``നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ദൈവത്തോട് ജ്ഞാനം ചോദിക്കൂ.. ഈ ജ്ഞാനം ഭാവിയിലേക്ക് നിങ്ങളുടെ ജനതയെ നയിക്കാന്‍ നിങ്ങളെ സഹായിക്കും. അതുവഴി നിങ്ങള്‍ പ്രതീക്ഷയുടെ യഥാര്‍ത്ഥ സേവകരായിത്തീരും.''
അതെ, മൂന്നു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയ്‌ക്ക് മുമ്പ് ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ ആഫ്രിക്കയെ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. പ്രതീക്ഷകളുടെ മണ്ണ്.``എനിക്ക് പ്രത്യേകമായ താല്‌പര്യവും പരിഗണനയുമുള്ള ഭൂഖണ്‌ഡമാണിത്. കാരണം, പ്രതീക്ഷകളുടെ തീരമാണ് ഇവിടമെന്ന് എനിക്ക് ആഴത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നു..'' വത്തിക്കാനിലേക്കുള്ള മടക്കയാത്രയ്‌ക്ക് മുമ്പ് കാര്‍ഡിനല്‍ ബെര്‍നാര്‍ഡിന്‍ ഗ്വാട്ടിന്‍ എയര്‍പോര്‍ട്ടില്‍ വച്ച് അദ്ദേഹം പറഞ്ഞു.
നവംബര്‍ 18,19, 20 തീയതികളിലായിരുന്നു ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം. മൂന്നു ദിവസം കൊണ്ട് പതിനൊന്ന് മീറ്റിംങുകളിലാണ് 84 കാരനായ മാര്‍പാപ്പ പങ്കെടുത്തത്. വിമാനത്തില്‍ വച്ചുള്ള പത്രപ്രതിനിധികളുമായുള്ള വാര്‍ത്താസമ്മേളനത്തിലും പൊതുവേദികളിലുമായി ബെനഡിക്‌ട് മാര്‍പാപ്പ പങ്കുവച്ചത് അമൂല്യമായ ചിന്തകളും ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന ആശയങ്ങളുമാണ്.
ബെനിനിലേക്കുള്ള യാത്രാവേളയില്‍ വിമാനത്തില്‍ വച്ച് അദ്ദേഹം സംസാരിച്ചത് ആഫ്രിക്കയ്‌ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചായിരുന്നു. എല്ലാ മനുഷ്യരെയും പോലെ ആഫ്രിക്കന്‍ ജനത നിരവധി പ്രശ്‌നങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോവുന്നുണ്ട്. ഞാനെന്റെ യൗവനകാലത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അന്നത്തേതില്‍ നിന്നും എത്രയോ വ്യത്യസ്‌തമായ ഒരു കാലമാണ് ഇപ്പോഴത്തേത്. അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഞാനിപ്പോള്‍ ഒരു അന്യഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് തോന്നുന്നു.'' ``ആധുനികതയെ നാം പേടിക്കേണ്ടതില്ല. പക്ഷേ ഭൂതകാലത്തെ വിസ്‌മരിച്ചും അവഗണിച്ചുമായിരിക്കരുത് ഭാവികാലം രൂപപ്പെടുത്തേണ്ടത്.'' കോട്ടോണ്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹം പറഞ്ഞു. പതനങ്ങളെ തിരിച്ചറിയാതെ, ദേശീയത, പണം, രാഷ്‌ട്രീയം തുടങ്ങിയവയ്‌ക്ക് മുമ്പിലുള്ള നിരുപാധികമായ കീഴടങ്ങല്‍ നമ്മുടെ നാശത്തിനേ വഴിതെളിക്കൂ. വ്യക്തിമഹത്വം, കുടുംബത്തിന്റെ പ്രാധാന്യം, ജീവിതത്തോടും ജീവനോടുമുള്ള ആദരം തുടങ്ങിയ മൂല്യങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആയിരിക്കുന്ന അവസ്ഥയിലുള്ള ഉത്തരവാദിത്വം നിര്‍വഹിക്കലിനായിരിക്കണം പ്രഥമപരിഗണന നല്‌കേണ്ടത്. മാര്‍പാപ്പ പറഞ്ഞു. ദൈവം എല്ലാ മനുഷ്യരെയും വിശ്വസിക്കുകയും അവന്റെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്നു. അപ്പോള്‍ നീതിപൂര്‍വ്വവും സത്യസന്ധവുമായി ജീവിച്ച് അവിടുത്തെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുക എന്നത് മനുഷ്യന്റെ കര്‍ത്തവ്യമാണ്..''
ഔര്‍ ലേഡി ഓഫ് മേഴ്‌സി കത്തീഡ്രലില്‍ മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്‌തത് മാതാവിലൂടെ ഈശോയെ കണ്ടെത്താനാണ്. ഈശോയെ കണ്ടെത്താനുള്ള മാധ്യസ്ഥവും മാര്‍ഗ്ഗവും അവിടുത്തെ അമ്മയായ മേരിയാണ്. ഒരേയൊരു സത്യവും പ്രകാശവും ക്രിസ്‌തുവാണെന്നും അവിടുന്ന് മനുഷ്യവംശത്തെ മുഴുവന്‍ പിതാവായ ദൈവത്തിലേക്ക് നയിക്കുമെന്നും ലാളിത്യത്തോടും അമ്മമനസ്സോടും നമ്മെ പഠിപ്പിച്ചുതന്നവളാണ് പരിശുദ്ധ അമ്മ. പുത്രന്റെ ദൗത്യത്തില്‍ പങ്കുച്ചേര്‍ന്ന കരുണാനിധിയായ അമ്മ എല്ലാ ആനുകൂല്യങ്ങളും മകനില്‍ നിന്ന് സ്വീകരിച്ച് എവിടെയും എപ്പോഴും വിതരണം ചെയ്‌ത് നമ്മുടെ സഹായമായിത്തീരുന്നു. ആ അമ്മയുടെ കീഴില്‍ ശരണം തേടുമ്പോള്‍ തകര്‍ന്ന ഹൃദയങ്ങള്‍ സുഖം പ്രാപിക്കും. സാത്താന്‍ ഭീതിയോടെ ഓടിയകലും. ശത്രുക്കള്‍ പരാജിതരാകും. മറിയം നമുക്ക് പൂര്‍ണ്ണതയുടെ അടയാളം മാത്രമല്ല ദൈവത്തോടൊത്തുള്ള സംയോഗത്തിലേക്ക് നമ്മെ സഹായിക്കുന്ന യാഥാര്‍ത്ഥ്യം കൂടിയാണ്..
കോട്ടോണിലെ മുന്‍ ആര്‍ച്ച്‌ബിഷപ്പുമാരായിരുന്ന ക്രിസ്റ്റഫ് ആദിമോ, ഇസിദോര്‍ ദ സൂസ എന്നിവരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാനും കത്തീഡ്രല്‍ സന്ദര്‍ശനത്തിനിടയില്‍ മാര്‍പാപ്പ സമയം കണ്ടെത്തി. രണ്ടാം ദിവസമായിരുന്നു മാര്‍പാപ്പ ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. ബെനിന്‍ പ്രസിഡന്റ് തോമസ് ബോനിയായിയും മറ്റ് ഭരണകര്‍ത്താക്കളുമുള്‍പ്പെടുന്ന സമ്മേളനത്തില്‍ മാര്‍പാപ്പ മുഴക്കിയ ആഹ്വാനം, എന്താണോ ശരി, അത് ചെയ്യുവാനുള്ള ധൈര്യം കാണിക്കുക എന്നായിരുന്നു. ഭൂഖണ്‌ഡത്തിലെ സാമൂഹ്യവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ജീവിതം, മതാന്തരസംവാദം എന്നീ വിഷയങ്ങളും ഇവിടെ പരാമര്‍ശിതമായി. ജര്‍മ്മന്‍ പര്യടനവേളയില്‍ പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞത് ഇവിടെയും ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കുവാന്‍ അദ്ദേഹം മറന്നില്ല. ``നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ദൈവത്തോട് ജ്ഞാനം ചോദിക്കൂ.. ഈ ജ്ഞാനം ഭാവിയിലേക്ക് നിങ്ങളുടെ ജനതയെ നയിക്കാന്‍ നിങ്ങളെ സഹായിക്കും. അതുവഴി നിങ്ങള്‍ പ്രതീക്ഷയുടെ യഥാര്‍ത്ഥ സേവകരായിത്തീരും. ഫ്രാന്‍സിന്റെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയതിന് ശേഷം 1960 ല്‍ പണികഴിപ്പിച്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചായിരുന്നു ചടങ്ങ്. സഭ എപ്പോഴും പ്രതീക്ഷകളുടെ സന്ദേശം കൈമാറാന്‍ ശ്രമിക്കുന്നു. അത് എനര്‍ജി നല്‌കുന്നു.. അത് ബുദ്ധിയെ ഉദ്ദീപിപ്പിക്കുന്നു... പ്രതീക്ഷകളെ ഒരിക്കലും നിരോധിക്കാനാവില്ല. ഒരുവന്റെ ചെയ്‌തികളെ അത്‌വര്‍ദ്ധിപ്പിക്കുന്നു എന്ന പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അര്‍ദ്ധത്തില്‍ ഫ്രാന്‍സിലെ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജൂലസ് ജെറാള്‍ഡിന്റെ വാക്കുകള്‍ മാര്‍പാപ്പ ഉദ്ധരിച്ചു.
മറ്റൊരാളുടെ വിശ്വാസത്തെ അപഹസിക്കാതെ സംസ്‌കാരങ്ങളും വഴി പരസ്‌പരധാരണ വളര്‍ത്തുക.. ഓരോ വ്യക്തിക്കുമുള്ള അവകാശത്തെ ആദരിക്കുക.. ഇതാണ് നമ്മുടെ പ്രധാന കടമ.. ഇതാണ് ആഫ്രിക്കയെക്കുറിച്ചുള്ള എന്റെ സ്വപ്‌നം.. നിങ്ങള്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്.. ആത്മവിശ്വാസമുളളവരാകുക.. ഉണര്‍ന്നെണീല്‌ക്കുക.. കര്‍ത്താവ് നിങ്ങളെ വിളിക്കുന്നു...''
ക്വയിദായിലേക്ക് യാത്രയായ ബെനഡിക്‌ട് മാര്‍പാപ്പ, ബെനിന്റെ ദേശീയ നേതാവും, തന്റെ സുഹൃത്തുമായിരുന്ന കര്‍ദ്ദിനാള്‍ ബെര്‍നാര്‍ഡിന്‍ ഗ്വാന്‍ടിന്റെ മൃതകുടീരം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. വൈദികരും സന്യസ്‌തരും അല്‌മായരും വൈദികാര്‍ത്ഥികളും ഉള്‍പ്പെട്ട ആ സമൂഹത്തോട് മാര്‍പാപ്പ ആധികാരികവും ജീവനുള്ളതുമായ വിശ്വാസത്തെക്കുറിച്ചാണ് സംസാരിച്ചത്. വിശുദ്ധമായ ക്രിസ്‌ത്യന്‍ ജീവിതത്തിന്റെ ഇളക്കം തട്ടാത്ത അടിസ്ഥാനമാണ് വിശ്വാസം. അദ്ദേഹം പറഞ്ഞു.
സഭയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തണം. മിഷന്‍ പ്രവര്‍ത്തനം എക്ലസിയല്‍ കമ്മ്യൂണിറ്റിയുടെ പക്വതയുടെ വ്യക്തമായ അടയാളമാണ്. അപ്പസ്‌തോലിക് ന്യൂണ്‍ഷോയുടെ വസതിയില്‍ ബിഷപ്പുമാരോട് സംസാരിക്കവേ മാര്‍പാപ്പ പറഞ്ഞു. പുതിയൊരു സുവിശേഷവല്‌ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 150 വര്‍ഷം മുമ്പ് 1861 ഏപ്രില്‍ 18 ന് ബെനിനില്‍ എത്തിയ പ്രഥമ മിഷനറിയെ മാര്‍പാപ്പ ഓര്‍മ്മിച്ചു. ക്രൂശിക്കപ്പെട്ടവനും മഹത്വപൂര്‍ണ്ണനുമായ ക്രിസ്‌തുവിന്റെ മുഖം ലോകത്തിന് കാണിച്ചുകൊടുക്കുവാനും ലോകത്തോടുള്ള അവിടുത്തെ സ്‌നേഹത്തിന് സാക്ഷികളാകാനും സഭയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും കടമയുണ്ട്. തിരുവചനങ്ങള്‍ക്ക് സുവിശേഷവല്‌ക്കരണതത്തില്‍ പ്രധാന സ്ഥാനമുണ്ട്. ദൈവവുമായുള്ള മുഖാഭിമുഖത്തില്‍ തിരുവചനങ്ങളുടെ ധ്യാനവും തുറവിയും പ്രധാനമാണ്... ജനങ്ങളെ ദൈവത്തിലേക്ക് നയിക്കാനുള്ള ദൗത്യമാണ് മെത്രാന്മാര്‍ക്കുള്ളത്. പൗരോഹിത്യത്തിന്റെ സൗന്ദര്യവും ഈ ശുശ്രൂഷയുടെ വിശ്വാസ്യതയും ഓരോ വൈദികരെയും വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ മെത്രാന്മാരേ, നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു..
വിശുദ്ധിയെ പിന്തുടരുക.. വിശുദ്ധി കൂടാതെയുളള വൈദികജീവിതം വെറും സാമൂഹ്യപ്രവര്‍ത്തനം മാത്രമാണ്. സെമിനാരി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്‌ത് മാര്‍പാപ്പ പറഞ്ഞു: ``നിങ്ങളുടെ ഭാവിജീവിതം ദൈവവുമായുള്ള നിങ്ങളുടെ വ്യക്തിബന്ധത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചാണിരിക്കുന്നത്. ത്യാഗവും സഹനവും നിങ്ങളുടെ രൂപീകരണം ആവശ്യപ്പെടുന്ന ശരിയായ ചേരുവകളാണ്. ക്രിസ്‌തുവിന്റെ പാഠശാല പുണ്യങ്ങള്‍ സമ്പാദിക്കാനും ശുശ്രൂഷാപരമായ പൗരോഹിത്യം നയിക്കാനും നിങ്ങളെ സഹായിക്കും. ഒരു വൈദികന്‍ സമാധാനത്തിന്റെ വിശ്വസനീയനായ സാക്ഷിയായിരിക്കണം. നീതിയുടെയും അനുരഞ്‌ജനത്തിന്റെയും വക്താവായിരിക്കണം. അവന്‍ നിശ്ചയമായും വിനീതനും സന്തുലിതാവസ്ഥ പ്രാപിച്ചവനുമായിരിക്കണം.
ബെനിനിലെ ഏറ്റവും വലിയ നഗരമായ കോട്ടൗണിലെ സെന്റ് റീത്താസ് പള്ളിയില്‍ ഒന്നിച്ചു ചേര്‍ന്ന കുട്ടികളോട് സംസാരിക്കവെ തന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണത്തിന്റെ ഓര്‍മ്മകള്‍ മാര്‍പാപ്പ പങ്കുവച്ചു. ``എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു പ്രഥമദിവ്യകാരുണ്യദിനം. നിങ്ങള്‍ക്കും അങ്ങനെ തന്നെയാകണം. കാരണം ദിവ്യകാരുണ്യത്തിന്റെ രൂപത്തില്‍ നമ്മള്‍ ഈശോയെ ആദ്യമായി സ്വീകരിച്ച ദിവസമാണ് അത്. ലോകമെങ്ങുമുള്ള ദിവ്യസക്രാരിയില്‍ അവിടുന്ന് തീര്‍ച്ചയായും സന്നിഹിതനാണ്. നിങ്ങള്‍ അവിടുത്തെ പോയി സന്ദര്‍ശിക്കണം.. നിങ്ങളുടെ സ്‌നേഹം ഈശോയെ അറിയിക്കണം..''
ഒരിക്കല്‍ക്കൂടി ആഫ്രിക്കയിലേക്ക് വരണമെന്ന ആഗ്രഹം അറിയിച്ചുകൊണ്ടാണ് മാര്‍പാപ്പ മടങ്ങിയത്. ആഫ്രിക്കയോട് എനിക്ക് പ്രത്യേകമായ സ്‌നേഹവും താല്‌പര്യവുമുണ്ട്. ലോകം പഠിക്കേണ്ടതായ അനേകം മൂല്യങ്ങളുടെ പാഠങ്ങള്‍ ആഫ്രിക്കയില്‍ കാണാന്‍ കഴിഞ്ഞുവെന്നും മാര്‍പാപ്പ അറിയിച്ചു. ലോകത്തിന് പ്രതീക്ഷ നല്‌കുന്ന ഘടകങ്ങള്‍ ആഫ്രിക്കയിലുണ്ട്..
മാര്‍പാപ്പയുടെ ആദ്യ ആഫ്രിക്കന്‍ പര്യടനം, (2009) അന്ന് അദ്ദേഹം പങ്കുവച്ച ആശയങ്ങളുടെ പേരില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രത്യേകിച്ച് സെക്‌സ്, ഗര്‍ഭനിരോധന ഉപാധികള്‍ എന്നിവയെക്കുറിച്ചുള്ള ക്രിസ്‌തീയവീക്ഷണങ്ങള്‍ അരാജകവാദികളെയും പുരോഗമനചിന്താഗതിക്കാരെയും വിറളിപിടിപ്പിച്ചിരുന്നു.
ഉണങ്ങിവരണ്ടതെന്നും ദരിദ്രമെന്നുമൊക്കെ നാം വിചാരിക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്‌ഡത്തെ പ്രതീക്ഷകളുടെ പച്ചപ്പായി കാണാന്‍ കഴിയുന്ന ക്രാന്തദര്‍ശിത്വം മാര്‍പാപ്പയുടെ വാക്കുകളിലുണ്ടായിരുന്നു. നന്മകളെ തിരിച്ചറിയാനും ജീവിക്കാന്‍ മനുഷ്യര്‍ക്ക് കൂടുതല്‍ പ്രേരണ നല്‌കുന്നതുമായ പച്ചപ്പിന്റെ വര്‍ണ്ണം കലര്‍ന്ന വാക്കുകള്‍ ഒരു ജനതയ്‌ക്ക് വാരിവിതറിയാണ് മാര്‍പാപ്പ കടന്നുപോയത്. പ്രതീക്ഷകളും സ്വപ്‌നങ്ങളും ഇല്ലാത്ത ആ ജനത ഇനി ആ വാക്കുകളില്‍ പുതിയ സ്വപ്‌നങ്ങള്‍ കാണും. അവര്‍ ഭാവിയെ സ്‌നേഹത്തോടെ വാരിപ്പുണരും. ഇനി ഒരിക്കല്‍ക്കൂടി ബെനഡിക്‌ട് പതിനാറാമന്‍ ആഫ്രിക്കന്‍ മണ്ണിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം ഇപ്പോള്‍ കണ്ട ജനമോ സംസ്‌കാരമോ ആയിരിക്കില്ല അന്നുണ്ടായിരിക്കുക.
അദ്ദേഹത്തിന്റെ വാക്കുകളില്‍ ജീവിതത്തിന്റെ ഹരിതവര്‍ണം കണ്ടെത്തിയ പുതിയ ആകാശവും പുതിയ ഭൂമിയുമായിരിക്കും അദ്ദേഹത്തെ സ്വീകരിക്കുക. ഇനി ഒരിക്കല്‍ക്കൂടി വന്നില്ലെങ്കില്‍ പോലും പാപ്പാ വിതച്ച പ്രതീക്ഷയുടെ വിത്തുകള്‍ അസ്ഥാനത്താവില്ല. അവയെല്ലാം നൂറുമേനി ഫലം തരുന്ന മരങ്ങളായി ഫലം ചൂടി നില്‌ക്കുക തന്നെ ചെയ്യും. കടന്നുവരുന്ന മണ്ണിലെല്ലാം പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും വിത്തുകള്‍ വിതയ്‌ക്കുന്നതുകൊണ്ടാവാം രാജ്യങ്ങളെല്ലാം ആ പാദസ്‌പര്‍ശനത്തിനായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നത്...








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.