ചരിത്രത്തെ നടുക്കിയ കാണ്ടമാല്‍ കലാപങ്ങളെക്കുറിച്ച് ഒറീസായിലെ ബാരക്കാമ കപ്പൂച്ചിന്‍ മൈനര്‍ സെമിനാരി റെക്‌ടറായിരുന്ന ആന്ധ്ര സ്വദേശി ഫാ. ചിന്നപ്പ പയര്‍ദ തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തണുപ്പുള്ള രാത്രിയില്‍ ഉണ്ണിയേശുവിനെയും മാതാവിനെയുംകൊണ്ട് പലായനം ചെയ്‌ത ജോസഫിനെ നമുക്കെല്ലാവര്‍ക്കുമറിയാം. ആ പലായനം മുതല്‍ അയാള്‍ തിരുക്കുടുംബത്തിന്റെ കാവല്‍ക്കാരനായി അറിയപ്പെട്ടു. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ക്രിസ്‌മസ് രാത്രിയില്‍ 38 വൈദിക വിദ്യാര്‍ത്ഥികളെയുംകൊണ്ട് മലമ്പാമ്പും കരടിയും യഥേഷ്‌ടം വിഹരിക്കുന്ന കാണ്ടമാലിലെ നിബിഡ വനങ്ങളിലൂടെ മൈലുകളോളം പലായനം ചെയ്‌ത ഈ കപ്പൂച്ചിന്‍ വൈദികനെ നാം എന്താണ് വിളിക്കേണ്ടത്? ചരിത്രത്തെ നടുക്കിയ കണ്ടമാലിന്റെ വിലാപങ്ങളെക്കുറിച്ച് ഒറീസായിലെ ബാരക്കാമ കപ്പൂച്ചിന്‍ മൈനര്‍ സെമിനാരി റെക്‌ടറായിരുന്ന ആന്ധ്ര സ്വദേശി ഫാ. ചിന്നപ്പ പയര്‍ദ തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു.
``പതിവുപോലെ ക്രിസ്‌മസ് പാതിരാക്കുര്‍ബാനയ്‌ക്കുശേഷം വിതരണം ചെയ്യാനുള്ള മധുരപലഹാരങ്ങള്‍ വാങ്ങിക്കുവാനായാണ് ബാരക്കാമ എന്ന കുഗ്രാമത്തില്‍നിന്ന് ബലിഗുഡയിലേക്ക് പോയത്. ബാരക്കാമയില്‍നിന്നും 15 കിലോമീറ്ററാണ് ഈ പട്ടണത്തിലേക്കുള്ള ദൂരം. 2007 ഡിസംബര്‍ 24 ന് ഏകദേശം നാലുമണി സമയത്ത് ഒരു ബേക്കറിയിലെത്തി മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. എന്നാല്‍ കടയുടമ ദേഷ്യപ്പെട്ടു. നിങ്ങള്‍ക്കൊന്നും ഞാന്‍ തരികയില്ല, ഇവിടെനിന്നും എത്രയും വേഗം ദൂരെ പോകൂ.'' അയാള്‍ ആക്രോശിച്ചു. ഒറിയ ശരിക്കും വശമില്ലാത്തതുകൊണ്ട് എന്തോ പന്തികേടുണ്ടെന്നു എനിക്ക് മനസിലായി. അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് ഹിന്ദു വര്‍ഗീയവാദികള്‍ ക്രിസ്‌ത്യാനികള്‍ക്കെതിരെ ഏതോ കാരണത്താല്‍ വര്‍ഗീയലഹള അഴിച്ചുവിട്ടിരിക്കുകയാണെന്ന്. ദൂരെ റോഡില്‍ ഒരു പറ്റം ആളുകള്‍ ടയറുകളും ട്യൂബുകളും കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത് കണ്ടപ്പോള്‍ സാധനങ്ങള്‍ ഒന്നും വാങ്ങിക്കാതെ ബൈക്കുമായി ആശ്രമത്തിലേക്ക് മടങ്ങുകയായിരുന്നു. നഗരത്തില്‍ ഏതാക്രമണം നടന്നാലും ഉള്‍പ്രദേശമായ ബാരക്കാമയെ അതൊട്ടും ബാധിക്കാറില്ലായിരുന്നു. അതിനാല്‍ത്തന്നെ വീടെത്തിയതിനുശേഷം വലിയ ഭീതിയിലായിരുന്നു. പതിവുപോലെ ക്രിസ്‌മസ് കുര്‍ബാന ആഘോഷങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. അപ്പോഴാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടത്; ബാരക്കാമയിലും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന്. ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, സഹോദന്മാരായ ഏഴു പാസ്റ്റര്‍മാര്‍ നടത്തുന്ന ഏഴുപള്ളികള്‍ അക്രമികള്‍ തകര്‍ക്കുകയും അതില്‍ ഒരു പാസ്റ്ററിെന ജീവനോടെ കത്തിക്കുകയും ചെയ്‌തുവത്രേ. ഏതുസമയം വേണമെങ്കിലും ആക്രമണം വരാമെന്നുറപ്പായപ്പോള്‍ ആശ്രമവാതിലുകള്‍ എല്ലാം അടച്ച് ഞാനും മറ്റു രണ്ട് വൈദികരും ഒരു ശെമ്മാച്ചനും 38 സെമിനാരിക്കാരും കൂടി അതിര്‍ത്തി മതിലിന്റെ മറയിലേക്ക് നീങ്ങി. അപ്പോളവിടെ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പുള്ള സമയം. പ്രാര്‍ത്ഥനകളെല്ലാമുരുവിട്ട് എങ്ങനെയോ അവിടെയിരുന്ന് നേരം വെളുപ്പിച്ചു. പുലര്‍ച്ചെ ഏകദേശം നാലുമണിയായപ്പോള്‍ ഇനിയാരും ആക്രമിക്കാന്‍ വരില്ലെന്നു കരുതി ശബ്‌ദമുണ്ടാക്കാതെ ആശ്രമവാതിലുകള്‍ തുറന്ന് അകത്തുകയറി. കുറച്ചുസമയം ഉറങ്ങാമെന്നു കരുതിയപ്പോഴേക്കും പെട്ടെന്ന് വാതിലില്‍ മുട്ട് കേട്ടു. പരിചയമുള്ള ഒരു സ്വരമായിരുന്നതിനാല്‍ ചെന്നുനോക്കിയപ്പോള്‍ ഒരു അയല്‍വാസിയാണ്. ``അച്ചാ, നിങ്ങളെല്ലാവരും എത്രയും പെട്ടെന്ന് ഓടി രക്ഷപെടുക. കാര്യങ്ങള്‍ നമ്മുടെ കരങ്ങളിലൊതുങ്ങുന്നതല്ല. അവര്‍ `ബൊഡാ ഫാദറിനെ (ആശ്രമശ്രേഷ്‌ഠന്‍) കൊല്ലാനായി വരുന്നുണ്ട്. അതിനാല്‍ കൈയില്‍ ഒന്നുംതന്നെ എടുക്കാതെ ഉടനെതന്നെ രക്ഷപെടുക'' ഇത് പറഞ്ഞ് അയാള്‍ ഓടിപ്പോയി. കിട്ടിയ സന്ദേശം ഉടനെ എല്ലാവര്‍ക്കും കൈമാറി. എല്ലാം ഉപേക്ഷിച്ച് വെറുംകൈയോടെ ഓടി രക്ഷപെടാനായി ഞങ്ങളുടെ ശ്രമം.
``വൈദികവിദ്യാര്‍ത്ഥികള്‍ എല്ലാവരും ഒറീസക്കാരായിരുന്നതിനാല്‍ അവരെ അക്രമികള്‍ ഒന്നും ചെയ്‌തില്ല. ഉയരക്കുറവായിരുന്ന എന്നെ അവര്‍ തിരിച്ചറിഞ്ഞതുമില്ല. ദൂരെ ഒരു മലയില്‍ ഇരുന്ന് സെമിനാരി കെട്ടിടത്തിലേക്ക് നോക്കുമ്പോള്‍ ആകാശത്തേക്കുയര്‍ന്ന് നിലവിളിക്കുന്ന കറുത്ത പുക കാണാമായിരുന്നു. 38 വിദ്യാര്‍ത്ഥികളെയും എങ്ങനെയെങ്കിലും വീടണയാന്‍ ഞാന്‍ പറഞ്ഞയച്ചു. 25 ന് രാത്രി മുഴുവനും കാട്ടിലെ കൊടുംതണുപ്പില്‍ മരണഭീതിയുമായി കഴിഞ്ഞുകൂടി. 26 ന് പകല്‍ സമയത്ത് അക്രമികള്‍ പോയെന്നുറപ്പായപ്പോള്‍ ആശ്രമം ഒരുനോക്ക് കാണുവാനായി ഞാനും ഒപ്പമുണ്ടായിരുന്ന വൈദികരും ശെമ്മാച്ചനും കൂടി യാത്ര തിരിച്ചു. ഹൃദയഭേദകമായിരുന്നു ആ കാഴ്‌ച. ആസിഡ് ബോംബിന്റെ ആധിക്യത്തില്‍ അപ്പോഴും നിന്നു കത്തുന്ന ചുമരുകള്‍, കത്തിക്കരിഞ്ഞ ജീപ്പ്. ചാരക്കൂമ്പാരത്തിനിടയില്‍ ബൈക്കിന്റെ അവശിഷ്‌ടങ്ങള്‍. കരിക്കട്ടപോലായിത്തീര്‍ന്ന വാതിലുകള്‍, ഫാനുകള്‍. ഭിത്തിയില്‍നിന്നും കമിഴ്‌ന്നു വീണ് തകര്‍ന്നുടഞ്ഞ കുരിശുരൂപം. പ്രാണനുവേണ്ടി ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക് ഓടി. ഞങ്ങളില്‍ പലരും ഒളിച്ചിരിക്കുന്ന പൊന്തക്കാടുകളിലേക്ക് നീണ്ട കുന്തവുമായി അക്രമികള്‍ വരുന്നുണ്ടായിരുന്നു. ആരെങ്കിലും എവിടെയെങ്കിലും പതിയിരിക്കുന്നുണ്ടോ എന്ന് അവര്‍ ഇടക്കിടെ പച്ചിലക്കൂട്ടത്തില്‍ കുത്തിനോക്കും. ആളെകിട്ടിയാല്‍ കൊല്ലുമെന്ന് ഉറപ്പ്. പ്രാര്‍ത്ഥന മാത്രമായിരുന്നു ഞങ്ങള്‍ക്ക് ആകെയുളള സമ്പാദ്യം. പിന്നീട് ശ്വാസം പിടിച്ച് ഓടിയോടി കുറച്ച് ദൂരെയുള്ള സീമ്മന്‍ബാഡിയിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു'' ``ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഇതെന്റെ രണ്ടാം ജന്മമെന്നേ പറയാനാകൂ. എന്തെന്നാല്‍ ദിവസവും ഇന്‍സുലിന്‍ എടുക്കുന്ന ഒരു ഷുഗര്‍ പേഷ്യന്റായ ഞാന്‍ ദിവസങ്ങളോളം ഭക്ഷണമൊന്നും കഴിക്കാതെ മനസില്‍ വന്ന പ്രാര്‍ത്ഥനകള്‍ മാത്രം ഉരുവിട്ട് കൊടുംതണുപ്പിലൂടെ മലകള്‍ കയറിയിറങ്ങി രക്ഷപ്പെടുക. അതിനെ രണ്ടാം ജന്മമെന്നല്ലാതെ മറ്റൊന്താണ് വിളിക്കുക? ഒറീസയിലെ ആ സെമിനാരി ഞങ്ങള്‍ പുനര്‍നിര്‍മിച്ചെങ്കിലും വീണ്ടും ആക്രമണമുണ്ടായി. അന്നെന്റെ കൂടെയുണ്ടായിരുന്ന ശെമ്മാച്ചന്‍ ജോജപ്പ കാട്ട ഈ മാസം മൂന്നിന് പുരോഹിതനാകുകയാണ്. എനിക്ക് അന്ന് കീബോര്‍ഡുകളും കമ്പ്യൂട്ടറുകളും തുടങ്ങി ധാരാളം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നഷ്‌ടമായി. അതില്‍ പിന്നെ മൊബൈല്‍ ഫോണൊഴികെ ഒരു ഇലക്‌ട്രിക് ഉപകരണവും സ്വന്തമാക്കില്ല എന്ന് പ്രതിജ്ഞയെടുത്തു.''








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.