...വാതിലുകള്‍ തള്ളിത്തുറന്ന് ഒരു പട്ടാള ഓഫീസറും കയ്യില്‍ തോക്കുമായി മറ്റൊരു പട്ടാളക്കാരനും അകത്തേയ്‌ക്കു വന്നു. `നിങ്ങള്‍ ഇവിടെ എന്തു ചെയ്യുന്നു?' ഭയചകിതരായ ഞങ്ങള്‍ പരസ്‌പരം നോക്കി. ഞങ്ങള്‍ ക്രിസ്‌മസ് ആരാധന നടത്തുകയാണ് എന്ന് വിനയപൂര്‍വം പറഞ്ഞു. ആ നിമിഷംതന്നെ ജീവിതം അവസാനിച്ചുവെന്ന് ഞങ്ങള്‍ കരുതി.... സോവിയറ്റ് പീഡനക്യാമ്പിലെ പത്തുവര്‍ഷത്തെ കഠിനപീഡനങ്ങള്‍ക്കൊടുവില്‍ മോചിതനായ ആ യുവവൈദികന്‍ പിന്നീട് കര്‍ദിനാളായി. അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം.
``1954 ലെ ഒരു ഞായറാഴ്‌ച. പത്തുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഞാന്‍ പിന്‍സ്‌കിലെത്തിയത് അന്നായിരുന്നു. അപ്പോഴത്തെ അവിടെത്തെ അവസ്ഥ എന്നെ വേദനിപ്പിച്ചു. ദേവാലയങ്ങളെല്ലാം തകര്‍ക്കപ്പെട്ടിരുന്നു. ഭാഗികമായി തകര്‍ന്നുകിടന്ന കത്തീഡ്രലിലേക്ക് ഞാന്‍ പോയി. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ പൗരോഹിത്യം സ്വീകരിച്ചത് അവിടെവച്ചായിരുന്നു. കത്തഡ്രലിനകത്ത് പിന്‍ഭാഗത്തായി ഞാന്‍ മുട്ടുകുത്തി. പ്രായമായ ഏതാനും സ്‌ത്രീകള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഒരു അള്‍ത്താരശുശ്രൂഷകന്‍ തിരക്കിട്ട് കാസയും തിരുപ്പാത്രങ്ങളും അള്‍ത്താരയില്‍ ഒരുക്കുന്നു. വിശുദ്ധ ബലിയ്‌ക്കുള്ള മണി മുഴങ്ങിയിട്ടും കുര്‍ബാനയര്‍പ്പിക്കാന്‍ പുരോഹിതന്‍ മാത്രം എത്തിയില്ല. അല്‌പസമയം കഴിഞ്ഞ് മുന്‍നിരയിലെ സ്‌ത്രീകള്‍ എഴുന്നേറ്റു. അതില്‍ ഒരാള്‍, നെറ്റിയില്‍ കുരിശടയാളം വരച്ച് ആ ഞായറാഴ്‌ചത്തെ പ്രത്യേകതയെക്കുറിച്ച് ചെറിയൊരു വിവരണം നല്‌കി. എന്നിട്ട് മറ്റു സ്‌ത്രീകളോടൊപ്പം കുര്‍ബാനയ്‌ക്കൊരുക്കമായിട്ടുള്ള പ്രാര്‍ത്ഥന ആരംഭിച്ചു... ദൈവമേ, പുരോഹിതനില്ലാതെ ഒരു വിശുദ്ധ കുര്‍ബാനയോ! എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിറകണ്ണുകളോടെ ഞാന്‍ ആ പ്രാര്‍ ത്ഥനയില്‍ പങ്കുകൊണ്ടു. സ്‌ത്രീ കളിലൊരാള്‍ വിശുദ്ധ ഗ്രന്ഥം തുറന്ന് അന്നത്തെ വായനയ്‌ക്ക് നിര്‍ദേശിക്കപ്പെട്ടിരുന്ന സുവിശേഷഭാഗം വായിച്ചു...''
സോവിയറ്റ് പീഡനക്യാമ്പില്‍നിന്ന് പത്തുവര്‍ഷത്തെ കഠിനപീഡനങ്ങള്‍ക്കൊടുവില്‍ ജീവനോടെ വിട്ടയക്കപ്പെട്ട ഫാ. കാസിമേര്‍സ് സ്‌വാദെക് തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയ വാക്കുകളില്‍ കണ്ണീരിന്റെ നനവുണ്ട്. തടവില്‍ നിന്ന് വിട്ടയക്കപ്പെട്ടശേഷം ഉണ്ടായ അദ്ദേഹത്തിന്റെ ആദ്യാനുഭവം. ബിളാരസിലെ കമ്മ്യൂണിസ്റ്റ് പീഡനങ്ങളെ അതിജീവിച്ച ഒരേയൊരു വൈദികനായിരുന്നു അദ്ദേഹം. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:
``അസാധാരണമായ ആ കുര്‍ബാനയ്‌ക്കുശേഷം ഞാന്‍ സങ്കീര്‍ത്തിയിലെത്തി. അള്‍ത്താരശുശ്രൂഷിയോട് സംസാരിച്ചു. ആറുവര്‍ഷങ്ങള്‍ക്കു മുമ്പ് ആ കത്തീഡ്രലിലെ വികാരിയെ അറസ്റ്റു ചെയ്‌ത് 25 വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിച്ച കാര്യം അദ്ദേഹത്തില്‍നിന്ന് ഞാന്‍ മനസിലാക്കി. `ഒരു വൈദികനെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? എന്ന് ഞാന്‍ ചോദിച്ചു. `വേണം, അയാള്‍ ഉടന്‍ പറഞ്ഞു. എന്നാല്‍ എവിടെനിന്നാണ് ഒരു വൈദികനെ ലഭിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല.
സോവിയറ്റ് പീഡനക്യാമ്പില്‍നിന്നും വിട്ടയക്കപ്പെട്ട ഒരു വൈദികനാണ് ഞാനെന്ന് അദ്ദേഹത്തോടു പറഞ്ഞു. പ്രായമായ ആ മനുഷ്യന്റെ കണ്ണുകള്‍ തിളങ്ങി. ഇനിയും വിശ്വാസം ക്ഷയിച്ചിട്ടില്ലാത്ത അവര്‍ക്കുവേണ്ടി ആ ദേവാലയത്തില്‍ ഞാന്‍ സേവനം ആരംഭിച്ചു. സഭാധികാരികള്‍ക്ക് ഞാന്‍ കത്തുകളയച്ചു. ആ കത്തീഡ്രലിലെ വികാരിയായി ഔദ്യോഗികമായി എന്നെ നിയമിക്കുകയും ചെയ്‌തു. നിയമനത്തിനു ശേഷം ഒരിക്കല്‍ ഞാന്‍ വഴിയില്‍ തടയപ്പെട്ടു. എന്നെ കാറില്‍ കയറ്റി നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി. പുലരുന്നതുവരെ തടവില്‍ പാര്‍പ്പിച്ചു. വൈദികാന്തസ് ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. ഉന്നത സ്ഥാനമാനങ്ങള്‍ വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ എന്റെ ചെറുത്തുനില്‌പ് അവരെ പ്രകോപിതരാക്കി. അഞ്ചുമാസത്തേയ്‌ക്ക് വീണ്ടും ഞാന്‍ ജയിലിലടയ്‌ക്കപ്പെട്ടു. ദൈവത്തിന് എന്നെക്കുറിച്ച് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നതിനാല്‍ അവിടെയും എന്റെ ജീവന് അപകടമൊന്നും ഉണ്ടായില്ല. ഒടുവില്‍ അവര്‍ എന്നെ മോചിപ്പിച്ചു. പിന്‍സ്‌കിലെ കത്തീഡ്രല്‍ വികാരിയായി തുടരാന്‍ അനുവാദം നല്‌കി.''
ബഗ് നദിക്കും പസഫിക് സമുദ്രത്തിനും ഇടയിലുള്ള വിശാലമായ ഇടവകയായിരുന്നു പിന്‍സ്‌ക്. സോവിയറ്റു യൂണിയന്റെ പതനത്തിനുശേഷം 1991 ലാണ് ബിളാരസ് സ്വതന്ത്രമാകുന്നത്. ആ യിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെനിന്നുപോലും ആളുകള്‍ ആ കത്തീഡ്രല്‍ സന്ദര്‍ശിക്കാനെത്തുമായിരുന്നു. എ ന്നാല്‍, ക്രൈസ്‌തവ വിശ്വാസത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തി ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും വൈദികര്‍ ജയിലില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌ത ഭീകര നാളുകളിലൂടെ അവിടുത്തെ സഭ കടന്നുപോയി. വിശ്വാസത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും താമസിച്ചിരുന്ന ശേഷിച്ച വിശ്വാസികള്‍ വീടുകളില്‍ ഒരുമിച്ചുകൂടി, വാതിലുകളും ജനലുകളുമെല്ലാം ഭദ്രമായി അടച്ചശേഷം പലപ്പോഴും വി.കുര്‍ബാന ചൊല്ലിയിരുന്നു. ചില രാത്രികളില്‍ അവര്‍ സെമിത്തേരികളില്‍പോലും ഒരുമിച്ചുകൂടുകയും പ്രാര്‍ത്ഥിക്കുകയും സ്‌തുതിഗീതങ്ങള്‍ ആലപിക്കുക യും ചെയ്‌തു. പട്ടാളക്കാര്‍ ശ്രദ്ധിക്കാതിരിക്കാന്‍ ശബ്‌ദം താഴ് ത്തിയായിരുന്നു പ്രാര്‍ത്ഥനകള്‍ ചൊല്ലിയിരുന്നത്.
1914 ഒക്‌ടോബര്‍ 21ന് ഇസ്റ്റോണിയയിലെ വാള്‍ഗയില്‍ ഒരു പോളിഷ് കുടുംബത്തിലാണ് കാസ്‌മേര്‍സ് സ്‌വാദ്‌ക് ജനിച്ചത്. അദ്ദേഹത്തിന് ആറുവയസുള്ളപ്പോള്‍ ഉണ്ടായ പോളിഷ്- റഷ്യന്‍ യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടു. അമ്മയോടും കുടുംബാംഗങ്ങളോടുമൊപ്പം കാസ്‌മേര്‍സ് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് അവര്‍ തി രികെയെത്തിയത്. 18 വയസുള്ളപ്പോള്‍ കാസ്‌മേര്‍സ് പിന്‍സ് കിലെ സെമിനാരിയില്‍ ചേര്‍ന്നു. പോളണ്ടിന്റെ ഭാഗമായിരുന്നു അക്കാലത്ത് പിന്‍സ്‌ക്. 1939 ഏപ്രില്‍ എട്ടിന് അദ്ദേഹം വൈദികനായി. പിന്‍സ്‌കിന് അടുത്തുള്ള റുഹ്‌സാനി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ചു. രണ്ടുവര്‍ഷ ത്തോളം അദ്ദേഹം റുഹ്‌സാനിയയിലായിരുന്നു. തുടര്‍ന്ന് സോ വിയറ്റ് പട്ടാളം അദ്ദേഹത്തെ അറസ്റ്റു ചെയ്‌ത് വധശിക്ഷയ്‌ക്ക് വിധിച്ചു. ജയില്‍ ക്യാമ്പിലേക്ക് മാറ്റി. ഏഴായിരത്തോളം പോ ളിഷ് വംശജര്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് അന്ന് ആ ക്യാമ്പിലുണ്ടായിരുന്നു.
എന്നാല്‍, ദൈവം ആ യുവവൈദികന്റെ കൂടെയുണ്ടായിരുന്നു. ജര്‍മ്മന്‍ പട്ടാളത്തിന്റെ അപ്രതീക്ഷിതമായ അ ക്രമണം അദ്ദേഹത്തിന് തുണയായി. ജയിലില്‍നിന്നും അദ്ദേഹം വിട്ടയക്കപ്പെട്ടു. മോചിതനായശേഷം റുഹ്‌സാനിയയില്‍ അ ദ്ദേഹം സേവനം തുടര്‍ന്നു. എന്നാല്‍ അധികം വൈകാതെ നാ സി പട്ടാളം, 1944 ഡിസംബറില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്‌തു. 1945 ജൂലൈയില്‍ പത്തുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് ലേബര്‍ ക്യാമ്പിലേക്ക് അയക്കുകയും ചെയ്‌തു.
വോര്‍ക്കുത്തയിലെ ലേബര്‍ ക്യാമ്പിലേക്കാണ് അദ്ദേഹത്തെ ആദ്യം അയച്ചത്. മൈനസ് 40 ഡിഗ്രിവരെ തണുപ്പുള്ള പ്രദേശമായിരുന്നു അത്. ക്യാമ്പിലെത്തുന്നവര്‍ ജീവനോടെ പുറത്തുപോകാറില്ലായിരുന്നു. ക്ഷീണവും വിശപ്പും തണുപ്പും അനേകരുടെ ജീവന്‍ കവര്‍ന്നു. നരകായതന അനുഭവിച്ച് തടവുകാര്‍ മരിക്കണമെന്നായിരുന്നു അധികാരികളുടെയും ആഗ്രഹം. തടവുകാര്‍ക്കുവേണ്ടി ഒരു ബുള്ളറ്റ് ചെലവാക്കാന്‍ അവര്‍ക്ക് താല്‌പര്യമില്ലായിരുന്നു; അതിന്റെ ആവശ്യവുമില്ലായിരുന്നു. അ ടച്ചുകെട്ടിയ സെല്ലില്‍ മുന്നൂറോളം പേരെയാണ് ഒരേസമയം പാര്‍പ്പിച്ചിരുന്നത്. തിങ്ങിഞെരുങ്ങി ശ്വാസം മുട്ടി ഓരോരുത്തരായി മരിച്ചുകൊണ്ടിരുന്നു. സെല്ലിലുള്ള ഒരു ചെറിയ ദ്വാര ത്തിലൂടെയാണ് കാറ്റും വെളിച്ചവും കടന്നുവന്നിരുന്നത്. അളന്നുകിട്ടുന്ന രണ്ടുകഷണം റൊട്ടി. അതാണ് ഏക ഭക്ഷണം.
ദിവസവും രാവിലെ മറ്റു ജോലികള്‍ ആരംഭിക്കുന്നതിനുമുമ്പ് തലേരാത്രിയില്‍ മരിച്ചവരുടെ മൃതശരീരങ്ങള്‍ സെല്ലില്‍ നിന്നെടുത്ത് പുറത്തെ മഞ്ഞിലേക്ക് വലിച്ചെറിയുന്ന കാഴ്‌ച കാണാം. ജോലിയില്ലാത്ത സമയങ്ങളില്‍ മറ്റു തടവുകാരുമായി കാണാതിരിക്കാന്‍ അവര്‍ അദ്ദേഹത്തെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. അതിനാല്‍ വര്‍ഷങ്ങളോളം അദ്ദേഹത്തിന് വിശുദ്ധകുര്‍ബാന അര്‍പ്പിക്കാന്‍ സാധിച്ചില്ല. മൂന്നു വര്‍ഷത്തിനുശേഷവും, ഫാ. കാസ്‌മേര്‍സ് ആരോഗ്യത്തോടെതന്നെയിരിക്കുന്നതു കണ്ട് അവര്‍ അദ്ദേഹത്തെ ദൂരെയുള്ള മറ്റൊരു ക്യാമ്പിലേക്ക് അയച്ചു. വര്‍ഷം മുഴുവന്‍ കൊടും തണുപ്പായിരുന്നു അവിടെ. പുതുതായി എത്തിയ ഏതാനും ക്രൈസ്‌തവ തടവുകാര്‍ രഹസ്യമായി എത്തിച്ചുകൊടുത്ത ഓസ്‌തി ഒരു തീപ്പെട്ടിക്കൂടില്‍ അ ദ്ദേഹം സൂക്ഷിച്ചു. ക്യാമ്പില്‍ ഉപയോഗിക്കുന്ന ഒരു മണ്‍പാത്രം പീലാസയായി ഉപയോഗിച്ച് ഒരു ഈസ്റ്റര്‍ദിനത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. മറ്റൊരിക്കല്‍, ഒരു ക്രിസ്‌മസ് ദിനത്തില്‍ ഏതാനും തടവുകാരോടൊപ്പം അദ്ദേഹം വിശുദ്ധ കുര്‍ ബാന അര്‍പ്പിക്കുകയുണ്ടായി. അതേപ്പറ്റി, അദ്ദേഹം എഴുതി.
``വോര്‍ക്കുത്താ ക്യാമ്പില്‍വച്ച്, ഒരു ക്രിസ്‌മസ് രാത്രിയില്‍ ഞങ്ങള്‍ കുര്‍ബാനയര്‍പ്പിച്ചു. എന്റെ രണ്ടുദിവസത്തെ ഭക്ഷണം (രണ്ടു കഷണം റൊട്ടി) ഗാര്‍ഡുകള്‍ കാണാതെ ഞാന്‍ സൂ ക്ഷിച്ചു വച്ചിരുന്നു. മറ്റു തടവുകാര്‍, ഏതാണ്ട് പത്തോളം പേര്‍, അവര്‍ക്ക് കിട്ടിയ ഭക്ഷണപ്പൊതികള്‍ കൊണ്ടുവന്നിരുന്നു. തിരുവോസ്‌തിയും എന്റെ പക്കലുണ്ടായിരുന്നു. ക്രിസ്‌മസ് ആരാധനയ്‌ക്കായി ഞങ്ങള്‍ ഒരുമിച്ചുകൂടി. ഞാന്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കേ, പെട്ടെന്ന് വാതിലുകള്‍ തള്ളിത്തുറന്ന് ഒരു പട്ടാള ഓഫീസറും കയ്യില്‍ നിറത്തോക്കുമായി മറ്റൊരു പട്ടാളക്കാരനും അകത്തേയ്‌ക്കു വന്നു. `നിങ്ങള്‍ ഇവിടെ എന്തു ചെ യ്യുന്നു?' ഓഫീസര്‍ ചോദിച്ചു. ഭയചകിതരായ ഞങ്ങള്‍ പരസ്‌പരം നോക്കി. എങ്കിലും ധൈര്യം വിടാതെ ഞാന്‍ മെല്ലെ എഴുന്നേറ്റു. ഞങ്ങള്‍ ക്രിസ്‌മസ് ആരാധന നടത്തുകയാണ് എന്ന് വിനയപൂര്‍വം പറഞ്ഞു. ആ നിമിഷം തന്നെ ജീവിതം അവസാനിച്ചുവെന്ന് ഞങ്ങള്‍ കരുതി. അവര്‍ക്ക് അപ്പോള്‍ ത്തന്നെ ഞങ്ങളെ കൊല്ലാന്‍ കഴിയുമായിരുന്നു. പെട്ടെന്നുണ്ടായ വികാരത്താല്‍, ഞാന്‍ തിരുവോസ്‌തി കൈയിലെടുത്ത്, ക്രിസ്‌മസ് സന്തോഷം പങ്കിടുന്നതിന്റെ പ്രതീകമായി അദ്ദേഹത്തോട് അത് സ്വീകരിക്കാന്‍ പറഞ്ഞു. ഭയം എന്നെ ഗ്രസിച്ചിരുന്നു. അത്തരമൊരു സാഹചര്യം മുമ്പ് ഞാന്‍ നേരിട്ടിരുന്നില്ല. എന്റെ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓസ്‌തിയില്‍ മുറുകെ പിടിച്ചു. ഓഫീസര്‍ എന്തുചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം പകച്ചു. കൈയിലിരുന്ന കെയ്‌നില്‍ തെരുപ്പിടിച്ച് എന്റെ മുഖത്തേയ്‌ക്കു നോക്കി. ആ മുഖം ശാന്തമാകുന്നത് ഞാന്‍ കണ്ടു. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ഇതില്‍ പങ്കുകൊള്ളാന്‍ സാധിക്കില്ല എന്ന് അദ്ദേഹം ക്ഷമാപണത്തോടെ പറഞ്ഞു. പ്രാര്‍ത്ഥന തുടര്‍ന്നുകൊള്ളാന്‍ അനുവാദം നല്‌കിയിട്ട് പട്ടാളക്കാരനെയും കൂട്ടി അദ്ദേഹം പുറത്തേയ്‌ക്കു പോയി. ആശ്വാസത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥന തുടര്‍ന്നു. പക്ഷേ, അടുത്ത പ്രഭാതത്തില്‍ വോര്‍ക്കുത്തയില്‍ നിന്നും വളരെ അകലെയുള്ള മറ്റൊരു ക്യാമ്പിലേക്ക് ഞാന്‍ മാറ്റപ്പെട്ടു...''
സ്റ്റാലിന്റെ മരണശേഷം 1954ലാണ് ഫാ. കാസ്‌മേര്‍സ് ക്യാ മ്പില്‍നിന്ന് മോചിതനാകുന്നത്. തന്റെ ജയില്‍ മോചനത്തെക്കുറിച്ച് ഡയറിയില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി: ``എന്റെ പീഡനകാലാവധി കഴിയുന്ന ദിവസം വന്നെത്തി. ക്യാമ്പിനു പുറത്തുള്ള നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഓഫീസിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു. ചീഫ് കമാന്‍ഡര്‍ അവിടെയുണ്ടായിരുന്നു. എന്റെ ജയില്‍ രേഖകള്‍ അദ്ദേഹം മറിച്ചു നോക്കി. അമ്പരപ്പോടെ അദ്ദേഹം ചോദിച്ചു: ഇത്രമാത്രം പീഡനങ്ങള്‍ക്കുശേഷവും താങ്കള്‍ ജീവിച്ചിരിക്കുന്നതെങ്ങനെ? ക്യാമ്പിലെ കഠോര ജീവിതം തുടങ്ങിയിട്ട് പത്തുവര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ഞാന്‍ പറഞ്ഞു: `എന്റെ ജീവിതം പൂര്‍ണമായി ദൈവത്തിനുവേണ്ടി സമര്‍പ്പിച്ചതാണ്. അവനില്‍ അചഞ്ചലമായ വിശ്വാസം എനിക്കുണ്ട്. അവിടുന്നാണ് എന്നെ കാത്തുരക്ഷിച്ചത്.' `ദൈവം ഇപ്പോഴും ഉണ്ടോ? എന്നായിരുന്നു അയാളുടെ മറുചോദ്യം. ഞാന്‍ കൂടുതലായി ഒന്നും പറഞ്ഞില്ല. കസേരയിലേക്ക് ചാഞ്ഞ് അദ്ദേഹം എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. ആ സമയം മുഴുവന്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം, സ്‌നേഹപൂര്‍വം എന്നെ ഒന്നു നോക്കി (ജീവിതത്തില്‍ ആദ്യമായാണ് അത്തരമൊരു മുഖഭാവം ഒരു പട്ടാള ഓഫീസറില്‍ ഞാന്‍ കണ്ടത്) പേനയെടുത്ത് എന്റെ ഫയലില്‍ അദ്ദേഹം ഒപ്പുവച്ചു. എന്നിട്ട് പറഞ്ഞു: നിങ്ങളെ സ്വതന്ത്രനാക്കിയിരിക്കുന്നു, നിങ്ങള്‍ക്ക് പോകാം!'' അന്ന് പട്ടാളക്കാരുടെ അകമ്പടിയില്ലാതെ ഞാന്‍ പുറത്തു വന്നു. ഉന്നതങ്ങളിലേക്ക് നോക്കി ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു. ''
ഫാ. കാസ്‌മേര്‍സിന്റെ അനുഭവമാണിത്. പിന്‍സ്‌ക് കത്തീഡ്രലില്‍ വികാരിയായി അദ്ദേഹം സേവനം ആരംഭിച്ചു. തകര്‍ന്ന കത്തീഡ്രല്‍ അദ്ദേഹം പുനരുദ്ധരിച്ചു. ബിളാരസിലെ പുനരുദ്ധരിക്കപ്പെട്ട ആദ്യദേവാലയം ഈ കത്തീഡ്രലാണ്. എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മറ്റു സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ പുനരുദ്ധരിക്കാനും ചിതറിക്കപ്പെട്ട വിശ്വാസികളെ ഒന്നിച്ചുകൂട്ടാനും അദ്ദേഹം പരിശ്രമിച്ചു. 1991 ല്‍ ബിളാരസ് സ്വതന്ത്രമാക്കപ്പെട്ടു. ആ വര്‍ഷംതന്നെ ഫാ. കാസ്‌മേര്‍സിനെ മിന്‍സ്‌ക്-മൊഹിലേവ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായും പിന്‍സ്‌കിന്റെ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററായും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിയോഗിച്ചു. 77 ാമത്തെ വയസില്‍ ആര്‍ച്ച്‌ബിഷപ്പായി സ്ഥാനമേറ്റശേഷം ബിളാരസിലെ ഒട്ടുമിക്ക ഇടവകകളും അദ്ദേഹം സന്ദര്‍ശിച്ചു. ആയിരം കിലോമീറ്ററുകള്‍ വരെ സഞ്ചരിച്ച ദിവസങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ക്രിസ്‌തുവിനോടുള്ള സ്‌നേഹത്തെപ്രതി, സഭയെ പടുത്തുയര്‍ത്താന്‍, സഭാമക്കളെ ഒരുമിച്ചുചേര്‍ക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചു. 1994 ല്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി ഉ യര്‍ത്തി. ബിളാരസിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ കര്‍ദിനാളായിരുന്നു അദ്ദേഹം. 2006 വരെ കാസ്‌മേര്‍സ് അതിരൂപതയെ നയിച്ചു. 2006 ജൂണില്‍ അദ്ദേഹം അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നും വിരമിച്ചു. തുടര്‍ന്ന് 2011 ജൂണ്‍ 30 വരെ പിന്‍സ്‌ക് രൂപതയുടെ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററായി സേവനം ചെയ്‌തു. നാല് രൂപതകളിലായി 619 കത്തോലിക്കാ ഇടവകകളാണ് ബിളാരസില്‍ ഇപ്പോഴുള്ളത്. ബിളാരസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ കാസ്‌മേര്‍സ് 2006 വരെ ആ പദവിയില്‍ തുടര്‍ന്നു.
സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുറംലോകത്തിന് അത്ര അറിവുണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും നാളുകള്‍ക്ക് മുമ്പ്, ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ മുഖപത്രമായ `അവ്‌ണൈര്‍' ല്‍ (Avvnire) വന്ന ജീവചരിത്രമാണ് അദ്ദേഹത്തെ ലോകം അറിയാന്‍ ഇടയാക്കിയത്. 2004 സെപ്‌റ്റംബറില്‍ `വിറ്റ്‌നസ് ടു ദ ഫെയ്‌ത്ത്' അവാര്‍ഡ് നല്‌കി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ആദരിച്ചു.
ശരീരത്തില്‍ പീഡനത്തിന്റെ വടുക്കളും മനസ്സില്‍ ആത്മാക്കള്‍ക്കുവേണ്ടിയുള്ള അടങ്ങാത്ത ദാഹവുമായി ഒമ്പത് ദശാബ്‌ദത്തോളം കര്‍മനിരതനായിരുന്നു അദ്ദേഹം. `ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ വിശ്വാസവീരന്‍` എന്നു വിശേഷിപ്പിക്കപ്പെട്ട ആ മഹത്‌വ്യക്തി 2011 ജൂലൈ 21ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പലപ്രാവശ്യം മരണത്തിന്റെ വക്കോളമെത്തിയിട്ടും ദൈവം അദ്ദേഹത്തെ തന്റെ ഉള്ളംകൈയില്‍ കാത്തുസംരക്ഷിച്ചു. ഓരോരുത്തരെയും കുറിച്ച് വ്യക്തമായ പദ്ധതികള്‍ ഉള്ള അവിടുന്ന്, ഒരു രാജ്യത്തെ പുനരുദ്ധരിക്കാന്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയായിരുന്നു. ദൈവത്തിന്റെ പദ്ധതികള്‍ അങ്ങനെയൊക്കെയാണ്. അല്ലെങ്കില്‍, മറ്റേതൊരു തടവുകാരനെയുംപോലെ പീഡനക്യാമ്പില്‍ അവസാനിക്കേണ്ട ആ ജീവിതം അധികാരികളെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് ക്യാ മ്പിന് പുറത്തുവരില്ലായിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ മിന്‍സ്‌കിലെ മേരിമാതാ കത്തീഡ്രലിലെത്തിയത്. ജൂലൈ 25ന് പിന്‌സ്‌കിലെ കത്തീഡ്രലില്‍ ഭൗതികദേഹം അടക്കംചെയ്‌തു.
കഴിഞ്ഞകാലജീവിതത്തെക്കുറിച്ച്, ഹൃദയംനിറഞ്ഞ കൃതജ്ഞതയോടെ തന്റെ ഡയറിയില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ``സോവിയറ്റ് യൂണിയന്റെ പതനം ഞങ്ങള്‍ കണ്ടു. സ്വതന്ത്രരാഷ്‌ട്രമായി ബിളാരസ് റിപ്പബ്ലിക് ഉണ്ടായി. പഴയതും പുതിയതുമായ ആരാധനാലയങ്ങള്‍ വിശ്വാസികളെ കൊണ്ടു നിറഞ്ഞു. കുട്ടികളും യുവജനങ്ങളും മുമ്പില്ലാത്തവിധം ആവേശത്തോടെ മതപഠന ക്ലാസുകളില്‍ വരാന്‍ തുടങ്ങി. ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന് ഞാന്‍ നന്ദി പറയുന്നു. കാരണം, കഠിനപീഡനങ്ങളിലൂടെ കടന്നുപോയപ്പോഴും എന്റെ ജീവന്‍ അവിടുന്നു കാത്തുപാലിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സഭയുടെ ഉയിര്‍ത്തെഴുന്നേല്‌പും കാണാന്‍ അവിടുന്ന് എന്നെ അനുവദിച്ചു.''
ദൈവത്തിലുള്ള അചഞ്ചലവിശ്വാസം കൊണ്ടുമാത്രം എത്ര കഠിന പീഡകളെയും അതിജീവിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചു, കര്‍ദിനാള്‍ കാസ്‌മേര്‍സ് സ്‌വാദ്‌ക്.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.