``ഒരുസംഘം ആളുകള്‍ ആ വീട്ടില്‍ ഞാന്‍ താമസിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി. ഒരാള്‍ എന്റെ ചെകിട്ടത്തടിച്ചു. തലമുടിയില്‍ പിടിച്ചു വലിച്ചു. തീയിലിട്ടു ചുടുമെന്നു പറഞ്ഞ് എന്നെ അടുത്തുതന്നെ കത്തിയമര്‍ന്ന ജനവികാസ് കേന്ദ്രത്തിന്റെ വരാന്തയിലേക്ക് കൊണ്ടുപോയി. അവര്‍ എന്റെ വസ്‌ത്രങ്ങള്‍ വലിച്ചുകീറി...'' സിസ്റ്റര്‍ മീന ബറുവയുടെ ക്രിസ്‌മസ് നമ്മുടെ കണ്ണുകളെയും
ഈറനണിയിക്കും.
``ജീവിതത്തില്‍ നല്ലതും ചീത്തയുമായ അനേകം കാര്യങ്ങള്‍ സംഭവിക്കുന്നു. എല്ലായ്‌പ്പോഴും നല്ലതോ എല്ലായ്‌പ്പോഴും ചീത്തയോ മാത്രം സംഭവിക്കണമെന്നില്ല. പക്ഷേ എല്ലായ്‌പ്പോഴും ദൈവം നമ്മുടെ കൂടെയുണ്ട്. ഓരോ സഹനങ്ങളിലൂടെയും നമ്മള്‍ അവിടുത്തോട് കൂടുതല്‍ അടുക്കുന്നു. അവിടുന്ന് നമ്മുടെ തൊട്ടരികില്‍ തന്നെ ഉണ്ടെന്ന് ഉറപ്പുനല്‍കുന്നു. അതിനെക്കാള്‍ വലുതായി നമുക്കെന്താണു വേണ്ടത്? ദൈവം ആരെയും ഒരിക്കലും കൈവെടിയുന്നില്ല. അതാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്.''
ഒറീസയിലെ സംബല്‍പൂര്‍ ജില്ലയില്‍ ജനിച്ച് ഒറീസയിലെ ജനങ്ങളെത്തന്നെ സേവിക്കുന്നതിനിടയില്‍ 2008 ലെ കാണ്ടമാല്‍ കലാപങ്ങളില്‍ ശത്രുക്കളാല്‍ പിച്ചി ചീന്തപ്പെട്ട സിസ്റ്റര്‍ മീന ബറുവയുടെ ഇപ്പോഴത്തെ വിശ്വാസങ്ങളാണ് മുകളില്‍ ചേര്‍ത്തത്. ആ വാക്കുകളില്‍ ഉറച്ച ബോധ്യമുണ്ട്; അവര്‍ എന്റെ ശരീരം തകര്‍ത്താലും അവര്‍ക്കെന്നിലെ ക്രിസ്‌തുവിനെ തകര്‍ക്കാനാകില്ലെന്ന ബോധ്യം.
മൂന്നു വര്‍ഷങ്ങള്‍ക്കുശേഷവും സിസ്റ്റര്‍ ഇന്നും ക്രിസ്‌തുവിനായി ജീവിക്കുന്നു. അതിനെക്കാള്‍ വലിയ ക്രിസ്‌താനുഭവം വേറെന്തുണ്ട്? അന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പിയ സിസ്റ്റര്‍ മീനയല്ലിന്ന്. ഇന്നവര്‍ പൗലോസ്‌ശ്ലീഹായെപ്പോലെ ക്രിസ്‌തു എന്നെ സ്വന്തമാക്കിയിരിക്കുന്നു എന്ന ബോധ്യത്തിലാണ്.
സംഭവിച്ചതിനെക്കുറിച്ച് സിസ്റ്റര്‍ മാധ്യമങ്ങളോട് അന്ന് വിശദീകരിച്ചിരുന്നു. അതിന്റ രത്‌നച്ചുരുക്കം ഇങ്ങനെയാണ്.
``2008 ആഗസ്റ്റ് 24 ന് നാലരയോടെ ദിവ്യജ്യോതി പാസ്റ്ററല്‍ സെന്ററിന്റെ ഗെയ്‌റ്റിനു മുന്‍പില്‍ വലിയ ആള്‍ക്കൂട്ടത്തിന്റെ അട്ടഹാസങ്ങള്‍ കേട്ട് ഞങ്ങള്‍ പിന്‍വാതിലിലൂടെ വനത്തിലേക്കോടി രക്ഷപ്പെട്ടു. ദൂരെ നിന്ന് ഞങ്ങളുടെ ഭവനം കത്തിയമരുന്നത് ഞങ്ങള്‍ കണ്ടു. അടുത്തുള്ള മാന്യനായ ഒരു ഹിന്ദു തന്റെ വീട്ടില്‍ ഞങ്ങളെ താമസിപ്പിച്ചു. 25 ന് ഉച്ചകഴിഞ്ഞ് ഒന്നരയ്‌ക്ക് ഒരുസംഘം ആളുകള്‍ ആ വീട്ടില്‍ ഞാന്‍ താമസിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി. ഒരാള്‍ എന്റെ ചെകിട്ടത്തടിച്ചു. തലമുടിയില്‍ പിടിച്ചു വലിച്ചു. ഫാദര്‍ ചെല്ലനെയും അവര്‍ മര്‍ദ്ദിക്കുന്നത് എനിക്ക് കാണാമായിരുന്നു. തീയിലിട്ടു ചുടുമെന്നു പറഞ്ഞ് ഞങ്ങളെ അടുത്തുതന്നെ കത്തിയമര്‍ന്ന ജനവികാസ് കേന്ദ്രത്തിന്റെ വരാന്തയിലേക്ക് കൊണ്ടുപോയി. അവര്‍ എന്റെ വസ്‌ത്രങ്ങള്‍ വലിച്ചുകീറി. ചെല്ലനച്ചന്‍ എതിര്‍ത്തെങ്കിലും അവര്‍ അച്ചനെ തല്ലിച്ചതച്ച് ദൂരെ മാറ്റി. എന്റെ കൈകള്‍ വശങ്ങളിലേക്ക് പിടിച്ച് ഒരാള്‍ ഇടതുകൈയിലും മറ്റൊരാള്‍ വലതുകൈയിലും ചവിട്ടിനിന്നപ്പോള്‍ മൂന്നാമതൊരാള്‍ എന്നെ മാനഭംഗപ്പെടുത്തി. അവര്‍ മാറിയപ്പോള്‍ ഞാന്‍ രക്ഷപെടാന്‍ ശ്രമിച്ചു. അപ്പോള്‍ തിരിച്ചറിയാവുന്ന ഒരു ചെറുപ്പക്കാരന്‍ കോവണിപ്പടിക്ക് സമീപമുള്ള മുറിയിലേക്ക് എന്നെ പിടിച്ചുവലിച്ചു. അയാളും എന്നെ മാനഭംഗപ്പെടുത്താനാണ് ശ്രമിച്ചത്.
എന്റെ പച്ച ശരീരത്തെ ഏതോ മരത്തില്‍ അടിക്കുന്നതുപോലെ അവര്‍ മാറിമാറി വടികൊണ്ടും മറ്റും പ്രഹരിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ കിട്ടിയ തക്കംനോക്കി ഞാന്‍ കോവണിക്ക് പിന്നില്‍ ഒളിച്ചു. `അവളെവിടെ, എല്ലാവരും അവളെ ഉപദ്രവിക്കട്ടെ.. ഇവളെ എന്ത് വേണമെങ്കിലും ചെയ്‌തുകൊള്ളൂ...'' ആള്‍ക്കൂട്ടം അങ്ങനെ ആരവം മുഴക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അവരെന്നെ കണ്ടുപിടിച്ച് വീണ്ടും വഴിയിലിറക്കി എന്റെയും ചെല്ലനച്ചന്റെയും കരങ്ങള്‍ ചേര്‍ത്തു പിടിപ്പിച്ചു. എന്റെ സാരി വലിച്ചൂരാന്‍ അവര്‍ ശ്രമിച്ചെങ്കിലും ഞാന്‍ ബലം പിടിച്ചുനിന്നു. അപ്പോളവരെന്റെ മുഖത്തും പുറത്തും ആഞ്ഞടിച്ചു.''
സിസ്റ്ററിന്റെ വേദന നീളുന്നുണ്ട്. നിശ്ചലരായി നിന്ന പോലിസുകാരും അറിയാവുന്ന പലരുടെയും ആക്ഷേപങ്ങളും പ്രഹരങ്ങളും എല്ലാം അവര്‍ ഇന്നും ഓര്‍ക്കുന്നു. മറക്കാന്‍ ശ്രമിക്കുമ്പോഴും മുറിപ്പാടുകള്‍ പോലെ അവയങ്ങനെ തടിച്ചുകൂടി നില്‍ക്കുന്നു. അന്നത്തെ സംഭവങ്ങളെക്കുറിച്ച് സിസ്റ്റര്‍ സണ്‍ഡേശാലോം വായനക്കാരോട് പറഞ്ഞു:
``എന്തുതന്നെ ആയാലും അവയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനുഷ്യനെന്ന നിലയില്‍ ദുഃഖവും വേദനയും എനിക്കുണ്ട്. എന്നാല്‍ അവയെല്ലാം ജീവിതത്തിന്റെ ഭാഗമായി ഇപ്പോള്‍ സ്വീകരിക്കുന്നു. എത്രയോ പേര്‍ക്ക് ഇതുപോലുള്ള സഹനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടാകണം. അന്നത്തെ അനുഭവങ്ങള്‍ക്കുശേഷം മറ്റുള്ളവരുടെ സഹനങ്ങളിലേക്കും നൊമ്പരങ്ങളിലേക്കും കുറച്ചുകൂടെ ആര്‍ദ്രമായി നോക്കുവാനെനിക്ക് കഴിയുന്നു. എത്രയോ നിരാലംബര്‍ക്കാണ് ഒന്നെതിര്‍ക്കുവാന്‍പോലും കഴിയാതെ, നിലവിളിക്കാന്‍ പോലുമാകാതെ, ഒരു പരാതിപോലും കൊടുക്കാനാകാതെ ഇപ്പോഴും പീഡനങ്ങള്‍ ഏറ്റുകൊണ്ടിരിക്കുന്നത്? നമുക്കെല്ലാം ആധാരം ക്രിസ്‌തുതന്നെയാണ്. ക്രിസ്‌മസ് നാളില്‍ പീഡനങ്ങള്‍ ഏറ്റുകൊണ്ടിരിക്കുന്ന ഏവരോടും എനിക്കൊന്നേ പറയുവാനുള്ളൂ- സഹനങ്ങളില്‍ ആരും തനിച്ചല്ല എന്നുമാത്രം. എന്റെ അനുഭവമതാണ്. നിങ്ങളോടൊപ്പം സഹിച്ചവള്‍ ആയി നിങ്ങളോടൊപ്പം ഞാനുമുണ്ട്. തീര്‍ച്ചയായും ആ നല്ല നാളെകള്‍ വരും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എല്ലാം മാറും. ക്രിസ്‌മസ് നല്‍കുന്നതും ആ പ്രത്യാശയാണ്. ദൈവം അനുഗ്രഹിക്കട്ടെ.''
ഒരുപാട് നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയവര്‍ക്ക് ഒത്തിരി വാക്കുകള്‍ ഉണ്ടാകില്ല. അവരുടെ ജീവിതംതന്നെ അത് വിളിച്ചോതുന്നുണ്ട്. ക്രിസ്‌തുവിനെക്കറിച്ചും അവനെ അനുകരിക്കുന്നവരെക്കുറിച്ചും സിസ്റ്ററിനൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം, `നല്ല നാളെക്കായി ദൈവം അനുഗ്രഹിക്കട്ടെയെന്ന്.'








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.