മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് ഉറച്ചു വിശ്വസിച്ച മനോജച്ചന്‍ അന്ന് കക്കാടംപൊയില്‍ സെന്റ് മേരീസ് ഇടവക വികാരിയായിരുന്ന ഫാ.സെബാസ്റ്റ്യന്‍ പനമറ്റംപറമ്പിലിന്റെ അനുമതിയോടെ മദ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇടവകക്കാര്‍ ഭൂരിപക്ഷവും അച്ചനു പിന്നില്‍ അണിനിരന്നു.ജപമാലയിലൂടെ മദ്യമുക്തഗ്രാമം മദ്യവിമുക്തഗ്രാമം ആയ കഥ...
1999 ലെ ഇടവകത്തിരുനാളിന്റെ ആ ഘോഷങ്ങളുടെ നടുവിലേക്കാണ് നവാഭിഷിക്തനായ ഫാ. ജേക്കബ് (മനോജ്) പ്ലാക്കൂട്ടം കക്കാടംപൊയില്‍ ഇടവകയില്‍ ശുശ്രൂഷാപൗരോഹിത്യത്തിന്റെ ആദ്യനിയോഗവുമായി വണ്ടിയിറങ്ങിയത്.
അങ്ങാടിയില്‍ നല്ല തിരക്ക്. വഴിവാണിഭക്കാരും വാദ്യമേളക്കാരും ഉയര്‍ ത്തുന്ന ആരവങ്ങള്‍ക്കൊപ്പം കുട്ടികളുടെ പീപ്പീവിളിയും കോലാഹലങ്ങളും. വഴിയരികില്‍ നിരത്തിവച്ച കുറെയേറെ ജാറുകളില്‍നിന്ന് ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്ക് പകര്‍ന്ന് നല്‍കുന്നത് പായസമോ കുടിവെള്ളമോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ തിരുനാളാഘോഷത്തിന് ലഹരി പകരുന്നതിന് വാറ്റുചാരായമാണ് വിളമ്പുന്നത് എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം നടുങ്ങിപ്പോയി.
ഇത് ശരിയല്ല, ഇതവസാനിച്ചേ തീരൂ, ആ നിമിഷം അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തു. കൂടുതലന്വേഷിച്ചപ്പോള്‍ കാ ര്യം അത്ര എളുപ്പമല്ലെന്നു മനസിലായി. ഇടവകയിലെ 400-ഓളം കുടുംബങ്ങളില്‍ 70 ശതമാനത്തിന്റെയും വരുമാനമാര്‍ഗം വ്യാജവാറ്റാണ്. വ്യാപക കൃഷിനാശത്തെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെയാണത്രെ ഈ തൊഴിലിലേക്ക് പലരും തിരിഞ്ഞത്.
കക്കാടംപൊയില്‍ മദ്യവ്യാപാരമടക്കം വന്‍തോതില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. മുക്കം, തിരുവമ്പാടി തുടങ്ങി സമീപപ്രദേശങ്ങളിലുള്ളവരും കക്കാടംപൊയില്‍ മദ്യമാണ് നുണയുന്നത്. കക്കാടംപൊയില്‍ മലയിറങ്ങി താഴ്‌വാരങ്ങളിലെത്തി വേഷവും നിറമും മാറി `ഫോറി'നായി ഈ വ്യാജന്‍ അവിടെത്തന്നെ തിരിച്ചെത്തി വലിയ ആളുകള്‍ക്ക് ലഹരി പകരുന്നു. ആകെക്കൂടി കക്കാടംപൊയില്‍ മദ്യഗ്രാമം എന്ന ഖ്യാതി നേടി.
മദ്യരാജാക്കന്മാരുടെയും അവരുടെ പിണിയാളുകളായ എക്‌സൈസ്-പോലിസ് ഉദ്യോഗസ്ഥരുടെയും ശക്തമായ സുരക്ഷ കക്കാടംപൊയിലിലെ വാറ്റുകാര്‍ക്കുണ്ടായിരുന്നു. ആ സുരക്ഷാവലയം ഭേദിക്കുക ഏറെക്കുറെ അസാധ്യമെന്നുതന്നെയാണ് ഈ ദുഷ്‌പ്രവണതക്കെതിരെ നിലപാടുണ്ടായിരുന്നവരും ചിന്തിച്ചിരുന്നത്. എന്നാല്‍ ``മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന്'' ഉറച്ചു വിശ്വസിച്ച മനോജച്ചന്‍ അന്ന് കക്കാടംപൊയില്‍ സെന്റ് മേരീസ് ഇടവക വികാരിയായിരുന്ന ഫാ. സെബാസ്റ്റ്യന്‍ പനമറ്റംപറമ്പിലിന്റെ അനുമതിയോടെ മദ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇടവക്കാര്‍ ഭൂരിപക്ഷവും അച്ചനു പിന്നില്‍ അണിനിരന്നു.
ആദ്യപടി വിശുദ്ധ കുര്‍ബാനമധ്യേ യുള്ള പ്രസംഗങ്ങളും വീടുകയറിയുള്ള മദ്യവിരുദ്ധ പ്രചരണങ്ങളുമായിരുന്നു. തുടക്കം തണുത്ത പ്രതികരണമായിരുന്നെങ്കിലും അത്യാവശ്യം വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ആളുകളെ കിട്ടി. പ്രചരണയോഗങ്ങളും ചെറിയ ജാഥകളും നടത്തി. ഒരു മദ്യവിരുദ്ധ മുന്നേറ്റത്തിന്റെ അന്തരീക്ഷം സാവധാനം രൂപപ്പെട്ടുവന്നു. കുറെ ചെറുപ്പക്കാരും സ്‌ത്രീകളും വാറ്റുകേന്ദ്രങ്ങളും വീടുകളും സന്ദര്‍ശിച്ച് മദ്യവിരുദ്ധസന്ദേശം എത്തിക്കാന്‍ മുന്നിട്ടിറങ്ങി.പക്ഷേ ഈ നീക്കങ്ങള്‍ കാര്യമായ ഫലമൊന്നും ഉളവാക്കിയില്ല. ഏറ്റവും ശക്തമായ ആയുധം പ്രയോഗിക്കാന്‍ സമയമായി. കക്കാടംപൊയില്‍ ഗ്രാമം മദ്യവിമുക്തമാകുംവരെ നിരന്തരമായി പ്രാര്‍ത്ഥിക്കുവാന്‍ അച്ചന്‍ ആഹ്വാനം ചെയ്‌തു. പരിശുദ്ധ അമ്മയ്‌ക്ക് ഇടവകയെ സമര്‍പ്പിച്ചു. ഇടവകജനങ്ങളില്‍നിന്ന് ജപമാല വാഗ് ദാനം വാങ്ങി. കുറെ സ്‌ത്രീ-പുരുഷന്മാര്‍ മുന്നോട്ടുവന്നു. ഇതിനിടെ ഫാ. ജോണ്‍ ഒറവുങ്കര വികാരിയായി ഇടവകയിലെത്തി. അദ്ദേഹം മദ്യവിരുദ്ധസമരത്തിന് ആ വേശം പകര്‍ന്നു.
കക്കാടംപൊയില്‍ അങ്ങാടിയില്‍ സമരപ്പന്തലുയര്‍ന്നു. സത്യാഗ്രഹമാരംഭിച്ചു, സര്‍വമതപ്രാര്‍ത്ഥന തുടങ്ങി. രാവിലെ 5.30 ന് സത്യാഗ്രഹികളായി ഓരോ ദിവസവുമെത്തുന്നവരെ മാലയിട്ട് പന്തലിലിരുത്തും. വൈകുന്നേരം ആറുവരെയാണ് സത്യാഗ്രഹം. തുടര്‍ന്ന് പൊതുസമ്മേളനം. രാത്രികാലങ്ങളില്‍ കുടുംബകൂട്ടായ്‌മയിലെ ഏതെങ്കിലുമൊരു വീട്ടില്‍ സ്‌ത്രീകള്‍ ഒരുമിച്ചുകൂടി പ്രഭാതംവരെ ജപമാല ചൊല്ലും. കൂടുതല്‍ ജപമാല വാഗ്‌ദാനങ്ങളുമായി ആളുകള്‍ മുന്നോട്ട് വന്നു. സമരപ്പന്തലില്‍ എത്തുന്നവരുടെ എണ്ണവും കൂടിത്തുടങ്ങി. ആദ്യമൊക്കെ സമരത്തെ അവഗണിച്ചു തള്ളിയ മദ്യലോബി സമരം ശക്തി പ്രാപിച്ചതോടെ അപകടം മണത്തു. പോലിസിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ ആസൂത്രിതമായ നീക്കങ്ങളിലൂടെ സമരക്കാരെ പിന്തിരിപ്പിക്കാന്‍ നീക്കങ്ങളാരംഭിച്ചു. സമരസേനാനികളായ യുവാക്കളെ ഗുണ്ടകളെക്കൊണ്ട് തല്ലിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തു. എന്നാല്‍, മദ്യലോബിയുടെ പ്രകോപനപരമായ പ്രവര്‍ ത്തനങ്ങള്‍ ജനങ്ങളില്‍ സമരത്തിനനുകൂലമായ ഒരു ചിന്താഗതി വളര്‍ത്തി. പോലിസിന്റെ നടപടികളാണ് ദൈവത്തിന്റെ വാഗ്‌ദാനത്തിന്റെ സാക്ഷാത്‌ക്കാരത്തിന് വഴിയൊരുക്കിയത്.
കോഴിക്കോട് ഐ.ജി സിബി മാത്യൂസ് ഐ.പി.എസിനെ അച്ചന്‍ ചെന്നുകണ്ടു. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം, സമരം വിജയിപ്പിക്കാന്‍ അത്ര എളുപ്പമല്ലെന്നും അതുകൊണ്ട് അച്ചന്‍ സമരത്തില്‍നിന്നും പിന്‍മാറുന്നതാണ് നല്ലതെന്നും ആയിരുന്നു. എന്നാല്‍ സമരത്തില്‍ നിന്നു പിന്‍മാറുന്ന പ്രശ്‌നമില്ലെന്നും അതി നു പറ്റാത്ത ഘട്ടത്തിലേക്ക് സമരം മുന്നേറിക്കഴിഞ്ഞെ ന്നും അച്ചന്‍ പറഞ്ഞപ്പോള്‍ ഐ.ജി ഹൃദയം തുറന്നു. അച്ചന്റെയും മറ്റുള്ളവരുടെയും നിലപാടിന്റെ ഉറപ്പ് മനസിലാക്കാന്‍വേണ്ടിയാണ് താനാദ്യം അങ്ങനെ പറഞ്ഞതെന്നും എല്ലാ സഹായവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു. പോലിസിന്റെ ഭാഗത്തുനിന്നുമുള്ള ഭീഷണി ഒഴിവായി. സമരം കൂടുതല്‍ ശക്തമായി. ലക്ഷക്കണക്കിന് ജപമാലകളുടെ വാഗ്‌ദാനവുമായി കൂടുതല്‍ ആളുകള്‍ മുന്നോട്ടുവന്നു. സത്യാഗ്രഹത്തോടൊപ്പം പള്ളിയിലും പകല്‍സമയം ജപമാല നടന്നു. സമരത്തിനു പിന്തുണയുമായി പല മദ്യപന്മാരും വാറ്റുകാരും കടന്നുവന്നു. തങ്ങളുടെ ആദ്യനിലപാടുകള്‍ തെറ്റായിരുന്നുവെന്നും നന്മയ്‌ക്കുവേണ്ടിയുള്ളതാണ് ഈ സമരമെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും സമരപ്പന്തലില്‍ വന്നു അവര്‍ പരസ്യമായി പ്രഖ്യാപിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയുണ്ടായ ദൈവിക ഇടപെടലിന്റെ സാക്ഷ്യമെന്നോണം ഇടവകയില്‍ വലിയ മാനസാന്തരത്തിന്റെ അനുഭവമുണ്ടായി. കുടുംബങ്ങള്‍ ഒന്നൊന്നായി വാറ്റുപേക്ഷിച്ചു, മദ്യപന്മാര്‍ മദ്യം ഉപേക്ഷിച്ചു.
ഇയ്യഞ്ചേരി കുഞ്ഞികൃഷ്‌ണന്‍മാസ്റ്റര്‍, ഒ.ജെ ചിന്നമ്മ, പി.എം. രവീന്ദ്രന്‍ തുടങ്ങി കോഴിക്കോട് ജില്ലയിലെ മുന്‍നിര മദ്യനിരോധന സമിതിനേതാക്കള്‍ കക്കാടംപൊയിലിലെ സത്യഗ്രഹപന്തലും ഭവനങ്ങളും സന്ദര്‍ശിച്ച് സമരത്തിന് ആവേശം പകര്‍ന്നു. അന്ന് താമരശേരി രൂപതാധ്യക്ഷനായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി സമരപ്പന്തലിലെത്തിയത് ജനങ്ങള്‍ക്ക് വലിയ പ്രചോദനമായി.
ഇപ്പോഴത്തെ മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇതിനിടെ എക്‌സൈസ്-പോലിസ് ഉദ്യോഗസ്ഥര്‍ കക്കാടംപൊയിലില്‍ രണ്ടുതവണ ഫലപ്രദമായ റെയ്‌ഡു നടത്തി വാറ്റുപകരണങ്ങളും വാറ്റുചാരായവും പിടിച്ചെടുത്തു. റെയ്‌ഡ് നടന്നത് ഐ.ജി സിബി മാത്യൂസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.പ്രാര്‍ത്ഥനയും സത്യാഗ്രഹവും വമ്പിച്ച ജനപങ്കാളിത്തത്തോടെ പുരോഗമിച്ചുകൊണ്ടിരുന്നു. ഇതിനിടെ പള്ളിമുറിയില്‍ വൈദികരെ ആക്രമിക്കുമെന്ന ഭീഷണി ഉയര്‍ത്തിയവരെ നേരിടാന്‍ രാത്രി മുഴുവനും സമരസേനാനികള്‍ കാവല്‍നിന്നു.വാറ്റു നിര്‍ത്തിയതോടെ പല കുടുംബങ്ങളും പട്ടിണിയിലായി. മറ്റു മാര്‍ഗങ്ങളില്ലാത്തവര്‍ക്ക് 20,000 രൂപവരെ മുടക്കി കടയിട്ടു കൊടുത്തു. പലര്‍ക്കും ആടുമാടുകളെ വാങ്ങിക്കൊടുത്തു. കക്കാടംപൊയിലില്‍ മൂന്നാമത്തെയും അവസാനത്തെയും റെയ്‌ഡ് നടന്നു. ഒരു തുള്ളി മദ്യമോ വാറ്റുപകരണങ്ങളോ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
അസാധ്യമെന്ന് കരുതിയ വലിയ വിജയത്തിന്റെ സ്വപ്‌നമുഹൂര്‍ത്തം സംജാതമായപ്പോഴേക്കും പ്രാര്‍ത്ഥനയുടെയും വലിയ പരിത്യാഗത്തിന്റെയും ഒരു വര്‍ഷം കടന്നുപോയിരുന്നു. 16-17 ലക്ഷം രൂപവരെ മദ്യത്തിനുവേണ്ടി ഒരു വര്‍ഷം ചെലവഴിച്ചിരുന്ന കക്കാടംപൊയില്‍ ഗ്രാമവാസികള്‍ ആ പണം നല്ല ഭക്ഷണം കഴിക്കുന്നതിനും വസ്‌ത്രം വാങ്ങുന്നതിനും ഉപയോഗിച്ചു. ഗ്രാമത്തിന് പുതുചൈതന്യം കൈവന്നു. കക്കാടംപൊയില്‍ ഗ്രാമം മദ്യവിമുക്തമായി.2001 ജനുവരി ഒന്നിന്റെ പ്രഭാതം കക്കാടംപൊയില്‍ മറക്കില്ല. കക്കാടംപൊയില്‍ ഗ്രാമം മദ്യവിമുക്ത ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട മഹാദിനമാണത്.
കക്കാടംപൊയില്‍ ഗ്രാമാതിര്‍ത്തിയായ പീടികപ്പാറയില്‍ വലിയൊരു ബോര്‍ഡുയര്‍ന്നു: `കക്കാടംപൊയില്‍ ഗ്രാമം മദ്യവിമുക്തമാണ്.' തുടര്‍ന്ന് വഴിനീളെ ചെറിയ ബോര്‍ഡുകളും സ്ഥാപിച്ചു: `മദ്യംകൊണ്ട് ഈ ഗ്രാമത്തെ മലിനമാക്കരുത്.'ആയിരക്കണക്കിനാളുകള്‍ ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ കക്കാടംപൊയിലില്‍ തടിച്ചുകൂടി. സമരവിജയത്തിന് നിര്‍ണായകമായിത്തീര്‍ന്ന ഇടപെടലുകളിലൂടെ സഹായിച്ച ഐ.ജി സിബി മാത്യൂസ് ഐ.പി.എസ് തന്നെയായിരുന്നു മദ്യവിമുക്ത ഗ്രാമമായി കക്കാടംപൊയിലിനെ പ്രഖ്യാപിച്ചത്.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.