പണം സമ്പാദിക്കാന്‍ ഏതു രീതിയും സ്വീകരിക്കുന്നവരും ജോലി ചെയ്യാതെ ശമ്പളം പറ്റുന്നവരും ഉള്ള ജോലിയില്‍ തൃപ്‌തരാകാതെ ഓരോരോ പ്രശ്‌നങ്ങളുമായി മറ്റുള്ളവര്‍ക്ക് ഭാരമാകുന്നവരും നമ്മുടെ ചുറ്റുമുണ്ട്. എന്നാല്‍, ലഭിച്ച ജോലിയില്‍ സംതൃപ്‌തി കണ്ടെത്തി, അര്‍പ്പണബോധത്തോടും വിശ്വസ്‌തതയോടുംകൂടി സേവനം ചെയ്യുന്ന ഇസിദോര്‍ ജോയി ഇവരില്‍നിന്നും വ്യത്യസ്‌തനാണ്. സര്‍ക്കാരിന്റെ 24 ഗുഡ് സര്‍വീസ് എന്‍ട്രിയും പതിമൂന്നു തവണ കാഷ് അവാര്‍ഡും ലഭിച്ച ഇസിദോര്‍ ജോയിയെത്തേടി പ്രസിഡന്റിന്റെ മെറിറ്റോറിയല്‍ അവാര്‍ഡും മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവനത്തിനുള്ള അവാര്‍ഡും എത്തി.
നെയ്യാറ്റിന്‍കര ജോയി നിവാസില്‍ മാങ്കൂട്ടത്തില്‍ വില്‍സന്‍-ഫിലോമിന ദമ്പതികളുടെ മകനായ ഇസിദോര്‍ ജോയി, ബി.എയും പ്രിന്റിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമയും എടുത്ത് വഴുതക്കാട് സെന്റ് ജോസഫ് പ്രസില്‍ ജോലി ചെയ്യവേയാണ് ജയില്‍ വാര്‍ഡനായി വിയ്യൂര്‍ ജയില്‍ വകുപ്പില്‍ ജോലി ലഭിക്കുന്നത്. പിന്നീട് തിരുവനന്തപുരം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്‌ഷണല്‍ അഡ്‌മിനിസ്‌ട്രേഷനിലായി. ഹെഡ്‌വാര്‍ഡനായി പ്രമോഷന്‍ ലഭിച്ച ഇസിദോറിന്, 22 വര്‍ഷത്തെ സേവനത്തിലൂടെ ദൈവസ്‌നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും നല്ല ക്രൈസ്‌തവസാക്ഷ്യം നല്‍കുന്നതിനും കഴിഞ്ഞു.
വ്യത്യസ്‌തമായ ജീവിതശൈലിയും അനുഭവങ്ങളുമാണ് ജയിലില്‍ ഉള്ളതെന്ന് ഇസിദോര്‍ പറയുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ടാകാം. ആരെയും ഉപദ്രവിക്കാതെയും നല്ല ഉപദേശം നല്‍കിയും അവരെ നല്ല മാര്‍ഗത്തില്‍ കൊണ്ടുവരാന്‍ ഇസിദോര്‍ ശ്രമിച്ചിട്ടുണ്ട്. എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജയിലില്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്വയംതൊഴില്‍ പദ്ധതിയിലൂടെ തടവുകാര്‍ക്ക് കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു. ഗവണ്‍മെന്റ് പ്രസ്, പാത്രനിര്‍മാണം, മരപ്പണി, പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, റബ്ബര്‍, റബ്ബര്‍ത്തൈ, വെജിറ്റബിള്‍ ഗാര്‍ഡന്‍ എന്നിവയിലൂടെ കോടിക്കണക്കിന് രൂപ വരുമാനം ഗവണ്‍മെന്റിന് ലഭിക്കുന്നുണ്ട്. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ സഹായത്തോടെ തടവുകാരുടെ മക്കളുടെ പഠനത്തിനും സഹായം നല്‌കുന്നുണ്ട്.
ജയിലില്‍ തടവുകാരുടെ എണ്ണം കൂടുതലാണ്. വാര്‍ഡന്മാരുടെ എണ്ണം കുറവും. പല സ്വഭാവക്കാരായ തടവുകാരോടുള്ള സമീപനം വളരെ ശ്രമകരമാണ്. നല്ലവരായ തടവുകാരെ തിരഞ്ഞെടുത്ത് തുറന്ന ജയിലില്‍ വിടുന്നു. അവിടെ അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. നല്ലവനായി ജയില്‍ വിട്ടുപോയി വീണ്ടും ക്രിമിനല്‍ ആയി ജയിലില്‍ എത്തുന്നവരുമുണ്ട്.
ചില ക്രിസ്‌ത്യന്‍ സംഘടനകള്‍ ഇടയ്‌ക്കിടയ്‌ക്ക് ജയില്‍ സന്ദര്‍ശിച്ച് വേണ്ട സഹായ സഹകരണങ്ങള്‍ നല്‌കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയും ഇടയ്‌ക്ക് നടക്കാറുണ്ട്. ഇവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനും ക്രിസ്‌തീയ കൂട്ടായ്‌മകള്‍ ശ്രദ്ധിക്കുന്നു. ജയിലിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ജയിലിനെക്കുറിച്ചും ഇവിടെയുള്ള സേവനങ്ങളെക്കുറിച്ചും ജനം കൂടുതല്‍ അറിയേണ്ടതുണ്ട്, അദ്ദേഹം പറയുന്നു.
എല്ലാവരെയും സഹോദരങ്ങളായി കാണുന്നതിനും ഒരു കുറ്റവാളിയെങ്കിലും നന്മയിലേക്ക് വരുന്നതില്‍ അഭിമാനിക്കുന്നതിനും ഇസിദോറിന് കഴിയുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതാണെങ്കില്‍ വിലമതിക്കാന്‍ അധികാരികള്‍ ഉണ്ട്. ദൈവനാമത്തിലുള്ള സേവനങ്ങളാണ് ഓരോ പടിയും ഉയര്‍ത്തുന്നത്.
2007 ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവനത്തിനുള്ള അംഗീകാരവും 2010 ല്‍ രാഷ്‌ട്രപതിയുടെ അംഗീകാരവും നേടിത്തരുന്നതിന് പ്രവര്‍ത്തിച്ചത് ദൈവസ്‌നേഹത്തിന്റെ ബഹിര്‍സ്‌ഫുരണമാണെന്ന് ഇസിദോര്‍ ജോയി പറയുന്നു.
വട്ടപ്പാറ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗമാണ് ഇദ്ദേഹം. ഭാര്യ അല്‍ഫോന്‍സാ ജോയി അധ്യാപികയും എഴുത്തുകാരിയുമാണ്. സ്‌പര്‍ശം, ജപമാല (കാവ്യാവിഷ്‌കാരം) എന്നി ഗ്രന്ഥങ്ങള്‍ അല്‍ഫോന്‍സാ എഴുതിയിട്ടുണ്ട്. മക്കള്‍: ബിനോയ്, ജീവന്‍.
Friday, 02 December 2011 12:05
ദൈവസ്‌നേഹത്താല്‍ ഒരു വിശിഷ്‌ടസേവനം Featured
Written by ഡി. ജോയിക്കുട്ടി
Read 303 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.