നാല്‍പത്തഞ്ചു വര്‍ഷത്തെ മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ജലന്തര്‍ രൂപതയിലുടനീളം ക്രൈസ്‌തവ വിശ്വാസത്തിന്റെ തിരി തെളിക്കുകയും അവ അണയാതെ കാത്തുസൂക്ഷിക്കുകയുമാണ് ഫാ. മാത്യു നമ്പുടാകം. എഴുപത്തഞ്ചാം വയസിലും അണയാത്ത പ്രേഷിത തീക്ഷ്‌ണതയോടെ യുവസമൂഹത്തോട് അദ്ദേഹം ചോദിക്കുന്നു: സുവിശേഷവേലയ്‌ക്കുള്ള നിങ്ങളുടെ തീക്ഷ്‌ണത ഇത്ര മതിയോ?
മിഷന്‍ ദൗത്യം ശ്രമകരമായിരുന്ന കാലഘട്ടത്തിന്റെ വക്താവാണ് ഫാ. മാത്യു നമ്പുടാകം. വാഹന-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ അന്യമായിരുന്ന ഗ്രാമങ്ങളിലൂടെ സൈക്കിളിലും കാല്‍നടയായും ദുര്‍ഘടപാതകള്‍ താണ്ടി മറ്റു മിഷനറിമാരോടൊപ്പം പടുത്തുയര്‍ത്തിയ ജലന്തര്‍ രൂപതയുടെ ഇന്നത്തെ വളര്‍ച്ചയില്‍ അഭിമാനിക്കുകയും സര്‍ വോപരി ദൈവത്തിന് നന്ദി പറയുകയുമാണ് 75കാരനായ ഈ വൈദികന്‍.
പാലാ രൂപത, വാകക്കാട് ഇടവകയില്‍ നമ്പുടാകത്ത് വര്‍ക്കി-അന്നമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായി 1936 ഡിസംബര്‍ 13-നാണ് മാത്യു ജനിച്ചത്. ഇടമറുക് സെ ന്റ് ആന്റണീസ് സ്‌കൂളിലും വലിയ കുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്‌കൂളിലുമായി മെട്രിക്കുലേഷന്‍ പാസായി. എസ്.വി.ഡി സഭയ്‌ക്കുവേണ്ടി ഇന്‍ഡോര്‍ ജൂണിയര്‍ സെമിനാരിയില്‍ ചേര്‍ന്നു. അവിടുത്തെ പഠനം കഴിഞ്ഞ് അഹമ്മദാബാദ് സെന്റ് ജോസഫ് സെമിനാരിയില്‍ ഫിലോസഫിയും തിയോളജിയും പഠിച്ചു. 1967 ഡിസംബര്‍ 21 ന് അലഹബാദ് രൂപതാ ബിഷപ് ബാപസ്‌തിക്ക് മുദാര്‍ത്ഥായില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1967 ഡിസംബര്‍ 27 ന് മരകാവ് സെന്റ് തോമസ് ഇടവകയില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു.
ഇംഗ്ലീഷുകാരനായ ഫാ. തിമത്തി കപ്പൂച്ചിന്റെ കീഴില്‍ അമൃതസര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ വൈസ് പ്രിന്‍ സിപ്പലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1968 ലായിരുന്നു അത്. കൂടെ മിഷന്‍ പ്രവര്‍ത്തനവും. ക്രൈസ്‌തവരെന്ന് പറയാന്‍ ആരുമില്ലാത്ത വില്ലേജുകളില്‍ ക്രൈസ്‌ത വ വിശ്വാസത്തിന്റെ വിത്തുകള്‍ പാകി പരിപോഷിപ്പിക്കാന്‍ ഫാ. മാത്യു വഹിച്ച പങ്ക് പുതുതലമുറയ്‌ക്ക് മാതൃകയാണ്.
പഞ്ചാബിന്റെ മുക്കാല്‍ ഭാഗവും ഹിമാചല്‍ പ്രദേശിന്റെ പകുതിയും ചേര്‍ന്ന് `പ്രീമെയ്‌ച്ചര്‍' ആയിരുന്ന ജലന്തര്‍ രൂപതയില്‍ അന്ന് പന്തീരായിരം കത്തോലിക്കരാണുണ്ടായിരുന്നത്. മിലിട്ടറി സേവനത്തിന് വന്ന ഇംഗ്ലീഷ് സൈനികരെ സഹായിക്കാനെത്തിയ ചാപ്ലയിന്‍സ് (വൈദികര്‍) ആയിരുന്നു മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കക്കാര്‍. അവരുടെ ശ്രമഫലമായി നാട്ടുകാര്‍ക്കിടയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയും മാമോദീസ നല്‍കി അവരെ ക്രൈസ്‌തവ വിശ്വാസികളാക്കുകയും ചെയ്‌തു. അവരിലൂടെ ക്രൈസ്‌തവ സമൂഹങ്ങള്‍ അവിടങ്ങളില്‍ വളര്‍ച്ച പ്രാപിച്ചു.
അവരുടെ മക്കളെ ദൂരെ ഗ്രാമങ്ങളിലേക്കു വിവാഹം ചെയ്‌തയ്‌ക്കുമ്പോള്‍ അവിടങ്ങളിലും (ചാപ്ലയിന്‍സ്) വൈദികര്‍ പോവുകയും അവരുടെ ബന്ധുക്കളെയും അയല്‍വാസികളെയും കാണുകയും പരിചയപ്പെടുകയും യേശുവിനെ അവര്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്‌തിരുന്നു. അമൃത്‌സര്‍, ജലന്തര്‍, ഫിറോസ്‌പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രദേശങ്ങളിലേക്ക് വിവാഹം ചെയ്‌ത് അയ്‌ക്കപ്പെട്ട പെണ്‍കുട്ടികള്‍ അവരുടെ ഉറച്ച വിശ്വാസ തീക്ഷ്‌ണത കൊണ്ട് ബന്ധുക്കളെയും അയല്‍വാസികളെയും ക്രിസ്‌തീയ വിശ്വാസികളാക്കി മാറ്റിയിരുന്നു. അവിടങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കവും വളര്‍ച്ചയും ഇങ്ങനെയാണ്.
മലയാളികളായ ഏഴോളം വൈദികരും (രണ്ട് കപ്പൂച്ചിന്‍ വൈദികരടക്കം) ഇംഗ്ലീഷുകാരായ പന്ത്രണ്ടോളം വൈദികരുമാണ് ആ കാലഘട്ടത്തില്‍ രൂപതയിലുണ്ടായിരുന്നത്. അവരുടെ ശ്രമഫലമായി തദ്ദേശീയരായിട്ടുള്ള മതബോധകരെ കണ്ടെത്തുകയും അവരിലൂടെ ഗ്രാമവാസികളിലേക്ക് യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുകയുമായിരുന്നു. 1968-70 കളില്‍ ജലന്തറിലും അമൃത്‌സറിലും അച്ചന്‍ സേവനം ചെയ്‌തു. അന്ന് ആ പള്ളികളുടെ കീഴിലുണ്ടായിരുന്ന അമ്പതോളം ഗ്രാമങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തിയിരുന്നത് മാത്യു അച്ചനായിരുന്നു. ഇന്ന് അവിടെ പല സ്ഥലങ്ങളിലായി മൂന്നു വലിയ ഇടവകകള്‍ ഉണ്ടായിട്ടുണ്ട്.
1970 മുതല്‍ 76 വരെയുള്ള മാത്യു അച്ചന്റെ കര്‍മരംഗം ഫിറോസ്‌പൂര്‍ ആയിരുന്നു. ഫിറോസ്‌പൂരില്‍ സെന്റ് ആന്റണീസ് സ്‌കൂളിന്റെയും ഇടവകയുടെയും ചുമതല അച്ചനായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ യേശുവിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്ന തിരിച്ചറിവിന്റെ ഫലമായി സ്‌കൂള്‍ ബോര്‍ഡിംഗ് വികസിപ്പിക്കാനും സ്‌കൂളിനെ നല്ല നിലയില്‍ വളര്‍ത്തിയെടുക്കാനും അച്ചന്‍ ശ്രമിച്ചു.
1972-73 കാലഘട്ടത്തില്‍ ജലന്തര്‍ രൂപതയുടെ പുതിയ ബിഷപ്പായി സിംഫോറിയന്‍ കീപ്രത്ത് സ്ഥാനമേറ്റു. അക്കാലത്താണ് ജലന്തറിലെ നക്കോദര്‍ എന്ന സ്ഥലത്ത് മാത്യു അച്ചന്‍ പുതിയ മിഷന്‍ സ്റ്റേഷന്‍ സ്ഥാപിച്ചത്. അവിടുത്തെ സെന്റ് ജൂഡ്‌സ് ഇടവകയുടെ കീഴില്‍ കോണ്‍വെന്റ് സ്‌കൂളും പ്രവര്‍ത്തനം തുടങ്ങി.
1977 ല്‍ ഫാ. മാത്യു നമ്പുടാകം ജലന്തര്‍ രൂപതയുടെ വികാരി ജനറാളായി സ്ഥാനമേറ്റ് ജലന്തറിലേക്കുവന്നു. 1988 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ആ കാലഘട്ടങ്ങളില്‍ രൂപതയില്‍ നൂറില്‍പ്പരം ഇടവകകളും സ്ഥാനീയ ഭാഷകളിലും ഇംഗ്ലീഷ് മീഡിയത്തിലുമായി നൂറോളം സ്‌കൂളുകളും തുടങ്ങുവാന്‍ ബിഷപ് സിംപോറിയനൊപ്പം മാത്യുഅച്ചന്‍ പ്രവര്‍ത്തിച്ചു.
1984 മുതല്‍ 1988 വരെ അമൃത്‌സര്‍ സെന്റ് ജോണ്‍ വിയാനി മൈനര്‍ സെമിനാരിയില്‍ റെക്‌ടര്‍ ആയി സേവനം ചെയ്‌തു. 1988 മുതല്‍ 90 വരെ ഹയര്‍ സ്റ്റഡീസിനായി മാത്യുഅച്ചന്‍ റോമിലേക്ക് പോയി. 1990 മുതല്‍ 97 വരെ ജലന്തറിലെ ഹോളി ട്രിനിറ്റി റീജിയണല്‍ മേജര്‍ സെമിനാരിയില്‍ റെക്‌ടറായി സേവനം ചെയ്‌തു. അതിനുശേഷവും സെമിനാരിയിലെ അധ്യാപകജോലി തുടര്‍ന്നു. 1997 മുതല്‍ അഞ്ചുവര്‍ഷം കപൂര്‍ത്തലയില്‍ ആയിരുന്നു.
അമൃത്‌സറിലെ ജണ്ടിയാല ഗുരുവില്‍ ആറുവര്‍ഷം വികാരിയും സ്‌കൂള്‍ ഡയറക്‌ടറുമായി സേവനം ചെയ്‌തു. 2008 മുതല്‍ ലുഥിയാനയിലുള്ള സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഡയറക്‌ടറാണ് അച്ചന്‍. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളാണിത്.
ദൈവം ഏല്‍പിച്ച ദൗത്യം പൂര്‍ണമായും ദൈവരാജ്യത്തിനുവേണ്ടി വിനിയോഗിക്കുകയാണ് തന്റെ കടമയും ഉത്തരവാദിത്വവുമെന്ന് വിശ്വസിക്കുന്ന മാത്യു അച്ചന് ചെറുപ്പത്തില്‍ത്തന്നെ മിഷന്‍ലീഗില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നു. മാലിപറമ്പിലച്ചനും മിഷന്‍ലീഗ് കുഞ്ഞേട്ടനും പകര്‍ന്നു നല്‍കിയ സ്‌നേഹവും സൗഹൃദവും മാതൃകയും ഇന്നും ഈ വൈദികനെ തളരാതെ മുന്നോട്ടു നയിക്കുന്നു.
ഭാരതത്തിലെ മുഴുവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ കേരളസഭയ്‌ക്കു കഴിയുമെന്നാണ് അച്ചന്റെ അഭിപ്രായം. അതു വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ നമുക്കു കഴിയട്ടെ എന്നതാണ് അച്ചന്റെ പ്രാര്‍ത്ഥനയും ആഗ്രഹവും. കേരളത്തില്‍ സഭയുടെ വളര്‍ച്ചയ്‌ക്കായി ചിലവഴിക്കപ്പെടുന്നതിന്റെ ഒരംശമെങ്കിലും മിഷന്‍ മേഖലകളിലേക്കു തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ അത് വന്‍ വിജയമായിരിക്കുമെന്ന് അച്ചന്‍ പറയുന്നു. ഓരോ ഇടവകകളില്‍നിന്നും എത്രയോ വൈദികര്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി വിവിധ സ്ഥലങ്ങളില്‍ കഴിയുന്നു. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ സഹായിക്കാന്‍ ഇടവകാസമൂഹങ്ങള്‍ തയാറാവണം.
1992 ല്‍ പൗരോഹിത്യ സില്‍വര്‍ ജൂബിലിയാഘോഷിക്കുമ്പോള്‍, മരകാവിലെ ഇടവകസമൂഹം അച്ചന് ഒരു പാരിതോഷികം നല്‌കാന്‍ ആലോചിച്ചു. ഇതറിഞ്ഞ അച്ചന്‍ അവരോട് ആവശ്യപ്പെട്ടത് മാതാവിന്റെ ഒരു തിരുസ്വരൂപമായിരുന്നു. അമൃത്‌സറിലെ അജ്‌നാല എന്ന സ്ഥലത്ത് ഗ്രോട്ടോ ഉണ്ടാക്കി ആ തിരുസ്വരൂപം അച്ചന്‍ അവിടെ പ്രതിഷ്‌ഠിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ഇപ്പോള്‍ അവിടെയെത്തി പ്രാര്‍ത്ഥിക്കുന്നു. മിഷന്‍ ജീവിതത്തില്‍ ഇത്തരം ചെറിയ അനുഭവങ്ങള്‍പോലും ധാരാളം സംതൃപ്‌തി നല്‌കുന്നതായി അച്ചന്‍ പറയുന്നു.
വിശ്വാസസ്ഥിരതയുള്ള ക്രൈസ്‌തവ സമൂഹത്തെ പല സ്ഥലങ്ങളിലും പടുത്തുയര്‍ത്താന്‍ ഈ വൈദികന് കഴിഞ്ഞു. ജീവിതം മുഴുവന്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച ഈ വൈദികന്‍ കാട്ടിത്തരുന്ന വഴികള്‍ പ്രേഷിതവര്‍ഷത്തില്‍ നമുക്ക് പ്രകാശവീചികളാകട്ടെ.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.