കഴിഞ്ഞ 40 വര്‍ഷത്തോളമായി വിശ്വാസപരിശീലനരംഗത്ത് സ്ഥിരതയോടെ നില്‍ക്കുന്ന ജോണ്‍ മഞ്ചുവള്ളില്‍ പറയുന്നു- `മതബോധനം സ്‌നേഹസേവനമാണ്. സഭയുടെ വാഗ്‌ദാനമാണ് വളര്‍ന്നുവരുന്ന തലമുറയെന്ന് മനസ്സിലാക്കി അവര്‍ക്ക് വിശ്വാസപരിശീലനം നല്‍കണം'. സര്‍വോപരി ജീവിതം കൊണ്ട് മാതൃക കാണിക്കണം.
മാനന്തവാടി രൂപതയിലെ കണ്ണൂര്‍ ജില്ലയിലുള്ള ചുങ്കക്കുന്ന് ഫൊറോന സണ്‍ഡേ സ്‌കൂള്‍ പ്രധാനാധ്യാപകനാണ് ജോണ്‍ മഞ്ചുവള്ളില്‍. സഹ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സ്‌നേഹാദരണീയനാണ് അദ്ദേഹം. കുട്ടികളുമായി ഗുരുശിഷ്യബന്ധത്തിലുപരിയായി സ്‌നേഹസൗഹൃദബന്ധം സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
പത്താംക്ലാസ് വിദ്യാഭ്യാസമുള്ള അദ്ദേഹം ഒരു കൃഷിക്കാരനാണ്. മഞ്ചുവള്ളില്‍ കുര്യന്‍-ഏലിയാമ്മ ദമ്പതികളുടെ മകനായ ജോണ്‍ പിതാവിനോടൊപ്പം കൃഷിയില്‍ താത്‌പര്യം കാണിച്ചു. വിശ്വാസ, പ്രാര്‍ത്ഥനാജീവിതത്തില്‍ കൃത്യത പാലിച്ചിരുന്ന മാതാപിതാക്കളുടെ ജീവിതമാതൃക ജോണിന് അനുഗ്രഹമായി. വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിലും മറ്റ് ഭക്തസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിലും വളരെ താത്‌പര്യമായിരുന്നു. 1972 മുതല്‍ ചുങ്കക്കുന്ന് പള്ളിയിലെ വികാരിയായിരുന്ന ഫാ.സഖറിയാസ് വള്ളോപ്പിള്ളിയാണ് ജോണിനെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനാക്കുന്നത്. ഹെഡ്‌മാസ്റ്ററായിട്ട് രണ്ട് വര്‍ഷമേ ആയുള്ളൂ.
നല്ലൊരു നാടകനടനും സംവിധായകനുമാണ് ജോണ്‍ മാസ്റ്റര്‍. കൂടാതെ മോണോ ആക്ടിലും തിളങ്ങിയിരുന്നു. കുട്ടികള്‍ക്കുവേണ്ടി ബൈബിളിലെ പ്രസക്തഭാഗങ്ങളൊക്കെ ഏകാങ്കങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്‌ത് പഠിപ്പിക്കാറുണ്ട്.
വൈഎംസിഎ കൊട്ടിയൂര്‍ യൂണിറ്റ് പ്രസിഡന്റ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ചുങ്കക്കുന്ന് യൂണിറ്റ് സെക്രട്ടറി, കൈക്കാരന്‍, പാരിഷ് കൗണ്‍സിലംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. രൂപത നല്‍കുന്ന മതാധ്യാപനപരിശീലനത്തിലും ധ്യാനത്തിലുമെല്ലാം മുടങ്ങാതെ പങ്കെടുക്കാറുണ്ട്. അധ്യാപനത്തിന്റെ 15, 25, 35 വര്‍ഷം പൂര്‍ത്തിയാക്കിയതിന് രൂപതയില്‍ നിന്നും മേഖലയില്‍ നിന്നും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മതാധ്യാപനത്തിനുശേഷം ദൈവികമായ സമാധാനവും സന്തോഷവും കുടുംബത്തില്‍ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് വചനം പഠിക്കുവാന്‍ ഒരു പ്രത്യേക രീതി അദ്ദേഹം നടപ്പിലാക്കി. ഞായറാഴ്‌ച തോറും കുട്ടികളെല്ലാവരും ഓരോ വചനം എഴുതിക്കൊണ്ടുവരണം. സണ്‍ഡേ സ്‌കൂളില്‍ വെച്ച് എല്ലാവരെയും ഒന്നിച്ചിരുത്തും. അതിനുശേഷം പേരെഴുതി നറുക്കിടും. നറുക്കുവീഴുന്ന കുട്ടി വചനം തെറ്റാതെ കുട്ടികള്‍ക്ക് മുന്നില്‍ കാണാതെ പറയണം. ശരിയായി വചനം പറഞ്ഞ കുട്ടിക്ക് സമ്മാനം നല്‍കും. ഈയൊരു പതിവ് കുട്ടികള്‍ക്ക് വചനം ഹൃദിസ്ഥമാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനുമുള്ള പ്രചോദനമായി മാറുന്നു.
ജോണ്‍ മാസ്റ്ററുടെ ജീവിതത്തിലും ഇതൊരു വഴിത്തിരിവായി മാറിയിട്ടുണ്ട്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വചനം താങ്ങും തണലുമാകുന്നത് ജോണ്‍ മാസ്റ്റര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ആ അനുഭവത്തിലൂന്നിയ വിശ്വാസപരിശീലനമാണ് അദ്ദേഹം കുട്ടികള്‍ക്ക് നല്‍കുന്നത്.
ജോണ്‍ മാസ്റ്റര്‍ക്ക് ഏഴ് സഹോദരങ്ങളുണ്ട്. മൂത്ത സഹോദരി സിസ്റ്റര്‍ വസുധ ഡിഎസ്‌എസ് പട്ടുവത്താണ്. ഭാര്യ: ആനീസ്. നാല് മക്കള്‍.
Friday, 11 November 2011 13:59
മതബോധനം സ്‌നേഹസേവനമാണ്
Written by വര്‍ഗീസ് മൂര്‍ക്കാട്ടില്‍ തലശേരി
Read 278 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.