Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 23 December 2011 16:22

കണ്ണീരിന്‌ പിന്നിലെ സുവിശേഷാഗ്നി

Written by  Shalom Editor
Rate this item
(12 votes)

ഒറീസായിലെ കാണ്ടമാലില്‍ വര്‍ഗീയ ശക്തികളില്‍ നിന്നും മാനസികവും ശാരീരികവുമായ ഒട്ടനവധി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും നഗരമധ്യത്തിലൂടെ അവഹേളിതനായി നടത്തുകയും ചെയ്‌ത ഫാ. തോമസ്‌ ചെല്ലന്റെ ഓര്‍മ്മകള്‍.27

``കാണ്ടമാല്‍ കലാപങ്ങളോടുകൂടി ആരംഭിച്ചതാണ്‌ എന്റെ യഥാര്‍ത്ഥ ക്രിസ്‌മസ്‌. എന്തെന്നാല്‍ അന്നുമുതല്‍ ഞാന്‍ ക്രിസ്‌തുവിനെപ്പോലെയാണ്‌. സ്വന്തമായൊരിടമില്ല. മറ്റുള്ളവന്റെ കാലിത്തൊഴുത്തുപോലും കടമെടുത്ത ക്രിസ്‌തുവിന്റെ വേദന എനിക്കറിയാം. 2007-ലെ ക്രിസ്‌മസിന്‌ ഞാനൊരു വീട്ടില്‍ ഒളിവിലായിരുന്നു. 2008 ല്‍ മറ്റൊരിടത്ത്‌ ഒളിവില്‍. പിറ്റേ വര്‍ഷം വേറൊരിടത്ത്‌. നക്ഷത്ര വെളിച്ചത്തില്‍ ജ്ഞാനികളുടെ ബെത്‌ലഹേം തേടിയുള്ള യാത്രപോലെ എന്റെ യാത്ര തുടരുകയാണ്‌.'' 2008 ആഗസ്റ്റ്‌ 24 ന്‌ ഒറീസായിലെ കാണ്ടമാലില്‍ വര്‍ഗീയ ശക്തികളില്‍ നിന്നുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഫാ. തോമസ്‌ ചെല്ലന്‍ പറഞ്ഞു..
``സഹനത്തിലൂടെയും പീഡനത്തിലൂടെയും അവഹേളനത്തിലൂടെയും നാം കടന്നുപോകുമ്പോള്‍ സത്യത്തില്‍ നമ്മുടെ ലോകം വലുതാകുന്നു. പത്രത്താളുകളില്‍ സമാനമായ സംഭവങ്ങള്‍ വായിക്കുമ്പോള്‍ അവരില്‍ ഒരാളാണ്‌ ഞാന്‍ എന്ന വികാരം എന്നെ അലട്ടുന്നു. ഒറീസായിലെ പീഡനങ്ങള്‍ക്കുശേഷം പീഡിത സഭയ്‌ക്കുവേണ്ടി കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥനകള്‍ അധരങ്ങളുടേതല്ല, ഹൃദയത്തിന്റേതാണെന്ന്‌ എനിക്കറിയാം.'' അച്ചന്‍ തുടര്‍ന്നു. ``കഴിഞ്ഞുപോയതൊന്നും ഓര്‍ക്കുവാന്‍ എനിക്കിഷ്‌ടമല്ല. എല്ലാവരുടെ ജീവിതങ്ങളിലും ഇഷ്‌ടമുള്ളതും ഇഷ്‌ടമില്ലാത്തതുമായ സംഭവങ്ങള്‍ പലതുമുണ്ടല്ലോ. അവയെല്ലാം കഴിഞ്ഞുപോയവയാണ്‌. പിന്നിട്ടവയെക്കുറിച്ച്‌ ആലോചിക്കാതെ മുന്നേറുകയാണ്‌ നാം ചെയ്യേണ്ടത്‌.''

സ്വാമി ലക്ഷ്‌മണാനന്ദ അക്രമിക്കപ്പെട്ടതായി ടെലിവിഷനില്‍നിന്ന്‌ വാര്‍ത്തയറിഞ്ഞയുടനെ ഞാന്‍ അടുത്തുള്ള പോലിസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചു. എനിക്കറിയാം, ഇനി എന്താണ്‌ സംഭവിക്കാന്‍ സാധ്യതയുള്ളതെന്ന്‌. എന്നാല്‍ നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട, ഞങ്ങള്‍ അടുത്തുതന്നെയുണ്ട്‌ എന്നാണ്‌ പോലീസധികൃതര്‍ പറഞ്ഞത്‌.

പതിയിരിക്കുന്ന ആക്രമണത്തിന്റെ ധ്വനി എനിക്കപ്പോള്‍ കേള്‍ക്കാന്‍ കഴിയുമായിരുന്നു. എന്തെന്നാല്‍ മുമ്പുണ്ടായ ആക്രമണത്തില്‍ ദേവാലയങ്ങളും കത്തോലിക്കാ സ്ഥാപനങ്ങളും ഭവനങ്ങളും തകര്‍ക്കപ്പെട്ടപ്പോള്‍ വൈദികര്‍ക്കും സിസ്റ്റേഴ്‌സിനും മാത്രമല്ല, നാട്ടുകാര്‍ക്കെല്ലാം ഒരു പുനരധിവാസകേന്ദ്രം പോലെയായിരുന്നു രൂപതാ പാസ്റ്ററല്‍ സെ ന്റര്‍. അതിന്റെ ഡയറക്‌ടറായ ഞാന്‍ പുനരധിവാസത്തിനായി അഹോരാത്രം പ്രയത്‌നിച്ചിട്ടുമുണ്ട്‌. അതിനാല്‍ത്തന്നെ ഈ കേന്ദ്രം തകര്‍ക്കുകയെന്നത്‌ വര്‍ഗീയ വാദികളുടെ ആവശ്യമാണ്‌. പോലിസ്‌ തന്ന ഉറപ്പുകളെ മറികടന്ന്‌ വൈകുന്നേരം നാലരയോടുകൂടി മുദ്രാവാക്യങ്ങളുമായി വലിയൊരു ആള്‍ക്കൂട്ടം ആയുധങ്ങളുമേന്തി പാസ്റ്ററല്‍ സെന്ററിലേക്ക്‌ ഇരച്ചുകയറി.''

ഭീതിയോടുകൂടി ഞാനും മറ്റൊരച്ചനും ഒരു സിസ്റ്ററും കൂടി സെന്ററിന്‌ പുറകുവശത്തെ മതില്‍ ചാടിക്കടന്ന്‌ പ്രാണരക്ഷാര്‍ത്ഥം ഓടി. ജനങ്ങളുടെ ആരവത്തോടൊപ്പം ജന ല്‍ച്ചില്ലുകള്‍


പൊട്ടിച്ചിതറുന്നതിന്റെയും വാതിലുകള്‍ തകര്‍ക്കപ്പെടുന്നതിന്റെയും ശബ്‌ദം ഞങ്ങള്‍ക്ക്‌ അപ്പോള്‍ കേള്‍ക്കാമായിരുന്നു. അല്‌പനിമിഷങ്ങള്‍ക്കകം അനേകരുടെ അഭയകേന്ദ്രമായിരുന്ന പാസ്റ്ററല്‍ സെന്ററില്‍നിന്ന്‌ കറുത്ത പുകയും അഗ്നിജ്വാലകളും ഉയര്‍ന്നു. പേടിച്ചുവിറച്ച്‌ ഞങ്ങള്‍ വനത്തിലൂടെ ഓടിക്കൊണ്ടിരുന്നു. രാത്രി എട്ടുമണിയോടുകൂടി ഞങ്ങള്‍ നുവാഗണിനടത്തുള്ള പ്രഹ്‌ളാദ്‌ പ്രദന്റെ വീട്ടില്‍ എത്തി. അയാള്‍ ഞങ്ങള്‍ക്ക്‌ ഭക്ഷണവും അഭയവും തന്നു. പിറ്റേദിവസം രാവിലെ ഞാന്‍ താമസിച്ചിരുന്ന മുറിയുടെ ജനലിലൂടെ ഒരു കുഞ്ഞുദേവാലയം തകര്‍ക്കപ്പെടുന്ന കാഴ്‌ച കണ്ടു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ പ്രഹ്‌ളാദ്‌ എന്നെ മറ്റൊരു മുറിയിലിട്ട്‌ വാതില്‍ പുറത്തുനിന്നും പൂട്ടി. അങ്ങനെ രക്ഷപെടാമെന്നാണ്‌ ഞാനും കരുതിയെങ്കിലും കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല നടന്നത്‌. ഏകദേശം ഒന്നരമണിയോടുകൂടി അമ്പതോളം ആളുകള്‍ ഉച്ചത്തില്‍ ആക്രോശിച്ച്‌ വാതില്‍ തല്ലിത്തകര്‍ത്ത്‌ എന്നെ വലിച്ചു പുറത്തിട്ടു. സിസ്റ്റര്‍ മീന എനിക്കുമുമ്പേ അവരുടെ കൈയില്‍ അകപ്പെട്ടിരുന്ന കാഴ്‌ച അപ്പോഴാണ്‌ ഞാന്‍ കണ്ടത്‌. എന്നെയവര്‍ അതിക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങി. എന്റെ ഷര്‍ട്ടും ബനിയനും വലിച്ചുകീറി. വടികളും കമ്പിപ്പാരകളും മറ്റ്‌ മാരകായുധങ്ങളുമായി അവര്‍ എന്നെ തലങ്ങും വിലങ്ങും അടിച്ചു. ``നിങ്ങള്‍ എന്തിനാണ്‌ സ്വാമിയെ കൊന്നത്‌? അതിനായി നിങ്ങള്‍ എത്ര പണം പറ്റി?'' ഇങ്ങനെ ചോദിച്ചായിരുന്നു അവരുടെ ആക്രമണം.

സിസ്റ്ററെ അക്രമിക്കാനൊരുങ്ങിയതിനെ ഞാന്‍ തടഞ്ഞപ്പോള്‍ അവര്‍ എന്നെ മര്‍ദ്ദിച്ച്‌ റോഡിലേക്ക്‌ വലിച്ചിഴച്ചു. ഒരാള്‍ അപ്പോള്‍ ശിരസിലൂടെ മണ്ണെണ്ണ ഒഴിച്ചു. കുറച്ചുപേര്‍ എന്നെ കത്തിക്കാനായി തീപ്പെട്ടിയെടുത്തപ്പോള്‍ മറ്റുചിലര്‍ റോഡിന്റെ മറുവശത്ത്‌ എത്തിയിട്ടാകാമെന്ന്‌ ദേഷ്യത്തോടെ പറഞ്ഞു. നടുറോഡില്‍ പത്തു മിനിട്ടുകളോളം എന്നെ അവര്‍ മുട്ടുകുത്തി നിര്‍ത്തി. ഇതിനിടയില്‍ ഞങ്ങളെ രണ്ടുപേരെയും കെട്ടിയിട്ട്‌ കത്തിക്കുവാനായിരുന്നു വേറെ ചിലരുടെ ആക്രോശം. പിന്നീട്‌ റോഡിലൂടെ ഞങ്ങളെ നഗരി കാണിക്കാമെന്നായി തീരുമാനം. അര്‍ദ്ധനഗ്നരായി ഞങ്ങള്‍ നടത്തപ്പെട്ടു. കുറച്ചുപേര്‍ മലയാളത്തില്‍ അസഭ്യവര്‍ഷം ചൊരിയന്നത്‌ എനിക്ക്‌ കേള്‍ക്കാമായിരുന്നു. ഇതിനിടയില്‍ വഴിയരികില്‍ കണ്ട പോലിസുകാരോട്‌ രക്ഷയ്‌ക്കായി കേണെങ്കിലും അവരും നിശ്ചലരായിരുന്നു. നുവാഗണ്‍ സെന്ററില്‍ എത്തിയപ്പോള്‍ ഞങ്ങളെ കത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും തുടര്‍ന്ന്‌ കുറച്ചുപേര്‍ ഇടപെട്ട്‌ അതിനെ തടയുകയും ഒമ്പതുമണിയോടുകൂടി പോലിസ്‌ വന്ന്‌ ഞങ്ങളെ ബലിഗുഡ സ്റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. തുടര്‍ന്നുള്ള കഥകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ? നിരപരാധിയായ ക്രിസ്‌തുവിനെ ബന്ധിക്കാന്‍വരെ അക്രമികള്‍ ആയുധങ്ങളുമേന്തി വന്നുവെന്ന്‌ വചനം പറയുമ്പോള്‍ അവന്റെ അനുയായികളായ നമ്മളും ഇവയെല്ലാം സഹിച്ചേ തീരൂ.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍ക്കുമ്പോള്‍ ഈ സഹനങ്ങളെ ദൈവനിയോഗമായി കാണുവാനേ എനിക്കാകൂ. 1970 ല്‍ ഞാന്‍ ഈ മിഷന്‍ രൂപതയ്‌ക്കുവേണ്ടി സെമിനാരിയില്‍ ചേര്‍ന്നതാണ്‌. 1974 ല്‍ എന്റെ ബാച്ചിലുള്ള എല്ലാവരും പോയപ്പോള്‍ ഞാനും വിഷമത്തിലായിരുന്നു. അന്ന്‌ എന്റെ അപ്പച്ചനോട്‌ ഒറീസായിലെ കഷ്‌ടതകളെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ വെറും സാധാരണക്കാരനായ, വിദ്യാഭ്യാസമില്ലാത്ത അദ്ദേഹം പറഞ്ഞത്‌ ഞാനിന്നുമോര്‍ക്കുന്നു: ``നീ ഒരു അച്ചനാകാന്‍ പോകുമ്പോള്‍ ഇവയെല്ലാം സഹിക്കുവാനുള്ള ചങ്കുറപ്പുണ്ട്‌ എന്നാണ്‌ ഞാന്‍ കരുതിയത്‌. ദൈവം കൂടെയുണ്ട്‌, ധൈര്യമായി മുന്നോട്ടുതന്നെ പോകുക'' എന്ന്‌. സത്യത്തില്‍ 2007 ജൂണ്‍ മാസം ഒന്നാം തിയതി ഞാന്‍ ന്യൂയോര്‍ക്കിലെ ഒരു പള്ളിയില്‍ ആയിരിക്കേണ്ടവനായിരുന്നു. എനിക്കതിനുള്ള അനുവാദവും ലഭിച്ചതാണ്‌. എന്നാല്‍ ഒറീസായിലെ കലാപങ്ങളുടെ വെളിച്ചത്തില്‍ പാസ്റ്ററല്‍ സെന്ററില്‍തന്നെ കുറച്ചുനാള്‍കൂടി നില്‍ക്കുവാനായി പിതാവ്‌ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഒരുപക്ഷേ വിദൂരത്തിരുന്ന്‌ ഒറീസായിലെ നിരപരാധികള്‍ ആക്രമിക്കപ്പെടുന്നത്‌ ടെലിവിഷനിലൂടെയും പത്രങ്ങളിലൂടെയും ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ എന്റെ വേദന ഞാന്‍ ശരീരത്തില്‍ അനുഭവിച്ചതിനേക്കാള്‍ ഏറെ മടങ്ങ്‌ കൂടുതലായിരിക്കുമെന്നേ പറയാനാകൂ. അന്നും പിടി കൊടുക്കാതെ ഓടി രക്ഷപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും അങ്ങനെ ചെയ്യാതിരുന്നതില്‍ ഞാനിന്നും അഭിമാനിക്കുന്നു. എനിക്കേറ്റ പ്രഹരങ്ങളില്‍ ഏറ്റവും വേദനാജനകമായത്‌ എനിക്കേറ്റവും പരിചയമുള്ളവരുടേതാണ്‌. അറിയാവുന്ന പോലിസുകാര്‍ കാഴ്‌ചക്കാരായി നിന്നതിലും വിഷമമുണ്ട്‌. പക്ഷേ, എനിക്കവരോടൊന്നും പരിഭവമില്ല. എന്തെന്നാല്‍ അവരെക്കൊണ്ട്‌ അങ്ങനെയെല്ലാം ചെയ്യിച്ചു എന്നേ പറയാനാകൂ. തെളിവെടുപ്പിനായി വരുമ്പോള്‍ എനിക്കറിയാവുന്നവരുടെ മുഖങ്ങള്‍ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു. എന്തെന്നാല്‍ ഞാന്‍ ആരെയും ഒരു മതത്തിന്റെ ചുരുങ്ങിയ കാഴ്‌ചപ്പാടില്‍ നോക്കിയിട്ടില്ല. ഹിന്ദുക്കളായിട്ടും ഉയര്‍ന്നവരും താഴ്‌ന്നവരുമായിട്ടും എനിക്ക്‌ നല്ല ബന്ധം തന്നെയായിരുന്നു. എനിക്കറിയാവുന്നവര്‍തന്നെ എന്നെ പീഡിപ്പിച്ചെങ്കില്‍ അതവരുടെ ജീവരക്ഷാര്‍ത്ഥമെന്നേ ഇപ്പോഴെനിക്ക്‌ പറയാനാകൂ. ഈ ദുരന്തകഥ ഇപ്രകാരം ജനം അറിയുന്നുവെന്നതില്‍ എനിക്ക്‌ സന്തോഷമുണ്ട്‌. ഒറീസായിലെ ജനങ്ങളെങ്കിലും സത്യാവസ്ഥ മനസിലാക്കിയതില്‍ ആനന്ദവുമുണ്ട്‌. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്‌. അവിടെ ന്യൂനപക്ഷമെന്നോ ബഹുപക്ഷമെന്നോ വേര്‍തിരിവ്‌ പാടില്ല. മതസ്വാതന്ത്ര്യം ഏവര്‍ക്കും വേണം. ന്യൂനപക്ഷമായതുകൊണ്ട്‌ വിശ്വാസങ്ങള്‍ ഉപേക്ഷിക്കണമെന്നു പറഞ്ഞാല്‍ ശരിയാകുമോ? ഇതൊരു രാഷ്‌ട്രം നല്‍കുന്ന സ്വാതന്ത്ര്യമാണ്‌. ഈ സംഭവങ്ങള്‍ കഴിഞ്ഞ്‌ മൂന്നു വര്‍ഷങ്ങളായിട്ടും എന്തുകൊണ്ടാണ്‌ അന്നത്തെ കലാപത്തിന്റെ പിന്നിലുള്ള പലരും ശിക്ഷിക്കപ്പെടാത്തത്‌ എന്ന്‌ ചിന്തിക്കേണ്ടതാണ്‌. പൊതുവെ ഒരു ധാരണ ക്രിസ്‌ത്യാനികള്‍ എല്ലാവരോടും പൊറുക്കുന്നവരാണ്‌ എന്നതിനെക്കാള്‍ പൊറുക്കാന്‍ ബാധ്യസ്ഥരാണ്‌ എന്നതാണ്‌. തെളിവെടുപ്പിനായി എന്നെയും സിസ്റ്ററിനെയും കൊണ്ടുപോയപ്പോള്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ നിങ്ങള്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ ക്ഷമ എന്ന പുണ്യമുണ്ട്‌, നിങ്ങള്‍ക്ക്‌ ക്ഷമിച്ചുകൂടെ എന്ന്‌ വിതുമ്പിക്കൊണ്ടിരുന്ന സിസ്റ്ററിനോട്‌ ചോദിച്ചപ്പോള്‍ ഞാനെതിര്‍ത്തു: ``നിങ്ങള്‍ ക്ഷമയെക്കുറിച്ചുള്ള പ്രസ്‌താവനയ്‌ക്കാണോ തെളിവെടുപ്പിനാണോ കൊണ്ടുവന്നതെന്ന്‌?'' ``നിങ്ങള്‍ എന്തു കാരണത്താലാണ്‌ എന്നെ അടിച്ചതെന്ന്‌ ക്രിസ്‌തുപോലും സുവിശേഷത്തില്‍ ചോദിക്കുന്നുണ്ടല്ലോ. ക്രിസ്‌ത്യാനികള്‍ എന്തും ക്ഷമിക്കണമെന്നതാണോ ഇതിന്റെ അര്‍ത്ഥം? ക്രിസ്‌തു പഠിപ്പിച്ച ക്ഷമ മാനസാന്തരത്തിലേക്കും വ്യക്തികളുടെ വീണ്ടെടുപ്പിലേക്കും നയിക്കുന്നതായിരുന്നു. അതങ്ങനെ തന്നെയായിരിക്കണം താനും. അതല്ലാതെ കണ്ണടച്ച്‌ ക്ഷമിച്ചു എന്നു പറയുന്നതിനോട്‌ എനിക്ക്‌ യോജിക്കാനാകില്ല. നമ്മുടെ പോരാട്ടവും പ്രാര്‍ത്ഥനയും നീതിക്കുവേണ്ടിയാണ്‌. ഞാന്‍ സംസാരിക്കുന്നത്‌ എനിക്കോ സിസ്റ്ററിനോ വേണ്ടി മാത്രമല്ല; ഒറീസായിലെ പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയാണ്‌. ഇപ്പോള്‍ നടക്കുന്ന കേസിനെക്കുറിച്ച്‌ ഒരാള്‍ ഇങ്ങനെ പരാമര്‍ശിക്കുകയുണ്ടായി: ``അച്ചന്‍ വിചാരിക്കുന്നുണ്ടോ നിങ്ങള്‍ ഈ കേസില്‍ ജയിക്കുമെന്ന്‌?'' ഞാനയാളോട്‌ പറഞ്ഞു: ഞാന്‍ ജയിച്ചു കഴിഞ്ഞിരിക്കുന്നു. കാര്യങ്ങളുടെ സത്യാവസ്ഥ ലോകം അറിഞ്ഞ നിമിഷം മുതല്‍ എന്റെ ജയം ആരംഭിച്ചിരിക്കുന്നു.''

``മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം രൂപതയും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളും ചേര്‍ന്ന്‌ ഒറീസയില്‍ ആറായിരം വീടുകളോളം നിര്‍മിച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കൂടാതെ ദേവാലയങ്ങളും പുനര്‍നിര്‍മിക്കപ്പെടുന്നു എന്നതിലും ആനന്ദിക്കാം. ഒറീസയില്‍ സഭ വളരുകതന്നെ ചെയ്യും. പീഡനമേറ്റവരുടെ കൂടെ ക്രിസ്‌തുവുമുണ്ട്‌. ഈ വര്‍ഷം കാണ്ടമാലില്‍ നാലുപേര്‍ തിരുപ്പട്ടം സ്വീകരിക്കുന്നു എന്നതും സഭയുടെ വളര്‍ച്ചയുടെ അടയാളങ്ങളുമാണ്‌. ഇന്ന്‌ മാധ്യമങ്ങള്‍ ഉള്ളതുകാരണം ഈ പീഡനകഥകള്‍ ലോകം അറിയുന്നു. എത്രയോ മിഷനറിമാര്‍ ഒറീസയില്‍ ഇതിനുമുമ്പേ കൊല്ലപ്പെട്ടിരിക്കണം? 2008 ലെ സംഭവങ്ങള്‍ക്കുശേഷം ഞാനിതുവരെ അങ്ങോട്ട്‌ പോയിട്ടില്ല. തിരികെ അങ്ങോട്ടുതന്നെ പോകണമെന്നാണ്‌ ആഗ്രഹവും. കഴിഞ്ഞവയെക്കുറിച്ച്‌ ആലോചിക്കാതെ, ദൈവത്തില്‍ വിശ്വസിച്ച്‌ മുന്നോട്ടുതന്നെ പോകുക''; അച്ചന്‍ പൂര്‍ത്തിയാക്കി.28

ചെല്ലനച്ചന്‍ ഇപ്പോഴും മനസുകൊണ്ട്‌ ഒറീസയിലാണ്‌. അച്ചന്റെ വാക്കുകളില്‍ അത്‌ സ്‌പഷ്‌ടം. സഭ വളരട്ടെ, അച്ചനും പീഡിതര്‍ക്കേവര്‍ക്കും നീതി ലഭിക്കട്ടെ!

Last modified on Friday, 23 December 2011 17:13
Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.