തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ കീഴിലുള്ള `ഷാഡോ പോലിസി'ലെ ടീമംഗങ്ങള്‍ക്ക് ചുമതല കൈമാറുമ്പോള്‍ കമ്മീഷണര്‍ വിജയന്റെ മനസില്‍ നിറഞ്ഞുനിന്നത് നാട്ടിലെ ചെറുപ്പക്കാരുടെ ദുരവസ്ഥയാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ക്രിമിനലുകളായി തീരുകയും ചെയ്യുന്നവര്‍ കുടുംബത്തിനും സമൂഹത്തിനും പേടിസ്വപ്‌നമാണ്. അതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരണ കാണിക്കുന്ന ചെറുപ്രായക്കാരെ നിഴല്‍പോലെ പിന്തുടരാനും കുറ്റകൃത്യങ്ങളില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനുമാണ് ഷാഡോ പോലിസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വഴി കഴിയുന്നു.
എസ്.ഐ ഫിലിപ്പ് വര്‍ഗീസാണ് ഷാഡോ പോലിസിനെ നയിക്കുന്നത്. 145 പോലിസ് അവാര്‍ഡുകളും ഗുഡ്‌സ് സര്‍വീസ് എന്‍ട്രികളും കരസ്ഥമാക്കിയ ഈ ഉദ്യോഗസ്ഥന്‍, മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍, കുറ്റാന്വേഷണ പാടവത്തെ മാനിച്ച് ഡി. ജി. പി നല്‍കുന്ന `ബാഡ്‌ജ് ഓഫ് ഓണര്‍ കമന്റേഷന്‍' സര്‍ട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
ഗുണ്ടകളെയും മോഷ്‌ടാക്കളെയും പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ധൈര്യവും ആത്മവിശ്വാസവും വേണം. പ്രാര്‍ത്ഥനയാലാണ് ഈ ഗുണങ്ങള്‍ തന്നില്‍ നിറയുന്നതെന്ന് ഫിലിപ്പ് പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ചിലപ്പോള്‍ നീണ്ട യാത്രകള്‍ കഴിഞ്ഞ് പുലര്‍ച്ചെ ക്ഷീണിതനായി വന്നു കിടന്നാലും ചേറൂര്‍ വിജയപുരം ഇടവകപ്പള്ളിയില്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തും. വിശുദ്ധ കുര്‍ബാനയില്‍നിന്ന് ലഭിക്കുന്ന ശക്തിയാണ് തന്റെ ധൈര്യമെന്ന് ഫിലിപ്പ് പറയുന്നു. നിരവധി തവണ ജീവന് ഭീഷണിയുണ്ടായിട്ടുണ്ട്. ദൈവകൃപയാലും തന്റെ ടീമംഗങ്ങളുടെയും മേലധികാരികളുടെയും അകമഴിഞ്ഞ സഹായവും മൂലം എല്ലാ അപകടരംഗങ്ങളില്‍നിന്നും രക്ഷപ്പെട്ടു പോന്നിട്ടുണ്ട്.
ഷാഡോ പോലിസിന്റെ രൂപീകരണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ഇവര്‍ പിടികൂടിയത് അറുപതോളം കേസുകള്‍. ട്രെയിനില്‍നിന്ന് 1500 ആംപ്യൂളുകള്‍ കണ്ടെടുത്തത്, പാവറട്ടിയിലെ ബോംബുനിര്‍മാണം, സത്യമംഗലം കാട്ടില്‍ ഒളിച്ച ഗുണ്ടകളെ സാഹസികമായി അറസ്റ്റ് ചെയ്‌തത്, 80 പവന്‍ മോഷ്‌ടിച്ച പാലക്കാട്ടുകാരനെ പിടികൂടിയത്, പട്ടാപ്പകല്‍ രണ്ടുകിലോ സ്വര്‍ണം തട്ടിയെടുത്ത സംഘത്തെ ഉടന്‍ പിടികൂടിയത് തുടങ്ങി പോലിസ് തൊപ്പിയില്‍ പൊന്‍തൂവലായി കേസുകള്‍ നീളുന്നു. സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളടക്കം കണ്ണികളായുള്ള വന്‍ശൃംഖലയെ ഇല്ലായ്‌മ ചെയ്യാനുള്ള തീവ്രശ്രമത്തിലും ഇവര്‍ വിജയിച്ചു. പലതവണ കഞ്ചാവുകേസില്‍ പിടിക്കപ്പെട്ട യുവാവിനെ ബാംഗ്ലൂരിലെ ലഹരിവിമോചന കേന്ദ്രത്തിലയ്‌ക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
കോട്ടയം ഏറ്റുമാനൂര്‍ കൊച്ചുപുരയ്‌ക്കല്‍ എം.പി. വര്‍ഗീസിന്റെയും മേരി വര്‍ഗീസിന്റെയും എട്ടുമക്കളില്‍ മൂത്തമകനാണ് ഫിലിപ്പ്. 1959 ലായിരുന്നു ജനനം. അനുജന്‍ ഫാ. ഷാജി കൊച്ചുപുരയ്‌ക്കല്‍ അമേരിക്കയില്‍ ടെക്‌സാസില്‍ വികാരിയാണ്. ഒരു സഹോദരി സിസ്റ്റര്‍ പാവന റോസ് ഹോളി ഫാമിലി സമൂഹത്തില്‍ സേവനം ചെയ്യുന്നു. മറ്റൊരു സഹോദരന്‍ ടോമി വര്‍ഗീസ് ചേലക്കര പോലിസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്. ഇപ്പോള്‍ തൃശൂര്‍ ചേറൂര്‍ വിമല കോളജിനടുത്താണ് ഫിലിപ്പ് വര്‍ഗീസും കുടുംബവും താമസിക്കുന്നത്. ഭാര്യ ലില്ലി ബ്യൂട്ടീഷ്യനാണ്. മൂത്തമകന്‍ അജയ് ജോര്‍ജ് ചെന്നൈയില്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ അക്ഷയ് ജോണ്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി.
1982-ല്‍ കോട്ടയം എ. ആറില്‍ കോണ്‍സ്റ്റബിളായി ജോലി ആരംഭിച്ച ഫിലിപ്പ്, 1987-ല്‍ തൃശൂര്‍ എ. ആറിലേക്ക് മാറ്റം വാങ്ങി. 1994 ലാണ് ലോക്കല്‍ പോലിസിലേക്ക് മാറ്റം കിട്ടിയത്. എസ്.ഐ. ഫിലിപ്പ് വര്‍ഗീസിനെ കൂടാതെ എ.എസ്.ഐ കെ. ആര്‍. വിജയന്‍, എം. പി. ഡേവീസ്, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ സതീഷ് പുതുശേരി, എം. മുഹമ്മദ്‌റാഫി, അന്‍സാര്‍, കൃഷ്‌ണകുമാര്‍, റാഫി, സുവൃതകുമാര്‍, സിവില്‍ ഓഫീസര്‍മാരായ ഗോപാലകൃഷ്‌ണന്‍, പഴനിസ്വാമി, ബിജു എന്നിവര്‍ ഷാഡോ പോലിസ് സംഘത്തിലുണ്ട്.
Saturday, 17 December 2011 11:58
പ്രാര്‍ത്ഥനയുടെ നിഴലില്‍ ഒരു `നിഴല്‍' പോലിസുകാരന്‍
Written by ജോബ് സ്രായില്‍
Read 290 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.