറിളകിയതിനാലോ കുട്ടികള്‍ക്ക്‌ രോഗം വന്നതിനാലോ വെറും തോന്നലോ ഒക്കെയാകാം കാരണം. യഥാര്‍ത്ഥത്തില്‍ ഇവരുടെ ഭൂമി തട്ടിയെടുക്കാനോ ഭവനം സ്വന്തമാക്കാനോ, ഗ്രാമത്തിലെ പ്രമുഖ വ്യക്തിക്ക്‌ ഈ സ്‌ത്രീയോട്‌ തോന്നിയ അഭിനിവേശമോ ഒക്കെയായിരിക്കും ഇതിനു പിന്നില്‍. സാധുക്കളും അന്ധവിശ്വാസികളുമായ ഗ്രാമീണര്‍ ഇത്‌ തിരിച്ചറിയുന്നില്ല. പ്രേതം ബാധിച്ച സ്‌ത്രീയെയും പുരുഷനെയും വധിച്ചില്ലെങ്കില്‍ നാടുമുടിയും, ദുര്‍മരണങ്ങള്‍ ഉണ്ടാകും, കന്നുകാലികള്‍ ചത്തൊടുങ്ങും... തുടങ്ങിയ ദുഷ്‌പ്രചരണങ്ങള്‍ ഇതിനോടകം പ്രചരിപ്പിച്ചിരിക്കും,'' സിസ്റ്റര്‍ ആന്‍ പറയുന്നു.

ഒരാളെ നിഷ്‌കരുണം കൊല്ലാന്‍ ഗ്രാമവാസികളുടെ സഹകരണത്തിനുവേണ്ടിയാണ്‌ ഈ കുറ്റാരോപണം. ക്രൂരമായ പീഡനങ്ങളാണ്‌ ഭൂതബാധിതരെ കാത്തിരിക്കുന്നത്‌. കല്ലെറിയുക, സ്‌ത്രീകളാണെങ്കില്‍ ശാരീരികമായി പീഡിപ്പിക്കുക, നഗ്നരാക്കി തെരുവില്‍ നടത്തിക്കുക, ബലംപ്രയോഗിച്ച്‌ മനുഷ്യ വിസര്‍ജ്യം തീറ്റിക്കുക... അവരുടെ പെണ്‍മക്കളെപ്പോലും പീഡിപ്പിക്കാം, കൊല്ലാം... ആരും ചോദിക്കില്ല. ചങ്ങലയ്‌ക്കിട്ടശേഷം ചുട്ടു കൊല്ലുക, ഉറക്കത്തില്‍ വീട്‌ ചുട്ടെരിക്കുക തുടങ്ങി മധ്യകാലഘട്ടത്തിലുണ്ടായിരുന്ന ഹീനമായ പീഡനമുറകളാണ്‌ ഇരകള്‍ക്കെതിരെ ഉപയോഗിക്കുന്നത്‌.

കുറ്റാരോപിതരായി ഒറ്റപ്പെടുന്ന സ്‌ത്രീകള്‍ക്ക്‌ പിന്നെ ഗ്രാമത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അടുത്ത ഗ്രാമത്തിലേക്ക്‌ ഓടിപ്പോയാലും രക്ഷപ്പെടാന്‍ പ്രയാസമാണ്‌. തങ്ങളുടെ നാടും വീടും നശിപ്പിക്കാനെത്തിയ പിശാചിനെ അവിടെയുള്ളവരും ജീവിക്കാന്‍ അനുവദിക്കില്ല. ഗോത്രവര്‍ഗക്കാരുടെ കാട്ടുനീതിയെ സര്‍ക്കാരിനുപോലും തടയാന്‍ സാധിക്കില്ല. കാരണം, ജനങ്ങള്‍ കൂട്ടമായെത്തിയാണ്‌ കൊല നടത്തുന്നത്‌. സാക്ഷികളില്ല. അഥവാ ഉണ്ടെങ്കില്‍ അവരും ഇതിനെതിരെ ശബ്‌ദിക്കില്ല. നാടിനെയും നാട്ടുകാരെയും രക്ഷിക്കാന്‍ നടത്തുന്ന നരബലിയായിട്ടാണ്‌ പലരും ഇതിനെ കാണുന്നത്‌.
(ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തവരാണ്‌ `ഹോ' ഗോത്രവര്‍ഗക്കാര്‍. ബ്രിട്ടീഷ്‌ സൈന്യത്തെ മൂന്നു തവണ തോല്‍പിക്കാനും അവര്‍ക്കു കഴിഞ്ഞു. അന്തിമ പോരാട്ടത്തില്‍ പരാജയപ്പെട്ട അവര്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ നിബിഡ വനങ്ങളിലേക്ക്‌ ഓടിയൊളിച്ചു എന്നാണ്‌ ചരിത്രം).

``പിശാചുബാധയെക്കുറിച്ചുള്ള തെറ്റായ ധാരണ ഒഴിവാക്കുകയാണ്‌ പോംവഴിയെന്ന്‌ ബോധ്യമായപ്പോള്‍ ഞങ്ങള്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സേവനത്തിനെത്തിയ ഞങ്ങളോട്‌ അവര്‍ക്ക്‌ പ്രത്യേക പരിഗണന ഉണ്ടായിരുന്നു. മാത്രമല്ല, മന്ത്രവാദികള്‍ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്ന ഏതാനും സ്‌ത്രീകള്‍ പ്രാണന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം ആരംഭിച്ചു. ലഘുലേഖകളും കവല പ്രസംഗങ്ങളും തെരുവ്‌ നാടകങ്ങളും വന്‍ ജനാവലിയെ പങ്കെടുപ്പിച്ച്‌ ജാഥകളും സംഘടിപ്പിച്ചു. ഭരണകൂടത്തിന്റെയും സാമൂഹ്യക്ഷേമ വകുപ്പ്‌, സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പുകള്‍, പൊലീസ്‌ എന്നിവയുടെ സഹായങ്ങളും ഞങ്ങള്‍ ഉപയോഗപ്പെടുത്തി,'' സിസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

സന്നദ്ധ സംഘടനകളുടെ നിരന്തര സമ്മര്‍ദ്ദ ഫലമായി, പ്രേതബാധ ഒഴിപ്പിക്കലെന്ന പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ നിരോധിക്കാനും അത്തരം പ്രവര്‍ത്തനങ്ങളിലോ പ്രചാരണത്തിലോ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും ഝാര്‍ക്കണ്ടില്‍ നിയമം ഉണ്ടായി. ഇന്ന്‌ പിശാചുബാധിതന്‍ എന്ന്‌ ആരോപണം ഉന്നയിച്ചാല്‍പ്പോലും രണ്ടുമാസത്തെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ്‌. ``ഝാര്‍ക്കണ്ടിലും ബീഹാറിലും ഇത്തരം കൊലപാതകങ്ങള്‍ വിരളമാണ്‌. അന്ധവിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്‌ടപ്പെടുത്തേണ്ടിവന്ന ആദിവാസി സ്‌ത്രീകളെ ഓര്‍ക്കുന്നത്‌ വേദനാജനകമാണ്‌. ഇന്ന്‌ അവസ്ഥയ്‌ക്ക്‌ മാറ്റം വന്നു. അതിന്‌ ഞങ്ങളുടെ അധ്വാനവും പ്രയോജനപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്‌,'' സിസ്റ്ററിന്റെ വാക്കുകളില്‍ സന്തോഷം നിറയുന്നു.

ഝാര്‍ക്കണ്ടിലെ നൂറിലധികം ബാധയൊഴിപ്പിക്കല്‍ കേസുകള്‍ നേരിട്ട്‌ പഠിച്ച്‌ വിശദമായ പ്രബന്ധം സിസ്റ്റര്‍ തയാറാക്കി. കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന ഐക്യരാഷ്‌ട്ര സഭയുടെ ആഗോള വനിതാ സമ്മേളനത്തില്‍ ഇന്ത്യയെയും നസ്രത്ത്‌ സിസ്റ്റേഴ്‌സിനെയും പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ സിസ്റ്റര്‍ ആന്‍ മൊയലനാണ്‌. സിസ്റ്റര്‍ തയാറാക്കിയ പ്രബന്ധം സമ്മേളനത്തില്‍ അവതരിപ്പിച്ചു. ലോകത്തില്‍ ഇങ്ങനെയും സംഭവിക്കുന്നുവെന്നത്‌ അത്ഭുതത്തോടെയാണ്‌ ജനങ്ങള്‍ ശ്രവിച്ചത്‌.

ബീഹാര്‍, ഝാര്‍ക്കണ്ട്‌, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സിസ്റ്റര്‍ ആന്‍ സേവനം ചെയ്‌തിട്ടുണ്ട്‌. ഝാര്‍ക്കണ്ടിലെ സേവനകാലത്ത്‌ പട്ടിണിയും രോഗവും മരണവും വര്‍ഗീയ കലാപങ്ങളും കണ്ടും അനുഭവിച്ചും ജീവിതത്തെ നേരിട്ടറിഞ്ഞു, പഠിച്ചു. ബീഹാറിലെയും ഝാര്‍ക്കണ്ടിലെയും ജീവിതാനുഭവങ്ങളാണ്‌ തന്നിലെ സാമൂഹ്യ പ്രതിബദ്ധതയെയും സേവന തല്‍പരതയെയും വീണ്ടും ഉറപ്പിച്ചതെന്ന്‌ സിസ്റ്റര്‍ ആന്‍ പറയുന്നു. പിന്നിട്ട ജീവിതപാതകളിലെല്ലാം ഈ അനുഭവങ്ങള്‍ മാര്‍ഗദര്‍ശകമായി.

ഡല്‍ഹിയിലെ വ്യഭിചാരശാലകളില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മഠങ്ങള്‍ വിട്ടിറങ്ങിയ ആദ്യത്തെ സന്യാസിനീ സമൂഹം നസ്രത്ത്‌ സിസ്റ്റേഴ്‌സാണ്‌. ഹരിയാനയിലെ സന്യസ്‌തഭവനത്തില്‍ സംരക്ഷിക്കപ്പെടുന്ന കുട്ടികള്‍ പലരും അവിവാഹിതരായ അമ്മമാരുടെയും ചുവന്ന തെരുവില്‍ എത്തപ്പെട്ട സാധു സ്‌ത്രീകളുടെയും കുട്ടികളാണ്‌. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍, ജാഫ്രാബാദ്‌, ഷാഹ്‌ദര തുടങ്ങിയ പ്രദേശങ്ങളിലെ ചേരികളില്‍ സാമൂഹ്യ സേവന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ നസ്രത്ത്‌ സിസ്റ്റേഴ്‌സിനു കഴിഞ്ഞു. മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ നൂറുകണക്കിന്‌ കുട്ടികള്‍ സ്‌കൂളിന്റെ പടിപോലും കണ്ടിട്ടില്ലെന്ന്‌ സിസ്റ്റര്‍ ആന്‍ പറയുമ്പോള്‍ മെട്രോ നഗരമായ ഡല്‍ഹിക്ക്‌ ഇത്തരം മുഖമുണ്ടോയെന്ന്‌ അത്ഭുതപ്പെട്ടുപോകും. വൃത്തികെട്ട ചേരികളില്‍ മതത്തിന്റെയും ജാതിയുടെയും മതില്‍ക്കെട്ടിനകത്താണ്‌ മനുഷ്യര്‍ ജീവിക്കുന്നത്‌. കൊടും പട്ടിണിക്കിടയിലും ജാതിവ്യവസ്ഥകളും അയിത്തം പോലുള്ള ആചാരങ്ങളും ചേരിനിവാസികള്‍ക്കിടയിലുണ്ട്‌. ``ഞങ്ങളും മക്കളും പട്ടിണി കിടന്നാലും സാരമില്ല, ക്രൈസ്‌തവരായ നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക്‌ വേണ്ട' എന്നു പറയുന്ന ചേരിനിവാസികള്‍ക്കിടയില്‍ രൂഢമൂലമായ അന്ധവിശ്വാസങ്ങളുടെ സ്വാധീനം എത്രയധികമാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ,'' സിസ്റ്റര്‍ ആന്‍ പറയുന്നു. ഡല്‍ഹിയിലെ ചേരികളില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി വിദ്യാഭ്യാസം, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, വനിതകള്‍ക്കുള്ള തൊഴില്‍ സംരംഭങ്ങള്‍ എന്നിവ നസ്രത്ത്‌ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്നു.

തൃശൂര്‍ പോട്ട ആശ്രമത്തിന്‌ സമീപം മൊയലന്‍ കുടുംബാംഗമാണ്‌ സിസ്റ്റര്‍ ആന്‍. മാതാപിതാക്കള്‍ പരേതരായ ഔസേഫ്‌-റോസ. ഇളയ സഹോദരന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മുംബൈയില്‍ ട്രെയിന്‍ അപകടത്തില്‍ മരണമടഞ്ഞു. ഏക സഹോദരി കുടുംബിനി.

ഡല്‍ഹി അതിരൂപതയുടെ സാമൂഹ്യസേവന സംരംഭമായ `ചേതനാലയ'ത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന `ജസ്റ്റിസ്‌ ആന്‍ഡ്‌ പീസ്‌ കമ്മീഷ'ന്റെ മുഖ്യ സംഘാടക, `നസ്രത്ത്‌ മഹിള സമിതി' എന്ന സന്നദ്ധ സംഘടനയുടെ ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

``കര്‍ത്താവ്‌ കാണിച്ചുതന്ന പാതകളിലെല്ലാം എന്റെ നിയോഗത്തോട്‌ നീതി പുലര്‍ത്താന്‍ സാധിച്ചു എന്നാണ്‌ എന്റെ വിശ്വാസം. ചേരികളിലും ഗ്രാമങ്ങളിലും നരകതുല്യമായ ജീവിതം നയിക്കുന്ന അനേകം സഹോദരിമാര്‍ ഇപ്പോഴുമുണ്ട്‌. ഇനിയുള്ള കാലവും അവര്‍ക്കുവേണ്ടി, അവരുടെ ഉന്നമനത്തിനുവേണ്ടി ജീവിക്കണം. സാധ്യമായതെല്ലാം അവര്‍ക്കുവേണ്ടി ചെയ്യണം.''
നാലു പതിറ്റാണ്ടുകള്‍ ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലും നഗരത്തിലെ ചേരികളിലും പ്രവര്‍ത്തിച്ച സിസ്റ്ററുടെ വാക്കുകളില്‍ പ്രത്യാശ നിറയുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.