Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 10 February 2012 15:58

ബോഡോ തീവ്രവാദികളെപ്പോലും സഭ സ്വാധീനിക്കുന്നു

Written by  ഷാജി ചന്ദനപ്പറമ്പില്‍
Rate this item
(1 Vote)

''ഞങ്ങളുടെ പ്രേഷിതമേഖല തീവ്രവാദികളുടെ ഇടപെടലുകള്‍ കൂടുതല്‍ നടക്കുന്നയിടങ്ങളിലൊന്നാണ്. ബോഡോ തീവ്രവാദികള്‍ ഏറെയുണ്ട് ഇവിടെ. തീവ്രമായ ആക്രമണ സ്വഭാവമുള്ള അവരെപ്പോലും സ്വാധീനിക്കാന്‍ ഇന്ന് സഭയ്ക്ക് സാധിക്കുന്നു'' ഗുവാഹത്തി ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ മാര്‍ ജോണ്‍ മൂലച്ചിറ സണ്‍ഡേ ശാലോമിനോട് സംസാരിക്കുന്നു.


04''തീവ്രവാദ സംഘങ്ങളുമായി സഭയ്ക്ക് ഇടയേണ്ടിവരാറില്ല. കാരണം ക്രൈസ്തവസഭയുടെ പ്രേഷിതസംരംഭങ്ങളെ അവര്‍ ശരിയായ രീതിയില്‍ വിലയിരുത്തുന്നുണ്ടെന്നു തോന്നുന്നു.'' മാര്‍ ജോണ്‍ മൂലച്ചിറ പറയുന്നു.'' ചില വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉത്തരേന്ത്യയില്‍ സേവനം ചെയ്യുന്ന വൈദികര്‍ക്ക് ഉണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.''ഒരിക്കല്‍ ഡിഫു രൂപതയിലെ ഒരു വൈദികന്‍ ഗൃഹസന്ദര്‍ശനത്തിനിടെ ഗ്രാമത്തിലെ വീട്ടിലായിരിക്കുമ്പോള്‍ ഒരു പുതിയ നേതാവ് അവിടെയെത്തി. ഒരു കസേര മാത്രമേ അവിടെയുള്ളൂ. അതില്‍ അച്ചനെയാണ് വീട്ടുകാര്‍ ഇരുത്തിയത്. അതുകൊണ്ട് അയാള്‍ക്ക് നിലത്തിരിക്കേണ്ടിവന്നു. ക്ഷുഭിതരായ അയാളുടെ അനുയായികള്‍ അച്ചനെയും വീട്ടുകാരനെയും ബന്ധിച്ച് അയാളുടെ സങ്കേതത്തിലെത്തിച്ചു. വലിയവടി കൊണ്ട് പതിനഞ്ച് അടി ശിക്ഷ കൊടുത്താണ് വിട്ടത്. ചെറിയ പ്രായക്കാരായ യുവാക്കളൊക്കെ ആയുധധാരികളായി ഏതു ദൗത്യവും ഏറ്റെടുക്കുന്നവരായി ഇവരോടൊപ്പമുണ്ട്. എന്നിട്ടും തീവ്രവാദസംഘങ്ങളുമായി ആശയസംവാദം നടത്തുവാന്‍ കിട്ടുന്ന അവസരങ്ങള്‍ സഭ ഉപയോഗിക്കുന്നു. അതുകൊണ്ടൊക്കെയാകാം സഭയുടെ പ്രേഷിതര്‍ക്കു നേരെയുള്ള അതിക്രമം പൊതുവേ കുറവാണ്.'' ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടുന്നു.

ശാന്തമായൊരു സ്‌നേഹഹൃദയത്തില്‍ നിന്നുയരുന്ന വാക്കുകളാണ് മാര്‍ ജോണ്‍ മൂലച്ചിറയുടേത്. വയനാട് ജില്ലയിലെ പുതുശേരിക്കടവ് ഗ്രാമത്തില്‍നിന്ന് ഡിഫു രൂപതയുടെ മെത്രാനായി വളര്‍ന്ന അദ്ദേഹത്തിന് തന്റെ പുതിയ നിയോഗങ്ങളെക്കുറിച്ചും ദൈവസ്‌നേഹത്തില്‍ അടിയുറച്ചുള്ള വിശ്വാസബോധ്യങ്ങളെക്കുറിച്ചുമാണ് സംസാരിക്കുവാനുള്ളത്. പ്രേഷിതപ്രവര്‍ത്തനരംഗത്തെ വെല്ലുവിളികളെയും സാധ്യതകളെയുംകുറിച്ച് അദ്ദേഹം മനസു തുറന്നു.

? ഉത്തരേന്ത്യയില്‍ ക്രെസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സംഘടിതമാണെന്ന് പറയാറുണ്ടല്ലോ
 വെല്ലുവിളികളും പ്രതിസന്ധികളും സഭയുടെ ആരംഭം മുതലേ ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യന്‍ മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്ക് ധാരാളം തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നു. സഭ ആരെയാണ് പരിഗണിക്കുന്നത്? സഭയെന്നും ദരിദ്രരോടൊപ്പമാണ്. വടക്കന്‍ സംസ്ഥാനങ്ങളിലെ ദരിദ്ര വിഭാഗത്തെ കേന്ദ്രീകരിച്ചാണ് സഭയെന്നും പ്രവര്‍ത്തിക്കുന്നത്. അസംഘടിതരായ അവരുടെ നിഷ്‌കളങ്കതയും നിരക്ഷരതയുമെല്ലാം സ്വാര്‍ത്ഥ താ ല്‍പര്യത്തിനുവേണ്ടി ചൂഷണം ചെയ്യുന്നവരില്‍ നിന്ന് തിരുസഭയുടെ പ്രേഷിതര്‍ക്ക് ഏറെ വ്യത്യാസങ്ങളുണ്ട്. സാമൂഹികമായും സാമ്പത്തികമായുമൊക്കെ ഏറെ പിന്നിലായ ഒരു ജനസമൂഹത്തിന്റെ സാംസ്‌കാരികമായ അന്തസിനെ സംരക്ഷിച്ചുകൊണ്ട് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ സഭ നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ് എല്ലാ എതിര്‍പ്പിനും കാരണം. അതിക്രമങ്ങളും അസ്വസ്ഥതകളും ഏറുന്നയിടങ്ങളില്‍ അതിനു കൂടുതല്‍ സംഘടിത രൂപമുണ്ട്. ദരിദ്രരും നിരക്ഷരരുമായ ആദിവാസിഗോത്രവിഭാഗങ്ങള്‍ സഭയുടെ തണലില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ പ്രശ്‌നമുണ്ടാകുന്നത് ഇത്രയും കാലം അവരെ ചൂഷണം ചെയ്തവര്‍ക്കാണ്. സഭയുടെ സാമൂഹിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെയൊന്നും വിലമതിക്കാത്ത അവര്‍ മതപരിവര്‍ത്തനമെന്ന രീതിയില്‍ മാത്രം നമ്മുടെ പ്രവര്‍ത്തനങ്ങളെ മനസിലാക്കുന്നിടത്താണ് കുഴപ്പം.

? പ്രേഷിതപ്രവര്‍ത്തനരംഗത്തെ വെല്ലുവിളികളുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങള്‍.

 വളരെ വ്യത്യസ്തമായ ചില അനുഭവങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് ആസാം മേഖലയില്‍ ഉണ്ടായിട്ടുള്ളത്. അവിടെ ഇന്ന് സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തോടുള്ള എതിര്‍പ്പ് ഏറെക്കുറെ കുറഞ്ഞിട്ടുണ്ട്. ഞാന്‍ മനസിലാക്കിയിടത്തോളം അതിനു പ്രധാന കാരണം 'ക്രിസ്ത്യാനികളുടെ പ്രവര്‍ത്തനം അവര്‍ക്കുവേണ്ടി തന്നെയാണെന്നുള്ള' ബോധ്യം ഇന്ന് ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട് എന്നു തന്നെയാണ്. ആശുപത്രികളിലൂടെയും വിദ്യാലയങ്ങളിലൂടെയുമെല്ലാം സഭ പകര്‍ന്നു കൊടുക്കുന്ന നന്മയ്ക്ക് സ്വീകാര്യതയുണ്ട്. അത് തങ്ങളെ ഗുണപരമായി സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയുന്ന സാധാരണക്കാര്‍ ഇന്ന് സഭയെ താല്‍പര്യത്തോടെ പരിഗണിക്കുന്നു. പള്ളിയോട് ചേര്‍ന്നുള്ള വിദ്യാലയമാണ് നമ്മുടെ പ്രധാന പ്രേഷിതരംഗം. വൈദികര്‍ നടത്തുന്ന വിദ്യാലയമാണെങ്കില്‍ കൂടുതല്‍ താല്‍പര്യവും അവര്‍ കാണിക്കുന്നു. ആശയപരമായ എതിര്‍പ്പുള്ളവരുടെ മതപരിവര്‍ത്തന വിവാദങ്ങളൊക്കെ നമ്മുടെ സേവനസമര്‍പ്പണത്തിന്റെ തീവ്രതയില്‍ സ്വയം ഇല്ലാതാകുകയാണ് പതിവ്.
ഗുണമേന്മയുള്ള പ്രേഷിതരുടെ കുറവാണ് സഭ നേരിടുന്ന മറ്റൊരു പ്രശ്‌നം. പ്രേഷിതരുടെ ഗുണമേന്മ അവരുടെ സഹനതീക്ഷ്ണതയിലും പ്രേഷിതാവേശത്തിലുമാണ്. അങ്ങനെയെങ്കില്‍ കുറച്ചു വെല്ലുവിളികളുണ്ടാകണം. വെല്ലുവിളികളിലൂടെയാണല്ലോ സഭ വളരുന്നതും ഫലം ചൂടുന്നതും.

? സഭയെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തലുകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയരംഗത്തുനിന്നുതന്നെയുണ്ടല്ലോ.

 തീവ്രവികാരങ്ങളുള്ള രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളൊക്കെ അവിടെ കവലകളില്‍ പ്രസംഗിക്കാറുണ്ട്. നമ്മളാവട്ടെ രാഷ്ട്രീയ പ്രവര്‍ത്തകരുമായും ഗവണ്‍മെന്റുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സദാ സന്നദ്ധരാണുതാനും. ഗവണ്‍മെന്റ് അധികാരികളുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാന്‍ നാം ശ്രമിക്കുന്നു. ചീഫ് മിനിസ്റ്ററെ നാം ക്രിസ്മസ് ആഘോഷങ്ങളിലൊക്കെ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. പ്രസംഗം പറയാനും കരോള്‍ഗാനങ്ങള്‍ പാടാനുമൊക്കെ അദ്ദേഹവും സന്തോഷത്തോടെ നമ്മോടൊപ്പം കൂടും. ഒരു ചെറിയ മിഷന്‍സ്റ്റേഷന്‍ നാം ആരംഭിക്കുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ അവര്‍ വയ്ക്കാറുണ്ട്. 'ആരെയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കില്ല' എന്ന പ്രസ്താവന എഴുതി ഒപ്പിട്ടു നല്‍കേണ്ടതായും വരും. കൂടുതലും ഗോത്രവിഭാഗത്തിന്റെ ഭൂമിയായതിനാല്‍ സ്ഥലം വാങ്ങുന്നതിനും സൗകര്യമൊരുക്കുന്നതിലുമൊക്കെ പ്രയാസപ്പെടുന്നുണ്ട്. സഭയ്‌ക്കെതിരെ ഒറീസയിലും ഗുജറാത്തിലുമൊക്കെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയമായ സ്വാര്‍ത്ഥതാല്‍പര്യങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുമ്പോഴും നമുക്ക് ഈ മേഖലയില്‍ ഒരു നിശബ്ദസഹകരണത്തിന്റെ അനുഭവമാണ് കൂടുതലും.

? സാംസ്‌കാരികാനുരൂപണവുമായി ബന്ധപ്പെട്ട് സഭ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടോ.

 നാലു വര്‍ഷം ഡിഫു രൂപതയുടെ മെത്രാനായിരുന്ന എനിക്കവിടുത്തെ ഭാഷയൊന്നും അത്ര പരിചിതമല്ലായിരുന്നു. പതിനഞ്ചോളം ഗോത്രവര്‍ഗഭാഷകള്‍ മാത്രം അവിടെയുണ്ട്. കര്‍ബി ആയിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഭാഷ പഠിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സഭ സാംസ്‌കാരികമായ ഉള്‍ച്ചേരലിനു നേരിടുന്ന ആദ്യവെല്ലുവിളിയും ഇതുതന്നെയാണ്. തദ്ദേശീയമായ ദൈവവിളികള്‍ വര്‍ധിക്കുക എന്നത് അതിനൊരു പരിഹാരമാണെങ്കിലും കടന്നുവരുന്നവരുടെ തീക്ഷ്ണത കുറവാണെങ്കില്‍ നാം ഉദ്ദേശിക്കുന്ന നന്മ നടപ്പാകണമെന്നില്ലല്ലോ? സഭയുടെ പ്രവര്‍ത്തനശൈലി ഏറെക്കുറെ ഈ മേഖലയില്‍ സ്വീകാര്യമാണ്. ഗോത്രവര്‍ഗക്കാരായ തദ്ദേശീയര്‍ വിശ്വാസത്തിലേക്കു കടന്നുവരുമ്പോള്‍ അവരുടെ വിശ്വാസപരമായ വീക്ഷണത്തെ മാത്രം നമുക്കൊത്തു പരിവര്‍ത്തനം ചെയ്യിക്കാനാണ് നാം ശ്രമിക്കുന്നത്. അതായത് അവരുടെ ആചാരങ്ങളും വസ്ത്രധാരണരീതികളും തനതുശൈലികളുമെല്ലാം നാം അതേപടി നിലനിര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതവരെ സന്തോഷിപ്പിക്കുന്നു. നമ്മുടെ ആഘോഷങ്ങളിലൊക്കെ അവര്‍ അവരുടെ സന്തോഷപ്രകടനങ്ങള്‍ തനിമ ചോരാതെ ചേര്‍ക്കുമ്പോള്‍ അതിനൊരു വ്യത്യസ്തതയുണ്ട്. നാം ആവശ്യപ്പെടുക ക്രിസ്തുവില്‍ അതായത് ഏകദൈവത്തില്‍ മാത്രം വിശ്വാസമര്‍പ്പിക്കണം എന്നതുമാത്രമാണ്. ഗോത്രവര്‍ഗത്തിന്റെ തനിമയെ മുറിപ്പെടുത്താന്‍ നാം ശ്രമിക്കാറില്ല എന്നതുതന്നെയാണ് നമ്മുടെ സ്വീകാര്യതയ്ക്ക് മുഖ്യകാരണം.

പിന്നെ മറ്റൊന്ന് അവരെ ചൂഷണം ചെയ്ത് ആള്‍ബലം കൂട്ടുകയല്ല നമ്മുടെ ലക്ഷ്യം. സഭയ്ക്ക് സ്‌നേഹത്തോട് ചേര്‍ന്നുള്ള സേവനദൗത്യം തന്നെയാണ് മുഖ്യമെന്ന് ആ സാധാരണക്കാരും തിരിച്ചറിയുന്നുണ്ട്.

? സമര്‍പ്പിതരുടെയും വൈദികരുടെയും കുറവ് സഭയുടെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നതെങ്ങനെയാണ്.
 ക്രിസ്തുവിനെ നമ്മുടെ സേവനത്തിലൂടെ ഇനിയുമറിയാത്തവരെ പരിചയപ്പെടുത്തുകയാണ് നമ്മുടെ ദൗത്യം. ഈ ദൗത്യനിര്‍വഹണം എവിടെയായാലും പ്രധാനമായും നടക്കുന്നത് ആത്മീയനേതാക്കന്മാരുടെ കീഴിലാണ്. ആവശ്യമുള്ള സ്ഥലങ്ങളിലേക്കൊക്കെ വൈദികരെ അയക്കാന്‍ നമുക്കിന്ന് സാധിക്കുന്നില്ല. ഒരു വൈദികന്‍ ചെറിയൊരു ഷെഡ് കെട്ടി, ഒരു സ്ഥലത്ത് താമസമാരംഭിക്കുന്നതാണ് പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ആരംഭം. ഭാഷയും ദേശവും ഉയര്‍ത്തുന്ന വെല്ലുവിളികളെ ജീവിതംകൊണ്ട് നേരിടാന്‍ പ്രേഷിതാവേശമുള്ള വൈദികര്‍ ഇനിയും വേണം. വൈദികര്‍ക്കിടയിലെ ഐക്യവും പ്രധാനപ്പെട്ടതാണ്. തങ്ങള്‍ ഒരേ ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്ന ബോധ്യം നല്‍കുന്ന ഐക്യം എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ നമ്മെ ശക്തിപ്പെടുത്തുന്നു.

സമര്‍പ്പിതരെ സംബന്ധിച്ചാണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഏറെപ്പേരും ഇവിടെയെത്തുന്നത്. ജനവുമായി താദാത്മ്യം പ്രാപിക്കുവാന്‍ അവര്‍ക്ക് പെട്ടെന്ന് കഴിയുന്നില്ല. അതിനുണ്ടാകുന്ന കാലതാമസമൊക്കെ പലപ്പോഴും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നതിന് തടസമാകുന്നുണ്ട്. വൈദികരെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സമര്‍പ്പിതരെക്കുറിച്ചും പൂര്‍ണമായും ശരിയാണ്.


ദൈവവിളി കുറയുന്നു എന്ന് നാം പരാതിപ്പെടുന്നുണ്ട്. പക്ഷേ നമ്മുടെ കുടുംബങ്ങളില്‍ ദൈവവിളിയെക്കുറിച്ചും പ്രേഷിതരെക്കുറിച്ചുമെല്ലാം താല്പര്യത്തോടെയുള്ള സംസാരങ്ങള്‍ കുറവാണ്. വൈദികനാവുക എന്നത് ശ്രേഷ്ഠമായ ഒന്നാണെന്നു കുട്ടികള്‍ക്ക് തോന്നുംവിധം നാം സംസാരിക്കുന്നുണ്ടോ? നമ്മുടെ ചിന്തകളും ആകുലതകളുമൊക്കെ ഉയര്‍ന്ന വിദ്യാഭ്യാസം, ഉയര്‍ന്ന ജോലി എന്നിവയില്‍ മാത്രമാണ്. കുടുംബങ്ങളില്‍ ഇന്നു കുട്ടികള്‍ കുറവാണെന്നതു ശരിതന്നെ. പക്ഷേ നാം ഒരു കാര്യം ഓര്‍മിക്കേണ്ടതുണ്ട്. വൈദികനായി ദൂരെ പറഞ്ഞയക്കാതെ നാം കാത്തുസൂക്ഷിക്കുന്ന മക്കള്‍ ഇന്ന് എത്ര സമയം നമ്മുടെ സമീപത്തുണ്ട്? സമ്പത്തിനൊത്ത് നമ്മുടെ ആധ്യാത്മികതയെ പരിവര്‍ത്തനം ചെയ്യിക്കുമ്പോഴുണ്ടാകുന്ന അപകടമാണിത്.


? സാമൂഹികമായും സാമ്പത്തികമായും സഭ നേരിടുന്ന പ്രതിസന്ധി

 ആസാമിലെ തേയിലത്തോട്ടങ്ങളിലെല്ലാം ജോലി ചെയ്യുന്നവര്‍ അധികവും ബംഗാള്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെല്ലാം കുടിയേറിയവരാണ്.
ഒരു സമ്മിശ്ര സാമൂഹികസാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്. ഇതിനിടയില്‍ ഗോത്രവര്‍ഗക്കാരായ തദ്ദേശീയരുമുണ്ട്. അതുപോലെതന്നെ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച മറ്റൊരു വിഭാഗവുമുണ്ട്. സഭ പ്രേഷിതദൗത്യത്തെ നിര്‍ണയിക്കുമ്പോള്‍ ഈ സാമൂഹിക തലങ്ങളെയെല്ലാം ബാലന്‍സ് ചെയ്യുന്ന ഒന്നായി അതിനെ മാറ്റേണ്ടതുണ്ട്. അത് അത്ര എളുപ്പമല്ല. സാമ്പത്തികമായി നമുക്കുണ്ടാവുന്ന പ്രശ്‌നം തദ്ദേശീയമായ ഒരു വരുമാനം നമുക്ക് വളരെ കുറവാണ് എന്നതുതന്നെയാണ്.

? ഗുവാഹത്തി രൂപതയുടെ ആര്‍ച്ച്ബിഷപ്പെന്ന പുതിയ നിയോഗത്തെക്കുറിച്ച്.

 തെസ്പൂര്‍ രൂപതയ്ക്കുവേണ്ടിയാണ് ഞാന്‍ വൈദികനായത്. 2007 മുതല്‍ ഡിഫു രൂപതയുടെ മെത്രാനായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഗുവാഹത്തി അതിരൂപതാ കേന്ദ്രത്തില്‍ തന്നെയായിരുന്നു ഉത്തരവാദിത്വം. തോമസ് മേനാംപറമ്പില്‍ പിതാവിന്റെ പിന്‍ഗാമിയായാണ് ഗുവാഹത്തിയുടെ ആര്‍ച്ച് ബിഷപ് സ്ഥാനത്ത് എത്തുന്നത്. സമാധാനസംരക്ഷണത്തിന് പ്രാധാന്യം നല്‍കി സ്തുത്യര്‍ഹസേവനം ചെയ്ത പിതാവിന്റെ പിന്‍ഗാമിയാവുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണ്. ഗുവാഹത്തിയടക്കം ഏഴുരൂപതകള്‍ ആര്‍ച്ച് ബിഷപ്പിനു കീഴില്‍ വരും. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസമാണ് ഏറ്റവും വലിയ ഗുണം. ആ വിശ്വാസത്തിനൊത്ത് വിനയപ്പെട്ടാല്‍ എല്ലാം അവിടുന്നുതന്നെ നടത്തിക്കൊള്ളും എന്നത് അനുഭവങ്ങള്‍ പഠിപ്പിച്ച സത്യമാണ്.
1978 ല്‍ മാര്‍ ജേക്കബ് തൂങ്കുഴിയില്‍ നിന്ന് തെസ്പൂര്‍ രൂപതയ്ക്കുവേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. ആറുവര്‍ഷം സെമിനാരി റെക്ടറായും പതിനൊന്നരവര്‍ഷം സ്‌കൂള്‍ ഹെഡ്മാസ്റ്ററായും ജോലി ചെയ്തു. സ്റ്റഡി സെന്ററിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനിടെയാണ് 2007 ല്‍ ഡിഫു രൂപതയുടെ മെത്രാനാകുന്നത്. ജനുവരി 18 നാണ് ഗുവാഹത്തി ആര്‍ച്ച് ബിഷപ് സ്ഥാനം ഏറ്റെടുത്തത്. പുതുശേരിക്കടവ് മൂലച്ചിറ വര്‍ക്കി-അന്ന ദമ്പതികളുടെ മക്കളില്‍ മൂന്നാമനാണ് പിതാവ്. മേരി, ഏലമ്മ, ജോണ്‍, ജോസ്, റോസമ്മ, കുര്യന്‍, ആനി, ബേബി എന്നിവരാണ് സഹോദരങ്ങള്‍.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.