ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍പ്പോലും ദൈവസന്നിധിയില്‍ മുട്ടുമടക്കാന്‍ കഴിയുന്നില്ല എന്നതാണ് നമ്മുടെ കുടുംബങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി. കുരിശുകളുടെ മുന്‍പില്‍ പതറാതെ, മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കണമെങ്കില്‍ രക്തം വിയര്‍പ്പുതുള്ളികളായി ഇറ്റു വീഴത്തക്കവിധം തീക്ഷ്‌ണതയോടെ പ്രാര്‍ത്ഥിക്കണം.
വ്യക്തികള്‍ ദൈവാനുഗ്രഹമുള്ളവരാകണമെങ്കില്‍ അവരില്‍ ദൈവിക ചൈതന്യം നിറഞ്ഞുനില്‍ക്കണം. ഭവനങ്ങള്‍ ദേവാലയങ്ങളാകണമെങ്കില്‍ അവിടെ ദൈവിക സാന്നിധ്യം ഉണ്ടാകണം. ദൈവമുള്ള ഇടങ്ങളാണല്ലോ ദേവാലയങ്ങള്‍. ക്രിസ്‌തു സാന്നിധ്യമാണ് കുടുംബങ്ങളെ വിശുദ്ധീകരിക്കുന്നത്, അനുഗ്രഹിക്കുന്നത്. പ്രാര്‍ത്ഥനയില്‍ വളരുന്നതാകണം കുടുംബം. വചനം പറയുന്നു: ``കര്‍ത്താവ് ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ത്ഥമാണ്'' (സങ്കീ.127:1).
`കുടുംബങ്ങള്‍ക്കൊരെഴുത്ത്' എന്ന അപ്പസ്‌തോലിക പ്രബോധനത്തിലൂടെ കത്തോലിക്കാകുടുംബങ്ങളില്‍ ഉണ്ടായിരിക്കേണ്ട കുടുംബപ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുന്നത് ശ്രദ്ധേയമാണ്: ``പ്രാര്‍ത്ഥന ഓരോ കുടുംബത്തിന്റെയും അനുദിന ജീവിതത്തിലെ സ്ഥിരശീലമായിരിക്കണം'' (നമ്പര്‍ 10). പ്രാര്‍ത്ഥനയില്‍നിന്നും ഉരുത്തിരിയുന്ന ശക്തിയുടെ പ്രഭാവം കുടുംബങ്ങളില്‍ നിറഞ്ഞു നില്‍ക്കണം. കാരണം, ദൈവാനുഗ്രഹം ഒഴുകിയെത്തുന്ന നീര്‍ച്ചാലാണ് പ്രാര്‍ത്ഥന. ദൈവമനുഷ്യബന്ധത്തിന്റെ ഏറ്റവും സമുന്നതഭാവം ഏതെന്ന ചോദ്യത്തിന്റെ ഉത്തരവും പ്രാര്‍ത്ഥനയാണ്.
പല കുടുംബങ്ങളിലുമുള്ള അസ്വസ്ഥതകളുടെയും ഭിന്നിപ്പിന്റെയും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കുടുംബപ്രാര്‍ത്ഥനയുടെ അഭാവമാണ്. പ്രാര്‍ത്ഥനയെക്കുറിച്ച് ആഴമായ അവബോധം ആവശ്യമായിരിക്കുന്നു.
യാചനാപ്രാര്‍ത്ഥനകളും ദൈവമഹത്വം പ്രകീര്‍ത്തിക്കുന്ന സ്‌തുതിഗീതങ്ങളും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞതയര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളുമെല്ലാം ഇസ്രായേല്‍ ജനതയുടെ ആരാധനയുടെ ഭാഗങ്ങളായിരുന്നു. യാഹ്‌വേയില്‍ കേന്ദ്രീകൃതമായിരുന്നു അവരുടെ പ്രാര്‍ത്ഥനകള്‍. ``ഇസ്രായേലിന്റെ അഭയം അവരെ വിറ്റുകളയുകയും കര്‍ത്താവ് അവരെ കൈവെടിയുകയും ചെയ്‌തിരുന്നില്ലെങ്കില്‍ ആയിരം പേരെ അനുധാവനം ചെയ്യാന്‍ ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താന്‍ രണ്ടുപേര്‍ക്ക് എങ്ങനെ സാധിക്കുമായിരുന്നു?'' (നിയമ.32:30). പ്രാര്‍ത്ഥന ശ്രവിക്കപ്പെടണമെങ്കില്‍, കരങ്ങള്‍ ഉയര്‍ത്തുന്നതിനെക്കാളധികം ഹൃദയം ദൈവത്തോട് ചേര്‍ന്നിരിക്കണം. പാപാവസ്ഥയിലുള്ള പ്രാര്‍ത്ഥന നിഷ്‌പ്രയോജനമാണെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. ``കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്‌തു: എഴുന്നേല്‍ക്കുക, നീ എന്തിന് ഇങ്ങനെ സാഷ്‌ടാംഗം വീണു കിടക്കുന്നു. ഇസ്രായേല്‍ പാപം ചെയ്‌തിരിക്കുന്നു; എന്റെ കല്‌പന അവര്‍ ലംഘിച്ചു. നിഷിദ്ധ വസ്‌തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാധനങ്ങളുടെകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്‌തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിന് ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല. അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുക. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടുവാനുള്ള ഒരു വസ്‌തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്‌തുക്കള്‍ നശിപ്പിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല'' (ജോഷ്വാ 7:8-15). ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് വീണ്ടും പറയുന്നു: ``നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്ന് മുഖം മറയ്‌ക്കും. നിങ്ങള്‍ എത്ര പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്റെ സന്നിധിയില്‍നിന്ന് നീക്കിക്കളയുവിന്‍'' (ഏശ.1:15-16).
യേശുവിന്റെ ജീവിതംതന്നെ പ്രാര്‍ത്ഥനയായിരുന്നല്ലോ. സുപ്രധാന നിമിഷങ്ങളിലെല്ലാം പ്രാര്‍ത്ഥിക്കുന്ന യേശുവിനെയാണ് പുതിയ നിയമത്തില്‍ നാം കാണുന്നത്. ജ്ഞാനസ്‌നാന വേളയിലും, ``ജനം സ്‌നാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവും വന്ന് സ്‌നാനമേറ്റു. അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു'' (ലൂക്കാ 3:21). ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പും, ``ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ത്ഥിക്കാനായി ഒരു മലയിലേക്ക് പോയി. അവിടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് രാത്രി മുഴുവന്‍ ചിലവഴിച്ചു'' (ലൂക്കാ 6:12). രക്ഷാകര ചരിത്രത്തിലെ നിര്‍ണായകസംഭവമായ പീഡാസഹനങ്ങള്‍ക്കുമുമ്പ് ഗത്‌സെമനിയില്‍ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച് അവിടുന്ന് പിതാവിന്റെ തിരുഹിതം തിരിച്ചറിയുന്നു. ``എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല അവിടുത്തെ ഹിതംപോലെയാകട്ടെ'' (മത്തായി 26:39).
`എല്ലാം പൂര്‍ത്തിയായി' എന്ന ആത്മസംതൃപ്‌തിയോടെ തന്റെ ആത്മാവിനെ പിതാവിന്റെ തൃക്കരങ്ങളില്‍ ഏല്‍പ്പിക്കാന്‍ യേശുവിന് സാധിച്ചതും പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടാണ്. ``എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തലചായ്‌ച്ച് ആത്മാവിനെ സമര്‍പ്പിച്ചു'' (യോഹ.19:30). യേശുവിന്റെ പ്രാര്‍ത്ഥനകളിലൊക്കെ തെളിഞ്ഞുനിന്നത് ബലിയുടെ സ്വഭാവമായിരുന്നു. നമ്മുടെ അനുദിന പ്രാര്‍ത്ഥനകള്‍ക്കും പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ക്കും യേശുവിന്റെ പ്രാര്‍ത്ഥനയുടെ ഈ സവിശേഷത ഉണ്ടാവണം.
പ്രാര്‍ത്ഥനയിലൂടെ ശക്തി സംഭരിച്ചാണ് ആദിമസഭ വളര്‍ന്നത്. സ്‌തുതികീര്‍ത്തനങ്ങളും ആധ്യാത്മിക കീര്‍ത്തനങ്ങളും വഴി ഹൃദയത്തില്‍ നന്ദി പ്രകാശിപ്പിക്കണമെന്ന് വിശുദ്ധ പൗലോസ് നമ്മെ ഓര്‍മിപ്പിക്കുന്നു. ``പരസ്‌പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിന് സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയ ഗീതങ്ങളും പാടുമ്പോഴും ക്രിസ്‌തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ'' (കൊളോ.3:16).
പ്രാര്‍ത്ഥനാവേളകളില്‍ ഹൃദയം പൂര്‍ണമായും ദൈവത്തോട് ചേര്‍ത്തുവയ്‌ക്കാന്‍ നമുക്ക് സാധിക്കണം. ഹൃദയം ദൈവത്തില്‍നിന്ന് അകന്നിരുന്നാല്‍ അത്തരം ബലികളും പ്രാര്‍ത്ഥനകളും ദൈവത്തിന് അസ്വീകാര്യമായിരിക്കും. ``ആബേല്‍, തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ ദൈവത്തിന് കാഴ്‌ചവച്ചു. ആബേലിലും അവന്റെ കാഴ്‌ചവസ്‌തുക്കളിലും ദൈവം പ്രസാദിച്ചു. എന്നാല്‍, കായേനിലും അവന്റെ കാഴ്‌ചവസ്‌തുക്കളിലും അവിടുന്ന് പ്രസാദിച്ചില്ല'' (പുറ. 4:4-5).
ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍പ്പോലും ദൈവസന്നിധിയില്‍ മുട്ടുമടക്കാന്‍ കഴിയുന്നില്ല എന്നതാണ് നമ്മുടെ കുടുംബങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി. കുരിശുകളുടെ മുമ്പില്‍ പതറാതെ, മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കണമെങ്കില്‍ രക്തം വിയര്‍പ്പുതുള്ളികളായി വീഴത്തക്കവിധം തീക്ഷ്‌ണതയോടെ പ്രാര്‍ത്ഥിക്കണം. കുടുംബാംഗങ്ങളെ പ്രാര്‍ത്ഥനാവേദിയിലേക്ക് നയിക്കുന്നത് തമ്മില്‍ത്തമ്മിലുള്ള ഹൃദയൈക്യമാകണം. ഈ ഹൃദയൈക്യമാണ് കുടുംബപ്രാര്‍ത്ഥനയുടെ കാതല്‍.
ക്രിസ്‌തുവിന്റെ സാന്നിധ്യം ഉണ്ടാകുമ്പോഴാണ് കുടുംബത്തില്‍ സന്തോഷവും പുരോഗതിയും ഉണ്ടാകുന്നത്. യേശു സന്ദര്‍ശിക്കുന്ന കുടുംബങ്ങള്‍ക്കാണ് രക്ഷയുടെ സൗഖ്യാനുഭവമുണ്ടാകുന്നത്. യേശുവിനെ ഭവനങ്ങളിലേക്ക് ക്ഷണിച്ചവരും വിരുന്നൊരുക്കിയവരുമായ വ്യക്തികളെ സുവിശേഷങ്ങളില്‍ നാം കണ്ടുമുട്ടുന്നു. അവരില്‍ പ്രധാനിയാണ് സക്കേവൂസ്. വളരെ കുറവുകളുള്ള വ്യക്തിയായിരുന്നു അയാള്‍. തന്റെ കുറവുകളിലേക്ക് യേശുവിനെ ക്ഷണിക്കാനുള്ള ധൈര്യം അവന്‍ കാണിച്ചു. യേശുവിന്റെ സാന്നിധ്യം അവന്റെ മാനസാന്തരത്തിലേക്കും അതുവഴിയുണ്ടായ രക്ഷയുടെ അനുഭവം കുടുംബത്തിന് ആകമാനവും സംലഭ്യമായി.
ക്രിസ്‌തുവിനോട് വിധേയപ്പെടുന്നവര്‍ക്കേ പരസ്‌പരം വിധേയപ്പെടാനാകൂ. ബലിയായിത്തീര്‍ന്ന കുഞ്ഞാടിന്റെ ഓര്‍മ കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കും. അപ്പത്തോളം ചെറുതായ യേശുവിനെക്കുറിച്ചുള്ള നിരന്തര ധ്യാനമാകണം കുടുംബപ്രാര്‍ത്ഥനയുടെയും കുടുംബബന്ധങ്ങളുടെയും കാതല്‍. അപ്പോള്‍ നമ്മുടെ കുടുംബങ്ങള്‍ ദേവാലയങ്ങളായിത്തീരും.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.