Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 23 December 2011 16:26

ജീവന്റെ തിരുപ്പിറവി

Written by  Shalom Editor
Rate this item
(12 votes)

രണ്ടാമത്തെ കുഞ്ഞിനെയും മരണത്തിന്റെ താഴ്‌വരയിലേക്ക്‌ തള്ളിയിടുമ്പോഴാണ്‌ അയാള്‍ ജീവന്റെ വിലയറിയുന്നത്‌. പിന്നീടയാള്‍ ആറു കുഞ്ഞുങ്ങളുടെ പിതാവായി; ജീവന്റെ കാവല്‍ക്കാരനും പടയാളിയുമായി. ജീവഹത്യയുടെ ലോക ത്ത്‌ ജീവന്റെ മൃദുലശബ്‌ദം വായിച്ചറിയുവാന്‍ മറക്കരുതേ എന്ന പ്രാര്‍ത്ഥനയുമായി ക്രിസ്‌ ഓബെര്‍ട്ട്‌ ആ കഥ പറയുന്നു...29

യാത്രയുടെ ആരംഭം
എന്റെ കുടുംബത്തിന്റെ കഥയാരംഭിക്കുന്നത്‌ അങ്ങകലെ ഫ്രാന്‍സിലും പോളണ്ടിലുമായാണ്‌. വളരെ ചെറുപ്പത്തിലേ എന്റെ പിതാവ്‌, ഹെന്‍റി ഓബെര്‍ട്ട്‌, മാതാപിതാക്കളോടൊപ്പം ജര്‍മനിയിലെ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്കു നയിക്കപ്പെട്ടു. കാരണം, അവര്‍ യഹൂദരായിരുന്നു. ഹിറ്റ്‌ലറിന്റെ നാസി പട്ടാളം പതിനാലുകാരനായ എന്റെ പിതാവിനെ ക്യാമ്പിലെ ശിക്ഷാപാഠശാലയിലയച്ചു. അവിടെവച്ച്‌ അവര്‍ വയലിന്‍ വായിക്കാന്‍ പഠിച്ചു. കൊലയ്‌ക്കുഴിഞ്ഞുവച്ച ആടുകളെപ്പോലെ നിസഹായരായി നില്‍ക്കുന്നവര്‍ക്കു മുമ്പില്‍ വയലിന്‍ വായിക്കുകയായി ബാലനായിരുന്ന എന്റെ പിതാവിന്റെ ജോലി. എന്തിനേറെ, സ്വന്തം മാതാവും പിതാവും അടങ്ങുന്ന സംഘത്തെ ഗ്യാസ്‌ചേംബറിലേക്കു ജാഥയായി നയിക്കുന്ന സമയം. നാസിപട്ടാളം ആ പതിനാലുകാരനോട്‌ വയലിന്‍ വായിക്കാന്‍ ആജ്ഞാപിച്ചു. സ്വന്തം മാതാപിതാക്കളെ നിഷ്‌ഠൂരം വിധിയുടെ വിളയാട്ടത്തിന്‌, അല്ല, ഹിറ്റ്‌ലറിന്റെ പടയുടെ വിളയാട്ടത്തിന്‌ വിട്ടുകൊടുത്തപ്പോള്‍ നിസഹായനായി വീണ വായിച്ച ഒരു അപ്പന്റെ മകനാണ്‌ ഞാന്‍. അന്നദ്ദേഹത്തെ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം കരിയിച്ചുകളഞ്ഞെങ്കില്‍ ഞാനെന്ന വ്യക്തിയില്ല. ഒരു ജീവിതവുമില്ല. പക്ഷേ, സാവധാനം ഞാനതെല്ലാം മറന്നു എന്നതാണ്‌ സത്യം. കടന്നുവന്ന വഴികളെ തമസ്‌കരിച്ചുപോയതിലുള്ള വേദനയിലാണ്‌ എന്റെ പുതുജീവിതം ആരംഭിക്കുന്നത്‌.

യുദ്ധങ്ങളുടെയും കൂട്ടക്കുരുതിയുടെയും സമയം കഴിഞ്ഞു. പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരു സംഘത്തിനൊപ്പം പതിനാറുദിനങ്ങള്‍ യാത്ര ചെയ്‌ത്‌ പോളണ്ടിലെ ഔഷ്‌വിറ്റ്‌സ്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ എന്റെ പിതാവുമെത്തി. വിശുദ്ധ മാക്‌സിമില്ല്യന്‍ കോള്‍ബെ വീരമൃത്യു പ്രാപിച്ച സ്ഥലമാണത്‌. സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ ജയില്‍പ്പുള്ളികളെ പട്ടാളം വെറുതെവിട്ടു. അങ്ങനെ, നിലയില്ലാക്കയത്തിലൂടെ ഉയര്‍ന്നും താണും നീങ്ങിയ ആ ജീവിതം അമേരിക്കയിലെത്തി. ന്യൂയോര്‍ക്കു സിറ്റിയില്‍ 1957 ലാണ്‌ ഞാന്‍ ജനിച്ചത്‌. എന്റെ പിതാവ്‌ യൂദനായിരുന്നെങ്കിലും ഒരു ക്രിസ്‌തീയനാമം എനിക്കിടാനാണ്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടത്‌. മകന്റെ യൂദ പാരമ്പര്യം മറച്ചുപിടിച്ചു, ആ പിതാവ്‌. ഇനിയും ഒരു പീഡനം ഉണ്ടായാല്‍ മകനെങ്കിലും രക്ഷപ്പെടുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. അങ്ങനെ ക്രിസ്റ്റഫര്‍ എന്ന നാമം സ്വീകരിച്ചു. പഠനസാമര്‍ത്ഥ്യവും ഉയര്‍ന്ന ജീവിതനിലവാരവുംകൊണ്ട്‌ ഞാന്‍ ജീവിതത്തിന്റെ പരുക്കന്‍വശങ്ങള്‍ ഒരിക്കലുമറിയാതെ ജീവിച്ചു. അതുകൊണ്ടുതന്നെ മതവിശ്വാസം, ധാര്‍മികത, അത്തരം സംഭാഷണങ്ങള്‍ ഒക്കെ എനിക്കു വെറുപ്പായിരുന്നു. ഞാനെന്ന പ്രപഞ്ചത്തിന്റെ കേന്ദ്രം ഞാന്‍ മാത്രം. എനിക്കു മുകളില്‍ ഒന്നുമില്ല. എനിക്കിഷ്‌ടമുള്ളതു ചെയ്യും, ഇഷ്‌ടമുള്ള സമയത്ത്‌. ഡിഗ്രിപഠനം ഒരു യൂദ യൂണിവേഴ്‌സിറ്റിയിലായതിനാല്‍ ക്രിസ്‌തീയ വിശ്വാസത്തെക്കുറിച്ച്‌ ആരും പ്രത്യേകം പഠിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല. ഓരോ സാഹചര്യത്തിലും എനിക്കു തോന്നുന്ന ധാര്‍മികനിയമം ഞാനുണ്ടാക്കും; മാറ്റണമെന്നു തോന്നിയാല്‍ മാറ്റും. 1984 ലാണ്‌ ലോ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കുന്നത്‌; നിയമപുസ്‌തകം നിരന്തരം കൈകാര്യം ചെയ്യുന്ന ഞാന്‍ നിയമത്തിനധീനന്‍ എന്ന ധാര്‍ഷ്‌ട്യത്തോടെ.

വഴിപിരിയുന്ന ജീവിതം
മാതാപിതാക്കള്‍ നിരന്തരം കലഹിച്ചും ഭിന്നിച്ചും കഴിയുന്ന കാഴ്‌ച കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. എനിക്കു രണ്ടു വയസുള്ളപ്പോള്‍ത്തന്നെ അവര്‍ വിവാഹമോചനം നേടി. പിന്നെ ഇടയ്‌ക്കിടെ കാണും എന്നു മാത്രമായി. എന്റെ ആര്‍ഭാടത്തിന്‌ എന്റെ വിശപ്പു മാറ്റാനായില്ല; എന്റെ താന്‍പോരിമയ്‌ക്ക്‌ എന്നിലെ ദാഹം മാറ്റാനും കഴിഞ്ഞില്ല. പിന്നീടത്‌, വഴിവിട്ട ബന്ധങ്ങളിലേക്കുള്ള കടന്നുകയറ്റമായി. സ്‌നേഹത്തില്‍ കുതിര്‍ന്ന ഒരു ജീവിതം കിട്ടാതെപോയതുകൊണ്ട്‌ അതിനുള്ള അദമ്യമായ ആഗ്രഹം എന്നിലേറി. ഞാനെന്തു ചെയ്‌താലും എന്താണ്‌ കുഴപ്പം? ആരാണ്‌ എനിക്കായി കാത്തുനില്‍ക്കുന്നത്‌? ലോകത്തിന്റെ ലഹരിയിലേക്ക്‌ എടുത്തുചാടുന്നത്‌ ആ നാളുകളിലാണ്‌.

ഒരു പെണ്‍കുട്ടിയുമായടുത്തു. ശരീരമടുത്തപ്പോഴും മനസടുത്തിട്ടില്ല എന്നറിഞ്ഞത്‌ വളരെ വൈകിയാണ്‌. എനിക്കു കിട്ടാതെപോയതെല്ലാം അവളില്‍നിന്നും ഞാന്‍ പ്രതീക്ഷിച്ചു. അവളും അങ്ങനെതന്നെ കരുതി. നെഞ്ചില്‍ സ്‌നേഹമില്ലാതെ കുത്തഴിഞ്ഞ കമിതാക്കളായി ഞങ്ങള്‍ മാറി. അവള്‍ ഗര്‍ഭിണിയാണെന്നറിയുന്നത്‌ ഏതാനും ആഴ്‌ചകള്‍ക്കുശേഷമാണ്‌. അര്‍ഹിക്കുന്ന ഗൗരവം ഞങ്ങളുടെ സ്‌നേഹത്തിനില്ലെന്ന്‌ അറിഞ്ഞതുകൊണ്ട്‌ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. പക്ഷേ, ഗര്‍ഭസ്ഥശിശുവിനെ എന്തു ചെയ്യും? അവള്‍ പറഞ്ഞു, അതിനെ കളഞ്ഞേക്കാം. ഒരു പൂമൊട്ട്‌ പറിക്കുന്ന ലാഘവത്തോടെ ഞാനും പറഞ്ഞു, ഇതിലെന്തിരിക്കുന്നു; ഇതു വെറുമൊരു കൃമിപോലുള്ള ഒന്നല്ലേയുള്ളൂ. കളഞ്ഞേക്കാം. മാത്രമല്ല, അവളുടെ ശരീരത്തില്‍ എന്തും ചെയ്യാന്‍ അവള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. അമേരിക്കയിലെ പരമോന്നത കോടതി ഗര്‍ഭഛിദ്രം നിയമപരമായി അംഗീകരിച്ചിട്ടുമുണ്ട്‌. കാട്ടുമൃഗത്തിന്‌ നിഷ്‌കളങ്കനായ മാന്‍പേടയെ കുത്തി മുറിവേല്‍പിച്ച്‌ കൊല്ലാനും ആഹാരമാക്കാനും ഒട്ടേറെ കാരണങ്ങളുണ്ട്‌. അന്ന്‌ ആ അബോര്‍ഷന്‍ ഒരു പ്രധാന സംഭവം പോലുമായി ഞാന്‍ കരുതിയില്ല. അതുകൊണ്ട്‌ അവള്‍ക്കൊപ്പം ഞാന്‍ ക്ലിനിക്കില്‍പ്പോലും പോയില്ല. ഒരു ചെക്കെഴുതി, അവളുടെ വീട്ടിലെ ബോക്‌സിലിട്ടു. അതോടെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. എന്നെപ്പോലെ വളരാനും ജീവിക്കാനും കെല്‌പുള്ള ഒരു കുഞ്ഞിനെയാണ്‌ മനഃസാക്ഷിയുടെ ഒരൊഴിഞ്ഞ കോണില്‍, ഒരല്‌പം പോലും കുറ്റബോധമില്ലാതെ ഞാന്‍ കൊന്നുകളഞ്ഞതെന്ന്‌ തിരിച്ചറിയാന്‍ വീണ്ടും ഏറെക്കാലം വേണ്ടിവന്നു. പിന്നീട്‌ ഞാനവളെ കണ്ടിട്ടില്ല, അവളെന്നെയും. ശരീരത്തിലാരംഭിച്ച്‌ അതിലവസാനിപ്പിച്ച ഒരു ബന്ധം! തെറ്റിന്റെ ആഴമറിയാതെ എന്നത്തെയുംപോലെ ആ ദിനങ്ങള്‍ എന്നെ കടന്നുപോയി.

തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍
സ്‌നേഹിച്ച ഒരാളെ വഞ്ചിച്ചതായോ ഒരു നിഷ്‌കളങ്ക ജീവനെ ദാരുണം നശിപ്പിച്ചതായോ എനിക്ക്‌ അന്നു തോന്നിയില്ല. അതുകൊണ്ട്‌, അതില്‍നിന്നും യാതൊന്നും പഠിച്ചുമില്ല. ആറുവര്‍ഷം കഴിഞ്ഞ്‌ ഇതുപോലെതന്നെ മറ്റൊരു ബന്ധത്തില്‍ ഞാനെത്തി. സ്‌നേഹത്തിനും അംഗീകാരത്തിനുമുള്ള ഭിക്ഷാപാത്രം കരങ്ങളിലേന്തി നടന്ന എനിക്ക്‌ ആരെങ്കിലും ഇട്ടുതരുന്ന ഒരു ചെറുനാണയംപോലും തിളക്കമുള്ളതായിരുന്നു. ഈ പുതിയ പെണ്‍കുട്ടിയെ എനിക്കേറെ ഇഷ്‌ടമായിരുന്നു, അവള്‍ക്ക്‌ എന്നെയും. ഞങ്ങളേറെ സമയം ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സംസാരിക്കുമായിരുന്നു. ചെറുപ്പത്തില്‍ കിട്ടാതെ പോയതെല്ലാം അവളിലൂടെ തിരികെ ലഭിക്കുന്നതായി എനിക്കു തോന്നി. സ്‌നേഹം, കരുതല്‍, അംഗീകാരം തുടങ്ങി എല്ലാം. താളം നഷ്‌ടപ്പെട്ട എന്റെ ജീവിതത്തിന്‌ ഒരു അര്‍ത്ഥം കിട്ടിയതുപോലെ.

പക്ഷേ, എന്റെ സ്‌നേഹത്തിനു ആഴമില്ലെന്നറിയാന്‍ അധികകാലം കാത്തുനില്‍ക്കേണ്ടിവന്നില്ല. എന്നിലെ ഞാന്‍ സാവധാനം പുറത്തുവരാന്‍ തുടങ്ങി. വിശപ്പില്ലാഞ്ഞിട്ടും ഭക്ഷിക്കുകയും ദാഹമില്ലാഞ്ഞിട്ടും കുടിക്കുകയും സ്‌നേഹമില്ലാഞ്ഞിട്ടും രതിയിലേര്‍പ്പെടുകയും ചെയ്യുന്ന ഒരു മൃഗമായിരുന്നു ഞാന്‍. എന്നിലെ ഈ വാസന ഞങ്ങളുടെ ബന്ധത്തെ ഉലച്ചു. ഞാനവളെ പ്രാപിച്ചു, അവളതിന്‌ പൂര്‍ണമായും വഴങ്ങിയില്ലെങ്കിലും. രണ്ടുമാസം കഴിഞ്ഞപ്പോഴാണ്‌ എന്റെ രക്തത്തില്‍ മറ്റൊരു ശിശു അവളുടെ ഗര്‍ഭത്തില്‍ പിറന്നിരിക്കുന്നെന്ന്‌ ഞാനറിയുന്നത്‌. വാസ്‌തവത്തില്‍, ഞാനതിന്‌ ഇഷ്‌ടപ്പെട്ടിരുന്നില്ല. അവളെത്തന്നെ വിവാഹം കഴിക്കണമെന്ന്‌ തീരുമാനിച്ചിരുന്നുമില്ല. എന്തായാലും സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. അടുത്തതെന്ത്‌ എന്നായി പിന്നീട്‌ എന്റെ ചിന്ത. അബോര്‍ഷന്‍ നടത്തുകതന്നെ. ആദ്യഗര്‍ഭസ്ഥശിശുവിനെ വധിക്കാന്‍ ഞാന്‍ കണ്ടെത്തിയ എല്ലാ കാരണങ്ങളും ഇത്തവണയും ഞാന്‍ സ്വരൂപിച്ചു. കൃമിപോലുള്ള ഒന്നിനെ നശിപ്പിക്കാന്‍ ഞാന്‍ എന്തിനു രണ്ടാമതൊന്ന്‌ ആലോചിക്കണം! അവള്‍ക്ക്‌ തീര്‍ത്തും സമ്മതമായിരുന്നില്ല, ആദ്യത്തേതില്‍ നിന്നും വ്യത്യസ്‌തമായി. അവള്‍ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞു. ഞാനെന്ന പ്രപഞ്ചത്തില്‍ എന്നെ നിയന്ത്രിക്കാനും പങ്കുവയ്‌ക്കാനും എനിക്കൊരാളുടെ ആവശ്യം തോന്നിയില്ല. ഇണചേരുന്ന കാട്ടുമൃഗങ്ങള്‍ പിന്നെ അവയ്‌ക്കായി കാത്തുനില്‍ക്കാത്തതുപോലെ, എന്റെ ജീവിതം എന്നെ കേന്ദ്രീകരിച്ച്‌ മാത്രമായി. ഒടുക്കം അവള്‍ ഓകെ പറഞ്ഞു. ആദ്യ അബോര്‍ഷന്റെ ക്രൂരതയും ആ കുഞ്ഞിന്റെ ജീവനായുള്ള നിലവിളിയും ഈ ലോകത്തിന്റെ കര്‍ണപുടങ്ങളില്‍നിന്നും തുടച്ചുമാറ്റും മുമ്പേ, രണ്ടാമത്തേതും നടന്നു. ഞങ്ങളൊരുമിച്ച്‌ ക്ലിനിക്കില്‍ പോയി. ഒരു ഫിലിം കണ്ടു മടങ്ങുന്ന ലാഘവത്തില്‍ ഒരു ജീവനെ ഉന്മൂലനം ചെയ്‌ത്‌ ഞങ്ങള്‍ മടങ്ങി. ഞാന്‍ അവള്‍ക്കും അവളെനിക്കും ആശംസകളര്‍പ്പിച്ചു, തുടര്‍ജീവിതത്തിന്‌. പിന്നീടൊരിക്കലും ഞാനവളെ തേടിപ്പോയിട്ടില്ല, അവളെന്നെയും.
കുറ്റബോധത്തിന്റെ പിടിയില്‍നിന്നും കുറെക്കാലത്തേക്ക്‌ തെന്നിമാറാന്‍ നമുക്കായേക്കും, പക്ഷേ എല്ലാക്കാലത്തും അതിനു കഴിഞ്ഞെന്നു വരില്ല. ജീവന്റെ ഉടയവന്‍ അതിന്റെ ഘാതകനെ പിടികൂടുകതന്നെ ചെയ്യും. വെളിച്ചത്തിന്റെ സാന്നിധ്യത്തില്‍ അന്ധകാരം വിട്ടുപോകാതെ വയ്യ. രണ്ടാമത്തെ കുഞ്ഞിനെയും വധിച്ചുകളഞ്ഞപ്പോള്‍ എന്തോ ഒരു വിഷമം എന്നില്‍ ആവസിച്ചതുപോലെ തോന്നി. മറക്കാന്‍ ശ്രമിച്ചിട്ടും കഴിയാത്തതുപോലെ. ലഹരിയിലാണ്ടിട്ടും വിട്ടുപോകാത്തതുപോലെ. മാറ്റിനിറുത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ചേര്‍ന്നിരിക്കുന്നതുപോലെ. എന്തിനു ഞാന്‍ വിഷമിക്കണം? ഞാനാരെ ഭയപ്പെടണം? ഈ സ്വാതന്ത്ര്യത്തിന്റെ നാട്ടില്‍ എനിക്കിഷ്‌ടമുള്ളതാണ്‌ എന്റെ ശരി. ചോദ്യവും ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി.

അബോര്‍ഷന്‍ ക്ലിനിക്കും കൂട്ടക്കുരുതിയും
എന്റെയൊരു സുഹൃത്ത്‌ ഒരു അബോര്‍ഷന്‍ ക്ലിനിക്കിന്റെ ഉടമയായിരുന്നു. ആ സ്ഥാപനത്തിന്റെ ഒരു ഷെയര്‍ എന്റേതുമായിരുന്നു. ലാഭമുള്ള ഏതൊരു ബിസിനസിനും അതു ജീവന്റെ വിലപേശലിനാണെങ്കിലും ഒരുക്കമായിരുന്നു ഞാന്‍, ആ കാലങ്ങളില്‍. നിരവധി കമിതാക്കളും ദമ്പതിമാരും ഇടവിടാതെ ഇവിടെയെത്തും. ഒരു ജാള്യതയും കുറ്റബോധവുമില്ലാതെ കര്‍മം നടത്താന്‍ ഞങ്ങള്‍ അവസരമൊരുക്കി. നിയമപരമായ വശങ്ങളെല്ലാം വിശദീകരിച്ച്‌ ഞാനിതിനെ സാധൂകരിക്കും. സാമൂഹ്യപരമായ കാര്യങ്ങള്‍ പറഞ്ഞ്‌ സുഹൃത്തും. ഈ വിശദീകരണങ്ങളൊന്നുമില്ലെങ്കിലും അവര്‍ ഇവിടെയെത്തുന്നത്‌ എന്തിനാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഇതൊട്ടും ഗൗരവമര്‍ഹിക്കുന്നില്ല എന്നു കാണിക്കാനുള്ള ബിസിനസ്‌ തന്ത്രമായിരുന്നു ഞങ്ങളുടെ കോണ്‍ഫ്രന്‍സ്‌ ഹാളിലെ ചായവിതരണവും തുടര്‍ന്നുള്ള വിഷയാവതരണവും. ക്ലിനിക്കിനകത്തേക്ക്‌ ആളുകള്‍ കയറുന്നത്‌ കാണാതിരിക്കാന്‍ കോമ്പൗണ്ടിനു ചുറ്റും പ്രത്യേകം മതിലുണ്ട്‌. എല്ലാം ശുഭകരം. മനസ്സാക്ഷിയെ മറയ്‌ക്കാന്‍ കോണ്‍ഫ്രന്‍സിന്റെ മതിലും ശരീരത്തെയും പേരിനെയും മറക്കാന്‍ കല്ലുകൊണ്ടുള്ള ഭിത്തിയും.

മൂന്നുകൂട്ടം വ്യക്തികളാണിവിടെ എത്തുക. കൗമാരം പിന്നിടാത്ത സ്‌കൂള്‍ അല്ലെങ്കില്‍ കോളജ്‌ കുട്ടികള്‍; കമിതാക്കള്‍; ദമ്പതിമാര്‍. സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ എനിക്കു ഗര്‍ഭധാരണം ഒഴിവാക്കി കിട്ടണം എന്നു പറഞ്ഞാണ്‌ ഒരു പതിനാലുകാരി ഒരിക്കലെത്തിയത്‌. സുഹൃത്തുമായുള്ള ബന്ധത്തില്‍ സംഭവിച്ചതാണ്‌, സ്‌കൂള്‍ ട്രിപ്പിനിടില്‍. `എനിക്ക്‌ വിവാഹം ഇഷ്‌ടമല്ലെന്നു മാത്രമല്ല, കുഞ്ഞുങ്ങളെ എനിക്കുവേണ്ട! ചില പ്രോ ലൈഫ്‌ പ്രവര്‍ത്തകര്‍ അവളുടെ മനസു തിരിക്കാന്‍ ശ്രമിച്ചു: `നീയും ഒരു കുഞ്ഞായിരുന്നു, ഇതുപോലൊരു ഗര്‍ഭസ്ഥശിശു. അന്നു നിന്റെ മാതാപിതാക്കള്‍ നിന്നെ വധിച്ചിരുന്നെങ്കില്‍ നീയെന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ല. അതിനാല്‍, നീ ഈയൊരു പാതകം ചെയ്യരുത്‌! പക്ഷേ, ക്ലിനിക്കുകാര്‍ അവളുടെ സഹായത്തിനെത്തി: `നിന്റെ പഠനമാണ്‌ നിനക്കിപ്പോള്‍ വലുത്‌. ഉള്ളിലുള്ളത്‌ ഒരു കുഞ്ഞൊന്നുമല്ല, ഒരു വെറും ഭ്രൂണം. നീയിപ്പോള്‍ ആ കുഞ്ഞിന്‌ ജന്മം നല്‍കിയാല്‍ നിന്റെ പേരെന്താകും' പ്രായോഗിക ബുദ്ധി അവളുടെ മനസിനെ മഥിച്ചു. രണ്ടാമതൊരു ചിന്തയ്‌ക്കു സ്ഥാനമില്ല. ക്ലിനിക്കിന്റെ വാതിലിനു മുട്ടി. കുരുതിക്ക്‌ എല്ലാ നേരവും തയാറായി നില്‍ക്കുന്ന വൈദ്യന്മാരെത്തി. നിമിഷനേരംകൊണ്ട്‌ എല്ലാം കഴിഞ്ഞു. അവള്‍ തിരിച്ചുപോയി. ഡോളര്‍ മാത്രം നോക്കിയിരുന്ന ഞങ്ങള്‍ക്ക്‌ ജീവന്‍ പ്രധാന വിഷയമല്ലാതായി.

ഏറെ നാളുകള്‍ കഴിയുംമുമ്പ്‌ ആ പെണ്‍കുട്ടി വീണ്ടുമെത്തി. മറ്റൊരു ഗര്‍ഭഛിദ്രത്തിന്‌. അന്നവളുടെ മുഖത്ത്‌ ഒരല്‌പം വിഷാദം കലര്‍ന്നിരുന്നു. ദുര്‍സ്വപ്‌നങ്ങള്‍ അവളെ വേട്ടയാടുന്നു എന്ന കാരണമാണവള്‍ പറഞ്ഞത്‌. മതം പഠിപ്പിക്കുന്ന അധ്യാപകര്‍ ജീവന്റെ ഉടയവനായി ദൈവത്തെക്കുറിച്ച്‌ പറഞ്ഞത്‌, അവളെ അലോസരപ്പെടുത്തി. ആദ്യകുഞ്ഞിന്റെ രോദനം അവളുടെ ദുഃഖത്തിന്‌ ആക്കം കൂട്ടി. പക്ഷേ, ക്ലിനിക്കിലെ കാട്ടാളന്മാരായ വൈദ്യന്മാര്‍ അവള്‍ക്കാശ്വാസത്തിന്റെ വാക്കുകള്‍ ഓതിക്കൊടുത്തു. അവരുടെ കത്രികകള്‍ക്ക്‌ മൂര്‍ച്ച കൂടുന്നത്‌ ഇത്തരം വാക്കുകള്‍ കൊടുത്താണല്ലോ. രണ്ടാമത്തെ ഹത്യയും നടന്നു. ഒരു ഭക്ഷണം ഞങ്ങള്‍ ഓഫര്‍ ചെയ്‌തു. കൂട്ടത്തില്‍ ഒരു ഫിലിമും. അന്നവള്‍ മൂകയായി തിരിച്ചുപോയി. ക്ലിനിക്കിലെ പാട്ടും ഭക്ഷണവും സൗകര്യങ്ങളും അവളെ സന്തോഷിപ്പിക്കാത്തതെന്തേ? അന്നു ഞാനും ഏറെ തളര്‍ന്നിരുന്നു. എന്താണു ഞാനീ ചെയ്യുന്നത്‌? ആരെ രക്ഷിക്കാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌? മൂകമായ മുഖത്തോടെ മടങ്ങിയ ആ പെണ്‍കുട്ടിയെ പിന്നീട്‌ ഞാന്‍ കാണുമ്പോള്‍, ഒരു മാനസികരോഗിക്കു സമാനമായിരുന്നു അവളുടെ വാക്കുകള്‍. ഞാന്‍ ഓതിക്കൊടുത്ത നിയമങ്ങള്‍ എനിക്കെതിരെ തിരിയുന്നതുപോലെ. ഒരറവുശാലയിലാണോ എന്റെ സമ്പത്തിന്റെ ഓഹരിയുള്ളത്‌? മനുഷ്യനെ കുരുതി കഴിക്കുന്ന ഒരു സ്ഥാപനം എനിക്കുവേണോ? ധനത്തിനും ജീവനുംവേണ്ടിയുള്ള ഈ വിലപേശലിലാണ്‌ ആ രാത്രിയില്‍ ഞാന്‍ വിശ്രമിക്കാന്‍ പോയത്‌.

അമേരിക്കന്‍ കൂട്ടക്കുരുതിയും അതിലെന്റെ പങ്കും
ഈ നാളുകളിലാണ്‌ `അമേരിക്കയിലെ കൂട്ടക്കുരുതി' എന്ന പ്രയോഗം ഒരു പറ്റം ആളുകള്‍ ആവര്‍ത്തിക്കുന്നത്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. നിര്‍ദ്ദയം വധിക്കപ്പെടുന്ന പരശതം കുഞ്ഞുങ്ങളുടെ കഥയുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രയോഗം അറിയപ്പെട്ടത്‌. എന്തിന്‌ അബോര്‍ഷന്‍ ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാകുന്നു എന്ന്‌ ആദ്യമായി ചിന്തിച്ച ദിവസങ്ങളായിരുന്നു അത്‌. 1973 ല്‍ അബോര്‍ഷന്‍ നിയമപരമായി അംഗീകരിച്ച നാടാണ്‌ അമേരിക്ക. അഞ്ചുകോടിയിലധികം ഗര്‍ഭസ്ഥശിശുക്കളെ നിയമപരമായിത്തന്നെ വധിച്ചിട്ടുണ്ട്‌. ചില കുഞ്ഞുങ്ങളെ ആദ്യമാസത്തില്‍ത്തന്നെ, മറ്റു ചിലരെ ഏതാനും മാസങ്ങള്‍ പിന്നിട്ടശേഷം. ഇനിയും ചിലതു ജനിക്കുന്നതിന്‌ ഏതാനും ആഴ്‌ചകള്‍ മുമ്പ്‌. എന്തായാലും ശിശുക്കള്‍ വധിക്കപ്പെടും. അതു പാടില്ല എന്നു പറഞ്ഞാണ്‌ പ്രോ ലൈഫ്‌ പ്രവര്‍ത്തകര്‍. അവരുടെ വാക്കുകള്‍ ഞാന്‍ ചെവിക്കൊണ്ടില്ല. ഞാനാരെയും കൊന്നിട്ടില്ല; അതിനു കൂട്ടും നിന്നിട്ടില്ല. ജനിപ്പിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ സ്‌ത്രീയല്ലേ?

ആ രാത്രിയിലാണത്‌ സംഭവിച്ചത്‌. ഒട്ടേറെ അവ്യക്തതകളും വിഷമതകളുമായി കിടന്ന ആ ഇരുണ്ട രാത്രി. പകുതി ഉറക്കമേ ആയുള്ളൂ ആ സമയത്ത്‌. എന്റെ രക്തത്തില്‍ ഗര്‍ഭത്തില്‍ രൂപമെടുത്ത രണ്ടു കുഞ്ഞുങ്ങള്‍ എനിക്കെതിരെ വാളേന്തി നില്‍ക്കുന്നതുപോലെ. ഒട്ടേറെ കുഞ്ഞുങ്ങളുടെ ദീനരോദനവും കേള്‍ക്കാം. ഗ്യാസ്‌ചേംബറില്‍ ജീവശ്വാസത്തിനായി കേഴുന്നതുപോലെ. എന്റെ മനസിനെ ആ രംഗം തകര്‍ത്തുകളഞ്ഞു. ക്ലിനിക്കില്‍ വധിക്കപ്പെടുന്ന നിഷ്‌കളങ്കരക്തം എനിക്കെതിരെ നീതിക്കായി കേഴുന്നതുപോലെ. ഒരു കാട്ടുമൃഗത്തിന്റെ നീതിപോലും എനിക്കില്ലല്ലോ. ഭക്ഷണത്തിനായിട്ടാണവ സഹജീവികളെ കൊല്ലുന്നത്‌. ഞാനോ? ആര്‍ക്കുവേണ്ടിയാണ്‌ ഇതെല്ലാം ചെയ്‌തുകൂട്ടുന്നത്‌? ഈ ലോകത്തെ ഏറ്റവും വലിയ കുറ്റവാളിയാണ്‌ ഞാനെന്ന്‌ എനിക്കു തോന്നി. നീതിക്കുവേണ്ടി വാദിക്കാന്‍ എതിര്‍പക്ഷത്ത്‌ ആരെങ്കിലുമൊക്കെ കാണും ലോകത്തിലെ കോടതികളില്‍. എന്നാല്‍, പിറന്നുവീഴാത്ത കുഞ്ഞുങ്ങള്‍ക്കായി വാദിക്കാന്‍ ആരുമില്ലല്ലോ. കണ്ണീരൊഴുക്കാതെ നിലവിളിക്കുകയും ശബ്‌ദമില്ലാതെ ജീവനായി കേഴുകയും ചെയ്യുന്ന ഗര്‍ഭസ്ഥശിശുവിനെ കത്തിയിറക്കി കഷണങ്ങളാക്കി ക്ലോസറ്റിലൊഴുക്കുന്നതിനെക്കാള്‍ വലിയ ഏതൊരു പാതകമാ ഈ ലോകത്തിലുള്ളത്‌? എന്നിലെ കുറ്റബോധം വര്‍ധിച്ചു. ഞാനെന്ന പ്രപഞ്ചത്തിന്റെ കര്‍ത്താവായിരിക്കാം ഞാന്‍; ഞാനെന്ന നീതിപീഠത്തിന്റെ വിധിയാളനുമാകാം ഞാന്‍; കൂര്‍മബുദ്ധിയോടെ വ്യാപാരം ചെയ്‌തു പണം കൊയ്യുന്ന ഒന്നാന്തരം ഒരു ബിസിനസുകാരനുമാകാം, ഞാന്‍. എന്നാല്‍ ഞാനൊരിക്കലും ഒരു മനുഷ്യനല്ല. ജീവനെ ആദരിക്കാത്തവര്‍ക്ക്‌ ചേര്‍ന്ന നാമമല്ല മനുഷ്യന്‍.

എന്റെ കുറ്റബോധത്തില്‍നിന്നും രക്ഷനേടാന്‍ ആദ്യം ചെയ്‌തത്‌ ക്ലിനിക്ക്‌ അടച്ചുപൂട്ടുകതന്നെ. തൊട്ടടുത്ത ആഴ്‌ചയില്‍ എന്നന്നേക്കുമായി ആ കശാപ്പുശാല അടക്കം ചെയ്‌തു. എന്നിട്ടും, എനിക്കു മനസില്‍ ഒരു സന്തോഷവും അനുഭവപ്പെട്ടിരുന്നില്ല. അന്നു ഞാന്‍ ഈ ക്രൂരതയ്‌ക്കു കൂട്ടുനിന്നതും ചെയ്‌തതും അറിവില്ലാത്തതുകൊണ്ടായിരുന്നു. അറിയാന്‍ ശ്രമിച്ചില്ല എന്നു പറയുന്നതാകും ശരി. എന്റെ യാത്ര കുറെക്കൂടി മനോഹരമാക്കാനും ജീവസുറ്റതാക്കാനും ഞാന്‍ എന്തു ചെയ്യണം? അന്നുവരെ മുഖം തിരിഞ്ഞു നടന്നതും കൊഞ്ഞനം കുത്തിയിരുന്നതുമായ ക്രിസ്‌തീയ ദേവാലയങ്ങളോടും വിശ്വാസികളോടുമുള്ള എന്റെ അടുപ്പം ആരംഭിക്കുന്നത്‌ അവിടെവച്ചാണ്‌.

യാത്രയുടെ രണ്ടാം ഭാഗം
ആരോ തന്ന ഒരു ബൈബിള്‍ എന്റെ കൈവശം ഉണ്ടായിരുന്നു. ഒരു യഹൂദനായ എനിക്ക്‌ അതെടുത്തു വായിക്കുന്നതില്‍ പ്രത്യേക അര്‍ത്ഥമൊന്നും തോന്നിയിരുന്നില്ല. നാമംകൊണ്ട്‌ ക്രിസ്‌ത്യാനിയെങ്കിലും കര്‍മംകൊണ്ട്‌ ഒരു അവിശ്വാസിയും ജനിച്ച മതത്തെപ്പോലും ആദരിക്കാത്ത വ്യക്തിയുമായിരുന്നു ഞാന്‍. എന്റെ ക്രിസ്‌ത്യന്‍ സുഹൃത്തുക്കള്‍ എന്നെ ബൈബിള്‍ ക്ലാസിനു ക്ഷണിച്ചു. യേശു ആരെന്ന അന്വേഷണം ആരംഭിക്കുന്നത്‌ അവിടെയാണ്‌. സ്ഥാപിതമായ ഒരു സഭയോടോ മതത്തോടോ പ്രിയം തോന്നിയതുകൊണ്ടല്ല, വളരെപ്പേര്‍ യേശുവെന്ന വ്യക്തിയെക്കുറിച്ചു പറയുന്നുണ്ട്‌, ആകൃഷ്‌ടരുമാകുന്നുമുണ്ട്‌. ഒരു ക്രിസ്‌ത്യാനി ആകണമെങ്കില്‍ എന്തു ചെയ്യണം? അപേക്ഷ കൊടുക്കണോ, പരീക്ഷ പാസാകണോ, റോമില്‍ പോകണോ ഒന്നും അറിയില്ല.

ആയിടെയാണ്‌ എന്റെ ഭാവിവധുവായ റോണ്‍ണ്ടയെ കണ്ടുമുട്ടുന്നത്‌. നലംതികഞ്ഞൊരു കത്തോലിക്കാ യുവതിയായിരുന്നു അവര്‍. യേശുവെന്നാല്‍ അവള്‍ക്കു ഹരമായിരുന്നു. സമയമനുസരിച്ച്‌ മാറുന്ന കത്തോലിക്കയായിരുന്നില്ല അവള്‍. അവളാണെനിക്ക്‌ ഈശോയെ കാണിച്ചുതരുന്നത്‌. ജീവിതയാത്രയില്‍ അവളെനിക്ക്‌ ഇണയും തുണയുമായി. ഞങ്ങള്‍ വിവാഹിതരായി. വിശ്വസ്‌തമായ ബന്ധത്തില്‍ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോള്‍, ശാരീരിക അസ്വസ്ഥതമൂലം അവളെ ആശുപത്രിയിലാക്കി. അള്‍ട്രാസൗണ്ട്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. കുഞ്ഞിന്റെ താളമിടിപ്പും വളര്‍ച്ചയും ശ്രദ്ധിക്കുന്നത്‌ ആദ്യമായി അവിടെവച്ചാണ്‌. `ഇതൊരു കുഞ്ഞല്ല എന്നു വാദിച്ച്‌ കൊലയ്‌ക്കു കൂട്ടുനിന്ന ആ വ്യക്തിയെ എനിക്കു കാണണം' എന്ന്‌ ആരോ വിളിച്ചു പറയുന്നതുപോലെ ആ സമയത്ത്‌ എനിക്കു തോന്നി. ഇത്തരമൊരു അനുഭവം ഒരിക്കലും എനിക്കുണ്ടായിട്ടില്ല. എന്റെ അന്ധത സുഖപ്പെടുന്ന സമയമായിരുന്നു അത്‌.

നാസി തടവറയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എന്റെ പിതാവിന്റെ മാതാപിതാക്കള്‍ ജീവശ്വാസത്തിനായി നിലവിളിച്ചപ്പോള്‍, എന്റെ പിതാവ്‌ വയലിന്‍ വായിച്ചത്‌ നിര്‍ബന്ധിക്കപ്പെട്ടാണ്‌, ജീവനുവേണ്ടിയാണ്‌. നാളുകള്‍ക്കുശേഷം രണ്ടു കുഞ്ഞുങ്ങളെ ദാക്ഷിണ്യംകൂടാതെ വധിക്കാന്‍ കൂട്ടുനിന്നപ്പോള്‍, ഞാനും ഉന്മാദത്തിന്റെയും സ്വന്തം സുഖത്തിന്റെയും വയലിന്‍ വായിച്ചു. തന്നിഷ്‌ടക്കാരനായി. നാസി പടയാളികള്‍ പരശതം മനുഷ്യരെ കൂട്ടക്കുരുതി ചെയ്‌തത്‌ പല കാരണങ്ങള്‍ നിരത്തിയായിരുന്നു. മറ്റു മതക്കാര്‍ ജീവിക്കരുതെന്ന്‌ ഒരുപക്ഷം, രക്തശുദ്ധി നിലനിര്‍ത്തണമെന്ന്‌ വേറൊരു കൂട്ടര്‍, ഇഷ്‌ടമില്ലാത്തവരെ ഭൂമുഖത്ത്‌ ജീവിക്കാന്‍ അനുവദിക്കരുതെന്ന്‌ വേറൊരു കൂട്ടര്‍, നമ്മള്‍ മാത്രം ഈ ലോകത്ത്‌ മതിയെന്ന്‌ ഇനിയും ചിലര്‍. എന്തായാലും മരണം ഉറപ്പ്‌. ഭ്രൂണഹത്യയിലും കാരണങ്ങള്‍ നിരവധിയാണ്‌. ചിലര്‍ക്ക്‌ ഇപ്പോള്‍ ഗര്‍ഭം പ്രതീക്ഷിച്ചിരുന്നില്ല എന്ന ചിന്ത, വളര്‍ത്താന്‍ ധനമില്ല, നേരത്തെ ആയി ഗര്‍ഭധാരണം, വിവാഹത്തിനുമുമ്പേ സംഭവിച്ചു, സല്‍പ്പേര്‌ കാക്കണം എന്നിങ്ങനെ വ്യത്യസ്‌ത കാരണങ്ങളുണ്ട്‌. നാസി കൂട്ടക്കുരുതിയിലും ശിശു കൂട്ടക്കുരുതിയിലും ഒരേ യുക്തിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ പ്രപഞ്ചം നമുക്കുള്ളതാണ്‌, നമ്മുടേതുമാത്രം. അമേരിക്കന്‍ കൂട്ടക്കുരുതി എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം ഞാന്‍ തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യം, അതും വ്യക്തിസ്വാതന്ത്ര്യം ഏറെ അനുഭവിക്കുന്ന ഈ നാട്ടില്‍ ഗര്‍ഭസ്ഥശിശുക്കളോടു ചെയ്യുന്ന പാതകത്തിനു കണക്കില്ല എന്നു ഞാന്‍ മനസിലാക്കി. മനസ്‌തപിച്ചു, കരഞ്ഞു, ക്ഷമ ചോദിച്ചു, പ്രാര്‍ത്ഥിച്ചു. ദൈവത്തിനു പൊറുക്കാനാവാത്ത പാപങ്ങളില്ലല്ലോ.

നെഞ്ചില്‍ സ്വീകരിച്ച്‌ ജന്മംകൊടുത്ത ആദ്യശിശു ജനിച്ചു- ക്രിസ്റ്റീന. ആ കുഞ്ഞിന്റെ മുഖത്തു നോക്കിയപ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ തട്ടിയെറിഞ്ഞ ജീവന്റെ വില മുഴുവന്‍ ഞാന്‍ വായിച്ചെടുത്തു. ജീവനുവേണ്ടിയുള്ള എന്റെ യാത്ര എന്നെ കത്തോലിക്കാ ദേവാലയത്തിലെത്തിച്ചു. യഹൂദനെങ്കിലും ഭാര്യയ്‌ക്കൊപ്പം വിശ്വാസശാസ്‌ത്രം പഠിപ്പിക്കുന്ന തൊട്ടടുത്ത ദേവാലയത്തിലെ ഒരു ഗ്രൂപ്പില്‍ അംഗമായി. പഠനമാരംഭിച്ചു. അവിശ്വാസിയായ ഒരു യൂദന്‍ വിശ്വാസിയാകുന്നതും ജീവന്റെ ഘാതകനായ ഒരു കൊലയാളി ജീവന്റെ കാവല്‍ക്കാരനാകുന്നതും മരവിച്ച മനഃസാക്ഷിയെ വിട്ട്‌ ഉണ്ണിയേശുവിന്റെ മനസു സ്വീകരിക്കുന്നതും ഈ ഗ്രൂപ്പില്‍വച്ചാണ്‌.

എന്തുകൊണ്ട്‌ ഞാനൊരു കത്തോലിക്കനായി?
യഥാര്‍ത്ഥത്തില്‍ ക്രിസ്‌തീയ വിശ്വാസത്തിലേക്കുള്ള യാത്ര ആരംഭിച്ചപ്പോഴാണ്‌ വ്യത്യസ്‌തമാര്‍ന്ന ക്രൈസ്‌തവ വിഭാഗങ്ങളെക്കുറിച്ച്‌ ഞാന്‍ കേള്‍ക്കുന്നതും അറിയുന്നതും. ജീവനെ ആദരിക്കാനും ബഹുമാനിക്കാനും എന്നെ പഠിപ്പിച്ചത്‌ കത്തോലിക്കാ ദേവാലയത്തിലെ ആ പ്രാര്‍ത്ഥനാ സമൂഹമാണ്‌. സത്യത്തിനായുള്ള എന്റെ ദാഹം വലുതായിരുന്നു ആ കാലയളവില്‍. അതുകൊണ്ട്‌ കിട്ടുന്ന ക്രിസ്‌തീയ ഗ്രന്ഥങ്ങളൊക്കെ വായിക്കും. സാധിക്കുന്ന ഗ്രൂപ്പുകളിലും ചര്‍ച്ചകളിലുമൊക്ക പങ്കെടുക്കും. അങ്ങനെയിരിക്കെ ഒരു പാസ്റ്റര്‍ അദ്ദേഹത്തിന്റെ ചര്‍ച്ചാക്ലാസിലേക്ക്‌ എന്നെ ക്ഷണിച്ചു. എല്ലാ സഭാവിഭാഗങ്ങള്‍ക്കുമായിട്ടുള്ള ചര്‍ച്ചയായിട്ടാണവര്‍ എന്നെയും വിളിപ്പിച്ചത്‌. പത്തുപേരടങ്ങുന്ന ഒരു ചെറിയ ഗ്രൂപ്പ്‌. കാത്തലിക്‌ വിശ്വാസപ്രമാണങ്ങളും മറ്റു സെക്‌റ്റുകളും തമ്മിലുള്ള വ്യത്യാസമൊന്നും അന്നെനിക്ക്‌ അറിയാമായിരുന്നില്ല. ആദ്യദിവസം അവര്‍ വ്യാഖ്യാനിച്ചത്‌ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായമായിരുന്നു. `എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‌ നിത്യജീവനുണ്ട്‌.' വളരെ ആലങ്കാരിക ഭാഷയില്‍ മാത്രം ആ പാസ്റ്റര്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങി. എന്തോ ഒരു പിശക്‌ അതിലുണ്ടെന്ന്‌ എനിക്കു തോന്നി. എങ്കിലും അതവിടെ പറയാന്‍ ഞാന്‍ പ്രാപ്‌തനായിരുന്നില്ല. കാരണം, വിശ്വാസകാര്യങ്ങളില്‍ ഞാനൊരു ശിശുവായിരുന്നു.

വീട്ടിലെത്തി, ഭാര്യയോടു ചോദിച്ചു. അവള്‍ പറഞ്ഞു, അടിസ്ഥാനപരമായി ചില കാര്യങ്ങളില്‍ ഇത്തരം പ്രൊട്ടസ്റ്റന്റ്‌ സഭാവിശ്വാസവുമായി കത്തോലിക്കാ സഭയ്‌ക്ക്‌ ചേരാനാകില്ല. സത്യത്തിന്‌ സത്യത്തെ ഖണ്‌ഡിക്കാനാവില്ല. എങ്കില്‍, എന്താണ്‌ സത്യം? ആരു പറയുന്നതാണ്‌ ശരി? എല്ലാം മറന്ന്‌ വിശ്വസിക്കുക എന്ന ശൈലി എനിക്ക്‌ സ്വീകരിക്കാവുന്നതായിരുന്നില്ല. ദൈവം മനുഷ്യനുവേണ്ടി തയാറാക്കിയ ഈ വചനം കുറച്ചെങ്കിലും ഗ്രഹണീയമാക്കേണ്ടതല്ലേ. തലപുകഞ്ഞ്‌ ചിന്തിച്ചു. ഒരുപക്ഷേ, കാത്തലിക്‌ പഠനം കുറച്ചുകൂടി സ്വീകാര്യമാകുമോ. എന്നാല്‍ രണ്ടിലും എനിക്ക്‌ പൂര്‍ണവിശ്വാസം തോന്നിയില്ല.
ജീവനെ ബഹുമാനിക്കാന്‍ തുടങ്ങിയ എന്നെ ദൈവം മാനിക്കാതിരിക്കുമോ? രണ്ടാമത്തെ കുഞ്ഞു ജനിച്ച്‌, കുഞ്ഞിന്‌ മാമോദീസ നല്‍കിയ സമയത്ത്‌ ഞാനും കത്തോലിക്കാ ദേവാലയത്തില്‍ മാമോദീസ സ്വീകരിച്ചു. എന്റെ അന്വേഷണത്തിന്‌ ഉത്തരം ലഭിച്ചതുകൊണ്ടല്ല, മറിച്ച്‌ എന്റെ കുഞ്ഞുങ്ങളെപ്രതി. ആറു കുഞ്ഞുങ്ങള്‍ ഞങ്ങളില്‍ പിറന്നു. ജീവിതയാത്രയും ദൈവാന്വേഷണവും എന്നും കൂട്ടത്തിലുണ്ടായിരുന്നു. കത്തോലിക്ക ദേവാലയത്തിലെ വൈദികര്‍ എന്റെ സ്വാതന്ത്ര്യത്തിനു വിട്ടുതന്നു. `ചിലരെ ദൈവം തൊടുംവരെ അവര്‍ അലഞ്ഞുകൊണ്ടിരിക്കും, ഒരിക്കലും നിലയ്‌ക്കാത്ത അന്വേഷണം. ദൈവം തൊടുന്ന മാത്രയില്‍ ജീവിതത്തിന്റെ യൂ ടേണ്‍ എടുത്ത്‌ കൈ കൂപ്പുന്നതു മാത്രമാകും പിന്നെ കാണുക! ഇങ്ങനെ ചില വാക്കുകള്‍ വികാരിയച്ചന്‍ പറഞ്ഞു.

പ്രൊട്ടസ്റ്റന്റ്‌ പാസ്റ്റേഴ്‌സ്‌ പറഞ്ഞുപരത്തുന്ന ആരോപണങ്ങള്‍ ഒന്നൊന്നായി ഞാന്‍ പഠിച്ചു, ധ്യാനിച്ചു, ഗ്രന്ഥങ്ങള്‍ വായിച്ചുനോക്കി. ഭാര്യയുമായി ചര്‍ച്ച ചെയ്‌തു. ആദ്യം ഞാന്‍ തിരിച്ചറിഞ്ഞത്‌ ആരോപണങ്ങളിലെ അതിപ്രസരം എന്ന കാര്യമാണ്‌. സഭയുടെ ചിന്തയെന്തെന്ന്‌ തിരിച്ചറിയാതെ പ്രഘോഷകര്‍ വ്യാഖ്യാനിക്കുന്നു. അതവസാനം സഭയ്‌ക്കുതന്നെ എതിരാകുന്നതിനു കാരണമാകുന്നു. ബിഷപ്‌ ഫുള്‍ട്ടന്‍ ജെ ഷീന്റെ വാക്കുകളോര്‍ക്കുന്നു: `അമേരിക്കയില്‍ കത്തോലിക്കാ വിശ്വാസത്തോട്‌ വെറുപ്പുള്ള നൂറുപേരെ കാണിച്ചുതരാന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍, തെറ്റായി പ്രചരിക്കപ്പെടുന്ന കത്തോലിക്കാ വിശ്വാസത്തെ എതിര്‍ക്കുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരെ കാണാനായേക്കും! എന്റെ യാത്രയില്‍ കത്തോലിക്കാ സഭയാണ്‌ ക്രിസ്‌തുവിന്റെ യഥാര്‍ത്ഥ സഭ എന്ന സത്യത്തിലേക്ക്‌ ഞാനെത്തി. ആഴമുള്ള അടിസ്ഥാനത്തില്‍ പണിയപ്പെടുന്ന ഒരു വിശ്വാസം. പിന്നീട്‌ തെറ്റായ പഠനങ്ങളെത്തേടി ഞാന്‍ പോയിട്ടില്ല, ജീവന്റെ മൂല്യമറിഞ്ഞശേഷം മരണസംസ്‌കാരത്തിന്‌ ഒരിക്കലും കൂട്ടുനില്‍ക്കാത്തതുപോലെ തന്നെ.
ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിക്കുന്ന പാസ്റ്റര്‍മാര്‍ക്കെതിരെ ഞാന്‍ തുറന്നു സംസാരിച്ചു. വിവാഹത്തിന്റെ മഹത്വം സഭ പഠിപ്പിക്കുന്നുണ്ട്‌. ആ സംവിധാനം നാം ആദരിക്കണം. ദൈവത്തിന്റെ സംവിധാനമാണിത്‌. പല പാസ്റ്റര്‍മാരും ഇതില്‍ ഒട്ടേറെ വെള്ളം ചേര്‍ത്തു സുഖകരമായി വില്‍ക്കുന്നു. ക്രിസ്‌തുവിന്റെ വചനത്തില്‍ മായം ചേര്‍ക്കരുത്‌. ക്രിസ്‌തുവിന്റെ `കൃപ' വിലകൊടുത്ത്‌ വാങ്ങേണ്ടതാണ്‌. വെറും കമ്പോളവസ്‌തുവല്ല.
ക്രിസ്‌തുവിന്റെ സഭയെ തിരിച്ചറിഞ്ഞതോടെ എന്റെ ദാഹവും വിശപ്പുമെല്ലാം ഒന്നൊന്നായി മാറി. ക്രിസ്‌തുമാത്രം മതി എന്നായി. യൂദനായ എനിക്ക്‌ ഉണ്ണിയേശു തന്ന ദാനമാണെന്റെ ക്രിസ്‌തീയ ജീവിതം. അവിടുന്ന്‌ ജനിച്ചതും യഹൂദനായിട്ടായിരുന്നല്ലോ. അവന്‍ എന്നെ തൊട്ടപ്പോള്‍ ഞാന്‍ മാറി എന്ന ഒരൊറ്റ ഉത്തരം മതിയാകും എന്തുകൊണ്ട്‌ ഞാന്‍ കത്തോലിക്കനായി എന്നതിനുള്ള മറുപടി. ക്രിസ്‌തു തൊടുവോളം നാം അലഞ്ഞുകൊണ്ടേയിരിക്കും. ജീവിതത്തിന്റെ ആരംഭവും ഒടുക്കവും ധ്യാനവിഷയമാക്കാതെതന്നെ. അവനൊന്നു തൊട്ടാലോ പിന്നെ അധികം ചോദ്യങ്ങളൊന്നുമില്ല. കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഞാന്‍ സ്വീകരിച്ച മാമോദീസ, അന്നാദ്യമായി ഹൃദയത്തില്‍ പൂര്‍ണമനസാലെ ഞാന്‍ സ്വീകരിച്ചു.

ക്രിസിന്‌ ഇനി ജീവന്റെ ഉത്സവം
രണ്ട്‌ അന്വേഷണങ്ങള്‍ അയാള്‍ നടത്തി: ജീവന്റെ ഉടയവന്‍ ആര്‌? ആ ഉടയവന്‍ ഇന്നെവിടെ പ്രവര്‍ത്തന നിരതമാകുന്നു? ആറുമക്കളെയും ഭാര്യയെയും ചേര്‍ത്തുവച്ച്‌ ക്രിസ്‌ പറയും, ജീവന്റെ ഉടമസ്ഥന്‍ ദൈവംതന്നെ. സൃഷ്‌ടിയും സ്ഥിതിയും സംഹാരവും അവനിലാണ്‌. മനുഷ്യനതിനാകില്ല. ജീവനെ അതിന്റെ ആദ്യനിമിഷം മുതല്‍ ബഹുമാനിക്കാനും ആദരിക്കാനും പരിരക്ഷിക്കാനുമുള്ള കടമയില്‍നിന്ന്‌ നമുക്കാര്‍ക്കും ഒഴികഴിവില്ല. രണ്ടു വിധേനയുള്ള ശുശ്രൂഷകളില്‍ ക്രിസ്‌ ഇന്ന്‌ ഏര്‍പ്പെട്ടിരിക്കുന്നു: സാധിക്കുന്ന എല്ലായിടത്തും പോയി സ്വന്തം അനുഭവം പങ്കുവയ്‌ക്കുക. കാട്ടാളനിയമത്തില്‍നിന്നും മനുഷ്യനിയമത്തിലേക്കും ദൈവനിയമത്തിലേക്കും മാറിയ കഥ. കൊലയാളിയില്‍നിന്നും കാവലാളായി മാറിയ കഥ. മരണസംസ്‌കാരത്തില്‍നിന്നും ജീവസംസ്‌കാരത്തിലേക്ക്‌ യാത്രയായ കഥ. രണ്ടാമത്‌, ചേതനയറ്റ ഒരു യൂദന്‍ ജീവനുള്ള ക്രിസ്‌തുവിന്റെ യോദ്ധാവായിത്തീര്‍ന്ന കഥ ഞാന്‍ പങ്കുവയ്‌ക്കും. റേഡിയോ, ടി.വി, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഞാന്‍ സാക്ഷ്യപ്പെടുത്താറുണ്ട്‌. ഒരിക്കല്‍ ക്ലിനിക്കിലേക്ക്‌ ആളുകളെ ക്ഷണിച്ചെങ്കില്‍, ഇന്നു ഞാന്‍ കര്‍ത്താവിലേക്ക്‌ ആളുകളെ ക്ഷണിക്കുന്നു.

അബോര്‍ഷന്‍ സ്‌ത്രീയുടെ മാത്രം പ്രശ്‌നമല്ല, അതു പുരുഷന്റെയും കുടുംബം മുഴുവന്റെയും പ്രശ്‌നമാണ്‌. അത്‌ ഒരാളുടെ തീരുമാനമല്ല, പലരും പ്രത്യക്ഷമായും പരോക്ഷമായും ഇതിനു കൂട്ടുനില്‍ക്കുന്നു. ഇവിടെ തീര്‍ത്തും പരാജിതമാകുന്നത്‌ ഉദരശിശുവെങ്കിലും, ശിഷ്‌ടകാലത്തെ ചേതനയറ്റ ജീവിതംകൊണ്ട്‌ തകര്‍ന്നടിയുന്നത്‌ ഒരു കുടുംബം മുഴുവനുമാണ്‌- ക്രിസ്‌ ഓബെര്‍ട്ട്‌ പറയുന്നു. കുഞ്ഞുങ്ങള്‍ ദൈവദാനമാണ്‌. ദൈവം ഇന്നും ജീവിക്കുന്നു എന്നു കാണിക്കുന്ന ദാനം. ഒരു കുഞ്ഞിന്റെയും ദീനരോദനം ഇനിയൊരിക്കലും ഒരു ഉദരത്തില്‍നിന്നും ഉയരാതിരിക്കട്ടെ. അവിടെ നാം കേള്‍ക്കും അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്‌തുതി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം!.

Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.